വെളിച്ചപ്പാടിന്റെ വെളിപാടുകള്‍

ലോക വിശേഷങ്ങള്‍ അറിയാനുള്ള ജിജ്ഞാസകൊണ്ട് , എല്ലാ സാധാരണ പൗരന്മാരേയും പോലെ സ്കൂള്‍ വിദ്യാഭ്യാസകാലം മുതലേ വിവിധ നിലപാടുകള്‍ സ്വീകരിക്കുന്ന ഒന്നിലധികം ദിനപത്രങ്ങളും ചില സാഹിത്യവാരികകളും വായിക്കുന്നതില്‍ എനിക്ക് അതീവ താത്പര്യമുണ്ടായിരുന്നു.

ഇവര്‍ക്ക് എവിടുന്നാണ് ഈ വാര്‍ത്തകള്‍ ലഭിക്കുന്നത്, ഇവരുടെ ചാരന്മാര്‍ എല്ലാ മുക്കിലും മൂലയിലും പതിയിരിക്കുന്നുണ്ടോ? പത്രങ്ങളില്ലെങ്കില്‍ ഇതൊക്കെ എങ്ങിനെ നാമറിയും എന്നൊക്കെ അത്ഭുതപ്പെട്ടിരുന്നു.

നാലാം എസ്റ്റേറ്റ്!

ആരേയും പേടിക്കാതെ എന്തിനേപ്പറ്റിയും അഭിപ്രായം പറയാനും ഭരണാധികാരികളേപ്പോലും കയറി ഭരിക്കാനും എവിടേയും അനുവാദം ചോദിക്കാതെ കയറിച്ചെല്ലാനും അവകാശമുള്ളവര്‍. അവിടെ ഞാനും എന്നെങ്കിലും കയറി പറ്റുമെന്നോ അതിന്റെ ഭാഗമാകുമെന്നോ, ആ രംഗത്തെ അടുത്തറിയുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതേയില്ല. അതിനു കല്‍പ്പിച്ചിരുന്ന സ്ഥാനം എത്രയോ ഉയരത്തിലായിരുന്നു. പക്ഷെ അവിടെ എത്തിച്ചേര്‍ന്നപ്പോള്‍ ആ ഉയരം ദൂരെ നിന്നു നോക്കി കാണുന്നവര്‍ക്കുള്ളതാണ്, അതില്‍ കയറുന്നവര്‍ക്കുള്ളതല്ലെന്ന തിരിച്ചറിഞ്ഞു.

നമ്മുടെയൊക്കെ ജീവിതം ഒരു ഡയറി പോലെയാണ്. അതില്‍ ഒരു കാര്യം എഴുതാന്‍ ഉദ്ദേശിക്കുന്നു .പക്ഷെ മറ്റൊന്നാണ് എഴുതേണ്ടി വരുന്നത്. എന്തെഴുതാന്‍ ആഗ്രഹിച്ചിരുന്നോ അതുമായി എഴുതി വച്ചതിനെ താരതമ്യപ്പെടുത്തുമ്പോഴാണ് ആ നിമിഷങ്ങള്‍ ദു:ഖകരമായി മാറുന്നത് .

നദികളേ പോലെയാണ് മനുഷ്യരും. ഏറ്റവും പ്രസിദ്ധരായവര്‍ നമുക്ക് എപ്പോഴും യോജിക്കാവുന്നവരോ , ഒന്നിച്ചു ജീവിക്കാന്‍ കൊള്ളാവുന്നവരോ അല്ല.

പ്രശസ്തിയുടെ വിശാലമായ മുറി മലര്‍ക്കെ തുറന്നു കിടക്കുന്നു. അവിടെ എപ്പോഴും വലിയ തിരക്കായിരിക്കും. ചിലര്‍ ‘ ഉന്തുക’ എന്ന വാതിലിലൂടെ അകത്തു കടക്കും. ചിലര്‍ ‘ വലിക്കുക’ എന്ന വാതിലിലൂടെ പുറത്തു പോവുകയും ചെയ്യും.

ഒരാള്‍ പൊതുജനത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതോടെ താനൊരു പൊതു സ്വത്തായി മാറുകയാണെന്നു കൂടി മനസിലാക്കണം.

ഒരു പ്രസ്ഥാനം ആരംഭിക്കാനും അതിനെ വളര്‍ത്തി വലുതാക്കാനും ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്നവര്‍ അതു വളര്‍ന്നു വലുതായി കഴിയുമ്പോള്‍ പുറത്താക്കപ്പെടുന്നതായാണ് കണ്ടു വരാറുള്ളത് . അതിന്റെ സദ്ഫലങ്ങള്‍ മൂത്തു പഴുക്കുമ്പോള്‍ അതു പറിച്ചെടുത്ത് വയറു നിറക്കാനും വിറ്റു കാശാക്കാനും , വേറെ ചിലരെത്തും . അവരാണ് അതിന്റെ ഉപജ്ഞാതാക്കളെന്ന മട്ടില്‍, ഒച്ചയും ബഹളവും ഉണ്ടാക്കി വിലസുകയും കയ്യിട്ടു വാരുകയും ചെയ്യും.

കൊളംബസ് തന്നെ സൂര്യോദയം കാണിക്കാന്‍ ആരോടോ ആവശ്യപ്പെട്ടു. ആരോ അതു കാണിച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹം അങ്ങോട്ടു തന്നെ കപ്പലോടിച്ച് അങ്ങകലെയുള്ള അമേരിക്ക കണ്ടു പിടിച്ചു. അതിന് അവര്‍ അദ്ദേഹത്തെ ജയിലില്‍ പിടിച്ചിട്ടു. ചങ്ങല അദ്ദേഹത്തിന്റെ കാലില്‍ മുറിവുണ്ടാക്കി. എന്നിട്ട് അവര്‍ അമേരിക്കക്ക് മറ്റാരുടേയോ പേരു നല്‍കുകയും ചെയ്തു.

പശുവിനെ തീറ്റ കൊടുത്ത് സംരക്ഷിക്കുന്നതിനേക്കാള്‍ എളുപ്പം പാല്‍ വില കൊടുത്തു വാങ്ങുന്നതാണെന്ന തത്ത്വമനുസരിച്ച് , കടകളില്‍ നിന്ന് പാലോ ഇറച്ചിയോ വാങ്ങുന്നതു പോലെയാണ് പൊതുജനങ്ങള്‍ വില കുറഞ്ഞതു തന്നെ നോക്കി അഭിപ്രായങ്ങളും വാങ്ങുന്നത്.

വിദ്യാഭ്യാസം ഇവിടെ എഴുതാനും വായിക്കാനും കഴിയുന്ന വലിയൊരു ജനതയെ സൃഷ്ടിച്ചു . എന്നാല്‍ എന്താണ് വായിക്കാന്‍ കൊള്ളാവുന്നതെന്ന തിരിച്ചറിവ് ഉണ്ടാക്കിയില്ല. ചില നേരങ്ങളില്‍, ചില ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി , നമ്മള്‍ അറിവുകളും അനുഭവങ്ങളും മറക്കുന്നു. ഒരു തരത്തില്‍ പറയുകയും മറ്റു തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എല്ലാ പാഠങ്ങളേക്കാളും വലുത് അനുഭവമാണ്. നാളെ ഒരു ശത്രുവായി മാറുമെന്ന് കരുതികൊണ്ട് ‘ മിത്ര’ ങ്ങളുമായി ഇന്ന് ഇടപെട്ടാല്‍ മതി.

എല്ലാ ചോദ്യങ്ങളും മറുപടി ആവശ്യപ്പെടുന്നില്ല. ഒരേ ചെരുപ്പു തന്നെ എല്ലാവരുടേയും പാദങ്ങള്‍ക്കു ചേരുകയില്ലല്ലോ.

പണം മാത്രമാണ് ലോകത്തെ മുഴുവന്‍ ചലിപ്പിക്കുന്നതെന്നു ധരിക്കുന്നവരുണ്ട്. അതുണ്ടാക്കാന്‍ വേണ്ടി അവര്‍ എന്ത് അന്യായങ്ങളും പ്രവര്‍ത്തിക്കും. ഇന്നു സ്തുതിക്കുന്നവര്‍ നാളെ വിഷമിച്ചിരിക്കുമ്പോള്‍ സ്തുതിച്ചില്ലെന്നു വരും. കയ്യില്‍ പണമുള്ളപ്പോള്‍ ധാരാളം സുഹൃത്തുക്കള്‍ എത്തും. പണമില്ലെങ്കില്‍ അവരാരും സഹായിക്കാന്‍ വരികയില്ല.

എല്ലാവരും ലോകത്തിന്റെ വിസ്തൃതിയായി കാണുന്നത് സ്വന്തം വിസ്തൃതിയെയാണ്. കവിത എഴുതുന്ന കവിയും പഴം വില്‍ക്കുന്ന വഴിവാണിഭക്കാരനും തോക്കു നിര്‍മ്മിക്കുന്ന ഫാക്ടറിക്കാരനും വിധി പറയുന്ന ജഡ്ജിയും അതില്‍ നിന്നൊക്കെ വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറയും.

‘ ഇതെന്റെ ചോറാണ്’ എന്നു മാത്രമാണ് അവര്‍ക്കു മറുപടി പറയാനുള്ളത്.

വഞ്ചന കൊണ്ട് ഒരു സുഹൃത്തിനേയോ, കാപട്യം കൊണ്ട് മാന്യതയേയോ അന്യനാശം കൊണ്ട് ഐശ്വര്യത്തേയോ, ബുദ്ധിമുട്ടില്ലാതെ വിദ്യയേയോ , ബലാത്സംഗം കൊണ്ട് സ്ത്രീയേയോ വശത്താക്കാമെന്നു ധരിക്കുന്നവര്‍ വിഡ്ഢികളാണ്.

വിഡ്ഢികള്‍ സ്തുതിക്കുന്നു. വിവരമുള്ളവര്‍ അംഗീകരിക്കുക മാത്രം ചെയ്യുന്നു. ചിലര്‍ രാത്രിയില്‍ കുറ്റപ്പെടുത്തുന്നതിനെ രാവിലെ സ്തുതിക്കും. അവസാനം പറയുന്നതാണ് ശരിയെന്നത് ഭാവിക്കുകയും ചെയ്യും. ആവശ്യക്കാരന് ഔചത്യമില്ലെന്നു കേട്ടിട്ടില്ലേ? അങ്ങനെയുള്ളവര്‍ എന്നെങ്കിലും കീഴടങ്ങാതിരിക്കില്ല.

ജനങ്ങളുടെ സ്നേഹാദരങ്ങളും വിശ്വാസവും പിടിച്ചു പറ്റിയ ഒരാള്‍ അവരുടെ പൊതു സ്വത്തായി മാറുകയാണ്. രാഷ്ട്രീയക്കാരും എഴുത്തുകാരും പത്രക്കാരും സിനിമാക്കാരുമൊക്കെ പൊതു സ്വത്തുക്കളാണ്. അവരെ സ്തുതിക്കുന്നതോടൊപ്പം വിമര്‍ശിക്കാനുമുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്.

ഇവിടെ രണ്ടു ജാതികളേയുള്ളു- പെരുവയറന്മാ‍രും , വയറൊട്ടിയവരും. രണ്ടു താല്‍പ്പര്യങ്ങളേയുള്ളു ഭക്ഷിക്കുകയോ, ഭക്ഷിക്കപ്പെടുകയോ ചെയ്യുക.

കഴിഞ്ഞ രാത്രിയില്‍ എഴുതിയ കത്തുകള്‍ അടുത്ത വെളുപ്പിനു കത്തിച്ചു കളയുന്നവരാണ് ധനവാന്മാരാകുന്നത്. പക്ഷെ അവര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ സന്തോഷമോ സമാധാനമോ ലഭിക്കുകയില്ല. കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമാകണമെന്നില്ല അടുത്ത ദിവസം.

സത്യം പറയാനുള്ള കടപ്പാടും അവകാശവും ഒരു എഴുത്തുകാരനുണ്ട്. പത്രകച്ചവടക്കാരേയും അതില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നുണ്ടോ? അവരുടെ കാര്യങ്ങളും അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ലേ? പുസ്തകം മനുഷ്യനല്ലായിരിക്കാം. പക്ഷെ അതിനും ജീവനുണ്ട്. അതിനു ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിവുണ്ട് . അതു മനുഷ്യന്റെ സ്മരണകളും അഭിലാഷങ്ങളും പ്രതിരോധവുമാണ്. അവന്റെ ഇന്നും ഇന്നലെയും തമ്മിലുള്ള ബന്ധവും , സൃഷ്ടിക്കുള്ള ഉപകരണവുമാണ്. അതുകൊണ്ടാണല്ലോ മഹാത്മാ‍ഗാന്ധിയും , ഹിറ്റ്ലറും , ടോള്‍സ്റ്റോയിയും , ടാഗോറും, ചങ്ങമ്പുഴയും , ത്യാഗരാജഭാഗവതരും, കായംകുളം കൊച്ചുണ്ണിയും , മര്‍ലിന്‍ മണ്‍ട്രോയും , ഡയാന രാജകുമാരിയും , ഇന്ദിരാഗാന്ധിയും ഒരു പോലെ എഴുത്തുകാര്‍ക്ക് വിഷയീഭവിക്കുന്നത്.

എന്റെ മനസ്സും ഈ പുസ്തകവും തമ്മില്‍ ഒട്ടും അകലമില്ല. ഒരു സൈറന്റെ മുഴക്കത്തിനും കുറുക്കന്റെ ഓലിയിടലിനും മുതലയുടെ കണ്ണുനീരിനും ഞാ‍ന്‍ വഴങ്ങുകയില്ല. എന്റെ സമരങ്ങളെക്കുറിച്ച് ഞാനൊട്ടും വ്യാകുലപ്പെടുന്നുമില്ല . വ്യാകുലപ്പെട്ടാല്‍ സത്യം പറയാനാവില്ലല്ലോ.

പ്രസാധനം :ഇന്‍സൈറ്റ് പബ്ലിക്ക,

നടക്കാവ് ,

കോഴിക്കോട്,

കേരള

ഫോണ്‍ :0495 – 4020666

Generated from archived content: essay1_oct8_12.html Author: madhu_vaipana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here