മുറ്റത്ത് ഒരു ചൂരൽക്കസേരയിട്ട് ഭർത്താവ് ഇരിപ്പുണ്ടാവും. കോൺക്രീറ്റു നിലത്ത് വീഴാത്ത വിധത്തിൽ സുരക്ഷയോടെ കളിക്കുന്ന മകനെയോ മകളെയോ അയാൾ അലസമായി ശ്രദ്ധിക്കുന്നുമുണ്ട്. അന്നേരം വൈകുന്നേരത്തെ ചായയുമായി താനെത്തും.
– ഇന്നു കൊറിക്കാൻ ഒന്നൂല്യാട്യേ ?
– വരുമ്പം വാങ്ങ്യേച്ചു വന്നാലെന്ന ?
– നെനക്കായ്‌ക്കൂടെ ?
– ഓ, പിന്നെ! ഒരു നൂറുകൂട്ടം വേല കെടക്കുന്നു…… അതിനെടേലാ….. എന്നിങ്ങനെ പരിഭവ നാട്യത്തിലൊരു നില്പു വച്ചു കൊടുക്കണം, അന്നേരം.
ഓ, അതൊക്കെ സ്വപ്നങ്ങളല്ലേ എന്ന മടുപ്പൂറുന്ന തിരിച്ചറിവോടെ, നഴ്‌സിന്റെ അനുവാദം വാങ്ങി, റീന ഡോക്ടറുടെ ക്യാബിനിലേക്ക് തിടുക്കപ്പെട്ടു.
ഡോക്ടർ സുമുഖ സുന്ദരൻ ശ്രദ്ധാലുവാകുന്നുണ്ട്. പക്ഷേ അതു പോരല്ലോ ജീവിക്കാൻ! എഴുത്തു തുടങ്ങണം പുല്ലൻ. എങ്കിലല്ലേ തനിക്കൊക്കെ ഒന്നു നിവർന്നു നിൽക്കാനൊക്കൂ?
(റീനാ – ഫസ്‌റ്റാഫാൾ തനിക്കു വേണ്ടതു മറ്റുളളവരെ ബഹുമാനിക്കാനുളള ഒരു മനസ്സാ! റെസ്‌പക്‌റ്റ് എന്നത് ഗിവ് ആന്റ് ടേക്കാ…..! – മാനേജർ പുല്ലൻ)
സാമ്പിളുകൾ നിറഞ്ഞ മേശപ്പുറം. ചിരി. വാഗ്‌ദാനങ്ങളിൽ അശ്ലീലത്തിന്റെ അടിവര. എല്ലാം മനസ്സിലായി, എന്നാൽ ഒന്നുമറിയാത്ത പാവമാണേയ് എന്ന, നൂൽപ്പാലം പോലൊരു ചിരി മറുപടി കൊടുക്കണം, അപ്പോഴൊക്കെ. പുറത്ത് രോഗികളുടെ അക്ഷമക്കൂട്ടം എന്ന് നോട്ടം കൊണ്ടൊരു താക്കീത് തൊടുത്തുവിടുകയും വേണം. ഇങ്ങനെ നൂറുകൂട്ടം സർക്കസ്സുകളാണ് ക്യാബിനിൽ പ്രദർശിപ്പിക്കേണ്ടത്. ചൂണ്ടയ്‌ക്ക് എത്രയോ അടുത്താണ് ഇര എന്നതാവണം അവസാന നിഗമനത്തിൽ മുഴച്ചു നിൽക്കേണ്ടത്. പണി ഗംഭീരമാണേ. ഇതിനൊക്കെയല്യോ ശമ്പളം എണ്ണി വാങ്ങുന്നേ!?
എൽ.ഡി.സിയ്‌ക്കു കാൾഫോൾ ചെയ്‌തിട്ടുണ്ട്. പോകും വഴി അപേക്ഷാഫോറം വാങ്ങിക്കണം. തരപ്പെട്ടാൽ രോഹിണീടെ പക്കൽ നിന്നും ബ്രില്യന്റ്‌സിന്റെ പുസ്‌തകം അടിച്ചുമാറ്റണം. ഇത്തവണ തലകുത്തി നിന്നായാലും അതു തരമാക്കണം. സർക്കാർ ജോലീന്നൊക്കെ പറഞ്ഞാ വിവാഹകമ്പോളത്തിൽ എന്നതാ റേറ്റ്!
“- നിങ്ങൾടെ ഡൈക്ലോഫെനാക്കിന്റെ റേറ്റെന്നതാ?”
ഓ – ഞാൻ നിനച്ചത് വിവാഹക്കമ്പോളത്തിലെ റേറ്റാ സാറെ. എന്തോന്ന് ഡൈക്ലോഫെനാക്ക്? ജീവിത വേദന മാറ്റാൻ ഇനീം കോമ്പിനേഷനുകൾ ഒരുപാടു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
റീന, പക്ഷേ, അങ്ങനെ ഓർത്തൊക്കെ വിളിച്ചു പറയുന്ന കൂട്ടത്തിലല്ല. അവളുടൻ വിനീത വിധേയയയായി.
“ഇറ്റ്‌സ് വെരി ഇക്കണോമിക്കൽ കമ്പേർഡ് ടു ദ അദർ ലീഡിങ്ങ് ബ്രാൻഡ്‌സ്, ഡോക്ടർ……”
ഹും…. ഇതൊക്കെ കൊറേ കേട്ടതാ – എന്നൊരു തരം ഇന്നസെന്റ് മോഡൽ ചിരി ഡോക്ടറുടെ മുഖത്ത്. എങ്കിലും പയ്യൻ ലേശം വീണ മട്ടില്ലേ എന്ന് റീനയ്‌ക്ക് തോന്നി. വൃത്തിയായി ചീകിയൊതുക്കിയ മുടിയും ചുണ്ടൊപ്പം വെട്ടി നിർത്തിയ മീശക്കനപ്പും തുടുത്ത കവിളുകളും അയാളെ ഒരു കൗതുക വസ്തുവാക്കുന്നുണ്ട്, തീർച്ച. പക്ഷേ, മാസാവസാനത്തിന്റെ മരണപ്പാച്ചിലിൽ ഇത്തരം കൗതുകങ്ങൾക്ക് എന്തോന്ന് സ്ഥാനം? എങ്കിലും ഒരു വക്രിച്ച ചിരിയിൽ പയ്യൻ ഡോക്ടർ വീണെങ്കിലായി എന്ന് റീന സ്മാർട്ടായി.
റെപ്പും ഡോക്ടറും പ്രണയിച്ചു കെട്ടുന്നത് തളളിക്കളയാവുന്ന സാധ്യതയല്ല. എങ്കിലും ഒരതിവിദൂര സാധ്യതയ്‌ക്കു മുമ്പിൽ അല്പം സമയംപോലും പാഴാക്കാനില്ല. ഓടുക. അങ്ങനെ ഓടിയതുകൊണ്ടു മാത്രം കാര്യമില്ലെങ്കിലും ചുരുങ്ങിയപക്ഷം റീന ഓടുകയെങ്കിലുമാണ് എന്ന് പറയപ്പെടുന്നത് സുഖമുളള ഒരു കാര്യം തന്നെയാണ്.
“ചുരുങ്ങിയ പക്ഷം റീന ഓടുകയെങ്കിലുമാണ്.”
ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സിന്റെ ഉച്ചനേരങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട് ആ വാചകം. വാചക ഘടന, കാലം, പദസമ്പത്ത് പ്രൊഫസർ സുനയനന്റെ വൃത്തികെട്ട കണ്ണുകൾ….. (ഓ! ഐറണി……..) ഒരു മാത്ര ഓർമ്മ വരാനുപകരിച്ചു ആ ചിന്ത.
ഡോക്ടറോടും തുടർന്ന് ആശുപത്രി ഫാർമസിസ്‌റ്റിനോടും യുദ്ധം ജയിച്ച്, ഉന്നംവച്ച കച്ചവടവും കരസ്ഥമാക്കി റീന ആശുപത്രി പടവുകളിറങ്ങുന്നു. ഇന്നത്തെ ഭൂതല സംപ്രേക്ഷണം അവസാനിച്ചിരിക്കുന്നു. പോവുംവഴി വീട്ടിലേക്കൊന്ന് കറക്കണം. സെൽഫോണിൽ നിന്നു വിളിച്ചാലൊക്കില്ല. ഈയാഴ്‌ച വരവുണ്ടാവില്ല എന്നറിയുമ്പോൾ അമ്മ വേവലാതിപ്പെടും. നിവൃത്തിയില്ല. ഈ ശനിയാഴ്‌ച കാമിനിയെ ഒന്നു കാണണം. തൊട്ടടുത്ത ആശുപത്രിയിൽ അവൾ അഡ്‌മിറ്റാണ്. പ്രസവത്തീയതി അടുക്കുന്നു. ഒരു പക്ഷേ, ശനിയാഴ്‌ചയാവാനും മതി. അന്നു മുഴുവനും കൂടെ നിന്നില്ലെങ്കിൽ അവൾ ഉറഞ്ഞുതുളളും. പ്രൈമറി തൊട്ടുളള സഹപാഠിയാണ്. അവൾ പഠിച്ച് ഒരേ ട്രാക്കിലൂടെ മുന്നേറി അധ്യാപികയായി. താനാകട്ടെ ഒരുപാട് ചിതറിയ ലക്ഷ്യങ്ങളിൽപ്പെട്ട് മൂർച്ചയുളെളാരു ശരമാവാതെ പോയി.
കാമിനി അതു വകവച്ചു തരില്ല. ഏറ്റവും ചുരുങ്ങിയ സാധ്യതകളുളള ജോലിയാണ് അധ്യാപനം എന്നാണവളുടെ വാദം.
ഇന്നലെ ഫോണിലൂടെ അവൾ വെപ്രാളപ്പെട്ടു.
“- നിന്റെ ബ്ലഡ് ഗ്രൂപ്പ് എന്നതാടീ?”
“ – എന്റെ ബ്ലഡ് ഗ്രൂപ്പാണെന്റെ സന്ദേശം. ബീ പോസിറ്റീവ്! അറിഞ്ഞൂടെ ?”
“ – കഴുതേ. കത്തിക്കേറല്ലേ. എനിക്കു പേടിയാവുന്നു. വറീതാണെങ്കീ അടുത്തില്ല. പ്രസവിച്ചു പരിചയമില്ലാത്തേന്റെ ടെൻഷൻ വേറെ!”
ചിരി പൊട്ടിവന്നു. എടീ മിസ്സിസ് വറീതേ, വറീഡാവല്ലേ എന്ന് പ്രാസമൊപ്പിച്ചങ്ങു പറഞ്ഞു. പിന്നെ എനിക്കാന്നോടീ മുൻ പരിചയം? നെന്റെ വറീതിനോട് പറ. എന്തിനീ പുലിവാല് ഒപ്പിച്ചേന്ന്?
അവൾ കിണുങ്ങലോടെ ഫോൺ വച്ചു. എങ്കിലും അവളൊരു പുലിതന്നെ. ഇക്കാലത്തൊക്കെ ഒരു മിശ്രവിവാഹം കഴിക്കുക എന്നത് പുലികൾക്കു പറഞ്ഞിട്ടുളള പണിയല്ല്യോ?
സഹമുറിച്ചി രമ്യ കാമിനീടെ ഫാനാണ്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവളെന്നും കാമിനിയെ അന്വേഷിക്കും. നിന്റെയാ ബാല്യകാല സുഹൃത്തില്ലേ, കാമിനീ. ആ മിശ്രവിവാഹപയ്യത്തി…… എന്നിങ്ങനെ.
രമ്യ ആദർശങ്ങളുടെ ആൾരൂപമാണെന്ന നടപ്പുദീനമുളളവളാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ എന്തിനും ഏതിനും ഉളള വെല്ലുവിളികൾ ഏറ്റെടുത്ത് തല ഉയർത്തി നടക്കുന്നവൾ എന്ന് സ്വയം കരുതുന്നവൾ!
അവളുടെ വെപ്രാളങ്ങൾ മാസാവസാനങ്ങളിലല്ല. തുടക്കത്തിലാണ്. കൃത്യം പറഞ്ഞാൽ ആദ്യ പത്തു ദിവസങ്ങളിൽ. അപ്പോൾ മാത്രമാണ് അവളുടെ ഓഫീസിൽ നടുവൊടിയുന്ന പണി. ബില്ലിങ്ങ്, ക്ലോസിങ്ങ്, ഓഡിറ്റിങ്ങ് അങ്ങനെ കുറേ ചവറു പണികൾ. മേൽനോട്ടത്തിന് രണ്ടു മാനേജർമാരും. കയറി മുഖത്തു നിരങ്ങുന്ന പരട്ടകൾ എന്നാണ് അവളുടെ ഭാഷ്യം.
റീന അതിലെല്ലാം നല്ല സാധ്യതകളാണ് കാണുന്നത്. ഏതെങ്കിലും ഒരുത്തനെ വളച്ചാൽ ജീവിതം സേഫായി! പോരാഞ്ഞ്, അവൾക്ക് വെറും പത്തുദിവസത്തെ തീ മാത്രമേയുളളൂ. തനിക്കോ?
പറയുമ്പം പറയണമല്ലോ. അവൾക്കു സ്വാതന്ത്ര്യം കുറവുതന്നാ. തന്നോളം വരുമോ? എന്തെന്തു സാധ്യതകളാണ് തനിക്കു മുമ്പിൽ !
ടാർഗറ്റ്, മീറ്റിങ്ങ്, പുലഭ്യങ്ങൾ ഒക്കെക്കഴിഞ്ഞ് മാസാരംഭത്തിന്റെ ആലസ്യത്തിൽ റീനയിരിക്കുമ്പോഴായിരിക്കും മുറിക്കകത്ത് നൂറുവാട്ട് ബൾബും പുകച്ച്്് രമ്യ രുദ്രയാവുന്നത്. നിദ്രാവിഹീനങ്ങളായ പത്തു ദിവസങ്ങൾ. മാനേജർമാരെ പച്ചക്കു തിന്നാൻ മാത്രം വിശപ്പുണ്ടവൾക്ക് എന്ന് തോന്നിപ്പോവുന്ന ദിനങ്ങൾ.
റീനയുടെ മാനേജരാകട്ടെ ഒരു പൂവൻപഴമാണ്. ഇടക്കിടെ ഇളം കൈകൾ കൊണ്ടൊരു തട്ടും വില്ലുകുലയ്‌ക്കുന്ന നോട്ടങ്ങളും കൊണ്ട് കടിഞ്ഞാൺ മുറുകിയ ഒരു കുതിരയാക്കി നിർത്തിയിരിക്കുകയാണ്, അയാളെ. കുതിരയ്‌ക്ക് വിശപ്പധികമാവുന്നേരം ഒന്നയഞ്ഞു പിടിക്കണം. അത്രതന്നെ.
(അയാളുടെ കീഴിലുളള ഒരേയൊരു പുലിക്കുട്ടി റീനയാണെന്നാണ് ഒളിഞ്ഞും തെളിഞ്ഞും ഉളള സംസാരം. കടി കൂടുതൽ ആ രോഹിണിക്കാണ്. അവളൊരു പൊടി സുന്ദരി തന്നെ. എന്നിരുന്നാലും ഇക്കാലത്തൊക്കെ സൗന്ദര്യം മാത്രമായിട്ടാർക്കു വേണം?)
ഫോണിന്റെ അങ്ങേതലയ്‌ക്കൽ അമ്മ ആധിയായി. ആരോഗ്യം, ചുറ്റുപാട്, വല്ല വിഷമങ്ങളും? അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ. ദേഷ്യം നടിച്ച്, എല്ലാ ചോദ്യങ്ങളും തടുത്തെറിഞ്ഞ് ഫോൺ വച്ചുവെങ്കിലും റീനയുടെ ഉളളം കരക്കിട്ട മീൻപോലെ. സത്യത്തിൽ ഇത്തരം ദൗർബല്യങ്ങളെ പേടിയോടെ ആട്ടിപ്പായിക്കാനാണ് റീന ദേഷ്യപ്പെടാറുളളത്. അമ്മയുടെ ഏതു ചോദ്യത്തിനും തർക്കുത്തരം പറയുക. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് മുറിഞ്ഞ് ഫോൺ കട്ടാക്കുന്ന അത്തരം കൊച്ചു മുറിവുകൾ സഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ രണ്ടുതലയ്‌ക്കലും അതിലേറെ മുറിവുകളാണുണ്ടാവുക.
സ്നേഹം വല്ലാത്തൊരു ആയുധമാണ്. അതുപയോഗിക്കുന്നവരൊക്കെ മുറിപ്പെട്ട് കരയുകയേ ഉളളൂ. റീന ആ ആയുധത്തെ ഭയക്കുന്നു. പക്ഷേ പാവം അമ്മയ്‌ക്കിതൊക്കെ എങ്ങനെ അറിയാനാണ്?
തന്റെ ജീവിതം വലിഞ്ഞു മുറുകിയ ഒരു കമ്പിയായിത്തീർന്നിട്ടില്ലേ എന്ന് ഈയിടെയായി റീന സന്ദേഹപ്പെടാറുണ്ട്. മറ്റാരൊക്കെയോ ചെവി ചേർത്തുപിടിച്ച് ശ്രുതി മീട്ടിനോക്കി സാധ്യതയളക്കുന്ന ഒരു ഉപകരണം. എങ്കിലും, ആ മുറുക്കം കൂടി ഇല്ലായിരുന്നെങ്കിൽ താനെന്തായിപ്പോയേനെ! ആ മുറുക്കത്തിനെ ആസ്വദിച്ച് മുന്നേറുകയാണ് നല്ലത്. ഒരു പ്രതിനിധിയ്‌ക്കുവേണ്ടുന്ന ശുഭാപ്തിവിശ്വാസം അവളെന്നും കാത്തുപോന്നു.
(ഇക്കാലത്ത് കന്യകാത്വത്തിനേക്കാൾ വിലപ്പെട്ടതാണ് ഒരുവൾക്ക് ശുഭാപ്തിവിശ്വാസം; സഹമുറിച്ചി രമ്യ)
ഫോൺബൂത്തിൽ നിന്ന് റീന ബസ്‌റ്റോപ്പിലേക്ക്. ടൗൺ ടു ടൗൺ പിടിയ്‌ക്കണം. എങ്കിലേ അരമണിക്കൂറിനകം കൂടുപറ്റൂ. നേരം ആറായി. പ്രൈവറ്റു ബസ്സുപിടിച്ചാൽ മണിക്കൂറൊന്നാകും. എല്ലായിടത്തും നിർത്തി നിർത്തി, വെപ്രാളം പിടിച്ച് വൈകിക്കുന്ന വെകിളിക്കൂട്ടങ്ങളാണവറ്റ. ടി.ടി.യാണെങ്കിൽ സീറ്റുകിട്ടും. സ്വപ്നവും കാണാം. വഴിയോരക്കാഴ്‌ചകൾക്ക് വേരില്ലാ നോട്ടവുമെറിഞ്ഞ് കൊടുത്ത് മറ്റു സ്വപ്നങ്ങളിൽ മുഴുകാം. അന്നേരം അമ്മ വരും, അനുജത്തി വരും, പഴയകാല മുഖങ്ങൾ വരും, കാമുകരും അല്ലാത്തവരും വരും. അരമണിക്കൂർ വെട്ടിനിർത്തിയ ഒരു പതിവു ദിനചര്യ.
സ്വപ്നം കാണുന്നവർ മണ്ടികളെന്ന് രമ്യ. പുരുഷാധിപത്യ സമൂഹത്തിൽ സ്‌ത്രീ കിനാവുകണ്ടു നിലാവത്തിറങ്ങിയ കോഴിയായി കഴിയരുത്. (എന്തോന്ന് പുരുഷാധിപത്യം? ഒന്നു കെട്ടി, രണ്ടു പെറ്റ്, അങ്ങനെ ചോറും കറിയും വച്ചു കളിച്ചു കഴിയുന്നതിലെ രസം ഒന്നു വേറെയല്യോ?)
ഉത്തരവാദിത്തങ്ങളില്ലായ്‌മ ഒരു തരം സ്വാതന്ത്ര്യം തന്നെ. എല്ലാം അടിയറവച്ച അടിമയുടെ സ്വാതന്ത്ര്യം. ഇതൊക്കെ ഒരു തരം മാനസികാവസ്ഥ മാത്രമാണെന്നേ.
ബസ്സിലിരുന്ന് അങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ റീനയ്‌ക്ക് അഭിമാനം തോന്നി. ജീവിതം അത്രയ്‌ക്കങ്ങു ലളിതമല്ലല്ലോ എന്ന ഗൗരവപ്പെട്ടൊരു ചിന്ത കാരണമൊന്നുമില്ലാതെ അവളിൽ ഉടലെടുക്കുകയും അതെന്തുകൊണ്ടോ അവളിലൊരു ലാഘവം സൃഷ്ടിക്കുകയും ചെയ്തു.
ടി.ടി. ഇന്നൊരൽപം വൈകി എന്ന് തോന്നിയത് ബസ്സിറങ്ങുമ്പോഴാണ്. പതിവിലും ഇരുൾച്ച ചുറ്റുപാടും. ജോലിയ്‌ക്കു കയറിയിട്ട് വർഷം ഒന്നാവുന്നു. ഒന്നു നടുനിവർത്തിയിട്ടു വേണം ഒരു ടൂ വീലർ എടുക്കാൻ. വെറും 999 രൂപയ്‌ക്ക് നിങ്ങൾക്കൊരു ഇരുചക്രവാഹനം എന്നൊക്കെ പത്രപരസ്യം കാണുമെങ്കിലും അതിലെ അക്കങ്ങൾക്കൊപ്പം അടിക്കുറിപ്പിന്റെ സൂചകമായി കൊടുക്കാറുളള നക്ഷത്രപ്പൂവ് റീനയെ ആ ചിന്തയിൽ നിന്ന് എന്നും അകറ്റാറാണ് പതിവ്. പക്ഷേ ഇത്തരം ചില സാഹചര്യങ്ങളിൽ ഒരു ടൂവീലറിന്റെ അത്യാവശ്യം അവൾ ഇടയ്‌ക്കിടെ സ്വയം ഉറപ്പിക്കാറുണ്ട്.
ഒന്നുരണ്ടു നിഴലുകൾ പിന്തുടരുന്നുണ്ടോ എന്ന് തോന്നിയ നിമിഷം അവൾ നടത്തം പതുക്കെയാക്കി. ഒട്ടും പരിഭ്രമപ്പെടലില്ല എന്നു കാണിക്കാൻ ചെറുതായൊരു മൂളിപ്പാട്ടും പാടി. എന്നിട്ടും രമ്യ പറയാറുളള പുരുഷകേന്ദ്രീകൃത സമൂഹം എന്ന ചിന്ത ഒരു വേട്ടനായ് മുഖമായി അവൾക്കുളളിൽ പൊടുന്നനെ എന്തിനാണ് തലപൊക്കിയത്?
സെൽഫോൺ വിറയ്‌ക്കുന്നു. ഡോക്ടറുടെ മുറിക്കുളളിൽ അലോസരമുണ്ടാവാതിരിക്കാൻ അവളതെന്നും വിറയലിലാണിടുക.
സെൽഫോണിൽ ഒരപരിചിത സ്വരം.
“- റീനയെന്ന റപ്പല്യോ?”
“- ഹാര്?”
“- റപ്പിണിയല്ലേന്ന് !!”
“- ആണെങ്കീ ?”
“- ഓ കൊച്ചേ. നെന്നെ റേപ്പു ചെയ്യാനാ ഒന്നു രണ്ടു നിഴലുകൾ നിന്നെ ഫോളോ ചെയ്യുന്നേ. ഭയക്കേണ്ട കെട്ടോ!!”
ഫോൺ കട്ടായതും നിഴലുകൾക്കു കനം വച്ചു. എണ്ണം പെരുകിയതുപോലെ.
റീന ഒന്നു നിന്നു. നിഴലുകളുടെ ഒരു കോട്ട. അവൾ കണ്ണടച്ച് ഒടുക്കം കണ്ട സുമുഖസുന്ദരന്റെ കട്ടിമീശ ധ്യാനിച്ചു. ആരായാലും പുല്ലുതന്നെ. ആക്രാന്തമില്ലാതെ റേപ്പ് ചെയ്‌തോണം. സേഫ് സെക്സാവണം. പിന്നെന്താ…..? പിന്നെ….. പിച്ചിച്ചീന്തരുത്. ഭാവിവരന് എന്തേലും ബാക്കി വച്ചേക്കണം…….
അങ്ങനെ എന്തെല്ലാമാണ് നിഴലുകളോട് ഞെട്ടിപ്പിക്കേണ്ടത് എന്ന് ചിന്തകൾ അടുക്കിവെയ്‌ക്കുന്നതിനിടയിൽ അവളുടെ കണ്ണുകളിൽ ഇരുട്ട് ഇരച്ചുകയറുകയും ബോധത്തിന്റെ മുറുക്കുകമ്പി പൊട്ടി അപശ്രുതി അന്തരീക്ഷമാകെ നിറയുകയും ചെയ്തു.
Generated from archived content: story1_nov2_07.html Author: mahendar_i