യത്നബഹുലമാം ഒരുദിനം
അസ്തംഗതമായ നേരം
സ്വസ്തത കാംക്ഷിച്ചു ടി.വി.ക്ക്
മുന്നിലിരുന്നു ഞാനല്‍പം
സോണിയ പണ്ടെന്തു ചെയ്തു
അതിന്‍ കാരണം തേടിത്തളര്‍ന്നു
ഭൂതകാലത്തിലവരെസ്സേവിച്ചുള്ള
ഭൂതങ്ങളെന്തോന്നു ചൊല്ലി
ഈവിധം മണ്ട പുണ്ണാക്കി
ഒരു ചാനല്‍ ഒച്ചയുണ്ടാക്കി
അത് വെറും കോലാഹലമായി മാറി
വേറൊന്ന് ഗാസയില്‍ പോയി
പലസ്തീനിന്‍റെ ദുഃഖങ്ങള്‍ കോരി
കണ്ണുനീര്‍ തോരാതെ വാര്‍ത്തു
ജൂതരാജ്യത്തെ ഏറെപ്പഴിച്ചു
അത് നന്നാവില്ലെന്നു ശപിച്ചു
പിന്നൊരു ചാനല്‍ പറഞ്ഞു
തെളിവുനിരത്തി ചിലച്ചു
ലങ്കയില്‍ നിന്നൊരു ചാരന്‍
അയല്‍വാസി രാജ്യത്തിന്‍ ദൂതന്‍
തെന്നിന്ത്യയില്‍ പലേടത്തും
സ്ഫോടനം സൃഷ്ടിക്കാന്‍ നീളെ
പദ്ധതിയിട്ടിരുന്നത്രെ
ചര്‍ച്ചകളില്‍ പങ്കെടുത്തോര്‍
വായതോരാതെ ഘോരം ചിലച്ചു
കലപില കലപില ശബ്ദമിട്ട്
അവരുമവരെ ക്ഷണിച്ചവരും
വിവരക്കേടൊരുപാടുരച്ചു
കണ്ടിരിക്കുന്നോരുറങ്ങി
നാടിന്‍ ദുരിതത്തിലാര്‍ക്കുണ്ട് ചേതം?
സേതുഹിമാദ്രിമദ്ധ്യത്തിലപ്പോള്‍
പണ്ട് പുരാണം പറഞ്ഞപോലെ
എന്‍റമ്മപെങ്ങമ്മാര്‍ക്കും പുത്രിമാര്‍ക്കും
ഉടുതുണിഭ്രംശം ഭവിച്ചുവത്രെ
വേദനകൊണ്ട് പിടഞ്ഞുവത്രെ
കേണു പാവങ്ങള്‍ തളര്‍ന്നുവത്രെ
ഒരുപാട് രക്തം സ്രവിച്ചുവത്രെ
മുറിവെവിടെയെന്നാര്‍ക്കുമറിയില്ലത്രെ
അറിയാമതെല്ലാമറിവോനുമാത്രം
അല്ലെങ്കിലാര്‍ക്കതറിഞ്ഞീടണം?
എന്നോട് ചോദിക്കവേണ്ടേവേണ്ട
ഞാനൊരിന്ത്യക്കാരന്‍ മാത്രമാണേ
വിരസത എന്നുമെന്‍ കൂട്ടുമാണേ
സുഖമെനിക്കുറക്കത്തില്‍ മാത്രമാണേ
Generated from archived content: poem2_agu27_14.html Author: madathil_rajendran_nair