പ്രതിഷേധത്തിന്റെ കല

ഉപരിവർഗ്ഗത്തിന്റെ അധികാരശക്തിക്കെതിരെ അടിച്ചമർത്തപ്പെടുന്നവന്റെ പ്രതിഷേധ മാധ്യമമായാണ്‌ മിക്ക നാടൻ കലകളും ഉടലെടുത്തിട്ടുളളത്‌. ഫോക്‌ കലകൾ നിർവ്വഹിക്കുന്ന ധർമ്മം ഒരേ സമയം തന്നെ സമകാലികവും സാർവ്വകാലികവുമായി നിലകൊളളുന്നുണ്ട്‌.

അധ്വാനിക്കുന്നവന്റെ ശബ്‌ദം പരുപരുത്തതായിരിക്കും, ചുവടുകൾ കനത്തതാണ്‌. അപ്പോൾ അവന്റെ നൃത്തങ്ങൾ എങ്ങനെയുളളതായിരിക്കും എന്നൂഹിക്കാമല്ലോ. ആ സമൂഹത്തിന്റെ കലകളിലടങ്ങിയിരിക്കുന്ന വൈകാരിക-വൈചാരിക പരിതസ്ഥിതികൾ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. ഇങ്ങനെയൊരന്വേഷണത്തിൽ പ്രഥമസ്ഥാനത്തു നിൽക്കുക ‘പൂരക്കളി’ എന്ന നാടൻ-അനുഷ്‌ഠാനകലയാണ്‌. അറിവ്‌ ഉപരിവർഗ്ഗത്തിന്‌ മാത്രമായി കരുതിയിരുന്ന കാലത്ത്‌ സംസ്‌കൃതത്തെതന്നെ മാധ്യമമാക്കി സാധാരണക്കാരന്റെ പ്രതിഷേധം അണപൊട്ടുകയായിരുന്നു, ‘പൂരക്കളി’യിലൂടെ.

മീനമാസത്തിൽ ‘പൂരോത്സവ’ത്തിന്റെ ഭാഗമായി വടക്കെ മലബാറിൽ ദേവസ്ഥാനങ്ങളെ സജീവമാക്കുന്ന നാടൻകലയാണ്‌ പൂരക്കളി. ഗ്രാമീണതയുടെ ലാളിത്യവും, വിശുദ്ധിയും, സ്വാഭാവികതയും അടങ്ങിയ അടിമുടി നാടകീയമായ ഒരു അനുഷ്‌ഠാനകല. വർഷങ്ങളായി മീനമാസത്തിൽ അവിടെ ക്ഷേത്രമുറ്റങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന ഒരു പണിക്കരുടെ ശബ്‌ദമുണ്ട്‌. ബാലകൃഷ്‌ണപ്പണിക്കർ. വർഷങ്ങൾക്ക്‌ മുമ്പ്‌ പതിനാറാം വയസ്സിൽ കിനാവൂർ ശ്രീ കണ്ണൻ കുന്നുമ്മൽ, ചേറോത്ത്‌ ഭഗവതിക്ഷേത്രത്തിൽ ആദ്യമായി ‘മറത്തുകളി’ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ കലാകാരനാണ്‌ ബാലകൃഷ്‌ണപ്പണിക്കർ. അതേ ക്ഷേത്രത്തിൽ നിന്ന്‌ അടുത്ത വർഷത്തെ മറത്തുകളിയിൽ അദ്ദേഹത്തിന്‌ ‘പട്ടുംവളയും’ ബഹുമതി ലഭിക്കുകയുണ്ടായി. ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ, അണ്ടോളിലെ വീട്ടിലിരുന്നു അദ്ദേഹം പൂരക്കളിയെക്കുറിച്ച്‌ സംസാരിച്ചു.

? പൂരക്കളിയിൽ ഏറെ അനുഭവപരിചയവും, ആർജിച്ചിട്ടുളള അറിവും വച്ച്‌, ഈ കളിയുടെ പഴക്കത്തെപ്പറ്റി പറയാമോ.

ഏകദേശം മുന്നൂറ്‌ വർഷത്തെയെങ്കിലും പഴക്കമുണ്ട്‌ ഈ കലാപ്രസ്ഥാനത്തിന്‌. കൃത്യമായ ഒരു കണക്ക്‌ പറയുക അസാധ്യമാണ്‌. പിന്നെ പഴക്കം കൂടുന്തോറും തിളക്കം കൂടുമെന്നാണല്ലോ.

?പൂരക്കളിയുടെ സാമൂഹ്യസാഹചര്യം ഒന്നു വിശദീകരിക്കാമോ.

ഗ്രാമീണകലകൾ മിക്കതും ജാതിയതയുമായി ബന്ധപ്പെട്ടതാണല്ലോ. ജാതിവർഗ്ഗ ബന്ധമില്ലാത്ത നാടൻ കലകൾ വിരളമാണ്‌. അത്‌ അനുഷ്‌ഠാനകലയാകുമ്പോൾ പ്രത്യേകിച്ചും. ചില നാടൻ കലകളുടെ പേരുകൾ തന്നെ ശ്രദ്ധിച്ചാൽ മതി. ഉദാഹരണത്തിന്‌, പുളളുവൻ പാട്ട്‌, തീയാടിപ്പാട്ട്‌, കണിയാൻ പാട്ട്‌, മാപ്പിളപ്പാട്ട്‌, ബ്രാഹ്‌മണിപാട്ട്‌…..അതുപോലെ പൂരക്കളി, സമൂഹത്തിലെ തീയ്യ, വാണിയ, മണിയാണി, അപൂർവ്വമായി മുക്കുവർ തുടങ്ങിയ ജാതികളാണ്‌ കളിക്കുന്നത്‌. നിരക്ഷരരായ ഗ്രാമീണ ജനതയെ ആനന്ദിപ്പിക്കുക എന്നതുമാത്രമല്ല, ആ ആനന്ദം അവർക്ക്‌ ഒരുകാലത്ത്‌ നിഷേധിക്കപ്പെട്ടിരുന്ന ഭാഷയിലൂടെ, അറിവിലൂടെ ആയിരിക്കണമെന്ന ഒരു നിർബന്ധവും പൂരക്കളിക്കുണ്ട്‌.

?പൂരക്കളി ഏതൊക്കെ വൈജ്ഞാനിക മേഖലയെയാണ്‌ സ്പർശിക്കുന്നത്‌.

വേദാന്തം, വ്യാകരണം, തർക്കം, അലങ്കാരം, ന്യായം, സാംഖ്യം, യോഗം, മീമാംസ, നാട്യം, പുരാണം, ഇതിഹാസം, ജ്യോതിഷം…തുടങ്ങി കാലത്തിനനുസരിച്ച്‌ മാറുന്ന വിജ്ഞാനങ്ങൾവരെ ഇവിടെ വിഷയമാക്കുന്നു. ചുരുക്കത്തിൽ പൂരക്കളിയുടെ പരിധിയിൽ വരാത്ത വിഷയങ്ങളില്ല എന്നുതന്നെ പറയാം.

?ഇതിന്റെ ഉത്ഭവകഥയെന്താണ്‌.

പൂരക്കളിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട്‌ ഒരൈതിഹ്യം ‘വസന്തപൂജാവിധി’ എന്ന പൂരക്കളിപ്പാട്ടിൽ പറയുന്നുണ്ട്‌. പരമേശ്വരൻ ഹിമാലയത്തിൽ തപസ്സുചെയ്യുന്ന കാലത്ത്‌ പാർവ്വതിയെ പൂജാസമയത്തിനുവേണ്ടിയുളള ശുശ്രൂഷകൾക്കായി നിർത്തി. ഈ സമയത്ത്‌ പാർവ്വതിയിൽ പരമേശ്വരന്‌ പ്രണയമുണ്ടാക്കുവാനായി ദേവൻമാർ കാമദേവനെ സമീപിച്ചു. പരമശിവനിലേക്ക്‌ പുഷ്പബാണങ്ങളെയ്‌തു. കോപകലുഷിതനായ പരമശിവൻ മൂന്നാംകണ്ണുകൊണ്ട്‌ കാമദേവനെ ദഹിപ്പിച്ചു. കാമദേവന്റെ അസാന്നിദ്ധ്യത്തിൽ കാമമില്ലാത്ത ജീവിതം വിരസമായി. ദേവന്മാർ വിഷ്‌ണുവിനെ സമീപിച്ചു പ്രശ്‌നം പറഞ്ഞു. വിഷ്‌ണു പരിഹാരം നിർദ്ദേശിച്ചു. “ചൈത്രമാസത്തിലെ കാർത്തികനാൾ തൊട്ട്‌ പൂരംവരെയുളള ഒമ്പതുദിവസം വ്രതാനുഷ്‌ഠാനത്തോടെ കന്യകമാർ പൂക്കൾകൊണ്ട്‌ ‘കാമ’നെയുണ്ടാക്കി പൂവിട്ട്‌ പൂജിച്ചാൽ കാമസിദ്ധി കൈവരുമെന്ന്‌. (ഈ വിശ്വാസമനുസരിച്ചാണ്‌ ഋതുമതിയാകാത്ത പെൺകുട്ടികൾ പൂരോൽസവത്തിന്റെ ഭാഗമായി മീനമാസത്തിൽ കാർത്തിക മുതൽ പൂരംവരെ വീടുകളിൽ പൂവിടുന്നത്‌. പൂരംനാൾ പൂക്കൾകൊണ്ട്‌ ‘കാമ’ന്റെ രൂപവും ഉണ്ടാക്കും.)

വിഷ്‌ണുവിന്റെ നിർദ്ദേശപ്രകാരം 18 കന്യകമാർ 18 വർണങ്ങളിൽ പാടി താളാത്മകമായി ആടിക്കളിച്ചകളിയാണ്‌ പൂരക്കളി.

രംഭ, ഉർവ്വശി, മേനക, അരുന്ധതി, തിലോത്തമ, ചിത്രലേഖ, രത്നഛവി എന്നീ സപ്ത സുന്ദരികൾ സ്വർഗ്ഗത്തിലും രതി, ഭൂദേവി, ഗംഗാദേവീ, വാഗ്‌ദേവീ, ശ്രീദേവീ, ഗിരിജാദേവീ എന്നീ ആറുപേർ അന്തരീക്ഷത്തിലും നൃത്തമാടിയപ്പോൾ മനുഷ്യസുന്ദരികളായ അഹല്യ, സീത, താര, മണ്ഡോദരി, ദ്രൗപതി എന്നിങ്ങനെ അഞ്ചുപേർ ഭൂമിയിലും കളിച്ചു. പിൽക്കാലത്തിത്‌ ഭൂമിയിൽ മാത്രമായി തുടർന്നും കളിച്ചു എന്നുമാണൈതിഹ്യം.

?സ്ര്തീകളുടെ കളി യഥാർത്ഥത്തിൽ ഇന്ന്‌ പുരുഷന്മാരാണല്ലോ കൈയ്യടക്കിയിരിക്കുന്നത്‌.

ആദ്യകാലത്ത്‌ സ്ര്തീകൾതന്നെ കളിച്ചിരുന്നു എന്നത്‌ വാസ്‌തവമാണ്‌. എന്റെ ഓർമ്മയിൽതന്നെയുണ്ട്‌ അടുത്ത്‌ ഗ്രാമങ്ങളിൽ സ്ര്തീകൾ പൂരക്കളിയിൽ ഏർപ്പെട്ടിരുന്ന സംഭവങ്ങൾ. ഇന്ന്‌ പക്ഷേ ഇത്‌ പുരുഷന്മാരുടേതായി മാറിയിരിക്കുന്നു. നല്ല ശാരീരികാധ്വാനം കൂടി വേണം എന്നുളളതും ഒരു കാരണമാകാം.

?പൂരക്കളിയുടെ രീതികൾ എവിടെയാണ്‌ പറഞ്ഞിട്ടുളളത്‌.

ആദിനിറം അഥവാ ആദിവർണം മുതൽ 18 നിറംവരെ 18 തരത്തിലുളള കളികളും പലവിധത്തിലുളള പാട്ടുകളുമടങ്ങിയ ‘പൂരമാല’യാണ്‌ പൂരക്കളിയുടെ എല്ലാമെല്ലാം. സമ്പൂർണശ്രുതി, തൃപുടശ്രുതി, ഷഡവ ശ്രുതി എന്നിങ്ങനെ മൂന്ന്‌ ശ്രുതികളിലായാണ്‌ പൂരമാല നിബന്ധിക്കപ്പെട്ടിരിക്കുന്നത്‌. പൂവിളി, പൂർണാവരി മുതലായ രാഗങ്ങളിലാണ്‌ നിറങ്ങൾ പാടേണ്ടത്‌. പാട്ടുകളിലെ അക്ഷരസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാസങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്നാംനിറത്തിലെ ആദ്യത്തെ കളി എട്ടക്ഷരമുളള അനുഷ്‌ടുപ്പ്‌ പ്രാസത്തിലാണ്‌. പത്ത്‌ അക്ഷരമുളള അഗ്നി, പതിനഞ്ചക്ഷരമുളള തിരി, പതിനാറ്‌ അക്ഷരമുളള ഇന്ദു, പതിനെട്ടുളള പുരാണ്‌, പതിനാലുളള മനു, പന്ത്രണ്ടുളള സൂര്യൻ എന്നിവയാണ്‌ പ്രാസങ്ങൾ കൂടാതെ നേരങ്ങളും ആദിനേരങ്ങളും, ഇരടി, നാലടിവെട്ടം, ഇരുകാൽ നടനം എന്നീ അഞ്ച്‌ തത്സനടനക്രമവും, ചതുരസ്രം, തിസ്രം, ഖണ്ഡം, സക്രം എന്നിങ്ങനെ അഞ്ച്‌ താളവിശേഷങ്ങളും പൂരമാലയിൽ പറയുന്നു.

?കളിയുടെ തുടക്കം.

കോലത്തുനാട്ടിലെ ഭഗവതിക്കാവുകളിൽ മാത്രമാണ്‌ ഈ കളി അരങ്ങേറുന്നതെന്നു പറഞ്ഞല്ലോ. അവിടെ ഏതു കാവിലാണോ കളിക്കുന്നത്‌ ആ കാവിലെ പ്രധാന ദേവതയെയും ഉപദേവതകളെയും വന്ദിച്ചതിനുശേഷം പണിക്കരും (കളിനയിക്കുന്ന ആൾ) അനുയായികളും പന്തലിലേക്ക്‌ (കളിക്കാനായി മുറ്റത്ത്‌ ഓലപ്പന്തൽകെട്ടിയിട്ടുണ്ടാകും) പ്രവേശിക്കുന്നു. അങ്കണത്തിൽ, പന്തലിന്റെ മധ്യത്തിൽ ഉളള കത്തുന്ന നിലവിളക്കിനുമുന്നിൽ പണിക്കരും കൂട്ടാളികളും നിന്നുകൊണ്ട്‌ കെട്ടിത്തൊഴൽ ആരംഭിക്കുന്നു. ഇതാണ്‌ ആദ്യഘട്ടം. തുടർന്ന്‌ കളി സജീവമാകുന്നു.

?എന്താണ്‌ ‘മറത്തുകളി’

പൂരക്കളിയിലെ മൽസരക്കളിയാണ്‌ മറത്തുകളി. പണിക്കന്മാർക്ക്‌ തങ്ങളുടെ കഴിവ്‌ തെളിയിക്കാനുളള അവസരം കൂടിയാണിത്‌. രണ്ടു കളിക്കാർ (പണിക്കർ) തമ്മിലുളള ശാസ്‌ത്രവിദ്യാ വിഷയങ്ങളിൽ വാദപ്രതിവാദവും അവരുടെ അനുയായികളുടെ കളിയും നടത്തുന്നു മറത്തുകളിക്ക്‌. ഏകദേശം 24 മണിക്കൂറോളം നീളുന്നു. കളി നടത്തുന്ന ക്ഷേത്രക്കാർ ആഴ്‌ചകൾക്ക്‌ മുമ്പേതന്നെ പണിക്കന്മാരെ ക്ഷണിച്ച്‌ കൊണ്ടുവന്ന്‌ കളിക്കാർക്ക്‌ കൂടുതൽ പരിശീലനം നൽകുന്നു. മറത്തുകളിയിൽ പ്രധാനം വാദപ്രതിവാദത്തിലെ വൈജ്ഞാനിക മണ്ഡലം തന്നെ.

?പൂരക്കളിയുടെ ധർമം.

അറിവ്‌ അഗ്രാഹ്യമായിരുന്ന ഒരു സമൂഹം അതിനുവേണ്ടി കണ്ടെത്തിയ മാർഗമാണ്‌ പൂരക്കളി. അതിന്‌ ജനസ്വാധീനം ഇന്ന്‌ വളരെയേറെ വർദ്ധിച്ചിട്ടുണ്ട്‌. വലുതും ചെറുതുമായ അറിവുകളെ സാധാരണക്കാരിലെത്തിക്കലാണ്‌ പ്രധാനം. അതാണ്‌ പൂരക്കളി നിർവ്വഹിക്കേണ്ടത്‌.

?അനുഷ്‌ഠാനകലയായ പൂരക്കളി, മത്സരങ്ങളിൽ, സ്‌റ്റേജുകളിൽ അവതരിപ്പിക്കുന്നതിനെ എങ്ങനെ കാണുന്നു.

സ്‌റ്റേജുകളിൽ അവതരിപ്പിക്കപ്പെടുമ്പോൾ അതിന്റെ അനുഷ്‌ഠാനാംശം ചോർന്നുപോകുന്നു. ഇന്നുപക്ഷെ തെയ്യംപോലും സ്‌റ്റേജുകളിൽ കളിക്കുന്നുണ്ട്‌. പൂരക്കളി അത്രയ്‌ക്ക്‌ പ്രശ്‌നമുളള ഒന്നല്ല. സ്‌റ്റേജുകളിലൂടെ അറിയാത്തവർ അറിയുന്നു എന്നത്‌ സന്തോഷിക്കേണ്ട കാര്യമാണ്‌.

———————————————————————-

ബാലകൃഷ്‌ണപ്പണിക്കർ 1941 ജൂലൈ 5-ന്‌ കാസർകോട്‌ ജില്ലയിൽ നീലേശ്വരത്തിനടുത്ത്‌ അണ്ടോൾ എന്ന ഗ്രാമത്തിൽ രാവാരി വളപ്പിൽ കണ്ണന്റെയും കുണ്ടേന ഉണ്ടച്ചിയുടെയും മകനായി ജനിച്ചു. ശിരോമണി കുഞ്ഞിക്കോരൻ പണിക്കർ, ഗോവിന്ദൻ നമ്പൂതിരി, കെ.എം.കെ. ആർ. പണിക്കർ എന്നീ പണ്ഡിതരിൽ നിന്ന്‌ വ്യാകരണം, തർക്കം തുടങ്ങി വിവിധ വിഷയങ്ങളിൽ അറിവുനേടി. 32-​‍ാം വയസ്സിൽ മടിക്കൈ പഞ്ചായത്തിലെ കക്കാട്ട്‌ ശ്രീ അട്ടക്കാട്ട്‌ ഭഗവതി ക്ഷേത്രത്തിൽ നിന്ന്‌ വീരശൃംഖല ലഭിച്ചു. 1998-ൽ കേരള ഫോക്‌ലോർ അക്കാദമി പ്രശസ്‌തി പത്രം നൽകി ആദരിച്ചു. 2000-ൽ കേരള സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു. ഗ്രന്ഥശാല പ്രവർത്തകനാണ്‌. ഭാര്യഃ രാധ. മക്കൾഃ രാജേഷ്‌, ശാർങ്ങി, സന്തോഷ്‌കുമാർ എന്നിവർ.

Generated from archived content: interview.html Author: madhu_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here