കോൽക്കളിയിലെ പയ്യന്നൂർക്കഥകളിലൂടെ…

അഭിമുഖം ഃ എടവലത്ത്‌ കുഞ്ഞിക്കണ്ണപ്പൊതുവാൾ

പയ്യന്നൂർക്കോൽക്കളിയുടെ ആചാര്യൻ എന്നു വിളിക്കാവുന്ന ആൾ.

തയ്യാറാക്കിയത്‌ഃ കെ.വി.മധു.

പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിനടുത്ത്‌ എടവലത്ത്‌ വീട്ടിൽ കോലടിനാദങ്ങളുടെ ഓർമകളുമായി ഒരു മനസ്സുണ്ട്‌. കോലടിക്കോലുകൾ കൈയ്യിൽക്കിട്ടിയാൽ ഇപ്പോഴും താളാത്മകമായി അടിച്ചുപോകുന്ന രണ്ട്‌ കൈകളും, പ്രായത്തിന്റെ അസ്‌കിതയിലും താളത്തിനൊത്തു ചുവടുവച്ചു പോകുന്ന ശരീരവുമായി ഒരാൾ.

വീട്ടിലേക്കു കയറുമ്പോൾ ചുവരിൽ ഫ്രെയിം ചെയ്‌തു വച്ചിട്ടുളള രണ്ടു കോലടിക്കോലുകൾ തന്നെ നമുക്കു പറഞ്ഞു തരും എടവലത്തു കുഞ്ഞിക്കണ്ണപ്പൊതുവാളിനെപ്പറ്റി അഥവാ പയ്യന്നൂർ കോൽക്കളിയെപ്പറ്റി. അതെ പയ്യന്നൂർ കോൽക്കളിയുടെ ആചാര്യ സ്‌ഥാനത്ത്‌ ഇന്ന്‌ അദ്ദേഹം മാത്രം.

കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഉണരുന്ന ചടുല താളങ്ങൾ, ദ്രുതവേഗത്തിലുളള കോലടികൾ…

പയ്യന്നൂർ കോൽക്കളി, ചടുല നടനത്തിന്റെയും കൂടി ആവിഷ്‌കാരമാകാറുണ്ട്‌ പലപ്പോഴും.

കോൽക്കളിയിലെ കല മുതൽ മെയ്യഭ്യാസം വരെയുളള സാധ്യതകളെയും ചരിത്രത്തെയും പറ്റി അദ്ദേഹം പറയുന്നു.

“കലാരംഗത്ത്‌ വിദഗ്‌ദനായ ഒരാൾ പണ്ടൊരിക്കൽ എന്നോട്‌ ചോദിച്ചിരുന്നു ഇതിലെന്താണ്‌ കലയുളളതെന്ന്‌. കുറേക്കാലത്തിന്‌ ശേഷം ഞാൻ പഠിപ്പിച്ച ആദ്യത്തെ കളി അരങ്ങേറിയപ്പോൾ അദ്ദേഹവും കാണാൻ വന്നിരുന്നു. കളി കഴിഞ്ഞ്‌ എന്റെടുക്കൽ വന്ന്‌ കെട്ടിപ്പിടിച്ച്‌ അദ്ദേഹം പറഞ്ഞു ‘മച്ചുനിയാ ഏറ്റവും നല്ല കലയാണിത്‌ പിന്നെ കുറെ അഭിനന്ദനങ്ങളും”

ഒരു കർഷക കുടുംബത്തിൽ വണ്ണാടിൽ രാമപ്പൊതുവാളിന്റെയും എടവലത്ത്‌ കുഞ്ഞിച്ചിരിയുടേയും മകനായി 1919-ലാണ്‌ കുഞ്ഞിക്കണ്ണൻ ജനിച്ചത്‌. കല്ലാടിക്കല്ലാവളപ്പിൽ കോമൻ കുരിക്കളുടെയും പകത്തിടത്തിൽ ചിണ്ടൻ കുരിക്കളുടെയും ശിക്ഷണത്തിൽ 14-​‍ാം വയസ്സിൽ തുടങ്ങിയതാണ്‌ കളി. 31-​‍ാം വയസ്സിൽ പഠിപ്പിക്കാനും തുടങ്ങി.

1973-ൽ കുഞ്ഞിക്കണ്ണപൊതുവാളും സംഘവും അതുവരെ പയ്യന്നൂരും പരിസരങ്ങളിലും മാത്രം ഒതുങ്ങിനിന്ന പയ്യന്നൂർ കോൽക്കളിയുമായി മദിരാശിയിലെത്തി. പിന്നെ കുറെ യാത്രകൾ. കളികൾ… കുറേക്കാലം കർണാടകത്തിലെ അരങ്ങുകളിൽ….. മദിരാശി അടയാർ കലാക്ഷേത്രത്തിൽ.

കോലടിയുടെ ആരംഭത്തെപറ്റിയുളള ഐതിഹ്യത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നു….

“വൃന്ദാവനത്തിൽ കേളിയാടവേ അമ്പാടിക്കണ്ണനാരംഭിച്ച കോൽക്കളി ദ്രോണർ അസ്‌ത്രവിദ്യയിൽ വിനോദമെന്ന നിലയിൽ കുരു-പാണ്ഡവരെ പഠിപ്പിച്ചു. പുത്രനായ അശ്വത്ഥാമാവിനെ കീഴ്‌കുരുക്കളാക്കി അവരോധിച്ച്‌ അദ്ദേഹത്തിന്‌ പറഞ്ഞു കൊടുത്തു. കോൽക്കളി നടപ്പിലായശേഷം ഏതെങ്കിലും ഗാനരചയിതാവ്‌ തന്റെ ഭാവനയിൽ മെനഞ്ഞതാവാം ഈ കഥയെല്ലാം. അല്ലാതെ ഇതിന്‌ യഥാർത്ഥമായ സാധ്യത തീരെയില്ലല്ലോ?”

നമ്മുടെ സംസ്‌ക്കാരത്തിന്റെ ആധാരശിലകളായ നാടോടിക്കലകളിൽ ഉത്തരകേരളത്തിൽ ആര്യദ്രാവിഡ സംഗമത്തിലെ അധ്യായങ്ങളത്രെ പൂരക്കളി, കോൽക്കളി തുടങ്ങിയവ. ഇതിൽ കോൽക്കളിക്ക്‌ കമ്പുകളി, കമ്പടിക്കളി, കോലാട്ടം എന്നിങ്ങനെയെല്ലാം പേരുണ്ട്‌. കേരളത്തിലങ്ങിങ്ങായി ഹരിജനങ്ങളാണ്‌ ഇത്‌ കൊണ്ട്‌ നടന്നിരുന്നതെന്നു പറയപ്പെടുന്നു. അങ്ങനെ അവർക്കിടയിൽ പ്രചാരത്തിലുളള ഒരു കഥയും കുഞ്ഞിക്കണ്ണപ്പൊതുവാൾ പറയുന്നു.

“അതായത്‌ പാണ്ഡവർ അജ്ഞാത വാസത്തിലായിരുന്ന കാലത്ത്‌ കഷ്‌ടതകൾ മറക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ്‌ കോൽക്കളി എന്നതാണ്‌ ആ കഥ”

കായികാഭ്യാസത്തിന്റെ ഉറവിടമായ വടക്കൻ കേരളത്തിൽ നിന്നും നാടൻ കലകൾക്ക്‌ ലഭിച്ച ഒരു മികച്ച സംഭാവനയാണ്‌ പയ്യന്നൂർ കോൽക്കളി. ഒരു കാലത്ത്‌ പൊതുവാൾ സമുദായത്തിലുളളവർ മാത്രം കൊണ്ടുനടന്നിരുന്നതാണീ കളി. എന്നാൽ ഇന്ന്‌ അങ്ങനെയൊരു പരിമിതപ്പെടുത്തൽ നിലവിലില്ല.

താളാത്മകമായ കോലടിനാദം പയ്യന്നൂരിനിന്നും ലഹരിയാണ്‌. അതുകൊണ്ടു തന്നെയാണ്‌ പയ്യന്നൂർ കോൽക്കളി ഇന്നും വ്യത്യസ്‌തതയോടെ നിലനിൽക്കുന്നതും. പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമീക്ഷേത്രമതിൽക്കെട്ടിനകത്തു തുടക്കമിട്ടതാണീ കളി. ക്ഷേത്രപുനർനിർമാണത്തിന്‌ ശേഷം നടത്തിയ പ്രതിഷ്‌ഠാകലശത്തെ അനുസ്മരിച്ച്‌ ആനിടിൽ രാമൻ എഴുത്തച്ഛൻ രചിച്ച കലശപ്പാട്ടിൽ ഇതിന്റെ സൂചനയുണ്ട്‌. ഇന്നും പയ്യന്നൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഈ പ്രത്യേക കോൽക്കളി പഠിപ്പിക്കുന്ന കളരികളുണ്ട്‌. പൊതുവാൾ പറയുന്നു.

“പയ്യന്നൂർ ആദി കളരിയിൽ വച്ചാണിതിന്റെ ഉൽഭവം. ആ കളരിക്ക്‌ പയ്യന്നൂർ അമ്പലത്തിന്റെയത്രയും പഴക്കമുണ്ടാകണം, ആ സ്‌ഥാനത്താണ്‌ ഇന്നത്തെ ’കലോദയകളരി‘.”

പയ്യന്നൂർ കോൽക്കളി വ്യത്യസ്‌തമായി നിൽക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹത്തിന്‌ പറയാനുണ്ട്‌.

“പയ്യന്നൂർ കോൽക്കളിയിൽ കളരിപ്പയറ്റിന്റെ സ്വാധീനം ഏറെയുണ്ട്‌. വൈവിധ്യമാർന്ന 50-ഓളം കളികളുണ്ട്‌. ആയാസം തോന്നുമ്പോൾ അല്പം വിശ്രമം ആവശ്യമുളളവർക്ക്‌ അതിനുതകും മട്ടിലുളള ഇരുന്നുകളിയും. കളിയാശാന്മാർ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌ ചുരുക്കത്തിൽ, പ്രാചീന കേരളത്തിലെ കളരിസംസ്‌കാരം പോലെ പയ്യന്നൂർ പ്രദേശത്ത്‌ ഒരു കോൽക്കളി സംസ്‌കാരം തന്നെ നിലനിൽക്കുന്നുണ്ട്‌ എന്നു പറയാം.

? ഗുരുവിന്റെ സ്‌ഥാനം എത്രമാത്രം പ്രധാനമാണ്‌.

ഗുരുമുഖേന പഠിക്കുന്നതിന്‌ കോൽക്കളിയിൽ നല്ലപ്രാധാന്യമുണ്ട്‌. പ്രത്യേകിച്ച്‌ പയ്യന്നൂർ കോൽക്കളിക്ക്‌ വായ്‌ത്താരിക്കെല്ലാം നല്ല ശ്രദ്ധ വേണം. ശബ്‌ദത്തിന്‌ ആജ്ഞാശക്തി വേണം. അത്‌ ഗുരുവുമായുളള നിരന്തര ബന്ധത്തിലൂടെ മാത്രമേ സ്വായത്തമാക്കാൻ കഴിയൂ. ഒരുതരത്തിൽ ഗുരുകുലസമ്പ്രദായത്തിലുളള എല്ലാ സാധ്യതകളും ഉപയോഗിക്കാവുന്നതാണ്‌.

? ആദ്യകാലത്തെ കളിക്കാർ

അവറോന്നാൻ കുരിക്കളുടെ ശിഷ്യനായ ചൊവ്വാട്ടെ കുരിക്കൾ കായികാഭ്യാസത്തിൽ നിന്ന്‌ ചില ചുവടുകൾ ചേർത്തുകൊണ്ട്‌ ഈ പയ്യന്നൂർ കോൽക്കളി എന്ന പുതിയകളിക്ക്‌ രൂപമുണ്ടാക്കി. കാഞ്ഞങ്ങാട്‌ മുതൽ തളിപ്പറമ്പുവരെ മാത്രമേ പയ്യന്നൂർ കോൽക്കളിനിലവിലുളളൂ

? പാട്ടുകൾ എങ്ങനെയാണ്‌

ആനിടിൽ രാമനെഴുത്തച്ഛനുപയോഗിച്ച കലശപ്പാട്ടാണുപയോഗിക്കുന്നത്‌. പയ്യന്നൂരമ്പലത്തിലെ രണ്ടാമത്തെ ചെമ്പടിച്ച കലാശാട്ടിന്‌ ആദ്യമായി അരങ്ങേറിയ പാട്ടായതു കൊണ്ടാണ്‌ കലശപ്പാട്ടെന്ന്‌ പേരു വന്നത്‌. കളിക്ക്‌ പാടുന്ന ആർക്കും നല്ല സംഗീതബോധമുണ്ടാകണം. ത്രിപുട, ഏക, രൂപകം തുടങ്ങി സ്‌ഥിരമായി ഉപയോഗിക്കേണ്ട ആറോളം താളങ്ങളും കാമോദരി, ഊശാനി, ഭൈരവി തുടങ്ങിയ രാഗങ്ങളും അറിഞ്ഞിരിക്കണം.

? കളിയിൽ കാലത്തിനനുസരിച്ചെന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ.

ഗുരുനാഥന്മാരിൽ നിന്ന്‌ ലഭിച്ചതിലുപരിയായി എൻ കൃഷ്‌ണൻ കുരിക്കളുടെ നിർദ്ദേശപ്രകാരം ഞാൻ കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട്‌ ഇത്‌ താളത്തിനോ, കാലത്തിനോ, കോലിനോ ഭംഗം വരാത്തവിധത്തിലാണ്‌.

? മത്സരങ്ങളിൽ കളിക്കാറില്ലേ.

പയ്യന്നൂർ കോൽക്കളി പലപ്പോഴും മൽസരങ്ങളിൽ നിന്ന്‌ പിന്തളളപ്പെട്ടുപോകാറുണ്ട്‌. അതിന്‌ കാരണവുമുണ്ട്‌. താളനിബദ്ധമായ ഇടമ്പരികളും വായ്‌ത്താരികളുമാണ്‌ പയ്യന്നൂർകോൽക്കളിയുടെ പ്രത്യേകത. പതിഞ്ഞ താളത്തിൽ തുടങ്ങി മുറുകി വരുന്നതാണ്‌ രീതി. എന്നാൽ ദ്രുതതാളത്തിലുളള വിദ്യകൾ മാത്രം കാട്ടി വിധികർത്താക്കളെ കൈയിലെടുത്താണ്‌ ചിലർ സമ്മാനം നേടുന്നത്‌. വിദ്യകൾ കാട്ടി സമ്മാനം നേടാൻ, ശ്രമിക്കുമ്പോൾ പയ്യന്നൂർ കോൽക്കളിയുടെ തനിമയും അതിലൂടെ അതിന്റെ സൗന്ദര്യവുമാണ്‌ നശിച്ചു പോകുന്നത്‌.

? മറ്റുസംഗീതോപകരണങ്ങൾ ഉപയോഗിക്കാറുണ്ടോ.

കർണാടകത്തിൽ പോയപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്‌. അത്‌ നല്ലതുമാണ്‌ മദ്ദളവും മറ്റു കോൽക്കളിയുടെ താളത്തിൽ ലയിപ്പിച്ച്‌ കളിക്കുമ്പോൾ പലപ്പോഴും ആസ്വാദനത്തിന്‌ പുതിയ തലങ്ങൾ നിർമ്മിക്കപ്പെടും. എന്നാൽ അതിനൊരുപാട്‌ ബുദ്ധിമുട്ടുകളുണ്ട്‌. പ്രത്യേകിച്ച്‌ സാമ്പത്തികമായി.

? കോൽക്കളിയിൽ നിന്നുമുളള സാമ്പത്തികലാഭം എങ്ങനെ.

പണ്ടൊക്കെയാണെങ്കിൽ ആറേഴുമാസമെടുത്ത്‌ പഠിപ്പിച്ച്‌ അരങ്ങേറ്റിയാൽ രണ്ട്‌ മുണ്ട്‌ നൂറ്‌ ഉറുപ്പിക. ഇത്രയൊക്കെയെ കിട്ടൂ. ഇന്നാണെങ്കിൽ നാലഞ്ചായിരം രൂപകിട്ടുന്നുണ്ട്‌. കിട്ടണം. കാരണം ഇല്ലെങ്കിൽ കഴിഞ്ഞു കൂടാൻ പറ്റില്ല.

ഇരുപത്തിരണ്ട്‌ അരങ്ങോളം കളികൾ കുഞ്ഞിക്കണ്ണപ്പൊതുവാൾ തുടങ്ങിയിരുന്നു. അതിൽ പതിനൊന്നെണ്ണം പൂർണമായി അരങ്ങേറ്റിയിട്ടുണ്ട്‌. ഇത്‌ ക്ലാസിക്കൽ ക്ഷേത്രകലകളിലൊന്നായി പൂർണമായി അംഗീകരിക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിക്കുന്നു.

ഇന്ന്‌ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ആനുകൂല്യം ലഭിക്കുന്ന ഏകകളിക്കാരനാണ്‌ പൊതുവാൾ 1999-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. പയ്യന്നൂർ കോൽക്കളിയെ ബഹുമാനിച്ച്‌ 1997-ൽ കേരള ഫോക്‌ലോർ അക്കാദമി അംഗീകാരവും ലഭിച്ചു. പയന്നൂരിന്റെ പൈതൃക വീഥിയിലെ ഈ ദീപ്‌തസാന്നിദ്ധ്യം 82-​‍ാം വയസ്സിൽ വിശ്രമജീവിതത്തിലാണ്‌. ഭാര്യ ഭാരതിയും അഞ്ചുമക്കളുമുണ്ട്‌. ഇപ്പോഴും പയ്യന്നൂർ കോൽക്കളിയിൽ പുതിയ തലമുറയ്‌ക്ക്‌ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിക്കൊണ്ട്‌ പൂർണമായ ഇടപെടലിനിടയിൽ കുഞ്ഞിക്കണ്ണപ്പൊതുവാൾ പ്രായത്തെതന്നെ മറന്നുപോകും.

Generated from archived content: payyannur_kol.html Author: madhu_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English