(തെയ്യം കലാകാരനായ കണ്ണൻ പെരുവണ്ണാനുമായി സംസാരിച്ച് തയ്യാറാക്കിയത്.)
തയ്യാറാക്കിയത് ഃ കെ.വി. മധു.
മൂകാംബിക വൈദ്യശാലയിൽ നല്ല തിരക്കുണ്ട്. പ്രായം എൺപത്തിനാലായിട്ടും കണ്ണൻ വൈദ്യർക്ക് ഒരു തളർച്ചയുമില്ല. തിരക്കിനിടയിൽ ആ പതിഞ്ഞ കാൽവയ്‌പുകൾ പോലും ഒരു നർത്തകനെ ഓർമിപ്പിക്കുന്നു.
“പിഞ്ചുകുട്ടികളെ മടിയിൽ കിടത്തി അവർക്ക് പറയാനാകാത്ത വേദനകൾ കണ്ടെത്തുകയും ശമിപ്പിക്കുകയുമാണിപ്പോൾ എന്റെ ദൗത്യം” – അദ്ദേഹം പറയുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗം തെയ്യത്തിന് സമർപ്പിച്ച മണക്കാട് കണ്ണൻ പെരുവണ്ണാന്റെ മറ്റൊരു നിയോഗം.
കണ്ണൻ പെരുവണ്ണാന്റെ തെയ്യക്കോലങ്ങൾക്ക് മുന്നിൽ ഒരു കാലത്ത് അനവധി ഭക്തഹൃദയങ്ങൾ മനമുരുകി പ്രാർത്ഥിച്ചിരുന്നു. കതിവനൂർ വീരനും, മുത്തപ്പനും, ഭഗവതികൾക്കും… ഒക്കെ മുന്നിൽ.
ഇവിടെ, വരമൊഴികളിലൂടെ ഭക്തഹൃദയങ്ങളിൽ സാന്ത്വനം പകരുന്ന ദൈവവഴിയും നാട്ടുവൈദ്യത്തിന്റെ സുകൃതവീഥിയും സമന്വയിക്കുന്നു, ഒരേപാരമ്പര്യത്തിന്റെ തണലിൽ. തെയ്യവും വൈദ്യവും ഒരുപോലെ വഴങ്ങിയിരുന്ന കുട്ടിഅമ്പു മണക്കാടന്റെ മകന് ഇതൊരു ജന്മസാഫല്യം.
കരിവെളളൂരിനടുത്ത് പാലക്കുന്നിൽ നിന്ന് രണ്ട് കി.മീ.കിഴക്കോട്ട് പോയാൽ ‘മൂകാംബിക’ വൈദ്യശാലയായി. വൈദ്യശാലയിലെ, തിരക്കേറിയ ജീവിത സായാഹ്‌നത്തിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹം തയ്യാറായി.
“1971-ൽ, അവസാന കോലം, കതിവനൂർ വീരന്റെ മുടിയിറക്കി. ആദ്യകോലമായ കതിവനൂർ വീരൻ തന്നെ അവസാനത്തേതുമായത് യാദൃശ്ചികം.” ആദ്യകോലത്തെപ്പറ്റി പറയുമ്പോൾ ഇപ്പോഴും ഒരവിശ്വസനീയത.
“അന്നവർ വല്ലാതെ നിർബ്ബന്ധിക്കുകയായിരുന്നു. അച്‌ഛൻ കെട്ടേണ്ട കോലം കൗമാരപ്രായത്തിൽ, ഒരു നിയോഗം പോലെ പേടിയോടെ ആ കോലമണിയുകയായിരുന്നു.”
“ഒരുപാട് എണ്ണങ്ങൾ ഒപ്പിക്കേണ്ട തെയ്യമാണ് കതിവനൂർ വീരൻ എനിക്ക് വെറും പതിനാല് വയസ്സ്. കർക്കടക-ചിങ്ങമാസങ്ങളിൽ ഊരുചുറ്റുന്ന കുട്ടിത്തെയ്യങ്ങൾ കെട്ടിയ പരിചയമേ ഉളളൂ. എന്നാൽ എട്ടൊമ്പതു വയസ്സിന് മുമ്പേ തന്നെ അച്‌ഛന്റെ കീഴിൽ തോറ്റങ്ങൾ പഠിച്ചു തുടങ്ങിയിരുന്നു. രാത്രിയിൽ സംസ്‌കൃതപഠനത്തിന്റെ ഭാഗമായി സിദ്ധരൂപമോ അമരകോശമോ ഒക്കെ ഹൃദ്യസ്ഥമാക്കുമായിരുന്നു.”
ഈയൊരു ധൈര്യമായിരിക്കണം അഞ്ചുമണിക്കൂർ നീളുന്ന കതിവനൂർ വീരന്റെ കോലം കെട്ടാൻ കണ്ണനെ പ്രാപ്തനാക്കിയത്.
“മണിയാണിച്‌ഛന്റെ നേർച്ചയായി ചേന്തയിൽ വളപ്പിൽ ചടങ്ങുകളെല്ലാമൊപ്പിച്ച് മുടിയിറക്കിയപ്പോൾ ആകെ തളർന്നിരുന്നു. പക്ഷെ മനസ്സിൽ അന്നോളം ലഭിച്ചിട്ടില്ലാത്തൊരു ചാരിതാർത്ഥ്യമുണ്ടായി. മേലിൽ ഏതുകോലവും വഴങ്ങുമെന്ന ആത്‌മവിശ്വാസവും”. അത് പെരുവണ്ണാൻ എന്ന സ്ഥാനലബ്‌ധിയിലേക്കുളള വളർച്ചയുടെ ആരംഭമായിരുന്നു. കെട്ടിയ എണ്ണൂറിൽപരം കോലങ്ങളിൽ അറുന്നൂറിലധികം കതിവനൂർ വീരനാണെന്ന് പെരുവണ്ണാൻ ഓർക്കുന്നു.
കേവലം തെയ്യക്കാരനെന്നതിലുപരി കണ്ണൻ പെരുവണ്ണാന് പോരാട്ടത്തിന്റെ ഒരു ചരിത്രവുമുണ്ട്. വെളളക്കാരനെതിരെയുളള സമരത്തിലും കരിവെളളൂരിലെ ഒരു കർഷകസംഘടനയിലും ചിറക്കൽ കോവിലകത്തേക്ക് നടത്തിയ കർഷക ജാഥയിലും പ്രസിദ്ധമായ കൊടക്കാട് സമ്മേളനത്തിലും കണ്ണനുണ്ടായിരുന്നു.
“അന്ന് തമ്പുരാക്കൻമാർ തീണ്ടലും തൊടീലുമൊക്ക കൽപിച്ചിരുന്നു. ഒരിക്കൽ മിശ്രഭോജനത്തിൽ പങ്കെടുത്ത വണ്ണാൻമാർക്ക് സവർണസമുദായം വിലക്ക് കൽപിച്ചു. പക്ഷേ തെയ്യങ്ങൾ എല്ലാത്തിനും അതീതരാണല്ലോ. ദൈവങ്ങൾ അവരുടേതും നമ്മുടേതും എന്ന വ്യത്യാസവുമില്ലല്ലോ.”
? ഏഷ്യാഡിൽ തെയ്യമവതരിപ്പിച്ചല്ലോ.
അത് 1982-ലാണ് മറക്കാനാവാത്ത ഒരനുഭവം. അതിന്റെ പേരിൽ ഞാൻ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിച്ചു. ഞാൻ തെയ്യത്തെ വിൽക്കുകയാണെന്നുവരെ ചിലർ പറഞ്ഞു. തെയ്യം എന്തെന്നറിയാത്തവർക്ക് അത് കാണിച്ചു കൊടുക്കുകമാത്രമേ ഞാൻ ചെയ്‌തിട്ടുളളൂ.
? തെയ്യം കലയാണ് എന്നാണോ പറഞ്ഞു വരുന്നത്.
കഥകളിയോ ഓട്ടം തുളളലോ കൂത്തോപോലെയല്ല തെയ്യം. തെയ്യത്തിൽ കലയുണ്ട് എന്നതു ശരിതന്നെ, തെയ്യം കലമാത്രമല്ല. തെയ്യക്കാരൻ വെറുമൊരു കലാകാരനല്ല. അവൻ തെയ്യക്കാരനായി ജീവിക്കുകയാണ്. തെയ്യം ഒരു സമൂഹത്തിന്റെ ഭക്തി-ആരാധനകൾ കൂടിയേറ്റുവാങ്ങുന്നുണ്ട്. കോലമണിഞ്ഞാൽ പിന്നെ വണ്ണാനില്ല ദൈവം (തെയ്യം) മാത്രമേയുളളൂ. അനുഷ്‌ഠാനങ്ങളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്രമായ ഒരു നിലനിൽപ്പ് തെയ്യത്തിനില്ല.
? അപ്പോൾ വേദികൾ തെയ്യമവതരിപ്പിക്കുന്നത് ശരിയാണോ.
തെയ്യത്തെക്കുറിച്ചറിയാത്തവർക്ക് വേദി ഒരുക്കിക്കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിൽ തന്നെ കോഴിക്കോടിന് തെക്കുളളവർക്ക് തെയ്യത്തെക്കുറിച്ചറിയില്ല. അവർക്ക് അതിന്റേതായ അർത്ഥത്തിൽ കാട്ടിക്കൊടുക്കുന്നതിൽ എന്താണ് തെറ്റ്. അതിന് വേണ്ടി വേദികൾ ഉണ്ടാക്കേണ്ടിവരും. എന്നാൽ തെയ്യത്തെ ഭക്തിയോടെ കാണുന്ന സമൂഹത്തിന് മുന്നിൽ സ്‌റ്റേജുകളിലും ജാഥകളിലും മറ്റും തെയ്യം അവതരിപ്പിക്കുന്നതിനോടാണ് എനിക്ക് വിയോജിപ്പ്.
? പുറത്ത് തെയ്യം കെട്ടുന്നത് ഫലം ചെയ്യുന്നുണ്ടോ.
തീർച്ചയായും. ഏഷ്യാഡിൽ തെയ്യമവതിരിപ്പിച്ചതിന് ശേഷം പലരും എന്നെ കാണാൻ വന്നിട്ടുണ്ട്. അമേരിക്കക്കാരനായ വൈൻ ആഷ്‌ലിയെയും സംഘത്തെയും തെയ്യത്തിന്റെ ചുവടുകൾ പഠിപ്പിച്ചിട്ടുണ്ട്. പീറ്റർ ബ്രൂക്‌സിന് തെയ്യം എന്തെന്ന് പഠിപ്പിച്ചു കൊടുത്തു. കലാനികേതൻ എന്ന നാടൻ കലാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തെയ്യമവതരിപ്പിച്ചുണ്ട്. ഇതൊന്നും തെയ്യത്തിന്റെ യാഥാർത്ഥ്യം മറന്നുകൊണ്ടായിരുന്നില്ല.
? പുതിയ തലമുറ
ഇന്ന് പണമാണ് മുഖ്യം. ചെറുപ്പക്കാരിൽ അനുഷ്‌ഠാനങ്ങളും മൊഴികളുമൊക്കെ കുറഞ്ഞുവരുന്നു. തെയ്യം തൊഴിലായപ്പോൾ ഈ മാറ്റം സ്വാഭാവികമാണ്. പണ്ട് 16 പണം (മൂന്നര രൂപ) വരെയാണ് കിട്ടിയിരുന്നത്. ഇന്ന് ഒരു കോലത്തിന് 1500 രൂപ മുതലങ്ങോട്ട് കിട്ടുന്നുണ്ട്. കാലത്തിനനുസരിച്ച് കോലവും മാറുമല്ലോ.
? കെട്ടിയ കോലങ്ങളെയോർക്കുമ്പോൾ…
അന്നെല്ലാം മുടിയേറ്റുന്നതുമുതൽ ഞാൻ മറ്റൊരു ലോകത്തിലാണ്. ചില കോലങ്ങളിൽ സ്വയം മറന്നുപോകും. മുത്തപ്പനും കതിവനൂർ വീരനുമൊക്കെയാകുമ്പോൾ പ്രത്യേകിച്ചും.
കണ്ണൻ പെരുവണ്ണാന് മക്കൾ രണ്ടുപെണ്ണും രണ്ടാണും. ഒരു മകൻ അകാലത്തിൽ മരിച്ചു. ഒരാൾ ബാങ്കിൽ ജോലി ചെയ്യുന്നു. പാരമ്പര്യസിദ്ധികൾ കാത്തുസൂക്ഷിക്കണമെന്നുണ്ട്. ഒരു ചെറുമകൻ വൈദ്യത്തിലേക്കു വന്നു.
“തെയ്യത്തിന്റെ കാര്യത്തിൽ അതായില്ല. വിഷമമുണ്ട്”
കണ്ണൻ പെരുവണ്ണാന് അനവധി അംഗീകാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷമാണ് ഫോക്‌ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് കിട്ടിയത്. ‘ചിലമ്പിട്ട ഓർമ്മകൾ’ എന്ന പുസ്‌തകത്തിൽ അദ്ദേഹത്തിന്റെ ജീവിതകഥയുണ്ട്. അടുത്തകാലത്ത് കണ്ണൻ പെരുവണ്ണാനെക്കുറിച്ച് സുധീഷ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌ത ഡോക്യുമെന്ററി ‘ദേവനർത്തകൻ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അംഗീകാരങ്ങളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് സന്തോഷം. “തെയ്യം അംഗീകരിക്കപ്പെടുന്നുവെന്നറിയുമ്പോൾ സന്തോഷമുണ്ട്” വീണ്ടും പെരുവണ്ണാൻ വൈദ്യശാലയിലെ തിരക്കിലേക്ക്.
Generated from archived content: chilampitta.html Author: madhu_kv
Click this button or press Ctrl+G to toggle between Malayalam and English