ഇങ്ങനെയും ഒരമ്മദൈവം

ഗ്രാമജീവിതത്തിന്റെ അടിസ്ഥാനബോധധാരയിൽ മാതൃത്വസങ്കല്പം എന്നും നിലനിന്നു പോന്നിരുന്നു. മലയാളികളുടെ ദൈവസങ്കല്പങ്ങളിൽ ഇതു പ്രകടമായി കാണുവാൻ കഴിയും. ഉത്തരകേരളത്തിലെ തെയ്യങ്ങളുടെ ലോകത്ത്‌ തൊണ്ണൂറു ശതമാനവും അമ്മ ദൈവങ്ങളാണ്‌.

തെയ്യങ്ങൾ, മാതൃദേവതകളാണെങ്കിലും അവ കെട്ടിയാടി വരുന്നത്‌ പുരുഷന്മാരാണ്‌. പുരുഷന്മാരുടെ കുത്തകയാണീ രംഗം മുഴുക്കെ. എന്നാൽ ഇതിനപവാദമായി ഒരു തെയ്യമുണ്ട്‌, വളളിയമ്മ. ഇപ്പോൾ വളളിയമ്മയെ കെട്ടിയാടിക്കുന്ന കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലെ കെ.പി.ലക്ഷ്‌മി എന്ന തെയ്യക്കാരിയും.

പഴയങ്ങാടി തെക്കുമ്പാട്‌ ദ്വീപിലാണ്‌ കളിയാട്ടത്തിന്‌ ദേവക്കൂത്ത്‌ അവതരിപ്പിക്കുന്നത്‌. ദേവക്കൂത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ നാരദനും വളളിയമ്മയുമാണ്‌. അതിലെ വളളിയമ്മയെ അവതരിപ്പിക്കുന്നത്‌ സ്ര്തീ തന്നെയായിരിക്കണമെന്നത്‌ കാലാകാലമായുളള നിബന്ധനയാണ്‌. ഉത്തരകേരളത്തിലെ കളിയാട്ടക്കാവുകളിൽ ‘ഗുണം വരുത്തുന്ന’ ധാരാളം തെയ്യങ്ങൾക്കിടയിൽ, വളളിയമ്മ അതുകൊണ്ടുതന്നെയാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. വ്യത്യസ്തമായ ഒരു ‘അമ്മത്തെയ്യം’ എന്ന നിലയിൽ.

മിക്കതെയ്യങ്ങളുടെയും പിറവിക്കുപിന്നിൽ സംഭവബഹുലമായ ഒരു കഥയുണ്ടാകും. ഒരു ഗ്രാമീണ ജനതയുടെ സ്വപ്നങ്ങളും സങ്കടങ്ങളും വിശുദ്ധിയും എല്ലാം അടിയൊഴുക്കുകളായി വരുന്ന ഒരു കഥ. തോറ്റം പാട്ടുകളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഉത്ഭവ കഥ. അതുപോലൊന്ന്‌ വളളിയമ്മയുടെയും ദേവക്കൂത്തിന്റെയും പിന്നിലുമുണ്ട്‌.

നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട്‌ ദ്വീപ്‌ ഒരു കാലത്ത്‌ മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നുവത്രെ. അതിമനോഹരമായ പൂന്തോട്ടം. ദേവലോകത്തു ചുറ്റിനടക്കുകയായിരുന്ന അപ്സരസ്സുകൾ ഇതുകാണാനിടയായി. അവിടെനിന്ന്‌ ഒരു പൂവെങ്കിലും കിട്ടണമെന്ന്‌ അവർക്ക്‌ മോഹമായി. ഏഴു അപ്സരസ്സുകളും ഭൂമിയിലേക്കിറങ്ങി, ദ്വീപിൽ പൂതിരഞ്ഞു നടന്നു.

അവസാനം ഒരാൾ കൂട്ടം തെറ്റിപ്പോയി. കൂട്ടം തെറ്റിയവളും സഖിയെ നഷ്‌ടപ്പെട്ടവരും അലറിവിളിച്ചു കരഞ്ഞു. പ്രിയസഖിയെ തിരഞ്ഞ്‌ ഒടുവിൽ ബാക്കി ആറ്‌ അപ്സരസ്സുകളും കണ്ണുനീരോടെ, നിരാശരായി ദേവലോകത്തേക്ക്‌ യാത്രയായി.

ദ്വീപിൽ കൂട്ടുകാരെത്തേടി നിരാശയായ അപ്സരസ്സ്‌ അവിടുത്തെ വളളിക്കെട്ടിൽ അഭയം തേടി. ഉടുതുണിക്ക്‌ മറുതുണിപ്പോലുമില്ലാതെ അവൾ കരഞ്ഞു. നാരദനെ ധ്യാനിച്ചു. ഈ രംഗം ദേവക്കൂത്തിൽ വികാരഭരിതമായിതന്നെ അവതരിപ്പിക്കുന്നുണ്ട്‌. തോറ്റംപാട്ടിലെ വരികളിങ്ങനെഃ

“അഞ്ജനക്കോലും കണ്ണാടിയും കൊണ്ട്‌

കടുകാ (പെട്ടെന്ന്‌) വരികെന്റെ നാരദരെ

ഉടുത്ത ചേലക്കൊരു മറുചേലയുംകൊണ്ട്‌

കടുകാ വരികെന്റെ നാരദരെ…”

പ്രാർത്ഥനകേട്ട നാരദൻ അഞ്ജനക്കോലും കണ്ണാടിയും, ഉടുത്ത ചേലയ്‌ക്ക്‌ മറുചേലയുമായി വന്നു. തുടർന്ന്‌ ദേവതയെയും കൂട്ടി ദേവലോകത്തേക്ക്‌ തിരിച്ചുപോയി. ഇങ്ങനെയാണ്‌ ദേവക്കൂത്തിന്റെ കഥ.

വളളിക്കെട്ടിൽ തങ്ങിയതിനാൽ അപ്സരസ്സിന്‌ വളളിയമ്മ എന്ന പേരുവന്നു. ഈ വളളിയമ്മയെയാണ്‌ ദേവക്കൂത്തിൽ തെയ്യക്കോലമായി അവതരിപ്പിക്കുന്നത്‌. നാരദനും വളളിയമ്മയും ഈ സംഭവം അതുപോലെ രംഗത്തവതരിപ്പിക്കുന്നു.

കളിയാട്ടത്തിന്‌ ധനു 5-ന്‌ പുലർച്ചെ വിന്ദൂർ എന്ന തെയ്യത്തിന്റെ പിന്നാലെയാണ്‌ ദേവക്കൂത്ത്‌. ആദ്യം സ്‌ത്രീയെ താഴെക്കാവിലേക്കെഴുന്നളളിക്കും. അവിടെ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ കച്ചിൽക്കെട്ടിൽ കോലധാരി വസിക്കും.

കോലധാരി, മത്സ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച്‌ നാല്പത്‌ ദിവസത്തെ വ്രതത്തിനൊടുവിലാണ്‌ കോലം ധരിക്കുന്നത്‌. സാധാരണ തെയ്യങ്ങൾക്കുളളതുപോലെ എല്ലാ ചമയങ്ങളും വളളിയമ്മയ്‌ക്കുമുണ്ട്‌. തലയിൽ തോപ്പാരം, ചുയിപ്പ്‌, പാദസരം ഇതൊക്കെയാണ്‌ വേഷം. അപ്സരസ്സിനെ അനുകരിച്ച്‌ ഉടയാട ഞൊറിഞ്ഞുടുക്കണം. ദേവക്കൂത്തിനെറ പദ്യഗദ്യങ്ങളടങ്ങിയ താളിയോലഗ്രന്ഥം ഇപ്പോൾ പളളിയറത്തറവാട്ടിലുണ്ട്‌.

ലക്ഷ്‌മിക്ക്‌ ഈ നിയോഗം കൈവന്നത്‌ യാദൃശ്ചികമായിട്ടായിരുന്നു. കണ്ണപുരത്തിനടുത്ത്‌ ഇടക്കേപ്പുറത്ത്‌ പളളിയറത്തറവാടുകാർക്കായിരുന്നു ദേവക്കൂത്തിന്റെ അധികാരം. ചിറക്കൽ തമ്പുരാൻ കല്പിച്ചു കൊടുത്തത്‌ ലക്ഷ്‌മിയുടെ അറിവിൽ കൂടുതൽക്കാലം കോലം കെട്ടിയത്‌ ചിരുതേയി എന്ന സ്‌ത്രീയാണ്‌ പിന്നെ അവരുടെ മകൾ മാണി…..

മാണിയ്‌ക്കുശേഷം തെയ്യം മുടങ്ങി. നേരത്തെ ചിറക്കൽ തമ്പുരാൻ പളളിയറക്കാർക്ക്‌ ഒന്നാം അവകാശം നൽകുമ്പോൾ രണ്ടാം അവകാശം അടുത്തില തറവാട്ടുകാർക്ക്‌ നൽകിയിരുന്നു. അപ്സരസ്സിന്റെ കോലം പളളിയറക്കാർക്കും നാരദന്റെ കോലം ചെറുകുന്നനുമായിരുന്നു.

ദേവക്കൂത്ത്‌ മുടങ്ങുമെന്നായപ്പോൾ ബന്ധപ്പെട്ടവർ അടുത്തില തറവാട്ടുകാരെ സമീപിച്ചു. അങ്ങനെ രണ്ടാം അവകാശം ലക്ഷ്‌മിയിലൂടെ സാർത്ഥകമായി. 1999 ജനുവരിയിൽ ലക്ഷ്‌മി തെയ്യമായി അരങ്ങിലെത്തി. ഇപ്പോൾ രണ്ടുവർഷത്തിലൊരിക്കലാണ്‌ ദേവക്കൂത്ത്‌ നടക്കുന്നത്‌. ലക്ഷ്‌മി അടുത്ത കൂത്തിന്‌ മാനസികമായി ഒരുങ്ങുകയാണ്‌. എപ്പോഴും ശ്ലോകങ്ങളും പദതാളങ്ങളും, നൃത്തച്ചുവടുകളും, മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്‌ ഈ അമ്മ.

പഴയങ്ങാടി ഫസ്‌ലെ ഉമർ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ ഹെൽപ്പറായ ലക്ഷ്‌മി പൊതുവാച്ചേരി കുഞ്ഞിരാമന്റെയും ലക്ഷ്‌മിയുടെയും മകളാണ്‌. ഭർത്താവ്‌ കേളുപ്പണിക്കർക്കും നാടൻ കലാരംഗത്ത്‌ പ്രാവീണ്യമുണ്ട്‌. പ്രദീപൻ പണിക്കറാണ്‌ മകൻ.

Generated from archived content: essay_inganeyum.html Author: madhu_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here