ഔട്ട്‌ ഓഫ്‌ റെയ്‌ഞ്ച്‌

ഞാൻ അജയ്യനല്ല. എന്തുകൊണ്ടെന്നാൽ എന്റെ പേര്‌ അജയൻ എന്നാകുന്നു. ഒരിടത്തും ജയിക്കാതെ പോയവൻ.

അത്‌ അവൻ എനിക്കയച്ച അവസാനത്തെ സന്ദേശമായിരുന്നു. സ്വന്തം പേരിനെ അന്വർത്ഥമായി (അനർത്ഥമായി) പിരിച്ച്‌ അവനെന്തിനായിരുന്നു അങ്ങനെ ഒരു എസ്‌.എം.എസ്‌ അയച്ചത്‌? അതിനു മറുപടിയായി ചെറുതും മൂർച്ചയേറിയതുമായ ഒരു മറുസന്ദേശം അയക്കണമെന്ന്‌ ഉടനെ മനസ്സിൽ ഗണിച്ചിട്ടുവെങ്കിലും എന്തുകൊണ്ടോ, തിരക്കുകളിൽ എനിക്കതിനു കഴിഞ്ഞില്ല. പക്ഷെ അന്നു രാത്രി തന്നെ ഞാൻ ഇമോട്ട്‌ ഐക്കണിലെ ദേഷ്യഭാവത്തിലുള്ള മഞ്ഞ മുഖം അജയന്‌ എസ്‌.എം.എസ്‌ ചെയ്‌തു. എന്തുവേണമെങ്കിലും വിചാരപ്പെട്ടോട്ടെ എന്നൊരു സാമർത്ഥ്യപ്പെടൽ മാത്രമായിരുന്നു സത്യത്തിൽ അത്‌.

ഇത്രയുമൊക്കെ സംഭവിച്ചശേഷം ഞാനവനെ മറക്കുകയും എന്റെ പതിവു ജീവിതയുദ്ധത്തിൽ വ്യാപൃതനാവുകയും ചെയ്യുന്ന വേളയിലാണ്‌ നിനച്ചിരിക്കാതെ കഴിഞ്ഞ ദിവസം വിലാസിനി എന്നെ വിളിച്ചത്‌.

‘നമ്മുടെ അജയൻ മരിച്ചു. സ്വാതീ ജംഗഷനിൽ വച്ചായിരുന്നു അപകടം. പാലക്കാട്ടേക്ക്‌ പോവുകയായിരുന്ന ഒരു ടിപ്പർ അടിച്ചിട്ടതാണ്‌.

വിലാസിനി, പക്ഷെ വിതുമ്പുകയുണ്ടായില്ല. ഒരു പത്രവാർത്തയുടെ സെന്റിമെൻസ്‌ ചേരുവ പോലും അവളുടെ ആ പറച്ചിലിൽ എനിക്കു കണ്ടെത്താനായില്ല.

– എപ്പഴായിരുന്നു?

– രണ്ടു മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു!

വായിക്കപ്പെടാതെ പോവുന്ന മൊബൈൽ ഫോൺ സന്ദേശങ്ങളും ഇ-മെയിൽ സന്ദേശങ്ങളും ഒരിക്കലും അതിന്റെ സ്വീകർത്താവിന്റെ മരണത്തണുപ്പിനെ പുറംലോകത്തേക്ക്‌ സംക്രമിപ്പിക്കുന്നേയില്ലല്ലോ എന്ന്‌ എന്നോട്‌ ചിന്തിച്ചത്‌ അജയനായിരുന്നു. ഞാനയച്ച ദേഷ്യമുഖം അവന്റെ സെല്ലിലെ ഇൻബോക്‌സിൽ, പൊട്ടിക്കപ്പെടാത്ത കവറിന്റെ ചിത്ര സഹിതം ഇപ്പോഴും കിടപ്പുണ്ടാവണം. അവനെങ്ങനെയായിരുന്നു മരിച്ചത്‌? ആശുപത്രിയിൽ വച്ചോ അതോ റോഡിൽക്കിടന്നോ. വിലാസിനിക്കും അതിനെപ്പറ്റി ധാരണയൊന്നും കണ്ടില്ല.

– നമുക്കുടനെ കാണണം വിലാസിനീ.

– ഇന്നു പറ്റില്ല. ജി.എംന്റെ മീറ്റിങ്ങ്‌ ഇന്ന്‌ ഉച്ചകഴിഞ്ഞാണ്‌. നാളെ ഒരു പത്തു പത്തരയ്‌ക്കാവാം.

– എവിടെ വരും?

– സ്വാദ്‌. ഹോട്ടൽ സ്വാദിലായാലോ?

പക്ഷെ പിറ്റേന്ന്‌ നിശ്ചയിക്കപ്പെട്ട സമാഗമം മൂന്ന്‌ ദിവസങ്ങൾക്ക്‌ ശേഷമാണ്‌ സംഭവിച്ചത്‌. വിലാസിനി ബസ്സിറങ്ങി വന്ന്‌, വെയ്‌റ്റിങ്ങ്‌ ഷെഡ്‌ഡിന്റെ സിമന്റ്‌ തിണ്ണയിൽ എന്നോട്‌ ചേർന്നിരുന്ന്‌ മുഖവുരയൊന്നും കൂടാതെ തുടങ്ങി. ഒരു ഉത്തരാധുനിക കഥയുടെ ആദ്യവരികൾ പോലെ.

“ഗ്രാമത്തിന്റെ വീതികുറഞ്ഞ റോഡിലൂടെ, അഗ്രഹാരം കഴിഞ്ഞ്‌, കൃഷ്‌ണൻ കോവിൽ തിരിവു തിരിയുമ്പോഴാണ്‌ അജയൻ അവന്റെ രൂപം ജീവിതത്തിൽ അവസാനമായി ഒരു ക്യാമറയിൽ പതിപ്പിച്ചത്‌.”

കൃഷ്‌ണൻ കോവിലിന്റെ അടുത്താണ്‌ അവളുടെ സഹപാഠി സുദീപിന്റെ വീട്‌. അവന്റെ പെങ്ങൾ സുദീപയുടെ കല്യാണമായിരുന്നു ഒരാഴ്‌ച മുമ്പ്‌. വീതികുറഞ്ഞ റോഡിന്റെ മറുവശത്ത്‌ നിന്ന്‌, വീടിനുമുമ്പിൽ നിൽക്കുന്ന സുദീപയുടെ ഒരു ചിരിച്ചിത്രം പകർത്തുകയായിരുന്നു ഗൗരി സ്‌റ്റുഡിയോക്കാരന്റെ ഭംഗിയുള്ള ഫ്രെയിമിനെ അന്നേരമായിരുന്നു അജയൻ വെപ്രാളത്തോടെ മുറിച്ചു കടന്നുപോയത്‌. തന്റെ ഇരുചക്രവാഹനം എത്രയും ശ്രദ്ധയോടെ, എന്നാൽ ധൃതിയിൽ, ആ ഫോട്ടോയെടുപ്പിനിടയിലൂടെ അവൻ മരണത്തിലേക്ക്‌ മുറിച്ചു കടന്നത്‌ സ്‌റ്റുഡിയോക്കാരൻ വളരെ ഭംഗിയോടെത്തന്നെ പകർത്തുകയും ചെയ്‌തു.

ചിരിച്ചു നിൽക്കുന്ന മുല്ലപ്പൂപ്പെണ്ണിന്റെ കവിൽത്തുടിപ്പിൽ തുടങ്ങി, വലതുതോളിലൂടെ, റോഡുപക്കത്ത്‌ സ്‌ഥിതിചെയ്യുന്ന വീടിന്റെ ഉമ്മറയഴികളിലൂടെ, വേഗതയുടെ ചിത്രീകരണമായി പടർന്നു പരന്ന്‌ പോവുന്നത്‌, അജയനാണെന്ന്‌ പക്ഷെ, വിലാസിനി മാത്രമേ തിരിച്ചറിഞ്ഞുള്ളൂ.

വിലാസിനി പറഞ്ഞു.

അന്നവൻ ചുവന്ന ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്‌. അതിനോട്‌ ഒട്ടും ചേരാത്ത തവിട്ടുനിറത്തിലുള്ള പാൻസ്‌, അത്‌ അവൻ തന്നെ എന്ന്‌ ഉറപ്പിച്ച്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതുപോലെ ചേർച്ചയില്ലാതെ വസ്‌ത്ര ധാരണം അജയനല്ലാതെ മറ്റാരും ചെയ്യുകയില്ല.

അങ്ങനെ ഗ്രാമവഴിയിലൂടെ സാവകാശം ബൈക്ക്‌ ഓടിച്ച്‌ വന്ന്‌ നാഷണൽ ഹൈവേ കടക്കുന്നതിനിടയിലാണ്‌ തൃശൂർ – പാലക്കാട്‌ റോഡിലൂടെ പാഞ്ഞു പോവുന്ന ടിപ്പറിന്റെയും അജയന്റേയും സഞ്ചാരപാത സന്ധിച്ചത്‌.

ശരിതന്നെ. ഞാനോർത്തു. അപ്പോൾ സമയം ഒരു എട്ടരയായിക്കാണും. എട്ടുമണിക്കാണ്‌ അവനെനിക്ക്‌ ആദ്യം സൂചിപ്പിച്ച അവസാന സന്ദേശം വിട്ടത്‌. അന്നു രാത്രി മാത്രമാണ്‌ ഞാനവന്‌ വാക്കുകളൊന്നുമില്ലാത്ത ഒരു മുഖസന്ദേശം മറുപടിവിട്ടത്‌. അപ്പോഴേക്കും മരടപ്പെട്ടുകഴിഞ്ഞ അജയന്റെ സെല്ലിൽ അതിപ്പോഴും വായിക്കപ്പെടാതെ കിടപ്പായിരിക്കും. എങ്കിലത്‌ ആദ്യം തുറന്നുകാണുന്ന ഒരാളിന്റെ മനോവ്യാപാരം എപ്രകാരമാവും?

വിലാസിനി ഇപ്പോഴും അജയന്റെ അവസാന സ്‌നാപ്പിന്റെ വിവരണത്തിലാണ്‌. അവൾ തുടർന്നു.

ഞാൻ ഇന്നലെ പോവുമ്പോൾ സുദീപ അവളുടെ പുതുമോടിയുടെ ആലസ്യത്തോടെ ആൽബം മറിച്ചു നോക്കുകയാണ്‌. ’ശ്ശെ! നശിപ്പിച്ചു‘ നല്ലൊരു ഫോട്ടോ കളഞ്ഞുകുളിച്ചതിന്റെ നിരാശയോടെ സുദീപ അജയന്റെ അവസാന നിമിഷത്തെ പിന്നീട്‌ വീണ്ടും വീണ്ടും വായിച്ചെടുക്കും. മരണം ഉറഞ്ഞുപോയ ആ ഫോട്ടോ അടങ്ങുന്ന ആൽബം പവിത്രമായ സ്‌നേഹത്തോടെ തലോടി അവൾ ഏറെക്കാലം ഇങ്ങനെ മറിച്ചുനോക്കും. പിന്നീട്‌ ജീവിതപ്പുതുമോടി അഴിഞ്ഞലിഞ്ഞ്‌, ഒന്നുരണ്ട്‌ പ്രസവത്തിനുശേഷം അവളാ ആൽബത്തെ തന്നെ മറക്കുകയും ഭാവിയിൽ ഏതെങ്കിലും ആക്രിക്കച്ചവടക്കാരന്റെ ചാക്കുകെട്ടിൽ നിന്നും മറ്റാരെങ്കിലും ആ ഫോട്ടോ, കണ്ടെടുക്കുകയും ചെയ്യും.!

– വിലാസിനി. ഇങ്ങനെ എത്ര വേണമെങ്കിലും അധിക വായനകൾ നമുക്കീ ജീവിതത്തിൽ സാധ്യമാണ്‌. ഒരു ഇരുചക്രവാഹനം കടന്നു പോയിട്ടും ആ ഫ്രെയിമിന്റെ ഭംഗി കൂടിയതല്ലാതെ കുറഞ്ഞുപോയില്ലല്ലോ എന്ന കലാനിരീക്ഷണത്തോടെയാവണം ഗൗരി സ്‌റ്റുഡിയോക്കാരൻ ആ ഫോട്ടോ അതേ വേഗഭംഗിയോടെ സുദീപയുടെ കല്യാണ ആൽബത്തിൽ ഒഴിവാക്കാതെ ചേർത്തത്‌. അതുകൊണ്ടു മാത്രമാണ്‌ നിനക്ക്‌ മരണം ഫ്രീസു ചെയ്യപ്പെട്ട ആ നിമിഷത്തെ വായിച്ചെടുക്കാനും എന്നോടു വിളമ്പാനും സാധിച്ചത്‌.

ശരിതന്നെ. വിലാസിനി പറഞ്ഞു. എന്തെന്തു വൈചിത്ര്യങ്ങളാണീ ജീവിതം നിറയെ, അല്ലേ?

അപ്പോഴേക്കും തൃശൂർ ബസ്‌ വരികയും അന്നത്തെ കൂടിക്കാഴ്‌ച അവസാനിപ്പിച്ച്‌ ഞാനതിൽ ചാടിക്കയറുകയും ചെയ്‌തു. ഇനി രണ്ടു നാൾ കഴിഞ്ഞു കാണാമെന്ന്‌ വിലാസിനി പിറകെ സന്ദേശമയച്ചിരിക്കുന്നു.

മൊബൈൽ ഫോൺ കമ്പനിക്കാർ ഇങ്ങനെ മത്സരിച്ച്‌ മെസേജ്‌ ഓഫറുകൾ ഇറക്കുന്നത്‌ അജയനെപ്പോലുള്ള ഉപഭോക്താക്കളെ മുന്നിൽ കണ്ടുകൊണ്ടാണെന്ന്‌ വിലാസിനിയും അങ്ങനെയാവാൻ തലമില്ല. അത്തരമൊരു ഉപഭോക്താവിനെ മുന്നിൽ കണാനുള്ള തരംഗദൈർഘ്യം ഒരു കമ്പനിക്കും ഇല്ല. എന്ന്‌ ഞാനും തർക്കിച്ചത്‌, ഞങ്ങൾ മൂവരും അവസാനമായി ഒത്തു കൂടിയ ഒരു വൈകുന്നേരത്തിലായിരുന്നു.

എന്റേയും വിലാസിനിയുടേയും ഇത്തരം പ്രണയകലഹങ്ങൾക്കു നടുവിൽ ഇരുന്നു തീർത്ത്‌, ഒടുവിൽ ആരുടെയെങ്കിലും നമ്പറിലേക്ക്‌ ’ഇനി ഞാൻ പൊയ്‌ക്കോട്ടെ‘ എന്ന്‌ സന്ദേശമയച്ച്‌ അജയൻ പിരിഞ്ഞു പോവാറാണ്‌ പതിവ്‌.

അജയൻ ഞങ്ങളുടെ നിശ്ശബ്‌ദ സുഹൃത്താണ്‌. നിങ്ങൾ അവനെ സെല്ലിൽ വിളിക്കുകയാണ്‌ ചെയ്യുന്നത്‌ എന്നിരിക്കട്ടെ. മറുതലയ്‌ക്കൽ കാറ്റിന്റെ ശബ്‌ദമുള്ള ഒരു വല്ലാത്ത മൗനമായിരിക്കും നിങ്ങൾക്ക്‌ ലഭിക്കുക. ഞാനോ വിലാസിനിയോ അജയനെ സെല്ലിൽ വിളിക്കാറില്ല. സന്ദേശങ്ങൾ അയക്കുകയാണ്‌ പതിവ്‌. കാരണം അജയൻ ഒരു ഊമയായിരുന്നു.

ഓർക്കുട്ട്‌, ഫേസ്‌ ബുക്കുകളിൽ ചിരിച്ചുനിൽക്കുന്ന അജയൻ ഒരു ഊമയാണെന്ന്‌ ഞാനറിയുന്നത്‌ പരിചയപ്പെട്ട്‌ ഏറെക്കഴിഞ്ഞ്‌ ഒരുനാൾ നേരിൽ കാണുമ്പോൾ മാത്രമായിരുന്നു. അന്നാണ്‌ ഞങ്ങൾ സെൽനമ്പർ കൈമാറിയത്‌.

നഗരത്തിലെ ഫിലിം ഫെസ്‌റ്റിവലുകളുടെ സ്‌ഥിരം സാന്നിദ്ധ്യമായ അജയനെ, ഊമപ്പടങ്ങൾ ആരാധിക്കുന്ന ഒരു ഊമ എന്ന്‌ സംബോധന ചെയ്‌തതിനാണ്‌ ആദ്യമായി ഞാൻ വിലാസിനിയോട്‌ ഉടക്കിയത്‌. അവളുടെ ലോകവായനകൾ മറ്റൊരു തലത്തിലാണ്‌. എന്നിട്ടും ഞാനും അവളും അജയനും ഒക്കെ സൗഹൃദത്തിലായത്‌ ഓർത്താൽ അത്‌ഭുതം തന്നെ.

മൂകനായ അജയനെങ്ങനെയാണ്‌ ഇത്രയും ഉല്ലാസത്തോടെ ഒരു സ്വകാര്യ ചിട്ടിക്കമ്പനിയുടെ പിരിവുകാരനായി ജോലിനോക്കുന്നതെന്ന്‌ ഇടക്ക്‌ ഞാനത്‌ഭുതപ്പെടാറുണ്ട്‌. വായിട്ടലയ്‌ക്കലുകളൊന്നും ഇല്ല. കസ്‌റ്റമേഴ്‌സിനെ സമീപിക്കുക. ദിവസത്തവണ കൈപറ്റുക. പാസ്‌ബുക്കിൽ വരവുവയ്‌ക്കുക. ചിരിക്കുക, പിരിയുക. അജയൻ സജീവമായിരുന്നു എല്ലായ്‌പ്പോഴും അല്ലെങ്കിൽ അങ്ങനെ ഒരു നാട്യത്തിൽ. ഒരിക്കലും ജയിക്കാതെ പോയവൻ എന്ന്‌, മരണദിവസം രാവിലെ സ്വയം സംബാധന ചെയ്യുന്നതുവരെയും അത്‌ അങ്ങനെത്തന്നെ എന്നാണ്‌ ഞാനും കരുതിയത്‌.

ജീവിതം ഒരു പോരാട്ടമാണ്‌ എന്നും, പൊരുതി മുന്നേറുക മാത്രമാണ്‌ ജീവിക്കാനുള്ള ഒരേ ഒരു വഴി എന്നും സന്ദേശമയച്ചുകൊണ്ട്‌ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം എന്തുകൊണ്ടോ അവസാനിച്ചത്‌ അജയന്റെ തീർത്തും പരാജിത സ്വഭാവമുള്ള സന്ദേശത്തിലായത്‌ തികച്ചും യാദൃശ്ചികമാവണം.

മറ്റു തിരക്കുകൾക്കിടയിലും രണ്ടുമൂന്നു ദിവസമായി ഞാൻ അജയൻ എന്ന മനുഷ്യന്റെ വേരുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ്‌. പക്ഷെ എന്തുചെയ്യാൻ. അവന്റെ ഇ-മെയിൽ ഓർക്കുട്ട്‌ വിലാസങ്ങളും സെൽനമ്പറും ഒക്കെയല്ലാതെ മറ്റേതുവഴികളും എനിക്ക്‌ ഇല്ലായിരുന്നു. സുഹൃത്തുക്കളുടെ പട്ടിക തപ്പിപ്പിടിച്ച്‌ ഞാനവർക്ക്‌ സന്ദേശങ്ങൾ അയച്ചുനോക്കി. അവന്‌ ഏതോ ഒരു നിശ്ശബ്‌ദപ്രണയമുണ്ടായിരുന്നു എന്നു മാത്രം ഒരു ഊഹത്തിൽ എത്താൻ കഴിഞ്ഞു. അത്രമാത്രം.

ഒരു ഉത്തരാധുനികൻ എത്രമാത്രം അനാഥനാണെന്ന്‌ കുറച്ചുനാൾക്കു ശേഷമുള്ള കൂടിക്കാഴ്‌ചയിൽ ഞാൻ വേവലാതിപ്പെട്ടപ്പോൾ വിലാസിനി വാപൊളിച്ച്‌ നിന്നു, ആദ്യം.

– ഓ അജയൻ. അവനെയാണോ ഉദ്ദേശിച്ചത്‌? പാവം തന്നെ.

സ്വാതീ ജംഗ്‌ഷനരികിലുള്ള ജൂസു കടയിലേക്ക്‌ കയറി രണ്ട്‌ ജൂസിന്‌ ഓർഡറിടുന്നതിനിടയിൽ വിലാസിനി തുടർന്നു.

– സത്യത്തിൽ അവൻ മരിച്ചു എന്ന്‌ എനിക്ക്‌ തോന്നുന്നില്ല. അവന്റെ സിംകാർഡ്‌ നഷ്‌ടപ്പെട്ടു. പോയി എന്ന്‌ വിശ്വസിക്കാനാണ്‌ എനിക്ക്‌ താല്‌പര്യം. തിരക്കിലെവിടയെങ്കിലും ദൂരെവച്ച്‌ അവൻ നമ്മളെ കാണുകയും അവന്റെ പുതിയ സെൽനമ്പറിൽ നമ്മുടെ നമ്പർ ഇല്ലാത്തതിനാൽ നമ്മുടെ ശ്രദ്ധ ക്ഷണിക്കാൻ തരമില്ലാതെ കൂവിവിളിക്കാൻ ശബ്‌ദമില്ലാതെ അവൻ വെപ്രാളപ്പെടുകയും ചെയ്യുന്നത്‌ ഭാവനയിൽ കാണാൻ ഒരു രസമുണ്ട്‌.

’മതി‘ എനിക്കവളുടെ കാടുകയറ്റങ്ങൾ ഈയിടെയായി അസഹനീയമാവുന്നുണ്ട്‌.

എന്നിട്ടും അവൾ നിർത്തുന്നില്ല.

– അല്ലെങ്കിൽത്തന്നെ ഓർത്ത്‌ നോക്ക്‌. എനിക്ക്‌ നിന്റെ നമ്പർ കാണാപ്പാഠമല്ല. അതു നഷ്‌ടപ്പെട്ടാൽ ഞാനും അങ്ങനെയൊക്കെ വെപ്രാളപ്പെടേണ്ടിവരും. ടെക്‌നോളജി മനുഷ്യനെ അടുപ്പിക്കുന്ന അതേ ശക്തിയോടെ അകറ്റുകയും ചെയ്യുന്നുണ്ട്‌ അല്ലേ? നീ നേരത്തേ പറഞ്ഞ ഒരു തരം ഉത്തരാധുനിക ഏകാന്തത!

അതു കേട്ടപ്പോൾ ആദ്യമായി എനിക്കവളോട്‌ മതിപ്പു തോന്നി. അജയനെക്കുറിച്ചുള്ള ഞങ്ങളുടെ ചർച്ച അങ്ങനെ നീളാൻ തുടങ്ങുമ്പോഴാണ്‌ രണ്ടു മുസാമ്പി ജ്യൂസ്‌ ഞങ്ങൾക്കു കൈമാറി കടക്കാരൻ ശ്രദ്ധാലുവായത്‌.

– ഒരാഴ്‌ചമുമ്പ്‌ അപകടത്തിൽ മരിച്ച അജയനെയാണോ നിങ്ങൾ പറയുന്നത്‌?

– അതെ എന്താ അറിയുമോ അവനെ?

– പിന്നല്ലാതെ! പാവം. അടിപ്പെട്ട ക്ഷണത്തിൽ കഴിഞ്ഞു. എന്നാലും നോക്കിനിക്കാനാവ്യോ? വണ്ടിപിടിച്ച്‌ വിട്ടു ക്രസന്റ്‌ ആശുപത്രിക്ക്‌ പിന്നെ ഒരു വിധം വീട്ടിലൊക്കെ വിവരമറിയിച്ച്‌….

ഇപ്പോഴാണ്‌ കടക്കാരനെ ഞാൻ ശ്രദ്ധിച്ചത്‌. മധ്യവയസ്‌കൻ. അമ്പതിനും അറുപതിനും ഇടയിൽ പ്രായം. പലപ്പോഴും ഞങ്ങൾ മൂവരും ഇവിടെ വരാറുള്ളതാണ്‌. പക്ഷെ അജയനെ ഇത്രമാത്രം പരിചയമുണ്ടെന്ന്‌ ഇപ്പോഴാണറിയുന്നത്‌. ഞാനങ്ങനെ അത്ഭുതപ്പെട്ടപ്പോൾ അയാളുടെ കണ്ണുകളിൽ നനവ്‌.

– അവനെന്റെ അനിയനെപ്പോലല്ലേ? അല്ല. അനിയൻ തന്നെ. വീട്‌ കണ്ണമ്പ്ര കാരപ്പൊറ്റ. അമ്മയും ഒരു അനിയത്തിയും അവൾടെ കല്യാണൊക്കെ ശരിയായി വർവായിരുന്നൂ. എന്താ ചെയ്യാ!

അയാളിൽ നിന്ന്‌ അജയന്റെ വീട്ടുവിലാസം എഴുതിവാങ്ങണമെന്നും, ഒഴിവോടെ പോയി അവന്റെ അമ്മയേയും അനിയത്തിയേയും കാണണമെന്നും ഒക്കെ വിലാസിനിയോട്‌ പറയാൻ തുനിയുമ്പോഴേക്കും അവളുടെ ഗ്രാമവണ്ടി വരികയും, ’ബില്ല്‌ പേ ചെയ്‌തോ‘ എന്ന നിലവിളിയോടെ അവളതിലേക്ക്‌ വെപ്രാളപ്പെടുകയും ചെയ്‌തു.

ഇനിയത്തെ വരവിൽ ഈ കടക്കാരനെ കണ്ടേക്കാൻ വഴിയില്ല. ഒരു പക്ഷേ ഈ കടതന്നെ ഇവിടെ കാണാൻ വഴിയില്ല. ഒരു പക്ഷെ ഈ കടതന്നെ ഇവിടെ കാണാൻ വഴിയില്ല. അങ്ങനെയെങ്കിൽ ഒരിക്കലും എഴുതി വാങ്ങാത്ത അജയന്റെ മേൽവിലാസം തപ്പിപ്പിടിച്ച്‌ ഞാനിനി അവന്റെ അമ്മയേയും അനിയത്തിയേയും കാണാൻ പോവുകതന്നെയുണ്ടാവില്ല.

അങ്ങനെയൊക്കെ ഒരു പാടു കാല്‌പനികമെന്ന്‌ ആരോപിക്കാവുന്ന ചിന്തകൾ വന്നെന്നെ പൊതിയുമ്പോഴും ഞാൻ ജ്യൂസു കടയിലേക്ക്‌ നോക്കാതെ, തൃശൂർ ഫാസ്‌റ്റിന്റെ ഇരമ്പത്തിനു കാതുകൊടുത്ത്‌, സ്വാതീ ജംഗഷനിലെ വെയിലിൽ തനിച്ചു നിന്നു.

Generated from archived content: story1_dec14_10.html Author: mahendar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English