ഇരുട്ട്‌

കൂട്ടിൽ നിന്നും പക്ഷികൾ ചിലച്ച്‌ ബഹളം കൂട്ടിക്കൊണ്ടിരുന്നു. രാവിലെ കൊടുത്ത അരിമണികൾ മുഴുവൻ കൊത്തിത്തീർന്നിരിക്കുന്നു. ഒരു പൊടിയരിപോലും ഇനി കലത്തിൽ ബാക്കിയില്ല. പാത്തുമ്മയുടെ മനസ്സ്‌ പോലെ കലവും ശൂന്യമായിരിക്കുന്നു. പക്ഷികളുടെ നിസ്സഹായത കണ്ടപ്പോൾ അവർക്ക്‌ സഹതാപം തോന്നി. എങ്കിലും പക്ഷികളെ തുറന്ന്‌ വിടാൻ മനസ്സ്‌ വന്നതുമില്ല. ഇനിയെങ്കിലും വല്ലതും കൊടുത്തില്ലെങ്കിൽ എല്ലാം ചത്തുപോകും. വിശപ്പ്‌ പക്ഷികൾക്ക്‌ മാത്രമല്ലല്ലോ….

പാത്തുമ്മ അകത്തുപോയി തകരപ്പെട്ടിയിലുണ്ടായിരുന്ന നാണയത്തുട്ടുകൾ എണ്ണിനോക്കി. ആകെ മൂന്ന്‌ രൂപയുണ്ട്‌. റേഷനരി വാങ്ങണമെങ്കിൽ പതിനെട്ട്‌ രൂപ വേണം. കഴിഞ്ഞാഴ്‌ചയും റേഷനരി വാങ്ങിച്ചില്ലെന്ന്‌ വേദനയോടെ ഓർത്തു. ഈ ആഴ്‌ചയും വാങ്ങിയില്ലെങ്കിൽ പട്ടിണി കിടക്കുകയേ നിവൃത്തിയുളളൂ. ഓർത്തിരിക്കെ പാത്തുമ്മയിൽനിന്നും ദീർഘനിശ്വാസമുയർന്നു. ജമീല അകത്തെ ഇരുട്ട്‌ മുറിയിൽ തനിച്ചിരിക്കുകയാണെന്നോർത്തപ്പോൾ ഒരുതരം നിർവികാരതയാണ്‌ തോന്നിയത്‌. ജമീലയെ അങ്ങനെ കാണുവാൻ തുടങ്ങിയിട്ട്‌ നാളുകളായി. അകത്തെ ഇരുട്ടുമായി അവൾ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജമീലയുടെ ചൈതന്യം വാർന്നുപോയ മുഖവും തിളക്കം നഷ്‌ടപ്പെട്ട കണ്ണുകളും ഒരു മൃതശരീരത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. ചിരിയും കളിയും എല്ലാം എന്നേ മറന്നിരിക്കുന്നു. ചുണ്ടിൽ നിന്നും വാക്കുകൾ ചിതറി വീഴുന്നത്‌ ഒരു ഓർമ്മയായി മാറിയിരിക്കുന്നു. ജമീലയെപ്പറ്റി ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട. അവളുടെ അവസ്ഥ അങ്ങനെയാണ്‌.

ഭാവിയെപ്പറ്റി ഓർത്തപ്പോൾ പാത്തുമ്മയുടെ ഉളളിൽ ഇരുട്ട്‌ നിറഞ്ഞു. റംലമോൾ വളർന്നിട്ട്‌ വേണം ഒരു തുണയാകാൻ. പക്ഷെ അവളും ഒരു പെണ്ണാണെന്നോർത്തപ്പോൾ ഉളളം പിടഞ്ഞു. ആകെകൂടിയുണ്ടായിരുന്ന സമ്പാദ്യം അൻപത്‌ സെന്റ്‌ ഭൂമിയും ഒരു ചെറ്റപ്പുരയുമായിരുന്നു. ജമീലയുടെ നിക്കാഹിന്‌ വേണ്ടി ഇരുപത്‌ സെന്റ്‌ ഭൂമി വിറ്റ്‌ സ്വർണ്ണം വാങ്ങി. കിട്ടാവുന്നേടത്ത്‌ നിന്നൊക്കെ വാങ്ങി. എന്നിട്ടും കൊടുക്കാൻ കഴിഞ്ഞില്ല. ബാക്കി കുറേശ്ശെ കൊടുത്ത്‌ തീർക്കാമെന്ന കരാറിലാണ്‌ നിക്കാഹ്‌ നടത്തിയത്‌. ഒരു വലിയ ഭാരം ഇറക്കിവെച്ച ആശ്വാസമായിരുന്നു പാത്തുമ്മയ്‌ക്ക്‌. ഇനി പട്ടിണി കിടന്നാലും സാരമില്ല. മനസ്സമാധാനത്തോടെ കിടന്നുറങ്ങാം. ജമീലയും കുടുംബവും സുഖമായി കഴിയുന്നുവെന്നറിഞ്ഞാൽ മാത്രം മതി. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌കൊണ്ട്‌ ഒരുനാൾ ജമീല കൈക്കുഞ്ഞുമായി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കടന്നു വന്നു.

“ന്താ മോളേ?”

“ഞായിനി പോന്നില്ലുമ്മാ. എനക്ക്‌ ബയ്യ കൊടുക്കാൻ പറഞ്ഞ പൊന്നില്ലാതെ അങ്ങോട്ട്‌ പോവ്വാൻ. ഗതീല്ലേങ്കില്‌ ഉമ്മേന്തിനാ എന്നെ കെട്ടിച്ചയച്ചത്‌” ആ വാക്കുകൾ മുൾമുനകളായി പാത്തുമ്മയുടെ ഉളളിൽ തറച്ചു. ചോര കിനിഞ്ഞു.

“ഓരോ ദെവസൂം ഞാനെങ്ങന്യാ കയിച്ച്‌ കൂട്ടുന്നതെന്ന്‌ ഉമ്മയ്‌ക്ക്‌ വല്ല ബിജാരോണ്ടൊ? തല്ലും കുത്തും മാത്രാണെങ്കിൽ സയിക്കാമായിരുന്നു. ഉമ്മേനേം മയ്യിത്തായ ഉപ്പേനേം ഒക്കെ ബായി പറേന്നത്‌ കേക്കുമ്പോ സയിക്കാൻ പറ്റുന്നില്ലുമ്മാ”

ഒന്നും പറയാനാകാതെ പാത്തുമ്മ ദൂരേക്ക്‌ നോട്ടമെറിഞ്ഞ്‌ കൊണ്ട്‌ നിന്നു.

ഒന്നു നിർത്തി ജമീല കണ്ണുകൾ തുടച്ചുകൊണ്ട്‌ തുടർന്നു.

“ഒന്നും ഉമ്മയെ അറിയിക്കാതെയാണ്‌ ഇതുവരെ ഞാൻ കയിഞ്ഞത്‌. ഇനി ബയ്യെനിക്ക്‌.”

“ഞാനെന്താ വേണ്ടത്‌ ജമീലാ. ണ്ടായിട്ട്‌ തരാത്തല്ലല്ലോ. ഇന്റെ മാപ്ലക്കറിഞ്ഞൂടെ ഈടത്തെ സ്ഥിതിയൊക്കെ.”

“പൊന്നില്ലാതെ എനി ഞാനങ്ങോട്ട്‌ പോവൂല്ല. എന്നെ കൊന്നാലും ബേണ്ടില്ല.”

സഹനം മുറഞ്ഞപ്പോൾ ജമീല ഏങ്ങലടിച്ചു. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പാത്തുമ്മ കുഴങ്ങി.

“നീ ബേജാറാവാണ്ടിരി. ഞമ്മക്കെന്തെങ്കിലും ബയ്യിണ്ടാക്കാം.”

സംയമനം പാലിച്ച്‌ കൊണ്ട്‌ പാത്തുമ്മ തെല്ലൊരാലോചനയ്‌ക്ക്‌ ശേഷം മറുപടി കൊടുത്തു. ആ വാക്കുകൾ നൽകിയ പ്രത്യാശകളിൽ അഭയം തേടി ജമീല സങ്കടം കടിച്ചമർത്താൻ ശ്രമിച്ചു.

ഏറെ കണക്കുകൂട്ടലിന്‌ ശേഷം പാത്തുമ്മ പുരയിടത്തിൽ നിന്നും പത്ത്‌ സെന്റ്‌ ഭൂമി വിറ്റ്‌ ജമീലയ്‌ക്ക്‌ കൊടുക്കാൻ പറഞ്ഞ സ്വർണ്ണം നൽകി. ഇനി ജമീലയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കാണേണ്ടി വരില്ല.

നിനച്ചിരിക്കാതെ കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത്‌ കുടപിടിച്ചിട്ടും പാതി നനഞ്ഞൊലിച്ച്‌ റംലമോളെയും കൂട്ടി ജമീല വീണ്ടും പടി കയറി വന്നു. അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ട്‌ പരിഭ്രമിച്ചു. വിതുമ്പലടക്കാൻ പാടുപെട്ടുകൊണ്ട്‌ വിറപൂണ്ട ചുണ്ടുകളോടെ ജമീല പറഞ്ഞു. “കുഞ്ഞിരെ ഉപ്പ ബേറെ പെണ്ണുകെട്ടി. ബെല്ല്യ പണക്കാരത്തിയാ ഞാനിനി പോന്നില്ലുമ്മാ! എനിക്ക്‌ ബയ്യ ആടെ പൊറുക്കാൻ.”

“പടച്ചോനെ”

“പടച്ചോനൊന്നും ഞമ്മ ബിളിച്ചാൽ കേക്കില്ലുമ്മാ. ഇപ്പോ അയ്യാളുടെ കൂടാ പടച്ചോൻപോലും.”

ജമീലയുടെ അമർഷം മുറ്റിനിന്ന വാക്കുകൾ കേട്ടപ്പോൾ പാത്തുമ്മയ്‌ക്ക്‌ ഒന്നും പറയാൻ തോന്നിയില്ല. ജമീല സാരിത്തലപ്പു കൊണ്ട്‌ റംലമോളുടെ തല തുവർത്തുമ്പോൾ സകല നിയന്ത്രണങ്ങളും തകർന്നുപോയി. അവൾ റംലമോളെ ചേർത്തണച്ചുകൊണ്ട്‌ പൊട്ടിക്കരഞ്ഞു. അത്‌ കണ്ടപ്പോൾ പാത്തുമ്മയുടെ കണ്ണുകളും നിറഞ്ഞ്‌ തുളുമ്പി….

മുറിയിൽ നിന്നും ജമീല മെല്ലെ എഴുന്നേറ്റ്‌ ഇറയത്തേക്ക്‌ വരുന്നത്‌ കണ്ടു. വിട്ടത്തിൽ തൂക്കിയിട്ടിരിക്കുന്ന പക്ഷിക്കൂട്ടിലാണ്‌ അവളുടെ ശ്രദ്ധ. അവളെ കണ്ടപ്പോൾ പക്ഷികൾ പൂർവ്വാധികം ഉച്ചത്തിൽ ചിലച്ച്‌ ബഹളം കൂട്ടി. അവൾ എന്താണ്‌ ചെയ്യുന്നതെന്നറിയാൻ പാത്തുമ്മ ജിജ്ഞാസയോടെ കാത്തിരുന്നു. ജമീല കൂടുതുറന്ന്‌ അതിന്റെയുളളിൽ കൈയ്യിട്ട്‌ ഒരുപക്ഷിയെ പുറത്തേക്കെടുത്ത്‌ ഉമ്മ വെച്ചു. പിന്നെ അതിനെ സ്വതന്ത്രമായി പറക്കാൻ അനുവദിച്ചു. അത്‌ ചിറകടിച്ച്‌ സന്തോഷത്തോടെ പറന്നകലുന്നത്‌ കാണുമ്പോൾ ജമീലയിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയരുന്നതും മുഖത്ത്‌ പ്രകാശം പരക്കുന്നതും കണ്ടു. ഇതുവരെ തീറ്റകൊടുത്ത്‌ പോറ്റിയ പക്ഷികളാണ്‌. പാത്തുമ്മയ്‌ക്കും അവയോട്‌ വല്ലാത്ത ഒരു അടുപ്പമായിരുന്നു. പക്ഷികൾ പറന്നകന്ന്‌ പോവുന്നത്‌ കാണുമ്പോൾ പാത്തുമ്മയ്‌ക്ക്‌ നഷ്‌ടബോധം തോന്നി. ജമീല കൂട്‌ തുറന്ന്‌ എല്ലാ പക്ഷികളെയും പറന്ന്‌ പോകാൻ അനുവദിക്കുന്നതു കണ്ടപ്പോൾ പാത്തുമ്മ അരിശത്തോടെ ചോദിച്ചു.

“ന്താ ജമീലാ അനക്ക്‌ പ്‌രാന്തുണ്ടോ?”

“പാറിപ്പോയ്‌ക്കോട്ടെ ഉമ്മ. ന്തിനാ വെറുതെ കൂട്ടിലിടുന്നത്‌. പാവം പക്ഷികൾ.”

Generated from archived content: iruttu.html Author: madikkai_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎഴുത്തുകാരന്റെ മനസ്സും ബാധ്യതകളും
Next articleഇഷ്‌ടം
കാസർഗോഡ്‌ ജില്ലയിലെ മടിക്കൈ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.എം. കുഞ്ഞിക്കണ്ണൻ. അമ്മഃ കെ.എം. കുഞ്ഞിപ്പെണ്ണ്‌. ആനുകാലികങ്ങളിൽ കഥകളും നോവലെറ്റുകളും നോവലുകളും എഴുതുന്നു. ആദ്യകൃതി ‘രാവിന്റെ മാറിൽ’ സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിക്കുന്നു (അച്ചടിയിൽ). ഇപ്പോൾ നീലേശ്വരത്ത്‌ സ്‌ഥിരതാമസം. വിലാസംഃ പടിഞ്ഞാറ്റംകൊഴുവൽ നീലേശ്വരം - 671 314 കാസർഗോഡ്‌ ജില്ല.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here