ഏറനാട് എക്സ്പ്രസ്സ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കിതപ്പ് അടക്കി നിന്നപ്പോള്‍ സമയം രാത്രി പത്തു മണി ആയിരുന്നു.ഞാന്‍ വേഗം തന്നെ മുകളില്‍ ഇരുന്ന ലഗേജുകള്‍ കയ്യില്‍ എടുത്തു.ശരീരത്തിനു നല്ല ക്ഷീണം ഉണ്ടായിരുന്നു .ഉച്ചയ്ക്ക് കുറ്റിപ്പുറത്ത് നിന്നും തുടങ്ങിയ യാത്ര ആണ്.റൂമില്‍ ചെന്ന് ഒന്ന് കുളിക്കണം , പിന്നെ നന്നായ് ഒന്ന് ഉറങ്ങണം .രാവിലെ എട്ടു മണിക്ക് ജോലിക്ക് പോകേണ്ടതാണ് .
മേല്‍പ്പാലം കടന്നു വരാന്‍ കുറച്ചു സമയം എടുത്തു .എന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന വനിത വളരെ സാവധാനത്തില്‍ ആണ് നടന്നിരുന്നത് .വെളുത്തു സുന്ദരി ആയ ഒരു സ്ത്രീ .അവരുടെ ഒക്കത്ത് സുന്ദരനായ ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു .രണ്ടു കയ്യിലും ഭാരമുള്ള ലഗേജുമായി ഭര്‍ത്താവ് കൂടെ തന്നെ ഉണ്ട് .ഇടതു ഭാഗത്തായ് കുറെ ചെറുപ്പക്കാര്‍ . ട്രൌസറും ടീഷര്‍ട്ടും ഒക്കെ ആണ് വേഷം. എന്തൊക്കെയോ തമാശകള്‍ പറഞ്ഞു പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടാണ് അവര്‍ പടികള്‍ കയറിയിരുന്നത് . ഇടയ്ക്ക് ഇടയ്ക്ക് അവര്‍ ഇടതു വശത്തു കൂടി നടക്കുന്ന വനിതയെ നോക്കി അടക്കത്തില്‍ എന്തോ പറയുന്നുമുണ്ട് .പക്ഷേ ആ ബഹളത്തിനു ഇടയ്ക് ആരും പരസ്പരം ശ്രദ്ധിക്കുന്നില്ല .
മേല്‍പ്പാലം കഴിഞ്ഞു ഞങ്ങള്‍ ഒന്നാമത്തെ പ്ലാറ്റ്ഫോര്‍മില്‍ എത്തി .ഭാര്യയെയും കുട്ടിയേയും പുറത്തു നിര്‍ത്തിയിട്ടു ഭര്‍ത്താവ് എ ടി എം ലേക്ക് കയറി പോയി .ചെറുപ്പക്കാരുടെ പുറകേ ഞാനും നടന്നു .അവരില്‍ തടിച്ച ഒരുവന്‍ എ ടി എം നു മുന്നില്‍ നില്‍ക്കുന്ന വനിതയെ ഇടയ്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .ഉടന്‍ തന്നെ അവന്റെ സുഹൃത്ത് ഇങ്ങനെ പറഞ്ഞു .
” അളിയാ , നീ ഇങ്ങനെ തിരിഞ്ഞു നോക്കി വിഷമിക്കെണ്ട്ടാ .ട്രെയിനില്‍ മുകളിലത്തെ ബര്‍ത്തില്‍ ഇരുന്ന ഞാന്‍ അവളുടെ കുറെ സീനുകള്‍ മൊബൈലില്‍ എടുത്തിടുണ്ട് .നമ്മുക്ക് റൂമില്‍ എത്തിയിട്ടു വിശദമായി തന്നെ കാണാം .”
“കൊള്ളാം അളിയാ , നീ ആണെടാ യഥാര്‍ത്ഥ സുഹൃത്ത് .” തിരിഞ്ഞു നോക്കിയവന്‍ സുഹൃത്തിന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു .
എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് ഒരു മിന്നല്‍ കടന്നു പോയി .എന്റെ വീട്ടിലെ ദൃശ്യങ്ങള്‍ പെട്ടെന്ന് മനസിലേക്ക് തെളിഞ്ഞു വന്നു .വെള്ള പ്ലേറ്റില്‍ ചോറും,തൈരും ,ഉപ്പുമാങ്ങയും വിളമ്പി തരുന്ന അമ്മ .രണ്ടു വയസുള്ള മകന്‍ ഉണ്ണിയേയും എടുത്തു കൊണ്ട് അമ്പലത്തില്‍ പോകുന്ന ഏട്ടത്തി .
ദൃശ്യങ്ങള്‍ പെട്ടെന്ന് മറഞ്ഞു .ചെറുപ്പക്കാര്‍ ഒരു ടാക്സിയില്‍ കയറി പോയി .ഞാന്‍ തിരിഞ്ഞു നോക്കി .ആ വനിത ഇപ്പോള്‍ മകന്റെ ചുണ്ടുകളിലെക്കു പാല്‍ക്കുപ്പി എടുത്തു വയ്ക്കുന്നു .തിരക്കില്‍ ഞാന്‍ സ്വയം നഷ്ട്ടപെട്ടവനെപ്പോലെ നിന്നു .
“ഞാന്‍ എന്താണ് ചെയ്യേണ്ടത് ?”മനസ്സിന്റെ ഉള്ളില്‍ ഇരുന്നു ആരോ പരിഹസിച്ചു ചിരിക്കുന്നു .”പ്രതികരണ ശേഷി ഇല്ലാത്ത ജീവി ഈ ഭൂമി നിന്റേതല്ല .നിനക്ക് ഇവിടെ വസിക്കാന്‍ അവകാശം ഇല്ല .”എന്റെ മനസിലേക്ക് ഒരു സ്കൂള്‍ മുറ്റം തെളിഞ്ഞു വന്നു .അസംബ്ലി ആണ് .യുണിഫോം ഇട്ട ഒരു കുട്ടി പ്രതിജ്ഞ എടുക്കുന്നു .
“ഇന്ത്യ എന്റെ രാജ്യം ആണ്.എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാര്‍ ആണ് ……………………………
Generated from archived content: story1_feb16_13.html Author: m_manojkumar