എന്നെ അസ്വസ്ഥയാക്കിയ കഥകൾ

ഇപ്പോൾ കഥ എഴുതുന്നവരിൽ ഞാൻ അർഷാദ്‌ ബത്തേരിയെ ഒരു പ്രതിഭാശാലിയായി അംഗീകരിക്കുന്നു. കഴിഞ്ഞവർഷം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പോത്ത്‌’ എന്ന കഥ എഴുത്തുകാരന്റെ ഭാഷാനൈപുണ്യത്തെയും വൈകാരികമായ അച്ചടക്കത്തെയും പ്രദർശിപ്പിക്കുന്നു.

കശാപ്പ്‌ ചെയ്തു മരവിച്ചുപോയ ഒരാൾ കശാപ്പ്‌ ചെയ്യപ്പെടുവാൻ ഒരുക്കി നിർത്തിയ മൃഗമായി മാറുന്നു. ശക്തമായ കഥനം. ആ കഥ വായിച്ചു കഴിഞ്ഞപ്പോൾ മാനസികമായും ശാരീരികമായും ഒരു വിറയൽ എനിക്ക്‌ അനുഭവപ്പെട്ടു.

അർഷാദ്‌ ബത്തേരിയുടെ കഥാലോകം സ്വന്തം ജീവിതവും അനുഭവങ്ങളും നിറഞ്ഞതാണെന്ന്‌ അനുമാനിക്കാം. “കറുത്ത ഭൂപടത്തിലെ പക്ഷി” എന്ന കഥ നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കാണിച്ച്‌ എന്നെ അസ്വസ്ഥയാക്കി. ഒരമ്മയും ഒരിക്കലും ഉറങ്ങുന്നില്ല. ഉണർത്തിയും ഉറക്കിയും ഓർമ്മപ്പെടുത്തിയും ജീവിതത്തിന്റെ പല്ലക്ക്‌ ഏറ്റപ്പെടുവാൻ വിധിക്കപ്പെടുകയുമാണെന്ന്‌ പറയുന്ന ‘കടലിന്റെ ആഴത്തിലേക്ക്‌’ എന്ന കഥയിലെ അമ്മയെക്കുറിച്ചുള്ള ഇത്ര നല്ല നിർവചനം മറ്റെവിടെയും വായിച്ചിട്ടില്ല.

ഒരേ സമയം ജീവിതത്തേയും കാലത്തേയും ബന്ധിപ്പിക്കുന്ന വേദന നിറഞ്ഞ കഥകൾ എഴുതുന്നതുകൊണ്ടാണ്‌ ഞാൻ ഈ എഴുത്തുകാരനെ അഭിനന്ദിക്കുന്നത്‌.

മരിച്ചവർക്കുള്ള കുപ്പായം (കഥകൾ), അർഷാദ്‌ ബത്തേരി, പ്രസാ ഃ കറന്റ്‌ ബുക്സ്‌, വില ഃ 38രൂ.

Generated from archived content: book1_june25_07.html Author: madhavikkutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here