ദുർഭാഗ്യ കെടുതികൾക്കൊരു ശവക്കച്ച വാങ്ങുവാൻ
ഭാഗ്യഷോടതിയൊന്നെടുത്തു ഞാൻ
വാറുപൊട്ടിയ പാദുകത്തിന്റെ മെതിയടി മേളമകറ്റുവാൻ
തേഞ്ഞു തേഞ്ഞു ദ്വാരം വീണതിൻ
സോളിന്റെ (ആത്മാവ്) ദുരിതക്കുഴിയടയ്‌ക്കുവാൻ
മൂന്നേരാന്നം വെടിഞ്ഞ പണം മുടക്കി
മൂന്നക്കക്കുറി ഷോടതിയൊന്നെടുത്തു ഞാൻ
ഉത്സവപ്പറമ്പിലെ കറക്കിക്കുത്തിലും
(ആന, മയിൽ, ഒട്ടകം, വയ് രാജാ വയ്)
എഴുത്തു പരീക്ഷകളുടെ ചൂളമേടകളിലും
ഇന്റർവ്യൂ പ്രഹസനങ്ങളിലും
ഷണ്ഡന്മാർക്കൊടിക്കാവുന്ന ത്രയമ്പകം വില്ലിന്റെ
സ്വയംവര പന്തലിലും
പ്രണയവസന്തങ്ങളുടെ മാമ്പൂക്കൾ കൊഴിഞ്ഞ
അന്തിവെയിൽ പറമ്പുകളിലും
ലോക്കലിനും, ബെസ്‌റ്റിനും ഉള്ളിൽ
ഒരു മൂല ഇടം കിട്ടാത്ത
നഗരദ്രുത പേപ്പട്ടിയോട്ട മത്സരപന്തിയിലും
നിരന്തരമായി തോറ്റ
എല്ലാ കളികളിലും തോറ്റ
എന്റെ അന്തിമക്കളിയീ, ലോട്ടറിക്കളീ
ബലിച്ചോറുമൊരുക്കീ ഞാൻ കാത്തിരിയ്‌ക്കുന്നു
ആരുവെയ്‌ക്കുമീ പിണ്ഡമീ അഭിശപ്ത ജഡങ്ങളിൽ
ഇന്നലെ ആലിൻചോട്ടിലെൻ സിരമദ്ധ്യേ
കാഷ്‌ഠിച്ച ബലിക്കാക്കയെവിടെ?
Generated from archived content: poem2_mar9_07.html Author: m_venu