രണ്ട്‌ കവിതകൾ

താമരനാട്‌

താമരകളുടെ നാടാണ്‌ ഭാരതം
താമര പൂക്കുന്ന നാടാണ്‌ ഭാരതം
ഫുല്ലശബളിതം ശ്വേതം ആരക്തകം
താമരകളുടെ നാടാണ്‌ ഭാരതം

ഏഴുകുതിരകൾ പൂട്ടിയ തേരേറി
ഏറെ വെളുത്തൊരു താമരയും പേറി
ഏഴുദിനവും മുടങ്ങാതുദിക്കുന്ന
ദേവനെ കുമ്പിടും നാടാണ്‌ ഭാരതം

ഞങ്ങടെ വാണിയും പിന്നെയാ ലക്ഷ്മിയും
അംബുജത്തിങ്കലിരുന്നരുളുന്നവർ
ഒന്നതിശ്വേതം അപരം ആരക്തകം
താമരപൂക്കുന്ന നാടാണ്‌ ഭാരതം

നെഞ്ചിലടിച്ച്‌ നാം ഉച്ചത്തിൽ ഘോഷിപ്പു
“ഞാൻ ഈ ഞാൻ തന്നെ അത്യുത്തമൻ പാരിതിൽ”
അതുകേട്ട്‌ ഋഷിവര്യർ ചൊല്ലിടുന്നു
“ആ ”ഞാന“ല്ല നീ നിന്റെ നെഞ്ചകം നോക്കെടൊ,
ഉൽഫുല്ലമാമൊരു പത്മമാണുൾത്തടം
ഹൃത്തടം നീ മോക്ഷഗേഹം അഭയദം”

താമരകളുടെ നാടാണ്‌ ഭാരതം
താമര പൂക്കുന്ന നാടാണ്‌ ഭാരതം
ഫുല്ലശബളിതം ശ്വേതം ആരക്തകം
താമരകളുടെ നാടാണ്‌ ഭാരതം

കേരളമാണെന്റെ ജന്മനാട്‌
കായൽ കുളങ്ങൾ നിറഞ്ഞ നാട്‌
വെള്ളിത്തിരകളിളക്കി കളിക്കുന്ന
കുണ്ടൻ കുളത്തിൽ ഞാൻ പണ്ടിറങ്ങി
അല്ലിയാമ്പൽ മലർ നുള്ളി ചിരിക്കുന്ന
കള്ളിയാം കൂട്ടുകാരിക്കു നൽകാൻ

കെട്ടുപിണഞ്ഞുള്ള താമരവള്ളികൾ
ചുറ്റി ബാല്യത്തിന്റെ പാദം കുഴഞ്ഞപ്പോൾ
മൃത്യുഭയം ഞാനറിഞ്ഞു പാതാളങ്ങൾ
ചുറ്റും വിഴുങ്ങുവാൻ വാ പൊളിച്ചു

ചുറ്റിലും അപ്പോൾ ഒരുപാട്‌ താമര-
പ്പൂക്കൾ ചിരിച്ചെന്റെ കൂട്ടുനിന്നു
കാറ്റിലാടിക്കൊണ്ടവർ ചൊല്ലിയെന്നോട്‌
“തോൽക്കരുതെ നീ പരിശ്രമിക്കൂ”

ഈശ്വരനിശ്ചയം, തോൽക്കാതെ വീണ്ടും ഞാൻ
പൂവും പറിച്ച്‌ കരയിലെത്തി
പേടിച്ചു നിന്നൊരാ പെൺകൊടിക്കാ-
മലർ നീട്ടി ഞാൻ കോരിത്തരിച്ചു നിന്നു

കണ്ണുകൾ വണ്ടുകളായിമാറി
പെൺമണി നാണത്തിലാഴ്‌ന്നു പോയി
പാരം അരുണിമയായി താഴെ
താമരയായി കപോലഭംഗി

സ്മേരവും താപവും മാറി മാറി
ജീവിതം മുന്നോട്ട്‌ പോകയായി
കുണ്ടൻ കുളത്തിലിറങ്ങിയ ബാലന്‌
കുണ്ഡലിനി സ്വന്തമമ്മമയായി

ആറുചക്രങ്ങളിൽ ആളുമാശക്തിയെ
ആരാഞ്ഞറിഞ്ഞു ക്യതാർത്ഥനായി
ഓരോരൊ ചക്രവും ഓരോരൊ താമര
ഓരോന്നിനും ദളസംഖ്യ വേറെ

അന്ത്യത്തിലായിരം പത്രങ്ങളുള്ളോരു
ഇന്ദീവരത്തിലിരിപ്പാണമ്മ
ഉച്ചശിരസ്‌സിൽ ജ്വലിച്ചു നിലക്കുന്നവൾ
ഉത്തുംഗശക്തിയാം അന്തഃസ്‌സത്ത

ആമയമില്ലാതുറങ്ങിയപ്പോൾ
താമരപൂക്കും തടാകമായ്‌ ഞാൻ
വെള്ളിത്തിരകളിളക്കിക്കളിക്കുന്ന
തുള്ളിത്തുളുമ്പും തടാകമായ്‌ ഞാൻ

ഇന്ദീവരങ്ങളും പേറിക്കിടന്നു ഞാൻ
വർണശബളവസന്തമായി
വെള്ളയും ചോപ്പുമായ്‌ അംബുജങ്ങൾ
തുള്ളിക്കളിക്കും തടാകമായി

താമരകളുടെ നാടാണ്‌ ഭാരതം
താമര പൂക്കുന്ന നാടാണ്‌ ഭാരതം
താരങ്ങൾ പാടുന്ന താരാട്ട്‌ കേട്ടഹോ
പാരം ത്രസിക്കുന്ന നാടാണ്‌ ഭാരതം

ഞാൻ ഭ്രൂണം പോലെ കിടന്നപ്പോൾ

പരിശോധനക്കുഴൽ
അന്നനാളത്തിലൂടെ ആണ്ടിറങ്ങി
മാംസപേശികളിൽ വെളിച്ചം തെളിയിച്ച്‌
നുരയുന്ന ആമാശയത്തിന്നഗാധതയിലവസാനം
സംശയിക്കപ്പെടേണ്ട കോശസമൂഹം
അതിൽനിന്നൊരു തുണ്ടവർ കൊത്തിയെടുത്തു
സാവകാശം പിന്നീടതിന്റെ രഹസ്യം പഠിക്കാൻ

ഭ്രൂണം പോലെ ഞാൻ കിടന്നു
കൈകൾ തലയിൽ ചുറ്റി
വൈദ്യശാസ്ര്തത്തിന്‌ സാഷ്ടാംഗം പണിഞ്ഞ്‌
എന്റെമേൽ പെയ്തുനിൽക്കും
കണ്ണടവെച്ച ബുദ്ധിശക്തിതൻ കയ്യിൽ
വെറും കളിപ്പാട്ടമായ്‌

ഭ്രൂണം പോലെ ഞാൻ കിടന്നു
അർദ്ധനിദ്രയിൽ
എന്റെ അന്ത്രങ്ങളവരുടെ
യന്ത്രങ്ങളുടെ തോണ്ടലിൽ പിടഞ്ഞു
ചുടുവെയിലിൽ കിടക്കും ഞാഞ്ഞൂൽ മാലകൾ പോലെ

വേറൊരുകുഴൽ
വൻകുടൽ വഴി പൊങ്ങി
കാറ്റിൽ തുളസിക്കതിർപോലാടും
ഒരു മാംസപല്ലവത്തിനെ നുള്ളാൻ
ശോണം തെറിച്ചു
മാംസഭിത്തികളിലപ്പോൾ
ചുവന്ന പിക്കാസോ ചിത്രം തെളിഞ്ഞു

തണുപ്പുള്ള ഗവേഷണശാലകളിൽ
വീണ്ടും അവരാ മാംസക്കീറിനെ പഠിക്കും
അതിലൊളിക്കും രഹസ്യങ്ങളറിഞ്ഞ്‌
ഗൗരവത്തിൽ തലകുലുക്കും
ഈശ്വരനറിയാം അതിന്റർത്ഥം!
അല്ലെങ്കിൽ അതിലെന്തുണ്ടെനിക്ക്‌?
അർദ്ധബോധത്തിൽ ആദ്യാവസ്ഥയിൽ ശയിക്കുമെനിക്ക്‌?

പരിശോധനക്കുഴലുകൾ
എന്റെയുള്ളിലെല്ലാം പരതി നടന്നു
ഞാനാം മാംസപിണ്ഡത്തിന്റെ
ഓരോ കോശങ്ങളും തുളകളും അണുക്കളും
എന്താണ്‌ പറയുന്നതെന്നവർക്കറിയാം
അവരെന്നെ നല്ലവണ്ണം മനസിലാക്കിയിരിക്കുന്നു
ഊൺ മേശക്ക്‌ ചുറ്റുമിരുന്നുള്ള
അവരുടെ സംഭാഷണങ്ങൾക്ക്‌ ഭക്ഷണമാക്കാൻ

എങ്കിലും അവരറിയാത്തൊരു ഞാൻ
അർദ്ധനിദ്രയിലാണ്ട്‌ കിടന്നു
ചെമ്പൻ കുന്നിനുപിന്നിൽ
അസ്തംഗതനായ സൂര്യനെപ്പോലെ,
മരങ്ങൾക്കും കാറ്റിനും ആകാശത്തിനും
കൂടുപൂകും പറവകൾതൻ
അവസാനവിളിക്കും
ചെമ്മാനദീപ്തിയേകിക്കൊണ്ട്‌
ഒരു വിശ്വത്തെ മുഴുവൻ
ഉള്ളിലൊതുക്കിക്കൊണ്ട്‌

എന്റെ കോശങ്ങൾക്കുള്ളിലൊളിക്കും
വരാനിരിക്കും നരകങ്ങളെക്കണ്ട്‌
അമ്പന്നിരിക്കാമവർ
എങ്കിലും അവരെന്നെ അറിഞ്ഞതേയില്ല
അർദ്ധനിദ്രയിൽ അവരിൽനിന്നും
വിശ്വങ്ങൾക്കപ്പുറം
മയങ്ങുന്ന എന്നെ
ഒരു പ്രപഞ്ചത്തെ മുഴുവൻ
ഗാഢമായ്‌ പുൽകിക്കിടക്കുന്നൊരെന്നെ!

Generated from archived content: poem1_jun30_11.html Author: madathil_rajendran_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here