ഓർമ്മക്കറകൾ

ഷെൽഫിലെപ്പുസ്‌തകമൊക്കെയുമിങ്ങനെ

പുത്തനായ്‌ത്തീരുവാനെന്തേ?

ഏറെനാളായിങ്ങണിനിരന്നീടുമെൻ

തോഴർക്കിതെന്തന്യഭാവം?

ഒട്ടും പരിചയം തോന്നാത്ത വാങ്ങ്‌മയം,

ചിത്രങ്ങളും-ഞ്ഞാൻ കുഴങ്ങി!

മൂടൽമഞ്ഞെന്നപോ,ലെന്തോ നിഗൂഢത-

യാകെപ്പടർന്നു നില്‌ക്കുന്നു.

അങ്ങിങ്ങു കാണാം കുറിപ്പുകൾ, മോശമ-

ല്ലൊന്നുമേ ആരുടേതാകാം?

പേജു മറിക്കെത്തിരിച്ചറിവിൻ സ്വർണ്ണ-

രേണു വിരൽത്തുമ്പിലെങ്ങാൻ

തെല്ലു പുരണ്ടാലും വിസ്‌മൃതിയോടി വ-

ന്നെല്ലാം തുടച്ചു മാറ്റുന്നു!

വിസ്‌മൃതിയെന്നാൽ മൃതിയെന്നുതാൻ-പക്ഷെ

മറ്റൊരു ചിന്തയേ പഥ്യം!

ഓർമ്മക്കറയാകെ മാഞ്ഞുപോയെൻ മനം

നിർമ്മലമാവുകയല്ലീ?

ഭൂതം മറയവെ ഭാവിയും മാഞ്ഞിടും

കാലമേ നിശ്ചലമാകും,

ഈ മാത്ര നിത്യതയായി മാറും, പിന്നെ-

ക്കൈവല്യമെന്താണു വേറെ?

Generated from archived content: poem1_sept20_06.html Author: madasseri_neelakandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English