മനസ്സ്
—–
ഒരു മുറി തന്നു
പുറം കാഴ്‌ച്ചകളിലേക്കു തുറന്നിടാൻ
അഞ്ചു ജാലകങ്ങളും
എന്നിട്ടും
മുറിയ്‌ക്കകത്ത്
ഒരു കുഴിയും കുത്തി
ഇരിപ്പാണു ഞാൻ.
തണുപ്പുകാലം
————
മുറ്റം നിറയെ
വാക്കുകൾ അഴുകിയളിഞ്ഞുകിടക്കുന്നു
പഴയ ബിംബങ്ങൾ, രൂപകങ്ങൾ
മണ്ണടഞ്ഞ കല്‌പനകൾ
എല്ലാറ്റിനും മീതെ തണുപ്പിന്റെ കനത്ത ശവക്കച്ച.
ഇല്ല… ഇനിയൊരു ഇടിമിന്നലിനും
അവയെ ഉണർത്താനാവില്ല
ഒരു തീയിനും
അവയെ പന്തങ്ങളാക്കാനാവില്ല
എന്നാവാം ജ്വലിക്കുന്ന വാക്കുകളും പേറി
ഇനിയൊരാളീ പടികടന്നു വരിക?
Generated from archived content: oct8_poem2.html Author: mahendar_i