അറേബ്യ…
ഇന്നീ അഭയാർത്ഥിക്കു തെല്ലുമാശ്വാസമേകുന്നില്ല. കണ്ണീരു കുടിപ്പിക്കുന്നതിന്നൊപ്പം തരുമഭയം കൂടി റദ്ദാക്കാനുള്ള പൂതിയിലുമാണീ പുണ്യഭൂമി! ആരോ പറഞ്ഞല്ലോഃ “കിനാവും കണ്ണീരും ഇരുവശവും ഒട്ടിച്ചേർന്നൊരു നാണയമാണ് പ്രവാസജീവിത”മെന്ന്. എന്നിട്ടെന്റെ മുന്നിലിവിടെ കിനാക്കാണാനൊരു മരുപ്പച്ചപോലും ശേഷിക്കുന്നില്ല. അതുറപ്പായിട്ടും കാൽച്ചുവട്ടിൽ നിന്നു തൽക്കാലം ചോർന്നുപോകരുതീ വാഗ്‌ദത്ത ഭൂമിയെന്നു തന്നെ മോഹിച്ചുപോകയാണ്….
പ്രവാസിയിവനെ ചുറ്റിപ്പറ്റിയുള്ള പാഴ്‌പ്രതീക്ഷകളെങ്കിലും പലരിലും നിലനിർത്തേണ്ടതുണ്ട്. അതിനുവേണ്ടി വേദനയുടെ… ദുഃഖത്തിന്റെ… മുൾക്കിരീടമിതും ചുമന്നുള്ള പ്രയാണം തുടർന്നേ മതിയാകൂ… അതുകൊണ്ടു ഇരിക്കും കൊമ്പു മുറിച്ചുള്ള കളിയൊന്നും മേലിൽ വേണ്ട. നിയോഗമനുസരിച്ച് ആടിത്തീർക്കാനുള്ളതാണീ അടിമവേഷം. മുള്ളിന്റെയുമിലയുടെയും കഥയിലെ ഇലയാണു ഞാനെന്ന ബോധം കൈവെടിയാൻ പാടില്ല…. പരദേശിയിവിടെ നിന്നാലോ പോയാലോ മുള്ളാകുമറബിക്ക് ഒരു ചുക്കുമില്ല. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാതെ നട്ടം തിരിയുന്നവനു തന്നെയാണെങ്ങനെ നോക്കിയാലും നഷ്ടം. കഷ്ടപ്പെടുത്താനറബിക്കെന്നും ആളെ വേറെ കിട്ടും.
വാവിട്ട വാക്കിൻ സാദ്ധ്യതയോർത്ത് സ്വയമുരുകുമ്പോൾ തൊഴിലുടമയാമറബി തന്നെയാണെനിക്കു സാന്ത്വനം പകർന്നത്.
അബ്ദുൾ റഹ്‌മാൻ… നോക്ക്… എനിക്കറിയാം, പെട്ടെന്നുള്ള മടക്കം നിനക്കു ക്ഷീണമാകും… നിന്നോടെനിക്ക് വിരോധോന്നൂല്ല… സാമിയെയാണ് എനിക്ക് നോട്ടം… അവനാള് ശരിയല്ല…. വേണ്ട… പൊയ്‌ക്കോട്ടെ…‘
ഇതെന്തു പണ്ടാറോണീ കേക്കണെ. ഇത്രേ നാള് സാമീന്ന് വച്ചാലിവന് ജീവനായിരുന്നു. ഇപ്പദേ, അതു മറിച്ചായി. എന്താണിവന്റെയൊക്കെ ഉള്ളിലിരിപ്പെന്നാരറിഞ്ഞു..?
പക്ഷേ – അകാരണമായി സാമിയെ എന്തിനു ക്രൂശിക്കണം. തന്നെപ്പോലെ കടക്കയങ്ങളിൽ മുങ്ങിനിൽക്കുന്നൊരു മനുഷ്യനാണാപ്പാവം…. രക്ഷകന്റെ റോളിലെന്നോടുള്ള പ്രഭാഷണം തുടരുമ്പോൾ എന്നെച്ചൊല്ലി അറബിയിവനിത്രയ്‌ക്ക് ഉൽക്കണ്‌ഠാകുലനാകുന്നതിന്റെ പൊരുളെനിക്കൂഹിക്കാനായില്ല…
എന്റെ മൗനകാരണവും അവനാരാഞ്ഞു ഃ “നീയെന്താ ഒന്നും മിണ്ടാത്തെ…?”
“വൻതുക മുടക്കി വന്നിട്ടിവിടെ എന്തു നേടിയെന്നു നിനക്കറിയാം… തിരിച്ചുപോക്കിനെക്കുറിച്ച് ഞാനൊട്ടും ചിന്തിച്ചിട്ടില്ല… ഈയവസ്ഥയിൽ നീ ഞങ്ങളെ ഉപേക്ഷിക്കരുതെന്നു മാത്രമേ എനിക്കു പറയാനുള്ളൂ…”
ചേക്കേറാനുള്ള കൂരയും അന്യാധീനപ്പെട്ടവന്റെ ആകുലതകളാരറിയുന്നു…! ഒരു വർഷത്തേക്കുള്ള എന്റെ ഹക്കാമയുടെ കാലാവധി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കയാണ്. അതിനകം ആവശ്യമായ കാലയളവിലേക്കായ് നിശ്ചിത തുകയടച്ച് ഹക്കാമ പുതുക്കിയാലേ സൗദിയിൽ തുടരാനൊക്കൂ… ഖാലദിന്റെ കീഴിലിതിനൊക്കെ അവനവൻ തന്നെ പണം മുടക്കണം. തൊഴിലാളിക്കുവേണ്ടി ഇത്തരം ചെലവുകൾ സ്വയം വഹിക്കുന്ന അറബികളുമുണ്ട്. എന്റെ അറബിയിതു ഗണം വേറെയാണല്ലോ…! ഹക്കാമ പുതുക്കാനുള്ള ഫോട്ടോ എടുപ്പിക്കണമെന്ന് ഖാലിദെന്നോട് ആവശ്യപ്പെട്ടു. കൂടാതെ തൽക്കാലം കുടുംബത്തയക്കാനൊരു സംഖ്യ തരാമെന്നും അയാളെനിക്കു വാക്കുതന്നു. ബക്രീദ് പ്രമാണിച്ച് തറവാടിലെത്തിയ അലിയുമൊത്ത് അൽഖർജിലേക്ക് ഖാലിദും പുറപ്പെടുമ്പോൾ എനിക്കനുകൂലമായ തീരുമാനങ്ങളായിരുന്നു കൈക്കൊണ്ടതെല്ലാം. എല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞതിലുള്ള സന്തോഷവും ആത്മവിശ്വാസവുമായിരുന്നു തുടർന്നുള്ള നാളുകളിൽ.
എന്നാൽ – അൽഖർജിലെ അലിയുടെ ഗൂഢസങ്കേതത്തിൽ നിന്നും ഖാലിദ് തിരിച്ചെത്തിയത് കാലന്റെ ദൂതനായാണ്. എന്തെല്ലാം പറഞ്ഞേൽപ്പിച്ചും ഉറപ്പിച്ചും പോയവനാണ്… പച്ചപ്പാതിരാക്ക് വന്ന് വിളിച്ചുണർത്തി ഒരു കൂസലും കൂടാതെയാണ് അശുഭവാർത്തയറിയിക്കുന്നത്. “നിനക്കും സാമിക്കും നാളെ ടിക്കറ്റാണ്…!”
അഭിമുഖീകരിക്കുന്ന അവസ്ഥയിത് സ്വപ്നമോ അതോ യാഥാർത്ഥ്യമോ എന്നു തിരിച്ചറിയാൻ തന്നെ ഏറെ സമയമെടുത്തു. മനസ്സാകെ തളർന്നു…. കൈകാലുകൾ കുഴയുന്നു. വിസ്മയ ഭൂവിലിവിടെ പ്രായേണ പരിവർത്തനഘട്ടങ്ങളുണ്ടാകാമെന്ന പ്രതീക്ഷയും പൊലിഞ്ഞു. വാക്കുമാറിയാൽ വാപ്പമാറിയെന്നൊരു ചൊല്ലുണ്ട്. നികൃഷ്ടനിവൻ അൽഖർജ് വരെയൊന്നു പോയ് വന്നപ്പോഴേക്കും അതും സംഭവിച്ചോ… കഷ്ടം. ഉറക്കച്ചടവിൽ കാര്യമെന്തെന്നറിയാതെ എഴുന്നേറ്റിരിക്കയാണ് – സാമിയെന്ന വാസുക്കുട്ടൻ. എന്നെ സ്വയമൊന്നു ബോധ്യപ്പെടുത്താൻ കൂടി ചങ്ങാതിയോട് ഞാനാ അത്യാഹിതമറിയിച്ചുഃ
“കേട്ടില്ലേ… നമുക്കുള്ള ടിക്കറ്റ് റെഡിയായിട്ടുണ്ടത്രെ… പറഞ്ഞു പറഞ്ഞിപ്പരമദ്രോഹി സഫറെന്ന യാത്രാക്കെണിയിൽ നമ്മെ വീഴ്‌ത്തിയിരിക്കുന്നു… ഉറക്കമുണർന്ന സഹപ്രവർത്തകരെല്ലാം വിവരമറിഞ്ഞ് സഹതാപത്താൽ ചുറ്റും കൂടി ഞങ്ങളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. മുൻപിതുപോലെ ഔട്ടാക്കിയെന്നു കരുതിയ പൂർവ്വ സുഹൃത്ത് സുരേഷ് ഇപ്പോഴും അൽഖർജിലെവിടെയോ സാഹചര്യങ്ങളോട് മല്ലടിക്കുന്നുണ്ടെന്നു തന്നെയാണല്ലോ ഞങ്ങളുടെ വിശ്വാസം. അങ്ങനെ കാണാമറയത്തേക്കൊരു പറിച്ചുനടൽ – അതിലുപരിയൊന്നും സംഭവിക്കില്ലെന്ന സുഹൃത്തുക്കളുടെ ആശ്വാസവചനങ്ങൾ. അറബിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരത്തിന്റെ വെളിച്ചത്തിൽ തെല്ലൊരു പ്രതീക്ഷക്കു വകനൽകി. യാത്രയിതു വാസ്തവമെങ്കിൽ കൊണ്ടും കൊടുത്തും ഒന്നിച്ചുണ്ടുറങ്ങിയ ചങ്ങാതികളോടുമുണ്ടല്ലോ ചെയ്തുതീർക്കേണ്ട കടപ്പാടുകളേറെ….
എന്നാൽ, എന്തിനുമൊരു പോംവഴിയൊട്ടു തെളിയുന്നില്ലതാനും. കടത്തിന്റെ കൂടാരത്തിലേക്കുള്ള മടക്കത്തേക്കാളുചിതം ആത്മഹത്യയെന്നുവരെയെത്തിച്ച ചിന്തകൾ ഉറക്കം കെടുത്തുകയായിരുന്നു. പുലരാനേറെ രാവുള്ളപ്പോൾ തന്നെ ഞങ്ങൾക്കുള്ള വാഹനവുമായ് കാലസോദരരായ അലിയും ഖാലിദുമെത്തി. എത്രനാളത്തെ ഒരുക്കങ്ങൾക്കും വാങ്ങിക്കൂട്ടലുകൾക്കും ശേഷമായിരിക്കും ഒരു ഗൾഫുകാരന്റെ വീടണയൽ. എന്നാൽ, ഓർക്കാപ്പുറത്തൊരു അസമയത്ത് ആട്ടിപ്പായിക്കപ്പെടുന്നവന്റെ ഗതികേടോ… അത്, നാട്ടിലാർക്കു മനസ്സിലാകാൻ…? ഒരുങ്ങാനോ ശേഖരിക്കാനോ എനിക്കൊന്നുമില്ലായിരുന്നു. ഇവിടെ വന്നിട്ടൊരു ലുങ്കിപോലും വാങ്ങാതുള്ള ഏകവ്യക്തി ഞാൻ മാത്രമാണെന്ന് കൂട്ടുകാർവരെ എന്നെ കളിയാക്കാറുണ്ട്. മണലാരണ്യത്തിലിവിടെ നിത്യവൃത്തിക്കു നീക്കുപോക്കില്ലാതെ വിഷമിക്കുമ്പോഴും വീട്ടുവിചാരങ്ങൾക്കായിരുന്നല്ലോ മുൻഗണന. അത്യാവശ്യം വേണ്ടതൊക്കെ സ്വന്തമാക്കിയവരായിരുന്നു കൂട്ടുകാരിൽപ്പലരും.
’സൂറ…. സൂറ‘ന്നും പറഞ്ഞ് ധൃതിപിടിക്കയാണ് അറബികളിരുവരും ചേർന്ന്. മെസ്സ് നടത്തിപ്പിലും മറ്റുമായി ജയനും സജീവിനുമൊക്കെ എനിക്കു ബാദ്ധ്യതയുണ്ടെന്നറിയിച്ചപ്പോൾ അതു ഞാൻ കൊടുത്തുകൊള്ളാമെന്നായി, ഖാലിദ്.
നാട്ടീന്ന് കൊണ്ടുവന്നതിൽ ചില പഴയ ഡ്രസ്സുകൾ ശേഷിച്ചിരുന്നു. അതുപേക്ഷിച്ച് അനാഥമാക്കാൻ മനസ്സുവന്നില്ല… വേഗമതൊക്കെ വാരിവലിച്ചു ബാഗിലാക്കി. റൂമിൽ മിക്കവരും ഉറക്കത്തിലാണ്… ഉണർന്ന് അന്തിച്ചു നിന്നവരോട് എന്തെങ്കിലുമുരിയാടാനോ – നാവുണർന്നില്ല… പകൽ വെട്ടത്തിനും മുൻപേ എങ്ങോട്ടാണീ ക്രൂരമൃഗങ്ങൾ ഞങ്ങളെ ക്ഷണിക്കുന്നതെന്ന ഭീതിമാത്രം. കൊല്ലാനോ അതോ വളർത്താനോ എന്നതും അവ്യക്തം. ബലമായി കേറ്റിവിടാൻ തന്നെയാണു പരിപാടിയെങ്കിൽ പ്രതിഷേധിക്കണമെന്ന് ചില തല്പരകക്ഷികൾ ഞങ്ങളെ ഉണർത്തിച്ചു. തന്മൂലം ലഭ്യമാകാവുന്ന നിയമസാദ്ധ്യത വഴി ഞങ്ങൾക്കനുകൂല തീർപ്പുണ്ടാകുമെന്നാണവരുടെ പക്ഷം. വേണ്ടിടത്ത് പൊരുതണമെന്നുതന്നെയുറച്ചാണ് സ്വപ്നസഞ്ചാരികളെപ്പോൽ സാമിയും ഞാനും വണ്ടികേറിയത്.
ശക്തിയായ് മഞ്ഞു പെയ്തുകൊണ്ടിരുന്ന രാത്രിയുടെ അന്ത്യയാമങ്ങൾ… ഈ നിരാലംബരെയും കൊണ്ട് പായുകയാണ് രണ്ട് കാട്ടറബികൾ. വണ്ടിയോട്ടത്തിനിടയിൽ പുറത്തെടുത്ത് കാണിച്ച് അടിച്ചേല്പിച്ച കണക്കുകളൊന്നും ശരിയായിരുന്നില്ല. ഞങ്ങൾ തൊഴിൽ ചെയ്തയിടങ്ങളിലെ യഥാർത്ഥ പട്ടികയൊന്നും അവന്റെ പക്കലില്ല. കണക്കുകൾ കൊണ്ടവൻ ഞങ്ങളെ കളിപ്പിക്കയാണ്… കബളിപ്പിക്കയാണ്… പലതുമിതിനകമുറപ്പായി. നിർബന്ധിത പിരിച്ചുവിടലിനൊപ്പം മുഴുചൂഷണവും നടക്കയാണിവിടെ. തട്ടിപ്പും വെട്ടിപ്പും കഴിച്ചുകണ്ടതായ തുക. അതെങ്കിലുമുണ്ടല്ലോ, ബാക്കിയെന്നു സമാധാനിച്ചതും തെറ്റി. അതിൽനിന്നുള്ള ചെലവിന്റെ വിശദാംശംങ്ങൾ വരുന്നേയുള്ളൂ. ബോംബെക്കുള്ള ടിക്കറ്റ്, ജയന് ഞാൻ കൊടുക്കേണ്ട ഇരുന്നൂറും, സജീവിന് കൊടുക്കാനുള്ള അറുപതും ചേർത്ത് ഇരുന്നൂറ്ററുപത് റിയാൽ, മറ്റിനം, പലവകയാദി കൂട്ടിക്കിഴിച്ചു കിട്ടിയ നക്കാപ്പിച്ച ആ സുവറിന്റെ മോത്തേക്കെറിയാനാണു തോന്നിയത്… ഇത് വൻചതിയാണെന്ന് ഞാൻ തർക്കിച്ചു. കാരണം, അവൻ നിരത്തുന്ന അക്കങ്ങൾ കൊണ്ടുതന്നെ അവന്റെ കണക്കുകൾ തെറ്റായിരുന്നു. മറുപടിയായ് എന്റെ പാസ്പോർട്ടെടുത്ത് അതിൽപ്പതിച്ചിരിക്കുന്ന അസംഖ്യം സ്‌റ്റാമ്പുകളൊക്കെ കാണിച്ചുതരുന്നുണ്ടാതെണ്ടി.
എന്റെ വാദമുഖങ്ങളൊന്നും വിലപ്പോയില്ല. പിന്നെ, ജീവന്റെ സ്‌റ്റിയറിങ്ങാണെങ്കിൽ ഈ കാട്ടറബികളുടെ കരങ്ങളിലാണല്ലോ എന്ന ബോധവും എന്നെ നിശബ്ദനാക്കി… അനീതിക്കും അധർമ്മത്തിനും മുന്നിൽ കീഴടങ്ങേണ്ടി വന്ന ദുരവസ്ഥയായിരുന്നു, ഞങ്ങളുടേത്. ബോംബെയിൽ നിന്ന് കഷ്ടിച്ച് നാട്ടിലെത്താവുന്ന സംഖ്യയുമവൻ തന്നു കഴിഞ്ഞിരിക്കുന്നു…
”എല്ലാ കണക്കും നീ പറയുംപോലെ… തർക്കിക്കാൻ ഞാനില്ല… എന്റെ ചോര നീ ഊറ്റി.. ഇനി ജീവൻമാത്രം…. അതെങ്കിലും തിരിച്ചു തന്നാമതി… നിന്നോട് അള്ള ചോദിക്കട്ടെ..“
’ബുക്കേരിയ‘ എന്ന സ്ഥലത്തെ ഏതോ അപരിചിത കേന്ദ്രത്തിൽ കാതങ്ങളേറെ താണ്ടിയുള്ള യാത്രയവസാനിച്ചത് രാവിലെ ഏഴുമണിക്കാണ്…. അതൊരു ട്രാവൽ ഏജൻസിയെന്ന് ബോർഡ് വായിച്ചറിഞ്ഞു. ഒൻപതുമണിവരെ കാത്തുനിൽക്കേണ്ടിവന്നു, ഓഫീസ് തുറക്കാൻ. ഇരകൾ ഞങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കിക്കൊണ്ടായിരുന്നു അറബികൾ അവിടെയുള്ളവരുമായി എന്തൊക്കെയോ ധാരണയിലെത്തിയത്. ഒരു കാര്യവും ഞങ്ങൾക്കറിയാനുമായില്ല. അറബികൾ ഞങ്ങൾക്കായ് ഓർഡർ ചെയ്ത കാലിച്ചായ ഞങ്ങളുപേക്ഷിച്ചു. പിന്നെ, പെട്ടെന്നൊരു നിമിഷം, കണ്ണടച്ചു തുറക്കും മുൻപേ ദൃഷ്ടിയിൽ നിന്നും മാഞ്ഞുപോകയായിരുന്നു അറബിയുമവന്റെ വാഹനവും! ഒന്നു ശബ്ദിക്കാനുള്ള പഴുതുപോലും കിട്ടിയില്ല. നീചർ തങ്ങൾക്കനുകൂലമായ് വർത്തിക്കുന്നവരുടെ താവളത്തിൽ ഞങ്ങളെ തളച്ചിട്ടുകൊണ്ട് ഒളിച്ചോടിയിരിക്കുന്നു. എല്ലാ ബന്ധങ്ങളും അറുത്തുമുറിച്ച് രണ്ടു സഹജീവികളെ നിഷ്‌പ്രഭരാക്കിയത് എത്ര നിഷ്‌പ്രയാസമാണ്. ഞങ്ങളുടെ ദയനീയാവസ്ഥ ചൊല്ലിയുള്ള പരാതി എത്തേണ്ടിടത്തെത്തിയാൽ ഒരുപക്ഷേ നീതി ലഭിച്ചേക്കാം. എന്നാലീയജ്ഞാത നഗരിയിൽ ഞങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശമേകാനാരിരിക്കുന്നു…? പാപി ചെല്ലുന്നിടം പാതാള’മെന്ന പാഠംവച്ചു നോക്കിയാൽ തയ്യാറെടുപ്പുകൾ പാളിയതു വിപരീതഫലത്തിലാണു കലാശിക്കുന്നതെങ്കിലോ…! ഒന്നും വേണ്ടിയിരുന്നില്ലെന്നപ്പോൾ തോന്നിയതുകൊണ്ടെന്തുഫലം!
ആപത്തിൽ നിന്നു കരകേറാനുള്ള മാർഗ്ഗങ്ങളേതുമില്ലാതെ – അറബികൾ അടിച്ചവഴിയേ പോകാനായിരുന്നു ഞങ്ങളുടെ വിധി. തുടർന്ന്, അജ്ഞാത കേന്ദ്രത്തിലിരുന്നാരോ നയിക്കുന്ന പാവകളായ് മാറുകയായിരുന്നു ഞാനും സാമിയും. ബുക്കേരിയയിലെ ട്രാവൽസുകാർ ഏർപ്പാടാക്കിയ ബസ്സിൽ- മറ്റനേകം യാത്രക്കാർക്കൊപ്പം തൊടുത്തുവിട്ട ഞങ്ങൾ ചെന്നെത്തിയത് ‘ബുറൈദ’യിലാണ്. അവിടെ നിന്നുള്ള പ്രയാണം നിലച്ചത് റിയാദ്‌ലെ കിങ്ങ്‌ഖാലിദ്, ഇന്റർനാഷണൽ എയൽപോർട്ടിലും. പിറ്റേന്നത്തെ കുവൈറ്റ് എയർവെയ്‌സിനാണ് ഞങ്ങൾക്ക് ടിക്കറ്റെന്ന കാര്യം അവിടെവച്ചു മാത്രമാണറിയുന്നത്. പോക്കറ്റിന്റെ ക്ഷീണംമൂലം ഭക്ഷണംപോലും ഉപേക്ഷിച്ചാണെന്ന് എയർപോർട്ടിൽ തങ്ങിയത്. ശക്തിയായ തലവേദനയും വിശപ്പും മനോവിഷമവും ഒപ്പം എയർകണ്ടീഷൻ അന്തരീക്ഷവും കൂടി മനുഷ്യനെ വല്ലാത്തൊരു പരുവത്തിലാക്കി. പാഠങ്ങൾ അറിഞ്ഞതിലധികം ഉൾക്കൊള്ളാനായത് എയർപോർട്ടിൽ കിട്ടിയ ഒറ്റ രാത്രികൊണ്ടാണ്. ലക്ഷങ്ങൾ മുടക്കി എത്തിയിട്ട്, ഒരാഴ്‌ചപോലും തികയാതെ മടങ്ങേണ്ടിവന്നവർ… വാഗ്‌ദാനം ചെയ്ത തൊഴിൽ ലഭ്യമാകാതെ കബളിപ്പിക്കപ്പെട്ടവർ… അങ്ങനെയങ്ങനെ… ബോംബെക്കുള്ള ടിക്കറ്റിനായി കൈനീട്ടി അഞ്ചും പത്തും റിയാലുകൾ സ്വരുകൂട്ടുന്നവർ… ഇവരെല്ലാം ചേർന്നു നൽകിയ അനുഭവംകൊണ്ട് ഒന്നു മനസ്സിലായി; തമ്മിൽ ഭേദമാണീ ഞങ്ങൾ – രണ്ടു തൊമ്മന്മാരെന്ന്! ഒന്നുമില്ലെങ്കിലും സ്വന്തം വിയർപ്പുചിന്തി നേടിയ ടിക്കറ്റെങ്കിലുമുണ്ടല്ലോ എന്ന അമിതബലം.
ഒരു പ്രധാന സംഗതി പറയാൻ വിട്ടുഃ ‘ക്രൂജ് അടിക്കൽ’ എന്ന ക്രൂരനടപടി കൈക്കൊണ്ടാണ് ഈ വിരുതനറബി ഞങ്ങളെ വിടുതലാക്കുന്നത്. അനീതിയും അക്രമവും ചെയ്തുകൂട്ടിയ സ്പോൺസറായ അറബി ഉത്തമൻ ചമഞ്ഞ് കൈമെയ് മറന്ന് അടിമപ്പണിയെടുത്തവന്റെ നെറ്റിയിൽ അധമനെന്ന് നിർദ്ദാക്ഷിണ്യം മുദ്രപതിക്കുന്ന ക്രൂശിത പരിപാടിയാണിത്. സ്വന്തം ലാഭേച്ഛമാത്രമാണ് എന്തിലുമേതിലുമവന്റെ ലക്ഷ്യം. നിയമപ്രകാരം നിശ്ചിതകാലയളവിനുശേഷം തൊഴിലാളിക്ക് നാട്ടിലേക്കുള്ള മടക്കടിക്കറ്റിന്റെ ചെലവു വഹിക്കാൻ ബാദ്ധ്യസ്ഥനാണിവിടെ തൊഴിലുടമ. അയോഗ്യനെന്നോ അപരാധിയെന്നോ കാണിച്ച് കസ്‌റ്റഡിയിലുള്ളവനെ കയ്യൊഴിയുമ്പോൾ ജോലിക്കാളെ വരുത്താനറബി സമ്പാദിച്ച സമ്മതപത്രത്തിന്റെ സാധ്യത നിലനിൽക്കുന്നു. അതുപയോഗിച്ച് അവന് അടിമയെ വീണ്ടും മാറിയെടുക്കാനുമാകുന്നു…. മാറ്റക്കച്ചവടമിതി തുടരുമ്പോൾ അറബിക്ക് ഒരു വെടിക്ക്, ഒരുപാടടിമ! കൊലച്ചതിയിതൊന്നുമേ നിർദ്ദോഷിയാം തൊഴിലാളി അറിയുന്നുമില്ല…. ഒരു സഊദിയിൽ നിന്നുമൊരുവൻ ഇത്രയൊക്കെ നേടിക്കഴിഞ്ഞാൽ ഒപ്പം അവന്റെ കിങ്ങ്‌ഡമേല്പിക്കുന്ന പീഡനങ്ങളും സഹിക്കേണ്ടതുണ്ട്. അവയിൽ ഏറ്റവും മുന്തിയ ഐറ്റമെന്നത് പ്രസ്തുത പാസ്പോർട്ടുടമയാമവന് കിങ്ങ്‌ഡം ഓഫ് സൗദി അറേബ്യയിവിടേക്ക് നാലുവർഷത്തേക്ക് പ്രവേശനം നിരോധിക്കലാണ്… ഭ്രഷ്ട് – നോ എൻട്രി! പിന്നെ, അദ്ധ്വാനിച്ചവന്റെ കൊച്ചുമക്കൾ അനുഭവിക്കേണ്ടതായ അവന്റെ വിയർപ്പിന്റെ വിൽ കവർന്നുള്ള സ്‌റ്റാമ്പൊട്ടിക്കലും മറ്റും അനുബന്ധ അനുഷ്ടാനങ്ങൾ മാത്രം. ചുമ്മാതല്ല ചിലരെങ്കിലും ഇത്തരം വിലക്കു നിലനിൽക്കെത്തന്നെ വ്യാജപാസ്പോർട്ട് സമ്പാദിച്ച് ഇവന്റെയൊക്കെ നിരോധനം മറികടന്ന് അന്നാട്ടിൽ തന്നെ ചെന്ന് വിലസുന്നത്… ഇവർ കരുതുംപോലെ… പറയുംപോലെ മലയാളികളെല്ലാം തന്നെ ‘മൂക്ക്‌മാഫി’യല്ല, ഊച്ചാളിയല്ല.. ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എറിയാൻ അവനെപ്പോലെ മിടുക്കൻ ആരുണ്ട്…?
‘നോ എൻട്രി’ക്കാലം നാലിനു പകരമിപ്പോൾ രണ്ടുവർഷമാക്കിയെന്നറിയുന്നു…. മലപ്പുറത്തുള്ള ആസിയ എന്നു പേരായ ഒരു ചെറുപ്പക്കാരിയെ റിയാദ് എയർപോർട്ടിൽവെച്ച് ഞങ്ങൾ കണ്ടുമുട്ടി. സമാനാവസ്ഥ തിരിച്ചറിഞ്ഞാകാം ആസിയ ഇങ്ങോട്ടുവന്ന് പരിചയപ്പെടുകയായിരുന്നു. ഭാരിച്ച കുടുംബ പ്രാരാബ്ധങ്ങൾക്കൊരറുതി തേടി മാസങ്ങൾക്കു മുൻപാണ് ആസിയ ഏജന്റൊരുക്കിയ കെണിയറിയാതെ നാടുംവീടും വിട്ടിറങ്ങിപ്പോയത്. അറബിക്കോട്ടയിലെ ലൈംഗിക ചൂഷണങ്ങൾ സഹിക്കാനാകാതെ ജീവനും കൊണ്ടോടിയ ദുരന്തനായികയാണിന്നവൾ. കല്യാണമെന്നതിവിടെ ഒരറബിയെ സംബന്ധിച്ച് നിസ്സാരകാര്യമല്ല. നാട്ടാചാരപ്രകാരം വൻതുക മുടക്കിയാലേ അറബിക്ക് പെണ്ണുകിട്ടൂ. മേനിക്കൊഴുപ്പുള്ള തരുണികളെ വീട്ടുവേലക്കെന്നും പറഞ്ഞ് ഏർപ്പാടാക്കുന്നത് വിശ്രമമില്ലാത്ത മറ്റു ജോലികൾക്കൊപ്പം കല്യാണംകൊണ്ട് നേടാവുന്ന കാര്യങ്ങൾക്കായ്‌ത്തന്നെയെന്ന സത്യം ആസിയ തുറന്നടിച്ചു. പുറംലോകവുമായ് യാതൊരു ബന്ധവുമില്ലാത്ത താവളത്തിലിവിടെ ആണുങ്ങളായോരുടെയെല്ലാം ആവശ്യം നിറവേറ്റുന്നതിലേക്കു തന്നെയാണീ അപ്പോയ്‌മെന്റ്. മാസം നാനൂറോ അഞ്ഞൂറോ ശമ്പളം നിശ്ചയിച്ചാൽ എല്ലാത്തിനുമായി. തുഛമായ മുതൽമുടക്കിലിത്രയും മികച്ച സേവനം മറ്റാർക്കു കിട്ടും. അതും, കൊടുത്തില്ലെന്നുവച്ച് അറബിക്കാരെ പേടിക്കാൻ…?
ഓരോരുത്തന്റെയും ഇംഗിതത്തിനു വഴങ്ങേണ്ടിവന്ന രംഗങ്ങളവൾ രോഷത്തോടും കണ്ണീരോടും കൂടിയാണ് വിവരിച്ചത്. സെഞ്ച്വറിയിലെത്തിയവരെക്കൊണ്ടാണത്രെ ഏറെ ശല്യം. പ്രായപൂർത്തിയാകാത്ത അറബിക്കുട്ടന്മാർക്കും ദാഹശമനമുണ്ടാക്കണം. കട്ടുമോന്തലിതു തുടരുമ്പോൾ മാമാ(ഉമ്മ)ടെ വലത്ത് (പുത്രൻ)ന്റെ രാസലീലാ രഹസ്യം വീട്ടുകാരിയുടെ ശ്രദ്ധയിലെങ്ങാനും പെടുത്തിയാലോ ”കല്ലി… വല്ലി…“ വിട്ടുകളയാൻ… അതൊക്കെ അവമ്മാര്‌ടൊരു കളിതമാശേല്ലേ… നിസ്സാരകാര്യത്തിനിത്ര സീരിയസ്സാകാൻ നീയിത്ര മൂക്ക് മാഫിയോ… പൊട്ടിപ്പെണ്ണേ…” ഉത്തരവാദിത്തപ്പെട്ട പെൺ പ്രതികരണം ഇങ്ങനെയെങ്കിൽ, ഇത് വിരൽ ചൂണ്ടുന്നത് ചരക്കിതൊരു പൊതുവിതരണത്തിന്റെ ആവശ്യകതയിലേക്കുള്ള മൗനാനുവാദത്തിലേക്കു തന്നെ… ഒരീച്ചപോലുമറിയാതെ ഇവർക്കെന്തും പ്രവർത്തിക്കാൻ വിധം സജ്ജമാക്കിയതാണിവിടുത്തെ കൂറ്റൻ സംവിധാനങ്ങൾ… പ്രതികൂല സാഹചര്യങ്ങൾക്കു നടുവിൽ ഇരയുടെ ചെറുത്തു നിൽപ്പ് അസാദ്ധ്യം. മാനം കാക്കണമെങ്കിൽ പിന്നെ കൊല്ലാനോ ചാകാനോ തുനിയണം… ഇല്ല… ഒന്നുമുണ്ടായില്ല… കൊന്നില്ല…. ചത്തുമില്ല… എല്ലാം സഹിച്ചു. കടിച്ചുകീറാനുള്ള കളിപ്പാട്ടമായ് ചെന്നു പെട്ടില്ലേ, ചെന്നായ്‌ക്കളുടെ കൂട്ടിൽ. കാമഭ്രാന്തന്മാരുടെ കണ്ണുവെട്ടിച്ച് ഒടുവിൽ രക്ഷപ്പെടുകയായിരുന്നു അവൾ. ശ്രമങ്ങളതിനകം പലതും പരാജയപ്പെട്ടിരുന്നു. മലയാളികളായ ഏതാനും നല്ല മനുഷ്യരുടെ സഹായംകൊണ്ടാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകാനും മറ്റും സാധിച്ചതെന്നവൾ നന്ദിയോടെ ഓർക്കുന്നു. അതുപ്രകാരം സ്‌റ്റേഷനിൽ ആസിയയുടെ കഫീലായ അറബിയെത്തിയത് പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടിൽ അവളെ തന്റെ താവളത്തിലെക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നു…. എന്നാൽ ആസിയയുടെ ശക്തമായ വിയോജിപ്പ്, അവൾക്കു തുണയായി. അങ്ങനെ ആസിയക്കുള്ള ടിക്കറ്റും ശമ്പളക്കുടിശ്ശികയും നൽകാൻ പ്രേരിതനാകയായിരുന്നു അറബി.
സ്ര്തീകളുമായ് സഹശയനം നടത്തിയിട്ട് ‘ഒളു’വെന്ന അംഗശുദ്ധിപോലും വരുത്താതെ നിസ്‌ക്കാരത്തിനു കൈകെട്ടുന്ന മൃഗത്തെ സ്മരിച്ചുകൊണ്ട് അറപ്പോടെ… വെറുപ്പോടെ… ആസിയ ആണയിട്ട് കൂട്ടിച്ചേർക്കുന്നുഃ
കപടവിശ്വാസിയാണ് – ഇവനെന്ന് – പരിശുദ്ധമണ്ണിന് അപവാദമായ, ഈ അറബി!
Generated from archived content: eentha11.html Author: mammu_kaniyath