നുണക്കാഴ്‌ചകൾ

എത്ര നുണപറഞ്ഞാലും നുണച്ചിപ്പാറുവിന്‌ മതിയാവില്ല. ദിവസം ഒരു നുണയെങ്കിലും പറഞ്ഞില്ലെങ്കിൽ അവർക്ക്‌ ഉറക്കം വരില്ല. വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ്‌ പറയുന്നതെങ്കിലും ആരും അത്‌ വിശ്വസിച്ച്‌ പോകും. എന്നാലിപ്പോൾ പാറുവിന്റെ നുണകൾ പഴയത്‌പോലെ ഫലിക്കുന്നില്ല. ദുബൈക്കാരൻ ബാബു ടി.വി. വാങ്ങിയത്‌ മുതലാണത്‌. സീരിയലുകളും ഇക്കിളി നൃത്തങ്ങളും കാണാൻ മിക്കവരും ടി.വിയുടെ മുമ്പിൽ തന്നെയാണെപ്പോഴും. അതിനിടയിൽ എന്തെങ്കിലും നുണ പറഞ്ഞാൽ കേട്ട ഭാവം കൂടി അവർ നടിക്കുന്നില്ല. അതോടെ ബാബുവിനോടും ടി.വിയോടും പാറുവിന്‌ വല്ലാത്ത വെറുപ്പ്‌ തോന്നി. ബാബുവിന്റെ ടിവിക്ക്‌ ഇടിത്തീവീഴണേയെന്ന്‌ അവർ ഭഗവതിയോട്‌ പ്രാർത്ഥിക്കുകകൂടി ചെയ്‌തിട്ടുണ്ട്‌. പതിവ്‌പോലെ അന്നും പാറുവിന്റെ മനസ്സ്‌ നുണ പറയാൻ തുടിച്ചു. നാക്ക്‌ ചൊറിഞ്ഞുവന്നു. പുതിയൊരു നുണ പറഞ്ഞ്‌ എല്ലാവരെയും അത്ഭുതപ്പെടുത്തണമെന്ന്‌ പാറു ഉറച്ചു. എന്ത്‌ പറഞ്ഞാലാണ്‌ വിശ്വസിക്കുക? മൂലപ്പളളിക്കയത്തിൽ ഒരു പെണ്ണിന്റെ ശവമുണ്ടെന്ന്‌ പറയാമെന്നുറച്ചു. അങ്ങനെ പറഞ്ഞാൽ വിശ്വസിക്കാനിടയുണ്ട്‌. മൂലപ്പളളിക്കയത്തിൽ പലരും ആത്‌മഹത്യ ചെയ്‌തിട്ടുണ്ട്‌. തല്ലിക്കൊന്ന നിലയിൽ പലരുടേയും ശവം അവിടെ പൊന്തിയിട്ടുണ്ട്‌. അവയൊക്കെ പോലീസുകാർ ആത്‌മഹത്യകളാക്കി ചിത്രീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

രാവിലെത്തന്നെ പാറു ബാബുവിന്റെ വീട്ടിലേക്ക്‌ ചെന്നു. അയൽക്കാരെല്ലാം അവിടെ ടിവി കാണുന്നുണ്ടായിരുന്നു. അവരോടെല്ലാം പാറു വിശേഷം പറഞ്ഞു. ആരും അത്‌ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. എല്ലാവരുടേയും ശ്രദ്ധ ടിവിയിൽത്തന്നെയാണെന്ന്‌ കണ്ടപ്പോൾ പാറു സ്വന്തം തലയിൽ തൊട്ട്‌ സത്യം ചെയ്‌തു ഞാൻ പറഞ്ഞത്‌ ശരിയാണെന്ന്‌.

“ശവം ആണിന്റെയോ പെണ്ണിന്റെയോ” കൂട്ടത്തിലൊരാൾ ചോദിച്ചു.

“പെണ്ണിന്റെ. സുമാർ എന്റെ പ്രായം തോന്നും” തെല്ലും സംശയിച്ച്‌ നില്‌ക്കാതെ പാറു പറഞ്ഞു.

“ഉടുപ്പെങ്ങനെ?” മറ്റൊരു ചോദ്യം.

“ലുങ്കീം ബ്ലൗസ്സും എന്റെ മേക്കില്ലത്‌പോലത്തെ നെറം”

“എങ്കിൽ പെണ്ണിന്റെ വയറ്റിലുണ്ടാവും. ആരെങ്കിലും ചതിച്ചിരിക്കും.” ഏത്‌ കാര്യത്തിലും തന്റെ അഭിപ്രായം പറയുന്ന പരദൂഷണം പപ്പൻ പറഞ്ഞു. വീണ്ടും എല്ലാവരുടേയും ശ്രദ്ധ ടിവിയിലേക്ക്‌തന്നെ തിരിഞ്ഞപ്പോൾ പാറു നിരാശയോടെ തിരിഞ്ഞു നടന്നു. അപ്പോൾ ആരോ പറയുന്നത്‌ കേട്ടു.

“ആരെങ്കിലും കൊന്ന്‌ കയത്തിലിട്ടതായിരിക്കും. എങ്ങനെയാ വിശ്വസിക്കാതിരിക്ക്യ. നായിനെ കൊല്ലുമ്പോലല്ലെ ഇപ്പോൾ മനുഷ്യമ്മാരെ കൊല്ലുന്നത്‌?”

തന്നെ അനുകൂലിച്ച്‌ പറയാൻ ഒരാളുണ്ടായപ്പോൾ പാറുവിന്‌ സന്തോഷംതോന്നി. പൊട്ടിയ ബാറ്റുകൊണ്ട്‌ പന്ത്‌ തട്ടിത്തെറിപ്പിച്ചുകൊണ്ട്‌ ഇടവഴിയിലൂടെ കടന്ന്‌ വരുന്ന ലംബോധരൻ ചെക്കനെ അടുത്ത്‌ വിളിച്ച്‌ പാറു സ്വകാര്യം പറഞ്ഞു.

“എടാ മൂലപ്പളളിക്കയത്തില്‌ ഒരു പെണ്ണിന്റെ ശവൂണ്ടെന്ന്‌ എല്ലാരോടും പോയി പറയ്യ്‌. നിനക്ക്‌ ഞാൻ കേളൂന്റെ പീടിൽ നിന്ന്‌ വയറ്‌ നെറച്ചും തരിപ്പ്‌ മുട്ടായി മേണിച്ച്‌ തെർവല്ലൊ”

ഒരിക്കലും തരിപ്പ്‌ മിഠായി തിന്ന്‌ മതിയാവാത്ത ലംബോധരന്റെ മനസ്സിൽ കേളുവിന്റെ പീടികയിലെ തരിപ്പ്‌ മിഠായി ഭരണി നിറഞ്ഞുനിന്നു. വായിൽ വെളളമൂറി. അവൻ ബാറ്റ്‌ ദൂരേക്ക്‌ വലിച്ചെറിഞ്ഞ്‌ സന്തോഷത്തോടെ എല്ലാവരോടും വിവരം പറയാൻ ഓടിപ്പോയി. പാറുവിന്‌ ഗൗഢമായ ഒരാനന്ദം തോന്നി. അവൾ തിടുക്കത്തിൽ മൂലപ്പളളിക്കയം ലക്ഷ്യമാക്കി നടന്നു.

നനഞ്ഞ വയൽവരമ്പിലെ മഞ്ഞുതുളളികൾ കടുക്കനിട്ട പുൽകൊടിത്തുമ്പുകളിലൂടെ നടന്ന്‌ നീങ്ങുമ്പോൾ കാലുകളിൽ തണുപ്പിഴഞ്ഞ്‌ വന്നു. വയൽ വരമ്പുകളിലിരുന്ന്‌ വെളളത്തിൽ നിന്നും മീൻപിടിച്ച്‌ തിന്നുകൊണ്ടിരുന്ന കൊക്കുകൾ പാറുവിനെ കണ്ടപ്പോൾ കരഞ്ഞുകൊണ്ട്‌ പറന്നുയർന്നു. മുളളുകൾ നിറഞ്ഞ്‌ നില്‌ക്കുന്ന മുണ്ടച്ചെടികളുടെ അരികിൽ നിന്നും പുഴയുടെ തീരത്തുളള മൂലപ്പളളിക്കയത്തിലേക്ക്‌ എത്തിനോക്കി. തെളിഞ്ഞ വെളളത്തിനടിയിൽ ചെളികെട്ടിക്കിടപ്പുണ്ട്‌. ആൾക്കാർ കയത്തിനടുത്തേക്ക്‌ വരുന്നത്‌ കാണുമ്പോൾ മെല്ലെ കയത്തിന്റെ അരികിൽ മുട്ടോളം വെളളമുളള ഭാഗത്തിറങ്ങി ചത്തത്‌പോലെ കിടക്കണം. ശവത്തെ എടുക്കുന്നത്‌പോലെ അവർ തന്നെ വാരിയെടുക്കുമ്പോൾ പൊട്ടിച്ചിരിക്കണം. എല്ലാവരെയും വിഡ്‌ഢികളാക്കണം. ഓർത്തിരിക്കെ ചുണ്ടിൽ പുഞ്ചിരിയൂറി. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാൻ ചുറ്റുംനോക്കി. ആരും ഇല്ലായിരുന്നു. അക്ഷമയോടെ വീണ്ടും ഏറെ നേരം കാത്തിരുന്നിട്ടും ആരും വരാതിരുന്നപ്പോൾ ഉളളിൽ കനത്ത ഇരുട്ട്‌ നിറഞ്ഞു. അവൾക്ക്‌ എല്ലാറ്റിനോടും വെറുപ്പ്‌ തോന്നി. ഇനിയെന്ത്‌ എന്ന ചോദ്യം അവളെ അലട്ടി.

പൊടുന്നനെ തെരുവ്‌ സർക്കസ്സിന്റെ ആരംഭം കുറിക്കുന്ന ചെണ്ടമേളംപോലെ ദൂരെനിന്നും തോണിക്കടിച്ച്‌ കൊണ്ട്‌ കടന്ന്‌ വരുന്ന വലക്കാരുടെ ശബ്‌ദം കേട്ടുതുടങ്ങി. അവർ മൂലപ്പളളിക്കയത്തിന്‌ നേരെയാണ്‌ വരുന്നതെന്നറിഞ്ഞപ്പോൾ ഉളളിൽ നിറഞ്ഞിരുന്ന ഇരുട്ടിനെ തുരത്തിക്കൊണ്ട്‌ ഉന്മാദത്തിന്റെ തിരകൾ വന്നടിഞ്ഞു. അവ നുരയും പതയും പരത്തി. അനന്തരം ഏതോ ഒരുൾപ്രേരണയിൽ പാറു കയത്തിലേക്ക്‌ എടുത്ത്‌ ചാടി. പാറുവിന്റെ വികൃതികണ്ട്‌ നീർക്കുമിളകൾ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിക്ക്‌ പാറുവിന്റെ ചിരിയുടെ മുഴക്കമായിരുന്നു.

Generated from archived content: nunakazhchakal.html Author: madikkai_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭാഗം – നാല്‌
Next articleഒരു ലെസ്‌ബിയൻ പശു
കാസർഗോഡ്‌ ജില്ലയിലെ മടിക്കൈ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.എം. കുഞ്ഞിക്കണ്ണൻ. അമ്മഃ കെ.എം. കുഞ്ഞിപ്പെണ്ണ്‌. ആനുകാലികങ്ങളിൽ കഥകളും നോവലെറ്റുകളും നോവലുകളും എഴുതുന്നു. ആദ്യകൃതി ‘രാവിന്റെ മാറിൽ’ സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിക്കുന്നു (അച്ചടിയിൽ). ഇപ്പോൾ നീലേശ്വരത്ത്‌ സ്‌ഥിരതാമസം. വിലാസംഃ പടിഞ്ഞാറ്റംകൊഴുവൽ നീലേശ്വരം - 671 314 കാസർഗോഡ്‌ ജില്ല.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English