അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ ഒരു പ്രവാസി – മമ്മു കണിയത്ത് – ജീവിക്കാൻ വേണ്ടി നാടുവിടേണ്ടിവന്ന അഭയാർത്ഥിയാണ് പ്രവാസി. നിരന്തരമായ സമ്മർദ്ദങ്ങൾ… അവഗണന… തിരസ്‌കാരം… പീഡനം… സർവ്വോപരി സങ്കീർണ്ണമായ കുടുംബസാഹചര്യങ്ങൾ…
ഇപ്പോൾ – എങ്ങുമെത്താതുള്ള എന്റെ പ്രതീക്ഷകൾ ഇവിടെ അവസാനിക്കുമോ… മരുഭൂമിയിലെ ചവിട്ടിയരച്ച്‌ച്ച കാൽപ്പാടുകൾപോലെ…!
എന്റെ വെല്ലുമ്മ – ആമിനുമ്മ കുടുംബാംഗങ്ങൾ ഞങ്ങളെയുണർത്താറുള്ള ചൊല്ല്, എന്റെ കാതുകളിൽ വന്നലക്കുന്നു.
ഒരരിശത്തിനു കെണറ്റീച്ചാട്യാ…
പലരിശംകൊണ്ട് കേറാമ്പറ്റൂല്ല..
അതെ – കടുംകൈക്ക് മുതിരുന്നോന് വീണ്ടുവിചാരമെന്നത് ഒരു സിദ്ധൗഷധമാണ്. ഞാനിവിടെ ചിന്തിക്കാതെയൊന്നുമല്ല, ഇന്ത്യയിലേക്കെന്നെ കരകടത്തുമെന്ന അറബിയുടെ ഭീഷണി തൃണവൽക്കരിച്ച് പ്രതികരിച്ചത്. പെട്ടെന്നു തോന്നിയ ഒരു വാശി പ്രകടനം. അത്രേ അതുകൊണ്ടു ഞാനുദ്ദേശിച്ചുള്ളൂ. ചെറായി ശങ്കരാടി റോഡിൽച്ചെന്നവസാനിക്കുന്ന സ്ഥലകാലങ്ങൾ പോയിട്ട് ഞാനെന്ന വ്യക്തിപോലും കൈമോശം വന്ന ആ നിമിഷങ്ങൾ ഭാരതാംബ മാത്രമായിരുന്നല്ലോ എന്റെ പ്രജ്ഞയിൽ. ആത്മപരിശോധനയിലേക്കുള്ള തിരനോട്ടം കടുത്ത ആത്മസംഘർഷങ്ങളിലേക്കാണെന്ന കൂട്ടിക്കൊണ്ടുപോയത്. സ്വപ്നഭൂവിലിവിടെ കാലുകുത്താനാരും കൊതിക്കുമോരവസരമെനിക്കു കൈവന്നതിനു പിന്നിലെ സഹനങ്ങൾ…സാഹസങ്ങൾ ചില്ലറയൊന്നുമല്ല. പഴയൊരു പാട്ടിൻ ശകലംപോലെ – ‘ഇതിനാളാകാൻ ഞാൻ ചെയ്തതെന്തൊരു പാപ’മെന്ന ഓർമ്മയിൽ ഞാനുരുകുന്നു. ബോംബെയിലെത്തി വഴിമുട്ടിയ എത്രയെത്രെ യാത്രകൾ…പാഴായ്‌പ്പോയ യാത്രാമൊഴികൾ… അതെക്കുറിച്ചൊക്കെ പണ്ട് ഞാനെഴുതിയ ‘പി.പിയും വിസയും ഞാനും’ എന്ന കുറിപ്പുകണ്ടാകാം ഒരു പക്ഷേ – അതേട്യൂണിൽ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമാപ്പേരിന്നുത്ഭവം തന്നെ. അതിനിയിപ്പോ എന്തായാലും അങ്ങിനെയൊരവകാശ വാദത്തിനൊന്നും ഞാനില്ലേയ്… എങ്കിലുമെല്ലാം – എല്ലാമെനിക്കിന്നലെക്കഴിഞ്ഞപോലാണോർമ്മ. സന്ദർഭവശാൽ പ്രസ്തുത പി.പിയിലേക്കൊരു ഫ്ലാഷ്‌ബാക്കിന് മുതിരുന്നു, ഞാനിവിടെഃ
സജ്ജനങ്ങളേ, നിങ്ങളിൽ പി.പി എടുത്തിട്ടില്ലാത്തവരുണ്ടെങ്കിൽ ഒന്നുടൻ സ്വന്തമാക്കണം. ഈ പി.പി പൂരപ്പറമ്പിൽ കൊച്ചുകുട്ടികൾ ബലൂൺ ഫിറ്റുചെയ്ത് കാറ്റൂതിവിട്ട് ‘മമ്മ മ്മാ മാ’ന്ന് നീട്ടി വിളിക്കുന്ന കളിപ്പാട്ടമല്ല. ഒർജിനൽ പാസ്പോർട്ടിനെ ചുരുക്കി ഞാൻ വിളിക്കുന്ന ഓമനപ്പേരതെന്നു കരുതാൻ സന്മമനസ്സുണ്ടാകണം… ഗൾഫിൽ പറന്നെത്തണമെങ്കിൽ… നിറമുള്ള സ്വപ്നങ്ങളിൽ പൂത്തു തളിർക്കണമെന്നുണ്ടെങ്കിൽ… ഒക്കെയും ഈ പി.പി കൂടിയേ തീരൂ. തദ്വാരാ വിസക്കെണിയിൽ കുടുങ്ങിയതും മറ്റും ജീവിതം തുലഞ്ഞവരുടെ ട്രാജഡികൾ വേണ്ടതു കണ്ടേക്കാം… വിട്ടുകളയത്. അറബി ആവർത്തിക്കുംപോലെ – കല്ലിവല്ലി! ഇനി ഒന്നുമൊത്തില്ലെങ്കിൽത്തന്നെയും അനുഭവസമ്പത്ത് കൊയ്ത് കൊയ്തെടുക്കാൻ ഇത്രത്തോളം പോന്ന സുവർണ്ണതാരം മറ്റെന്തുണ്ട്…? പുസ്തകരചനയ്‌ക്കും സിനിമാക്കഥ മെനയാനുമെല്ലാം ആരെയും പ്രാപ്തനാക്കുന്നു – പ്രവാസം! ഒരു പി.പി സൂക്ഷിപ്പുകാരനായ എന്റെ അനുഭവസാക്ഷ്യം താങ്കൾക്കൊരു പാഠമാകാതിരിക്കില്ല. വിശ്വസിച്ചവന്റെ പക്കൽ വിസക്കായ് അന്നത്തെ ടോപ്പ് റേറ്റായ പതിനാറായിരം ഒന്നു രണ്ടു ഗഡുക്കളായ് കൊടുത്തിട്ട് വർഷം രണ്ടായി. തുടർന്ന് ബോംബെക്കും മറ്റുമുള്ള പോക്കുവരവ്… ഫോട്ടോ… ഫോട്ടോസ്‌റ്റാറ്റ്… ഇല്ലാത്ത എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മാണം തുടങ്ങിയ അനുബന്ധയിന ചെലവുകൾ യഥാവിധം മറന്നതും ആശ്വാസദായകം. കളിക്കണകളിയല്ല- നന്മനിറഞ്ഞ, സഹൃദയരുടെ ഹസ്തഗള കർണ്ണാംഗുലികളാണ് വള, മാല, കമ്മൽ, മോതിരം തുടങ്ങിയ രൂപങ്ങളിൽ വമ്പിച്ച പതിനാറായിരത്തിനു പിന്നിൽ അണിനിരന്നിട്ടുള്ളത്. ബീവിയുടെ സ്വർണ്ണോംകൂടി വിറ്റു തുലച്ച് തികച്ചതാണ് തുക.
ഉറുപ്പിക കൈപ്പറ്റിയ ലോക്കൽ ഏജൻ് പെരുമ്പടന്നയിൽ വസിക്കും പള്ളിപ്പുറം സ്വദേശി ജനാബ് അബ്ദുൾ ഖാദറിനോട് ചോദിക്കുംഃ
“ഇക്കാ, എന്ന്…. പോകാനാകും…?”
“പേടിക്കേണ്ട… ഉടനെ ശരിയാകും…”
ഉടനെയിതു തുടങ്ങീട്ട് കാലങ്ങൾ പോയതറിഞ്ഞിട്ടില്ല പാവം ക്രൂരൻ! എപ്പച്ചെന്നന്വേഷിച്ചാലും യുക്തിഭദ്രമായ മറുപടി കിട്ടുംഃ “ഇന്നലേം, ഞാൻ ബോംബേക്ക് വിളിച്ച്… കിട്ടണ്‌ല്ല… ലൈൻ ക്ലിയറല്ലന്നേയ്… എന്താ ചെയ്യ്വാ… പിന്നെ അവിടുന്നൊര് കത്ത് വന്ന്‌ട്ടണ്ട്… അത് പറയാൻ വിട്ടു. പോകാൻ റെഡ്യായ്‌ത്തന്നെ നിന്നോ… പാന്റ്‌സ്, ഷർട്ട്, സ്യൂട്ട്‌കേസ് മുതലായവ…” എല്ലാം സമർത്ഥമായ് അബ്ദുൾഖാദർ ഓർമ്മപ്പെടുത്തി. മാസങ്ങൾക്കുശേഷം ഒരുനാൾ നഗരത്തിലെ ബി ആന്റ് ആർ സെക്ഷനിലെ ഉദ്യോഗസ്ഥനായ അബ്ദുൾഖാദർ ആളെ വിട്ടെന്നെ വിളിപ്പിച്ചിട്ട് സദ്‌വാർത്തയറിയിച്ചു.
“ദാ… അബ്ദുക്കാടെ ലെറ്ററാണിത്. നിങ്ങളോട് പ്ലെയിൻ ചാർജ്, എമിഗ്രേഷൻ മുതലായ ചെലവുകൾക്കുള്ള അയ്യായിരവുമായ് ഉടനെ ബോംബെയിലെത്തി അബ്ദുക്കാടെ ഏജന്റായ വർഗ്ഗീസ് പോളിനെ ഏൽപ്പിക്കാനാണ് സന്ദേശം… സൗദിയിലൊരു വൻ കമ്പനിയിൽ ഫോർമാനാണ് മിസ്‌റ്റർ അബ്ദൂക്ക. ഞങ്ങൾക്കായുള്ള വിസ പുറപ്പെടുവിക്കുന്ന ദേഹവും. മിക്കവാറും ബോംബേന്ന് മൂന്നാലു ദിവസത്തിനുള്ളിൽ കയറിപ്പോകാനാകുമെന്നും അബ്ദുൾ ഖാദർ പ്രവചിച്ചു. ഈ യാത്രയിൽ എന്നോടൊത്തു പുറപ്പെടേണ്ട അബ്ദുൾഖാദറിന്റെ മറ്റൊരു കാൻഡിഡേറ്റ് പെരിന്തൽമണ്ണക്കാരൻ അബൂബക്കറാണ്. വിഷയവിവരം കമ്പിയടിച്ച് അയാളെ അറിയിച്ചിട്ടുണ്ടെന്നും അബ്ദുൾ ഖാദർ പറഞ്ഞു. പിന്നെ നിമിഷങ്ങൾക്കു ചൂടുപിടിച്ചതും വിലയേറിയതും പെട്ടെന്നാണ്. നിൽക്കാനെനിക്കു നേരമെവിടെ…? ഓട്ടോം, ചാട്ടോം… ഉപജീവനം നടത്തിപ്പോന്ന പെട്ടിക്കട വെറുതെ കൊടുക്കണപോലാണ് കയ്യൊഴിച്ചത്. ഉപരിയായ് വീണ്ടും ചില തിരിമറികളും ചെയ്താണ് യാത്രക്കും മറ്റും പണമൊപ്പിച്ചത്. ബോംബെയാത്രയാണ്… സൂക്ഷിക്കണം…. രൂപ കൈവശം വയ്‌ക്കുന്നത് ആയുസ്സിനു തന്നെ ഹാനിയാകാം… ഡ്രാഫ്‌റ്റെടുക്കുന്നതാണ് ബുദ്ധിയെന്നായിരുന്നു വിദഗ്‌ദ്ധാഭിപ്രായം. മൂത്തവർ ചൊല്ലും മുതുനെല്ലിക്ക. അതു മാനിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വടക്കൻ പറവൂർ ശാഖയിൽ നിന്നും അയ്യായിരത്തിന് സെൽഫ് ഡ്രാഫ്‌റ്റെടുത്ത് സൂക്ഷിച്ചു.
സഹയാത്രികനാകേണ്ട അബൂബക്കർ പെരിന്തൽമണ്ണ മുന്നറിയിപ്പിൻ പ്രകാരം കാലേക്കൂട്ടിത്തന്നെ ആലുവ റെയിൽവേസ്‌റ്റേഷൻ പരിസരത്തെത്തിക്കഴിഞ്ഞു. അങ്ങനെ, എമ്പത്തൊന്ന് ജൂലൈ ഇരുപത്തൊന്ന്… കണ്ണീരിൽ കുതിർന്നൊരു യാത്രയയപ്പേറ്റുവാങ്ങിക്കൊണ്ട് ആലുവായിൽ നിന്നും പുറപ്പെട്ട ജയന്തിജനതയിലെ യാത്രക്കാരായി – ഞാനുമെൻ പുതുചങ്ങാതിയും. ബന്ധുമിത്രാദികളെയെല്ലാം നിഷ്‌പ്രഭരാക്കിക്കൊണ്ട് ഒരു ഭാവഭേദവും കൂടാതെ ജയന്തിജനത നീങ്ങി… – പ്രതീക്ഷാനിർഭരമായൊരു ഗൾഫ് പ്രയാണം. ട്രെയിൻ പാലം കയറുമ്പോൾ വാതിൽക്കൽ നിന്ന് കർച്ചീഫ് കാണിക്കണമെന്ന് പിരിയുമ്പോൾ പെമ്പിറന്നോരുടെ ഒസ്യത്തുണ്ടായിരുന്നു. പെണ്ണാൾ പ്രസവിച്ചുകിടക്കുന്ന മുറിയിലെ ജനലിലൂടെ നോക്കിയാൽ – എല്ലാം ഒരു സിനിമാദൃശ്യംപോലെ കാണാം. ട്രെയിൻ പാലം കയറുന്നതും മറ്റും… ഞാൻ കർച്ചീഫ് വെളിയിൽ വീശി. കണ്ടോ – എന്തോ…! ട്രെയിനേറെ ഓടിയിട്ടും പരിസരവുമായിണങ്ങാനായില്ലെനിക്ക്. എന്നാൽ – എന്റെ സുഹൃത്ത് അബു വേഗം വാചാലനായ്‌ക്കഴിഞ്ഞിരുന്നു. അയാൾ പരിചയപ്പെടുകയാണ്.
”എവിടേക്കാ…?“
”ഞാൻ – ഷോലാപ്പൂർ…“
”നിങ്ങളോ…?“
”ഞങ്ങള് സൗദിക്കാ..“
”ആന്നോ, എന്നോസിയൊക്കെ…“?
”ഉവ്വ്… വന്നിട്ടൊണ്ട്.. ഞങ്ങളൊരാഴ്‌ചക്കകം പോകും…“
പിന്നീടുള്ള സുഹൃത്തിന്റെ ജനറൽ നോളഡ്‌ജ് ഭണ്ഡാരമഴിക്കൽ ആരെയും അതിശയിപ്പിക്കും മട്ടിലായിരുന്നു. ചില്ലകൾ മാറുന്നകിളിയെപ്പോലെ അബു അടുത്തയാളെ പിടികൂടിക്കഴിഞ്ഞു. അയാൾ പൂനെയ്‌ക്കാണെന്നും ഭാര്യയും കൈക്കുഞ്ഞുമാണാ ഫാമിലിയെന്നും മനസ്സിലാക്കാനായി. വാതോരാതുള്ള സംസാരത്തിനിടയിൽ അബു എന്നെയും തോണ്ടുന്നുണ്ട് ഃ ”എന്താ മമ്മൂക്ക വിഷമിച്ചിരിക്കുന്നേ…!“
”ഓ…. ഒന്നൂല്ല…“ അപ്പോഴാണ് എന്റെ വലതുവശത്തിരിക്കുന്ന ചെറുപ്പക്കാരന്റെ ഇടപെടൽ.
”എങ്ങോട്ടാ…?“ നിർവ്വികാരനായ് ഞാൻ പറഞ്ഞുഃ ”ബോംബെക്കാണ്…“
”അവിടുന്ന്…?“ അയാളൊഴിയുന്നില്ല. ഒന്നും പറയാറായിട്ടില്ലെന്ന മുഖവുരയോടെതന്നെ സംഗതികൾ ഞാനയാളെ ചുരുക്കി ബോധിപ്പിച്ചു.
”വല്ല കറക്കുകമ്പനിയൊന്നുമല്ലല്ലോ…“
”ഏയ് അങ്ങിനെയാകില്ല… ഞങ്ങക്ക് വിശ്വാസോള്ള പാർട്ടിയാ…“
എറണാകുളം സ്വദേശിയായ ചെറുപ്പക്കാരന്റെ പേര്, ബാബു, മിസ്‌റ്റർ ബാബുവിനോടൊത്ത് അയാളുടെ ഭാര്യയും അഞ്ചുവയസുകാരി മകളും കൂടാതെ ഭാര്യയുടെ മൂത്ത സഹോദരിയുമുണ്ടായിരുന്നു. എന്നെ നോക്കി മിസിസ് ബാബു ചേച്ചിയോടെന്തോ പറയുമ്പോൾ ഞാനശ്രദ്ധ നടിച്ചു.
”നല്ല പരിചയം തോന്നുന്നു…“ ജീവിതത്തിൽ സ്വയം നാടുകടത്തപ്പെട്ട അന്തമാൻഘട്ടം എനിക്കുണ്ടായിട്ടുണ്ട്. ആ തത്രപ്പാടിൽ എവിടെയുമാകാം… അല്ലെങ്കിലെന്തിനിവിടൊരു കപ്പലേറ്റം…? ഒരാളെപ്പോലെ ഒരുപാടു പേരുണ്ടെന്ന ധാരണയിലെത്തുകയുമാവാം. കൂടുതൽ ക്ലൂവൊന്നും ഞാൻ കൈവിട്ടില്ല. എന്നിട്ടുപോലും ബാബു ആന്റ് ഫാമിലി തന്റെ കമ്പനിയിലേക്ക് എന്നെ വലിച്ചടുപ്പിക്കയായിരുന്നു. സ്വന്തം ഭർത്താവിനു പറ്റിയ അമളിയുമനുബന്ധകഥകളും വർണ്ണിച്ച് ചേച്ചി ഞങ്ങളെ ചിരിപ്പിക്കാനും വശീകരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഭർത്താവ് സൗദിയിലായിരുന്നെന്നും ഇപ്പോളൊരാക്സിഡന്റ് പിണഞ്ഞ് വീട്ടിലിരിപ്പാണെന്നും കൂട്ടിച്ചേർത്തു. മിസ്‌റ്റർ ബാബു ദുബയ്‌ക്കാണ്. രണ്ടുവർഷമെത്തി നാട്ടിൽ വന്നുള്ള മടക്കം. ”പ്ലെയിനിന് ടിക്കറ്റുണ്ടായിരുന്നതാണ്… ബോംബെവരെ – ഇവർ സ്ര്തീകൾക്ക് ട്രെയിനിൽ സഞ്ചരിക്കാനൊരു പൂതി… പിന്നെ ബോംബേന്നെന്റെ കുറെ സാധനങ്ങളും കൊണ്ടുപോകാനുണ്ട്…“
ങാ… ഇവിടെ ഞാനാര് – ഈ ബാബുവാര്…! ഇടപഴക്കത്തിൽ എന്നിലെ കഥാകാരനും വെളിവാക്കപ്പെട്ടിരുന്നു – ഇതിനകം. എന്റെ കഥകളച്ചടിച്ചുവന്ന പ്രസിദ്ധീകരണങ്ങൾ ചിലത് അഭിമാനപൂർവ്വം ഞാനവർക്കു മുന്നിലവതരിപ്പിച്ചു. വർദ്ധിച്ച താല്പര്യത്തോടെ സദസ് വായനയിൽ മുഴുകിയപ്പോൾ ഞാനൊരു താരമായി. ചൊറുചൊറുക്കുള്ളൊരു സുന്ദരിയാണ് മിസിസ് ബാബു. ആരോഗ്യവതിയായ ചേച്ചിയും ചെറുപ്പം. യാത്രാമദ്ധ്യേ മിസ്‌റ്റർ ബാബു ആന്റ് പാർട്ടി തീറ്റയിലും തമാശയിലുമെന്ന് വേണ്ട സകലതിലും എന്നെ പങ്കാളിയാക്കി. ഷോലാപ്പൂർകാരനാണ് അബുവിന്റെ മെയിൻ കമ്പനി. തന്റെ പക്കലുണ്ടായിരുന്ന തവളക്കറിയൊക്കെ അബുവിനെക്കൊണ്ട് നിർബന്ധിച്ച് തീറ്റിക്കുന്നുണ്ട് – ഷോലാപ്പൂർകാരൻ. മഴക്കാറ് കണ്ടാക്കേറീര്‌ന്ന് മാക്രോ പോക്രോന്ന് കരയാൻ സാദ്ധ്യതയുണ്ടല്ലോന്ന് ഞാൻ പറഞ്ഞത് ചിരിക്കുവകയായി. ഓരോ സ്‌റ്റേഷനെത്തുമ്പോഴും ചേച്ചി സമയവും സ്ഥലനാമവും ഡയറിയിൽ കുറിക്കുന്നുണ്ടായിരുന്നു. എന്റെ രചനകളിലാണിരുവരുമേറെ വിഹരിച്ചത്. എന്റെ വിരഹാഗ്നി കുറക്കാൻ ഇതൊക്കെയും ഏറെ സഹായകരമായി. രണ്ടു രാത്രികൾ കഴിഞ്ഞുവന്ന പ്രഭാതം – ബോംബെ.
ബാബുവും ഫാമിലിയും ഗുഡ്‌ബൈ ചൊല്ലിപ്പിരിഞ്ഞത് നൊമ്പരത്തോടെയാണ്. അബുവും ഞാനും വി.ടി. (വിക്ടോറിയ ടെർമിനസ്) യിലിറങ്ങി. മഹാനഗരത്തിൽ റൂമെടുത്ത് താമസിക്കാനുള്ള പദ്ധതിയൊന്നും ഞങ്ങൾക്കില്ലായിരുന്നു…
മുഹമ്മദാലി റോഡിലുള്ള ബാജിപാലാ സ്ര്ടീറ്റിലെത്താനാണു പ്ലാൻ. അബുവിന്റെ നാട്ടുകാരുടേതായ – താഴെക്കോട് ജുമാഅത്ത് വക ഒരു റൂമുണ്ടവിടെ. പണ്ട് ബീഡിതെറുപ്പുകാരായ നാട്ടുകാർ ചേർന്ന് നേടിയ സമ്പാദ്യമാണതെന്നാണ് അബു പറഞ്ഞ ഓർമ്മ. ഗതികെട്ട മറുനാടരുടെയും നിരാശ്രയരായ ഗൾഫ് യാത്രികരുടെയുമൊക്കെ ആശാ കേന്ദ്രമാണ് ഇടത്താവളം. നിലത്ത് പായ വിരിച്ച് തലങ്ങും വിലങ്ങും ഒന്നിനുമേലൊന്നൊക്കെയായ് വേണം കിടന്നുറങ്ങാൻ. എങ്കിലും വാടക കൂടാതെ തങ്ങാനൊരിടം. അത് വഴിപോയ് നേടിയവൻ മടക്കത്തിലോർത്താൽ കേറി നൽകുന്ന സംഭാവനയാണാ ലോഡ്‌ജിന്റെ വരുമാനം. ടാക്സിയിൽ ഞങ്ങൾ മുഹമ്മദാലി റോഡിലെത്തുമ്പോൾ മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. റൂമിലെത്തി കുളിച്ച് വേഷം മാറി പുറത്തിറങ്ങി. ഞങ്ങളുടെ മെയിൻ ഏജന്റായ വർഗ്ഗീസ് പോളിന് ഫോൺ ചെയ്ത് പരിചയപ്പെടുത്തിക്കൊണ്ട് ആഗമനമറിയിച്ചു. ബാണ്ടൂപ്പ് എന്ന സ്ഥലത്താണ് മിസ്‌റ്റർ പോൾ സ്ഥിതി ചെയ്യുന്നത്. അന്വേഷിച്ചപ്പോൾ രാവിലെ ചെല്ലാനും വരേണ്ടവഴികളും പോൾ ചൊല്ലി. പിറ്റേന്ന് ഇലക്ര്ടിക് ട്രെയിനിൽ വി.ടിയിൽ നിന്നും ബാണ്ടൂപ്പിലിറങ്ങി ടാക്സിയിൽ ഞങ്ങൾ ജങ്കിൾമങ്കിൾ റോഡിലെ ഓഫീസിലെത്തി പോളിനെക്കണ്ട് സംസാരിച്ചു.
”അച്ചാ… അച്ചാ…. സബ് ടീക് ഹോജായേഥാ… എല്ലാം ശരിയാകും… നിങ്ങളുടെ കാര്യത്തിൽ ഒട്ടും സംശയം വേണ്ട… ഒരു പേപ്പർ കൂടിയേ വരാനുള്ളു. പേപ്പേഴ്‌സെല്ലാമൊത്താൽ ഒരു ദിവസത്തിനുള്ളിൽ നിങ്ങളെ പ്ലെയിൻ കേറ്റി വിടും…“ പോളിന്റെ ഉറപ്പ് ഞങ്ങളെ ഉത്തേജിതരാക്കി.
”പക്ഷേ – കിട്ടേണ്ട പേപ്പർ എന്നെത്തുമെന്നതിനെക്കുറിച്ച് ഒന്നും പറയാനാകാത്ത നിലയ്‌ക്ക് കൃത്യമായൊരു ഡേറ്റൊന്നും പറയാനുമാകില്ല… ഇന്നോ, നാളെയോ ആകാനം മതി…. ബോംബെയിൽ തങ്ങണമെന്നൊന്നും ഞാൻ പറയില്ല… ശരിയായാലുടൻ പത്ത് ദിവസത്തെ ഗ്യാപ്പെങ്കിലും വിട്ട് നാട്ടിലേക്ക് നിങ്ങൾക്ക് ടെലഗ്രാം തരാം. പോരേ… പിന്നെ, എമൗണ്ടിന്റെ കാര്യം.. കാദർ പറഞ്ഞില്ലേ…? കൊണ്ടുവന്നിട്ടില്ലേ…“
പോളിന്റെ പ്രഭാഷണത്തിൽ തന്നെ സംഗതി – പ്രതിസന്ധിഘട്ടം തരണം ചെയ്തിട്ടില്ല. എന്നിട്ടും എമൗണ്ടാണയാൾക്ക് ലക്ഷ്യം. എന്തായാലും പണം കൊടുത്തേ പറ്റൂ… അല്ലെങ്കിലീപ്പറയുന്ന പേപ്പർ പറന്നുപോകും.. പിന്നെ ഗതിയെന്ത്…!
ഒന്നിനും ഭംഗം വന്നുകൂടാ. അതുകൊണ്ടുതന്നെ – ഡ്രാഫ്‌റ്റ്‌മാറി ക്യാഷാക്കി വരാമെന്നും പറഞ്ഞാണ് ഞങ്ങൾ റൂമിലേക്കു പോന്നത്. യൂണിയൻ ബാങ്കിന്റെ ബി.എസ്സ് (ബോംബെ സമാചാർ) മാർഗ്ഗ് ഓഫീസിലേക്കായിരുന്നു ഞങ്ങളുടെ ഡ്രാഫ്‌റ്റ്. ബാങ്ക് തേടിപ്പിടിച്ചെങ്കിലും – പല തടസ്സവാദങ്ങളും പറഞ്ഞ് ഞങ്ങളെ തിരസ്‌ക്കരിക്കയാണുണ്ടായത്. ഏതായാലും ബോംബെയിൽ നിന്ന് തെണ്ടിത്തിരിയുന്നതിൽ അർത്ഥമില്ല… നാട്ടിലേക്ക് മടങ്ങുന്നതാണു ബുദ്ധിയെന്ന് അബുവിനോടു ഞാൻ പറഞ്ഞു. അങ്ങിനെയെങ്കിൽ മമ്മൂക്ക വിട്ടോ… അബുദാബിയിൽ നിന്ന് വരുന്ന ബന്ധുവിനെയും കൂട്ടി സാവധാനമേയുള്ളു, എന്നായി അബു. കൂടുതലൊന്നും ആലോചിക്കാൻ ഞാൻ നിന്നില്ല. മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കയായിരുന്നു ഞാൻ. ഇരുപത്തെട്ടാം തീയതിക്കാണ് എനിക്കു റിസർവേഷൻ കിട്ടിയത്. കുറെ നടത്തിച്ചശേഷം ഇരുപത്തേഴിന് ഡ്രാഫ്‌റ്റ് മാറിക്കിട്ടി. തുക പോളിനു കാഴ്‌ചവച്ചു. അദ്ദേഹം തിന്നുകൊഴുത്തു വാഴുകയാണ്. മഹാനഗരിയിൽ കുടുംബസമേതം… വിസ പുറപ്പെടുവിക്കുന്ന മഹാനായ അബ്ദുക്കാനെക്കുറിച്ചും അയാൾ വാഴ്‌ത്തിപ്പറഞ്ഞു.
ങാ – ഇവന്റെയൊക്കെ ഇരയാകാനാണല്ലോ ബാക്കിയുള്ളോന്റെ വിധി! ഇരുപത്തെട്ടിന് ഞാൻ വി.ടിയിലെത്തി. എന്നെ യാത്രയയക്കാൻ അബുവുമുണ്ടായിരുന്നു. വല്ലാത്തൊരു ദുർഘടമെന്നുവേണം പറയാൻ.
അതാ – അവർ നിൽക്കുന്നു. മിസിസ് ബാബുവും ചേച്ചിയും. പെട്ടെന്ന് ഞാൻ കാഴ്‌ചപ്പാടിൽ നിന്നു മുഖം തിരിച്ച് നീങ്ങിമാറി. എന്നാൽ മിസിസ് ബാബു ഓടിവന്നെന്റെ കയ്യിൽ തൊട്ടുഃ ”ഇത് ഞങ്ങട കഥാകൃത്തല്ലേ…“ അപ്പോഴേക്കും ചേച്ചിയും എത്തിയിരുന്നു.
”അതേ…“
ഇരുവരും അന്ധാളിച്ചു; സഹതപിച്ചു. ”എന്തുപറ്റി….“?
”എന്തോ – ഒരു പേപ്പർകൂടി വരാനുണ്ടെന്നാണു പറയുന്നത്. അതുകൊണ്ട്…ഞാൻ മടങ്ങേണ്….“
”ഈശ്വരാ…. കഷ്ടം….“ അവരെക്കണ്ടാലിപ്പോൾ എന്നെക്കാൾ ദുഃഖം അവർക്കാണെന്നു തോന്നും.
”അപ്പോൾ കൂട്ടുകാരനോ…?“
”ദാ – നിൽക്കുന്നു… കക്ഷി കുറച്ചുദിവസം കഴിഞ്ഞേയുള്ളു…“
മിസ്‌റ്റർ ബാബുവും കുട്ടിയും നടന്നുവരുന്നതു കണ്ടപ്പോഴാണ് അവരെ ഓർത്തതുതന്നെ.
”സാറ് പോയില്ലേ…?“
”ഇല്ല, എനിക്ക് നാളത്തെ ഫ്ലയിറ്റാണ്. ഇവർക്ക് സ്വീറ്റ്‌സ് വാങ്ങാൻ പോയതാ….“ പിന്നെ അയാളുടെ ചോദ്യാവലിക്കും ഞാനുത്തരങ്ങൾ നൽകി.
”അതുശരി, അപ്പോൾ മടങ്ങേണ്… അല്ലേ…?“
”അതെ…“
”വെഷമിച്ചിരിക്കേര്‌ന്ന് ഞങ്ങള്… ഏതായാലും ഞങ്ങൾക്കൊരു കൂട്ടായി…“ മിസിസ് ബാബുവിന്റേതായിരുന്നു കമന്റ്.
”ഇവിടെവന്നെനിക്ക് പനി പിടിച്ചു… ഒന്നും പറേണ്ട… കുളിച്ചിട്ടു പോലൂല്ല…“ കൊഞ്ചിക്കുഴഞ്ഞ് അവരെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
”ങാ… കഥാകാരൻ, ഇവർക്ക് വല്ല വെള്ളോ മറ്റോ വേണോങ്കി… ഒന്ന് സഹായിക്കണം…“ മുഖത്തേക്ക് പുകയൂതിവിട്ടുകൊണ്ട് ബാബു ഓർമ്മിപ്പിച്ചു.
”അതൊക്കെ ഞാനേറ്റു…“
”നാളെയീനേരത്ത് ഞാൻ പ്ലെയിനിലായിരിക്കും…“ വാച്ച് നോക്കി ബാബു പറയുന്നു.
”ബോംബെ ഇവർക്ക് മതിയായി… അല്ല… ഏതാ കംപാർട്ട്‌മെന്റ്…?“
ടിക്കറ്റ് നോക്കുമ്പോൾ എല്ലായിരുന്നു എന്റേത്. അവരുടേത് കെ.യും. സഹായ സഹകരണങ്ങൾക്ക് അതൊരു തടസ്സമാകും.
”സാരമില്ല… വലിയ സ്‌റ്റേഷനിൽ നിർത്തുമ്പോൾ ഇറങ്ങി നോക്കാമല്ലോ…“ ബാബുവിന്റെ പോംവഴി കേട്ട് ‘അയ്യോ പാവം’ പറഞ്ഞു മിസിസ്. മൂന്നേമുപ്പത്തഞ്ചോടെ ട്രെയിൻ നീങ്ങി… എല്ലാം പറഞ്ഞപോലെയെന്ന് കൈവീശി വിടചൊല്ലി ബാബു. ഉള്ളിലഗ്നി പടരുമ്പോഴും ആൺ തുണയില്ലാത്ത ആ സ്ര്തീജനങ്ങളെ പല സ്‌റ്റേഷനിലും വച്ച് ഇറങ്ങിച്ചെന്ന് ശ്രദ്ധിച്ചും സഹായിച്ചും പോന്നു, ആലുവയെത്തുവോളം. അസമയത്തുള്ള ട്രെയിനിറക്കം വലിയ തുണയായി. ആരുടെയും കണ്ണിൽപ്പെടാതെ തൊട്ടടുത്തുള്ള ഭാര്യാഗൃഹത്തിൽ അഭയം പ്രാപിക്കാനായി. മുട്ടിവിളികേട്ട് വാതിൽ തുറന്നവർ – പട്ടി ചന്തക്കുപോയ പോൽ തിരിച്ചെത്തിയ ഗൾഫ് യാത്രികനെക്കണ്ട് അമ്പരന്നു നിന്നു. നേരം വെളുത്താൽ സത്യാന്വേഷികളായ ബഹുജനത്തെ ബോധ്യപ്പെടുത്തേണ്ട പ്രസ്താവനയെക്കുറിച്ച് യാതൊരു രൂപവുമില്ല. ശേഷിക്കുന്ന ഈയിരുട്ട് വിട്ടുപോകരുതേയെന്നു മാത്രമായിരുന്നു, പ്രാർത്ഥന. ഒന്നും സംഭവിക്കാതെ മാസങ്ങൾ പിന്നെയും കടന്നുപോയി. യഥാർത്ഥ തട്ടിപ്പുകാരൻ ആരെന്നറിയാതെ പണയപണ്ടങ്ങൾ തന്നു സഹായിച്ച പലരും ഭീഷണിപ്പെടുത്താൻ തുടങ്ങി. താൻ കുത്തിയ കടക്കുഴിയിൽ നിന്നു കരകേറാൻ ഒരൊറ്റ മാർഗ്ഗമേ മുന്നിലുള്ളു. പി.പി ഉടമകളായ ഉദ്യോഗാർത്ഥികളെ വശീകരിച്ച് വഞ്ചിക്കുന്ന ഒരേജന്റാവുക…! പക്ഷേ പറയുംപോലെ പറക്കാൻ, ആർക്കാണാവുക…?
പി.പി മൂലം കുടുംബം കുളംതോണ്ടിയവന്റെയും കാലാവധികഴിഞ്ഞിട്ടും ലക്ഷ്യപ്രാപ്തി കൈവരിക്കാത്തവന്റെയും കാലക്കേട് കണക്കിലെടുത്ത് സർക്കാരൊരു കഷ്ടകാലവേതനം നൽകേണ്ടതാണെന്ന ആവശ്യംകൂടി മുന്നോട്ടുവച്ചു കൊണ്ടെന്റെ പാസ്പോർട്ട് ഗാഥ ഉപസംഹരിക്കുമ്പോൾ എനിക്കു ഫ്രീ അക്കമഡേഷനനുവദിച്ച താഴെക്കോട് ജുമാഅത്ത് വക ലോഡ്‌ജിലെ റൂം ബോയ് അബൂട്ടിക്കും ചങ്ങാതി തങ്ങളൂട്ടിക്കും ഉപകാരസ്മരണാർഥം പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു. കാര്യത്തിലേക്കു കടന്നാൽ മുള്ളിനെ മുള്ളുകൊണ്ടു വേണമല്ലോ എടുക്കാൻ എന്ന തത്ത്വം കണക്കിലെടുത്ത് വർഷങ്ങൾക്കുശേഷം കുത്തിപ്പിടിച്ചിട്ടാണ് കൈവിട്ട പണമെങ്കിലും ഖാദർ സായ്‌വിൽനിന്നും ഈടാക്കാനായത്….
പലിശയിനങ്ങളിലും മറ്റുമായി വമ്പിച്ച നഷ്ടങ്ങളാണ് തദ്വാരാ നേരിട്ടത്. അങ്ങനെ എത്രയെത്ര കടമ്പകൾ താണ്ടി നേടിയതാണിവന്റെയീ പ്രഥമ പ്രവാസം…!
പൂവിറുക്കും ലാഘവത്താൽ പെട്ടെന്നൊരു കൊച്ചു നിമിഷത്തിലീയുള്ളോന്റെ ചീട്ടുകീറാൻ മുതിരുമീ കാട്ടറബിയുടെ മുന്നിൽ നിൽക്കുമ്പോൾ പുരാവൃത്തങ്ങളോരോന്നും മിന്നിമറയുകയാണ്…
Generated from archived content: eentha10.html Author: mammu_kaniyath