നഷ്ടപ്പെട്ട നീലാംബരി (പുനര്‍വായന)

(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. ശ്രീമതി മധവിക്കുട്ടിയുടെ ‘ നഷ്ടപ്പെട്ട നീലാംബരി ’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം)

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം നഷ്ടപ്പെട്ടതെന്തോ തേടിക്കൊണ്ടു മധുരയില്‍ വന്നെത്തിയതായിരുന്നു ശസ്ത്രക്രിയാവിദഗ്ദ്ധയായ ഡോക്ടര്‍ സുഭദ്രാദേവി. എന്താണു നിങ്ങള്‍ക്കു നഷ്ടപ്പെട്ടത് എന്ന് വല്ലവരും ചോദിച്ചിരുന്നുവെങ്കില്‍ ആ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടി പറയാന്‍ സുഭദ്രയ്ക്ക് കഴിയുമായിരുന്നില്ല. പണ്ടെങ്ങോ ഈ നഗരത്തില്‍ വച്ച് അനുഭവിച്ചുതീര്‍ത്ത വേദനയെത്തേടിയാണോ ഈ മടക്കയാത്ര? ആ വേദനയുടെ മാധുര്യം അന്വേഷിച്ചു മാത്രമല്ലേ ഒഴിവുകഴിവുകള്‍ പറഞ്ഞ് രോഗികളേയും ആശുപത്രി അധികൃതരേയും സമാശ്വസിപ്പിച്ച് താന്‍ ഡ്രൈവറേയും കൂടി ഒഴിവാക്കി കാറില്‍ ഈ ദീര്‍ഘയാത്രയ്ക്ക് മുതിര്‍ന്നത്? ശസ്ത്രക്രിയ കഴിഞ്ഞ് നീക്കപ്പെട്ട ഒരവയവത്തെതേടി രോഗി ആശുപത്രിയിലേക്കു മടങ്ങാറുണ്ടോ? ഒരിക്കലുമില്ല. ഈ യാത്ര തന്റെ അവിവേകമാണു വെളിപ്പെടുത്തുന്നത്… സുഭദ്ര തന്നോടു തന്നെ പറഞ്ഞു.

മധുര വിട്ട് മദ്രാസില്‍ പഠിച്ചിരുന്നപ്പോഴും പിന്നീട് ഭര്‍ത്താവൊന്നിച്ച് കോഴിക്കോട്ട് ജീവിച്ചിരുന്നപ്പോഴും മധുരയെന്ന നഗരം ഒളിമങ്ങിയ ഒരു കിനാവെന്നപോലെ സുഭദ്രയില്‍ തങ്ങി നിന്നു.മുല്ലയും പിച്ചകവും ജമന്തിയും കാട്ട് തുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷി ക്ഷേത്രത്തിന്റെ തണുത്ത മിനുത്ത അകത്തളങ്ങളും തിലഹോമത്തിന്റെ തിരികളും സന്ധ്യയ്ക്കു തന്റെ ഗുരുനാഥന്‍ ആലപിച്ച നീലാംബരിയും സുഭദ്രയുടെ അകത്തു ചിരഞ്ചീവികളായി വാണു. ആ സ്മരണകളെ കുളത്തില്‍നിന്നു ചണ്ടികളെയെന്നോണം പറിച്ചുനീക്കുവാന്‍ അവളുടെ ഭര്‍ത്താവു പലപ്പോഴും ശ്രമിച്ചു. ആ സ്മരണകള്‍ അവളില്‍ അവശേഷിക്കുമ്പോള്‍ അവള്‍ തന്റെ സ്വന്തമാവുകയില്ലെന്ന് അയാള്‍ ഭയന്നു.

“മധുരയെപ്പറ്റി സംസാരിക്കുമ്പോള്‍ സുഭദ്രേ നീ മറ്റൊരാളായി മാറുന്നു.” അയാള്‍ പറഞ്ഞു. തന്നെ സംഗീതം പഠിപ്പിച്ച ബ്രാഹ്മണ യുവാവിനെപ്പറ്റി സുഭദ്ര അപൂര്‍വമായി മാത്രം സംസാരിച്ചു. എന്നിട്ടും ആ ഗുരുശിഷ്യ ബന്ധത്തിന്റെ കറുത്ത നിഴല്‍ അവളുടേയും ഭര്‍ത്താവിന്റെയും നടുവില്‍ വീണു കിടന്നു.

“സത്യം പറയൂ ,നീ മറ്റു വല്ലവരുടേയും കാമുകിയായിരുന്നോ?” ഭര്‍ത്താവ് ചോദിച്ചു.

“വിവാഹിതയാവുന്നതുവരെ ഞാന്‍ കന്യകയായിരുന്നു”. അവള്‍ പറഞ്ഞു. അഭിമാനത്തോടെയല്ല അവള്‍ ആ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. കന്യകാത്വം നഷ്ടപ്പെടാഞ്ഞത് ഒരു ദൗര്‍ഭാഗ്യകരമായി താന്‍ കരുതുന്നു എന്ന ധ്വനി അവളുടെ സ്വരത്തിലുണ്ടായിരുന്നു. ഭര്‍ത്താവ് ദു:ഖിതനായി.

ഡോക്ടര്‍ സുഭദ്രാദേവിയും അവരുടെ ഭര്‍ത്താവായ ചന്ദ്രശേഖരമേനോനും ആദര്‍ശദമ്പതികളാണെന്നു മിത്രങ്ങളും പരിചിതരും പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ സുഭദ്ര ആ പ്രഖ്യാപനത്തെ എതിര്‍ത്തില്ല. ആ പ്രഖ്യാപനത്തില്‍ സന്തുഷ്ടി കണ്ടെത്തിയതുമില്ല. ഹൃദയത്തിന്റെ ഒരജ്ഞാത കോണില്‍ അനുഭവപ്പെട്ട മരവിപ്പോടെ അവള്‍ ഭര്‍ത്താവുമായി ഇണചേര്‍ന്നു.വിമുഖത വെളിപ്പെടുത്താതെ തന്നെ ഒരു സവര്‍ണ്ണ ഹിന്ദു സ്ത്രീയുടെ ഗാര്‍ഹിക കടമകള്‍ രാവും പകലും നിറവേറ്റി.എന്നിട്ടും ഭര്‍ത്താവ് പരാതിപ്പെട്ടു.

“നീ നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്നതു നിന്റെ രോഗികളോടു മാത്രമാണ് . ചികിത്സകനും ചികിത്സിക്കപ്പെട്ടവനും തമ്മിലുള്ള ബന്ധം മാത്രമേ നിനക്കു മനസ്സിലാവുകയുള്ളു. എനിക്കു നിന്റെ രോഗികളോടു കലശലായ അസൂയ തോന്നുന്നു.”

ആ വാക്കുകള്‍ അവളെ ഭയചകിതയാക്കി. ഭാര്യയെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടുവോ. സ്ത്രീ എന്ന നിലയില്‍ താന്‍ അപൂര്‍ണ്ണയാണോ?

തന്റെ സിരകള്‍ക്കു ചൂടു പകരുവാന്‍ ഭര്‍ത്താവിനു കഴിഞ്ഞിട്ടില്ല. സുഭദ്ര ചിന്തിച്ചു. ശാസ്ത്രികള്‍ കുളിക്കാറുള്ള ക്ഷേത്രക്കുളത്തില്‍ അദ്ദേഹത്തിന്റെ ജ്യേഷ്ടത്തിയുടെ മകളും തന്റെ സതീര്‍ത്ഥ്യയുമായ ജ്ഞാനാംബാളുടെ കൂടെ നീന്തുവാനിറങ്ങിയതും വെള്ളം കുടിച്ചു മുങ്ങിത്താഴ്ന്നതും അവള്‍ വീണ്ടും ഓര്‍ത്തു. ജ്ഞാനത്തിന്റെ നിലവിളി കേട്ട് അദ്ദേഹം നീന്തി വന്ന് തന്നെ പൊക്കിയെടുത്ത് രക്ഷപ്പെടുത്തിയതും അവള്‍ ഓര്‍മ്മിച്ചു. തന്നെ മാറോടണച്ച് അദ്ദേഹം നീന്തിയപ്പോള്‍ തന്റെ ശരീരം നീര്‍ചുഴികളുള്ള സമുദ്രം പോലെയായി. ഊഞ്ഞാലില്‍ ഇരുന്നുകൊണ്ട് പെട്ടെന്നു താഴ്ന്നതുപോലെ ഒരു തോന്നല്‍ അടിവയറ്റില്‍ അനുഭവപ്പെട്ടു. അതായിരുന്നോ കാമത്തിന്റെ ആദ്യത്തെ ആക്രമണം? പൂണൂല്‍ ഒട്ടിക്കിടക്കുന്ന ആ മാര്‍വിടത്തിന്റെ സ്പര്‍ശം വീണ്ടും ഏല്‍ക്കുവാന്‍ താന്‍ എത്ര തവണ ആഗ്രഹിച്ചു! വിയര്‍പ്പില്‍ നനഞ്ഞ സിന്ദൂരപ്പൊട്ടും ആ കഴുത്തിലണിഞ്ഞ ഒറ്റ രുദ്രാക്ഷവും അവളുടെ കിനാവുകളില്‍ പ്രവേശിച്ചു. വിവാഹിതയായിട്ടും ആ സിന്ദൂരപ്പൊട്ട് സ്മരണയില്‍നിന്നോ സ്വപ്നങ്ങളില്‍നിന്നോ മാഞ്ഞു പോയില്ല.

മധുരയിലെ നേത്രരോഗവിദഗ്ധനായിരുന്നു സുഭദ്രയുടെ അച്ഛന്‍. തന്റെ കൂട്ടുകാരികള്‍ ഒരു രാമാനുജം ശാസ്ത്രികളുടെ മഠത്തില്‍ പോയി സംഗീതം പഠിക്കുന്നു എന്നു പറഞ്ഞപ്പോള്‍ സുഭദ്രയ്ക്കും ആ ക്ലാസ്സില്‍ ചേരുവാന്‍ അദ്ദേഹം അനുവാദം നല്‍കി. തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിത ജ്ഞാനത്തിന്റെ അമ്മാമനാണ് ശാസ്ത്രികള്‍ എന്ന് സുഭദ്ര പറഞ്ഞപ്പോള്‍ അച്ഛന്‍ അവളെ വൈകുന്നേരം മഠത്തിലേക്ക് അയയ്ക്കുവാന്‍ യാതൊരു വൈമനസ്യവും തോന്നിയില്ല. ജ്ഞാനത്തിന്റെ ഒന്നിച്ചു പോവുക ജ്ഞാനത്തിന്റെ ഒന്നിച്ച് വീട്ടിലേക്കു മടങ്ങുക – അത്രമാത്രം

ജ്ഞാനം കോലാടിന്റെ മുഖച്ഛായയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അവള്‍ സുഭദ്രയെ ‘തടിച്ചി’യെന്നു വിളിക്കുകയും പരിഹസിക്കുകയും ചെയ്തു. സുഭദ്ര ധരിച്ച വസ്ത്രങ്ങളുടെ കടുത്ത നിറങ്ങള്‍ അവളുടെ ഇരുണ്ട ശരീരത്തിനു ചേരുകയില്ല എന്നും ജ്ഞാനം ആവര്‍ത്തിച്ചു പറഞ്ഞു. സുഭദ്രയുടെ കനത്ത മുടി അസുരമുടിയാണെന്നും ജ്ഞാനം അഭിപ്രായപ്പെട്ടു. ജ്ഞാനത്തിന്റെ അഭിപ്രായങ്ങള്‍ സുഭദ്രയില്‍ ഒരു അപകര്‍ഷതാബോധം വളര്‍ത്തി. താന്‍ ഉന്നതകുലജാതയാണെന്ന വസ്തുത ജ്ഞാനം നിരന്തരം സ്നേഹിതയെ ഓര്‍മ്മിപ്പിച്ചു.

“നീ മീനും ഇറച്ചിയും തിന്നുന്നവളല്ലേ?നിനക്കു സംഗീതത്തില്‍ നൈപുണ്യം നേടുവാന്‍ ഒരിക്കലും കഴിയുകയില്ല. ഇറച്ചി തിന്നുന്ന വായ ഒരിക്കലും കീര്‍ത്തനങ്ങള്‍ക്കു വഴങ്ങുകയില്ല”. ജ്ഞാനം പറഞ്ഞു.

ആ പ്രസ്താവനയ്ക്കു ശേഷം സുഭദ്ര സസ്യഭുക്കായി മാറി. മകളുടെ ഭക്ഷണരീതിയില്‍ പെട്ടെന്നു വന്ന പരിവര്‍ത്തനം അച്ഛനമ്മമാരെ ആശ്ചര്യപ്പെടുത്തി. വറുത്ത മത്സ്യമില്ലാതെ ഭക്ഷണം കഴിക്കുവാന്‍ വിസമ്മതിച്ചിരുന്ന സുഭദ്രയോ തയിര്‍ചോറും അച്ചാറും രുചിയോടെ ഭക്ഷിക്കുന്നത് ?

ജ്ഞാനത്തിന്റെ സമ്പര്‍ക്കം മൂലമാവാം സുഭദ്ര ഫ്രോക്കുകള്‍ ധരിക്കാതായി. പാവാടയും ധാവണിയും മാത്രം ഉപയോഗിച്ചുതുടങ്ങി. മുടി വളര്‍ത്തിത്തുടങ്ങി. മുടിയില്‍ വൈകുന്നേരം മുല്ലപൂമാല ധരിക്കുവാനും അവള്‍ ആരംഭിച്ചു. അവളുടെ നാവില്‍ രാഗങ്ങള്‍ എല്ലായ്പ്പോഴും ഉതിര്‍ന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ രാമാനുജംശാസ്ത്രികള്‍ തന്റെ വൃദ്ധ മാതാവിനേയും കൊണ്ട് നേത്രചികിത്സാലയത്തില്‍ വന്നെത്തി. അമ്മയ്ക്ക് തിമിരമായിരുന്നു. അമ്മയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കുവാനാണ് സുഭദ്രയുടെ അച്ഛന്റെ സമീപം വന്നത്.

“ഞാന്‍ സുഭദ്രയെ പാട്ടുപഠിപ്പിക്കുന്ന ശാസ്ത്രികളാണ്.” അയാള്‍ സ്വയം പരിചയപ്പെടുത്തി.

ഭാഗവതര്‍ വൃദ്ധനായിരിക്കുമെന്നാണ് സുഭദ്രയുടെ അച്ഛന്‍ വിശ്വസിച്ചിരുന്നത്. പുരാണേതിഹാസങ്ങളില്‍നിന്ന് എഴുന്നേറ്റുവന്ന ഒരു പുരുഷ കേസരിയാണ് ആയുവാവ് എന്ന് സുഭദ്രയുടെ അച്ഛനു തോന്നി. ഈ കോമളബ്രാഹ്മണന്റെ മഠത്തിലേക്കോ തന്റെ ഏകപുത്രി എല്ലാ വൈകുന്നേരവും യാത്ര ചെയ്തത്?

അവളില്‍ വന്നു കൂടിയ പരിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ആനിമിഷത്തില്‍ ഓര്‍മ്മ വന്നു. വാശി പിടിച്ച് മൂക്കുകുത്തിച്ചത്, വൈകുന്നേരം പൂമാലകള്‍ ചൂടിയത്, പുതിയ വസ്ത്രധാരണരീതി,സസ്യ ഭോജനത്തിനുള്ള താല്പര്യം…. ഇവ ഓരോന്നും മകള്‍ ഗുരുനാഥനെ പ്രേമിച്ചിരുന്നുവെന്നതിന്റെ തെളിവായി അച്ഛനുതോന്നി. എങ്ങനെ ആകര്‍ഷിക്കപ്പെടാതിരിക്കും? പതിനാറുവയസ്സു മാത്രം പ്രായമുള്ള ആ നിഷ്കളങ്ക ബാലിക ഗുരുനാഥന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയിരിക്കാം. അയാള്‍ അവളെ വശീകരിച്ചിരിക്കാം.

അച്ഛന്‍ പറഞ്ഞു “നാളെ മുതല്‍ സുഭദ്ര പാട്ടിനു വരില്ല. സന്ധ്യയ്ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവളെ പട്ടി കടിക്കുമെന്ന് വിചാരിച്ച് എനിക്ക് ഉറക്കം നഷ്ടപ്പെടുന്നു.”

താന്‍ സുഭദ്രയുടെ വീട്ടിലേക്കു ഞായറാഴ്ച വന്ന് അവളെ സംഗീതം അഭ്യസിപ്പിക്കാമെന്ന് ശാസ്ത്രികള്‍ വിനയത്തോടെ അറിയിച്ചു.

“വേണ്ട. സുഭദ്രയെ മദ്രാസില്‍ കൊണ്ടുപോയി കോളേജില്‍ ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” സുഭദ്രയുടെ അച്ഛന്‍ പറഞ്ഞു.

അങ്ങനെ സുഭദ്ര മദ്രാസിലെത്തി. പ്രേമവിഹ്വലമായ മനസ്സും കൊണ്ട് വിരഹിണിയായി അവള്‍ അവിടെ ജീവിച്ചു. മെഡിസിന് ചേര്‍ന്ന് സ്വപ്രയത്നത്താല്‍ ഡോക്ടറായി വീട്ടില്‍ മടങ്ങിയെത്തി.

അവളുടെ വിവാഹം ആ വര്‍ഷത്തില്‍ത്തന്നെ നടത്തുവാന്‍ തീരുമാനിച്ചു. അച്ഛന്‍ തെര‍ഞ്ഞെടുത്ത വരന്‍ . ധനികന്‍ ,ഉന്നത വിദ്യാഭ്യാസമുള്ളവന്‍. അവള്‍ പ്രതിഷേധിച്ചില്ല.

ശാസ്ത്രികള്‍ അപ്പോഴേക്കും തന്റെ അനന്തരവളായ ജ്ഞാനത്തെ വിവാഹം ചെയ്തു കഴിഞ്ഞിരുന്നു. ജ്ഞാനം ജനിച്ച നാള്‍ തൊട്ട് ആ കുടുംബാംഗങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായിരുന്നു അത്തരമൊരു ബന്ധം വേണമെന്ന്. വിവാഹിതയായ ജ്ഞാനം പുതിയ പട്ടുചേലയുടുത്ത് കപോലങ്ങളില്‍ പച്ചമഞ്ഞള്‍ തേച്ച് സുഭദ്രയെ കാണുവാനെത്തി. അവള്‍ സന്തുഷടയായി കാണപ്പെട്ടു. ശാസ്ത്രികള്‍ക്കു തന്നോടുള്ള വാത്സല്യത്തെപ്പറ്റി ജ്ഞാനം പറയുവാന്‍ ആരഭിച്ചപ്പോള്‍ സുഭദ്ര അവളുടെ വായ പൊത്തി.

“എനിക്ക് ഇത്തരം രഹസ്യങ്ങള്‍ അറിയുവാന്‍ താല്പര്യമില്ല.” അവള്‍ ജ്ഞാനത്തോടു പറഞ്ഞു.

“നിനക്ക് എന്നോട് അസൂയ തോന്നുന്നു, അല്ലേ? നിനക്ക് അദ്ദേഹത്തിനെ സ്വന്തമാക്കുവാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന് എനിക്കറിയാം.”

എന്തു മഹാപാപമാണ് ഇത്തരം അസംബന്ധങ്ങള്‍ പറയല്‍ ! എനിക്ക് ശാസ്ത്രികളോട് ഒരു ശിഷ്യയ്ക്കു തോന്നുന്ന ഭക്തിയും ബഹുമാനവും മാത്രമേ തോന്നിയിട്ടുള്ളൂ.” സുഭദ്ര പറഞ്ഞു.

ജ്ഞാനം പൊട്ടിച്ചിരിച്ചു.

“നിന്റെ ഭക്തിയും ബഹുമാനവും എനിക്കറിയാം. അദ്ദേഹം നിന്നെ വെള്ളത്തില്‍ നിന്നു രക്ഷിച്ചപ്പോള്‍ നീ അദ്ദേഹത്തിന്റെ ശരീരം മുറുക്കെ പിടിക്കുന്നത് ഞാന്‍ കണ്ടുവല്ലോ.മുങ്ങി മരിക്കാറായ ആരുടെ കൈകള്‍ക്കും രക്ഷിച്ചവനെ മുറുകെപ്പിടിക്കുവാന്‍ സാധിക്കുകയില്ല.” ജ്ഞാനം പറഞ്ഞു.

“നീ അപരാധം പറഞ്ഞുപരത്തരുത്. എന്റെ വിവാഹം ഉറപ്പിച്ചുകഴിഞ്ഞു.” സുഭദ്ര പിറുപിറുത്തു.

തന്റെ കിടപ്പറരഹസ്യങ്ങള്‍ ഓരോന്നോരോന്നായി സതീര്‍ത്ഥ്യയ്ക്കു കൈമാറമെന്ന് ജ്ഞാനം പറഞ്ഞപ്പോള്‍ നീരസത്തോടെ സുഭദ്ര എഴുന്നേറ്റ് മുറിവിട്ടുപോയി. ശാസ്ത്രികളെ കാണുവാനോ അദ്ദേഹത്തെ വിവാഹത്തിനു ക്ഷണിക്കുവാനോ അവള്‍ തുനിഞ്ഞില്ല.

രണ്ട്

സുഭദ്രയുടെ ഭര്‍ത്താവ് അവളുടെ സ്നേഹരഹിതമായ പെരുമാറ്റത്തെ വിമര്‍ശിച്ചു. ക്ലിനിക്കില്‍ വരുന്ന രോഗികളോ രോഗികളുടെ രക്ഷകരോ രോഗത്തെപ്പറ്റിയല്ലാതെ രണ്ടക്ഷരം ഉരിയാടുമ്പോഴേക്കും അദ്ദേഹം അസ്വസ്ഥനായി ഇടനാഴിയില്‍ ഉലാത്തിത്തുടങ്ങും. ആ കാലൊച്ച കേട്ട് രോഗികളും നിശ്ശബ്ദരായി.

ചന്ദ്രശേഖരമേനോന്‍ തന്റെ ഭാര്യയുടെ രോഗികളോട് ഒരിക്കലും സംസാരിച്ചില്ല. അവരില്‍ സുപരിചിതരോടും ചിരിച്ചില്ല. തന്നില്‍ നിന്നും തന്റെ ഭാര്യയെ അകറ്റുന്ന ശത്രുക്കള്‍ എന്ന മട്ടിലാണ് അദ്ദേഹം അവരെ കണ്ടത്. സുഭദ്രയും താനും തനിച്ച് ടി.വി. കാണുക, അന്യോന്യം പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കുക, നടക്കുവാന്‍ പോവുക, കാറില്‍ സായാഹ്ന സവാരി ചെയ്യുക ഇവയെല്ലാമായിരുന്നു ആ ഭര്‍ത്താവിന്റെ മോഹങ്ങള്‍. പക്ഷേ, ക്ലിനിക്കിനു മുന്നില്‍ ക്യൂവില്‍ നിന്നു ജനവൃന്ദം. ഫോണ്‍ സദാസമയവും ശബ്ദിച്ചു. ആശുപത്രികളില്‍നിന്ന് അടിയന്തിര സന്ദേശങ്ങള്‍ വന്നെത്തി. ഉടനടി ശസ്ത്രക്രിയ ആവശ്യപ്പെടുന്ന അത്യാഹിതങ്ങളെപ്പറ്റി ആശുപത്രിക്കാര്‍ സുഭദ്രയെ ഓര്‍മ്മിപ്പിച്ചു. ചില ദിവസങ്ങളില്‍ സുഭദ്ര ഉറങ്ങിക്കിടക്കുമ്പോള്‍ മേനോന്‍ ഫോണില്‍ പറയും “ഡോക്ടര്‍ സുഭദ്ര ഇവിടെയില്ല. അമ്മയെ കാണുവാന്‍ ഗുരുവായൂര്‍ക്കു പോയിരിക്കുകയാണ്.”

അത്തരം നുണകള്‍ സുഭദ്രയെ ചൊടിപ്പിച്ചു:

“എന്റെ രോഗി മരിച്ചാല്‍ നിങ്ങള്‍ക്കു ചേതമില്ല, ഉവ്വോ?” അവള്‍ ചോദിച്ചു.

“മരിക്കുവാന്‍ യോഗമുണ്ടെങ്കില്‍ രോഗി മരിക്കും. നിനക്കും അയാളെ രക്ഷിക്കുവാന്‍ കഴിയില്ല. ദൈവത്തിലും വലുതാണോ ഡോക്ടര്‍?”

ചില രാത്രികളില്‍ ഫോണ്‍ ശബ്ദിക്കാത്ത അപൂര്‍വ്വ വേളകളില്‍ ഉറങ്ങിക്കിടക്കുന്ന ആ സുന്ദരിയുടെ ത്വക്കിന്റെയും തലമുടിയുടെയും പരിമളം മേനോന്‍ ആര്‍ത്തിയോടെ നുകര്‍ന്നു. മുടിയില്‍ നര വീണിട്ടും തന്റെ ഭാര്യയുടെ സൗകുമാര്യത്തിനു കോട്ടം തട്ടിയിട്ടില്ലെന്ന് അദ്ദേഹം ആശ്ചര്യത്തോടെ മനസ്സിലാക്കി. ലാളിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാത്ത ആ ഭാര്യ ലാളിക്കുവാനോ പ്രേമം പ്രദര്‍ശിപ്പിക്കുവാനോ ഒരിക്കലും സന്നദ്ധയായില്ല.

“എനിക്കു നിന്റെ രോഗികളോട് അസൂയ തോന്നുന്നു.” മേനോന്‍ പറഞ്ഞു.

ഒരു ഡോക്ടര്‍ തന്റെ രോഗിയുടെ മിത്രമായും വര്‍ത്തിച്ചുകൂടെ എന്ന് സുഭദ്ര ഭര്‍ത്താവിനോടു ചോദിച്ചു.

“ഒരിക്കലും അത് പാടില്ല. സുഹൃദ്ബന്ധം സെന്റിമെന്റാലിറ്റിക്കു വഴിയൊരുക്കും. ചികിത്സകനും അത് ചികിത്സിക്കപ്പെടുന്നവനും ഒരുപോലെ ആപത്കരമായി ഭവിക്കും. നിന്റെ മിത്രത്തിന്റെ വയറു കീറുമ്പോള്‍ നിന്റെ വിരലുകള്‍ക്കു വിറയല്‍ അനുഭവപ്പെടില്ലേ?”

ചന്ദ്രശേഖരമേനോന്‍ അളന്നു ചിട്ടപ്പെടുത്തിയ ഒരു ജീവിതശൈലിയാണ് ശീലിച്ചുവന്നത്. മൂന്നോ നാലോ മിത്രങ്ങള്‍ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അവരുടെ വീടുകളില്‍ ചെന്ന് ആഹാരം കഴിക്കുവാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അവരെ മാത്രമേ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുക ഉണ്ടായുള്ളൂ. പരിചിതരെ ക്ലബ്ബിലോ പൊതുസ്ഥലങ്ങളിലോ വെച്ചു കണ്ടാല്‍ വെറുമൊരു പുഞ്ചിരി, മൂന്നു വാക്കിലൊതുങ്ങുന്ന ഒരു കുശലാന്വേഷണവും. അത്രമാത്രം. അപരിചിതരുടെ മുന്നില്‍ ചന്ദ്രശേഖരന്റെ മുഖം പൂട്ടിയിട്ട കവാടമായി മാറി.

വര്‍ഷത്തിലൊരിക്കല്‍ സുഭദ്ര തന്റെ ഭര്‍ത്താവൊന്നിച്ച് ഗുരുവായൂരിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോവാറുണ്ടായിരുന്നു. ക്ഷേത്രകവാടത്തിലേക്കു നടക്കുമ്പോള്‍ കൈനീട്ടുന്ന യാചകര്‍ക്കായി അമ്പതുരൂപ നാണ്യങ്ങളാക്കി മാറ്റി മേനോന്‍ തന്റെ തൂവാലയില്‍ കെട്ടി കരുതി വച്ചു.സുഭദ്രയുടെ മേല്‍ ആരും ആ തിരക്കില്‍ വന്നു വീഴാതിരിക്കുവാന്‍ തന്റെ രോമനിബിഡങ്ങളായ കരങ്ങള്‍കൊണ്ട് അവ‍ള്‍ക്കുചുറ്റും ഒരു രക്ഷാവലയം സൃഷ്ടിച്ചുകൊണ്ടാണ് മേനോന്‍ ക്ഷേത്രനടയില്‍ മുന്നോട്ട് നീങ്ങിയത്.

അമ്പതുരൂപയും യാചകര്‍ക്കു കൊടുത്തു കഴിഞ്ഞാല്‍ അമ്പത്തൊന്നാമനായ യാചകനോട് അദ്ദേഹം കയര്‍ക്കുക പതിവായിരുന്നു. പെട്ടെന്ന് ആ മുഖത്തെ ശാന്തത മാഞ്ഞു: “പോ പോ ആളെ ഉപദ്രവിക്കാതെ കടന്നുപോ.” മേനോന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ശ്രീകോവിലില്‍ വിഗ്രഹദര്‍ശനത്തിനായി ശ്രമിക്കുമ്പോള്‍ ഏതെങ്കിലും പുരുഷന്‍ തന്റെ ഭാര്യയെ അറിയാതെതന്നെ സ്പര്‍ശിച്ചുപോയാല്‍ മേനോന്‍ കയര്‍ക്കും:

“മുഖത്ത് കണ്ണില്ലേ? സ്ത്രീകളുടെ മേല്‍ കടന്നു വീഴണോ?” അദ്ദേഹം ചോദിക്കും. ആറടിയിലധികം ഉയരമുള്ള ഒരു ബലിഷ്ഠ്കായനായിരുന്നതുകോണ്ടാവാം ആരും അദ്ദേഹവുമായി തര്‍ക്കിക്കുവാന്‍ ഒരുമ്പെട്ടില്ല. പക്ഷേ, ലജ്ജകൊണ്ടും അഭിമാനഭാരം കൊണ്ടും സുഭദ്രയുടെ മുഖം വിവര്‍ണ്ണമാകാറുണ്ടായിരുന്നു.

തങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടാവാത്തതില്‍ ഖേദം പ്രകടിപ്പിച്ചിരുന്ന മേനോന്‍ ഒടുവില്‍ അവളുടെ വന്ധ്യത്വം ഒരനുഗ്രഹമായി കണക്കാക്കി.

“കുട്ടികളെ ശ്രദ്ധിക്കുവാന്‍ നിനക്ക് ഒരിക്കലും സമയം കിട്ടുമായിരുന്നില്ല. നിനക്ക് എല്ലായ്പ്പോഴും രോഗികളെപ്പറ്റിയുള്ള ചിന്തയായിരിക്കും..” അദ്ദേഹം പറഞ്ഞു.

രോഗികളെ ശപിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്‍ ഒടുവില്‍ ഒരു രോഗിയായി മാറിയപ്പോള്‍ സുഭദ്രയുടെ കുറ്റബോധം അവളെ അസ്വസ്ഥയാക്കി. അദ്ദേഹത്തോട് അദ്ദേഹം അര്‍ഹിച്ചിരുന്ന നീതി പുലര്‍ത്തുവാന്‍ തനിക്കു കഴിഞ്ഞില്ല എന്ന് അവള്‍ക്കു തോന്നി. അദ്ദേഹത്തേക്കാള്‍ പത്തിരട്ടി ധനം സമ്പാദിച്ചു തുടങ്ങിയതുകൊണ്ടാവാം തന്നില്‍ അഹംഭാവം വളര്‍ന്നുവന്നത്.

ആദ്യകാലത്ത് താന്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഭയപ്പെട്ടിരുന്നു. പുരാതനവും ശ്രേഷ്ഠവുമായ ഒരു തറവാട്ടില്‍നിന്ന് ഒരാള്‍ തനിക്കു ഭര്‍ത്താവായി വരുമെന്ന് സുഭദ്ര പ്രതീക്ഷിച്ചിരുന്നില്ല. താന്‍ തമിഴ്നാട്ടില്‍ വളര്‍ന്നവളായതുകൊണ്ടും തന്റെ നിറം തവിട്ടായതുകൊണ്ടും അമ്മയുടെ നാട്ടിലേക്ക് ഓണക്കാലത്തു ചെന്നെത്തുമ്പോള്‍ ബന്ധുക്കള്‍ തന്നെ ‘ചെട്ടിച്ചി’യെന്നു വിളിച്ചത് സുഭദ്ര ഓര്‍ത്തു. ചന്ദ്രശേഖരമേനോന് സുന്ദരികളെ വിവാഹം ചെയ്യാമായിരുന്നു. ആഭിജാത്യമുള്ള പെണ്‍കുട്ടികളെ. മലയാളം തമിഴ് ചുവയോടെ മാത്രം ഉച്ചരിക്കുന്ന തന്നെ എന്തുകൊണ്ട് അദ്ദേഹം ഭാര്യയായി തിരഞ്ഞെടുത്തു?

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: “ നീ ദ്രൌപദിയുടെ രൂപലക്ഷണങ്ങള്‍ ഉള്ളവളാണ്. പക്ഷേ, എന്നെ ഏറ്റവും ആകര്‍ഷിച്ചതു നിന്റെ വിനയശീലമാണ്.”

ആ വിനയശീലം എവിടെപ്പോയൊളിച്ചു? രോഗികള്‍ക്കും രക്ഷകര്‍ക്കും കാണപ്പെട്ടദൈവമായി മാറിയപ്പോള്‍ അവനവനെപ്പറ്റി അകാരണമായ മതിപ്പ് അവളില്‍ ജനിച്ചു. താന്‍ ലോകത്തിന്റെ അച്ചുതണ്ടായി മാറിയെന്ന ഒരു ധാരണ അവള്‍ക്കുണ്ടായി. വീട് പുതുക്കിപ്പണിതു. കിടപ്പറയില്‍ എയര്‍ക്കണ്ടീഷണര്‍ വന്നുചേര്‍ന്നു. വേലക്കാരുടെ സംഖ്യ വര്‍ദ്ധിച്ചു. കരയില്ലാത്തതെങ്കിലും വിലകൂടിയ പട്ടുസാരികള്‍ മാത്രം അവള്‍ ധരിച്ചുതുടങ്ങി. ഫര്‍ണിച്ചര്‍ പുതുക്കി, തിരശ്ശീലകളും പരവതാനികളും പുതുക്കി. പുതുക്കാന്‍ കഴിയാത്ത ഏക വസ്തു അവളുടെ ഭര്‍ത്താവായിരുന്നു. അദ്ദേഹം ഉദ്യാനങ്ങളിലും അകത്തളങ്ങളിലും പഴയ മുണ്ടും ബനിയനും മാത്രം ധരിച്ച് ഉലാത്തിക്കൊണ്ടിരുന്നു. മുന്‍വശത്തെ ഒരു പല്ല് വീണു പോയപ്പോള്‍ കൃത്രിമദന്തം വാങ്ങിവെക്കുവാന്‍ വിസമ്മതിച്ചുകൊണ്ട്.

“പല്ലുണ്ടെങ്കിലും പല്ലില്ലെങ്കിലും ചന്ദ്രശേഖരമേനോന്‍ ചന്ദ്രശേഖരമേനോന്‍തന്നെ.” അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. സുഭദ്രയ്ക്ക് ആചിരിയില്‍ പങ്കു കൂടുവാന്‍ മനസ്സുവന്നില്ല. തന്റെ ജീവിതത്തിനു ജീര്‍ണ്ണത സംഭവിക്കുന്നു എന്ന് ആ നിമിഷത്തില്‍ അവള്‍ക്ക് തോന്നി.

സന്ധ്യാനേരത്തു കുളിച്ചു വരാന്തയില്‍ നിന്നു മുടിയിഴകളില്‍ വിരലോടിക്കുമ്പോള്‍ അവള്‍ ശാസ്ത്രികള്‍ നീലാംബരി ആലപിക്കുന്നതിനെപ്പറ്റി ഓര്‍ത്തു. വിദൂരതയില്‍ സൂര്യന്‍ പട്ടട പോലെ എരിഞ്ഞു കെട്ടടങ്ങുമ്പോള്‍ അവള്‍ ആ ഗായകന്റെ കണ്ണുകളുടെ തീക്ഷ്ണതയെപ്പറ്റിയും ഓര്‍ത്തു.

“നമുക്ക് മധുരമീനാക്ഷി ക്ഷേത്രം ഒന്നു സന്ദര്‍ശിക്കാം. ഞാന്‍ രണ്ടു ദിവസം അവധിയെടുക്കാം.” സുഭദ്ര ഒരു ദിവസം ഭര്‍ത്താവിനോടു പറഞ്ഞു.

ഗുരുവായൂരുള്ളപ്പോള്‍ മലയാളികളായ നമുക്കു മറ്റൊരു ക്ഷേത്രവും ആവശ്യമില്ല.” മേനോന്‍ പറഞ്ഞു. രോഗഗ്രസ്തനാവുന്നതിനു മുമ്പാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. വാതം പിടിച്ച് ശരീരം തളര്‍ന്ന് അവശനായി കിടക്കുമ്പോള്‍ അദ്ദേഹം നിശ്ശബ്ദനായി കണ്ണിര്‍പൊഴിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തിന്റെ കാരണങ്ങള്‍ സുഭദ്രയ്ക്ക് അജ്ഞാതങ്ങളായിരുന്നു. അവള്‍ സ്വന്തം കൈകൊണ്ട് പിഴിഞ്ഞെടുത്ത നാരങ്ങാനീര് അദ്ദേഹത്തിന്റെ വായില്‍ ഒഴിച്ചുകൊടുത്തു. സ്വയം അദ്ദേഹത്തിന്റെ ശരീരം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തോര്‍ത്തുകൊണ്ട് വൃത്തിയാക്കി. ഡോക്ടര്‍ സുഭദ്രയുടെ പരിചരണം നോക്കിക്കണ്ട വേലക്കാരും മിത്രങ്ങളും അവളുടെ പാതിവൃത്തത്തെ ശ്ലാഘിച്ചു സംസാരിച്ചു.

താന്‍ മൂന്നു ദിവസത്തേയ്ക്ക് കോഴിക്കോട് വിടുകയാണെന്ന് ഡോക്ടര്‍ സുഭദ്ര ആശുപത്രിയില്‍ അറിയിച്ചപ്പോള്‍ രോഗികളുടെ ബന്ധുക്കള്‍ പരിഭ്രാന്തരായി.

“എന്തിനാണ് പരിഭ്രമിക്കുന്നത് ? ഞാനല്ലാതെയും ഡോക്ടര്‍മാര്‍ ഇവിടെ ധാരാളമുണ്ടല്ലോ. എനിക്കു വയസായിത്തുടങ്ങി. ഞാന്‍ എന്നെന്നും ജീവിച്ചിരിക്കുകയില്ല.” ഡോക്ടര്‍ സുഭദ്ര പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ സല്‍പ്പേരു നേടിയെടുത്ത ഡോക്ടര്‍ യഥാര്‍ത്ഥത്തില്‍ സുഭദ്രയായിരുന്നു. ധനേച്ഛ കൂടാതെ ആതുരസേവനം നടത്തിയിരുന്ന ആ സ്ത്രീയെ സമൂഹം ആരാധിച്ചു.

അത്ര ദൂരം സ്വയം ഡ്രൈവ് ചെയ്തു പോവുകയാണെന്നു പറഞ്ഞപ്പോള്‍ മിത്രങ്ങള്‍ അവളെ നിരുത്സാഹപ്പെടുത്തി. ഡ്രൈവറെ കൂടെ കൊണ്ടുപോവാന്‍ മനസില്ലെങ്കില്‍ ഡ്രൈവിങ്ങ് അറിയാവുന്ന ഒരു ബന്ധുവിനെക്കൂടെ കൊണ്ടുപോവാമല്ലോ! അവര്‍ ചോദിച്ചു.

തനിക്ക് ഏകാന്തത അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു എന്ന് സുഭദ്ര പറഞ്ഞു. ഏകാന്തതയും മൗനവുമാണ് കാംക്ഷിക്കുന്നതെന്ന് അവള്‍ തുറന്നു പറഞ്ഞു.

ഒരു വിധവയ്ക്ക് അനുയോജ്യമായ വസ്ത്രധാരണരീതി അവള്‍ ആയിടെയായി സ്വീകരിച്ചിരുന്നു. പക്ഷേ, മധുരയ്ക്കു പോവുമ്പോള്‍ കടും നിറങ്ങളിലുള്ള പട്ടുപുടവകള്‍ അവള്‍ പെട്ടിയില്‍ അടുക്കിവെച്ചു. മധുവിധുവിനു പുറപ്പെടുന്ന വധുവിന്റെ ഹൃദയമിടിപ്പോടെ അവള്‍ സാമാനങ്ങള്‍ ഒതുക്കി. സുഗന്ധദ്രവ്യങ്ങള്‍ , മുത്തുമാലകള്‍ , ചുവന്ന കല്ലുവെച്ച ആഭരണങ്ങള്‍ .

മൂന്ന്

മധുര മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഒരപരിചിതഭാവം കൈക്കൊണ്ടതായി സുഭദ്രയ്ക്ക് തോന്നി. പഴയ വീടുകളില്‍ മുക്കാലും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഫ്ലാറ്റുകളില്‍ തിക്കിയും തിരക്കിയും താമസിക്കുന്ന ജനങ്ങള്‍. പൂക്കള്‍ വിറ്റിരുന്ന തെരുവില്‍ സായ്പന്മാരുടെ പഴയ വസ്ത്രങ്ങളും മറ്റു വിദേശ വസ്ത്രങ്ങളും വില്‍ക്കുവാന്‍ വെച്ച കടകളും അവള്‍ കണ്ടു. താനും അച്ഛനമ്മമാരും താമസിച്ചിരുന്ന കെട്ടിടം ഒരു ശിശുവിദ്യാലയമായി മാറിയിരുന്നു.

അവിടെനിന്നു തെക്കോട്ടു സഞ്ചരിച്ച് ക്ഷേത്രത്തിന്റെ കുളവും അതിന്റെ പാര്‍ശ്വത്തില്‍ പൂപ്പല്‍പ്പിടിച്ചും വികൃതമായും സ്ഥിതിചെയ്തിരുന്ന മഠവും അവള്‍ കണ്ടു. അതിലേക്ക് സുഭദ്ര ചെന്നു കയറി. ഉമ്മറപ്പടികള്‍ അവിടവിടെയായി തകര്‍ന്നിരുന്നു. അടച്ച വാതിലില്‍ പലതവണ മുട്ടിയിട്ടും ആരും അതു തുറന്നുകൊടുക്കുവാന്‍ മിനക്കെട്ടില്ല. ശാസ്ത്രികളും കുടുംബവും ഈ സ്ഥലം ഉപേക്ഷിച്ചിരിക്കാം. അവള്‍ വിചാരിച്ചു. ഇവിടെ ആള്‍ത്താമസമുള്ളതുപോലെ ആര്‍ക്കും തോന്നുകയില്ല. വളപ്പില്‍ പുല്ലും മുള്‍ച്ചെടികളും വളര്‍ന്നുനിന്നിരുന്നു.

അവള്‍ മടങ്ങുവാന്‍ വേണ്ടി പടികള്‍ ഇറങ്ങിയപ്പോള്‍ ഗേറ്റ് തുറന്ന് ഒരു വൃദ്ധരൂപം അവളുടെ അടുത്തേക്ക് വന്നു. അത് ജ്ഞാനാംബാള്‍ ആയിരുന്നു. ഏകദേശം അമ്പതു വയസ്സായിക്കാണും ആ സ്ത്രീക്ക്. പക്ഷേ, കാഴ്ചയില്‍ എഴുപതായി എന്നു തോന്നിക്കുന്ന വൈകല്യങ്ങള്‍ സുഭദ്ര ജ്ഞാനത്തിന്റെ ആകൃതിയില്‍ കണ്ടു. എന്തുപറ്റി ജ്ഞാനത്തിന് ? മുടി കൊഴിഞ്ഞ് കഷണ്ടികയറിയ തലയും ഞരമ്പുകള്‍ മുഴച്ചു നില്‍ക്കുന്ന കരങ്ങളും ഒട്ടിയ കവിളുകളും വക്കുകള്‍ പൊട്ടിയ പല്ലുകളും എല്ലാം ആ സ്ത്രീയെ ഒരു ബീഭത്സരൂപമാക്കി മാറ്റിയിരുന്നു. നരച്ച ചേല ധരിച്ച ഒരു അസ്ഥികൂടം.

“ആര് ? ജ്ഞാനം ചോദിച്ചു.

“എന്നെ മനസ്സിലായില്ലേ? ഞാന്‍ സുഭ്ദ്രയാണ്. നിന്റെയൊപ്പം ശാസ്ത്രികളില്‍നിന്നു പാട്ടു പഠിക്കാന്‍ വന്നിരുന്നവള്‍.” സുഭദ്ര പറഞ്ഞു.

“സുഭദ്രയോ?” ജ്ഞാനം ചോദിച്ചു.

“അതെ ശാസ്ത്രികള്‍ എവിടെ? മധുരയില്‍ വന്നപ്പോള്‍ നിങ്ങള്‍ രണ്ടു പേരെയും കാണാമെന്നു കരുതി. മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് മധുര കാണുകയാണ്.”

“മീനാക്ഷി ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയോ?” ജ്ഞാനം ചോദിച്ചു.

“ഇല്ല. വരുന്ന വഴിയാണ്. നിന്നെയു ശാസ്ത്രികളെയും കണ്ട്, പിന്നീട് ഹോട്ടലില്‍ പോയി കുളിച്ചു ദര്‍ശനം നടത്താമെന്നു ഞാന്‍ തീരുമാനിച്ചു.” സുഭദ്ര പറഞ്ഞു.

“നിന്റെ വരവ് വൈകിപ്പോയി. ശാസ്ത്രികള്‍ മരിച്ചുപോയി. ടൈഫോയിഡ് ആയിരുന്നു. മരിച്ചിട്ട് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.” ജ്ഞാനം പറഞ്ഞു.

“ഞാന്‍ വര്‍ത്തമാനകടലാസില്‍ കണ്ടില്ലല്ലോ?” സുഭദ്ര അദ്ഭുതം പ്രകടിപ്പിച്ചു.

“വര്‍ത്തമാനകടലാസില്‍ അച്ചടിക്കേണ്ട വര്‍ത്തമാനമൊന്നുമല്ലല്ലോ ശാസ്ത്രികളുടെ മരണം. അദ്ദേഹം വെറുമൊരു ഭാഗവതര്‍. പേരൊ പണമോ സമ്പാദിക്കുവാന്‍ ഭാഗ്യമുണ്ടായില്ല. അരിഷ്ടിച്ചു ജീവിച്ചു. അരിഷ്ടിച്ചു മരിച്ചു. കുട്ടികളില്ലാത്തതിനെപറ്റി ഞാന്‍ പരാതിപ്പെടുമ്പോള്‍ അദ്ദേഹം പറഞ്ഞു. എല്ലാ ശിഷ്യരും എനിക്കു കുട്ടികള്‍ തന്നെ. ഏത് ആപത്ഘട്ടത്തിലും അവര്‍ നമ്മെ സഹായിക്കുമെന്ന്. എന്നിട്ടെന്തുണ്ടായി? പഴയ ശിഷ്യര്‍ക്കൊക്കെയും കത്തുകള്‍ എഴുതി തപാലിലിട്ടു. ആരും മറുപടി അയച്ചില്ല. ആരും പണം അയയ്ക്കാന്‍ മിനക്കെട്ടില്ല. ചികിത്സക്കുകൂടി പണം തികഞ്ഞില്ല.” ജ്ഞാനം ഇടറിയ സ്വരത്തില്‍ പറഞ്ഞു.

സുഭദ്ര ജ്ഞാനത്തിനെ ആശ്ലേഷിച്ചു. അവരുടെ ജാക്കറ്റിന്റെ വിയര്‍പ്പുമണം അവള്‍ക്ക് അസഹ്യമായിത്തോന്നി. ദിവസങ്ങളോളം കുളിക്കാത്തവരുടെ ശരീരഗന്ധമായിരുന്നു ജ്ഞാനത്തിന്റെ ഗന്ധം. സുഭദ്രയുടെ ഉള്ളില്‍ കൊടുങ്കാറ്റുകള്‍ ഉയരുകയായിരുന്നു. കഴിയുന്നതും വേഗം ഹോട്ടല്‍മുറിയിലെത്തി ഉറക്കെ കരഞ്ഞ് ആ കരച്ചിലില്‍ ആശ്വാസം തേടണമെന്ന് അവള്‍ക്കു തോന്നി.

“ഞാന്‍ എന്തു സഹായമാണ് ചെയ്തു തരേണ്ടത് ?” അവള്‍ ജ്ഞാനത്തോട് ചോദിച്ചു.

“ഇനി എന്തു സഹായമാണ് എനിക്കാവശ്യം? ഒന്നും വേണ്ട. ഞാന്‍ അദ്ദേഹവുമായി ആദ്യം കലഹിച്ചത് സുഭദ്ര കാരണമായിരുന്നു. സുഭദ്രയ്ക്ക് മാത്രമേ ‘ധ്യായാമി’ പഠിപ്പിച്ചുകൊടുത്തിട്ടുള്ളു എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. അതു സ്വാഭാവികമായും എന്നെ ക്ഷുഭിതയാക്കി. എന്നെയും ആ മഹേശസ്തുതി പഠിപ്പിക്കണമെന്നു ഞാന്‍ അപേക്ഷിച്ചു. നിനക്ക് അത് പഠിക്കുവാനുള്ള പക്വതയില്ല എന്ന് അദ്ദേഹം പറഞ്ഞു. അതെ, സുഭദ്രാ, നീ എന്റെ വിവാഹത്തിന്റെ ആദ്യഘട്ടത്തില്‍ വെറുമൊരു ശത്രുവായി മാറി.”

സുഭദ്ര ജ്ഞാനത്തിന്റെ കൈകള്‍ തന്റെ ശരീരത്തില്‍ നിന്നു ധൃതിയില്‍ മാറ്റി ഗേറ്റിനു നേര്‍ക്കു നടന്നു.

“നീ തെറ്റിദ്ധരിച്ചു. ഒരിക്കലും ശാസ്ത്രികള്‍ എന്നോടു പക്ഷഭേദം കാണിച്ചിട്ടില്ല.” അവള്‍ പറഞ്ഞു.

ഗേറ്റ് അടച്ചു പോവുമ്പോള്‍ സുഭദ്ര തിരിഞ്ഞു നോക്കി. യാതൊരു ഭാവഭേദവും കൂടാതെ ഉമ്മറപ്പടിമേല്‍ ജ്ഞാനം ഒരു പ്രതിമ കണക്കെ നിലകൊണ്ടു. ആ സ്ത്രീയുടെ വിദ്വേഷത്തിന്റെ അലകള്‍ കാറ്റിലൂടെ സഞ്ചരിച്ചു തന്നെ സ്പര്‍ശിക്കുമെന്ന് സുഭദ്ര ഭയന്നു. ആ ഭയം നിമിത്തം അവള്‍ കാറില്‍ കയറിയിരുന്ന് തിരിഞ്ഞു നോക്കാതെയും യാത്ര ചോദിക്കാതെയും ഹോട്ടലിലേക്ക് തിരിച്ചു.

കുളി കഴിഞ്ഞ് പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് സുഭദ്ര മധുരമീനാക്ഷി ക്ഷേത്രത്തിലേക്കു പോയി. പിറ്റേദിവസം തന്നെ മധുര വിട്ട് മറ്റെവിടേക്കെങ്കിലും പോവണമെന്ന് അവള്‍ക്കു തോന്നി. തനിക്കു സ്വപ്നം കാണാനുള്ള കഴിവും ഇന്നോടെ നഷ്ട്ടപ്പെട്ടുവല്ലോ. ഒരിക്കലെങ്കിലും അദ്ദേഹം നീലാംബരി ആലപിക്കുന്നതു കേള്‍ക്കുവാന്‍ താന്‍ എത്ര കാലമായി ആഗ്രഹിക്കുന്നു. സൂര്യന്‍ ഒരു പട്ടട പോലെ പടിഞ്ഞാറു കെട്ടടങ്ങുമ്പോള്‍ കര്‍ണ്ണാമൃതമായി ഉയരുന്ന നീലാംബരി… സുഭദ്ര കണ്ണുകള്‍ തുടച്ചു. ഇനി എന്തിനുവേണ്ടി താന്‍ ജീവിക്കണം? ഇതുവരെ പ്രതീക്ഷയില്‍ ജീവിച്ചു. ഇനി അങ്ങോട്ടോ?

പട്ടുപുടവയും ധരിച്ചു വൈരാഭരണങ്ങളുടെ തിളക്കവും പേറീ ദേവീ സന്നിധിയില്‍ ചെന്നു നിന്നപ്പോള്‍ സുഭദ്ര നിയന്ത്രണം വിട്ടു തേങ്ങിക്കരഞ്ഞു. “ഞാന്‍ വിധവയാണ് അമ്മേ.” അവള്‍ ദേവിയോട് മന്ത്രിച്ചു. “ ഒരു വധുവിനെപ്പോലെ ചമഞ്ഞു നില്‍ക്കുന്നുവെങ്കിലും ഞാന്‍ ഒരു വിധവയാണ്… മാപ്പ് തരിക.”

പെട്ടെന്നാണ് അവള്‍ ആ സുപരിചിത സ്വരം കേട്ടത്: “സുഭദ്രാ, നീ എപ്പോള്‍ വന്നു?” തിരിഞ്ഞുനോക്കിയപ്പോള്‍ അങ്കവസ്ത്രം ധരിച്ച് അര്‍ധനഗ്നനായ രാമാനുജശാസ്ത്രികള്‍ തന്റെ സമീപം നില്‍ക്കുന്നു! നരകയറിയ ചുരുണ്ട മുടി. കഴുത്തില്‍ ഒറ്റ രുദ്രാക്ഷം. നെറ്റിയില്‍ സിന്ദൂരപ്പൊട്ട്. വിടര്‍ന്ന മാര്‍വിടം. മാര്‍വിടത്തിലെ ചുരുണ്ട രോമാവലിയും നരച്ചുകഴിഞ്ഞിരുന്നു. സുഭദ്ര അമ്പരന്നു. ശാസ്ത്രികളുടെ പ്രേതമാണോ തന്റെ പ്രേമവായ്പില്‍ ആകൃഷ്ടനായി ഇഹലോകത്തെക്കു മടങ്ങിയിരിക്കുന്നത് ? അദ്ദേഹത്തിന്റെ ആത്മാവ് തന്നെ വ്യാമോഹിപ്പിക്കുവാന്‍ എത്തിയിരിക്കുന്നോ?

സുഭദ്ര യാതൊന്നും ഉരിയാടാതെ ആ മോഹനരൂപത്തെ ഉറ്റുനോക്കി. അതിന്റെ രേഖകള്‍ നേര്‍ത്തു നേര്‍ത്ത് മാഞ്ഞു പോകുമെന്ന് അവള്‍ ഭയന്നു.

ശാസ്ത്രികള്‍ നടയില്‍നിന്നു നീങ്ങി ഒരു തൂണിന്റെ അരികില്‍ സ്ഥാനമുറപ്പിച്ചു. സുഭദ്രയോട് അടുത്തുചെല്ലുവാന്‍ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാണിച്ചു. അവള്‍ അനുസരിച്ചു.

“സുഭദ്ര എന്നു വന്നു? അദ്ദേഹം ചോദിച്ചു. അവള്‍ക്ക് സംസാരിക്കുവാനുള്ള കഴിവ് ആ നിമിഷത്തില്‍ നഷ്ടട്ടിരുന്നു. അദ്ദേഹം അവളുടെ ചുമലില്‍ കൈവച്ച് മറ്റേ കൈകൊണ്ട് അവളുടെ നനഞ്ഞ മുഖം പിടിച്ച് ” ഉയര്‍ത്തി.

“സുഭദ്ര എന്താണ് കരയുന്നത് ? സുഭദ്രേ നിനക്ക് എന്തു പറ്റി?” ശാസ്ത്രികള്‍ ചോദിച്ചു.

“അങ്ങു മരിച്ചുവെന്ന് ജ്ഞാനം പറഞ്ഞു. ഞാന്‍ അത് വിശ്വസിച്ചു.” അവള്‍ പറഞ്ഞു.

“ജ്ഞാനത്തിനു ഭ്രാന്താണ്. എത്ര ചികിത്സിച്ചിട്ടും യാതൊരു ഭേദവുമില്ല. ബാംഗ്ലൂരില്‍ കൊണ്ടുപോയി ഷോക്ക് ചികിത്സകൂടി നടത്തിക്കഴിഞ്ഞു.” ശാസ്ത്രികള്‍ പറഞ്ഞു.

“അയാം സോറി. സുഭദ്ര പറഞ്ഞു.

“യാതൊരു സുഖവും അനുഭവിക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായില്ല. ഇന്നും കുട്ടികളെ പാട്ടു പഠിപ്പിക്കുന്നു. ഇന്നും അരപ്പട്ടിണിയില്‍ കഴിയുന്നു. സുഭദ്രയോ? സുഖമാണോ? ഭര്‍ത്താവും കുട്ടികളും സുഖമായി ഇരിക്കുന്നോ?” ശാസ്ത്രികള്‍ ചോദിച്ചു.

“ഭര്‍ത്താവ് മരിച്ചു. ഞാന്‍ പ്രസവിച്ചില്ല. രോഗികളെ ശുശ്രൂഷിച്ചു കൊണ്ട് ഏകാകിനിയായി ജീവിതം നയിക്കുന്നു.” അവള്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ അങ്ങുമിങ്ങും പ്രത്യക്ഷപ്പെട്ട ജനങ്ങള്‍ തന്നെയും ശാസ്ത്രികളെയും സംശയദൃഷ്ടികളോടെ നോക്കിക്കാണുന്നുവെന്ന് സുഭദ്രയ്ക്ക് തോന്നി. മറ്റു വല്ല സ്ഥലത്തും പോയി അദ്ദേഹത്തിന്റെ ഒപ്പം ഇരിക്കാന്‍ അവള്‍ ആശിച്ചു. മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ താന്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച വികാരങ്ങള്‍ അദ്ദേഹത്തെ അറിയിക്കുവാന്‍ അവള്‍ ആശിച്ചു. ഒരിക്കലെങ്കിലും തന്റെ സ്നേഹത്തെ നിര്‍ഭയം പ്രദര്‍ശിപ്പിക്കുവാന്‍ , ആ മാര്‍വിടത്തില്‍ മുഖം ചായ്ച്ചു കിടക്കുവാന്‍ .

“ഇല്ല സുഭദ്രാ, ഞാന്‍ നിന്റെ ഹോട്ടലിലേക്കു വരില്ല. നിന്റെ പേരിനെ കളങ്കപ്പെടുത്തുവാന്‍ ഞാന്‍ ഇച്ഛിക്കുന്നില്ല” ശാസ്ത്രികള്‍ പറഞ്ഞു.

നിരത്തിന്റെ വക്കത്തു പാര്‍ക്കു ചെയ്ത കാറില്‍ വെച്ച് തന്റെ അവസാനത്തെ കരുനീക്കമായ കരച്ചില്‍ ആരംഭിച്ചപ്പോഴും ശാസ്ത്രികള്‍ സൗമ്യത കൈവിട്ടില്ല:

“നമുക്ക് ഓരോരുത്തര്‍ക്കും ഓരോ കടമകളുണ്ട്. അവ നിര്‍വഹിക്കലാണ് ജീവിതലക്ഷ്യം. നീ നിന്റെ ഭര്‍ത്താവിന്റെ സല്‍പ്പേര് കളഞ്ഞുകുളിക്കരുത്. ഞാന്‍ ഉന്മാദിനിയായ ഭാര്യയെ ശുശ്രൂഷിച്ച് ഇവിടെത്തന്നെ ജീവിക്കണം. മറ്റൊരു മാര്‍ഗവും ഈ ജന്മത്തില്‍ നമുക്ക് വിധിച്ചിട്ടില്ല.” അദ്ദേഹം പറഞ്ഞു.

നിരത്തിന്റെ പിന്നില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടത്തില്‍നിന്നു പെട്ടെന്ന് നീലാംബരിയുടെ അലകള്‍ ഉയര്‍ന്നു. അതേ നിമിഷത്തില്‍ ആകാശത്തില്‍ ഒരു വിളര്‍ത്ത ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടതായി സുഭദ്ര കണ്ടു.

Generated from archived content: story2_aug11_12.html Author: madhavikutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English