വിറപ്പിക്കുന്ന കഥകൾ

പുതിയ തലമുറയിലെ സർഗവൈഭവമുള്ള എഴുത്തുകാരിയുടെ മുൻനിരയിൽ ചാഞ്ചാട്ടമേതുമില്ലാതെ നിൽക്കുന്ന ഒരു കഥാകാരിയാണ്‌ ഇന്ദു മേനോൻ. ഞോടിയിടനേരം കൊണ്ടാണ്‌ ഈ കഥാകാരി ഈ സ്‌ഥാനത്തെത്തിയത്‌. എത്തിയ അതേ ആയാസത്തോടെ അവിടെ നിലയുറപ്പിക്കുവാനും ഈ യുവ എഴുത്തുകാരിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അതത്ര എളുപ്പമല്ല. എഴുതി മുകളിലെത്തുക എന്നതുപോലെതന്നെ ശ്രമകരമാണ്‌ കൊഴിഞ്ഞുപോകാതിരിക്കുക എന്നതും.

ഇപ്പോൾ ഇന്ദുമേനോന്റെ മൂന്നു പുസ്‌തകങ്ങൾ സ്‌ഥരിമായി എന്റെ മേശപ്പുറത്തുണ്ട്‌. ‘ഒരു ലെസ്‌ബിയൻ പശു (2003), സംഘ്‌ പരിവാർ (2005), ’ഹിന്ദുഛായയുള്ള മുസ്‌ലിം പുരുഷൻ‘ (2007) എന്നീ കഥാസമാഹാരങ്ങളാണ്‌ അവ. ആധുനികതയ്‌ക്കുശേഷം നമ്മുടെ കഥാസാഹിത്യത്തിലുണ്ടായ ഭാവപരവും രൂപപരവുമായ പരിണതികളും കഥ കടന്നുപോകുന്ന പുതിയ സഞ്ചാരപഥങ്ങളും സോഡിയം വേപ്പർ വെളിച്ചം വീഴ്‌ത്തി തെളിയിക്കുന്നു ഈ സമാഹാരങ്ങളിലെ കഥകൾ.

ആധുനികതയ്‌ക്കു ശേഷം കലാപം ഒടുങ്ങി എന്നു വാദിച്ചവർക്ക്‌ തെറ്റുപറ്റി. ശുദ്ധകലാപത്തിന്റെ കഥകളാണ്‌ ഇന്ദുവിന്റേത്‌. നമ്മുടെ ആധുനിക സാഹിത്യത്തിൽ കലഹിച്ചതും കലാപക്കൊടിയുയർത്തിയതും ആണെഴുത്തുകാരായിരുന്നെങ്കിൽ ആധുനികാന്തര മലയാളകഥയിൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌ പെണ്ണെഴുത്തുകാരികളാണ്‌. അവരുടെ മുമ്പന്തിയിലുമുണ്ട്‌ ഇന്ദു മേനോൻ.

എഴുത്തിന്‌ ഒരു നിയമാവലി ആവശ്യമുണ്ടോ? എഴുത്തിന്റെ ലോകത്തെ ഭരിക്കുന്നത്‌ അതിന്റെ സ്വന്തം നിയമങ്ങളാണ്‌. മതശാസനകളും പ്രത്യയശാസ്‌ത്രനിബന്ധനകളും മാത്രമല്ല രാജ്യത്തിന്റെ ഭരണഘടനപോലും എഴുത്തിനു ബാധകമല്ല. എഴുത്ത്‌ എല്ലാ കോടതികൾക്കും അപ്പുറത്ത്‌ നിൽക്കുന്ന ഒന്നാണ്‌. അങ്ങിനെ ആയിരിക്കുകയും വേണം. എഴുത്ത്‌ അത്യന്തികമായി കലാപമാണ്‌. നിയമം ലംഘിച്ചും കലഹിച്ചുമാണ്‌ തകഴിയും ഒ.വി. വിജയനും പുനത്തിൽ കുഞ്ഞബ്‌ദുള്ളയും മറ്റും സാഹിത്യകാരന്മരായി വളർന്നതും അറിയപ്പെട്ടതും.

ഇതിനകം പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഇന്ദു മേനോന്റെ മൂന്നു സമാഹാരങ്ങളിലെ മുഴുവൻ കഥകളും രണ്ടാമതൊരിക്കൽക്കൂടി വായിച്ചു തീർത്ത ഈ നിമിഷം നെഞ്ചിൽ കൈവെച്ചുകൊണ്ട്‌ എനിക്ക്‌ പറയുവാൻ കഴിയും, ഈ കഥാകാരിയും അവർ തുറന്നിട്ട വഴിയിലൂടെ തന്നെയാണ്‌ എഴുതി പോകുന്നത്‌ എന്ന്‌. അതായത്‌, വ്യവസ്‌ഥാപിത നിയമങ്ങൾ കാറ്റിൽ പറത്തിയും കലഹിച്ചും കൊണ്ടുള്ള ഒരു എഴുത്തു പടപ്പുറപ്പാടിലാണ്‌ ഈ പെൺകുട്ടി ഏർപ്പെട്ടിരിക്കുന്നത്‌.

എഴുത്ത്‌ ഒരു യുദ്ധം തന്നെയാണ്‌. ചിലപ്പോൾ മറ്റുള്ളവരോട്‌. ചിലപ്പോൾ അവനവനോടും അവളവളോടും.

ആദ്യം കഥയുടെ ഭാഷയിലൂടെയാണ്‌ ഇന്ദു നമ്മെ ആകർഷിച്ചത്‌. എഴുത്തുകാരുടെ ഭാഷ പല തരത്തിൽ പെട്ടതാണ്‌. ആനന്ദിന്റെ ഭാഷ മരുഭൂമി പോലെ വരണ്ട്‌ പൊള്ളിക്കുന്നതാണ്‌. വിജയന്റേത്‌ തീർത്ഥജലംപോലെ ഇറ്റിവീഴുന്നതാണ്‌. നാട്ടുവഴികളിലൂടെ മണ്ണും പൊടിയും പരത്തി പോകുന്ന കാളവണ്ടിയുടെ കിലുക്കവും പരുക്കൻ സംഗീതവുമുണ്ട്‌ സക്കറിയയുടെ ഭാഷയ്‌ക്ക്‌. മുകുന്ദന്റേത്‌ നിറങ്ങളും സംഗീതവും കലർന്ന സ്‌ത്രൈണമായ ഭാഷയാണ്‌. പൊട്ടിത്തെറിച്ച്‌ നിറങ്ങളും തീയും പുകയും വാരിവിതറുന്നതാണ്‌ ഇന്ദുവിന്റെ ഭാഷ. ആ ഭാഷയുടെ നല്ലൊരു ഉദാഹരണം ആൺവണ്ടികൾ എന്ന കഥയിൽ കാണാം. “തീവണ്ടിയുടെ പുകക്കിതപ്പുകൾ ഉയർന്നു. വേഗത്തിന്റെ അർവ്വാചീന മന്ത്രങ്ങളിൽ ഇരുമ്പുരസി സീൽക്കാരം പുറപ്പെട്ടു. വിഷപ്പല്ലു നിറഞ്ഞ മുഖയന്ത്രത്താൽ ചുംബിക്കാൻ വെമ്പി വരുന്ന പെരും സർപ്പത്തെപോലെ തീവണ്ടി, വളവിൽ പുളയുന്നത്‌ ഊർമ്മിള അടുത്തു നിന്നു കണ്ടു.”

“പനിയും പനിച്ചൂടുംപോലെ വേർപെടുത്താനാവാത്ത സ്‌നേഹമായിരുന്നു അവരുടേത്‌…. പെട്ടെന്ന്‌ മെഹ്‌മൂദ്‌ഖാന്റെ മുഖം ചുവന്ന കൽക്കട്ടപോലെ പഴുക്കുന്നത്‌ മെഹ്‌റുന്നീസ കണ്ടു…. അവളുടെ കണ്ണുകൾ ഡിജിറ്റൽ വാച്ചെന്നവണ്ണം പ്രകാശിച്ചു…..”

ആൺവണ്ടികൾ! കഥകളുടെ ശീർഷകങ്ങൾക്കു മാത്രം ഒരു വയലാർ അവാർഡുണ്ടെങ്കിൽ അത്‌ ആദ്യം ഇന്ദുവിനു കിട്ടും. നല്ല കഥ എഴുതുന്നതിനു മാത്രമല്ല, അതിനോട്‌ ജാതകപ്പൊരുത്തമുള്ള ഒരു ശീർഷകം കണ്ടെത്തുന്നതിനും പ്രതിഭവേണം. ഒരു ലെസ്‌ബിയൻ പശു, ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷൻ, ഡോബിച്ചി….. ഇതുപോലുള്ള പേരുകൾ കണ്ടെത്തുന്നത്‌ എളുപ്പമല്ലല്ലോ.

ശീർഷകങ്ങൾപോലെ സില്ലിയായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ്‌ ഗൗരവമുള്ള വിഷയങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറുകയാണെന്ന്‌ ധരിക്കരുത്‌. ഇനി നമുക്ക്‌ ഗൗരവമുള്ള സംഗതികളിലേക്കുതന്നെ കടക്കാം. (കഥകളുടെ പേരുകൾ സില്ലിയായിട്ടുള്ള കാര്യമാണെന്ന്‌ ഞാൻ കരുതുന്നില്ല).

എണ്ണമറ്റ ആളുകൾ എണ്ണമറ്റ കഥകൾ എഴുതുന്ന കാലമാണിത്‌. കഥയാണ്‌ നമ്മുടെ ഭാഷയിലെ ഏറ്റവും സമ്പന്നമായ സാഹിത്യരൂപം. കഥാരചന എളുപ്പത്തിൽ വശപ്പെടുത്താവുന്ന ഒന്നല്ല. പണ്ട്‌ വില്യം ഫോക്‌നർ പറഞ്ഞത്‌ ഓർമയില്ലേ? എഴുത്തുകാർ പലപ്പോഴും ആദ്യം കൈവെക്കുന്നത്‌ എഴുതുവാൻ ഏറ്റവും ശ്രമകരമായ കവിതയിലാണ്‌. അതിൽ പരാജപ്പെടുമ്പോൾ കഥയിലേക്ക്‌ കടക്കുന്നു. അതിലും പരാജപ്പെടുമ്പോൾ നോവലെഴുതുന്നു. ഇതാണ്‌ ഫോക്‌നർ പറഞ്ഞതിന്റെ സാരം. അതായത്‌ കവിതയും കഥയും എഴുതി തോറ്റവരുടെ ഇടമാണ്‌ നോവൽ. മൂപ്പർ പറഞ്ഞത്‌ ശരി തന്നെ. സുന്ദരികളും സുന്ദരന്മാരും ഖസാക്കിന്റെ ഇതിഹാസവും സ്‌മാരശിലകളും ഒക്കെ എഴുതി തോറ്റവരുടെ കൃതികളാണ്‌, അല്ലേ?

ഇതും സില്ലി കാര്യമാണെന്ന്‌ കരുതരുത്‌. ഇന്ദുമേനോന്റെ കഥകളെ കുറിച്ച്‌ പറയുമ്പോൾ നോവലിനെ കുറിച്ചും പറയാതിരിക്കാൻ കഴിയില്ല. കാരണം ഇന്ദു ഒരു വലിയ നോവലിന്റെ രഹസ്യ രചനയിലാണ്‌. നോവലെഴുത്തും വിദ്ധ്വംസനപ്രവർത്തനമാണ്‌. അത്‌ ഏകാന്തതയിലും മറവിലും മാത്രം സാക്ഷാത്‌കരിക്കാവുന്ന ഒന്നാണ്‌.

ആദ്യം ഞാൻ വായിച്ചത്‌ ’ഭ്രൂണം‘ എന്ന കഥയാണ്‌. ആഖ്യാനകലയുടെ മികച്ച മാതൃകയാണത്‌. അതിലെ മാപ്പിളഭാഷയുടെ പശുവിൻനെയ്യ്‌ മണം നമ്മെ കൊതിപ്പിക്കുന്നു. ഭ്രൂണം വായിക്കുവാനല്ല, വായിലിട്ട്‌ നുണയുവാനാണ്‌ തോന്നിയത്‌. ഹിന്ദുച്‌ഛായയുള്ള മുസ്ലീം പുരുഷനെപ്പോലെ ഇക്കഥ നമ്മെ നീറ്റുന്നില്ല, പക്ഷേ നമ്മെ അത്‌ സങ്കടപ്പെടുത്തുന്നു.

കഥയുടെ ഇടത്തിൽ ഈ എഴുത്തുകാരിയെ ആദ്യമായി അടയാളപ്പെടുത്തിയത്‌ ഒരു ലെസ്‌ബിയൻ പശുവെന്ന രചനയാണ്‌. രതിഭാവം വളരെയധികം മുറ്റി നിൽക്കുന്ന ഒരു ജീവിയാണ്‌ പശു. ദീർഘകാലം ദൽഹിയിൽ ഞാൻ താമസിച്ച ലാജ്‌പത്‌ നഗറിലെ എന്റെ പാർപ്പിടത്തിനു പിറകിൽ ഒരു സെർവീസ്‌ ലെയിനുണ്ട്‌. വീടുകളുടെ പിൻവാതിലുകൾ തുറക്കുന്നത്‌ അവിടേക്കാണ്‌. രാവിലെ കഴുത്തിലെ മണി കിലുക്കിക്കൊണ്ട്‌ കൊഴുത്തു തടിച്ച പശുക്കൾ അവിടെ വന്നു നിൽക്കുമ്പോൾ വീട്ടുകാർ ഭക്തി പൂർവ്വം ആ മൃഗങ്ങളെ പഴവും പശുവിൻനെയ്യ്‌ പുരട്ടിയ ചപ്പാത്തിയും തീറ്റിക്കും. പട്ടിണി കിടന്ന്‌ വയറൊട്ടി വാരിയെല്ലുകൾ തെളിഞ്ഞ ഒരു ദളിത്‌ യാചകൻ പിൻവാതിൽക്കൽ വന്നു നിന്നു നിലവിളിച്ചാൽ അവന്‌ കിട്ടുന്നത്‌ ആട്ടും തെറിയുമാണ്‌. വായിൽ ഈ കൈപ്പുരസവുമായാണ്‌ ഞാൻ ഒരു ലെസ്‌ബിയൻ പശുവായിച്ചത്‌.

മെഹറുന്നീസ കുളിക്കുമ്പോൾ കുളിമുറിയുടെ മുകളിലെ വെന്റിലേറ്ററിലൂടെ രണ്ടു കണ്ണുകൾ രഹസ്യമായി അവളെ നോക്കിനിൽക്കുന്നു. പെൺകുട്ടികളെ മൊബൈൽഫോണിൽ പകർത്തുന്നതും ഫോട്ടോകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നതുമായ കഥകൾ ഇപ്പോൾ സാധാരണയാണ്‌. ഇവിടെ ഒരു ലെസ്‌ബിയൻ പശുവിന്റെ കണ്ണുകളാണ്‌ ഒരു മൊബൈൽ ഫോൺ കേമറയായി മെഹ്‌റുന്നീസയുടെ നഗ്നശരിരം ഊറ്റിക്കുടിക്കുന്നത്‌. ഇടതൂർന്ന അർത്ഥതലങ്ങളുള്ള ഒരു ഗംഭീരം കഥയാണിത്‌. കഥയുടെ പരിണാമ ദശയിൽ അടയാളപ്പെടുത്തേണ്ട കഥ. ഒരു പുതിയ ഭാവുകത്വനിർമ്മിതി സാദ്ധ്യമാക്കുന്ന കഥ.

ഇന്ദുവിന്റെ കഥാപാത്രങ്ങൾക്കും കഥാപരിസരങ്ങൾക്കും ഒരു മതേതര വിതാനമുണ്ട്‌. ലെസ്‌ബിയൻ പശുവിലെ മേപ്പഡിൽ കയറിപ്പോകുന്ന മെഹ്‌മൂദ്‌ഖാന്റെ മകൾ വിവാഹിതയായ മെഹ്‌റുന്നീസ ഒളിച്ചോടിപ്പോകുന്നത്‌ ശ്രീഹരി വെങ്കിടേഷിന്റെ കൂടെയാണ്‌. ലെസ്‌ബിയൻ പശുവിന്റെ ആഞ്ഞടിക്കുന്ന ആസക്തിത്തിരകളിൽനിന്നു രക്ഷപ്പെടുവാൻ അവൾക്ക്‌ ആന്തരികപ്രേരണയായി നിൽക്കുന്നത്‌ ശ്രീഹരിയാണ്‌. ലെസ്‌ബിയൻ പശുവിൽ കോറിയിട്ട മതേതര ആശയം പിന്നീട്‌ മതഫാസിസത്തിനു വഴിമാറിക്കൊടുക്കുന്നു. മതഫാസിസത്തിന്റെ പ്രത്യക്ഷസൂചനകളിലൂടെയാണ്‌ സംഘ്‌ പരിവാർ എന്ന കഥ വികസിക്കുന്നത്‌. ഹൈന്ദവരുടെ ഇടയിൽ കുടുങ്ങുന്ന ഒരു മുസ്ലീം അനുഭവിക്കുന്ന ഉദ്വിഗ്നതകൾ വായനക്കാരുടെ മനസ്സിൽ കീറലുകളുണ്ടാക്കുംവിധം ഈ കഥയിൽ പടർന്നുകിടപ്പുണ്ട്‌.

ഇന്ദുവിന്റെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്‌ സംഘ്‌ പരിവാറാണെന്ന്‌ ഞാൻ കരുതുന്നു. ഹൈന്ദവ തീവ്രവാദത്തിലേക്കു വെളിച്ചം പായിക്കുന്ന ഒരു കഥ മാത്രമായി ഇതിനെ അടിച്ചു പരത്തരുത്‌. ആഖ്യാനതന്ത്രം കൊണ്ടും ഭാഷയുടെ മിഴിവുകൊണ്ടും മികച്ചു നിൽക്കുന്ന ഒരു രചനയാണിത്‌. നിബിഢമാണ്‌ ഇതിലെ വാങ്ങ്‌മയചിത്രങ്ങൾ. കഥാപാത്രം നസീറുദ്ദീൻ എന്ന ഒസ്‌സാനാണ്‌. അതുകൊണ്ട്‌ മുടിയുടെ ഭാഷയെ കുറിച്ച്‌ കഥാകാരി ഇങ്ങനെ പറയുന്നു. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഖദീജുസുവിനും ഫൈസുവിനും അയാൾ “രോമത്തിന്റെ ഭാസ” പറഞ്ഞുകൊടുക്കുന്നു. എത്രയോ നീളമുണ്ടായിട്ടും ചുരുണ്ടു സ്‌പ്രിങ്ങുപോലെ കിടക്കുന്ന മുടിയാണ്‌ ചിലർക്ക്‌. ചിലർക്ക്‌ നൂലുപോലെ നീണ്ടത്‌. ചിലത്‌ ഉൾക്കനം കുറഞ്ഞത്‌, ചെമ്പിച്ചത്‌, ഭാരമുള്ളത്‌, പൊട്ടിത്തുടങ്ങിയത്‌, നരച്ചത്‌, ഡൈ തേച്ച്‌ കറുപ്പിച്ചത്‌, മിനുപ്പിച്ചത്‌, ഡൈ പുരട്ടാതെ മഞ്ഞിച്ചത്‌, ചിലത്‌ പുള്ളപൈ പോലത്തെ കുത്തുമുടി…. മുടിക്കു ഭാഷ മാത്രമല്ല ഉള്ളത്‌. പിന്നെയോ? അമ്പട്ടൻ നസീറുദ്ദീൻ പറയുന്നത്‌ കേൾക്കൂ. ഉള്ളിലൊരു കണക്കും പിടിപ്പുണ്ട്‌. പെഴച്ചാൽ പോയിലേ സേട്ടു സായിവേ. “മുടിക്കു ഭാഷ മാത്രമല്ല, ഗണിതവുമുണ്ട്‌ എന്നു പറയുന്നു കഥാകാരി. അതിരിക്കട്ടെ ”ആദ്യകാലത്ത്‌ നസീറുദ്ദീന്റെ പീടികയിൽ കത്രികയ്‌ക്ക്‌ ആൾവ്യത്യാസമുണ്ടായിരുന്നില്ല. അത്‌ ഹിന്ദുവിനെയോ നസ്രാണിയെയോ മുസൽമാനെയോ വേർതിരിച്ചു കണ്ടിരുന്നില്ല. ക്രമേണ കടയിലേക്ക്‌ അന്യജാതിക്കാരുടെ വരവ്‌ നിലച്ചു. ഇത്രയും വായിക്കുമ്പോൾ വാങ്ങ്‌മയചിത്രങ്ങളുടെ കാവ്യാനുഭൂതിയിൽ നിന്നും നമ്മൾ ഞെട്ടിയുണരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ഖദീസുവിനെ കാണാനായി തീവണ്ടിയിൽ യാത്രപുറപ്പെട്ട നസീറുദ്ദീന്റെ കമ്പാർട്ടുമെന്റിൽ നെറ്റിയിൽ തിളങ്ങുന്ന ചേരവർണ്ണത്തിലുള്ള രക്തക്കുറികളുമായി അട്ടഹാസത്തോടെ സ്‌ത്രീകളും പുരുഷന്മാരും കയറി വന്നപ്പോൾ നസീറുദ്ദീനോടൊപ്പം നമ്മളും വിറയ്‌ക്കുന്നു. ഭീഷ്‌മസാഹ്‌നിയുടെ നോവൽ തമസ്‌ വയിക്കുമ്പോഴും ഞാനിങ്ങനെ വിറച്ചു പോയിരുന്നു.

എന്നാൽ മത ഫാസിസത്തോടുള്ള കഥാകാരിയുടെ കാഴ്‌ചപ്പാടിൽ കാഴ്‌ചയുടെ ഫാസിസമില്ല. ഖദീസുവിന്‌ കുനിമാച്ച വാങ്ങിച്ച പച്ചമുന്തിരി കൊടുത്ത്‌ മരിക്കും മുമ്പ്‌ അവളെ ഒരിക്കൽകൂടി കാണാൻ വേണ്ടി തീവണ്ടിയാത്ര പുറപ്പെട്ട നസീറുദ്ദീൻ രക്തക്കുറിതൊട്ട ഹിന്ദുക്കളെ ഭയന്ന്‌ വണ്ടിയിൽ നിന്ന്‌ പുറത്തേക്ക്‌ എടുത്തുചാടിയത്‌ വെറുതെ. പേടിത്തൂറി! ശിവരാത്രി മഹോത്സവം കഴിഞ്ഞ്‌ മണപ്പുറത്തുനിന്നു മടങ്ങുന്ന നിരുപദ്രവികളായിരുന്നു ആ ഹൈന്ദവ തീവ്രവാദികൾ!

ഇനിയുമുണ്ടൊരു കഥ. ’ഹിന്ദു ഛായയുള്ള മുസ്‌ലിം പുരുഷൻ‘ ഇതു മുസ്‌ലിം പീഡനത്തിന്റെ നെഞ്ചു പൊട്ടിക്കുന്ന ഒരു കഥ പറഞ്ഞുതരുന്നു. ഇതിലുള്ളതുപോലെ രതിയുടെ വാങ്ങ്‌മയബിംബങ്ങൾ നിങ്ങൾക്ക്‌ മറ്റൊരു മലയാള കഥാകൃത്തിന്റെയും രചനയിൽ കാണാൻ കഴിയില്ല. മുസ്ലീം ഭാഷയും മുസ്ലീം കഥാപാത്രങ്ങളും ഉമ്മാച്ചുവിന്റെ കർത്താവിനെ ഓർമ്മിപ്പിക്കും വിധമാണ്‌ ഇന്ദുമേനോൻ തന്റെ കഥകളിൽ ആവിഷ്‌കരിക്കുന്നത്‌. അഹല്യയുടെയും മുസ്‌തഫയുടെയും പ്രണയ ചിത്രീകരണങ്ങൾ സാന്ദ്രമായ കാവ്യാനുഭവമാണ്‌. പക്ഷേ“ങ്ങള്‌ ഹിന്ദ്വാന്നാ ഞാം വിജാര്‌ച്ചെ. ങ്ങളെ മോത്തിന്‌ ഭയങ്ക ഹിന്ദുഛായ്യാ….. ”അഹല്യ മുസ്‌തഫയോട്‌ അങ്ങനെ പറയുമ്പോൾ ഒരിക്കൽകൂടി നമ്മൾ വിറയ്‌ക്കുന്നു. എന്നാൽ ഹിന്ദുവാണെന്ന്‌ കരുതി അഹല്യ പ്രണയിച്ച യുവാവ്‌ മുസ്ലീമാണെന്ന തിരിച്ചറിയുമ്പോൾ അവൾ അയാളെ ഉന്തിമാറ്റി വീട്ടിലേക്കു പോകുന്നില്ല. മറിച്ച്‌ പൊങ്ങിയുയർന്ന അവളുടെ മുടിയുടെ കറ്റവാഴഗന്ധത്തിൽ അവൾ അയാളെ കെട്ടിപ്പിടിക്കുകയാണ്‌ ചെയ്യുന്നത്‌. അതാണ്‌ കഥയിലെ ഇന്ദു മേനോൻ സ്‌പർശം. യഥാർത്ഥ മതതീവ്രവാദികളെ ഇത്‌ നിരാശപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ആമുഖക്കാരന്‌ കഥാകാരിയുടെ എല്ലാ കഥകളെയും കുറിച്ച്‌ ഇവിടെ പറയുവാൻ കഴിയുകയില്ലല്ലോ; പറയുവാൻ ആഗ്രഹമുണ്ടെങ്കിലും പ്രത്യേകിച്ച്‌ 1975-ൽ പോസ്‌റ്റു ചെയ്‌ത ഒരു കഥപോലുള്ള കഥകളെക്കുറിച്ച്‌. വായനതുടങ്ങുമ്പോൾതന്നെ മനസിൽ സ്‌ഥാനംപിടിച്ച ചില കഥകളെ മാത്രമേ ഇവിടെ തൊട്ടുതലോടുന്നുള്ളൂ.

കണ്ണാടിക്കുമേൽ തിളച്ചിളകിമറിഞ്ഞ ചൂടുജലത്തിന്റെ പതപ്പും പെരുപ്പും പോലെ കടൽ ശബ്‌ദത്തിലിരമ്പുന്നു……. സുന്നത്ത്‌ രാത്രിയിൽ ഒരു കത്രിക ഉടലിൽ വേദനയുടെ രതിസംഗീതം കേൾപ്പിക്കുന്നു. ചുവന്ന താമരകൾ പൊട്ടി വിടർന്ന അവളുടെ വൃത്തച്ചുഴിയാർന്ന ഇളം നാഭിയിൽ ഉറപൊട്ടിയ വേർപ്പ്‌ ചുണ്ടിൽ പുതുമണത്തോടെ പുരളുന്നു…….

ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷാ. പൊള്ളിക്കുന്ന വിഷയങ്ങൾ. നട്ടെല്ലു പിളർത്തുന്ന കഥാസന്ദർഭങ്ങൾ. പ്രണയത്തിന്റെ നനുനനുപ്പ്‌………..

റബ്ബുല്ലാലമീനായ തമ്പുരാനെ, ഇങ്ങനെയുമുണ്ടോ ഒരു കഥാകാരി.. ഈ കഥകളെഴുതിയ പേന ആരും കട്ടുകൊണ്ടു പോകാതിരിക്കട്ടെ.

കഥകൾ

ഇന്ദുമേനോൻ

പ്രസാധകർ ഃ ഡി.സി. ബുക്‌സ്‌

വിലഃ 140രൂപ

Generated from archived content: vayanayute31.html Author: m_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here