നാസർ സാലേ – അൽ ഖർണിയാൽ ഉപേക്ഷിക്കപ്പെട്ട ഞങ്ങൾ പിന്നെ സാക്ഷാൽ അലിബിൻ അബ്ദുള്ള അൽഹർബി എന്ന കാലമാടന്റെ കസ്‌റ്റഡിയിൽ തന്നെയാണ് ചെന്നെത്തിയത്. അൽഖർണിയുടെ തുറന്ന ജയിലിൽ നിന്നും അൽഹർബിയുടെ അടഞ്ഞ സങ്കേതത്തിലേക്കായിരുന്നു ഞങ്ങളുടെ ദയനീയ കൂടുമാറ്റം. അവിടെ തടിമാടൻമാരായ ഏതാനും അറബികളുണ്ടായിരുന്നു. കൂടാതെ കറുത്തു കരിക്കട്ട പോലൊരു സുഡാനി; വെരപോലെ വേറൊരുത്തൻ. ജനിച്ചപ്പോൾ ധരിച്ചതാണെന്നു തോന്നി – അവന്റെയൊരു ഇറുകിയ കറുത്ത ബനിയൻ. വലിയൊരു കാഴ്‌ചപ്പെട്ടിയുടെ മുമ്പിലേക്കാണ് ഞങ്ങളെയവർ വിളിച്ചിരുത്തിയത്. സ്‌ക്രീനിലാണെങ്കിൽ തനി ആഭാസരംഗങ്ങളും. രതിക്രീഡകളുടെ തകൃതി തന്നെ. മുകളിലെ ഡിഷ് ആന്റിന ഇളക്കി മറിച്ച് അതിലും മികവുറ്റ സീനുകൾക്കായി പരതുകയാണ് ബനിയനിട്ട ചെറിയോൻ. ഒപ്പം സിഗരറ്റ് വലിക്കുന്നു; സുലൈമാനി മോന്തുന്നു. ആകപ്പാടെ യാതൊരു വെളിവൂല്ല, ആ അറബിക്കുട്ടന്.
ഇടയ്‌ക്ക്, ഞങ്ങളോരോരുത്തരുടേയും പേര് തിരക്കുന്നു – ഒന്നാം ക്ലാസിലേക്കു കാൽകുത്തിയ പിള്ളേരോടെന്നപോൽ. പിന്നെ പരിചയപ്പെടുത്തലുകൾ. അപ്പോൾ, കറുത്ത ബനിയനിട്ട ആ എലുമ്പനെ ചൂണ്ടി വേറൊരുവൻ ആ അപ്രിയ സത്യം പറയുന്നു ഃ “ഇതാണ് അലി… നിങ്ങടെ കഫീൽ…” ഏറെ നാളത്തെ അലച്ചിലിനൊടുവിൽ ഞങ്ങളുടെ എല്ലാമെല്ലാമായ തൊഴിലുടമയെ കണ്ടെത്തിയ നേരം – എനിക്കൊന്നു പൊട്ടിക്കരയണമെന്നുണ്ടായി. റൂംബോയ് എന്നു കരുതിയവനാണ് അധികാരിയെങ്കിൽ, ഇനി…. ആദരിച്ചേ പറ്റൂ. വേറെയും അറബികൾ വന്നു പൊയ്‌ക്കൊണ്ടിരുന്നു. ഒക്കെയും ഡിഫൻസിലെ ജോലിക്കാരാണെന്നാണ് സുരേഷ് പറയുന്നത്. മട്ടും മാതിരീം കാട്ടായോം കണ്ടാൽ ഒരു കൊള്ളസംഘത്തിന്റെ എല്ലാ നിഗൂഡതകളും… പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഒരു മറയിലേക്ക് പോകുന്നതു കാണാം. ഓരോരുത്തരായി. എന്നിട്ട്, എന്തോ സേവിച്ച് മടങ്ങുന്നു. ആദ്യമവിടെ ഉണ്ടായിരുന്നവരുടെ കൂട്ടത്തിൽ അലിയുടെ ഒരു ജ്യേഷ്‌ഠൻ ഖാലിദ്, അവരുടെ അളിയൻ എന്നിവരുണ്ട്.
സംസാരം കൊണ്ടും സമീപനം കൊണ്ടും ഞങ്ങൾക്കേറെ പ്രിയങ്കരനായ ഒരാളുണ്ടായിരുന്നു കൂട്ടത്തിൽ. അയാൾക്ക് എൻ.ടി. രാമറാവുവിന്റെ ഛായയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്കയാൾ എൻ.ടി.ആറായി.
വിഭവങ്ങളിങ്ങനെ ഞങ്ങളെ തീറ്റുന്നത് മോശമാണെന്നൊരു തോന്നൽ അറബികൾക്കുണ്ടായി. തുടർന്ന് ചമ്മലിൽ മുങ്ങിയ ഞങ്ങളെ മറ്റൊരു മുറിയിലാക്കി. അവിടുത്തെ ചെറിയ സെറ്റിൽ സൗദി ചാനലും ഓൺ ചെയ്തു തന്നിട്ട് വാതിലടയ്‌ക്കുകയായിരുന്നു.
കൃത്യം പന്ത്രണ്ട് മണിയായപ്പോൾ ഞങ്ങളുടെ എൻ.ടി.ആർ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. വലിയൊരു പിഞ്ഞാണം നിറച്ചും ചോറ്. മീതെ കമിഴ്‌ന്നടിച്ചു കിടക്കുന്ന, പൊരിച്ച മൂന്ന് വമ്പൻ കോഴികൾ. വേറെയും എന്തൊക്കെയോ പാകം ചെയ്ത പച്ചക്കറികൾ പ്ലാസ്‌റ്റിക് കവറുകളിൽ വലിയൊരു ബോട്ടിൽ പെപ്സി. കുവൈറ്റ് എയർപോർട്ടീന്ന് മര്യാദക്കൊടുവിൽ ഭക്ഷണം കഴിച്ചതാണ്. സൗദിയിലെത്തിയിട്ട് ദിവസങ്ങളേറെയായെങ്കിലും ആദ്യമായാണ് ഇത്രയും ഭീമവും രുചികരവുമായ ഭക്ഷണം മുന്നിലെത്തുന്നത്. അന്ന് എങ്ങനെ ആക്രമിച്ചിട്ടും ആ ചോറും കോഴികളെയും ഞങ്ങൾക്ക് കീഴ്‌പ്പെടുത്താനായില്ല എന്നുള്ളതാണ്, ദുഃഖസത്യം.
എന്താണിവരുടെ പരിപാടിയെന്നോ ഇവർക്കിടയിൽ ഞങ്ങൾക്കെന്താണു പ്രവൃത്തിയെന്നോ ഒരു പിടീമില്ല. അടച്ചിട്ട മുറീന്ന് പുറത്തുപോകാനും ഞങ്ങൾക്കനുവാദമില്ലായിരുന്നു. ബാംഗ്ലൂർക്കാരനൊത്തു കഴിഞ്ഞ നാളുകളിൽ ആ ചുറ്റുവട്ടം മുഴുവൻ ചവിട്ടിപൊട്ടിച്ച ആളുകളുടെ ഗതി നോക്കണേ….
തൊട്ടടുത്തുള്ള പാക്കിസ്ഥാനിയുടെ കടേന്ന് ഭക്ഷണം വാങ്ങാനാണ് വല്ലപ്പോഴും പുറത്തേക്കുള്ള സഞ്ചാരാനുവാദം. എന്നാൽ മിക്കവാറും ഞങ്ങൾക്കുള്ള ശാപ്പാട് അവർ തന്നെയാകും മുറിയിലെത്തിക്കുക.
സുരേഷ്, ഇതിനകം ചില സംഗതികളൊക്കെ മണത്തറിഞ്ഞിരുന്നു. മുന്നൂറ് കിലോമീറ്റർ അകലെയുള്ള അൽഖസ്സീമീലെ ഏതോ മരുഭൂവിലാണത്രെ അലിയുടെ തറവാട്. അലിയുടെ ജ്യേഷ്‌ഠൻ ഖാലിദ്, ഉടൻ തന്നെ ഞങ്ങളെയും കൊണ്ടങ്ങോട്ട് പുറപ്പെടാൻ തയ്യാറെടുക്കയാണ്. അവിടെ മസ്‌റയും ആടുകളുമൊക്കെയുണ്ടെന്നാണ് അറിവായത്. നാട്ടിൽ വച്ചേ അറിയാനായ ആഗ്രിക്കൾച്ചറൽ എന്ന ഓമനപ്പേരിലെ നികൃഷ്ടജോലിയാണ്, ആടും മസ്‌റയുമൊക്കെ. കേട്ടിടത്തോളം അപ്പണി എനിക്കുറപ്പ്. കാരണം പാപിക്കുള്ളതാണല്ലേ പാതാളം!
ഫാൻ ഫിറ്റു ചെയ്യാനും മറ്റും, ഒരു ദിവസം അവിടടുത്തുള്ള അലിയുടെ മറ്റൊരു സഹോദരന്റെ വീട്ടിൽ ഞങ്ങളെക്കൊണ്ടുപോയി. വിശാലമായ സിമന്റ് തറയിലേക്കാണ് പുറം ഗേറ്റ് കടന്നാൽ പ്രവേശിക്കുക. വലിയ വീട്ടിനു മുന്നിൽ പത്തുപന്ത്രണ്ട് അറബികൾ വട്ടം കൂടിയിരിക്കുന്ന സദസ്സിലേക്കാണ് ഞങ്ങളെ ക്ഷണിച്ചിരുത്തിയത്. സുലൈമാനി, കാവ, ഈന്തപ്പഴം പിന്നെ പൊങ്ങ് മൊരിച്ചപോൽ അരുചി തോന്നിക്കുന്ന എന്തോ ഒന്ന്… അങ്ങനെ അവരുടെ മുന്നിൽ വിഭവങ്ങളേറെയുണ്ടായിരുന്നു തിന്നാനും കുടിക്കാനും. പാനീയം സ്വർണ്ണക്കിണ്ടീന്ന് പകർന്ന് വിളമ്പുന്നത്, ഒരറബിപ്പയ്യൻ. പുകക്കുറ്റിയിൽ ഊദ് പുകയിട്ടിരിക്കുന്നു. അതിൽ നിന്ന് എല്ലാവർക്കും പുകവലിക്കാം. വട്ടത്തിൽ ഓരോരുത്തർ കൈമാറ്റം തുടർന്നുകൊണ്ടിരുന്നു…. ഏതോ മായിക ലോകത്തായിരുന്നു ഞാൻ.
ഏതാണ്ട് ഒരാഴ്‌ചക്കുശേഷം ആവശ്യംവേണ്ട പേപ്പറുകൾ ശരിയാക്കി ഞങ്ങളെ മൂവരെയും കൊണ്ട് ഖാലിദ് അൽഖസ്സീമിലേക്ക് കാറിൽ യാത്രയായി. ബുറൈദ എയർപോർട്ട്, ഉമൈയ, ബുക്കൈറ എയർപോർട്ട്, ഹയിൽ, സീഹ്… ഇതൊക്കെ മാർഗമധ്യേ അന്ന് മനസിൽക്കുറിച്ചിട്ട സ്ഥലനാമങ്ങളിൽ ചിലതുമാത്രം.
മണിക്കൂറിൽ നൂറ്റി അറുപത് – നൂറ്റി എൺപത് കി.മീ വേഗതയിലാണ് കാറോട്ടം…. രസികനും സ്നേഹസമ്പന്നനുമായ ഒരുവന്റെ ചിത്രമാണ് യാത്രയിലുടനീളം ഖാലിദിൽ ലഭ്യമായത്. മണിക്കൂറുകൾ നീണ്ട വിദേശ കാറോട്ടത്തിൽ വിരസതയൊട്ടുമില്ലായിരുന്നു.. ഏതാണ്ടെത്താറായപ്പോൾ വീട്ടുകാരനും പരദേശികളും വരുന്നവിവരത്തിനാകണം ഖാലിദ് അയാളുടെ വീട്ടിലേക്ക് ഫോൺ ചെയ്യുകയുണ്ടായി. ‘ഷേവൽ-ഹൂമർ’ എന്ന സ്ഥലനാമ സ്ഥാനത്ത് റോഡവസാനിക്കയാണ്. ഇപ്പോൾ, ഖാലിദ് എന്ന അറബിയുടെ കാറോട്ടം മരുക്കാട്ടിൽ സ്വയം മാർഗ്ഗം സൃഷ്ടിച്ചുകൊണ്ടാണ്. പടച്ചവമ്പോലും കാണാത്ത ഏതോ ദുനിയാവിലേക്കാണീ ദുഷ്ടന്റെ പോക്കെന്ന് ഞാനെന്റെ കൂട്ടുകാരോടു ഖേദത്തോടെ പറഞ്ഞു. ഏതോ മലമൂട്ടിൽ യാത്രക്കു വിരാമമായി. എന്റെ വാച്ചിൽ ഇന്ത്യൻ സമയം 6.45. എന്നാൽ അവിടെ രാത്രി ഒരുപാട് ബാക്കി നിന്നിരുന്നു. ഖാലിദ് വിരൽ ചൂണ്ടിയിടത്ത് അന്ന് ശേഷിച്ച അന്തിയുറങ്ങി. അതിരാവിലെ സുലൈമാനിയും കൊണ്ട് ഒരു കുട്ടി ഹാജരായി. പിറകെ കുബ്ബൂസും കറിയുമായ് മറ്റൊരാൾ. പിന്നെയും കുട്ടികൾ വന്നുകൊണ്ടിരുന്നു; ജാഥയായി. ഏതോ അപൂർവ്വജീവികളെക്കണ്ടിട്ടെന്ന മട്ടിലാണ് കുട്ടികൾ ഞങ്ങളെ വളഞ്ഞിട്ടുള്ളത്. ഇവിടുന്ന് വേഗം സ്ഥലം കാലിയാക്കാൻ അബ്ബാടെ കൽപ്പനയുണ്ടെന്നും കുട്ടികളറിയിച്ചു. അറബികൾ സഭ കൂടുന്ന മജ്‌ലിസിലായിരുന്നു ഞങ്ങളുടെ കിടപ്പെന്ന് അപ്പോഴാണ് വെളിവാകുന്നത്. മുറ്റത്തെ ഇരുമ്പുഗേറ്റ് തുറന്ന് ഞങ്ങളെ പുറത്താക്കീട്ടുവേണം വീട്ടുകാർക്ക് പുറത്തിറങ്ങുവാൻ. ഞങ്ങളെ കാണാനും വിളിക്കാനുമായി അറബിയുടെ വീട്ടിലെ രണ്ടു പണിക്കാരെത്തി – മസ്‌റ, ആട് പണിക്കാരായ പേമാം ഹുസൈനും സലൈമാനും. അവർ, ദൂരെ മാറിയുള്ള അവരുടെ വസതിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
ഗുദാംപോലെ കുടുസായ ഒരൊറ്റ മുറി. വെക്കാനും തിന്നാനും കിടക്കാനും എല്ലാത്തിനുമായി അവർക്കു കിട്ടിയ ദാനം. കുളിമുറി, കക്കൂസ് തുടങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒന്നും തന്നെയില്ല. എന്തിനുമേതിനും മരുഭൂമിതന്നെ ശരണം. അവരോടൊപ്പം താമസിപ്പിക്കാനുള്ള ഖാലിദിന്റെ ശ്രമം ഞങ്ങൾ പരാജയപ്പെടുത്തിയപ്പോൾ മറ്റൊരു ഔട്ട്‌ഹൗസ് ഞങ്ങൾക്കായി അനുവദിച്ചു തന്നു. പിള്ളാരാരോ പഠിക്കുന്നതും പഴേസാധനങ്ങൾ സ്‌റ്റോക്ക് ചെയ്യുന്നതുമായ ഒരു മുറിയാണത്. അതിന്റെ ഇരുമ്പുവാതിൽ പുറത്തേക്കു തുറക്കുക വല്ലപ്പോഴും മാത്രം. അത്രയ്‌ക്ക് ശക്തമായ കാറ്റ് തല്ലിയലക്കുകയാണു പുറത്ത്. ഈ കാറ്റിൽ വിഷവായുവുമുണ്ടത്രെ. അതേറ്റാൽ മൂക്കീന്നു ചോരവരും. പുറത്ത് തൊട്ടടുത്തുതന്നെ മഴവെള്ളം തടുക്കുവാനുള്ള മൺമതിൽ. ദൂരെ കരിങ്കൽ ചീളിന്റെ മെറ്റൽ മല. ഞങ്ങളതിലൊക്കെ കയറിപോകും.
ഖാലിദിന്റെ പത്തമ്പതേക്കർ വരുന്ന കൃഷിയിടങ്ങളിലും മറ്റും ഞങ്ങൾ കൗതുകപൂർവ്വം ചുറ്റി സഞ്ചരിച്ചു. സുലൈമാന്റെയും ഹുസൈന്റെയും മൃഗതുല്യജീവിതം കണ്ടു കരളലിഞ്ഞു. വെട്ടത്തിനു തന്നെ കുബ്ബൂസും കറിയും തലയിൽ ചുമന്നുകൊണ്ട് ഖാലിദിന്റെ ഹോർമ വന്നുവിളിക്കും. ഞാൻ ചെന്നു വാങ്ങിക്കും. പത്തു പത്തരയോടെ ചോറും കോഴിയുമെത്തും. കട്ടൻ ഞങ്ങളുണ്ടാക്കും. രാത്രി ഹുസൈന്റെ ഗുദാമീന്നാണ് ശാപ്പാട്. ഞങ്ങൾക്കുള്ള അരീം കോഴീം വീട്ടുകാർ കൊടുക്കും. പാകം ചെയ്യാൻ അവരോടൊപ്പം ഞങ്ങളും കൂടും.
ഇവിടുത്തെ താമസത്തിനിടക്കാണ് ഒരുനാൾ ആലിപ്പഴം പെയ്യുന്നത് ആദ്യമായ് കണ്ടറിഞ്ഞത്. മഴ കാക്കുന്ന വേഴാമ്പലാണ്, അറബി, പെരുന്നാൾ വരുന്നതിലും സന്തോഷമാണ്, അറബിക്കൊരു മഴകിട്ടിയെന്നാൽ. മത്തർ ഈജി… എന്നവൻ തുള്ളിച്ചാടും. അതേ കോമ്പൗണ്ടിൽ തന്നെ ദൂരെ മാറി ഖാലിദിന്റെ സഹോദരി മറിയം താമസിക്കുന്നു, ഭർത്താവും കുട്ടികളുമായി. സിറ്റിയിൽ പണിതീരുന്ന വീട്ടിലേക്ക് അവരുടനെ മാറും. ഖാലിദിന്റെ കളീം ചിരീം കണ്ട് വീഴണ്ടാന്നും അവനാളു മഹാപിശകാണെന്നുമാണ് ആന്ധ്രക്കാരനായ ഹേമാം ഹുസൈന്റെയും ബംഗ്ലാദേശുകാരനായ സുലൈമാന്റെയും അഭിപ്രായം. ഞങ്ങളതു മുഖവിലക്കു തന്നെയെടുത്തു. ഞങ്ങളുടെ സഹവാസം ഇരുവർക്കും ആവേശമായിരുന്നു. അവിടെ തങ്ങുന്നതിനിടെ ഒന്നു രണ്ടിടത്ത് ഇലക്‌ട്രീഷ്യൻ വർക്കിനും പ്ലമ്പിങ്ങിനുമൊക്കെയായി ഞങ്ങളെ കൊണ്ടുപോയി. കഴിവതൊക്കെ ഓടി നടന്ന് ഞാനും ചെയ്യുകയായിരുന്നു.
ആരെ പ്രീതിപ്പെടുത്തിയാലാണെന്റെ ചോറെന്നറിവായിട്ടില്ലല്ലോ….? ഏതാനും നാളുകൾക്കുശേഷം, സമീപത്തുള്ള ചെറുപട്ടണമായ ‘സുബയ്’ലേക്ക് ഞങ്ങളുടെ താവളം മാറുകയായിരുന്നു. ഒന്നുരണ്ടുവർഷത്തിലേറെയായി ആൾവാസമില്ലാതെ കിടന്ന പഴേ വാടകമുറികൾ… അതിൽ ഇഷ്ടം തോന്നിയതൊന്ന് വൃത്തിയാക്കി പൊറുതി തുടങ്ങി. ആളുകൾ ഇനിയും വരാനുണ്ടെന്നും പറഞ്ഞ് ശേഷിച്ച മുറികൾ കൂടി ഞങ്ങളെക്കൊണ്ട് അടിച്ചു വാരിക്കുകയായിരുന്നു അറബി. ഒരു ചാക്ക് അരിയും ഗ്യാസും ചില്ലറ സാധനങ്ങളും ഖാലിദ് വാങ്ങിത്തന്നു. തൊട്ടടുത്ത ലോഡ്‌ജിലും മലയാളികളായിരുന്നു ഏറെയും. സിദ്ധിക്, രാധാകൃഷ്ണൻ…. അങ്ങിനെ. അവരിൽ പണിയുള്ളവരും ഇല്ലാത്തവരുമുണ്ടായിരുന്നു. രണ്ടു ശ്രീലങ്കൻ തമിഴരായിരുന്നു മറ്റൊരു മുറിയിൽ – മനാരിദ്ദീനും, നവാസും. രണ്ടാളും സുബയ്‌ലെ ഹോസ്‌പിറ്റലിലെ ക്ലീനിംഗ് ജോലിക്കാർ. വൈപ്പിൻകരയിലെ കുഴുപ്പിള്ളി, ഞാറക്കൽ, ചെറായി, മുനമ്പം… എല്ലാം മനസിൽ സൂക്ഷിക്കുന്നവനായിരുന്നു നവാസ്. മത്സ്യവ്യവസായവുമായി പണ്ടു പരിചയിച്ച സ്ഥലങ്ങൾ….
സുബയ്-ൽ ചെന്നശേഷമാണ് ഞങ്ങളെ മെഡിക്കൽ ചെക്കപ്പിനായി ‘അൽ-റാസ്സ്‌ൽ കൊണ്ടുപോയത്. പ്ലെയിനിറങ്ങിയ ദിവസം കണക്കാക്കി ആരിവിടെ ശമ്പളം തരാൻ…? എന്തെങ്കിലും തൊഴിലിലേർപ്പെട്ട് മാസങ്ങളെത്ര കഴിഞ്ഞാലാകാം അതൊക്കെ കൈവരിക….! അല്ലറ ചില്ലറ പണികൾ നടക്കുന്നതിലാണെങ്കിലിപ്പോൾ കൂട്ടുകാരെന്നെ കൂട്ടാറുമില്ല. ഇവർക്കിടയിൽ ഞാനൊരു ട്രേഡ് രഹിതനാണല്ലോ . അറേബ്യയിലെത്തിയിട്ട് മാസമൊന്നായിട്ടും എന്റെ തൊഴിൽമേഖല തെളിയാത്തതിന്റെ ആവലാതിയിലാണു ഞാൻ. വീട്ടിലേക്ക് പണമയക്കേണ്ടതിന്റെ ആവശ്യം എനിക്കത്രക്കുണ്ടല്ലോ! നിർമ്മാണജോലികൾ ഏറെയൊന്നും നടക്കാത്ത ഏരിയയാണ് സുബയ്. എന്റെ മനസ് മരുക്കാടേറുകയാണ്… കാടെങ്കിൽ കാട്… ആടെങ്കിൽ ആട്…. എന്നൊരു ചിന്തയിൽ ചെന്നെത്തുകയായിരുന്നു, ഞാൻ. അറബിയുടെ വീട്ടിൽ നിന്നും ഹേമാം ഹുസൈൻ നാട്ടിൽപ്പോകുന്ന വിവരം അവിടുത്തെ താമസവേളയിൽ അറിവായ കാര്യമാണ്. എങ്കിപ്പിന്നെ, ആ ഒഴിവ് ഒന്നു ചോദിച്ചാലോ…
ഏതായാലും സുബയ്‌ലെ ഒരു സുഹൃത്തിനെക്കൊണ്ട് ഖാലിദിനോട് ഞാനാക്കാര്യം സൂചിപ്പിച്ചു. “ഫീ, മാലും…മസ്‌റ….? മസ്‌റപ്പണി നിനക്കറിയാമോ എന്നവൻ എന്നോടു ചോദിക്കയായിരുന്നു. നീരസത്താൽ ഞാൻ മൗനംകൊണ്ടു. അവന്റൊടുക്കത്തൊരു മസ്‌റ എന്നാണല്ലോ, എന്റെയുള്ളം. ”മാഫീ മുശ്‌ക്കിൽ…“
അതേ… അവനത് നൂറുകയ്യാലെ സമ്മതമായിരുന്നു. ഒരുപക്ഷേ അവനിച്ഛിച്ചതും അതു തന്നെയാകാം… സത്യത്തിൽ, ഒരു വേണ്ടാക്കുരിശ് ചോദിച്ചുവാങ്ങുകയായിരുന്നു. സങ്കടത്തോടെ, വാശിയോടെ… സർവ്വോപരി സാഹസത്തോടെ… അങ്ങനെ കെട്ടും കെടേം കൊണ്ട് സുബയ്‌ലെ ഉറക്കറയിൽ നിന്നും ഖാലിദിന്റെ വീട്ടിലെ വെറുക്കപ്പെട്ട കാലിത്തൊഴുത്തിലേക്ക് ചേക്കേറുകയായിരുന്നു, ഞാൻ….
Generated from archived content: eentha3.html Author: mammu_kaniyath