അനുബന്‌ധം
ഗൾഫ് സ്വപ്‌നവുമായ് നടക്കും നാളിൽ പണ്ട് വേറിട്ടതും വേദനാജനകവുമായൊരു സംഭവമുണ്ടായി. പറഞ്ഞുവരുന്നത് പതിനാറു വർഷം പിന്നിട്ട സംഗതിയാണ്.
ഉച്ചമയക്കത്തിലന്ന് ബെല്ലടിച്ചുണർത്തി പോസ്‌റ്റുമാൻ കയ്യൊപ്പുവാങ്ങിയൊരു തപാലുരുപ്പടി സമ്മാനിച്ചുപോകയായിരുന്നു.
ശ്രീനാരായണപുരത്തുകാരനായ ശ്രീമാൻ ബാഹുലേയനാണ് അന്ന് ഞങ്ങളുടെ ഏരിയായിലെ പോസ്‌റ്റുമാൻ.
അദ്ദേഹമെന്റെ പ്രിയസുഹൃത്തുമാണ്. എനിക്കു സ്വാധീനമുള്ളൊരു മാസികയിൽ അയാളുടെ കഥ പ്രസിദ്ധീകരിക്കാൻ ഞാൻ സഹായിച്ചിട്ടുണ്ട്. കൊടുക്കവാങ്ങലുകൾ വേറെയും…
സംസ്ഥാന ഭവനനിർമ്മാണബോർഡിൽ നിന്നുമെടുത്തിട്ടുള്ള വായ്പാഗഡുക്കൾ പലതുമുടങ്ങിയ കുറ്റത്തിന് അവരെനിക്കയച്ച രജിസ്‌റ്റർ നോട്ടീസ് വന്നതിന്റെ പിന്നാലെയാകയാൽ – കവർ തുറന്നു നോക്കാതെ തന്നെ കാര്യം ഗ്രഹിച്ചെടുക്കയായിരുന്നു
അറിയിപ്പിന്റെയും മറ്റും ഘട്ടം കഴിഞ്ഞിരിക്കുന്നു….. മേൽ നടപടികൾ ഞങ്ങളിതാ, ആരംഭിക്കയാണ്………… എന്നതിൽ കവിഞ്ഞോ, കുറഞ്ഞോ – എന്തുണ്ടവർക്കു കൽപ്പിക്കാൻ………….?
ഇനി, എന്തുതന്നെ ചെയ്യാമ്പോണെന്നുണർത്തിച്ചാലും എന്റെ പൊന്നു സർക്കാരെ-
താല്‌ക്കാലമെന്നെക്കൊണ്ട് യാതൊരു നിവർത്തിയുമില്ല….. ഇതേതാണ്ട് വെച്ചിട്ട് കൊടുക്കാതിരിക്കണപോലാ. കാട്ടായം………
ഉദ്യോഗസ്ഥർക്ക് വല്ലതുമറിയണോ!
അച്ചടിച്ചു ശേഖരിച്ച ക്രൂര വാറോല ഓരോന്നെടുത്ത് ഗതികെട്ടോന്റെ നേർക്കയക്കണം. അതേ വേണ്ടു.
ഇത്തരം ഉമ്മാക്കികളെ മുൻപ് ഞാൻ ഭയന്നിരുന്നു. ഇന്നെന്തും വരുന്നിടത്തുവച്ചു കാണാമെന്നാണെന്റെ നിലപാട്. കാലം അത്രക്കെന്നെ പരുവപ്പെടുത്തിക്കഴിഞ്ഞു.
ലോണായൊരു നക്കാപ്പിച്ച ബോർഡീന്ന് തന്നെന്നതുനേര്……… അതിനുപെട്ടപാടോ, അതെന്തിനു തികയുമെന്ന കണക്കോ – ഒന്നും പറയാതിക്കയാണു ഭംഗി.
ഈ പശ്ചാത്തലത്തിലാണ് തപാലുരുപ്പടി തുറക്കാൻപോലും തുനിയാതെ അവഗണനയോടെ മേശപ്പുറത്തെറിഞ്ഞ് വീണ്ടും പോയ് തലചായ്്ക്കാൻ കാരണം.
രജിസ്‌ട്രേഡ് ലെറ്ററാകയാൽ എന്താണി കോളൊന്നറിയാനായ് പോസ്‌റ്റുമാൻ ചങ്ങാതി മടക്കത്തിലതുവഴി വീണ്ടും വരികയായിരുന്നു.
അദ്ദേഹത്തിന്റെ താല്‌പര്യപ്രകാരം വന്ന ബലാലിനെ ഞാനൊന്നു നിരീക്ഷിച്ചു.
ഹൗസിംങ്ങ് ബോർഡുകാരുടെ കണ്ടുപരിചയിച്ച റൗണ്ട് സീലായിരുന്നില്ല കവറിന്മേൽ. പകരം ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെപ്പതിഞ്ഞ നീണ്ട അഡ്രസ്സ്.
മാത്രവുമല്ല ഉരുപ്പടി ഓൺ ഐ.ജി.എസ്‌സും കവർ പൊട്ടിച്ചിട്ടും മാറ്റർ ഒറ്റനോട്ടത്തിലൊന്നും ഉൾക്കൊള്ളാനായില്ല.
“ഇത് ഞാനുദ്ദേശിച്ചതല്ലാ ട്ടാ……..വേറെന്തോ ഗുലുമാലാണ്………….സംഗീതിയൊരു പിടീംകിട്ടണ്‌ല്ല………”
“ഞാനോർത്തതെയ്….. ആകാശവാണീന്നുള്ള വല്ല കോൺട്രാക്‌റ്റോ മറ്റോ ആണെന്നാണ് …… ശരി കാണാം.
സൈക്കളോടിച്ച് ബാഹുലേയൻ തിരിച്ചുപോയി.
എളിയ അറിവിൻ വെട്ടത്തിൽ ഉള്ളതും ഇല്ലാത്തതുമായ പലതും ഞാൻ വായിച്ചെടുത്തു
എന്തായാലും –
വിദേശ വിനിമയത്തിന്റെ ഒരു ഡയറക്‌ടറേറ്റാണ് ഫ്രം അഡ്രസ്സുകാർ.
എന്നുവച്ചാൽ
ഒരു ഫോറിൽ വിളിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
എങ്കിപ്പിന്നെ പാസ്‌പോർട്ടു ചോദിച്ചാപ്പോരേ…….. ഒപ്പം ബാങ്ക് അക്കൗണ്ട്‌സും മറ്റും ആവശ്യപ്പെടുന്നതെന്തിനാ…….
ആ…. മണ്ണാങ്കട്ട….
അറിയുന്തോറും അറിയില്ലായ്‌മ ഏറിക്കൊണ്ടേയിരുന്നു….
ഇന്ന് ശങ്കരാടി റോഡായ് മാറിയ വഴിയേ പോയ ഒരറിവാളിയെ ക്ഷണിച്ച് വിശദാംശം തിരക്കി.
”ഗൾഫീപ്പോകാനൊരുങ്ങീട്ടുണ്ടോ……..?
“ഉവ്വ്…
ഓർമ്മവച്ച നാൾമുതൽ അതാണു മോഹം. ഉടനെ ശരിയാകുമെന്ന അറിയിപ്പുകിട്ടിയ ഒരു യാത്രയും പ്രതീക്ഷിച്ചിരിക്കയാണിപ്പോൾ………..”
എന്നിൽ നിന്നിത്രയും വിവരം പുറത്തുവന്ന സാഹചര്യത്തിൽ കാര്യങ്ങളയാൾക്ക് പെട്ടെന്ന് ഊഹിച്ചെടുക്കാനായെന്നു തോന്നുന്നു.
“അപ്പോൾ….. ഇവിടെ ചോദിച്ചിട്ടുള്ള റെക്കാർഡ്‌സുമായ് ഓഫീസിലെത്താനാണ് പറേണത്.
വേറെ പ്രശ്‌നോന്നുല്ല…………
എന്താ പേടിച്ചു പോയല്ലേ…………..?
അയാളുടെ പരിഭാഷ തെറ്റാണെന്ന് ബോധ്യമായിട്ടും അതും ശരിവെച്ച് ഞാനയാളെ രക്ഷിച്ചു.
ഓർക്കാപ്പുറത്തു വന്നുകിട്ടിയ അപായപത്രവുമായ് ഞാൻ പിന്നീട് പ്രബുദ്ധരെയും, പ്രബലരെയും തേടി ഇറങ്ങുകയായിരുന്നു. അതുവഴി ലഭ്യമായ നിർദ്ദേശ പ്രകാരമാണ് രാജു പോലീസിനെ ചെന്നു കാണുന്നത്.
”കുഴൽപ്പണം പോലുള്ളവ അന്വേഷിക്കുന്ന – അതായത്, എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ്് അയച്ചിരിക്കുന്ന സമൻസാണിത്…………ഇത്, നിങ്ങൾക്കെങ്ങിനെ…………..?
പരിചിതനായിട്ടുപോലും സംശയത്തിന്റെ ദൃഷ്ടികളെറിഞ്ഞ്, അയാളെന്നോടു തിരക്കി. “ഒന്നുംമെനിക്കറിയില്ല…………..” വിനയപൂർവ്വം ഞാനറിയിച്ചു.
“എന്നു പറഞ്ഞാലെങ്ങനാ……………വെറുതെ ഒരാളെ ഡിപ്പാർട്ട്‌മെന്റ് പിടിക്ക്വോ……. എന്തെങ്കിലും ബന്ധം കാണും……………അല്ലെങ്കിലിനി, ആരെങ്കിലും നിങ്ങൾടെ പേര് പറഞ്ഞു കൊടുത്തിട്ടാകാനും മതി…………..”
അയാളുടെ വിധിയും സങ്കൽപ്പങ്ങളുമൊന്നും എന്നെ തെല്ലും അലട്ടിയില്ല.
ഏതായാലും ഗുരുതരമായ കുറ്റരോപണമാണ് തന്റെ മേൽ പതിഞ്ഞിട്ടുള്ളതെന്ന കാര്യം ഉറപ്പ്.
അതായത് രാജ്യദ്രോഹം.
ഞാൻ കുറ്റവാളിയോ അല്ലയോ എന്നു തെളിയിക്കേണ്ട ഇടം വേറെ…. ഇവിടെ കിട്ടാവുന്ന അറിവു ശേഖരിക്കലാണു ലക്ഷ്യം.
ഇത്തരം കുറ്റവാളികളെ പിടികൂടാനും മറ്റും ഫീൽഡിൽ പ്രവർത്തിച്ചിട്ടുള്ള ആളെന്നറിഞ്ഞതിനാൽ എന്താണ് കുഴൽപ്പണമെന്നും മറ്റും അയാളോടുതന്നെ ചോദിച്ചറിയുകയായിരുന്നു.
പരീക്ഷയെഴുതാതെ ബിരുദം കിട്ടിയ മട്ടിലാണല്ലോ, ഞാനിപ്പോൾ…..
ഈ പണം കുഴലിലൂടെ വരുന്നതല്ല. ഗൾഫിലെ ഏജന്റിന് പണം നൽകിയാൽ അതനുസരിച്ചുള്ള ഇന്ത്യൻ പണം നാട്ടിലെ വീട്ടിൽ എത്തിക്കുന്ന ഏർപ്പാടാണ് കുഴൽപ്പണമെന്നറിയപ്പെടുന്നത്.
വിദേശത്തുള്ളവർക്കു ഇന്ത്യയിലേക്കു പണമയക്കാൻ നിയമവിധേയമുള്ള പലമാർഗ്ഗങ്ങളുമുണ്ട്. ഇതൊന്നും ഉപയോഗപ്പെടുത്താതെ സർക്കാരിന്റെ വിഹിതം വെട്ടിച്ച് ഗൂഢമായി പണം കൈമാറ്റം നടത്തലാണിവിടെ നടക്കുന്നത്.
പച്ചിലേം കത്രികേം……….. പശൂം കയറും………… തുടങ്ങി പലവിധം കോഡുഭാഷകളാണിതിനായുള്ള ക്രയ വിക്രയങ്ങളിലേർപ്പെടുന്നവർ ഉപയോഗിക്കുന്ന തന്ത്രം.
“എന്താ……… ഇങ്ങനൊള്ളോരുമായി വല്ലബന്ധമോ………… പരിചയമോ………….”
“ ഇല്ല…….. ഒന്നൂല്ല……ഈ കേട്ടതൊക്കെ പുത്തനറിവുകൾ മാത്രം………..”
എന്തായാലും…….. നിങ്ങളത് ചെന്ന് ഉള്ള സത്യം ബോധിപ്പിച്ചാമതി…………….പറഞ്ഞ ദിവസം തിരുവനന്തപുരം തൈക്കാട്ടുള്ള ഓഫീസിൽ പതിനൊന്നു മണിക്കാണ് ഹാജരാകേണ്ടത്….പോകാതെ പറ്റില്ല. ഹാജരാകാത്ത പക്ഷം എറണാകുളത്തുള്ള കോടതി മുഖേന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും, ചെന്നാലും ഓഫീസറുടെ അനുമതി കൂടാതെ പുറത്തുപോകാൻ പാടില്ലെന്നുമൊക്കെയാണ് ഉള്ളടക്കം……“
”ഒരുതരം കരുതൽ തടങ്കൽ……………“?
”അതെ ….. അതു തന്നെ ………മഹാ വെഷമക്കാരാ……………നല്ലൊര് വക്കീലിനെക്കാണേണ്ടിവരും. നിങ്ങൾടെ പാസ്‌പോർട്ട്, കൂടാതെ കുടുംബാംഗങ്ങളുടെയും മറ്റും പേരിലുള്ള ബാങ്ക് അക്കൗണ്ട് ബുക്കുകളും കരുതണം……..“
അജ്ഞാതമെങ്കിലും…. അപകടകാരിയായ ഒരഗ്നിപർവ്വതം എന്റെ തലയിലിരുന്നു പുകയുന്നു……………ആരാണായോ എന്റെ സൽപ്പേരിന് കളങ്കം ചാർത്താൻ തുനിയുന്നത്………?എന്റെ പേര് ദുരുപയോഗം ചെയ്‌തതാകാനും മതിയെന്നല്ലേ, പറഞ്ഞുകേട്ടത്. എങ്കിൽ അതാരാകാം……എന്തൊക്കെയാണതിന്റെ സാദ്ധ്യതകൾ…. രക്ഷപ്പെടാനാകാത്ത കെണിയിൽ വീണ പെരുച്ചാഴിയുടെ ചിത്രമാണു മനസ്സിൽ.
ഒരു പക്ഷേ വിദേശത്തു നിന്നുവന്നവരാരോ എയർപോർട്ടിലോ മറ്റോ പിടിക്കപ്പെട്ടിരിക്കാം…. വല്ല ഡോളറോ, ബിസ്‌ക്കറ്റോ ഒക്കെ കടത്തിവന്ന് കുടുക്കിലായപ്പോളുദിച്ച ചോദ്യത്തിനു മറുപടിയായ് കൊടുത്തതാണോ എന്റെ അഡ്രസ്സ്………..?
ഇതൊക്കെ എന്റെ തോന്നലുകളല്ലേ;…. യഥാർത്ഥത്തിൽ എന്താണു സംഭവിച്ചിരിക്കുന്നത്………?സ്വന്ത – ബന്ധത്തിൽപ്പെട്ട ഗൾഫ്‌കാരെ ഓരോന്നായ് പരിശോധിച്ചു. പിന്നെ എല്ലായിടത്തും നടന്നു തിരക്കി. എന്നാൽ അവരുമായ് ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും പുറത്തു വന്നിട്ടില്ല…..ആലുവായിൽ ഭാര്യാഗൃഹത്തിനടുത്തുള്ള ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഞാൻ സമീപിക്കയുണ്ടായി.
”ഒന്നും ഭയപ്പെടാനില്ല……. കേട്ടിടത്തോളം താങ്കൾ നിരപരാധിയെന്നതുവ്യക്തം…………..“
എന്നാലൊരുത്തനെ അപരാധിയാക്കി മാറ്റാൻ കേമന്മാർക്കെത്ര നേരം വേണം……….?
ഞാനദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് മറ്റൊരു വസ്‌തുതയായിരുന്നു.
”ഏറെക്കാലത്തെ ശ്രമഫലമായി ഒരു ഗൾഫ്‌യാത്രക്കുള്ള ഏർപ്പാടുകൾ ചെയ്ത്് കാത്തിരിക്കുന്ന വ്യക്തിയാണു ഞാൻ…………. ഈ സാഹചര്യത്തിൽ എന്തെങ്കിലുമൊക്കെ ഊപ്പിടികാട്ടി എന്റെ പാസ്‌പോർട്ടെങ്ങാനിവർ വാങ്ങി വെച്ചാലോന്നൊക്കെയാണെന്റെ പേടി……….“
”അതൊന്നും പറയാമ്പറ്റില്ല…………“
ഇങ്ങനെയൊരു സമൻസ് പുറപ്പെടുവിക്കാവുന്ന സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിനും വ്യക്തമാക്കാനായില്ല…..
പലരെയും അതിനായി സമീപിച്ചെങ്കിലും ഏതെങ്കലും ഗൾഫ് റിട്ടേണിനുപോലും അത്തരമൊരനുഭവത്തെപ്പറ്റി സാക്ഷ്യപ്പെടുത്താനായില്ല.
അന്നന്നടുപ്പു പുകയാൻ വകയില്ലാത്തൊരു ദരിദ്രവാസിക്ക് ഇതിൽപ്പരമൊരാപത്തും അപവാദവുമിനി എത്താനെന്തിരിക്കുന്നു……..?
തിരുവനന്തപുരത്തല്ല, പറൂരൊന്നു പോയ് വരണോന്ന് വച്ചാൽ പറ്റാത്തതാണവസ്ഥ. ദൈവദൂതനെപ്പോലെയാണ് അപ്പോൾ വാഗ്‌ദാനവുമായ് എന്റെ മുന്നിലൊരാൾ പ്രത്യക്ഷപ്പെട്ടത്.
ആയിടെ ഗൾഫീന്നെത്തിയ ശ്രീമാൻ ശക്തിധരനായിരുന്നു അന്നെന്നെ സമാധാനിപ്പിക്കാനായ് മുന്നോട്ടുവന്ന ഏക വ്യക്തി….
”യാത്രക്കുള്ള പണത്തെക്കുറിച്ചൊന്നും വെഷമിക്കേണ്ട….. അതു ഞാൻ തരും…… പക്ഷേ പ്രശ്‌നം അതൊന്ന്വല്ല….. വെഷം മൂത്ത വർഗ്ഗങ്ങളാ…… സൂക്ഷിക്കണം…….ഒറ്റക്കൊന്നും ചെന്ന് പിടികൊടുക്കാന്നിക്കണ്ട……. നേരിടാമ്പറ്റില്ല…….. നല്ലൊരു വക്കീലിനെ ഏർപ്പാടാക്ക്യാക്കൊള്ളാം…………“
അതിന്റെ ആവശ്യമില്ലെന്നു ഞാൻ സൂചിപ്പിച്ചു.
എന്റെ കാര്യം എനിക്കല്ലേ അറിയൂ……ഏതു വക്കീലിനാണതു ബോധ്യപ്പെടുത്താനാവുക……ഒരു നേർമാർഗ്ഗിക്കെന്തിനു വക്കാലത്ത്……..?
ഒരങ്കത്തിനുള്ള ആത്മവിശ്വാസം സ്വയം നേടുകയായിരുന്നു ഞാൻ.
അജ്ഞത നീക്കാനുള്ള അന്വേഷണം കൊണ്ട് അനുകൂലഫലമൊന്നും കൈവന്നില്ലെന്നു മാത്രമല്ല. മറ്റുള്ളവരുടെ മുന്നിലൊരു കുറ്റവാളിയും, നോട്ടപ്പുള്ളിയുമൊക്കെയായ് മാറ്റുകയായിരുന്നു.
”എന്തെങ്കിലും ബന്ധം കാണുന്നേയ്…………ആരാ, അതിപ്പോ സമ്മതിക്ക്വ………..“
പലരും തമ്മിൽ പറഞ്ഞു.
കുനുട്ടുബുദ്ധി ഏതുപാമരനും ഓടിത്തിരിയോല്ലോ. എന്റെ മേർ പതിഞ്ഞിട്ടുള്ള ആരോപണങ്ങൾ തെറ്റിദ്ധാരണാ ജനകമെന്ന് ഞാൻ മാത്രം വിശ്വസിച്ചു. വിളിപ്പുറത്തെത്തി ചങ്കുറ്റത്തോടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി എത്രയും വേഗം തടിശുദ്ധമാക്കണമെന്നുള്ള ഒറ്റ ജ്വരമായിരുന്നു എനിക്ക്…..വെറുതെയെങ്കിലും ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമെന്നതും എന്റെ മാത്രം തീരുമാനമായിരുന്നു. മടങ്ങിവരാനാകാത്ത സാഹചര്യമാണെങ്കിൽ അതിനുവേണ്ടി മാത്രം. അതിനായ് പള്ളിപ്പുറത്തു ചെന്ന് പിതൃസഹോദരൻ – കണിയത്ത് അബ്‌ദുല്ല എന്ന എന്റെ കൊച്ചാപ്പാനെയാണ് കൂട്ടിനു വിളിച്ചത്… അദ്ദേഹം തീർച്ചയായും വരാമെന്നേറ്റു. കൂടാതെ അയൽക്കാരനായ ബന്ധു തുമ്പാറോക്കറ്റിലെ ഉദ്യോഗസ്ഥൻ ശ്രീമാൻ മുത്തുവിന്റെ അമ്പലമുക്കിലെ അഡ്രസ്സും സംഘടിപ്പിക്കയുണ്ടായി. വിചാരണയുടെ തലേന്ന് തന്നെ പുറപ്പെടാനായിരുന്നു കൊച്ചാപ്പാടെ തീരുമാനം.
എന്താണേതാണെന്നറിയാത്തതാണല്ലോ സഫർ! ബന്ധുമിത്രാദികളെ കണ്ട് യാത്ര ചോദിച്ചു. വെല്ലുമ്മാടെയും ബാപ്പാടെയും ഖബറിടങ്ങളിൽ ചെന്ന് ദുആ ചെയ്‌തു. ഒരാപത്തും കൂടാതെ തിരിച്ചെത്താൻ കഴിയണേന്നുള്ള പ്രാർത്ഥനയോടെ പള്ളിഭണ്ഡാരത്തിൽ ഒറ്റരൂപ നിക്ഷേപിച്ചു.
കാലേക്കൂട്ടിത്തന്നെ മിസ്‌റ്റർ ശശിധരൻ വന്ന് അഞ്ഞൂറുരൂപ തന്നിരുന്നു. പുലർച്ചെ മുനമ്പത്തുള്ള വണ്ടിക്ക് കൊച്ചാപ്പയും ഞാനും ഗൗരീശ്വരത്തു നിന്നും അനന്തപുരിക്കു ടിക്കറ്റെടുത്തു. തിരുവനന്തപുരത്തു ചെന്നശേഷം കൊച്ചാപ്പാടെ നിർദ്ദേശ പ്രകാരം മുത്തുവിന്റെ അമ്പലമുക്കിലെ വീടന്വേഷിച്ചു കണ്ടെത്തുകയായിരുന്നു ഞങ്ങളുടെ പ്രഥമലക്ഷ്യം.
ഭാഗ്യത്തിന് അദ്ദേഹം വീട്ടിലുണ്ടായിരുന്നു. ആഗമനോദ്ദേശ്യം ചുരുക്കി ഞാൻ തന്നെയാണ് മുത്തുവിന്റെ മുന്നിലവതരിപ്പിച്ചത്. അപ്പോൾ – സ്‌നേഹപൂർവ്വം അയാളിടക്കുകേറിപ്പറഞ്ഞു.
”അതിനെന്താ ….. നിങ്ങൾക്കിവിടെ തങ്ങാല്ലോ…. സന്തോഷേയുള്ളു…….. പിന്നെ പേടിക്കാനൊന്നൂല്ലാന്നേയ്……. സാമൂഹ്യജീവിയായ മനുഷ്യനല്ലാതെ മറ്റാർക്കാണ് ഇത്തരം പരീക്ഷണങ്ങളുണ്ടാവുക…. പ്രതിസന്ധികൾ സധൈര്യം തന്നെ നേരിടണം… ഏതോ സംശയാസ്‌പദ സാഹചര്യത്തിലാണ് താങ്കളെ വിചാരണാവിധേയനാക്കുന്നത്. എന്നുകരുതി ഇത്ര ടെൻഷനാകാനെന്തിരിക്കുന്നു…..?“
ഭാര്യയുമൊത്തുള്ള അദ്ദേഹത്തിന്റെ സ്വീകരണവും സൽക്കാരങ്ങളും ആർഭാടപൂർവ്വമായിരുന്നു. ഒരു കുറ്റവാളിക്ക് അഭയം കൊടുക്കേണ്ടിവന്നതിൽ ദു;ഖിതനാണോ- നേരിലയാൾ…….? സങ്കോചം കൊണ്ട് നീറുകയായിരുന്നു മനം…….
തൈക്കാട്ടുള്ള ഓഫിസിൽ പതിനൊന്ന് മണിക്കാണ് ഹാജരാകേണ്ടതെങ്കിലും ഒൻപതിനു തന്നെ ചെന്നെത്തുകയായിരുന്നു. ഓഫീസ് പരിസരം ജനങ്ങളാൽ നിറഞ്ഞിരുന്നു. തിന്ന് കൊഴുത്ത് മേദസ്സ് മുറ്റിയ ആണും പെണ്ണുമായിരുന്നു കൂടുതലും….. ഒക്കെയും ഗൾഫ്‌കാരെന്ന് ഒറ്റനോട്ടത്തിലറിയാം. എന്നെപ്പോലുള്ള അവശതക്കാരനെ വേറെ കണ്ടെത്താനുമായില്ല. ഇവരെയൊക്കെ ഇവിടെയെത്തിക്കാനിടയാക്കിയ കാരണമെന്തെന്നറിയാനായിരുന്നു എന്റെ ശ്രമം.
എന്റെ രോഗമറിയാൻ മറ്റുള്ളവരുടെ ലക്ഷണങ്ങൾ തിരക്കുകയാണു ഞാൻ. കൂടുതലൊന്നും ആരും വിട്ടുപറയുന്നില്ല എങ്കിലും ഒരു ടീം എന്നോട് സഹകരിച്ച് മനസ്സു തുറക്കുകയുണ്ടായി.
സത്രീ പുരുഷന്മാർ നാലഞ്ചുപേരടങ്ങിയ സംഘം. പെരുമ്പാവൂരാണ് സ്വദേശം. രണ്ടുനാൾ മുൻപ് ഗൾഫീന്ന് വന്ന സുബേറിന്റെ വീടു ചോദിച്ചൊരു പാർട്ടിയെത്തി. അവർ രണ്ടുമൂന്നു പേരുണ്ടായിരുന്നു. അന്വേഷണം സുബേറിന്റെ ബാപ്പാനോടു തന്നെയായിരുന്നു. അയാൾ ചോദിച്ചു. ആരാ………. എവിടുന്നാ………..?”
“മലപ്പുറത്ത്‌ന്നാ…. സുബേറിന്റെ ചങ്ങാതിമാരാ………….”
ആഗതരെ ബാപ്പ തന്നെ കൂട്ടിക്കൊണ്ടുപോകുന്നു. പെട്ടെന്നാത്രെ അവരുടെ മട്ടും മാതിരീം മാറിയത്…….. കുറ്റവാളിയെത്തേടിയെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്ഥരായിരുന്നു ചങ്ങാതി ചമഞ്ഞെത്തിയ കൂട്ടർ.
ചുരുക്കത്തിൽ, ഒരു മാതിരിപ്പെട്ട സാധനങ്ങളെല്ലാം അവരെടുത്തിട്ടുപോയി. ദേഹോപദ്രവമേൽപ്പിച്ചു കൊണ്ട് സുബേറിനേയും….
സുബേറിനെ ഒന്നു കാണാൻ കോടതിയുടെ അനുവാദം വാങ്ങാനെത്തിയതാണവർ.
മോനെ താൻതന്നെ ഒറ്റു കൊടുത്തെന്ന പേരിൽ ഇനിയും അബോധാവസ്ഥയിൽ കേഴുകയാണോ പിതാവിപ്പോഴും….
സംസാരിച്ചവരുടെ കണ്ണു നനയുന്നുണ്ടായിരുന്നു. ഒപ്പം അറിയാതെയെങ്കിലും നാട്ടിലോരോരുത്തർ പറഞ്ഞതൊന്നും വെറുതെയല്ല. …. അവനോന്റെ ബലം തന്നെ ആത്മരക്ഷയായ്‌ക്കണ്ടിറങ്ങിപ്പുറപ്പെട്ടോന്റെ നിമിഷങ്ങൾ കൂടുതൽ സങ്കീർണ്ണമാകയായിരുന്നു.
സമൻസ് ചുമതലപ്പെട്ട പ്യൂണിനെ ഏൽപ്പിച്ചിട്ട് കഴിയുന്നത്ര സ്‌പീഡാക്കണമെന്ന് ഞാനോർമ്മിപ്പിച്ചു. അപ്പോൾ താളത്തിൽ അയാളൊന്നു വട്ടം ചുറ്റി. കാര്യം പിടികിട്ടിയതു കൊണ്ടു തന്നെ ഒള്ളത് ഞാനങ്ങ് പറഞ്ഞു. ഇത് നിങ്ങളുദ്ദേശിക്കണ പോലൊരു കേസ്സല്ല…. ദക്ഷിണയൊന്നും പ്രതീക്ഷിക്കണ്ട…. ഇല്ലാഞ്ഞിട്ടാ………
ആവശ്യഘട്ടത്തിൽ കൂടുതലായ് അറിയാൻ കഴിയാതെപോയ എൻഫോഴ്‌സ്‌മെന്റ് വിവരങ്ങൾ എനിക്കുകണ്ടെത്താനായത് വളരെ വൈകിയാണ്………..
FERA – ഫോറിൻ എക്‌സ്‌ചേയ്‌ഞ്ച് റെഗുലേഷൻ ആക്‌റ്റ് എന്ന വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടത്തിൽ കീഴിലുള്ള നടപടികൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അധികാരപരിധിയിലാണു വരുന്നത്. അന്താരാഷ്‌ട്ര കുറ്റവാളി സംഘത്തിലെ കണ്ണികളെവരെ ഇവർ നേരിടേണ്ടിവരുന്നു. അടവും അടവിൻമേൽ അടവും പഠിച്ച് എന്തും ചെയ്യാൻ മടിക്കാത്തവർ. പലപ്പോഴും വൻ സ്വാധീനമുള്ളവരും…
നിയമം വിട്ട ഇടപാടുകൾ സാമ്പത്തിക മേഖലയിൽ നടക്കുമ്പോൾ നാടിന്റെ സമ്പദ് വ്യവസ്ഥ തകരും……. ഏറ്റവും കൂടിയ തോതിൽ നടക്കുന്ന നിയമ ലംഘനം ഇന്ന് കുഴൽപ്പണ ഇടപാടുകളിലും വിദേശകറൻസികളുടെ – പ്രത്യേകിച്ച് ഡോളറിന്റെ കൈമാറ്റത്തിലുമാണ്.
എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ അന്വേഷണ സംഘത്തിന് എവിടെവച്ചും കുറ്റവാളികളെ നേരിടേണ്ടിവരാം. വീട്ടിൽ വച്ചും ….. ബിസിനസ് സ്ഥാപനങ്ങളിലുമെല്ലാം….
ഇവരുടെ അറസ്‌റ്റ് ചോദ്യം ചെയ്യൽ, കുറ്റപത്രം തയ്യാറാക്കൽ, കോടതിയിൽ ഹാജരാക്കൽ തുടങ്ങി ജയിലിലെത്തിക്കുക വരെ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ ചുമതലയിൽ വരുന്നു. സമൻസും വാറണ്ടും നടപ്പാക്കൽ, വീടുപരിശോധന, ദേഹപരിശോധന, വാഹനങ്ങൾ നിറുത്തി പരിശോധന ഇവർക്കും അധികാരമുണ്ട്. ബലപ്രയോഗവും പ്രതീക്ഷിക്കാം… ആവശ്യമെങ്കിൽ പോലീസിന്റെ സഹായവും ഇവർക്കു തേടാം. ഇതൊക്കെയാണെങ്കിലും ഇക്കൂട്ടരുടെ ഏറ്റവും വലിയ ആയുധം നാക്കുതന്നെ.
ചോദ്യം ചെയ്യലിൽ അതു വേണ്ടവണ്ണം പ്രയോഗിച്ചാൽ തന്നെ മിക്ക വില്ലന്മാരും മണിമണിയായി കാര്യം പറയും. അതാണ് ചോദ്യം ചെയ്യൽ കലയുടെ ഗുണം. ഔദ്യോഗിക രഹസ്യം സ്വന്തം വീട്ടിൽപ്പോലും മിണ്ടിക്കൂടെന്നാണു ചട്ടം.
നാഗർകോവിൽ മുതൽ ആലുവവരെയുള്ള പ്രദേശമാണു തിരുവനന്തപുരം ഓഫീസിന്റെ അതിർത്തിയെന്നറിയുന്നു. ഇത്തരം വേട്ടക്ക് സൂചന വഴിയോ മറ്റോ സഹായിക്കുന്നവർക്ക്- പിടിക്കപ്പെടുന്നതിന്റെ ഇരുപതുശതമാനം ഓഫറുണ്ടെന്നാണ് തോന്നുന്നത്.
എന്റെ ഊഴമായിരിക്കുന്നു……. അതാ കേസ് നമ്പർ വിളിച്ചു കഴിഞ്ഞു. അകത്തേക്ക് ചെന്ന് അധികാരിയെ അഭിവാദ്യം ചെയ്്തു. അവർ രണ്ടുപേരുണ്ടായിരുന്നു.
“ഇന്നോടത്ത് ഇന്നയാൾ മകൻ ഡേഷ്…………?”
“അതേ……….”
“എങ്കിലാ ഒപ്പൊന്നിട്ടെ……….”
നീട്ടിയപേപ്പറിൽ ഞാനൊപ്പിട്ടു.
Generated from archived content: eentha14.html Author: mammu_kaniyath
Click this button or press Ctrl+G to toggle between Malayalam and English