ഇടയപുരാണം

അറേബ്യൻ ജീവിതത്തിന്‌ ഒരുപാട്‌ നിറങ്ങളുണ്ട്‌. കണ്ണുനീരിന്റെയും പൊട്ടിച്ചിരികളുടെയും നിശബ്ദവിലാപങ്ങളുടേയും ക്രൂരമായ അനുഭവങ്ങളുടെയും നിറങ്ങൾ ഇവിടെ കാണാം. പ്രതീക്ഷയുടെ വൻ മാളികകൾ തീർത്ത്‌ ഗൾഫിലെത്തുന്ന മലയാളിയെ കാത്തിരിക്കുന്നത്‌ ഇതിലേത്‌ നിറമെന്ന്‌ പറയുക വയ്യ. ദുരന്തങ്ങളുടെ തീവ്രാനുഭവങ്ങളിലൂടെ കടന്നുപോയ മലയാളികൾ ഈ ദേശത്ത്‌ ഏറെയാണ്‌. ഒട്ടേറെ ദുരന്താനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പ്രവാസിയുടെ ഓർമ്മക്കുറിപ്പുകളാണിവ. ഓരോ പ്രവാസിയും ഏതെങ്കിലും നിമിഷത്തിൽ തൊട്ടറിഞ്ഞ ഒരനുഭവമെങ്കിലും ഇതിലുണ്ടാകാതിരിക്കില്ല…ഗൾഫ്‌ ജീവിതത്തിന്റെ ചൂടും ചൂരും വെളിപ്പെടുത്തുന്ന മമ്മു കണിയത്തിന്റെ ജീവിതാനുഭവങ്ങൾ….

അറേബ്യയിൽ ചെന്ന്‌, ഖാലിദ്‌ ബിൻ അബ്ദുല്ല അൽ ഹർബി എന്ന സഊദിയുടെ അടിമയാകാൻ എനിക്കൊരു നിയോഗമുണ്ടായിരുന്നു. എന്റെ പ്രവാസകാലം രസകരമോ സുന്ദരമോ ആയ നിമിഷങ്ങളൊന്നും എനിക്കു സമ്മാനിച്ചില്ല മറിച്ച്‌, തിക്തവും ഭയാനകവുമായിരുന്നു അവ. ബോംബെയിൽ മെഡിക്കലടക്കമുള്ള നടപടികൾ കഴിഞ്ഞതെല്ലാം, ഹോസ്‌പിറ്റലിലേക്കുള്ള വിസക്കുവേണ്ടിയായിരുന്നെങ്കിലും – അൽ ഖസ്സീമിലെ ‘ഷെവൽ ഹുമർ’ൽ ഖാലിദിന്റെ വീട്ടിൽ ഞാനെത്തുന്നത്‌ ഗോട്ട്‌ കീപ്പറായിരുന്ന ഹേമാം ഹുസൈൻ എന്ന തെലുങ്കന്റെ ഒഴിവിലേക്കാണ്‌. യഥാർത്ഥത്തിൽ എന്റെ കഫീൽ (തൊഴിലുടമ) ഖാലിദല്ല.

അയാളുടെ ഇളയ സഹോദരനായ അലിയാണ്‌ അൽഖർജിലുള്ള അലിയുടെ ഓഫീസിലെത്തിയ എന്നെ പേപ്പറുകൾ ശരിയാക്കി അവരുടെ ജൻമനാട്ടിലേയ്‌ക്ക്‌ കാറിൽ കൊണ്ടുപോവുകയായിരുന്നു. ഖാലിദിന്റേത്‌ ഒരു ബദു കുടുംബമായിരുന്നു. അറബിയുടെ ഐശ്വര്യത്തിനടയാളം മക്കളും (പ്രത്യേകിച്ചും പെൺകുട്ടികൾ) ആടുകളുമാണെന്നുവേണം കരുതാൻ. മുലകുടി പ്രായം മുതൽ മേലോട്ടുള്ള കുട്ടികൾ എല്ലാ വീടുകളിലും കാണാം; ഒപ്പം നല്ലൊരു ആട്ടിൻപറ്റവും.

‘ഷെവൽ ഹുമർ’ൽ അമ്പതേക്കറോളം വരുന്ന ഭൂമിയുണ്ട്‌ ഖാലിദിന്‌. പത്തുമക്കളും പത്തഞ്ഞൂറാടുകളും, ഉമ്മയും ഭാര്യയുമാണിപ്പോൾ അയാളുടെ വീട്ടിലുള്ളത്‌. പിന്നെ ആമിലു(തൊഴിലാളി)കളായി ബംഗ്ലാദേശുകാരനായ സുലൈമാനും അബ്ദു റഹ്‌മാൻ എന്ന ഞാനും. എന്റെ ബാപ്പാടെ പേരാണ്‌ അബ്ദു റഹ്‌മാൻ. അറേബ്യലെത്തിയപ്പോൾ അവർക്ക്‌ ഞാൻ അബ്ദുറഹിമാനായി.

തീറ്റയും ഉറക്കവും മറ്റുമല്ലാതെ ഖാലിദിനു പറയത്തക്ക പണിയൊന്നുമില്ല. ഭാവിയെപ്പറ്റിയൊന്നും ചിന്താകുലനാകേണ്ട യാതൊരാവശ്യവും അയാൾക്കില്ല. പത്തുമക്കളിൽ എട്ടും പെണ്ണ്‌. ഇവരുടെ പുരുഷധനം (മഹർ) കൈപ്പറ്റേണ്ടവനാണ്‌ ഖാലിദ്‌.

പിന്നെ, ഖാലിദിന്റെ ഉമ്മ – ഹസ്സമാക്കണക്കാണെങ്കിൽ ദാക്കുത്തർ പണിയുണ്ട്‌. ഒരുതരം നാട്ടുചികിത്സ(അതോ കാട്ടുചികിത്സയോ?) വ്യാഴം, വെളളി ദിവസങ്ങളിൽ പറമ്പു നിറച്ചും കാറുകളാണ്‌, രോഗികളുമായി എത്തുന്നവരുടെ. അസുഖമുള്ള ശരീരഭാഗം ഇരുമ്പുദണ്ഡ്‌ പഴുപ്പിച്ചു പൊള്ളിക്കുന്നു. എഴുന്നേൽക്കാൻ വയ്യാതെ കൊണ്ടുവരുന്ന രോഗികൾ അന്നേരം പരസഹായമില്ലാതെ ഓടുന്നതുകാണാം ഃ നിലവിളിയോടെ. എന്തു വേണ്ടൂ! റിയാലിന്റെ കൊയ്‌ത്താണ്‌.

ചൂളമരം കൊണ്ടതിർ തിരിച്ചിട്ടുള്ള ഖാലിദിന്റെ പുരയിടത്തിൽ പലയിനം ഈന്തപ്പന, മാതളം, ഗോതമ്പ്‌, സവാള, തക്കാളി, മുളക്‌ തുടങ്ങി പലതുമുണ്ട്‌ – കൃഷികൾ. റോഡവസാനിക്കുന്നിടത്തു നിന്നും ഏതാണ്ടെട്ടു പത്തു കിലോമീറ്റർ ഉള്ളിലേക്ക്‌ മാറിയാണ്‌ ഖാലിദിന്റെ വീട്‌. ട്രെയിൻ യാത്രയിൽ പിന്നിട്ട ആന്ധ്രയിലെ ഏതോ വിജനപ്രദേശത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഇടം.

താൻ സൗദിയിൽ തന്നെയാണോ എത്തിയിട്ടുള്ളതെന്ന സംശയം ബലപ്പെട്ടു വരുന്ന രാത്രികാലങ്ങളിൽ അതാ – ഹസ്സമാമാ പേരക്കിടാങ്ങളെ എണ്ണം പഠിപ്പിക്കുന്ന ശബ്ദം…

“വാഹദ്‌….ഇത്‌നിൻ…തലാത…അർബ…”

സുബഹ്‌ബാങ്കിനുണർന്ന്‌ നിസ്‌കാരം കഴിഞ്ഞാൽ ആടുകളെ കറന്നു പാലെടുക്കണം. ഏറെ ദുഷ്‌ക്കരമാണ്‌ കൈപ്പിടിയിലൊതുങ്ങാത്ത ഈ പണി. മരവിപ്പും വേദനയും കൊണ്ട്‌ കൈതരിക്കും. എന്നെക്കൊണ്ടു വയ്യെന്ന്‌ ഞാൻ കരഞ്ഞു പറഞ്ഞിട്ടും കഫീലിന്റെ മനസ്സലിഞ്ഞില്ല.

“ഉമ്മാടെ വയറ്റീന്ന്‌ പോരുമ്പോ ആരും ഒന്നും പഠിച്ചിട്ടല്ല വരുന്ന”തെന്ന്‌ ഹിന്ദിയിൽ തർജമ ചെയ്യാൻ സുലൈമാനോട്‌ പറയുകയാണയാൾ ചെയ്തത്‌. സാവധാനം എല്ലാം ശരിയാവുമെന്നും. എന്റെ വലതുകാൽ കുമ്പിൽ ആടിന്റെ ഇടത്തെ പിൻകാൽ ഇറുക്കിപ്പിടിച്ച്‌ ഒറ്റക്കുവേണം പാൽ കറക്കാൻ. എന്നേക്കാൾ ഇരട്ടി തൂക്കവും ആരോഗ്യവുമുള്ള ആടുകൾ ചിലപ്പോൾ എന്നെ വീഴ്‌ത്തും. അല്ലെങ്കിലെന്നേയും കൊണ്ട്‌ നീങ്ങും. ആരും കാണുന്നില്ലെന്നുറപ്പുവരുത്തി ചിലപ്പോൾ നല്ല വീക്കുവച്ചുകൊടുക്കും ഞാൻ. മുകളിലെ ജനലിലൂടെ ഖാലിദിന്റെ മകൾ പത്തുപതിനാറു വയസുകാരി ‘നൂറി’ ഈ കറവ കണ്ടു ചിരിക്കുന്നുണ്ടാകും – ആട്ടിൻ പറ്റത്തിനിടയിൽ ആണേത്‌, പെണ്ണേതെന്നു കണ്ടെത്താൻ പോലും ഞാൻ വിഷമിക്കുമ്പോൾ.

ചിലപ്പോൾ കറന്നുവിട്ടതിനെ തന്നെയാകും വീണ്ടും പിടിക്കുക. അതിശക്തമായൊരു പോരാട്ടം തന്നെയാണീ പ്രവർത്തി. എന്നാൽ സുലൈമാന്‌ ഓരോ ആടിനേയും തിരിച്ചറിയാം. രണ്ടുമൂന്നു കൊല്ലത്തെ അടുത്ത പരിചയം. അവൻ ആടിനോടു സംസാരിക്കും. ചീത്തവിളിക്കും. വളരെ ക്രൂരമായിത്തന്നെ അവൻ അവറ്റകളോട്‌ പെരുമാറും. ഒന്നിനും അവനൊരു കൂസലുമില്ല. ഒക്കെയും പൂവിറുക്കുമ്പോലെ.

കറവയ്‌ക്കുശേഷം കിട്ടുന്ന നാമമാത്രമായ പ്രാതലും കഴിച്ച്‌ ആട്ടിൻപറ്റത്തേയും തെളിച്ച്‌ സുലൈമാൻ യാത്രയാവുകയായി…. മരുഭൂമിയുടെ വിജനതയിലേയ്‌ക്ക്‌. ചൂടും തണുപ്പും അവനെത്ര സഹിച്ചിരിക്കുന്നു. എന്നിട്ടും…ഒരു ദിവസം പോലും ഒഴിവില്ലാതെ….. ഇങ്ങിനെ പോയിട്ട്‌ ഇവൻ തിരിച്ചുവരാത്തതായി വെറുതെ ഞാൻ സങ്കല്പിക്കും. ബംഗ്ലാദേശ്‌ വരേയും ആടിനേയും കൊണ്ട്‌ സുലൈമാൻ നടക്കുന്ന രംഗം ഒന്നോർത്താൽ,

സുലൈമാന്‌ മരുഭൂമിയുടെ അസഹ്യതയേ നേരിടേണ്ടതുളളൂ. എന്നാൽ… ഈ അലച്ചിൽ വേണ്ടെങ്കിലും എന്റെ മുന്നിൽ പ്രശ്‌നങ്ങളനവധിയാണ്‌. മരുഭൂമിയിലേക്കയക്കാൻ പരുവമാകാത്ത ഏതാനും ആടുകൾ എന്റെ കസ്‌റ്റഡിയിലാണ്‌. ഏകദേശം അമ്പതോളം. മസ്‌റ(കൃഷിയിടം) യിലെ വലിയകമ്പിക്കൂട്ടിൽ തന്നെ അവറ്റകളെ സൂക്ഷിക്കുന്നു. അതിർത്തി കടന്നുപോകാതെ, കമ്പി വേലിക്കകത്തേ തുറന്നുവിടാവൂ. വലിയ തകലയിൽ തലേന്ന്‌ കുതിർത്തിയിട്ടിരിക്കുന്ന ‘ഷേർ’ എന്ന ഗോതമ്പ്‌ ചുമന്നുകൊണ്ടുപോയി കൂടു തുറന്നുവിട്ട്‌ ആടുകളെ തീറ്റണം. ‘ബെർസീം’ എന്ന പുല്ലു ഇട്ടു കൊടുക്കണം. പിന്നെ, വെള്ളം ശേഖരിച്ചു വെച്ചിട്ടുണ്ടായിരിക്കും. നിശ്‌ചിത അളവിൽ നിന്നും തീറ്റ ഒട്ടും കുറയാൻ പാടില്ല. പണിഭാരം നിമിത്തം കള്ളത്തരം കാട്ടുന്നുണ്ടോ എന്നറിയാൻ തള്ളയുടെ ചെക്കിംഗുണ്ടാകും. പിന്നെ പൈപ്പുകൾ കണക്ട്‌ ചെയ്‌തും അഴിച്ചുമാറ്റിയും കൃഷികൾക്കു നനയ്‌ക്കണം. അതിനിടയ്‌ക്കായിരിക്കും പാക്കിസ്ഥാനി ബർസീം ബ്ലോക്കുമായി വരിക. പുൽക്കെട്ടിന്‌ ഏതാണ്ടൊരു ബ്ലോക്ക്‌ ഐസിന്റെ ആകൃതിയാണ്‌. ദീർഘചതുരം. രണ്ടറ്റവും കമ്പികൊണ്ട്‌ കെട്ടിയിരിക്കും. ചെറുപുല്ലുകൾ അടുക്കി മിഷ്യൻ പ്രസ്സിംഗ്‌. ഇരുന്നൂറോളം ബ്ലോക്കുകളുണ്ടാവും ഒരു വണ്ടിയിൽ. ഇതൊക്കെ ഇറക്കി അടുക്കി എണ്ണമെടുക്കണം.

ഉച്ചക്ക്‌ പതിനൊന്നു മണിയോടെ – സുലൈമാന്റെ നേതൃത്വത്തിൽ ദാഹിച്ച ആടുകൾ മടങ്ങിയെത്തുന്നത്‌, കൊടുങ്കാറ്റുപോലെയാണ്‌. അതിനു മുൻപായി, കാണക്കു കാലു കൊടുത്ത മാതിരി വീട്ടുമുറ്റത്തു പലയിടത്തായി സ്ഥാപിച്ചിട്ടുള്ള വലിയ ഇരുമ്പു തട്ടുകളിൽ വെള്ളം നിറയ്‌ക്കണം. പിന്നെ ചാക്കുകണക്കിന്‌ ഈത്തപ്പഴം കൊണ്ടുവന്ന്‌ വെള്ളത്തിൽ കുതിർത്തണം – ആടിനു കുടിക്കാൻ!

മറ്റുള്ളവരുടെ സാന്നിധ്യമില്ലെന്നുണ്ടെങ്കിൽ ഖാലിദിന്റെ ചെറുപ്പക്കാരിയായ ഭാര്യ – ഹോർമ, ഭാരപ്പെട്ട എന്തുപണിക്കും എനിക്കൊരു സഹായത്തിനായി എത്താറുണ്ട്‌. മുകളിലെ സ്‌റ്റോർറൂമിൽ നിന്ന്‌ ഇത്തപ്പഴചാക്ക്‌ കൊണ്ടുവരാനും മറ്റും.

ആർത്തിപൂണ്ട ആട്ടിൻപറ്റം എത്തിക്കഴിഞ്ഞാൽ തലക്കൊരു വെളിവും ഉണ്ടാകില്ല. ഒച്ചേം ബഹളോം, ഓട്ടോം, തീറ്റേം കൂടീം..പിന്നെ കൊയ്‌ത്തു കഴിഞ്ഞ ഗോതമ്പ്‌ പാടത്തേയ്‌ക്ക്‌ ആട്ടിൻപറ്റത്തെ മേയാൻ വിടുന്നതോടെ ജോലിയുടെ ആദ്യപകുതിയായി. ഉച്ചഭക്ഷണം ഉണ്ടാക്കിക്കഴിക്കേണ്ട ഊഴമാണടുത്തത്‌. ഭക്ഷണോം നിസ്‌കാരവും കഴിഞ്ഞ്‌ ഒട്ടും താമസിയാതെ വീണ്ടും കർമ്മഭൂമിയിലേക്ക്‌…നനയ്‌ക്കാൻ അടുത്ത മസ്‌റയിലേക്കാണിനി പോകേണ്ടത്‌. അടുത്ത ദിവസത്തേയ്‌ക്ക്‌ ആടിനു വേണ്ട പുല്ലോ ഗോതമ്പോ സ്‌റ്റോക്കു കുറവുണ്ടെങ്കിൽ ഒന്നുരണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നും പുറത്തുചുമന്ന്‌ മസ്‌റയിലെത്തിക്കണം. മഗ്‌രിബിനും ശേഷമേ ആടുകളെ കൂട്ടിൽക്കയറ്റി സ്വന്തം കൂട്ടിലേക്കു ചെല്ലാൻ പാടുള്ളൂ. അതുവരേയും എന്തെങ്കിലും ചെയ്‌തു നടന്നോളണം. അന്നേരത്തും ആടിനെ കറക്കണം. അങ്ങിനെ ആ വീട്ടിലെ ഞങ്ങളുടെ ജോലിയൊന്നൊഴിവാകുമ്പോൾ രാത്രി എട്ടുമണിയാകും. അത്താഴം ഒരുക്കണം നാടിനെയും വീടിനെയും കുറിച്ചുള്ള ഓർമ്മകളിൽ നീന്തണം…..കത്തെഴുതണം….ഈ സമയത്താകും പലപ്പോഴും ആടിന്റെ പ്രസവം. പേറെടുക്കേണ്ടതും ഞങ്ങളുടെ ചുമതല തന്നെ…. പകലെന്തു പണിയെടുത്താലും വേണ്ടീല്ല – അതുകഴിഞ്ഞൊന്നു ഫ്രഷാകാനുള്ള അവസരമുണ്ടെങ്കിൽ! എന്നാൽ – കുറ്റകരമായൊരു കൃത്യം പോലെയാണ്‌ കുളി. അന്തിയുറങ്ങാൻ നല്ലൊരു താവളവും കൂട്ടുകാരും നേരമ്പോക്കിനൊരു ടീവിയുമൊക്കെയുണ്ടെങ്കിൽ ജീവിതം സ്വർഗ്ഗതുല്യം. പക്ഷേ, ഇവിടെ സ്ഥിതി ശോചനീയമാണ്‌. എന്നാൽ, ഇതേ ജോലിച്ചെയ്യുന്ന എല്ലാവരുടേയും സ്ഥിതി ഇതല്ല. തൊഴിലാളിയും മനുഷ്യനാണെന്നുകണ്ട്‌ വേണ്ടതായ എല്ലാ സുഖസൗകര്യങ്ങളും അവനു നൽകുന്ന കഫീലുകളുമുണ്ട്‌. ആടിനു കുടിക്കാൻ വെച്ചിരുന്ന വെളളമെടുത്തു കുളിച്ചതിന്‌ ജോലിയിൽ നിന്ന്‌ പറഞ്ഞുവിട്ട ഒരാളെ എനിക്കറിയാം. ആ ഓർമ ഉണ്ടായിരുന്നിട്ടുകൂടി ഞാനൊരു കളി കളവിൽ എങ്ങനെയും തരപ്പെടുത്തുന്നു.

ഖാലിദിന്റെ വീട്ടുവളപ്പിനു പുറത്ത്‌ ആട്ടിൻതൊഴുത്തിനു തൊട്ടുള്ള ഒരു കുടുസ്സായ ഒറ്റമുറിയാണ്‌ – ഞങ്ങളുടെ താവളം. ഒരു ഫാൻപോലുമില്ല. ആടിന്റെ മുഷ്‌ക്ക്‌ ചൂരുതന്നെ അസഹനീയം… അമറുന്ന ശബ്ദമോ – പ്രേതവിചാരമുണർത്തുന്നതും. മുറിക്കു പുറത്താണ്‌ പലപ്പോഴും രാവുറക്കം. കരിംതേൾ, പാമ്പ്‌, എലി ഇവറ്റകളുടെ ഭീഷണിയും ശല്യവും വേണ്ടുവോളം. വിശാലമായ മരുഭൂമി തന്നെ കട്ടിലും…കക്കൂസും. ആടുകളെ തീറ്റിക്കലും നനയുമൊക്കെ കഴിഞ്ഞ്‌ ഈന്തത്തണലിൽ ഇത്തിരിനേരം വിശ്രമിക്കുന്നത്‌ – ഹസ്സമാമ വീട്ടുകാരിത്തള്ളയെങ്ങാൻ മസ്‌റയിലേക്കു വരുമോ എന്നുള്ള ഉൾഭീതിയോടെയാണ്‌.

ഒരു ദിവസം – ഞാനൊന്ന്‌ മയങ്ങിപ്പോയെന്ന്‌ തോന്നുന്നു. അതാ ഹസ്സമാമ കണ്ടുവന്നിരിക്കുന്നു. ഞാനറിയുന്നില്ല. അവൾ വിളിതുടങ്ങി ഃ “അബ്ദുൾ റഹ്‌മാൻ…ദുർറഹ്‌മാൻ…വെൻഅൽബഹാം…” ഉറക്കമായിരുന്നില്ലെങ്കിലും സ്ഥലകാലബോധമുണരാൻ പിന്നേയും സമയമെടുത്തു. പ്രത്യേകവസ്‌ത്രധാരണവും മുഖംമൂടിയുമണിഞ്ഞ ഹസ്സമാമ മുന്നിൽ. ആ ഭയങ്കരരൂപം കണ്ടു ഞാൻ വിറകൊണ്ടു. മുഖമറയ്‌ക്കുവെളിയിൽ അവരുടെ തിളങ്ങുന്ന കണ്ണുകൾ മാത്രം മൂടുപടത്തിനുള്ളിൽ ഒരു ഭീകരരൂപമാണെന്ന്‌ സങ്കല്പിച്ച്‌ ഞാൻ കൂടുതൽ കൂടുതൽ ഭയത്തിലാണ്ടു. “ലേഷ്‌…അൻത്‌ ഫീ നൗം.. വെൻ അൽബഹാം…?” നീ ഉറങ്ങിയല്ലേ…എവിടെ ആടുകൾ…! ഡ്യൂട്ടിയിൽ പ്രവേശിച്ചിട്ട്‌ അധികനാളായില്ലെങ്കിലും അവർ ആടിനെയാണ്‌ തിരക്കുന്നതെന്നെനിക്ക്‌ മനസ്സിലായി. പലപ്പോഴും വന്ന്‌ അവർ ആടുകളെ എണ്ണിനോക്കുന്നതു കാണാം. ഞാൻ പിടിച്ച്‌ വിൽക്കുന്നുണ്ടോന്നറിയാനോ – എന്നറിയില്ല. ഞാനെണ്ണുമ്പോൾ – ചിലപ്പോൾ ഒന്നു കൂടുതൽ..അല്ലെങ്കിലൊന്നു കുറവ്‌. എന്തു മറിമായമെന്തോ! ഞാനൊന്നു മയങ്ങിയതല്ലേയുള്ളൂ. അപ്പോഴേക്കും തന്റെ കണ്ണുവെട്ടിച്ച്‌ ഇവറ്റകൾ എങ്ങോട്ടാണ്‌ പോയ്‌ക്കളഞ്ഞത്‌….? ഇനിയിപ്പോ എന്തൊക്കെ അനർത്ഥങ്ങളാണുണ്ടാകാൻ പോകുന്നത്‌…? ഖാലിദാണെങ്കിൽ സ്ഥലത്തില്ല. ഹേമാം ഹുസൈനെ നാട്ടിലയക്കാൻ കൂടെപോയിരിക്കുന്നു – റിയാദിലേയ്‌ക്ക്‌. ദേഷ്യത്താൽ അവർ എന്തൊക്കെയോ പറഞ്ഞലറന്നുണ്ട്‌. വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്‌ ഞാൻ….അല്ല ഓടുന്നു; കുറ്റബോധത്തോടെ.. അവർ ഫോൺ ചെയ്‌തതനുസരിച്ച്‌ അൽപ്പസമയത്തിനകം എനിക്കപരിചിതനായ ഒരറബി കാറുമായ്‌ വന്നു. എന്നോട്‌ കാറിൽ കയറാൻ അയാൾ പറയുകയും ആംഗ്യം കാണിക്കുകയും ചെയ്‌തു. അയാളോടെന്തൊക്കെയോ പറഞ്ഞു പിടിപ്പിക്കുകയാണ്‌ തള്ള. മരുഭൂവിന്റെ മാറു പിളർന്ന്‌, ഇല്ലാത്ത പാതകളിലൂടെ പായുകയാണ്‌ കാർ. ഈ യാത്ര ആടിനെ അന്വേഷിച്ചാകുമോ…? വല്ല രഹസ്യസങ്കേതത്തിലേക്കോ അല്ലെങ്കിൽ പോലീസ്‌ സ്‌റ്റേഷനിലേക്കോ ആകാനാണ്‌ സാധ്യത. എന്നാൽ ഒരു പറ്റം ആടുകളെ കണ്ടപ്പോൾ അറബി എന്തോ ചോദിച്ചു. അർത്ഥമറിയാതെ തന്നെ എനിക്ക്‌ കാര്യം പിടികിട്ടി. “ഇതാണോ നിന്റെ ആട്ടിൻപറ്റം..” അല്ലാതെ എന്താകാൻ. മുറിവാക്കുകൾ ചിലത്‌ പറയാനൊക്കെ, ഇതിനകം ഞാൻ പഠിച്ചിരുന്നല്ലോ.

ഞാൻ പറഞ്ഞു “മാഫി….”

“ബംഗാലീ…..?

”മാഫി…..ഹിന്ദി…..“

”ക്വയ്‌സ്‌ ഹിന്ദി ക്വയ്‌സ്‌“

അവന്റെ വകയൊരു സർട്ടിഫിക്കറ്റ്‌. വണ്ടി പിന്നെയും മരുഭൂമി താണ്ടുകയാണ്‌. ഒടുവിൽ ഒരു ഗേറ്റിനുള്ളിൽ കൈവിട്ട ആട്ടിൻപറ്റത്തെ ഞാൻ കണ്ടെത്തുകയും വിവരം അറബിയെ ധരിപ്പിക്കുകയും ചെയ്‌തു. ഒരു രക്ഷകനോടെന്നപോൽ. കൂട്ടത്തിൽ സങ്കരയിനമായ ‘ബർബറി’ ഇനത്തിൽപ്പെട്ട ഒരാടുണ്ട്‌. വിലകൂടിയ ഇനം. അതിനു മാത്രമേ വെളുത്ത നിറമുള്ളൂ. കൂട്ടത്തെ തിരിച്ചറിയാനും സഹായിച്ചത്‌ ബെർബറിയാണ്‌. ഇതിനിടയിൽ – എന്നെ വലിച്ചു പുറത്താക്കീട്ട്‌ അറബി വണ്ടി ഓടിച്ചു പോകയാണുണ്ടായത്‌; ക്രൂരമായ ഒരു ചിരിയോടെ. തിരിയെ ഗേറ്റിനരികിൽ വന്നു കെഞ്ചിയപ്പോൾ അകത്തു നിന്ന നാലഞ്ചുപേർ – മസ്സറികൾ, ആട്ടിൻപറ്റത്തെ പുറത്തേക്കോടിച്ചു വിട്ടു. എന്നാൽ എന്റെ ബർബറിയെ അവർ വിട്ടുതരുന്നില്ല. അതവരുടേതാണെന്നാണ്‌ അവകാശപ്പെടുന്നത്‌. എനിക്കപ്പോൾ സംസാരിക്കാൻ കിട്ടിയ ഭാഷ ഹിന്ദിയായിരുന്നു. എന്നാൽ എന്തു പറഞ്ഞിട്ടും എങ്ങനെ അഭിനയിച്ചിട്ടും അവർക്ക്‌ യാതൊരു കുലുക്കവുമില്ല. അവസാനം കമ്പിവേലി ചാടിക്കടന്ന്‌ ബർബറി കൂട്ടത്തിൽ വന്നു ചേരുകയാണുണ്ടായത്‌. അപ്പോൾ എനിക്കുണ്ടായ സന്തോഷം ചില്ലറയല്ല. ഒരങ്കം ജയിച്ചവനെപ്പോലെയാണ്‌ പിന്നെ ഞാൻ ആടുകളെയും കൊണ്ട്‌ മുന്നേറിയത്‌. എന്നാൽ ഏറെ വൈകിയാണ്‌ ഓർമ്മത്തെറ്റുപോലെ ഒരു സത്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്‌. എങ്ങോട്ടാണ്‌ ഞാൻ പോകുന്നത്‌….! ഏതാണ്‌ എന്റെ വഴി….? അനന്ത വിശാലമായ മരുഭൂമിയിൽ ഒരു പറ്റം ആടുകളേയുംകൊണ്ട്‌ അലയുകയാണ്‌, ഞാൻ – ദിക്കറിയാതെ.. വിശപ്പും ദാഹവും ഭയവും മാത്രം കൂട്ടിന്‌. മുകളിൽ, വളരെ അടുത്ത്‌ ആകാശം. ചുട്ടുപൊള്ളുന്ന വെയിലും കാറ്റും…രാത്രി ഉറങ്ങിത്തീരാനനുവദിക്കാതെ തന്നെ വിളിച്ചുണർത്തുന്ന സ്വഭാവക്കാരിയാണ്‌ ഹസ്സമാമ. അവരുടെ മുന്നിലാണ്‌ ജോലിസമയം പകലറുങ്ങിയത്‌. എന്റെ അവസ്ഥയെക്കുറിച്ച്‌ ഞാൻ ബോധവാനാകയായിരുന്നു. എന്നെ ഇവർ ശിക്ഷിച്ചിരിക്കയാണെന്നു തന്നെ ഞാനുറച്ചു. ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ ചോദിക്കാമായിരുന്നു…. അതിനീ മരുക്കാട്ടിൽ ആര്‌…? കണ്ടു കിട്ടിയാൽത്തന്നെ ഞാൻ കുഴങ്ങുകയേ ഉള്ളൂ. ഏതോ മരുഭൂവിൽ ഒരു പറ്റം ആടിനേയും കൊണ്ടലഞ്ഞൊടുവിലൊരാൾ മരണം വരിച്ച ഒരു കഥ എങ്ങോ വായിച്ച ഒരോർമ്മ. അതോ അങ്ങനെയൊരു കഥയുള്ളതായി എനിക്കു തോന്നുന്നതോ…..

ഏതായാലും എന്റെ മുന്നിലിനി ജീവിതമില്ലെന്നുറപ്പായപോലെ… ഇന്ത്യയും കേരളവും ചെറായിയും…അവിടെ എന്റെ കൊച്ചു കൂരയും അതിലെ മനുഷ്യക്കോലങ്ങളുമെല്ലാം, ഒരവസാനക്കാഴ്‌ചയായ്‌ എന്റെ മുന്നിൽ മിന്നിമറയുകയാണ്‌. മരുഭൂപ്രയാണം തുടങ്ങിയിട്ട്‌ മണിക്കൂറുകളായി. എങ്ങുമെത്തുന്ന ലക്ഷണമില്ല. കത്തുന്ന സൂര്യൻ സാക്ഷി. അവസാനമാണ്‌ ഒരു പുതുചിന്ത എന്നിൽ ഉദിച്ചത്‌. അതുവരെയും ആട്ടിൻപറ്റത്തെ ഞാൻ നയിക്കുകയായിരുന്നല്ലോ – എവിടേക്കെന്നില്ലാതെ, ഇനി ഏതായാലും ഒരു ഭാഗ്യപരീക്ഷണം – അറ്റകൈക്ക്‌. ഞാനാദ്യമായി അന്ന്‌ ആടുകളോട്‌ സംസാരിച്ചു; ”സഹജീവികളേ…എന്റെ ജീവിതം ഞാൻ നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുകയാണ്‌….“ അങ്ങനെ എന്റെ വിധിയെക്കുറിച്ചുള്ള ആകാംക്ഷയുമായ്‌ ഞാൻ ആടിന്റെ പിന്നാലെ കൂടി. അവറ്റകൾ എങ്ങോട്ടു പോകുന്നോ അതനുസരിച്ച്‌ ഞാനും! അൽഭുതമെന്നു പറയട്ടെ. ആടുകളെന്നെ ലക്ഷ്യത്തിലേയ്‌ക്ക്‌ തന്നെയാണ്‌ നയിച്ചുകൊണ്ടിരുന്നത്‌. ഏറെച്ചെന്നപ്പോൾ, ഹസ്സമാമയും ഖാലിദിന്റെ മകൻ അബ്‌ദുല്ലയും അതാ തൊട്ടുമുന്നിൽ കാറുമായി എത്തിയിരിക്കുന്നു! ഏതാനും വർഷങ്ങൾക്കുശേഷം അവരെയെല്ലാം കണ്ടുമുട്ടിയ പ്രതീതിയായിരുന്നു എനിക്ക്‌. ഖാലിദിന്റെ വീട്ടിലേക്ക്‌ പിന്നെ ഏറെ ദൂരമില്ലായിരുന്നു. ഈ ജീവിതം അങ്ങനെ എനിക്കു തിരിച്ചു തന്നത്‌ ആ ആടുകളായിരുന്നു. അല്ല – എന്നെ ശിക്ഷിച്ചതും അവറ്റകളായിരുന്നല്ലോ….?

Generated from archived content: eentha1.html Author: mammu_kaniyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here