“ഇത് കോടതിയാണ്…. ഇവിടെ സത്യമേ ബോധിപ്പിക്കാവൂ……”
“ശരി, സർ…………”
തുടർന്ന് – വാക്കുകൊണ്ട് ജീവനോടെ അവരെന്നെ കീറിമുറിച്ചു. മണിക്കൂറുകൾ നീണ്ട വിചാരണ….
തിരിച്ചും മറിച്ചും ചോദ്യങ്ങൾ…
ഒന്നും എനിക്കൊരു ഭേദ്യമായിത്തോന്നിയില്ല.
ഒരു പരീക്ഷണപോരാട്ടത്തിന്റെ അത്യപൂർവ്വ നിമിഷങ്ങളിലാണു ഞാനെന്നബോധ്യം-എന്നിൽ ഉത്തേജനവും ഉത്സാഹവും പകർന്നു. അതുകൊണ്ടുതന്നെ, എല്ലാം എനിക്കൊരു കൗതുകമായ് തോന്നി.
ഇപ്പോൾ – ഞാനെന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ഗാർഹിക – സാമൂഹ്യ – സാമ്പത്തികങ്ങളായ സകലമാന വിവരങ്ങളും വെളിപ്പെട്ടു കഴിഞ്ഞു.
അസംസ്‌കൃത വസ്‌തുക്കളുടെ ദൗർലഭ്യതയാൽ അറിയാവുന്ന കൈത്തൊഴിലായ ബീഡിതെറുപ്പ് നിലച്ചിരിക്കുന്നു……
കണ്ടക്‌ടർപ്പണിയെടുത്തു പോന്ന ബസ്സും വിറ്റുപോയതോടെ സ്വസ്ഥം ഗൃഹഭരണമായി.
ലോണെടുത്ത പണിതീരാത്തതാണീ ഗൃഹം!
പരിഭവമൊട്ടില്ലതാനും
ശുഭപ്രതീക്ഷയുമായ് ഗൾഫിലേക്കെറിഞ്ഞ ചുണ്ടയിൽ വിസയുടെ സ്വർണ്ണ മൽസ്യം കുരുങ്ങുന്നതും നോക്കിയാണ് നിൽപ്പ്
ഈ വിധം ഇല്ലായ്‌മ – വല്ലായ്‌മയുടേതായ കാലത്തിങ്കലാണ്, സമൻസ് രൂപേണ യീ കൊലച്ചതി…….? അപ്പ് ആന്റ് ഡൗൺ നിരന്തരം ഫോറിൽ യാത്ര ചെയ്‌ത് തിരിമറിനടത്തുന്ന വൻപുള്ളിയാണു ഞാനെന്നാണ് വിദ്വാന്മാരുടെ ധാരണ.
കന്യാകത്വം നഷ്‌ടപ്പെട്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട പാസ്‌പോർട്ട് കണ്ടപ്പോൾ തന്നെ അവരുടെ പാതി സംശയം നീങ്ങിയതായ്‌ത്തോന്നി.
ഞാനാണെങ്കിൽ – ഒരു വഴിക്ക് പോണതല്ലേന്നോർത്ത് അധികാരികളാവശ്യപ്പെട്ടതിലധികം ഡോക്യുമെന്റ്‌സും കരുതിയിരുന്നു. എന്റെ രക്ഷക്കവ തുണയാകുമെന്നു തന്നെയാണെന്റെ കണക്കു കൂട്ടൽ.
വിസക്കു കൊടുക്കാനായ് സ്വർണ്ണം പണയം വച്ചിട്ടുള്ളതിന്റെ രസീതുകൾ.. ഹൗസിങ്ങ് ലോൺ മുടങ്ങിയതിന്റെ പേരിൽ ബോർഡയച്ച ജപ്‌തി നോട്ടീസ്… പരസ്‌പരജാമ്യവായ്‌പാക്കുടിശ്ശികയുടെ രേഖകൾ… ബാലൻസൊന്നുമില്ലാത്ത ബാങ്ക് പാസ്സ്‌ബുക്ക്.. കൂടാതെ – എന്റെ ഫോട്ടോയും അഡ്രസ്സുമൊക്കെ അച്ചടിച്ചു വന്നിട്ടുള്ള ഏതാനും പ്രസിദ്ധീകരണങ്ങൾ… ചില കഥകളുടെ കോപ്പികൾ… അങ്ങനെ പലതും എടുത്തിരുന്നു
ഇനി ഞാനറിയാതെ ഒരാൾക്കെങ്ങനെ എന്റെ അഡ്രസ്സ് കിട്ടിയെന്നൊരു ചോദ്യമുണർന്നാൽ രക്ഷപ്പെടാനായിരുന്നു അതെല്ലാം.
“അപ്പോൾ …. ആള് ഉദ്ദേശിച്ചപോലല്ല…. വേല്ല്യേ സാഹിത്യകാരനൊക്കേണ്……..”
എന്റെ മുഖത്തും പിന്നെ തമ്മിൽത്തമ്മിലും നോക്കി അവരിലൊരാൾ പറഞ്ഞു. എന്റെ സാഹിത്യ രചനകൾ അവിടെയും എനിക്കു താങ്ങായി പക്ഷേ – നെല്ലും പതിരും തിരിച്ചറിഞ്ഞിട്ടില്ല. അതു കൊണ്ടു ഞാനതൊന്നും കേട്ട് കോരിത്തരിച്ചില്ല.
തുടർന്ന് – ഇത്രത്തോളം കാര്യങ്ങൾ സത്യമാണെന്നുബോധ്യപ്പെട്ടതായി അവരെന്നോടു തുറന്നു സമ്മതിച്ചു. എന്നാൽ -എന്നിലൊരാശ്വസത്തിൻ നിമിഷം പിറക്കും മുൻപായിരുന്നു മുഖവുരയോടെയുള്ള വിചാരണയുടെ രണ്ടാംഘട്ടം.
“ഞാനൊരു സംഗതി ചോദിച്ചാൽ – നിങ്ങൾ സത്യം പറയണം….
എന്റെ പ്രതീക്ഷയുടെ തുരുത്താണ് കടലെടുത്ത് പോയത്. കാര്യങ്ങൾ പുകമൂടിക്കിടക്കുന്നേയുള്ളു. ആശങ്കകൾ ഇരട്ടിയായി.
”ജനുവരിയിൽ … എന്തെങ്കിലും പണമിടപാട് ആരെങ്കിലുമായി നിങ്ങൾ നടത്തിയിട്ടുണ്ടോ…..?
ഞാനാകെ അമ്പരന്നു നിൽപ്പായി. ഇത്രയും കൃത്യമായ ഒരു ചോദ്യം ഉത്ഭവിക്കണമെങ്കിൽ അതിൽ കഴമ്പില്ലാതിരിക്കില്ല… എന്നതുറപ്പ്.
പക്ഷേ .. എത്ര ശ്രമിച്ചിട്ടും എനിക്കൊന്നും കണ്ടെത്താനായില്ല. ഇത് ആഗസ്‌റ്റാണ്…. അതുകൊണ്ടുതന്നെ എന്റെ പ്രതികരണം ശ്രദ്ധാപൂർവ്വമായിരുന്നു.
“ഞാനോർക്കുന്നില്ല സർ….. അതെപ്പറ്റി എന്തെങ്കിലും ഒരു തുമ്പ്……” അദ്ദേഹമന്നേരം ഒരു കടലാസുതുണ്ടിൽ അഞ്ചാറിംഗ്ലീഷക്ഷരങ്ങളെഴുതിക്കാണിച്ചിട്ട് ചോദിച്ചു. “എന്താ, പരിചയമുണ്ടോ…….”?
‘ഏനിക്കുട്ടി’ എന്നായിരുന്നു ഓഫീസറുടെ ലിഖിതം. അന്ന് നാട്ടിക ബീച്ചിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനാണ് – ഈ ഏനുക്കുട്ടി ഷാർജയിലായിരുന്ന എന്റെ സഹോദരി ഭർത്താവും നാട്ടികക്കാരൻതന്നെയാണ്. ഷാർജയിലെ ഏനുക്കുട്ടിയുടെ മക്കളുമായി അളിയൻ നല്ല കമ്പിനിയും. എനിക്കും എസ് എന്ന സുഹൃത്തിനും വേണ്ടി എന്റെ അളിയൻ വിസ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു……..
ആയതിലേക്കായി ഇന്ന ദിവസത്തിനുള്ളിൽ ഇത്ര ഉറുപ്പിക ഏനുക്കുട്ടിയെ ഏല്‌പിക്കണമെന്നും അല്ലാത്ത പക്ഷം വിസ പ്രതീക്ഷിക്കേണ്ടെന്നും അളിയന്റെ ഒരു പ്രത്യേക അറിയിപ്പുവന്നു. വിസക്കു ക്ഷതമേൽക്കുമെന്നു കേട്ടതോടെ എസിന്റെ കൂട്ടർക്ക് നിരാശയേറി…. കൽപ്പനയനുസരിക്കാനവർ ധൃതികൂട്ടി.
അവരുടെ നിർബന്ധത്തിൽ കൂട്ട്യാക്കൂടാത്ത സംഖ്യ ഞാനൊരുവിധം തട്ടിക്കൂട്ടുകയാണുണ്ടായത്…. അങ്ങനെ എസിന്റെ പിതാവ് പിയും ഞാനും ചേർന്ന് പ്രസ്‌തുത തുക നാട്ടിക ബീച്ചിൽ ചെന്ന് ഏനുക്കുട്ടിയെ തേടിപ്പിടിച്ച് ഏൽപിച്ച സംഭവമുണ്ടായിട്ടുണ്ട്. എന്റെ അളിയനാണെങ്കിൽ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ഗൃഹാതുരത്വം അൽപം കൂടിയ കൂട്ടത്തിലാണ്, കക്ഷി അധികകാലം തുടർച്ചയായെങ്ങും തങ്ങില്ല.
എന്നെപ്പോലെ തന്നെ.
കടം കൊണ്ടാണെങ്കിലും ഓടിയോടി നാട്ടിലെത്തുന്ന പതിവുണ്ട്. ഇല്ലാത്ത പണമുണ്ടാക്കി കൊടുത്തേന്റെ പിന്നാലെ, അയാളിങ്ങോടിപ്പോന്നാ വിസേന്റെ കാര്യങ്ങളാരാ നോക്ക്വാ….
ആ സൽസ്വഭാവമറിയുന്നതു കൊണ്ടും, സംഗതികൾക്കൊരു സ്‌പീഡുണ്ടായ്‌ക്കോട്ടേന്ന് നിനച്ചുമാണ് തുക കൊടുത്ത വിവരത്തിന് അയാൾക്കൊരു ടെലഗ്രാം ചെയ്യണമെന്ന് പി. എന്ന പിതാവ് നിർബന്ധം പിടിച്ചത്… അതനുസരിച്ച് നാട്ടികേന്നുള്ള മടക്കത്തിൽ ആലുവായിലെത്തിയൊരു കമ്പിയടിക്കയുണ്ടായി.
“മണി ഹിപ് ഏനക്കുട്ടി”…….
അതെന്തുട്ടാ, നേരെ വാ നേരെ പോന്നൊരേർപ്പാട്. അപ്പോൾ –
ഒരു കമ്പിക്കുള്ളിൽ ഭൂകമ്പങ്ങളീവിധമോ………! എന്റെ സംശയങ്ങൾ നീങ്ങി. ശ്വാസവും നേരെ വീണു….. തുടർന്ന് അയാളുമായുണ്ടായ സംഗതികൾ ഒന്നും തന്നെ വിട്ടുപോകാതെ ഞാനിവിടെ വെളിപ്പെടുത്തുകയായിരുന്നു.
“എങ്ങനെയാണ് പണം കൊടുത്തത്…..?”
ഇന്ത്യൻ മണി തന്നെ…….“ ”അങ്ങനെയൊക്കെ പണം കൊടുക്കാൻ പാടുണ്ടോ……?“
അതൊന്നും അറിയില്ല… അത്യാവശ്യം വന്നപ്പോൾ അതെപ്പറ്റി ചിന്തിച്ചില്ല….”
“ ഒരു ടെലഗ്രാമാണ്….. അല്ലേ സാറേ, ഈക്കണ്ട പൊല്ലാപ്പുകൾക്കെല്ലാം ഹേതു………?”
അതിന് അവരാരും തന്നെ എസ്സോർ നോ പറഞ്ഞില്ല….
പിന്നെ ഒന്നും രണ്ടു പായ പേപ്പറിൽ ഇത്രോം നമ്പർ പാസ്‌പോർട്ട് ഹോൾഡറായ ഇന്നയാളെന്നു തുടങ്ങുന്ന എന്നെ സംബന്ധിച്ച ഒരു ചരിത്രരേഖ അവർ തന്നെ എഴുതിയുണ്ടാക്കി വായിച്ചു കേൾപ്പിച്ചിട്ട് എന്നോട് ഒപ്പിട്ടു വാങ്ങുകയായിരുന്നു.
പത്തും പന്ത്രണ്ടും രൂപ ബാലൻസുണ്ടായിരുന്ന പാസ് ബുക്കിന്റെയും പാസ്‌പോർട്ടിന്റെയുമൊക്കെ ഫോട്ടോസ്‌റ്റാറ്റെടുത്ത് വേഗം വരാനും എന്നോടാവശ്യപ്പെട്ടു.
നേരെ ചെന്ന് ലെഫ്‌റ്റിലേക്ക് തിരിയുന്നിടത്താണ് കടയെന്ന് അവർതന്നെ പറഞ്ഞു തരികയായിരുന്നു. ഫോട്ടോസ്‌റ്റാറ്റുമായ് വന്നപ്പോൾ അവർ അംഗസംഖ്യ കൂടുതലുണ്ട്… എല്ലാവരും കൂടി എന്നെ വാരുകയാണ്…
എന്റെ കഥകൾ കൈമാറി അവർ തമ്മിൽ പെരുമ പറഞ്ഞു.
“കണ്ടില്ലേ…. ആള് നിസ്സാരക്കാരനല്ല… പെരിയ കഥാകൃത്താണ്…..”
അവരുടെ ഉള്ളുതുറക്കലും ചങ്ങാത്തം കൂടലുമൊന്നും എനിക്കു വിശ്വസിക്കാനായില്ല…
ആട്ടെ… ഒരു കാര്യം ചോദിക്കാൻ വിട്ടു. “വേറൊരു ലെറ്റർ താങ്കൾക്കയച്ചിരുന്നല്ലോ… എന്താ, അത് കിട്ടീല്ലേ…..?”
“വിഷം പുരട്ടിയ അമ്പുകൾ നിങ്ങൾ വീണ്ടും തൊടുത്തിട്ടുണ്ടെങ്കിൽ… തിരിച്ചു ഞാൻ ചെന്നാൽ ആരെങ്കിലും വീട്ടിൽ ശേഷിക്കുമോന്നാണ് പേടി… പൊരുളറിയാതെ !
”അതെന്താ…..?“
”അനർഹമായതൊന്നും താങ്ങാൻ കരുത്തുള്ളോരല്ല…. വഴിവിട്ട നന്മയും തിന്മയും ഞങ്ങൾക്കൊരു പോലാ……
ആട്ടെ …. എവിടെ ചെന്ന് കുമ്പിടാനാണ് സർ, അതിൽപ്പറയുന്നത്……?“
”പേടിക്കണ്ട….. നിങ്ങള് വരേണ്ടതില്ലെന്നാണ് അറിയിച്ചിരുന്നത്…….“
ആ – നേരാരറിഞ്ഞു……..?
എന്റെ കഥകൾ പലതും അവർക്കു വേണമായിരുന്നു. കൊണ്ടുചെന്നതെല്ലാം അവർ പങ്കിട്ടെടുത്തു….
”അപ്പോൾ – ശരി ഞങ്ങൾക്കിഷ്‌ടായി…. ഓകെ നിങ്ങൾക്ക്് പോകാം….“
പുതിയ കഥ വരുമ്പോൾ അറീക്കണോന്നൊക്കെപ്പറഞ്ഞ് അഡ്രസ്സും തരികയുണ്ടായി…..
ഇത്രേം സ്വാതന്ത്ര്യോം ബഹുമാനോക്കെ കിട്ടിയ സ്ഥിതിക്ക് ഞാനും വിട്ടില്ല…. വിടുതലുമായല്ലോ….!
”ക്ഷമിക്കണം…. നിങ്ങൾ വെല്ല്യേ വെഷമക്കാരാണെന്നാ അറിയാനായത്…..ഒരുത്തനെയെങ്ങാൻ കിട്ട്യാലാണെങ്കി വിടാതെ പിന്തുടരുന്നും പറഞ്ഞു കേട്ടു…. അതുകൊണ്ട് സാറെ ദയവുചെയ്‌ത് ഇതിവിടെ വെച്ചവസാനിപ്പിച്ചേക്കണം…… ഇതിന്റെ പേരിൽ മേലിലെന്നെ വിഷമിപ്പിക്കരുത്… ഇപ്പൊത്തന്നെ ഉടുതുണി പോലും, എരന്നതാ….. പിന്നെ വായും മനസ്സുമറിയാത്ത കാര്യത്തിനാണെന്നെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതെങ്കിൽ. നഷ്‌ടപരിഹാരം കിട്ടിയിട്ടേ മടങ്ങാനുദ്ദേശിച്ചിരുന്നുള്ളു. കമ്പിയിവിടൊരു തൂമ്പായുള്ളപ്പോൾ അതിനു പ്രസക്തിയില്ലല്ലോ… ഏതായാലും മലപോലെ വന്നത്, മഞ്ഞുപോലെ പോയി…. അതു തന്നെ മഹാഭാഗ്യം……?“
മേലിൽ ഒരു പ്രശ്‌നോമുണ്ടാകില്ലെന്നവരെനിക്കുറപ്പുതന്നു.
ആ വാക്ക് പാലിക്കയുമുണ്ടായി.
മറ്റൊരു ലെറ്ററിന്റെ കാര്യം എടുത്തിട്ടതും നേരായിരുന്നു. എന്നാലതിൽ സൂചിപ്പിച്ചിരുന്നത്, അവരെന്നോടു പറഞ്ഞതായിരുന്നില്ല. മടങ്ങിയെത്തി രണ്ടുനാൾ കഴിഞ്ഞു വന്ന കത്തിൽ ആഗസ്‌റ്റ് എട്ടെന്നുള്ള കേസ് തീയതി ഇരുപത്തൊമ്പതിലേക്ക് മാറ്റിയെന്നായിരുന്നു വിവരം.
ഇടയ്‌ക്ക് ഒരു ചോദ്യം അവരെന്നോടു ചോദിച്ചതോർത്തുപോകയാണ്…
വിസക്കാര്യം നടക്ക്വോടോ…. എന്തായെന്ന്……
ഇല്ല … ഒരിക്കലുമതു നടന്നില്ല.
സ്വന്തം അളിയനാൽ കബളിപ്പിക്കപ്പെടുകയായിരുന്നു. അവിടെയും ഞാനുമെൻ ചങ്ങാതിയും.
തൻകടം വീട്ടാനും നിലനിൽക്കാനുമാണ് ഞങ്ങളെക്കൊണ്ടയാൾ പണം കൊടുപ്പിച്ചത്. അല്ലാതെ ഞങ്ങൾക്ക് വിസക്കുവേണ്ടിയായിരുന്നില്ല… പിന്നീടതുമൂലം പൊല്ലാപ്പുകളൊരുപാടുണ്ടായി. നല്ലൊരയൽബന്ധം പോലും നഷ്‌ടമായി..
കൂടുതലൊന്നും പറയാതിരിക്കലാണ് ഉചിതം, ഉത്തമം.
അപ്രിയം… അപ്രിയം….
ആട്ടിൻ സൂപ്പിന്റെ ബലമാണല്ലോ ക്ഷമയ്‌ക്ക്!
പറഞ്ഞുവന്നത് –
ആത്മവിശ്വാസം നേടിയ അനുഭവമാണ്…..
ജോലിക്കുപോലും പോകാതെ അമ്പലമുക്കിലെ വട്ടീൽ മുത്തുസാഹിബ് വിവരമറിയാനായ് ഞങ്ങളെക്കാത്തിരിക്കയാണ്.
വിജയ ഭാവത്തിൽ അന്തസ്സോടും തലയെടുപ്പോടും കേറിച്ചെല്ലുമ്പോൾ – വർദ്ധിച്ച മനഃസ്സാന്നിദ്ധ്യത്തോടെയാണ് അദ്ദേഹം ഞങ്ങളെ എതിരേറ്റത്….
വിഭവസമൃദ്ധമായ ഭക്ഷണവും ഞങ്ങൾക്കായ് കരുതിയിരുന്നു…
ശാപ്പാടും കഴിഞ്ഞ് സ്വന്തം കാറിൽ ഞങ്ങളെ തിരുവനന്തപുരം ബസ്‌റ്റാന്റിൽ കൊണ്ടുവന്നാക്കുമ്പോൾ –
മുനമ്പത്തേക്കുള്ള ഫാസ്‌റ്റ് പാസ്സഞ്ചർ പുറപ്പെടാൻ നിമിഷങ്ങളേ ശേഷിച്ചിരുന്നുള്ളു.
(അവസാനിച്ചു)
Generated from archived content: eentha15.html Author: mammu_kaniyath
Click this button or press Ctrl+G to toggle between Malayalam and English