നമ്മുടെ നോവൽ എത്തിനില്‌ക്കുന്നയിടം

[എൻ.എസ്‌.മാധവന്റെ ആദ്യനോവലായ ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ’ പ്രകാശനം ചെയ്തുകൊണ്ട്‌ എം. മുകുന്ദൻ നടത്തിയ വർത്തമാനത്തിൽ നിന്നും]

എനിക്ക്‌ ഏറെ സന്തോഷമുളള ഒരു മുഹൂർത്തമാണിത്‌. എന്റെ അടുത്ത സുഹൃത്തായ മാധവന്റെ ആദ്യനോവൽ പ്രകാശനം ചെയ്യാൻ കിട്ടിയ ഈ അവസരം എന്നെ ആനന്ദഭരിതനാക്കുന്നു.

ചെറുകഥാകൃത്തിനുളളിലെ നോവലിസ്‌റ്റ്‌ഃ-

മാധവനിൽ ഒരു നോവലിസ്‌റ്റുണ്ട്‌ എന്ന്‌ എനിക്ക്‌ പണ്ടേ തോന്നിയിരുന്നു. വാസ്തവത്തിൽ ഓരോ ചെറുകഥാകൃത്തിലും ഓരോ നോവലിസ്‌റ്റുണ്ട്‌. ചിലപ്പോൾ ഈ നോവലിസ്‌റ്റ്‌ പുലർക്കാലം തന്നെ ജനിക്കുന്നു. ഉദാഃ കൊച്ചുബാവ. ചിലപ്പോൾ ഈ നോവലിസ്‌റ്റ്‌ സന്ധ്യയായാലും ജനിക്കില്ല. ഉദാഃ ടി.പത്മനാഭൻ. എന്നാൽ മാധവനിൽ ഈ നോവലിസ്‌റ്റ്‌ തക്ക സമയത്തുതന്നെയാണ്‌ ജനിച്ചിരിക്കുന്നത്‌. ഏറെ നേരത്തെയുമല്ല ഏറെ വൈകിയുമല്ല.

എഴുത്തിലെ ജാലവിദ്യഃ-

മലയാളത്തിൽ നല്ല നോവലുകൾ ഉണ്ടാകുന്നില്ല എന്ന പരാതിയുണ്ട്‌. ഒരു നോവലിസ്‌റ്റായ ഞാൻ പോലും അങ്ങിനെ കരുതുന്നു. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകളുടെ’ സാന്നിധ്യത്തോടെ ഇത്തരം പരാതി ഉണ്ടാകില്ലെന്ന്‌ വിശ്വസിക്കുന്നു.

മാധവൻ ഈ നോവലിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്‌ ‘ഭൂമിയുടെ കടി’ എന്നത്‌. ഗുരുത്വാകർഷണത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഭൂമി ഒന്നിനേയും പുറത്തേയ്‌ക്കു പോകാൻ സമ്മതിക്കില്ല. അതുപോലെ ഈ നോവൽ ഒരു കടിയായിട്ടാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. നോവലിൽനിന്നും പുറത്തേയ്‌ക്ക്‌ പോകുവാൻ പറ്റാത്ത അവസ്ഥ. ആദ്യമൊക്കെ വായനയിൽ ക്ലേശങ്ങൾ അനുഭവപ്പെട്ടെങ്കിലും മുന്നോട്ട്‌ പോകുംതോറും നോവലൊരു ജാലവിദ്യയായിട്ടാണ്‌ അനുഭവപ്പെട്ടത്‌.

നോവൽ-കാലഘട്ടത്തിന്റെ മാധ്യമംഃ-

നോവൽ ഈ കാലഘട്ടത്തിന്റെ മാധ്യമമാണ്‌. ഇന്ന്‌ ആത്മാവിഷ്‌ക്കാരം ശക്തമായി നടക്കുന്നത്‌ നോവലിലാണ്‌. ഇത്തരം ആത്മാവിഷ്‌ക്കാരം ഒരു കാലത്ത്‌ സിനിമയിലായിരുന്നു. ചിത്രകലയിലും കവിതയിലും പലപ്പോഴും ഇത്‌ കാണപ്പെട്ടിരുന്നു. ഇങ്ങനെ ഓരോ കാലഘട്ടത്തിലും ഓരോ മാധ്യമവും ശോഭിച്ച്‌ മറ്റു മാധ്യമങ്ങളെ പിന്നിലാക്കിയിരുന്നു. നമ്മൾ ജീവിക്കുന്ന ഇക്കാലത്ത്‌ ഏറ്റവും ശക്തമായ മാധ്യമം നോവൽ തന്നെയാണ്‌. നോവലിൽ പല അത്ഭുതങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്‌. പലതരത്തിലുളള ആശയങ്ങൾ, രൂപങ്ങൾ എന്നിവ നോവലിൽ പ്രയോഗിക്കപ്പെടുന്നു.

അടുത്ത കാലത്ത്‌ യൂറോപ്പിൽനിന്നും പത്ത്‌ പ്രസാധകർ ഇന്ത്യൻ ഭാഷയിലെ മികച്ച നോവലുകളെ തേടിയെത്തിയിരുന്നു. കേരളത്തിൽനിന്ന്‌ മികച്ച ഒറ്റ നോവൽപോലും അവർക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല. അതായത്‌ അവരുടെ മാനദണ്ഡങ്ങളിൽപ്പെട്ട ഒറ്റ നോവൽപോലും മലയാളത്തിലില്ല എന്നതാണ്‌ സത്യം. (മാനദണ്ഡങ്ങളുടെ പേരിൽ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം.)

പക്ഷെ മാധവന്റെ ഈ നോവൽ അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിൽ അവർക്ക്‌ നിരാശപ്പെടേണ്ടി വരില്ലായിരുന്നു. ലാറ്റിനമേരിക്കൻ, ഫ്രഞ്ച്‌ തുടങ്ങിയ മറ്റു ഭാഷാനോവലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നോവലിന്റെ ഏറ്റവും പുതിയ രൂപം ആണിത്‌.

ഓർമ്മ ഒരു കലഃ-

എഴുതാനുളള കഴിവു മാത്രമല്ല ഓർമ്മിക്കാനുളള കലാപരമായ കഴിവും ഈ നോവൽ കാണിച്ചു തരുന്നുണ്ട്‌. ഈ നോവലിൽ ഓർമ്മ ഒരു കലയാവുകയാണ്‌. ഭാഷയും ആശയങ്ങളും കഥാപാത്രങ്ങളാവുന്നതുപോലെ ഇവിടെ ഓർമ്മയെ നോവലിൽ മാധവൻ പ്രതിഷ്‌ഠിക്കുകയാണ്‌. മലയാളഭാഷയിൽ ഓർമ്മയെ കലയാക്കി മാറ്റിയ നോവലുകൾ വിരളമാണ്‌. ഈ രീതിയിൽ പൂർണ്ണമായും വിജയിച്ചിരിക്കുന്നത്‌ മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകളിലാണ്‌. ഓർമ്മയുടെ ഒരു നോവലായിട്ടാണ്‌ ഞാനിതിനെ കാണുന്നത്‌.

പ്രത്യയശാസ്‌ത്രത്തിന്റെ അഭാവംഃ-

ഈ നോവലിന്റെ മറ്റൊരു പ്രത്യേകത ഇതിൽ പ്രത്യയശാസ്‌ത്രമില്ല എന്നതാണ്‌. അതായത്‌ ഓർമ്മയെ രാഷ്‌ട്രീയവത്‌ക്കരിക്കുന്നില്ല എന്നർത്ഥം. എന്തിനേയും രാഷ്‌ട്രീയവത്‌ക്കരിക്കുന്ന കേരളസമൂഹത്തിൽ ഓർമ്മയെ രാഷ്‌ട്രീയവത്‌ക്കരിക്കുന്നില്ല എന്നത്‌ ഏറെ പ്രസക്തമാണ്‌. ഇതിൽ കമ്യൂണിസത്തിലെ പിളർപ്പിനെ പറ്റിയും കേരളത്തിലെ സാമൂഹ്യജീവിതത്തെ പറ്റിയും ഒരുപാട്‌ പറയുന്നുണ്ടെങ്കിലും ഇതൊക്കെയും പ്രത്യയശാസ്‌ത്രത്തിനു പുറത്തായാണ്‌ കാണപ്പെടുന്നത്‌. പ്രത്യയശാസ്‌ത്രവത്‌ക്കരിക്കാതെയാണ്‌ ചരിത്രവും ഓർമ്മയും ഈ നോവലിൽ വളരുന്നത്‌.

ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തെ ഭാഷയുടെ ജാലവിദ്യയിൽനിന്നും അവസാനമെത്തുമ്പോൾ ഈ നോവൽ നമ്മെ ഒരു പ്രത്യേക അവസ്ഥയിലെത്തിക്കുന്നു. ഈ നോവൽ അവസാനിക്കുമ്പോൾ എന്നിൽ ഒരു തളർച്ചയുണ്ടായി. അപൂർവ്വം ചില നോവലുകൾ വായിച്ചപ്പോൾ മാത്രമേ ഈ അനുഭൂതി എനിക്ക്‌ ഉണ്ടായിട്ടുളളൂ. ഒരു നോവൽ വായിച്ചവസാനിക്കുമ്പോൾ നമ്മിൽ ഒരു തളർച്ച അനുഭവപ്പെട്ടാൽ ആ നോവൽ നമ്മെ പൂർണ്ണമായി ഭരിക്കുകയും, നിരായുധീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തതായി കണക്കാക്കാം.

നോവൽ ഒരു ഉത്‌പന്നംഃ-

വായനക്കാർ ഒരു പുസ്തകത്തെ മാർക്കറ്റിന്റെ ഉത്‌പന്നമായി കാണുന്നില്ല എന്ന പരാതി എനിക്കുണ്ട്‌. സാധാരണ വായനക്കാർ കാണുന്നത്‌ പുസ്തകം വായിക്കുവാനുളളതാണ്‌ എന്നു മാത്രമാണ്‌. ഇതിനുപിന്നിൽ ഒരു മാർക്കറ്റ്‌ ഉണ്ടെന്നുളളത്‌ ആരും അംഗീകരിക്കുന്നില്ല. വിപണി എന്നത്‌ എല്ലാത്തിന്റെയും പിറകിലുണ്ട്‌. വിപണിയില്ലാതെ ഒരു പുസ്തകത്തിനും നിലനില്പില്ല. വിപണിയില്ലാതെ ഇനി പുസ്തകങ്ങൾ വായനക്കാരനിലെത്തില്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ ആഗോളവത്‌ക്കരണത്തെ അനുകൂലിക്കുന്നു എന്ന്‌ കരുതേണ്ടതില്ല. ഇതുവരെ വായനക്കാർ പുസ്തകത്തെ തേടിപോകുകയാണ്‌ ചെയ്തത്‌. പക്ഷെ ഇന്ന്‌ ഭ്രാന്തമായ ഓട്ടത്തിന്റെ, തിരക്കിന്റെ ലോകത്തിൽ ആരും പുസ്തകത്തെ തേടുന്നില്ല. പുസ്തകം വായനക്കാരനെയാണ്‌ തേടുന്നത്‌.

അതിനാൽ പുസ്തകത്തിന്റെ രൂപത്തിൽ, അച്ചടിയിൽ മാറ്റങ്ങൾ വരുത്തി ശ്രദ്ധേയമാക്കുന്നത്‌ വിമർശിക്കപ്പെടേണ്ട കാര്യമല്ല. വിപണിയിൽ ഇത്തരം മാറ്റങ്ങൾ ആകാവുന്നതാണ്‌. ഇത്‌ കാലത്തിന്റെ ആവശ്യമാണ്‌. അത്‌ തിരിച്ചറിയണം.

Generated from archived content: essay_june27.html Author: m_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here