റിട്ടേൺ സല്യൂട്ട്‌

ശ്രീ. സി.പി. കൃഷ്‌ണകുമാറിന്റെ, അടുത്ത കാലത്തു പ്രകാശനം ചെയ്‌ത, ‘സല്യൂട്ട്‌’ എന്ന കഥാസമാഹാരത്തിലെ പ്രത്യക്ഷ ദർശനങ്ങളും ഒരു സാധാരണ വായനക്കാരന്റെ രണ്ടാം വായനയിലുണരുന്ന ഉപദർശനങ്ങളും നിരീക്ഷണങ്ങളും ആണീ കുറിപ്പുകൾ.

ഈ സമാഹാരത്തിലെ കഥകളുടെ കേന്ദ്രപ്രമേയങ്ങൾ ഏതാണ്ടെല്ലാം വളരെ കാലിക പ്രസക്‌തിയുള്ളവയാണ്‌. സമൂഹത്തിലെ ഒറ്റപ്പെട്ട മനുഷ്യന്റെ വൃഥകളാണ്‌ ഏറിയ പങ്കും. അസ്‌തിത്വവാദപരമെന്ന്‌ തിർച്ചയായും വിശേഷിപ്പിക്കാവുന്നവ. മനുഷ്യ ബന്ധങ്ങളേക്കാൾ സാമൂഹിക സ്‌ഥിതവ്യവസ്‌ഥകളെയാണ്‌ കഥകളിൽ പ്രധാന പ്രമേയങ്ങളാക്കിയിരിക്കുന്നത്‌. റൊമാന്റിസത്തിന്റെ സൗന്ദര്യദർശനങ്ങളേക്കാൾ കഥാകാരന്‌ അഭികാമ്യം റിയലിസത്തിന്റെ നഗ്നസത്യങ്ങളാണ്‌ എന്ന്‌ ഈ ചെറുകഥകൾ വിളിച്ചു പറയുന്നു. സമൂഹത്തിന്റെ താളപ്പിഴകൾ വരച്ചു കാട്ടുമ്പോഴും സ്വയം സമൂഹ മനഃസാക്ഷിയാവാതെ, ശരിയും തെറ്റും തരം തിരിക്കാതെ ആ ചുമതല വായനക്കാരനെ ഏൽപ്പിച്ച്‌ മാറി നിൽക്കുന്നു കഥാകാരൻ. റിയലിസ്‌റ്റിക്‌ ആയിരിക്കുമ്പോഴും ഏതാണ്ടെല്ലാ കഥകളിലും അമൂർത്തമായ വിവിധ അർത്ഥതലങ്ങൾ വായിച്ചെടുക്കാൻ വായനക്കാരന്‌ ഇടം നൽകുന്നുണ്ട്‌ കഥാകാരൻ.

‘സല്യൂട്ട്‌’ ഒരു മാതൃകാ പൗരനോട്‌ സംവേദനാശൂന്യമായി പ്രതികരിക്കുന്ന സമൂഹത്തെ ചിത്രീകരിക്കുന്നു. മനുഷ്യൻ മൗലികമായും ഒറ്റപ്പെട്ടവനാണെന്ന ഡാനിഷ്‌ ചിന്തകൾ കീക്കെഗോറിന്റെ സത്യദർശനം ജെയിംസ്‌ ജോസഫിന്റെയും പ്രഭുജിയുടെയും ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ജെയിംസ്‌ ജോസഫിന്റെ പഴയ ഗ്രാമവും ഗ്രാമമുൾക്കൊള്ളുന്ന, ‘ആദിശങ്കരനും ബുദ്‌ധനും ഗാന്ധിജിയും ജീവിച്ചു മരിച്ച കർമ്മഭൂമി’യും ഏറെ മാറിയിരിക്കുന്നു. സ്വാതന്ത്ര്യപൂർവ്വ മാനങ്ങളല്ല സ്വാതന്ത്ര്യാനന്തര മാനങ്ങൾ. പ്രഭുജിയെ ഒരു ആദർശ പൗരനായോ ഇതിഹാസ നായകനായോ ഗ്രാമവാസികൾ കാണുന്നില്ല. ഗ്രാമത്തിന്റെ നിയമങ്ങളും സമൂഹ ജീവിത വ്യാഖ്യാനങ്ങളും പ്രഭുജിയുടേതിൽ നിന്നും വളരെ വ്യത്യസ്‌തമായി തീർന്നിരിക്കുന്നു. നഗരങ്ങളെപ്പോലെ സഹജീവികൾ തമ്മിലുള്ള മാനസികദൂരം അകന്നിരിക്കുന്നു; പരക്ഷേമ കാംക്ഷ (altruism) ഒരു കടങ്കഥയായി തീർന്നിരിക്കുന്നു. ആധുനിക സമൂഹങ്ങളിൽ സ്‌നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ ഒറ്റപ്പെട്ട പൗരന്മാരുടെ ആന്തരികഗുണങ്ങൾ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന ദുഃഖയാഥാർത്ഥ്യമാണ്‌ കഥയിൽ തെളിഞ്ഞു വരുന്നത്‌.

പുതിയ കാലഘട്ടത്തിലെ ‘പ്രബുദ്ധ’ ജനങ്ങളിലേറെയും നോർമൻ സിംപ്‌സന്റെ ‘ഏകദിശാപെൻഡുലം’ പോലെ സ്വന്തം താൽപര്യം മാത്രം ശ്രദ്ധിക്കുന്നവരാണ്‌. സാമൂഹിക ജീവിയായ മനുഷ്യൻ പ്രഭുജിയുടെ ആദർശമായ സാമൂഹികമോചനം ലക്ഷ്യമാക്കാതെ വ്യക്തിസൗഭാഗ്യങ്ങളുടെ പുറകെ പോകുന്ന ദുഃഖസത്യം പ്രഭുജിയുടെ ഗ്രാമം അറിയുന്നുപോലുമില്ല. സമൂഹമായി ജീവിക്കാൻ മറന്ന സമൂഹമാണ്‌ പ്രഭുജിയുടെ, ജെയിംസിന്റെ ഗ്രാമം. ഷണ്ഡത്വം ബാധിച്ച സമൂഹത്തിലെ കാണികളായി മാത്രം വേഷം കെട്ടുന്ന ജനങ്ങൾ ഈ കഥയിലെ പ്രതിനായകന്മാരാണ്‌. സ്‌പിനോസയുടെ (Benedictus De Spinoza) നിയതിവാദം കഥയിലെ സമൂഹമനഃസ്‌ഥിതിയെ ഒരു പക്ഷേ ന്യായീകരിക്കുന്നു. നിയതിവാദത്തിന്റെ ഒരു പ്രത്യേകത പല സാമൂഹ്യപ്രശ്‌നങ്ങൾക്കും നമ്മളല്ല കാരണക്കാരെന്ന്‌ അത്‌ നമ്മെ വിശ്വസിപ്പിക്കുന്നു എന്നതാണ്‌. ഒപ്പം നായകരാധനയും ക്ഷണികമാണെന്ന്‌ കഥ ധ്വനിപ്പിക്കുന്നു. ഉദയ സൂര്യനെ മാത്രം ആരാധിക്കുന്ന മനുഷ്യരുടെ പുതിയ ലോകമാണിത്‌. ഇവിടെ ഓരോ അസ്‌തമന സൂര്യനും ഒരു വെറും ചടങ്ങിലൊതുങ്ങുന്ന വിടവാങ്ങൾ മാത്രം കാത്തിരിക്കുന്നു.

‘മൃത്യുഞ്ഞ്‌ജയം’ മൃത്യുവിനെ ജിയിച്ചവരുടെ കഥയല്ല. ദുരന്തപീഡിതരെ തീരെ മറന്ന്‌ മൃത്യുവിന്നിരയായവരേയും ദുരന്തങ്ങളെ തന്നെയും കാഴ്‌ചവസ്‌തുക്കളാക്കി. കൊട്ടും കുരവയുമായി ആഘോഷിക്കുന്നവരുടെ കഥയാണ്‌. ദുരന്തങ്ങൾ, പ്രത്യേകിച്ചും മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ചരിത്രത്തിലെ മറക്കാനാവാത്ത പ്രധാന സംഭവങ്ങളാണ്‌. പക്ഷേ, അവയെ പുതിയ പാക്കറ്റുകളിലാക്കി വീണ്ടും വീണ്ടും വിളമ്പുന്ന പ്രക്രിയ ഈ സംവേദന മൂല്യത്തെ വിൽപനച്ചരക്കാക്കുന്ന, പ്രശ്‌ന നിവാരണങ്ങൾക്കു വേണ്ടി ഉദ്യമിക്കാത്ത, മുൻപോട്ടു നടക്കാൻ വിമുഖത കാണിക്കുന്ന, ഒരു സമീപനത്തെയാണ്‌ ദർശിപ്പിക്കുന്നത്‌.

രാം ബാബുവിന്റെ ഉപബോധ മനസ്സ്‌ 25 വർഷത്തെ ആഘാതത്തിൽ നിന്നും ഇനിയും രക്ഷപ്പെട്ടിട്ടില്ല. വിഷ വാതകപ്രവാഹം തടയാൻ വെമ്പുന്ന അയാളുടെ മനസ്സ്‌ എപ്പോഴും അതടയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ്‌. വളയം രാം ബാബുവിന്റെ ഒരു തീരാബാധ (obsession) യാകുന്നത്‌ അതുകൊണ്ടാണ്‌. ആ പ്രയത്‌നത്തിലാണയാൾ ബന്ധനസ്‌ഥനാവുന്നതും. പല സമൂഹങ്ങളിലും ഇന്ന്‌ സംഭവിക്കുന്നത്‌ ഇതു തന്നെയാണ്‌. സമൂഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നവന്റെ കൈകളിലാണ്‌ കയ്യാമം വീഴുന്നത്‌. മനുഷ്യ നിർമ്മിതമായ ദുരന്തങ്ങൾ പ്രതിരോധിക്കപ്പെടുന്നില്ല. പകരം അവ അഗ്നിയായ്‌ വന്ന്‌ താണ്ഡവമാടി, ദൃശ്യമാധ്യമ വിരുന്നു പകർന്ന്‌, പുതിയ ദുരന്തത്തിനു വഴിമാറി, അരങ്ങിലേക്കുള്ള അടുത്ത അജണ്ടകളായി അണിയറയിലേക്കു പിൻവാങ്ങുന്നു.

ആഘോഷക്കമ്മിറ്റി അംഗങ്ങൾക്കു മദ്യം വിളമ്പുന്ന പയ്യന്റെ വികൃതരൂപം കണ്ട്‌ കമ്മിറ്റി അംഗം കളിയാക്കുന്നു. ‘…ഗർഭിണിയായിരുന്ന എന്റമ്മ വിഷവായു ശ്വസിച്ചു. അമ്മ മരിക്കുമവരെ അതും പറഞ്ഞ്‌ എന്നോട്‌ മാപ്പിരക്കുമായിരുന്നു.’ എന്ന മറുപടി ബോധം നശിച്ച ചെവികളിലാണ്‌ പതിയുന്നത്‌. അധികാര വൃന്ദങ്ങൾ എന്നും പലവിധ ലഷരിയിലാണ്ടു കിടന്നിട്ടേയുള്ളൂ. അവർ അവർക്ക്‌ രസിക്കുന്നതു മാത്രമേ അന്നും ഇന്നും കേൾക്കുന്നുമുള്ളൂ.

‘ജലകന്യകമാർ’ എന്ന കഥയുടെ ശൈലിയും ബിംബവും വ്യത്യസ്‌തമാണ്‌. ഒരു സർറിയലിസ്‌റ്റ്‌ ബിംബമാണിവിടെ കാണുന്നത്‌. ഇവിടെ കഥാകാരൻ ഒരു സ്വകാര്യ ഫാന്റസിലോകത്തിലാണ്‌. സഹജീവികൾക്ക്‌ തെറ്റായ പ്രത്യാശകൾ കൊടുക്കുന്നവരെ ഇവിടെ കാണാം. മയക്കുമരുന്നുകളുടെ പലതരം മാഫിയകളുടെ, ചാവേർ സംഘങ്ങളുടെ അധോലോകങ്ങളുടെ ശരീരവ്യാപാരികളുടെ തീവ്ര പ്രത്യയശാസ്‌ത്രങ്ങളുടെ അപ്രായോഗികമായ ആദർശങ്ങളുടെ, അന്ധ(മത) വിശ്വാസങ്ങളുടെ ആദ്യദർശനത്തിലെ ആകർഷണീയതയും അതുണ്ടാക്കുന്ന അതിവിധേയത്വം സൃഷ്‌ടിക്കുന്ന അനിഷ്‌ട സംഭവങ്ങളും കഥയിൽ വിഷയങ്ങളാവുന്നു.

ജീവിതത്തിന്റെ അടുത്ത പടവുകൾ പലർക്കും വ്യക്തമായി ദൃശ്യമല്ല. നിറമുള്ള സ്വപ്‌നങ്ങളുമായി ‘കടൽമത്സ്യ’ങ്ങൾ എത്തുന്നതപ്പോഴാണ്‌. ബഹുവീഥികളുള്ള കവലകളിൽ സ്വന്തം പത്രധർമ്മമറിയാതെ നിൽക്കുന്ന യുവമനസ്സുകളിലേക്കാണ്‌ ‘കലിപ്രവേശം’ ഉണ്ടാകുന്നത്‌. കലി ബാധിച്ച്‌ രൂപമാറ്റം വന്ന ‘വന്ധ്യമേഘ’ങ്ങളാണ്‌ നാം ഇന്നു സമൂഹത്തിൽ കാണുന്ന കസബും നളിനിയും ഒക്കെ. തങ്ങൾ ജലകന്യകകളിൽ നിന്നും വന്ധ്യമേഘങ്ങളായി അധഃപതിച്ചുവെന്ന വൈകിയെത്തുന്ന അവബോധം ഉണ്ടാകുമ്പോഴേക്കും അതേ വഴിയിലൂടെ പുതിയ തലമുറ ഒരു തനിയാവർത്തനത്തിനു തയ്യാറെടുക്കുന്നു എന്ന ദുഃഖസന്ദേശവുമായാണ്‌ കഥ അവസാനിക്കുന്നത്‌. ചരിത്രം ആവർത്തിക്കപ്പെടുന്നു.

ഒരു എതിർവായനയിൽ കാണുന്നത്‌. പാരമ്പര്യത്തെ, നാട്ടുനടപ്പുകളെ ചോദ്യം ചെയ്യുന്നവരുടെ ഭാവിയെപ്പറ്റി കഥ ഉണർത്തുന്ന സംശയങ്ങളാണ്‌. മനുഷ്യ പുരോഗതിയുടെ ചരിത്രത്താളുകൾ നിറയെ വഴിമാറി നടന്നവരുടെ, പുതിയ വഴി വെട്ടിത്തെളിച്ചവരുടെ വീരഗാഥകളാണ്‌. ഒറ്റയാനകളും വൻ പ്രസ്‌ഥാനങ്ങളും ഇതിൽപെടും. ചങ്കൂറ്റത്തോടെ ഒറ്റയ്‌ക്കു മുമ്പേ നടന്നവന്റെ വെട്ടുവഴികളാണിന്നു സമൂഹത്തിന്റെ നാട്ടുവഴികൾ. ഒരു തിരിച്ചറിവ്‌ ഇവിടെ തീർച്ചയായും ആവശ്യമാണ്‌.

മനസ്സ്‌ പ്രകൃതിക്കു കീഴടങ്ങാതെ നിൽക്കുകയും എന്നാൽ ശരീരം കൊണ്ട്‌ പ്രകൃതിയെ കീഴടക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ, ജനിച്ച മണ്ണിനൊപ്പം സ്വന്തം നശ്വരശരീരത്തെ ഉപേക്ഷിക്കുന്നവന്റെ കഥയാണ്‌ ‘ദ്വീപൻ’. വിഷമം നിറഞ്ഞ ചുറ്റുപാടുകളോട്‌ പക്ഷേ, ഓരോരുത്തരും ഓരേ തരത്തിൽ പ്രതികരിക്കുന്നു. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ഓരോ പ്രതിസന്ധിയേയും എതിർപ്പില്ലാതെ അംഗീകരിക്കുന്ന ജീവിതരീതിയാണ്‌ സ്‌റ്റോയ്‌സിസം (stoicism). മൃത്യുന്മുഖനായ ദ്വീപൻ സ്‌റ്റോയ്‌കിന്റെ മികവുറ്റ ഒരു മാതൃകയാവുകയാണ്‌.

ഈ കഥയിൽ രണ്ടു പ്രധാന വിഷയങ്ങൾ വായനക്കാരനെ കുഴയ്‌ക്കുന്നു. ഒന്ന്‌ പിറന്ന മണ്ണിനോടുള്ള തീവ്രമായ ആത്‌മബന്ധമാണ്‌. സ്വന്തം മണ്ണിൽ നിന്നും അകലെയുള്ള പലായനജീവിതത്തിന്‌ ആ ആത്‌മബന്ധത്തിനുപരിയായ ഒരു അർത്ഥം കാണാൻ ദ്വീപനു കഴിയുന്നില്ല. കൂടുവിട്ടു കൂടു മാറാൻ വിസമ്മതിക്കുന്ന മനസ്സാണ്‌ ദ്വീപന്റേത്‌. വീടു നഷ്‌ടപ്പെടുന്നവരുടെ പുനരധിവാസം ലളിതമായ ഒരു പ്രശ്‌നപരിഹാരമായി കാണുന്നു ബാഹ്യലോകം. പക്ഷെ പലായനം ചെയ്യുന്നവന്റെ, സ്വന്തം മണ്ണു നഷ്‌ടപ്പെട്ടവന്റെ യഥാർത്ഥ നഷ്‌ടം അവന്റെ സ്വന്തം നാവാണ്‌. സംസ്‌കാരമാണ്‌. ആത്‌മചേതന തന്നെയാണ്‌ എന്ന്‌ ദ്വീപൻ തെളയിക്കുന്നു. ഇവയിൽല്ലാതെ മൂന്നാം തരം പൗരനായുള്ള ഒരു പ്രവാസ ജീവിതം ദ്വീപന്‌ അപമാനിതവും അർത്ഥരഹിതവുമാണ്‌. രണ്ടാമത്തേത്‌ കേന്ദ്രശക്തികളുടെ, ചെറിയവരേയും അവികസിതരാജ്യങ്ങളേയും നിർമമതയോടെ കാണുന്ന, അവരുടെ പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിക്കുന്ന, പ്രവണതയാണ്‌. വല്യേട്ടന്മാർ എക്കാലത്തും ഒരുപോലെ പെരുമാറുന്നു. പുരോഗമന ചിന്താഗതിക്കാരായിരുന്ന മാർക്‌സും ഏംഗൽസും പോലും ചെറുരാജ്യങ്ങളുടെ ജർമ്മൻ ആധിപത്യത്തെ ന്യായീകരിച്ചിട്ടുണ്ട്‌. ചെറുവംശങ്ങളായ ചെക്ക്‌, ക്രിറ്റ്‌സ്‌ എന്നിവയെ ചരിത്രമില്ലാത്ത ജനത എന്നാണ്‌ ഏംഗൽസ്‌ വിശേഷിപ്പിച്ചത്‌.

കഥയോട്‌ അനുബന്ധമായി കൂട്ടിയായിക്കാവുന്ന ഒരു വർത്തമാനകാല പ്രവണത ‘വലുപ്പം സംരക്ഷണ (too big to fail) മാവുന്നു എന്നതാണ്‌. നിലനിൽപിന്റെ ഭീഷണികൾ അഭിമുഖീകരിക്കുന്ന വലിയ ജനവിഭാഗങ്ങൾ, ഭാഷകൾ, സംസ്‌കാരങ്ങൾ, വ്യവസായങ്ങൾ, സേവനമേഖലകൾ എല്ലാം സംരക്ഷിക്കപ്പെടുമ്പോൾ അതേ ദുർവിധി നേരിടുന്ന ചെറിയവ അനാഥരായി മൺമറയുന്നു എന്ന അലോസരപ്പെടുത്തുന്ന സത്യമാണ്‌.

’മൗനകാണ്ഡം‘ ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ചിരപരിചിത സ്വരൂപത്തിന്റെ അപനിർമ്മാണ (deconstruction) കഥയാണ്‌. പ്രധാന കഥാപാത്രത്തിന്റെ അറിയപ്പെടുന്ന മനോധർമ്മങ്ങളുടേയും ഭാവങ്ങളുടേയും പ്രതീകാത്മകമായ അർത്ഥതലങ്ങൾ മാറ്റിയെഴുതുകയാണിവിടെ. ഒരു മിത്ത്‌ ഒരു സത്യമോ ഒരു സന്ദേഹമോ അല്ല, അതൊരു ’വ്യതിയാന‘ (inflexion) മാണെന്നു പറഞ്ഞ്‌ റൊലാങ്ങ്‌ ബാർത്‌ ആണ്‌. മിത്തുകളെ വ്യത്യസ്‌ത രീതിയിൽ ദർശിപ്പിക്കുന്ന ഒട്ടേറെ കൃതികൾ ആഗോള സാഹിത്യചരിത്രത്തിലുണ്ട്‌. ’അംധേർ നഗരി ചൗപട്‌ രാജാ‘ എന്ന പ്രഹസനത്തിലെ ഗോവർധൻ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ്‌ എഴുതിയ ’ഗോവർധന്റെ യാത്രക‘ ളിൽ കാളിദാസൻ, ബുദ്ധൻ തുടങ്ങി രണ്ടു ഡസനിലധികം ചരിത്ര, പുരാണ, സാഹിത്യ വ്യക്തികളേയും പാത്രങ്ങളേയും വിചാരണ ചെയ്യുന്നുണ്ട്‌. കുമാരനാശാന്റെ ’ചിന്താവിഷ്‌ടയായ സീത‘ രാമന്റെ ’മര്യാദ‘യെ ചോദ്യം ചെയ്യുന്നു. സാറായുടെ ’ഊര്‌ കാവലി‘ലെ അംഗദൻ രാമന്റെ ധർമ്മബോധങ്ങളെ യുക്തിപൂർവ്വം എതിർക്കുന്നു. കഥയുടെ ഒടുവിൽ രാമഹത്യയ്‌ക്കു പോലും തുനിയുന്നുണ്ട്‌. ബാലിപുത്രൻ. എം.ടി.യുടെ ’രണ്ടാമൂഴ‘ത്തിലെ നായകൻ ഭീമന്റെ അനുഗതങ്ങളും ’അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ‘ എന്ന കഥയിലെ യൂദാസിന്റെ ’ഉയിർത്തെഴുന്നേൽപും ഏറെ വ്യത്യസ്‌തങ്ങളും ചിന്താദ്ദ്യോപകങ്ങളുമാണ്‌. അശോകവനിയിൽ സീതയോട്‌ പ്രേമാഭ്യർത്ഥന നടത്തുന്ന അഴകിയ രാവണൻ വാൽമീകി രാമായണത്തിലില്ല;, അത്‌ ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയിലെ ഭാവനയാണണെന്ന്‌ നിരൂപകർ കരുതുന്നു. പല രാമകഥകളിലും സീത രാവണന്റെ മകളാണ്‌. വയലാർ രാമവർമ്മയുടെ ‘രാവണപുത്രി’യിൽ മണിച്ചിലമ്പു കെട്ടി ഓടി നടക്കുന്ന മൈഥിലി രാവണന്‌ വേദവതിയിൽ ജനിക്കുന്ന പുത്രിയാണ്‌. ഭാര്യയുടെ ജാതകവശാൽ അവളുടെ ആദ്യ സന്താനം തന്റെ വംശനാശത്തിനു കാരണമാകുമെന്നറിഞ്ഞ്‌ രാവണനാൽ ഉപേക്ഷിക്കപ്പെട്ട്‌, കുഴിച്ചു മൂടപ്പെടുകയും പിന്നീട്‌ ജനകനാൽ വീണ്ടെടുക്കപ്പെടുകയും ചെയ്‌തവളാണ്‌ സീതയെന്ന്‌ വേറൊരു വാദമുണ്ട്‌. നമ്മുടെ കഥാകാരനും ഇതു പോലൊരു ചിന്താരീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. രാവണന്റെ നൃശംസതയല്ല, പിതൃവാൽസല്യമാണ്‌ കഥയിൽ നാം ദർശിക്കുന്നത്‌.

രാവണന്റെ വഴിത്തെറ്റുകൾ ഒരു പക്ഷേ, ആദികവിയുടെ സങ്കൽപമാവാം. മൗനകാണ്ഡത്തിലെ രാവണന്റെ ആത്‌മവിചാരണകൾ ഒരു പ്രതിപാഠവുമാവാം.

സമൂഹത്തിലെ നിരുപദ്രവിയായ, പക്ഷേ പരോപജീവിയായ ഒരു സാധാരണക്കാരന്റെ കൊച്ചു മോഹങ്ങളെപ്പറ്റിയാണ്‌ ‘ഉൽപതൃഷ്‌ണുക്കരയിലെ സാധാരണക്കാർക്ക്‌ പറയാനുള്ളത്‌. ജോണിക്കുട്ടിയുടെ അപ്പൻ പല നാട്ടുകാരെയും പോലെ ഒരു സാമൂഹ്യ സംരക്ഷണം(salvation by society) പ്രതീക്ഷിക്കുന്നു. ഭൗതിക സൗകര്യങ്ങളെപ്പറ്റി വളരെ ബോധവാന്മാരായ, ഉൽപാദകരല്ലെങ്കിലും ഉപഭോഗതൃഷ്‌ണ വിടാത്ത ഒരു സമൂഹത്തിനു പറ്റിയ പേരാണ്‌ ഉൽപതൃഷ്‌ണുക്കര.

സമൂഹം തന്നെ മരണാന്തരം ആദരിക്കണമെന്നാണ്‌ ജോണിക്കുട്ടിയുടെ അപ്പന്റെ ആഗ്രഹം സ്വപ്‌നസാക്ഷാൽക്കാരത്തിന്നു വേണ്ടി പദ്ധതികളുണ്ടാക്കുകയും അതിനുവേണ്ടി നിരന്തരം ആത്മാർത്ഥമായി പ്രയത്‌നിക്കുകയും ചെയ്യുന്നവർക്ക്‌ ഈ കഥയൊരു പ്രഹേളികയാണ്‌. സമൂഹത്തിലെ ഇത്തിരിക്കണ്ണികളെ തീറ്റിപ്പോറ്റുക മാത്രമല്ല, അവരുടെ ആഡംബരങ്ങൾക്കും അൽപത്തരങ്ങൾക്കും വേണ്ടി സ്വന്തം അടിസ്‌ഥാന ആവശ്യങ്ങൾ പോലും കുരുതികഴിക്കേണ്ടി വരുന്ന നിർഭാഗ്യവാന്മാരാണിവർ.

’യുദ്ധത്തൊഴിലാളി‘ ഒരു വംശശുദ്ധീകരണത്തിന്റെ കഥയാണ്‌. ഡി.എൻ.എ. മാപ്പിംഗിലൂടെ അടയാളപ്പെടുത്തുകയും അരിച്ചെടുക്കപ്പെടുകയും യുദ്ധത്തിന്റെ മറവിൽ വധിക്കപ്പെടുകയും ചെയ്യുന്ന രണ്ടു ഹതഭാഗ്യരുടെ കഥ. വംശശുദ്ധീകരണം ഒരു പുതിയ പ്രവണതയല്ല. ഒരു വംശത്തെ ശുദ്ധീകരിക്കാൻ വേണ്ടി മറ്റു വംശങ്ങളെ നശിപ്പിക്കുന്ന പ്രക്രിയയാണത്‌. ഡാർവിന്റെ കസിൻ സർ ഫ്രാൻസിസ്‌ ഗാൽട്ടൺ കൊണ്ടു വന്ന യൂജെനിക്‌സ്‌ തത്വം ആണ്‌ ഇതിന്റെ ആദ്യത്തെ അറിയപ്പെടുന്ന ഭീഷണ രൂപം. ജർമ്മനിയുടെ യഹൂദ വിരോധത്തിന്റെ ഉത്തേജക മരുന്ന്‌ യൂജെനിക്‌സ്‌ ആയിരുന്നു എന്ന്‌ പരക്കെ വിശ്വസിച്ചു പോരുന്നു. നാസി ജർമ്മനി അഞ്ചു ദശലക്ഷം യഹൂദന്മാരെ വംശശുദ്ധീകരണത്തിനു വേണ്ടി ക്രൂരമായി വധിച്ചത്‌ ഒരിക്കലും മറക്കാനാവാത്ത മനുഷ്യദുരന്തങ്ങളിലൊന്നാണ്‌. മാർക്ക്‌ മാസോവർ 20-​‍ാം നൂറ്റാണ്ടിലെ യൂറോപ്പിനെ ’ഇരുണ്ട ഭൂഖണ്ഡം‘ എന്നു വിശേഷിപ്പിച്ചത്‌ ഇധ വംശഹത്യകളെ കണക്കിലെടുത്താണ്‌.

ബ്രിട്ടീഷുകാരന്‌ മെസപ്പെട്ടോമിയ (ഇന്നത്തെ ഇറാക്ക്‌) ക്കാരിയായ ഭാര്യയിലുണ്ടായ സന്താനപരമ്പരയിലെ ഒരു കണ്ണിയായ എഡ്വേർഡിന്റെ ഡി.എൻ.എ. തീവ്രവാദിയായ വേറൊരു ഇറാക്ക്‌കാരന്റെ (ജലാൽ) ഡി.എൻ.എ.യുമായി യോജിക്കുന്നതിൽ അതിശയിക്കാനൊന്നിമില്ല. ജലാൽ ജയിൽ ചാടി എന്ന കൃത്രിമ കഥയുണ്ടാക്കി ജലാലിനേയും എഡ്വേർഡിനേയും ഒരുമിച്ച്‌ അഗ്നിക്കിരയാക്കുകയാണ്‌ പട്ടാളക്കാർ ചെയ്‌തത്‌.

യുദ്ധത്തിലേക്ക്‌ എന്നും യോദ്ധാക്കൾ വലിച്ചിഴക്കപ്പെടുകയാണുണ്ടായിട്ടുള്ളത്‌. ഒരു അഭിമന്യുവും ഒരു ചക്രവ്യൂഹത്തിലേക്കും സ്വയം നടന്നു കയറിയിട്ടില്ല. കഥയിൽ ചിന്താപരമായ ദാസ്യം അനുഭവിക്കുന്ന ഒരു വർഗ്ഗത്തിന്റെ നിസ്സഹായാവസ്‌ഥ തെളിഞ്ഞു കാണാം. യുദ്ധം എന്തിനു ചെയ്യുന്നു’ എന്നു ചിന്തിക്കാൻ അർഹതയില്ലാത്തവർ വ്യവസായിക, സേവന മേഖലകളിലെ ശാരീരിക ബുദ്ധിമുട്ടുള്ള, ചിന്തിക്കാൻ ശേഷിയുണ്ടാക്കാത്ത ജോലികളിൽ ഏർപ്പെടുന്നവരുടെ സ്‌ഥിതിയും ഇതിൽ നിന്നും ഒട്ടും ഭിന്നമല്ല.

ധ്വന്യാത്മകമായി കഥ പറയുന്നത്‌ കുലം, ജാതി, മത അടിസ്‌ഥാനത്തിലുള്ള ചേരി തിരിവുകളേയും അവയുടെ നിരന്തരമായുള്ള, ഒളിഞ്ഞും തെളിഞ്ഞുമുള്ള അന്യോന്യ ആക്രമണങ്ങളേയുമാണ്‌. കുല മേന്മകളും ജീർണ്ണതകളും ജനനം അടിസ്‌ഥാനമാക്കിയാണെന്ന വരേണ്യവർഗ്ഗവാദം ആണ്‌ ഇവിടെ അനുസ്‌മരിപ്പിക്കപ്പെടുന്നത്‌.

ജീവിതത്തിന്റെ യാന്ത്രിക സാദ്ധ്യതാബാദ്ധ്യതകൾ വിപണികളുടെ കണ്ണുകളിലൂടെ കാണുന്ന മനുഷ്യരുടെ കഥ പറയുന്നു ‘പിറക്കും മുൻപ്‌’ ഒപ്പം ഒരു അമ്മയുടെ ഗർഭപാത്രത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം – മനുഷ്യന്റെ ആദ്യ വാടകവീടിന്റെ വില – കഥാകാരൻ കാട്ടിത്തരുന്നു.

നമ്മുടെ സമൂഹമൂലധനം പ്രതിഫലം ആവശ്യപ്പെടുന്ന വാണിജ്യ മൂലധനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന യഥാർത്ഥ്യം സമൂഹ മൂല്യച്യുതിയുടെ ഒരു ഭാഗം മാത്രമാണ്‌. പ്രകൃതി തന്നെ ഉർവരതയെ വിപണീകരിക്കുന്ന ആധുനിക മനുഷ്യന്റെ മുൻഗണനാക്രമത്തിൽ ബന്ധങ്ങൾ ഭൗതിക സുഖസൗകര്യങ്ങളേക്കാൾ കാതങ്ങൾ പുറകിലാണ്‌. ആധുനിക മനുഷ്യന്റെ ജനനം കടമ്പകൾ നിറഞ്ഞതാണ. തടയപ്പെടുന്ന ബീജസങ്കലനങ്ങൾ ഒരുവശത്ത്‌ നിർദാക്ഷിണ്യം കുരുതികൊടുക്കപ്പെടുന്ന ഭ്രൂണങ്ങൾ മറുവശത്ത്‌. ഇപ്പോഴിതാ മാതൃസ്‌നേഹം കരാറുകൾ വഴിയും. അമ്മ എന്ന ദൈവിക സങ്കൽപം കീഴ്‌മേൽ മറിയുന്നു.

ജനിച്ചു വീഴുന്ന ഓരോ കുട്ടിയും അനാഥനാണെന്ന സത്യത്തിനും ഉപരി അവനൊരു ഭൗതിക വിധേയത്വം കൂടി കൂടെ കൊണ്ടുവരുന്നു എന്ന കഥയിലെ ദർശനം വളരെ ഭീതിജനകമാണ്‌. മക്കൾക്കു വേണ്ടി ജീവിക്കുന്ന കാലം മാറി എന്ന്‌ ഉറക്കെ പ്രസ്‌താവിക്കുന്ന അമ്മയാണ്‌ ക്രിസ്‌റ്റീന. ഓരോ ബന്ധവും ഊട്ടിയുറപ്പിക്കുന്ന ഓരോ നിലനിൽപിനും ആധാരമാകുന്ന, സ്‌നേഹപൂർവ്വം ചെയ്‌തിരുന്ന ‘സേവന’ങ്ങളുടെ വിപണിമൂല്യം ഇനിയുള്ള കാലം വ്യകതികളുടെ സ്വകാര്യ ബാക്കിപത്രങ്ങളിൽ ഇടം കാണും ഇവിടെ ഒരു ന്യൂട്ടന്റെ പ്രതിപ്രവർത്തന നിയമം നടക്കുന്നുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വയസ്സായ മാതാപിതാക്കളെ കാവടിയിൽ ഇരുത്തി തീർത്ഥയാത്രയ്‌ക്കു കൊണ്ടുപോയ പുണ്ഡരികനു പകരം ഇന്ന്‌ മാതാപിതാക്കളെ വൃദ്ധ, ശരണാലയങ്ങളിലേക്കയക്കുന്ന മക്കളെയാണ്‌ നാം കാണുന്നത്‌. (സ്വന്തം അമ്മ ക്ലിയോപാട്രയെ കൊന്ന ടോളമി പത്താമനെയും വിസ്‌മരിച്ചു കൂടാ) ഈ പ്രവണതകൾക്ക്‌ പ്രകൃതി നൽകുന്ന തിരിച്ചടിയാണ്‌ ക്രിസ്‌റ്റീനയുടെ ഗർഭപാത്രത്തിൽ വളരുന്ന ഭ്രൂണത്തിന്‌ സ്വന്തം അമ്മയിൽ നിന്നും ഒരുപക്ഷേ കിട്ടുന്നത്‌.

നഗരങ്ങളുടെ വളർച്ചയും ഇതരപ്രാന്തങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്‌ കുടിയേറിപ്പാർക്കുന്നവരുടെ പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്ന അസന്തുലിതത്വങ്ങളും റിയൽ എസ്‌റ്റേറ്റ്‌ മാഫിയയുടെ ആധിപത്യവും പ്രതിപാദ്യ വിഷയങ്ങളാകുന്നു ‘നഗരവികസന’ത്തിൽ. പുതിയ വിശപ്പുമായി – അധികാരത്തിന്റെ ആഡംബരത്തിന്റെ വിശപ്പുമായി – എത്തുന്ന അരിസ്‌റ്റോക്രാറ്റ്‌ ചേരിക്കാർ ദുർബലവർഗ്ഗ വേഷം ധരിച്ച്‌ വെറും ദല്ലാളുമാരായി കഥയിൽ പ്രത്യക്ഷപ്പെടുന്നു.

ഇവിടെ സമൂഹത്തിന്റെ ധാർമ്മിക അധഃപതനവും അധികാരപ്രമത്തതയും തെളിഞ്ഞു നിൽക്കുന്നു. ഭരണ മേധാവിത്തവും സാധാരണ ജനങ്ങളും എക്കാലത്തും സമാന്തരമായി എതിർദിശയിൽ സഞ്ചരിക്കുന്ന ആത്‌മാക്കളാണല്ലോ? പാലായന സംസ്‌കാരത്തിന്റെ ഇരുട്ടു മുറികളായാണ്‌ ചേരികൾ എന്നും എവിടേയും അറിയപ്പെട്ടിരുന്നത്‌ പക്ഷേ, നഗരങ്ങളിലെ നിർമ്മാണ, റിയൽ എസ്‌റ്റേറ്റു മേഖലകളുടെ സാമ്പത്തിക മുന്നേറ്റം ചേരികളെ രാഷ്‌ട്രീയ മേധാവികളുടേയും വ്യവസായികളുടേയും അവരുടെ ശിങ്കിടികളുടേയും ദല്ലാളുമാരുടേയും പയസ്വിനികളാക്കിയിരിക്കയാണ്‌. കഥാകാരൻ വരച്ചു കാട്ടുന്ന ചാക്രിക ബന്ധം – അധികാരം-സാമ്പത്തികശക്തി-അഴിമതി-വോട്ട്‌-അധികാരംഃ – ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു സമൂഹത്തിൽ.

അനധികൃത ചേരികളുടെ അംഗീകാരപക്രിയ ആദ്യം അറിയുന്ന രാഷ്‌ട്രീയ, ബുർഷ്വാ അധികാരികളും അവരുടെ ദല്ലാളുമാരുമാണ്‌ പ്രത്യക്ഷമായും പരോക്ഷമായും അംഗീകാരയോഗ്യമായ ചേരികളിൽ സ്വന്തം ആധിപത്യം സ്‌ഥാപിക്കാൻ ശ്രമിക്കുന്നത്‌. ദല്ലാളുകളിൽ ചിലർ ചേരിവാസികളുടെ വക്താക്കളായി സ്വയം പ്രതിഷ്‌ഠിക്കുന്നു. ചേരിയിലെ ആദ്യ അന്തേവാസികൾ ദുർബലരെങ്കിലും നവാഗതരുടെ ആഗമനോദ്ദേശങ്ങളെക്കുറിച്ച്‌ സയുക്തികമായ സംവാദങ്ങൾ നടത്തുന്നവരാണ്‌. ‘…അന്നന്നത്തെ ജീവിതത്തിനപ്പുറം ചിന്തിക്കാനാവാത്ത…’ ജനങ്ങളെ നിലനിർത്താനാണ്‌ രാഷട്രീയ നേതൃത്വങ്ങൾ ആഗ്രഹിക്കുന്നത്‌ എന്ന ചേരിയുടെ തിരിച്ചറിവ്‌ രാഷ്‌ട്രീയത്തിലെ സങ്കീർണ്ണമായ സമവാക്യങ്ങൾ ലളിതവൽക്കരിക്കപ്പെടുന്നുവെന്നും അവയിലെ എഴുതാപ്പുറങ്ങൾ സാധാരണക്കാരനാൽ വായിക്കപ്പെടുന്നുവെന്നുമുള്ള ഏറെ പ്രതീക്ഷയ്‌ക്കു വക നൽകുന്ന സൂചനയാണ്‌ നൽകുന്നത്‌.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ ഏറ്റവും ഉച്ചത്തിൽ വിളിച്ചുകൂവുന്നവരാണ്‌ കൂടുതൽ ആത്‌മാർത്ഥതയുള്ളവരും അഭികാമ്യരും എന്നൊരു സങ്കൽപം സമൂഹങ്ങളിൽ, പ്രത്യേകിച്ച്‌ ജനാധിപത്യ രാജ്യസമൂഹങ്ങളിൽ, നിലനിൽക്കുന്നുണ്ട്‌. അത്തരം കൂവലുകളുടെ രഹസ്യ അജണ്ടകളിലേക്ക്‌ കഥാകാരൻ വിദഗ്‌ദമായി വിരൽ ചൂണ്ടുന്നുണ്ട്‌.

‘അപ്പോളോ ബന്തറിലെ കബൂത്തറുകൾ ഒരു ചരിത്ര ദുരന്തത്തിന്റെ ആഘാതത്തിൽ ജീവനൊടുക്കേണ്ടി വരുന്ന ഒരു വൃദ്ധന്റെ കഥ പറയുന്നു. ഒപ്പം രണ്ടു വിരോധാഭാസങ്ങളുടെ ചിത്രങ്ങൾ കൂടി കഥാകാരൻ വരയ്‌ക്കുന്നു.

താജ്‌ മഹൽ ഹോട്ടലും ഗേറ്റ്‌വേ ഓഫ്‌ ഇൻഡ്യയും ചരിത്രപ്രധാനമായ വസ്‌തുശിൽപങ്ങൾ മാത്രമല്ല. അവ ഭാരതത്തിന്റെ, ഭാരതീയന്റെ സംസ്‌കാരത്തിന്റെ പ്രതീകങ്ങൾ കൂടിയാണ്‌. അതിഥിയെ ഭഗവാനായി കാണുന്ന ഭാരതീയ സംസ്‌കാരത്തിന്‌ യോജിച്ച ഉദാരാമായ അതിഥി സൽക്കാരസ്‌ഥലമായിരുന്നു താജ്‌ മഹൽ ഹോട്ടൽ. അതിഥികളുടെ രൂപത്തിൽ വന്ന ഭീകരർ ഉദാരതയെ ദുരുപയോഗം ചെയ്‌ത്‌ ഹോട്ടൽ ആക്രമിച്ചു എന്നത്‌ വിശദികരണങ്ങൾക്കു വഴങ്ങാത്ത വിരോധാഭാസമാണ്‌.

പ്രാവുകളിൽ പരകായപ്രവേശം ചെയ്‌തിരിക്കുന്നത്‌ കൽത്തൊഴിലാളികളാണ്‌. ഇവിടെ പ്രാവുകൾ സമാധനത്തിന്റെയും ദിർഘായുസ്സിന്റെയും പ്രതീകങ്ങൾ മാത്രമല്ല. മൺമറഞ്ഞ സ്വതന്ത്രഭാരത ശിൽപികളുടെ ആത്‌മാക്കൾ കുടിയാണ്‌. താജ്‌ മഹൽ ഹോട്ടലും ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യയും പങ്കുവെയ്‌ക്കുന്നത്‌ അറബിക്കടലിന്റെ വശ്യതയും കടൽക്കാറ്റും മാത്രമല്ല, ഭാരതത്തിന്റെ ചരിത്രവും അതിന്റെ സ്വന്തം സംസ്‌കാരവും കൂടിയാണ്‌. ഏഴ്‌ പ്രാവുകളും ഈ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റേയും ദൃക്‌സാക്ഷികളും പങ്കാളികളുമാണ്‌. പ്രാവുകൾക്ക്‌ ഭക്ഷണം കൊടുക്കുന്ന വൃദ്ധൻ സമാധാനത്തിന്റെ സരക്ഷകനാണ്‌. അഹിംസ ആ മനസ്സിന്‌ താങ്ങാനാവാത്ത ആഘാതമാവുന്നത്‌ അതുകൊണ്ടാണ്‌. ആ മനസ്സിനൊപ്പം ’ഡി-മാറ്റു ചെയ്‌ത മനുഷ്യ ബന്ധങ്ങളും മൂല്യങ്ങളും‘ കൂടി കൂണുന്നുണ്ട്‌ പ്രാവുകൾ. ഭൗതികത നശിപ്പിച്ച്‌ ഒരു വിദൂരകേന്ദ്രത്തിൽ, നിയമപരമായി മാത്രം നിലകൊള്ളുന്ന, സ്വന്തം സൗകര്യത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന ഇലക്‌ട്രോണിക്‌ രേഖകളാണ്‌ തീരുന്ന ബന്ധങ്ങളും മൂല്യങ്ങളും ഒരു വേറെ തലത്തിലേക്കു നമ്മെ എത്തിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്‌ തികച്ചും അന്യമായ ഈ കാഴ്‌ചപ്പാട്‌ സൃഷ്‌ടിക്കുന്ന വിരോധാഭാസം സമൂഹത്തിനുള്ളിൽ തന്നെയാണ്‌. ഈ രണ്ടാമത്തെ വിരോധാഭാസം ഒരു പ്രത്യക്ഷമായ ആക്രമണമല്ല. പരോക്ഷമായി പടിപടിയായി സമൂഹത്തിൽ പടരുന്ന അർബുദമാണ്‌. ഈ ബന്ധങ്ങളുടെ മൂല്യങ്ങളുടെ ജീർണ്ണതയിൽ കടൽ കടന്നു വന്നവർക്കു പങ്കില്ല.

വ്യക്തിജീവിതത്തിന്റെ അർതഥമില്ലായ്‌മയും മൂല്യങ്ങളുടെ നിരന്തരമായുള്ള അപചയങ്ങളും ഏറെ പുതുമയുള്ള ആശയങ്ങളല്ല. അപചയം വന്ന മൂല്യങ്ങളെ പരോക്ഷമായി അംഗീകരിക്കുകയും അവയോട്‌ തെല്ലും ഏറ്റുമുട്ടാതെ അടിയറവു പറയുകയും ചെയ്യുന്ന ഒരു ക്ഷീണിതമായ സംസ്‌കാരത്തിന്റെ പ്രതിനിധികളെയാണ്‌ ദ്വീപനിലൂടെ ജെയിംസിലൂടെയും വൃദ്ധനിലൂടെയും രാം ബാബുവിലൂടെയും ജലകന്യകകളിലൂടെയും ചേരിവാസികളിലൂടെയും എഡ്വോർഡിലൂടെയും കഥാകാരൻ നിരത്തിയിരിക്കുന്നത്‌. ഒരു പക്ഷേ, ജീവിതമൂല്യങ്ങൾ ചലിക്കുന്ന ലക്ഷ്യങ്ങളാ (moving targets) ണെന്നും അവയെപ്പറ്റി ആക്രോശിക്കാൻ മാത്രം ഒന്നുമില്ലെന്ന പ്രായോഗിക ബുദ്ധിയായിരിക്കാം പാത്രങ്ങളുടെ കീഴടങ്ങലിന്റെ പൊരുൾ.

സാമൂഹ്യപ്രശ്‌നങ്ങളുടെ പരിഹാരങ്ങൾ കാണേണ്ടത്‌ കഥാകാരനല്ല. അവന്റെ ജോലി ജീവിതയാഥാർത്ഥ്യങ്ങളുടെ ചിത്രീകരണം മാത്രമാണ്‌ എന്ന നിലപാടാണ്‌ കഥാകൃത്ത്‌ എടുത്തിരിക്കുന്നത്‌. ഇവിടെ പാർശ്വവൽക്കരിക്കപ്പെട്ടവൻ കേന്ദ്രത്തിലെത്താൻ ശ്രമിക്കുന്നില്ല. ധാർമ്മികരോഷം ഏറ്റെടുത്ത്‌ ഹിംസാത്മകരീതിയിലൂടെ നായകകൃത്യം നിർവഹിക്കുന്നുമില്ല. ഏതാണ്ടെല്ലാ കഥാന്ത്യങ്ങളും ബാഹ്യമായ വിസ്‌ഫോടനങ്ങളായിത്തീരാതെ അന്തർമുഖമായ മാനസിക വിസ്‌ഫോടനങ്ങളായാണ്‌ മാറുന്നത്‌. സമൂഹം പരാജിതരെന്ന്‌ മുദ്ര കുത്തുന്നവർക്ക്‌, എഴുതിത്തള്ളപ്പെട്ടവർക്ക്‌ നാവു നൽകുക, അവരെ സംസാരിക്കാനനുവദിക്കുക, എന്ന എഴുത്തുകാരന്റെ എക്കാലത്തേയും ദൗത്യം കൃഷ്‌ണകുമാർ കൃത്യതയോടെ ഏറ്റെടുത്തിരിക്കുന്നു.

(പ്രസാധകർ – പൂർണ്ണ പബ്ലിക്കേഷൻസ്‌)

Generated from archived content: book1_may15_10.html Author: m_pushpagathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English