കണ്ടൽക്കാടുകൾക്കിടയിൽ ഒരാൾ

സാധാരണക്കാർക്കിടയിൽ ജീവിക്കുമ്പോഴും മഹത്തായ ചില പ്രതിരോധം സൃഷ്‌ടിച്ചുകൊണ്ട്‌ ചിലർ അസാധാരണരാകാറുണ്ട്‌. കൃഷിയും മീൻപിടുത്തവുമൊക്കെയായി ഒരു ഗ്രാമീണ ജീവിതം നയിക്കുമ്പോഴും കണ്ടൽക്കാടുകൾക്കിടയിൽ ജീവിതം കണ്ടെത്തുന്ന കല്ലേൻ പൊക്കുടൻ അസാധാരണനാകുന്നത്‌ ഈയൊരർത്ഥത്തിലാണ്‌. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തുന്ന ആക്രമണത്തിന്‌ പൊക്കുടൻ പ്രതിരോധം തീർക്കുന്നത്‌ തന്റെ ജീവിതം കൊണ്ടുതന്നെയാണ്‌, കണ്ടൽക്കാടുകൾക്കിടയിലെ പച്ചച്ച ജീവിതം കൊണ്ട്‌.

കണ്ടൽ പൊക്കുടന്റെ ദൗർബ്ബല്യമാണ്‌. പുഴയോരത്തും കൈത്തോടുകളുടെ വരമ്പോടും ചേർന്ന്‌ കണ്ടൽചെടികൾ വച്ചു പിടിപ്പിക്കുന്ന പൊക്കുടൻ, അത്‌ തന്റെ ജീവിത കർമ്മമായി കരുതുന്നു.

“കണ്ടൽച്ചെടികൾ എനിക്കു മക്കളെപ്പോലെയാണ്‌. ഞാനവരുടെ അച്‌ഛനാണ്‌ എന്ന്‌ അവർക്കും തോന്നുന്നുണ്ടാകുമെന്നാണ്‌ എന്റെ വിശ്വാസം.”

പരിസ്ഥിതിയെയും ജീവിതത്തെയും ലയിപ്പിച്ചു കാണുന്ന ആ മനസ്സ്‌ എത്രയോ ഉയരത്തിലാണുളളത്‌. ഇപ്പോൾ അദ്ദേഹം ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന ആത്മകഥയും എഴുതിയിരിക്കുന്നു. പ്രകൃതിയും മനുഷ്യനും അപൂർവ്വമായ ഒരു കാഴ്‌ചപ്പെടലിന്‌ വിധേയമാകുന്നു, ഇവിടെ.

പൊക്കുടന്റെ ആത്മകഥകണ്ടാൽ കണ്ടൽക്കാടുകളുടെ ആത്മകഥ തന്നെയാണ്‌. ആത്മകഥയിൽ എവിടെയോ കണ്ടലും താനും ഒന്നാകുന്ന ഒരവസ്ഥ ചിത്രീകരിക്കുന്നുണ്ട്‌ പൊക്കുടൻ.

“ഞാൻ നട്ടുവളർത്തിയതെല്ലാം പ്‌രാന്തൻ കണ്ടൽ ആയിരുന്നു. കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രയും രസമാണീ ചെടി. പണ്ടൊരിക്കൽ കണ്ടൽ വിത്ത്‌ ശേഖരിക്കുന്ന എന്ന നോക്കി രണ്ടുമൂന്നു പരിഷ്‌ക്കാരികളും വിദ്യാസമ്പന്നരുമായ വഴിയാത്രക്കാർ പറയുന്നതു കേട്ടതാണ്‌ ‘സമനില തെറ്റിയതാകും പാവം’ എന്ന്‌. ശരിയാണ്‌ ഇതൊരു സമനിലയില്ലായ്‌മയാണ്‌. എനിക്കിഷ്‌ടമുളള സുഖമുളള ഒരു പ്‌രാന്ത്‌. ചിലപ്പോഴൊക്കെ എനിക്ക്‌ തോന്നാറുണ്ട്‌ ഞാനൊരു പ്‌രാന്തൻ കണ്ടലാണെന്ന്‌.”

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലെ മുട്ടുകണ്ടി എന്ന സ്ഥലത്തെ പുഴയോരത്തെ വീട്ടിലെ ജീവിതത്തിനിടയിലാണ്‌ ഈ പ്രകൃതിസ്നേഹി ‘പരിസ്ഥിതിയുടെ ചരിത്രം’ സൃഷ്‌ടിക്കുന്നത്‌.

“വെളളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തടയുന്നു ഈ കണ്ടലുകൾ. സമൃദ്ധമായ ഇലകളടങ്ങിയ ശാഖകൾ കാറ്റിനെ തടഞ്ഞുനിർത്തുന്നു. നല്ല കാലിത്തീറ്റ കൂടിയാണ്‌ കണ്ടൽ.”

കണ്ടൽക്കാടുകളെക്കുറിച്ച്‌ പറയുമ്പോൾ പൊക്കുടൻ വാചാലനാകുന്നു. കണ്ണൂരിലെ പളളിക്കര, താവം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ്‌ വിത്ത്‌ ശേഖരിക്കുന്നത്‌. കരയിൽ കൂട്ടിയിട്ട്‌ വേരും പൊട്ടിക്കഴിയുമ്പോൾ നടുന്നു. കാസർകോട്‌, പയ്യന്നൂർ, വലിയപറമ്പ്‌, പഴയങ്ങാടി….ഇങ്ങനെ കുറെയേറെ പുഴയോരങ്ങളിൽ കണ്ടൽ നട്ടിട്ടുണ്ട്‌. ഇതിന്റെയെല്ലാം ചെലവ്‌ സ്വന്തം കീശയിൽ നിന്നാണ്‌.

“എല്ലാവർക്കും സ്വന്തം ലാഭങ്ങളാണ്‌ മുഖ്യം. പുഴയോരത്താണ്‌ സാധാരണ കണ്ടൽ നടാറുളളത്‌. കടൽത്തീരത്തു നടുന്നതിനെപ്പറ്റി ആരും ചിന്തിച്ചിട്ടില്ല. ഞാൻ പുതിയങ്ങാടി കടപ്പുറത്ത്‌ വച്ചിട്ടുണ്ട്‌, പക്ഷേ ആ പ്രദേശത്തുളളവർ ശ്രദ്ധിച്ചില്ല. ആർക്കും പ്രത്യക്ഷത്തിൽ ഒരു ലാഭവുമില്ലാത്ത ഈ പണിക്ക്‌ അവർ താല്പര്യമെടുത്തില്ല. എല്ലാം ആടുകൾ തിന്നുതീർത്തു.”

അതിരുകളിൽ ഒതുക്കപ്പെട്ട ഒരു സമുദായ പരിസരത്തിൽ വളരുമ്പോഴും ആദ്യം രാഷ്‌ട്രീയത്തിലും പിന്നെ പരിസ്ഥിതിയിലും ജീവിതം കണ്ടെത്തുകയായിരുന്നു. സാമൂഹിക വികാസത്തിന്റെ നിയമമനുസരിച്ച്‌ ചൂഷകരുടെ ഭാഷയെ ചൂഷിതരുടെ ഭാഷ പുറന്തളളുക തന്നെ ചെയ്യുമെന്ന നിക്കൊലായ്‌ ലെവിച്ചിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ്‌ പൊക്കുടന്റെ ജീവിതഭാഷ. പൊക്കുടൻ ചോദിക്കുന്നുഃ

“ഒരു പുലയന്‌ ജീവചരിത്രമുണ്ടോ? എന്തു ജീവചരിത്രം. എല്ലാവരും മരിച്ചുപോകുകയും അന്തരിച്ചുപോകുകയും ചെയ്യുമ്പോൾ ചത്തുപോകുന്ന ജനങ്ങളെക്കുറിച്ച്‌ എന്തു പറയാനാണ്‌ എന്ന്‌ ചിലർ ചോദിച്ചേക്കും.”

1937-ൽ ഏഴോത്തെ ഇടക്കിൽതറയിൽ അരിങ്ങളേയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൻ വെളളച്ചിയുടേയും മകനായി പൊക്കുടൻ ജനിച്ചു. ഹരിജൻ വെൽഫേർ സ്‌കൂളിൽ രണ്ടാം ക്ലാസ്സിൽ പഠനം നിർത്തി. 18-​‍ാം വയസ്സിൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്ന്‌ സജീവപ്രവർത്തകനായി. പാർട്ടി പിളർന്നപ്പോൾ സി.പി.എം. അനുഭാവിയായി. പിന്നെ രാഷ്‌ട്രീയം ഉപേക്ഷിച്ചു.

പണ്ടുമുതലെ പരിസ്ഥിതിയോട്‌ താൽപര്യമുണ്ടായിരുന്നു പൊക്കുടന്‌. തുടർന്ന്‌ പരിസ്ഥിതി സ്‌നേഹികൾ ഈ ഏകാംഗപട്ടാളത്തെ തിരിച്ചറിഞ്ഞു. 2001-ലെ പി.വി. തമ്പി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. ഹംഗേറിയൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓർണിത്തോളജി മുൻ ഡയറക്‌ടറും പ്രമുഖ പക്ഷി ശാസ്‌ത്രജ്ഞനുമായ ആതില ബ്ലാങ്കോവിച്ച്‌ അടുത്തകാലത്ത്‌ പൊക്കുടന്റെ കണ്ടൽക്കാടുകൾ സന്ദർശിച്ചിരുന്നു.

പൊക്കുടന്റെ ജീവിതം കേവലം ഒരു ജീവിതമല്ല, സസ്യങ്ങളും മീനുകളും കിളികളും മറ്റു പല ജന്തുക്കളും ഇടപ്പെടുന്ന ഉദാത്തവും ധന്യവുമായ ഒരു ജീവിതമാണത്‌.

Generated from archived content: essay_feb19.html Author: madhu_kv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English