കോതാമൂരിപ്പാട്ടും പാടി….

വടക്കൻ കേരളത്തിലെ പ്രമുഖമായ നാടൻകലയായ ‘കോതാമൂരിയാട്ട’ത്തെക്കുറിച്ച്‌ ഒരു കുറിപ്പ്‌ (തുലാം 10-ന്‌ ഇതു തുടങ്ങുന്നു.)

സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ്‌ നാടൻ കലകൾ. ലോകത്ത്‌ വിവിധങ്ങളായ ഓരോ സംസ്‌കാരത്തിനും തനത്‌ ‘ഫോക്‌’ കലകളുണ്ട്‌. ഫോക്‌ലോർ പഠനങ്ങളുടെ ബാഹുല്യമേറിവരുന്ന ആധുനികകാലത്ത്‌ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന അറിവുകളിൽ പലതും ഒരു കാലഘട്ടത്തിന്റെ നന്മയുമായി ബന്ധപ്പെട്ടതാണ്‌.

ഫോക്‌ലോറിന്റെ വിശാലമായ ലോകത്തേക്ക്‌ ഇറങ്ങിച്ചെല്ലുകയാണെങ്കിൽ അത്‌ നിലനിൽക്കുന്ന ദേശത്തിന്റെയും പോയകാലത്തിന്റെയും ചരിത്രമറിയാൻ കഴിയും. നാടൻ കലകൾക്ക്‌ നാം സ്മാരകങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നയാണല്ലോ ഇപ്പോൾ. ആ കൂട്ടത്തിലേക്ക്‌ ഒന്നുകൂടി, കോതാമൂരിയാട്ടം.

അനുഷ്‌ഠാനകലകൾ അനവധിയുളള വടക്കൻ കേരളം തന്നെയാണ്‌ കോതാമൂരിയാട്ടത്തിന്റെയും ഇടം. താരതമ്യേന അനുഷ്‌ഠാനാംശം കുറഞ്ഞ ഈ കലാരൂപം കന്നിക്കൊയ്‌ത്തിന്‌ ശേഷം തുലാമാസത്തിൽ ആരംഭിക്കുന്നു. പഴയകാലത്ത്‌ കാവുകളിൽ തെയ്യങ്ങൾക്ക്‌ അരങ്ങുണരുമ്പോൾ, അതിന്‌ സമാന്തരമായി കോതാമൂരിപ്പാട്ടുമായി ഒരു വിഭാഗം യാത്രയാരംഭിക്കുന്നു. പാടങ്ങളും വീടുകളും താണ്ടിവരുന്ന മലയവിഭാഗത്തിന്റെ ഈ കലാരൂപത്തെ അന്ന്‌ സമൂഹം ഉറ്റുനോക്കുമായിരുന്നു, കാത്തിരിക്കുമായിരുന്നു. ഇന്ന്‌ കോതാമൂരിയാട്ടം വിസ്‌മൃതിയിലേക്കുളള സഞ്ചാരപഥത്തിലാണ്‌.

കന്നിക്കൊയ്‌ത്തിന്‌ ശേഷം ഗോദാവരിപ്പശുവിന്റെ കോലവുംകെട്ടി (എല്ലാം തികഞ്ഞ പശുവാണിത്‌) ഗുരിക്കൾ, പെടച്ചിഗുരിക്കൾ, പനിയന്മാർ എന്നീ കഥാപാത്രങ്ങളോടുകൂടി വീടുകൾതോറും കയറിയിറങ്ങുന്ന ഉർവ്വരനാടകമാണിത്‌.

‘ഗോദാവരി’-യാണ്‌ ഉച്ചാരണ പരിണാമമുണ്ടായി കോതാമൂരിയായത്‌. കോതാമൂരിയുമായി വീടുകളിലെത്തുന്ന സംഘം പശുവിനെ മുന്നിൽ നിർത്തി കൃഷിസമൃദ്ധി വരുത്തുന്നതിനായുളള ‘ബാലിപാട്ടുകൾ’ പാടും. പഴയക്കാലത്ത്‌ അത്‌ വീടുകൾക്ക്‌ ഐശ്വര്യമായി കരുതിയിരുന്നു. കൃഷിയെ പൊലിച്ചുപാടുന്ന നിരവധി പാട്ടുകൾ അവർ പാടും.

കോലത്തുനാട്ടിലെത്തിയ ചെറുകുന്നത്തമ്മ എന്ന അന്നപൂർണേശ്വരിയുടേയും ഗോദാവരിപ്പശുവിന്റെയും കഥയാണ്‌ പുരാവൃത്തമായി അവതരിപ്പിക്കപ്പെടുക. ഈ പൊതുരൂപത്തിനുപരിയായി, അതിൽ തിരുകിക്കയറ്റുന്ന സമകാലിക പ്രസക്തിയുളള, സാമൂഹികവിമർശനങ്ങൾക്കാണ്‌ പ്രാധാന്യം. ‘പനിയന്മാ’രുടെ പ്രകടനങ്ങൾ ചിരിക്കും ചിന്തക്കും വക നൽകുന്നതാണ്‌. അവരുടെ നർമ-ധർമബോധത്തിനനുസരിച്ച്‌ ആട്ടം രസകരവും വിരസവുമായി മാറും.

തുലാം 10-നാണ്‌ ‘കോതാമൂരിസംഘം’ യാത്രയാരംഭിക്കുക. ഓരോ വീടുകളും കയറിയിറങ്ങി വൈകുന്നേരങ്ങളിൽ താൽക്കാലിക സമാപനം. അടുത്തദിവസം രാവിലെ വീണ്ടും യാത്ര… വീടുകളിൽ നിന്ന്‌ അരിയും മറ്റും അവർക്ക്‌ ലഭിക്കും.

കൃഷിയുടെ വളർച്ചക്ക്‌ വേണ്ട പാട്ട്‌, വിത്തുപൊലിക്കേണ്ട പാട്ട്‌, മാടായിക്കാവുമായി ബന്ധപ്പെട്ട ഒരു പാട്ട്‌ ഇവയൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. കോതാമൂരിപ്പാട്ട്‌ നയിക്കുന്ന സംഘത്തിൽ ആറോളം പേരാണുണ്ടാകുക. ഗുരുക്കളടക്കം.

വീണ്ടുമൊരു തുലാമാസമാണ്‌ മുന്നിലെത്തിയിരിക്കുന്നത്‌. പണ്ടുകാലങ്ങളിൽ രാവിലെ പുറപ്പെടുന്ന ‘കോതാമൂരി സംഘം’ വൈകുന്നേരംവരെ ഊരുചുറ്റി വീടുകൾ കയറിയിറങ്ങുമായിരുന്നു. കാലം മാറിയതോടെ ആഴൊഴിഞ്ഞ വീട്ടുമുറ്റങ്ങളിൽ അവർ പോകാതെയായി. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആസ്വദിക്കാനും ആളില്ലാതായി. ഇപ്പോൾ അപൂർവ്വം ചില സംഘങ്ങൾ മാത്രമാണ്‌ രംഗത്തിറങ്ങുക.

എഴുതപ്പെടാത്ത ചരിത്രങ്ങളിൽ നിന്നും കാലത്തിന്റെ പാട്ടുകൾ കേൾക്കുന്നു. അതിനിടയ്‌ക്ക്‌ സമൃദ്ധിയുടെ പൊലിപ്പാട്ടുകളായി കോതാമൂരിപ്പാട്ടുകളും മുഴങ്ങുന്നു.

Generated from archived content: kothamuri_pattu.html Author: madhu_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English