ഉമ്മറത്ത് ആരോ വന്നിട്ടുണ്ട്
അച്‌ഛനാവാം-
കൈയിലൊരു കളിപ്പാട്ടപ്പൊതിയുമായ്….
കൂട്ടുകാരനാവാം-
ചുണ്ടിലൊരു കളളച്ചിരിയുമായ്.
പോസ്‌റ്റ്‌മാനാവാം-
സഞ്ചിയിലൊരു അപ്പോയ്‌ന്റ്‌മെന്റ് ഓർഡറുമായ്.
കതകിലാരൊ മുട്ടുന്നുണ്ട്
അമ്മയാവാം-
മാറിൽ മുലപ്പാൽ വിങ്ങലുമായ്.
പെങ്ങളാവാം-
കൈയിലൊരു കപ്പു ചായയുമായ്.
ഭാര്യയാവാം-
മുടിയിലീരിഴത്തോർത്തിന്റെ തണുപ്പുമായ്.
ആരോ ജാലകം മൃദുവായ് തട്ടുന്നുണ്ട്
കാറ്റാവാം-
പുലരിയുടെ തണുത്ത പാൽമൊന്ത
മുഖത്തുമുട്ടിക്കാൻ
മഴയാവാം-
മെലിഞ്ഞ വിരലുകൾ കൊണ്ട്
ആകാശം മറച്ചുപിടിച്ച്….
ഓ.. ഇല്ല ഇല്ല.
ആരുമില്ല.
ആരുമല്ല.
നഴ്‌സ് തന്ന ഉറക്കഗുളിക
കൂടുതലായതു കൊണ്ടാവും-
ഉറക്കത്തിന്റെ നരച്ചു കീറിയ പുതപ്പിനെ
നിലാവെന്നു വൃഥാ നിനച്ചു.
നഗരരാത്രിയെ
വെയിൽത്തൊടിയെന്ന്-
ചുവരിലെ ഘടികാരനടപ്പിനെ
ഹൃദയമിടിപ്പെന്ന്-
Generated from archived content: poem2_dec1.html Author: mahendar_i