ഈ റോഡിലൂടെ സഞ്ചരിക്കരുത്! ഇനി നമുക്ക് പൊതുവഴികള്‍‍ ഉണ്ടായിരിക്കുന്നതല്ല!

കേരള ചരിത്രത്തിലാദ്യമായി ഒരു ചുങ്കപ്പാതയുണ്ടായിരിക്കുന്നു. ദേശീയ പാത – 47 ല്‍ അങ്കമാലി മണ്ണുത്തി റോഡില്‍ പാലിയേക്കരയിലാണ് ആദ്യത്തെ റോഡ് ടോള്‍ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. മുമ്പ് പാലങ്ങള്‍ക്ക് മാത്രമേ ടോള്‍ ബാധകമായിരുന്നുള്ളു. മട്ടാഞ്ചേരിയിലാണ് ആദ്യമായി ബി. ഒ. ടി ടോള്‍ ബൂത്ത് വന്നത്. അതായത് സ്വകാര്യവ്യക്തികള്‍ കമ്പനികള്‍ പാലം പണിത് ‘ ഓപ്പറേറ്റ്’ ചെയ്ത് അതിന്റെ ലാഭം കൊയ്യുന്ന ഏര്‍പ്പാടിനെയാണ് ബി ഒ ടി ( ബില്‍ഡ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ ) എന്ന് വിളീക്കുന്നത്. ഇപ്പോള്‍ ആ സമ്പ്രദായം റോഡുകള്‍ക്കും ഏര്‍പ്പെടുത്തുന്നുവെന്നതാണ് സംഭവിച്ചിരിക്കുന്ന കാതലായ മാറ്റം.

ആ മാറ്റം കേരളത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളീ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ചുങ്കം കൊടുത്തേ റോഡിലൂടെ സഞ്ചരിക്കാനാവൂ എന്ന സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വലിയ ചതിയുടെ തുടക്കമാണ് പാലിയേക്കര അതുകൊണ്ടാണ് നെന്മണിക്കര പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി “ ടോള്‍ വേണ്ട ‘ എന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് പ്രക്ഷോഭരംഗത്തു വന്നിട്ടുള്ളത്. ആമ്പല്ലൂര്‍ പ്രദേശമാകെ ഇന്ന് ബഹുജനസമരത്തിന്റെ നിറവിലാണ്. പ്രാദേശികമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക സംഘടനകള്‍ക്കും ഇന്ന് ടോള്‍ വിരുദ്ധ സമരത്തിന്റെ ഭാഗമാകാതിരിക്കാനാവില്ലാ‍യെന്ന സ്ഥിതിയിലാണ്. ബി. ജെ. പി യുടേയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ പോലും പാലിയേക്കര ടോള്‍ ബൂത്തിനെതിരായ സമരത്തില്‍ പങ്കു ചേരുന്ന കാഴ്ചയുമുണ്ട്. അത്രയെളുപ്പമല്ല , റോഡീലെ ചുങ്കപ്പിരിവെന്ന് വ്യകതമായ സന്ദേശം നല്‍കുന്ന ആ സമരം വ്യാപിക്കുക തന്നെ ചെയ്യും.

എന്‍. എച്ച് 47, 17 എന്നിങ്ങനെയുള്ള പാതകള്‍ മുഴുവന്‍ ബി. ഒ. ടി അടിസ്ഥാനത്തില്‍ വികസിപ്പിച്ച് വില്‍പ്പന നടത്താമെന്ന അധികാരികളുടെ വ്യാമോഹത്തിനാണ് ഇത് തടയിടുന്നത്.

പക്ഷെ ദേശീയ പാത വികസനമെന്ന കപടമുദ്രാവാക്യമുയര്‍ത്തി ഭൂമിയേറ്റെടുക്കാന്‍ തട്ടിപ്പുവിദ്യകള്‍ വീണ്ടും അരങ്ങേറുകയാണ്. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ ചെയ്തു വച്ച കാര്യങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ യു. ഡി. എഫ് സര്‍ക്കാരും ചെയ്യുന്നത്. ദേശീയ പാത ഇനി വികസിപ്പിക്കണമെങ്കില്‍ 45 മീറ്റര്‍ കൂടിയേ തീരുവെന്ന കള്ളപ്രചാരണം ഇപ്പോഴും അവര്‍ നടത്തുന്നു. വാസ്തവത്തില്‍ 1974 -ല്‍ ഏറ്റെടുത്ത 30 മീറ്റര്‍ വീതിയിലുള്ള സ്ഥലം ഇപ്പോഴും അനാഥമായി കിടക്കുകയാണ്. ഒരു വികസനവും നടത്തിയിട്ടില്ല. പുതിയ വികസനമാകട്ടെ ദേശീയ പാതയുടെ സ്വകാര്യവത്ക്കരണമെന്ന അജണ്ട നടപ്പാക്കാനുള്ള പദ്ധതിയും.

പദ്ധതി നടപ്പിലാക്കുവാന്‍ വേണ്ടി വസ്തുതകള്‍ വളച്ചൊടിച്ചു കൊണ്ടുള്ള പഠന റിപ്പോര്‍ട്ടാണ് വില്‍ബര്‍ സ്മിത്ത് അസ്സോസ്സിയേറ്റ്സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളെക്കൊണ്ട് കുത്തക മുതലാളിമാര്‍ ഉണ്ടാക്കിയിരിക്കുന്നത്. 2006 – 2007 വര്‍ഷങ്ങളില്‍ തയ്യാറാക്കിയ വിശദപഠന റിപ്പോര്‍ട്ടില്‍ ( ഡി പി ആര്‍) കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബംങ്ങളുടെ എണ്ണം വളരെ കുറച്ചാണ് കാണിച്ചിരിക്കുന്നത്. ഒരു സെന്റിന് തന്നെ പല ലക്ഷങ്ങള്‍ വില വരുന്ന ഭൂമിയ്ക്ക് 30, 000/- രൂപയില്‍ താഴെ മാത്രമേ വിലയുള്ളുവെന്ന് കള്ളക്കണക്കുണ്ടാക്കി പൊളിച്ചു മാറ്റേണ്ടി വരുന്ന വ്യാപാര തൊഴില്‍ സ്ഥാപനങ്ങളുടെയൊന്നും എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല. 2006- നു ശേഷം വീടുകളുടേയും മറ്റു വ്യാപാര സ്ഥാപനങ്ങളുടേയും എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും തീരെ പരിഗണിച്ചിട്ടില്ല. കേരളത്തിലെ ജനസാന്ദ്രത ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 1500 ആളുകളിലേറെയും തീരദേശങ്ങളിലും മറ്റും മൂവായിരത്തിലേറെയുമാണ് എന്ന യാഥാര്‍ത്ഥ്യവും പരിഗണിച്ചിട്ടില്ല.

എന്‍. എച്ച് 17 ലും 47 ലുമായി 20 ലക്ഷത്തോളം ആളുകളെയാണ് പ്രത്യക്ഷമായോ പരോക്ഷമായോ കുടിയൊഴിപ്പിക്കല്‍ ബാധിക്കാന്‍ പോകുന്നത്. പക്ഷെ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മൂടിവയ്ക്കുന്നു. ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം ആദ്യം 11000 എന്നും, പിന്നീട് 50, 000 എന്നും പറഞ്ഞു പുതിയ സര്‍ക്കാര്‍ 1 ലക്ഷമെന്നും പറയുന്നു.

45 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താലും റോഡിന്റെ വീതി 14 മീറ്റര്‍ മാത്രമായിരിക്കും. നാലുവരി‍പ്പാതയ്ക്ക് ടാര്‍ ചെയ്ത റോഡിന്റെ വീതി 15.5 മീറ്റര്‍ ( 14 മീറ്റര്‍ റോഡ് 1.5 മീറ്റര്‍ പേവ്ഡ് ഷോള്‍ഡര്‍ ) ആറുവരിപ്പാതയ്ക്ക് ടാര്‍ ചെയ്ത റോഡിന്റെ വീതി 22. 5 മീറ്റര്‍ ( 21 മീറ്റര്‍ റോഡ്, 1.5 മീറ്റര്‍ പേവ്ഡ് ഷോള്‍ഡര്‍ ) 30 മീറ്റര്‍ വീതിയില്‍ 6/4 വരി സുഗമമായി നിര്‍മ്മിക്കാന്‍ കഴിയും. പുതുതായി സ്ഥലം ഏറ്റെടുക്കാതെ തന്നെ ബി ഒ. ടി ഒഴിവാക്കി നാലുവരിയായോ ആറുവരിയായോ റോഡ് നിര്‍മ്മിക്കാന്‍ ഈ സ്ഥലം മതിയാകും. ദേശീയ പാതയ്ക്കായി എന്‍. എച്ച് 17 ലും 47 ലും മിക്കയിടത്തും ജനങ്ങള്‍ ഇതിനോടകം സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. അതു മാനിക്കാതെ വീണ്ടും 15 മീറ്റര്‍ കൂടി സ്ഥലം ഏറ്റെടുത്താല്‍ അതു വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും എന്നു മാത്രമല്ല ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായിരിക്കും ഇത്.

ഭീമമായ ടോളും സ്വകാര്യവതരണവും ലക്ഷ്യം

നിര്‍ദ്ദിഷ്ട അങ്കമാലി മണ്ണുത്തി പാതയിലെ ആമ്പല്ലൂരിലെ ടോള്‍ ബൂത്തിന്റെ ഒരു വശത്തേയ്ക്ക് കാര്‍/ ജീപ്പ് – 55 രൂപ ചെറുകിട വാണിജ്യ വാഹനക്കാര്‍ – 95 രൂപ ബസ്/ ലോറി – 195 രൂപ , കണ്ടെയ്നര്‍/ ഭാരവാഹനങ്ങള്‍ – 310 രൂപ എന്നിങ്ങനെയും ഇരുവശത്തേക്കുമാണെങ്കില്‍ യഥാക്രമം – 85, 145, 290. 465 രൂപയെന്നിങ്ങനെയും പ്രതി മാസമാണെങ്കില്‍ 1660, 2905, 5810, 9340 രൂപ എന്നിങ്ങനെയും ഭീമമായ ടോള്‍ നല്‍കണം. പദ്ധതി നടപ്പായാല്‍ ഇനിയും മുട്ടിനു മുട്ടിനു നിര്‍മ്മിക്കുന്ന ടോള്‍ ബൂത്തുകളിലും ഇതേപോലെ തുക നല്‍കേണ്ടി വരും. ഓരോ കിലോമീറ്ററിനും ടോള്‍ കൊടുത്തു യാത്ര ചെയ്യുന്നതു വഴി ഒരു ഉപഭോത്കൃത സംസ്ഥാനമെന്ന നിലയില്‍ കേരള സമൂഹം വളരെ വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരും. മാത്രവുമല്ല സര്‍ വ്വീസ് റോഡുകള്‍ വഴി വരുന്ന വാഹനങ്ങള്‍ക്കും ടോള്‍ കൊടുക്കേണ്ടി വരുമെന്ന് തൃശൂര്‍ പാലിയക്കരയിലെ ടോള്‍ ബൂത്ത് നിര്‍മ്മാണ ടെക്നിക്കിലൂടെ അനുഭവപ്പെട്ടിരിക്കുന്നു. നിര്‍മ്മിക്കപ്പെടുന്ന റോഡ് മുറിച്ചു കടക്കുവാന്‍ അതിന് വേണ്ടി ഭൂമി വിട്ടുകൊടുത്തവര്‍ക്കു പോലും അനുവാദമില്ലെന്ന് കൊടുങ്ങല്ലൂരിലെ ജനങ്ങള്‍ അറിഞ്ഞു കോണ്ടിരിക്കുകയാണ്.

പദ്ധതി നടപ്പാക്കണമെങ്കില്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ വീടും ഭൂമിയും കച്ചവടസ്ഥാപനങ്ങളും തൊഴില്‍- വരുമാനമാര്‍ഗങ്ങളും പിടിച്ചെടുത്ത് കുടിയൊഴിപ്പിക്കണം എന്നതു മാത്രമല്ല ജനങ്ങള്‍ക്ക് നിലവിലുള്ള ദേശീയ പാതകള്‍ നഷ്ടപ്പെടുകയും ചെയ്യും. തുടക്കത്തില്‍ ദേശീയ പാതകളും ക്രമേണ ജില്ലാ സംസ്ഥാന പാതകളും സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറും. 30 വര്‍ഷം ( യഥാര്‍ത്ഥത്തില്‍ അനന്തകാലം) കുത്തകകള്‍ക്ക് ഇത് കൈവശം വയ്ക്കാം. നിലവില്‍ ഹൈവേയിലേക്ക് പ്രവേശിക്കുന്ന ചെറു റോഡുകള്‍ അടച്ചു കെട്ടപ്പെടും. റോഡിനു മറുവശം കടക്കാന്‍ കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വരും. ഇതിനെല്ലാം പുറമെയാണ് കുത്തക മുതലാളിമാര്‍ നിശ്ചയിക്കുന്ന ചുങ്കം നല്‍കേണ്ടി വരുന്നത്. ഭീമമായ ഈ ചുങ്കനിരക്ക് കേരളത്തില്‍ വന്‍ വിലവര്‍ദ്ധനയ്ക്കിടയാക്കും. വര്‍ഷാവര്‍ഷം ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മുതലാളിമാര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. സ്വദേശ വിദേശ കുത്തകകള്‍ക്ക് ജനങ്ങളെ യഥേഷ്ടം കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് സാരം. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നുള്ള സാധാരണക്കാരന്റെ ആവശ്യത്തെ മുതലെടുത്തുകൊണ്ടുള്ള കടുത്ത ചൂഷണമാണ് ബി. ഒ. ടി ടോള്‍ പാതകള്‍. തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അറ്റകുറ്റപ്പണിചെയ്യാതിരിക്കുകയും ടോള്‍ കൊടുത്താലും വേണ്ടില്ല റോഡ് നന്നാക്കിയാല്‍ മതി എന്ന് ജനങ്ങളെക്കൊണ്ട് തന്നെ പറയിപ്പിക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ടോള്‍ പിരിക്കാനായി സ്വകാര്യ മുതലാളിമാര്‍ റോഡു നിര്‍മ്മിക്കുന്നത് ജനങ്ങളുടെ പണം കൊണ്ട്

45 മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്റര്‍ പാത നിര്‍മ്മിക്കുവാന്‍ 7.5 കോടി രൂപയാണ് പരമാവധി ചെലവ് കണക്കാക്കിയിട്ടുള്ളത് ( കൊടുങ്ങല്ലൂര്‍ ബൈപ്പാസ് ബി. ഒ . ടി കരാറില്‍ നിര്‍മ്മാണച്ചെലവ് ഒരു കിലോമീറ്ററിന് 17 കോടി രൂപ മുതല്‍ 22 കോടി രൂപ വരെയെന്ന് പെരുപ്പിച്ച് കാണിച്ചിരിക്കുന്നു. നിര്‍മ്മാണ ചെലവ് 10 കോടിയാക്കി എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. പക്ഷെ അത് വസ്തുതാവിരുദ്ധമാണെന്ന് പ്രൊജകട് റിപ്പോര്‍ട്ട് വ്യകതമാക്കുന്നു ) ഈ തുകയുടെ 40 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. ചുരുക്കത്തില്‍ ഗ്രാന്റ് കൊണ്ട് മാത്രം മുതലാളിയ്ക്ക് റോഡ് നിര്‍മ്മിക്കാന്‍ കഴിയും. ബി ഒ ടി പദ്ധതിയായതുകൊണ്ടു മാത്രം അധികമായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയ്ക്ക് കൊടുക്കേണ്ടി വരുന്ന പുനരധിവാസ നഷ്ടപരിഹാരത്തുകയും ഗ്രാന്റും ഉണ്ടെങ്കില്‍ മുപ്പതു മീറ്ററിനുള്ളില്‍ ടോള്‍ പിരിവില്ലാത്ത പൊതു റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിയും. അതിനു പകരം കുത്തകകള്‍ക്ക് ജനങ്ങളെ ചുങ്കപ്പിരിവിലൂടെ കൊള്ളയടിക്കാനും പൊതുമുതല്‍ തട്ടിയെടുക്കാനും അവസരമൊരുക്കാന്‍ വേണ്ടി യാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ദേശീയ മാനദണ്ഡം 45 മീറ്ററും ബി ഒ ടി യും ടോളുമാണെന്നും 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് പണമില്ലാത്തതിനാലാണ് ബി ഒ ടി യെ ആശ്രയിക്കുന്നതെന്നുമാണ് അധികാരികളുടെ വാദം. ഹൈവേ വികസനത്തിനു വേണ്ടി പെട്രോള്‍ ലിറ്ററിനു 3 രൂപ വീതം ഇന്ധനസെസ്സ് പിരിക്കുന്നുണ്ട് കഴിഞ്ഞ 10 വര്‍ഷം കൊണ്ടു മാത്രം കേരളത്തില്‍ നിന്നുമിത്തരത്തില്‍ 10.000 കോടി രൂപയിലെറെ പിരിച്ചെടുത്തിട്ടുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ ഹൈവേ വികസനത്തിന് ചെലവാക്കിയതാകട്ടെ ഇതിന്റെ പത്തിലൊന്നുപോലുമില്ല. സംസ്ഥാനത്ത് പ്രതി ദിനം 95 ലക്ഷം ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുവെന്നാണ് കണക്ക്. ഇന്ധനവിലയുടെ 52 ശതമാനം തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുക‍ള്‍ പല നികുതികളായി പിരിച്ചെടുക്കുന്നുണ്ട്. ഈ നികുതിത്തുക മാത്രം വര്‍ഷം തോറും 6000 കോടി രൂപയോളം വരും. ഇതിനെല്ലാം പുറമെ രജിസ്ട്രേഷന്‍ ചാര്‍ജ്, റോഡ് ടാക്സ്, ലൈസന്‍സ് ഫീസ്, പിഴ അങ്ങനെ പലവിധത്തിലും ഭീമമായ തുക ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നുമുണ്ട്. മേല്‍പ്പറഞ്ഞ തുകകളുടെ പത്തിലൊന്നിലെങ്കിലും നമ്മുടെ റോഡുകളില്‍ മുതല്‍ മുടക്കിയാല്‍ കേരളത്തിലെ യാത്രാസൗകര്യം എത്രയോ മെച്ചപ്പെട്ടതാകും.

പകരം ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഇടനിലനിലക്കാരന്റെ റോളെടുക്കുന്നു. നമ്മുടെ സ്വന്തം ദേശീയ പാതയില്‍ പ്രവേശിക്കാന്‍ സ്വകാര്യമുതലാളിയുടെ അനുവാദം വേണമെന്ന അവസ്ഥയുണ്ടാക്കുന്നു. ‘ ഈ റോഡില്‍ പ്രവേശിക്കരുത് ഇതു പൊതുവഴിയല്ല ‘ എന്ന ബോര്‍ഡ് തൂക്കുന്നു. അങ്ങനെ ചരിത്രത്തില്‍ അയ്യങ്കാളി തുടങ്ങി വച്ച വില്ല് വണ്ടി സമരം സവര്‍ണ്ണനും അവര്‍ണ്ണനും ഒരു പോലെ പൊതുവഴിയില്‍ സഞ്ചരിക്കാന്‍ അവകാശമുണ്ട് എന്ന് സ്ഥാപിച്ച ആ സഞ്ചാര സ്വാതന്ത്ര്യസമരം കേരളത്തിലെ ജനങ്ങള്‍ വീണ്ടും ആരംഭിക്കേണ്ടി വരുമോ? വരുമെന്ന് തന്നെയാണ് പാലിയേക്കര നമുക്ക് നല്‍കുന്ന സൂചന . ദേശീയ പാതകളുടെ വികസനപദ്ധതികള്‍‍ നല്‍കുന്ന ആപത്ക്കരമായ സൂചനയും മറ്റൊന്നല്ല.

Generated from archived content: essay1_mar14_13.html Author: m_sharjakhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English