കവിതയിലെ മന്ദാരപ്പൂവ്‌

കവിതയുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്‌ ഇത്‌. കാലഹരണപ്പെട്ട വാക്കുകൾ വലിച്ചെറിയുകയും പുതിയവ ഉൾക്കൊളളുകയും ചെയ്യുക എന്നത്‌ ഏതുകാലത്തും ഉളള സ്ഥിതിവിശേഷമാണ്‌. മലയാളകവിതയിൽ മുളച്ച പുതുനാമ്പുകളിൽ ഒന്നാണ്‌ ജീനു കാർത്തികേയൻ. ഇത്രയും ചെറുപ്പത്തിൽ കാവ്യാസ്വാദകരുടെ സ്‌നേഹവാത്സല്യം നേടാൻ കഴിഞ്ഞ കവികൾ വിരളമാണ്‌.

ഇന്നലത്തെ തലമുറ വെട്ടിത്തെളിയിച്ച പാതയിലൂടെയല്ല പുതുതലമുറ സഞ്ചരിക്കുന്നത്‌. ഓരോരുത്തരും അവരുടേതായ വഴി കണ്ടെത്താനുളള തീവ്രയത്‌നത്തിലാണ്‌.

എഴുതിപ്പഠിച്ചതല്ല പാട്ട്‌

കേട്ട്‌ പഠിച്ചതല്ല പാട്ട്‌

കിണറ്റിലൂടെ പൊന്ത്‌ണ പോലെ

മനസ്സിൽ പൊന്ത്‌ണ പാട്ട്‌ (നാടൻപാട്ട്‌)

ഈ വരികളാണ്‌ ജീനു കാർത്തികേയന്റെ കവിതകളിലൂടെ കടന്നുപോയപ്പോൾ ഞാൻ ഓർത്തത്‌. അതെ, മനസ്സിൽ പൊന്തിവന്ന ഉറവകളാണ്‌ ഇതിലെ കവിതകൾ. വായനക്കാരന്റെ മനസ്സിൽ അനുഭൂതികളുടെ നീരു പകർന്ന്‌, കുതിർന്ന മണ്ണ്‌ ഫലഭൂയിഷ്‌ഠമാകുമ്പോഴാണ്‌ കവിതയുടെ കരുത്ത്‌ അറിയുക. ഈ കവി ആസ്വാദകഹൃദയങ്ങളെ കവിതയുടെ മാരികൊണ്ട്‌ കുളിർപ്പിക്കുകയും കുതിർപ്പിക്കുകയും ചെയ്യുന്നു.

അക്ഷരത്തെ താലോലിക്കുകയും അത്‌ അഗ്നിയാണെന്ന്‌ അറിയുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന വികാരങ്ങളിൽ മുളയ്‌ക്കുന്ന തീക്ഷ്‌ണതയുടെയും തീവ്രതയുടെയും തരികൾ ഈ ഇളം കവിതകളിലുണ്ട്‌.

അമാവാസി ഇന്നൊരു ഭ്രാന്തി

പാതാളത്തിലെ തടവുകാരി

അകക്കണ്ണിൽ കത്തും സ്‌നേഹനാളം

അണച്ചു കളഞ്ഞുവോ

നിലാവു വന്നീല, കുളിർ-

തെന്നല്‌ വന്നീല

(അമാവാസി)

യാന്ത്രിക ജീവിതത്തിന്റെ നൊമ്പരങ്ങളും പുഴതന്നടിത്തട്ടിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന ഓളങ്ങളും ഈ കവിതകളിൽ ചലനം സൃഷ്‌ടിക്കുന്നു, വേനൽ മഴയുടെ സംഗീതം പുല്ലിൽ ജീവന്റെ സ്‌പന്ദനമാവുമ്പോൾ ഇങ്ങനെ പാടുന്നു.

ഇനിയടക്കട്ടെ പുസ്‌തകത്താളുകൾ

ഇനി തുറക്കട്ടെയാഹ്ലാദത്താളുകൾ

ഞാനൊഴുകട്ടെ പുഴയുടെ ഗീതത്തിൽ

ഞാനലിയട്ടെ വേനലവധിയിൽ

(കാലം)

തിന്മയുടെ തീനാമ്പുകൾ ആളിക്കത്തിയ മാറാടിന്റെ നൊമ്പരങ്ങളും സ്‌പിരിറ്റുചാരായം തീർക്കുന്ന ദുരന്തങ്ങളും ജീനു തന്റെ കവിതയ്‌ക്കു വിഷയമാക്കുന്നു. ദുഃഖവും ആഹ്ലാദവും പ്രണയവും രോഷവും ഇക്കവിതകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാം.

ഈ അനന്തസാഗരനീലിമയിൽ ഞാനൊരു

തിരമാലയായിരുന്നെങ്കിൽ

തലതല്ലികരയുമായിരുന്നൂ ഞാൻ നിനക്കായ്‌

കാട്ടുപൊയ്‌കതൻ കരയിൽ ഞാനൊരു

മുളന്തണ്ടാക്കിയിരുന്നെങ്കിൽ

പാടുമായിരുന്നു നിൻ മുറിവുകളുണക്കാൻ

(നിനക്കായ്‌)

ഒരു പൂവിൻ മൃദുഹാസം നിന്നിൽ ഞാൻ കണ്ടു

ഒരു തിങ്കൾ പൂത്തിരി നീയെന്നിൽ ചൊരിഞ്ഞു

(നിന്നിൽ)

വരുമെന്നു നിനച്ചു ഞാൻ വെറുതെയിരിക്കവെ

വ്യഥയാലുരുകിയൊരശ്രുവിൻ കനലിനെ

ഹൃദയത്തിൽ മണിച്ചെപ്പിൽ സൂക്ഷിക്കാൻ

(നുറുങ്ങുനൊമ്പരം)

സ്‌നേഹസാന്ദ്രമായ ഒരു കവി മനസ്സിനേ ഇത്തരം വരികൾ രചിക്കാനാവൂ. ഓടിച്ചെല്ലുമ്പോൾ അമ്മയെപ്പോലെ തലോടുന്ന പുഴയുടെ തിരോധാനത്തിൽ മനം നൊന്തു കവി പാടുന്നു.

അലറി വിളിക്കാൻ തോന്നിയെനിക്ക്‌

പക്ഷെ, കേൾക്കാൻ പുഴയ്‌ക്കമ്മയില്ല

എനിക്കു പാടിത്തരാൻ കുയിലമ്മയില്ല

കാലുകളിൽ വന്നുമ്മവെച്ചിരുന്ന ചെറു-

മീനുകളൊന്നുമില്ല.

(പുഴ)

‘മയാന’ എന്ന ഈ കവിതാ സമാഹാരത്തിലെ ചില കവിതകൾ വിശകലനം ചെയ്യുക എന്നതാണ്‌ ഞാനിവിടെ നിർവഹിച്ചത്‌. കവിതയിലെ തുടക്കക്കാരിയാണ്‌ ജീനു. ഈ കവിതകളിൽ പതിരുകളുണ്ടാവാം.

അത്‌ കാര്യമായി ഗൗനിക്കേണ്ടതില്ല. കവിതയുടെ പാടത്ത്‌ കഠിനാദ്ധ്വാനം ചെയ്‌താൽ കതിർക്കനമുളള വിളവെടുക്കാൻ ഈ കവിയ്‌ക്ക്‌ സാധിക്കും. പ്രൊഫ.കെ.പി.ശങ്കരൻ തന്റെ ലേഖനത്തിൽ ഇടശ്ശേരിക്കവിതയെ ‘വേരോടെ പറിച്ചെടുത്ത കവിത’യായും സുഗതകുമാരിയുടെ കവിതയെ പൂവിന്റെ സുഗന്ധമായും വിശേഷിപ്പിച്ചത്‌ ഞാനോർക്കുന്നു. ജീനു കാർത്തികേയന്റെ കവിതയെ ഇതാ ഒരു മന്ദാരപ്പൂവ്‌ എന്നു ഞാൻ വിശേഷിപ്പിക്കട്ടെ.

വായനക്കാർക്കുമുമ്പിൽ ഈ കവി ഒരു കാവ്യവസന്തം ഒരുക്കുന്നതു കാണാൻ കാത്തിരിക്കുക.

മയാന, ജീനു കാർത്തികേയൻ, വില – 40.00, പരിധി പബ്ലിക്കേഷൻസ്‌

Generated from archived content: book1_sept21_05.html Author: malayath_appunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here