എരിയും മലഞ്ചെരിവായി
പൊരിയുന്ന ശോണാഗ്നിപോലെ
എന്നമ്മെ നിന്നില്‍ഞാന്‍മഗ്നന്‍
ചെങ്കൊന്ന തീക്കാടു പോലെ
മൂലഗ്രന്ഥിയിലുറഞ്ഞുയരുമൊരു
സര്‍പ്പമായ് ജ്വാലാ ഫണമാട്ടി
ലാവാ വീചികളൊഴുക്കി
ചൂടുമഗ്നിയുമൂതി നീയുയരുന്നു
എന്നക്ഷരതയുടെ പൂവിളി കേള്‍ക്കെ
ഇടിനാദദുന്ദുഭിഘോഷം
വാനം പിളര്‍ക്കും തടില്ലതാനൃത്തം
മലകളിലതിഘോരവര്‍ഷം
നദികളധോദരക്കുന്നിറങ്ങും വേഗരോഷം
വിദ്യുത് വീചികളലയാര്‍ക്കും
സാന്ദ്രാനന്ദപ്രളയം
അതുനിന്റെ ചടുലമാം ചലനം
എന്നക്ഷരതയുടെ പൂവിളി കേള്‍ക്കെ
പിളരും ധര കാഴ്ച വയ്പു
പരഃശ്ശതം രത്നനിധികള്‍
സ്വര്‍ണം നിറഞ്ഞ ഖനികള്‍
മണ്ണിലെ പൊടിതൊട്ട് ദൂരവാനില്‍
കണ്‍ചിമ്മും നക്ഷത്രജാലം വരെ
സൃഷ്ടിച്ചുയര്‍ത്തും നിന്‍പൊക്കിള്‍ക്കൊടിമൂടും
കുങ്കുമച്ചേല ഞാനമ്മെ
ഹേമബിന്ദുക്കള്‍പൂവിടും
ശോണവസനം ഞാനമ്മെ
അതുനിന്റെ പൂത്തിരി പൂപ്പുഞ്ചിരി
എന്നമരത്വം പൂവിളിക്കുമ്പോള്‍
ഹൃദ്സ്പന്ദം ചെണ്ട കൊട്ടുന്നു
ചുറ്റുമാകാശമരുണമാകൂന്നു
അന്തമില്ലാത്തോരു ചെമ്മാനമായി ഞാന്‍
ബ്രമ്ഹാണ്ഡ വ്യാപ്തനാകുന്നു
ഞാന്‍നിറം തേടും കനകശൃംഖങ്ങളില്‍
അമ്മെ നീ വന്നുനില്കുന്നു
കോടിയുഷസ്സുകളൊന്നിച്ചുദിച്ചപോല്‍
കാളിമ കാളിയാര്‍ക്കുന്നു
അതുനിന്റെ ത്വരിതമാം മറുപടി
എന്നമരത്വം പൂവിളിക്കുമ്പോള്‍
കാറ്റും വെളിച്ചവും നൃത്തമാടി
നിന്‍സ്തുതി പാടിയാര്‍ക്കുന്നു
ശ്വാസനിശ്വാസചലനപഥങ്ങളില്‍
കിങ്കിണി കെട്ടി ചിലങ്കക്കുരുന്നുകള്‍
ശിഞ്ചിതം പെയ്തുനില്‍ക്കുന്നു
ഞാനൊരു ശാന്തിതന്‍വാനം
ആനന്ദഭാവത്തിലാര്‍ദ്രം
തെന്നലതിനെ പുല്കിയുണര്‍ത്തി-
യൊരെല്ലാമായ് ഊതി മാറ്റുന്നു
അതുനിന്റെ മുന്നേറ്റമമ്മെ
എന്നമരത്വം പൂവിളിക്കുമ്പോള്‍
ഉയരുന്നു വിണ്ണിലേക്കൊരു മഹാക്ഷേത്രം
സൗവര്‍ണ്ണ വിസ്തീര്‍ണ്ണ ഗോപുരഫാലം
ആലംബമില്ലാതകന്നു മറകയായ്
കാലസ്ഥലികള്‍ നിസ്തബ്ദര്‍
സംഭവമപ്പോളസംഭാവ്യമാകുന്നു
ക്ഷേത്രഹൃദയം സുരഭിലമാകുന്നു
നിസ്സീമമായൊരുദയം പോലെ
നിന്‍മടിത്തട്ടിലമരുമെന്റെ
തന്ത്രിയിലോങ്കാരമന്ത്രമീട്ടി
അമ്മെ നീ വന്നിരിക്കുന്നു
നിസ്തുല സിംഹാസനത്തില്‍
അതുനിന്റെ വിളികേള്‍ക്കലമ്മെ
എന്നമരത്വം പൂവിളിക്കുമ്പോള്‍
താരാപഥങ്ങളിരമ്പിത്തിരിയുന്ന
ജ്വാലയുതിര്‍ക്കും കിരീടം
ചൂടി വാനങ്ങള്‍ക്ക് വിശ്രാന്തി നല്കുന്ന
ഫാലം പ്രഫുല്ലം അനന്തം
താരാട്ടുപാട്ടുകളേതോ ശ്രവിച്ചതാ
പാരമമൃതത്ത്വമുണ്ണാന്‍
ദീപ്തിവര്‍ഷങ്ങളവിടെ പതിക്കയായ്
ഈ വിശ്വസത്തയും തേടി
താമരക്കണ്‍കളിലാര്‍ദ്രമാം കാരുണ്യ-
വാരിധി കല്ലോലമാടി
ആയിരമിതളുള്ള ചെന്താമരക്കുമേല്‍
നീയതാ വന്നിരിക്കുന്നു
മര്‍ത്ത്യനേത്രങ്ങളൊരിക്കലും കാണാത്ത-
സന്ധ്യാര്‍ക്കബിംബം കണക്കെ
ശോണാര്‍ക്ക ചമ്പകം പോലെ
അത് നീയല്ലാതാരുമല്ലമ്മെ
അത് ഞാനെന്ന ജ്ഞാനമാണമ്മെ
ദൂരങ്ങള്‍വീണുകേഴുന്നു
കാലം ഭയന്നൊതുങ്ങുന്നു
നിന്റെയപാര ജ്യോതിസ്സില്‍
നിസ്തുല നിസ്സീമതയില്‍
കണ്ണുകളെന്തിനു വേണമമ്മെ
എന്റെയീ പൂര്‍ണ്ണതയിങ്കല്‍
നിന്നെയടുത്തറിഞ്ഞീടാന്‍
നീയല്ലെയെന്നിലെയുണ്‍മ
ഇന്നേവരെ ഞാനറിയാതിരുന്നതാം
എന്നിലെ അദ്വൈതസത്യം
പൊതിരാര്‍ന്നൊരേകാന്ത ജീവത്വവും
അതുപോലെന്നന്ധമാമക്ഷികളും
മിഥ്യാവിഹായസ്സിന്‍വിസ്തൃതിയില്‍
ഇതുവരെ കണ്ട വിദൂരതാരം
നിന്റെയാരോഹണം പൂര്‍ണ്ണമായി
നീയമ്മെ ഞാനല്ലാതാരുമല്ല
ഇതുവരെ പൊരുളെന്തെന്നറിയാതെ-
യഴലാര്‍ന്നു വിലപിച്ച ജീവന്റെ തത്വം സത്യം
മനമില്ല രൂപമില്ലിവിടെയീ ഞാന്‍
ഒരുനാളുമണയാത്ത നാളമായി
കര്‍പ്പൂരബിന്ദുപോല്‍ കത്തിനില്‍പു
അത് നീ മാത്രം നീ മാത്രം എന്റെയമ്മെ
എന്നമരത്വമായി വിളങ്ങുമമ്മെ
Generated from archived content: poem3_mar18_14.html Author: madathil_rajendran_nair