കുവൈറ്റ് എയർവെയ്‌സ് എന്ന വ്യോമപ്രമാണി മാന്യമായ് സൽക്കരിച്ച് ഭദ്രമായ്‌ത്തന്നെ ഞങ്ങളെ ബോംബെ സഹർ (ഛത്രപതി ശിവജി) ഇന്റർനാഷണൽ എയർപോർട്ടിൽ കൊണ്ടുവന്നെത്തിച്ചു. മണിക്കൂറുകളുടെ സിംപിൾഫ്ലൈ കൊണ്ട് അറേബ്യയുമതിൻ വിസ്‌മയങ്ങളുമെല്ലാം മാഞ്ഞുപോയിരിക്കുന്നു. പുറത്താക്കപ്പെട്ട അന്യഗ്രഹജീവികളെപ്പോൽ ഞങ്ങൾ എയർപേടകം വിട്ട് സ്വന്തം ഭൂമിയിലേക്കിറങ്ങി. എന്നിട്ടാദ്യം തന്നെ ശേഷിച്ച റിയാൽമാറി ഇന്ത്യൻ മണിയാക്കി. ആവശ്യക്കാരന് എയർപോർട്ടിനകത്തുതന്നെയുളള പ്രത്യേക കൗണ്ടറിൽ പണമടച്ചാൽ അവിടെ നിന്നുളള യാത്രക്കായി ടാക്‌സി എത്തും. അതാണൊരു സുരക്ഷിതമായ ഏർപ്പാടെന്നാണു വിശ്വാസം.
ബോംബെയാണ് നഗരം. ഒന്നും ഉറപ്പിക്കാനായില്ല. എന്നാൽ എയർപോർട്ടിന് പുറത്ത് ദൂരെമാറി പാർക്ക് ചെയ്‌തിട്ടുളള ടാക്‌സി പിടിക്കയാണെങ്കിൽ ചാർജ്ജൊരൽപ്പം കുറഞ്ഞുകിട്ടും. ഇക്കാര്യം ഞാൻ സാമിയെ ബോധ്യപ്പെടുത്തിയപ്പോൾ കുറഞ്ഞ ചെലവിൽ മതി സവാരിയെന്നായി ചങ്ങാതി.
നേരെ റെയിൽവേ സ്‌റ്റേഷനിലെത്തി കേരളാവണ്ടി കേറാനായിരുന്നില്ല എന്റെ പ്ലാൻ. ജെ.ജെ. സിഗ്നലിനടുത്ത് ടങ്കർ സ്‌ട്രീറ്റ്‌വരെ ഒന്നു പോകണം. അവിടെയാണല്ലോ എന്നെ ഈ നിലയിലെത്തിച്ചതിന്റെ സൂത്രധാരൻ, സാക്ഷാൽ സുൽഫിയും അവന്റെ കൃപാ ഇന്റർനാഷണൽ ട്രാവൽസും കുടികൊളളുന്നത്. ആ യോഗ്യനെ കണ്ടൊന്ന് നിന്ദിക്കാതെ… നേടിയതിലൊരു വിഹിതം നൽകാതെ ഓടിപ്പോകുന്നതെവിടേക്ക്?
വല്യേ പിടിയൊന്നൂല്ലെങ്കിലും സുൽഫി ഇടപ്പളളിക്കാരനാണെന്നാണ് കേൾവി. ഗൾഫീപ്പോകാൻ വന്നുകിട്ടിയ ഒരു പൈങ്കിളിയുമൊത്ത് ആലുവാക്കു സമീപമുളള ഐശ്വര്യനഗറിലെ ഹൗസിങ്‌കോളനിയിലായിരുന്നു എന്നെ സൗദിക്കുവിടുംകാലമയാളുടെ നാടൻ താവളം. എങ്ങും ഉറക്കാത്തവരായിരിക്കും ഇത്തരം തരികിടക്കാർ.
എയർപോർട്ടീന്ന് പുറത്ത് കടന്ന് ഞാനൊരു ടാക്‌സിക്കാരനെ വിളിച്ച് ടങ്കർസ്‌ട്രീറ്റ്‌വരെയുളള ചാർജ്ജന്വേഷിച്ചപ്പോൾ അവൻ പറഞ്ഞ നിരക്കത്ര കൂടുതലല്ലെന്ന് മനസ്സിലായി. അതനുസരിച്ച് ഞാനും സാമീം വന്ന് കേറുന്നതിനിടയിൽ ഞാനേർപ്പാടാക്കിയ ഡ്രൈവർ ഞങ്ങളുടെ ശ്രദ്ധവെട്ടിച്ചു ചെന്ന് മറ്റൊരു ടാക്‌സിക്കാരനോടെന്തോ കുശുകുശുക്കുകയും തുടർന്ന് ഞങ്ങളെ ഒന്നുഴിഞ്ഞുനോക്കിക്കൊണ്ട് അപരൻ മുമ്പേ കാറോടിച്ച് പോകുന്നതും കണ്ടു.
പെട്ടെന്നൊരു നിമിഷം യാദൃശ്ചികമായി കാണാനിടയായ ഈ രംഗം എന്തോ ദുഃസ്സൂചന മണക്കുന്നതായി തന്നെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു. കുറച്ചുദൂരം ഓടിയ കാർ ഒരു പോക്കറ്റ് റോഡിലേക്കു തിരിഞ്ഞ് നിർത്തിയിട്ട്, ഭായി…. മാപ്പാക്കണം… ബുക്കും പേപ്പറുമൊന്നും വണ്ടീലില്ല. എടുക്കാൻ മറന്നു. ഇവിടടുത്താവീട്. ഉടനെ പോരാം.
അങ്ങനെയോരോന്നും പറഞ്ഞ് ഗതിമാറ്റാനൊരുങ്ങുകയാണ് ഡ്രൈവർ. കോപമകറ്റി ശാന്തനായി ഞാൻ പറഞ്ഞുഃ
ടീക്‌ഹെ… കൊയിബാത്ത് നഹീം. – ശരി ഒരു വിരോധൂല്ല. വീട്ടിപ്പോയി ആവശ്യോളളതൊക്കെയെടുത്ത് നീ സാവധാനം പോര്. ലേക്കിൻ… ഞങ്ങള് ദേ, ഇവടെറങ്ങേണ്.“
യഥാസമയം പ്രത്യക്ഷപ്പെട്ട കൃത്രിമമായ എന്റെ മനോബലം അവനെ പിന്തിരിപ്പിക്കാനായിരുന്നു.
”ക്യാ ആദ്‌മിഹെ തൂ. ശരി. എന്നാ വേണ്ട. ഞാൻ പറഞ്ഞെന്നേയുളളൂ.“ ഓരോന്നും പുലമ്പി അവൻ യാത്ര ആരംഭിച്ചു.
ലക്ഷണങ്ങളോരോന്നും വിപത്തിലേക്ക് വിരൽചൂണ്ടുകയായിരുന്നു. അനിഷ്‌ടങ്ങൾ ഏതുരൂപേണയാണു വന്നുപെടുകയെന്ന പേടിതന്നെ, ഏതുനിമിഷവും. വണ്ടിയിൽ കാലെടുത്തുവച്ചശേഷമായിരുന്നു സംശയാസ്‌പദ ചലനങ്ങൾ ഒന്നൊന്നായ് തലപൊക്കിയത്. തർക്കിക്കാൻ നിന്നാൽ തടികേടാകുമെന്നുറപ്പ്. അതിനാൽ അനുനയത്തിൽ വേണം ഇവനോടുളള പെരുമാറ്റം. ആത്മസംയമനങ്ങൾക്കായ് തേടുമ്പോൾ..
”ക്യാ നാംഹേ, തേരാ..?“ ഒരു മയവുമില്ലാത്ത ശബ്‌ദമായിരുന്നു അവന്റെ പേരന്വേഷണത്തിന്. ഞങ്ങളുടെ ജാതിയറിയാനുളള ചോദ്യമാണിതെന്നും എനിക്കറിയാം. ബോംബെ ജീവിതം കുറച്ചൊക്കെ നേരിട്ടവനാണല്ലോ ഞാനും. വണ്ടിയിലെ അലങ്കരിച്ച ചിത്രങ്ങൾ ശ്രദ്ധിച്ച് ഒരു മുൻകൂർ ജാമ്യമെന്ന നിലയിൽ ഞാനെന്റെ പേർ മാറ്റിപ്പറയുകയായിരുന്നു. വർഗ്ഗവിദ്വേഷമകറ്റാനും അവന്റെ അപ്രിയത്തിനുപാത്രമാകരുതെന്നും ആഗ്രഹിച്ചാണങ്ങനെ ചെയ്‌തത്. അപ്പോഴും അവന്റെ സ്വരം വിരോധത്തിന്റെതായിരുന്നു.
”അല്ല… മുസ്ലീമാണെങ്കിലും എനിക്ക് കൊഴപ്പോന്നൂല്ല. സബ്‌തോ ഏകീഹേ…“
പിന്നെ ഞങ്ങടെ വിത്തും വേരും കൂടി അവന്നറിയണമായിരുന്നു. എല്ലാം ചേർന്നൊരു ചെറുകഥാസംഗ്രഹം അവന്റെ മുന്നിൽകാഴ്‌ചവെച്ചു. ബോംബെയിലാണെങ്കിൽ കലാപങ്ങളുടെ കാലം. അവൻ വിചാരിച്ചാലിപ്പോൾ എന്തും നടക്കും.
വേറിടത്തെത്തിയപ്പോഴുണ്ട് അവന്റെ സാലയാണെന്നും പറഞ്ഞ് ഒരുത്തനെ കാറീക്കേറ്റാനൊരുങ്ങുന്നു. അവനാണെങ്കിലീവണ്ടി കാത്തുനിന്നപോലുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കയാളെ മനസ്സിലായി. അവ്യക്തമായ ആശയവിനിമയം നടത്തി എയർപോർട്ടിൽ നിന്നും ആദ്യം പുറപ്പെട്ട ടാക്‌സിക്കാരനാണയാൾ.
”ഇല്ല… അതൊന്നും പറ്റില്ല. റേറ്റുറപ്പിച്ച് ഞാനോട്ടം വിളിച്ച വണ്ടിയിൽ ആരേയും കേറ്റാൻ ഞാനനുവദിക്കില്ല.“ എന്റെ ഉറച്ച തീരുമാനം കേട്ട് ആ ഉദ്യമവും അവന് ഉപേക്ഷിക്കേണ്ടിവന്നു.
ഓരോന്നും പറഞ്ഞവനെന്റെ നേരെ പല്ലിറുമ്മുന്നുണ്ട്. ഞാനതൊന്നും ശ്രദ്ധിക്കാൻ പോയില്ല. വാക്കിൻബലത്താൽ ബാധകളങ്ങനെ ഒഴിഞ്ഞുപോകുന്നതിൽ അത്ഭുതം തോന്നി. ഒരുപക്ഷേ അവൻ ബലം പ്രയോഗിച്ച് കേറുകയോ കേറ്റുകയോ ചെയ്‌ത് ഞങ്ങളെ ഉപദ്രവിച്ചാൽ എനിക്കെന്തു ചെയ്യാൻ കഴിയും? ഒന്നിനും പറ്റില്ല. കഠിനമാർന്ന അറേബ്യൻ ആപത്തുകളിൽനിന്നും കഷ്‌ടിച്ച് നേടിയെടുത്ത ജീവൻ മാതൃഭൂമിയിലിവിടെ ഒരു നീചപ്രജ തട്ടിയെടുത്തേക്കുമോയെന്ന ഘട്ടത്തിലെത്തി നിൽക്കുന്നു കാര്യങ്ങൾ. എന്നാൽ എന്റെ പൊന്നു ചങ്ങാതി, എർണാളം കത്തീത് പൊട്ടനറിഞ്ഞില്ലെന്ന അവസഥയിലാണെന്നതാണ് വിചിത്രം.
അതുകൊണ്ട് സംഗതിയുടെ കിടപ്പ് ഞാൻ പാവത്തെ പറഞ്ഞുമനസ്സിലാക്കി. ”സാമീടെ അഭിപ്രായം മാനിച്ചാണ് ഞാൻ പുറം ടാക്‌സി വിളിച്ചത്. അതിപ്പോ വലിയ കെണിയായിരിക്കുന്നു. നമ്മുടെ കാര്യം പോക്കാ… പൂച്ച എലിയെ എന്നപോലെ ഇവൻ നമ്മെ കളിപ്പിച്ചുകൊണ്ടിരിക്കയാണ്. ഈ വലയിൽ നിന്നും രക്ഷപ്പെടാനുളള ഉപായങ്ങളൊന്നും കണ്ടെത്താനാകുന്നില്ല. നമ്മൾ ജാഗ്രത പാലിക്കണം. ആത്മവിശ്വാസം കൈവിടരുത്.“
മലയാളം പോലും എഴുതാനോ വായിക്കാനോ അറിയാത്ത എന്റെ ചങ്ങാതി പേടിച്ചുവിറക്കാൻ തുടങ്ങിയിരിക്കുന്നു. വിവരം അയാളെ ധരിപ്പിച്ചത് തന്നെ ആപത്തായെന്ന് അപ്പോൾ തോന്നി. വേണ്ടാത്ത വഴികളിലൂടെയാണെന്നിട്ടും കാറോട്ടം. ഗുണ്ടാവിളയാട്ട കേന്ദ്രത്തിലൂടെയാണിപ്പോൾ യാത്ര. സ്‌റ്റീരിയോവിൽ നിന്നും അരോചകമായി തുടർന്ന പാട്ട് പെട്ടെന്ന് കാതടപ്പിക്കുന്ന വോളിയത്തിലാക്കിയിരിക്കയാണ്. ഒച്ച പുറത്തുകേൾക്കാത്തവിധം ഞങ്ങളെ ഒതുക്കിത്തീർക്കാനുളള ഒരുക്കമാണിതെന്നു തീർച്ച. ഒപ്പം വേട്ടക്കാരന്റെ ശൈലിയിലൊരു ചോദ്യവുംഃ
”ഇതേതാ സ്ഥലമെന്നറിയാമോ..?“
പേടിക്കേണ്ട പ്രദേശമാണിതെന്ന സൂചന മനസ്സിലാക്കിത്തന്നെ ഞാൻ പറഞ്ഞുഃ ”അറിയാം.. ധാരാവി…!“
കുടുംബസുഹൃത്തൊരുവനുമൊത്ത് ഇവിടെ കലീനയിലെ എയർഇന്ത്യാകോളനിയിൽ താമസിച്ചിരുന്നതും, സ്ഥലങ്ങളൊരുവിധം എനിക്കറിയാവുന്നതുമെല്ലാം കിട്ടിയ സന്ദർഭം മുതലെടുത്ത് ഞാനവനെ ഓർമ്മപ്പെടുത്തി. ആ സ്‌മരണകൾ തന്നെ എനിക്ക് ഒരാത്മവീര്യം സമ്മാനിക്കയായിരുന്നു. വേണ്ട, വേണ്ടാന്നെത്ര ക്ഷമിച്ചിട്ടും- വർദ്ധിച്ച രോഷം സഹിക്കാനാകാഞ്ഞ്, ഞാനവനോടു നേരിട്ടുഃ ”അല്ല.. മനസ്സിലാകാഞ്ഞിട്ടു ചോദിക്കയാ… എന്താ നിന്റുദ്ദേശം. മൻഷേനെ കൊരങ്ങ് കളിപ്പിക്കാൻ തുടങ്ങീട്ട് കൊറേനേരായല്ലോ, പറയ്…?“
ഇത്രേം പറഞ്ഞിട്ടും ചൂടാവുന്നില്ലെന്നും, അവന്റെ പത്തിയൊതുങ്ങിയതും ശ്രദ്ധിച്ച് കുറെക്കൂടി ഉച്ചത്തിലായി എന്റെ ശബ്‌ദംഃ ”നിർത്തെടാ, വൃത്തികെട്ട നിന്റെ പാട്ട്..“
തുടർന്ന് സെറ്റ് ഓഫാക്കിക്കൊണ്ട് അച്ചടക്കത്തിലും നേർവഴിക്കുമായി അവന്റെ കാറോട്ടം… എവിടെ? പട്ടീടെ വാലിന്റെ കാര്യം പറഞ്ഞപോലെയാണവന്റെ സ്വഭാവം. അടവുകൾ വീണ്ടും മാറ്റിപയറ്റുകയാണ് – ആ ഹിന്ദിവാല.
”ശരി…. അപ്പോൾ നിങ്ങൾട കയ്യില് റിയാലൊന്നും ഇല്ലെന്നാണ് പറഞ്ഞുവരുന്നത്…. അല്ലേ എങ്കിപ്പിന്നെ എനിക്കെങ്ങിനെ കൂലിത്തരും?“
അനാവശ്യമായ ആ സംശയം എന്നെ ചൊടിപ്പിച്ചില്ല. ഇത് ഇന്ത്യയാണെന്നത് മറന്ന് പുലമ്പുന്ന ഈ നായയോട് മയത്തിൽ തന്നെ തുടരാം…
മനഃപൂർവ്വം അതുമിതും പറഞ്ഞ് പ്രശ്‌നമുണ്ടാക്കാനൊരുങ്ങുന്നവനെ ഞാനാശ്വസിപ്പിച്ചു.
”ങാ.. അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം. നീ പേടിക്കേണ്ട.“
എന്റെ സിഗ്നലനുസരിച്ച് ഓടി രക്ഷപ്പെട്ടേക്കണമെന്ന് ചട്ടംകെട്ടിനിർത്തിയിരിക്കയാണ് ഞാനെൻ ചങ്ങാതിയെ. വേലത്തരങ്ങളിറക്കി തീ തീറ്റിച്ച് തീ തീറ്റിച്ച് കാറിപ്പോൾ ടങ്കർസ്‌ട്രീറ്റിൽ പ്രവേശിച്ചിരിക്കയാണ്. വണ്ടി ഏതാണ്ട് നിർത്തീനിർത്തീല്ലാന്നായ നിമിഷം ചാടി, തൊട്ടടുത്ത ലോഡ്‌ജിൽ അഭയം പ്രാപിക്കയായിരുന്നു ഞങ്ങൾ. ലോഡ്‌ജ്‌കാരനെക്കൊണ്ടാണ് അവന് കൂലികൊടുപ്പിച്ചത്. കിട്ടിയതും വാങ്ങി ഒരക്ഷരം മിണ്ടാതെ ചൂലുപോലവൻ മടങ്ങിയപ്പോൾ തിണ്ണബലംകൊണ്ട് ഞാൻ താക്കീതു ചെയ്‌തു.
”യാദ് രഖോരേ-യെ ഹിന്ദുസ്ഥാൻ ഹെ… മാഫീ സൗദി…“
അൽപ്പലാഭം പെരുംചേദം വരുത്തുമെന്ന് കേട്ടിട്ടേയുളളൂ. അന്ന് അതും പാഠമായി.
നോൺസ്‌റ്റോപ്പ് സ്‌പീഡ് യാത്ര സൗകര്യങ്ങളാണിന്ന് ഗൾഫ്‌യാത്രികന്റെ മുന്നിൽ. സ്വന്തം ഗ്രാമത്തിൽനിന്ന് വെറും മൂന്നോ നാലോ മണിക്കൂർ കൊണ്ട് കൃത്യതയോടെ ലക്ഷ്യത്തിലിറങ്ങുന്നു. അവന്റെ തിരക്കഥയിലിന്ന് പഴയ സാഹസികതയുടെ ബോംബെറീലുകൾ കാണാൻ പ്രയാസം. ആയുസ്സിന്റെ ബലമൊന്നുകൊണ്ടുമാത്രം അന്നാവിപത്തിൽ നിന്നും രക്ഷപ്പെട്ടത് ഞെട്ടലോടെയേ ഓർക്കാനാകൂ.
ടങ്കർ സ്‌ട്രീറ്റിലേക്കെന്റെ വരവും അന്വേഷണവും ഫലവത്തായില്ല. ആട് കിടന്നിടത്തുപൂടപോലുമില്ലെന്ന് പറഞ്ഞപോലെ സുൽഫിയെയോ അവന്റെ കൃപാഇന്റർനാഷണലോ ഒന്നും കണ്ടെത്താനായില്ല- ടങ്കർസ്‌ട്രീറ്റിലൊരിടത്തും. എന്നെങ്കിലുമൊരിക്കൽ – എവിടെയെങ്കിലും വെച്ചവനെ കണ്ടെത്തുമെന്നുതന്നെയാണെന്റെ വിശ്വാസം. ചെന്നുകേറിയ ലോഡ്‌ജ്‌കാർക്കും ഞങ്ങളെയൊന്നു പിഴിയാനുളള ചാൻസാണു കിട്ടിയത്.
കൂടാതെ തൃശൂർക്കു പോകുന്ന ബസ്സിൽ രണ്ട് സീറ്റൊഴിവുണ്ടെന്നും പറഞ്ഞ് അവർ ഞങ്ങളെ പിടിമുറുക്കയുമുണ്ടായി. എന്നാലിനി നിന്നുതിരിഞ്ഞ് നേരോം, കയ്യിലുളളതും കളയണ്ടാന്നുനിനച്ച് മംഗലാപുരം വഴിപോന്ന ബസ്സിനുതന്നെ മടങ്ങുകയായിരുന്നു. ഓരോ ആവശ്യങ്ങളുടെ പേരിൽ ബസ്സുകാരും പരമാവധി ഞങ്ങളെ ചൂഷണവിധേയരാക്കയുണ്ടായി. പോരാഞ്ഞ് – കോഴിക്കോട്ടെത്തിയപ്പോഴുണ്ട് സാങ്കേതികതകരാറെന്ന കാരണോം പറഞ്ഞ് ട്രിപ്പ് അവസാനിപ്പിക്കാനും ശ്രമിക്കുന്നു. എന്നാൽ, ഞങ്ങളിൽ ചിലർ പൊരുതിയതിന്റെ ഫലമായി അവരുടെ അനിഷ്‌ടം സമ്പാദിച്ചും യാത്ര തൃശൂർക്ക് നീട്ടിക്കിട്ടുകയുണ്ടായി. രാത്രിയിലീ വൈകിയവേളയിൽ എന്റെ സുഹൃത്ത് വാസുക്കുട്ടനെന്ന സാമിയെ പിരിയുകയാണു ഞാൻ. പിന്നെ ഞങ്ങളുടെ ലക്ഷ്യം രണ്ടായി.
ഒന്ന്‌ഃ ചെറായി…
രണ്ട്‌ഃ പൈങ്കുളം
വൈകാതെ തന്നെ എനിക്ക് ആലുവയ്‌ക്ക് ബസ് കിട്ടി. പിന്നെ പറവൂർ വന്ന് ഒരോട്ടോ പിടിച്ചാണ് ചെറായീലെത്തുന്നത്.
മുന്നറിയിപ്പൊന്നും കൂടാതുളള വരവാണ്… സ്വന്തം ഭവനത്തിൽ ഒരു കളളനെപ്പോലെ ആരുമറിയാതെ കേറിപ്പറ്റാൻ പാകത്തിൽ ഇരുട്ട് കൂട്ടിനുണ്ടായത് വലിയ അനുഗ്രഹമായി. മുട്ടിവിളിക്കും നേരം എനിക്കറിയാം, മുറിഞ്ഞുപോയ സ്വപ്‌നത്തിലെ നായകനെ തൊട്ടുമുന്നിൽ കണ്ട് എന്റെ ബീവിയിപ്പോൾ അത്ഭുതപ്പെടും. തീർച്ച..
എന്നെ കണ്ടപ്പാടെ സങ്കടവും സന്തോഷവും കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു ഭാര്യയും മക്കളും…
വൈതരണികൾ താണ്ടി വീണ്ടുകിട്ടിയ പ്രാണനല്ലാതെ-
പ്രിയപ്പെട്ടവരേ, നിങ്ങൾക്കായ് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. ആ എന്നെ സഹിക്കാനും പൊറുക്കാനും നിങ്ങൾക്കാകുമോ…?
ഒരുപക്ഷേ പെട്ടെന്നതിനായെന്നും വരില്ല. എങ്കിലും അതല്ലേ, നിവൃത്തിയുളളൂ.
വർണ്ണശബളമാർന്ന ലഗ്ഗേജുകളും വരവേൽപ്പുമില്ലാതെ… മരുഭൂമിയുടെ ഊഷരതയിൽനിന്നും പിറന്ന മണ്ണിന്റെ ആർദ്രതയിലേക്ക്-
ഒരന്യനെപ്പോലെ ചേക്കാറാനായിരുന്നല്ലോ എന്റെ വിധി.
Generated from archived content: eentha12.html Author: mammu_kaniyath