ദുരന്തജ്വാലയും ആനന്ദദീപ്‌തിയും

ശ്രീമഹാഭാരതത്തിൽ ഉദ്യോഗപർവത്തിലാണ്‌ മാധവീചരിതം നാരദൻ ദുര്യോധനനോട്‌ പറയുന്നത്‌. ഗാലവൻ എന്ന വിശ്വാമിത്ര ശിഷ്യന്റെ നിർബന്ധബുദ്ധിമൂലം ഉണ്ടായ അനർത്ഥങ്ങൾ വിവരിച്ച്‌ ദുര്യോധനന്റെ ശാഠ്യത്തിനറുതിവരുത്താനായിട്ടാണ്‌ ആ കഥ പറയുന്നതും. കഷ്‌ടപ്പാടുണ്ടായതാകട്ടെ, യയാതിപുത്രിയായ മാധവിക്കുമാത്രം. മറ്റെല്ലാവർക്കും നേട്ടങ്ങളാണ്‌. അയോധ്യാധിപനായ ഹര്യശ്വനും കാശിരാജവായ ദിവോദാസനും ഭോജപുരി വാണിരുന്ന ഉശീരരണും ഗാലവന്റെ ഗുരുവായ വിശ്വാമിത്രനും. വസുമനസ്സ്‌, പ്രതർദനൻ, ശിബി, അഷ്‌ടകൻ എന്ന പേരുകളോടുകൂടിയ (യഥാക്രമം) വിശിഷ്‌ടപുത്രന്മാരെ ലഭിച്ചു. ഈ ദൗഹിത്രന്മാർമൂലം യയാതിക്ക്‌, നഷ്‌ടപ്പെട്ടെന്ന ഘട്ടത്തിൽ, സ്വർഗം വീണ്ടുകിട്ടുകയും ചെയ്‌തു. അവർക്കാർക്കും നഷ്‌ടമോ കഷ്‌ടമോ ഉണ്ടായില്ല. നാലു പ്രസവിച്ചിട്ടും കുഞ്ഞുങ്ങളെ പാലൂട്ടിവളർത്തുകയെന്ന മാതൃസൗഭാഗ്യം നഷ്‌ടപ്പെട്ടത്‌ മാധവിക്കുമാത്രം. എന്നിട്ടും നിർബന്ധബുദ്ധി അനർത്ഥമുണ്ടാക്കുമെന്ന്‌ സമർത്ഥിക്കാൻ നാരദൻ ഈ കഥ തിരഞ്ഞെടുത്തതിൽ നിന്ന്‌ നാമെന്തു മനസ്സിലാക്കണം? ഒരു തെറ്റും ചെയ്യാത്ത ഒരു സ്‌ത്രീക്ക്‌ പുരുഷന്റെ നിർബന്ധബുദ്ധികൊണ്ടുണ്ടായ അനർത്ഥത്തിനാണ്‌ വക്താവു പ്രാധാന്യം നല്‌കുന്നതെന്നല്ലാതെ? ദുര്യോധനന്റെ നിർബന്ധബുദ്ധികൊണ്ട്‌ യുദ്ധമുണ്ടായാൽ പുരുഷന്മാർ യുദ്ധത്തിൽ ഹതരാവുകയോ വിജയിക്കുകയോ ചെയ്യും. ആദ്യത്തേതെങ്കിൽ വീരസ്വർഗം, രണ്ടാമത്തേതെങ്കിൽ ഭൂനാഥത്വം. (ഹതോ വാ പ്രാപ്‌സ്യസി സ്വർഗം&ജീത്വാ വാ ഭോഷ്യസേ മഹീം) ഹതരാവുന്നവരുടെ വിധവമാരും അമ്മമാരും കണ്ണീരൊഴുക്കിക്കൊണ്ട്‌ അസ്‌തിത്വമെന്ന നരകത്തിൽ കഴിയാൻ വിധിക്കപ്പെടുന്നു. നൂറ്റുവരുടെ അമ്മയും പത്‌നിമാരും അനുഭവിക്കേണ്ടിവരാവുന്ന ദുർവിധിതന്നെയാവണം ഋഷി ദീർഘദർശനം ചെയ്യുന്നത്‌. അവർ മാത്രമല്ല, പാണ്ഡവരുടെ പത്‌നിയും (അശ്വത്ഥാമാവ്‌ അഞ്ചു മക്കളെയും കൊന്നു) അഭിമന്യു പത്‌നിയായ ഉത്തരയും തുല്യദുഃഖിതരാകേണ്ടിവന്നു പുരുഷന്മാരുടെ വാശികളും രാജ്യലോഭാദി ദുരാഗ്രഹങ്ങളും എക്കാലത്തും കണ്ണീർക്കടലിലാഴ്‌ത്തുന്നത്‌ സ്‌ത്രീകളെയാണ്‌ എന്ന ശാശ്വതസത്യം തന്നെയാവണം ഗാലവചരിതത്തിന്റെ ധ്വനി വിധാതൃസൃഷ്‌ടിയിൽ പാതിയായ സ്‌ത്രീവർഗത്തോടുള്ള സ്‌നേഹാദരസഹതാപങ്ങളാണ്‌ ഗാലവകഥാഖ്യാനത്തിൽ ഉള്ള അംഗിയായ ഭാവസഞ്ചയം എന്നതിലേക്കു സൂചകമായ ഒരു സംഭവവും മഹാഭാരതത്തിലെ ഈ കഥാഖ്യാനത്തിന്റെ തുടക്കത്തിൽ കാണുന്നുണ്ട്‌. ഗാലവന്റെ നിർബന്ധബുദ്ധിയുടെ പശ്ചാത്തലം ഗുരുദക്ഷിണയെന്ന ശിഷ്യധർമാചരണത്തിലുള്ള വ്യഗ്രതയാണല്ലോ. വിശ്വാമിത്രനെ പരീക്ഷിക്കുവാൻ ധർമദേവൻ വസിഷ്‌ഠരൂപം പൂണ്ട്‌ അതിഥിയായെത്തി. ആതിഥേയന്റെ പാചകം കഴിയും മുമ്പെ അക്ഷമനായ അതിഥി മറ്റു മുനിമാർ നല്‌കിയ അന്നം ഭക്ഷിച്ചു. വിശ്വാമിത്രൻ ചൂടുള്ള അന്നവുമേന്തി എത്തിയപ്പോൾ, ഞാൻ ഭക്ഷിച്ചു കഴിഞ്ഞു, തെല്ലിട നിൽക്കുക‘ എന്നും പറഞ്ഞ്‌ അതിഥി പോയി. തലയിൽ വെച്ച പാത്രം രണ്ടു കൈകൊണ്ടും പിടിച്ച്‌ വിശ്വാമിത്രൻ നിൽപായി. ശിഷ്യനായ ഗാലവൻ അദ്ദേഹത്തെ പരിചരിച്ചു. ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടാണ്‌ ധർമ്മദേവന്റെ പുനരാഗമനം. അതുവരെ ചെയ്‌ത ആ അഖണ്ഡതപസ്സുകണ്ട്‌ ’ബ്രഹ്‌മർഷേ, ഞാൻ സന്തുഷ്‌ടനായി‘ എന്ന്‌ ദേവൻ അനുഗ്രഹിച്ചു. അങ്ങനെ ക്ഷത്രിയനായിപ്പിറന്ന വിശ്വാമിത്രൻ ബ്രഹ്‌മർഷിയായി. പരിചരണത്തിൽ പ്രീതനായി വിശ്വാമിത്രൻ ശിഷ്യനെ അനുഗ്രഹിക്കുകയും പോകനനുവാദം കൊടുക്കുകയും ചെയ്‌തു. അപ്പോഴാണ്‌ ഗുരുദക്ഷിണയെന്ന കർത്തവ്യത്തിൽ ഗാലവൻ നിർബന്ധം പിടിക്കുന്നത്‌. പരിചരണം തന്നെ ദക്ഷിണയാണെന്നും മറ്റൊന്നും വേണ്ടെന്നും പലപാടുപറഞ്ഞിട്ടും ശിഷ്യൻ പോകാത്തതിൽ തെല്ലു ചൊടിച്ചുകൊണ്ടാണ്‌, ’ഒരു കാതു കറുത്തും ബാക്കി ദേഹം മുഴുവൻ വെളുത്തുമുള്ള എണ്ണൂറു കുതിരകളെ കൊണ്ടുവരിക‘ എന്ന്‌ ഗുരു ആവശ്യപ്പെടുന്നത്‌. ഇതെങ്ങനെനേടും എന്ന്‌ വിഷണ്ണനായി പ്രാണത്യാഗം വരെ ചിന്തിച്ചുകൊണ്ട്‌ വിഷ്‌ണുവിനെ നമസ്‌കരിച്ച്‌ നില്‌ക്കുന്ന ഗാലവന്റെ മുന്നിൽ വിഷ്‌ണുവാഹനമായ ഗരുഡൻ പ്രത്യക്ഷപ്പെട്ടു. യാത്രോദ്യുക്തനായി നില്‌ക്കുകയാണ്‌ ഗാലവൻ എന്ന്‌ ധരിച്ച ഗരുഡൻ നാലു ദിക്കുകളും വിസ്‌തരിച്ചി വർണിച്ചതിനുശേഷം ’എങ്ങോട്ടുവേണമെങ്കിലും കൊണ്ടുപോകാം; തന്റെ പുറത്തേറിക്കൊള്ളുക‘ എന്നു നിർദ്ദേശിച്ചു. ’കിഴക്കോട്ടെ‘ന്നു പറഞ്ഞ്‌ പുറത്തേറിയ ഗാലവൻ, ഗരുഡന്റെ ഗതിവേഗത്തിൽ തളർന്നുകൊണ്ട്‌ ’എങ്ങും പോവേണ്ട; നിർത്തണേ‘ എന്നായി. ഗുരുദക്ഷിണയെന്ന പ്രശ്‌നമാണ്‌ തന്നെ വിഷണ്ണനാക്കുന്നതെന്ന്‌ വ്യക്തമാക്കി. അപ്പോൾ ഗരുഡനാണ്‌ യയാതിമഹാരാജാവിനെ കണ്ടാൽ കാര്യം നടക്കുമെന്നു വഴി പറഞ്ഞുകൊടുത്തത്‌. അവിടെ എത്തിക്കാമെന്നും അതിനുമുമ്പ്‌ ഋഷഭപർവതത്തിൽ കുറച്ച്‌ വിശ്രമിക്കാമെന്നും പറഞ്ഞ്‌ അവർ പർവതത്തിലിറങ്ങി. ശാണ്ഡിലിയെന്ന തപസ്വിനിയുടെ സത്‌കാരം സ്വീകരിച്ച്‌ വിശ്രമിച്ചു. ഉറക്കം കഴിഞ്ഞെഴുന്നേല്‌ക്കുമ്പോൾ ഗരുഡന്റെ ചിറകുകളും തൂവലുകളും പൊഴിഞ്ഞ്‌ ഒരു മാംസക്കട്ട മട്ടായിത്തീർന്നിരിക്കുന്നു. എന്തെങ്കിലും അശുഭം ചിന്തിച്ചുവോ എന്ന ഗാലവന്റെ ചോദ്യത്തിന്‌ ഗരുഡൻ പറഞ്ഞ ഉത്തരം അത്യന്തം അർത്ഥവത്താണ്‌. ’ഞാനുള്ളിൽക്കരുതീ ദ്വിജ! പ്രജാപതിപ്പാർപ്പിടത്തീസി​‍്സദ്ധയെക്കൊണ്ടുപോകുവാൻ‘, അഞ്ചു കർമേന്ദ്രിയങ്ങളിൽ അഞ്ചാമത്തേതായ ഉപസ്‌ഥത്തിന്റെ ദേവനാണ്‌ പ്രജാപതി. അപ്പോൾ പ്രജാപതിയുടെ പാർപ്പിടത്തിലേക്കു കൊണ്ടുപോകലെന്ന’ ആശയത്തിൽ മറഞ്ഞിരിക്കുന്നത്‌ ലൈംഗീകചിന്തയാണെന്ന്‌ വ്യാഖ്യാനിക്കാം. വിശുദ്ധയായ സന്ന്യാസിനിയെക്കുറിച്ചാവുമ്പോൾ അതിനെ ‘അശുഭചിന്ത’യെന്നു വിശേഷിപ്പിക്കാവുന്നതുമാണ്‌. ഗരുഡൻ മാപ്പു ചോദിക്കുകയും ശാണ്ഡിലി മാപ്പുകൊടുക്കുകയും ചെയ്‌തു. അതോടെ ചിറകുകൾ വീണ്ടും മുളച്ചുവന്നു (മനഃശാസ്‌ത്രദർശനത്തിൽ ചിറകുകൾക്കും പറക്കലിനും ലൈംഗീകോർജത്തോട്‌ ബന്ധം കല്‌പിക്കപ്പെട്ടിട്ടുണ്ട്‌) ഗരുഡന്‌ നഷ്‌ടപ്പെട്ട പൗരുഷവീര്യം തിരിച്ചുകിട്ടി. പിന്നെ ശാണ്ഡിലി ഒരു ഉപദേശം കൊടുക്കുന്നു. ‘ഗർഹിക്കൊല്ലെന്നെ നീ ഗർഹിക്കൊല്ലെന്നും സ്‌ത്രീകളേയുമേ.’ സ്‌ത്രീനിന്ദനത്തിനെതിരെയുള്ള ഈ ഉപദേശത്തിന്‌ ഗാലവചരിതത്തിൽ വളരെയേറെ ധ്വന്യാത്മകതയുണ്ട്‌. സുന്ദരിയായ മാധവിയുടെ വിലയായിട്ടാണല്ലോ ഓരോ രാജാവും ഇരുനൂറു കുതിരകൾ വീതം കൊടുത്തത്‌. യയാതി മകളെ ഗാലവനു കൊടുക്കുമ്പോൾ ഇത്തരത്തിലുളള സംഭവ്യത മുൻകൂട്ടിക്കണ്ടിട്ടില്ല. മഹാനായ ഒരു രാജാവിന്‌ അവളെക്കൊടുത്തു എണ്ണൂറു കുതിരകളെ കന്യാശുല്‌കമായി വാങ്ങിയാൽ മകളുടെ ജീവിതം ഭദ്രമാവും; ഗാലവന്റെ ലക്ഷ്യവും സാധിതമാകും എന്നേ നിനച്ചിരിക്കാനിടയുള്ളു. അതുകൊണ്ട്‌ പിന്നത്തെ സംഭവപരിണാമങ്ങൾക്ക്‌ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതിന്‌ ഇതിഹാസകഥ അനുകൂലമാണെന്നു തോന്നുന്നില്ല. ‘തന്റെ പക്കൽ ഇരുനൂറു കുതിരകളേയുള്ളു. ഇവളെ തനിക്ക്‌ വേണംതാനും’ എന്നു ഹര്യശ്വൻ പറയുമ്പോൾ വഴിമുട്ടിയ വിഷാദത്തോടെ നില്‌ക്കുന്ന ഗാലവനോട്‌, ഇതിഹാസത്തിലെ കഥയിൽ, പോംവഴി നിർദ്ദേശിക്കുന്നത്‌ മാധവിതന്നെയാണ്‌. ഓരോ പ്രസവം കഴിയുമ്പോഴും കന്യാത്വം വീണ്ടുകിട്ടും എന്ന്‌ ഒരു ബ്രഹ്‌മവാദി തനിക്കു വരം തന്നിട്ടുണ്ടെന്ന്‌ അവൾ അദ്ദേഹത്തോട്‌ പറയുന്നു.

അങ്ങുന്നശ്വങ്ങളെവാങ്ങിയെന്നെ മന്നവനേകുക

നാലു മന്നോർവഴി നിനക്കെണ്ണൂറശ്വം തികഞ്ഞിടും

എനിക്കുണ്ടായിവന്നീടും നാലുമക്കളുമങ്ങനെ.

സ്‌ത്രീകളെ നിന്ദിക്കരുത്‌‘ എന്നു ശാണ്ഡിലി കൊടുത്ത ഉപദേശം മനസ്സിൽ മുഴങ്ങിയിരുന്നെങ്കിൽ, ഇങ്ങനൊരു തീരുമാനമെടുക്കാൻ സ്വന്തം നിലയ്‌ക്ക്‌ ഗാലവനു കഴിയുമായിരുന്നില്ല. അദ്ദേഹത്തെ ധൈര്യപ്പെടുത്തിയത്‌ മാധവിതന്നെയാണ്‌. ഇതിഹാസകഥയിൽ, പുരുഷന്റെ സ്‌ത്രീനിന്ദനമായി ഈ കഥ പുനർനിർമിക്കാനിച്ഛിക്കുന്നവർക്ക്‌ മാധവിയുടെ പക്ഷത്തുനിന്നുണ്ടാകുന്ന ഈ നിർദ്ദേശത്തെ ഒഴിവാക്കേണ്ടിവരും. ഒ.എൻ.വി. കുറുപ്പിന്റെ ’സ്വയംവര‘ത്തിലും ഈ നോവലിലും മാധവിയുടെ ഈ നിർദ്ദേശം ഒഴിവാക്കിയിരിക്കുന്നു.

ഉശിനരരാജാവിന്‌ മാധവിയിൽ ശിബി ജനിച്ചതിനുശേഷം, ഗാലവനോടുകൂടി അവൾ കൊട്ടാരം വിടുമ്പോഴാണ്‌ ഗരുഡൻ പ്രത്യക്ഷപ്പെട്ട്‌ ലോകത്തിൽ ഇമ്മട്ടിലുള്ള കുതിരകൾ ഇനിയില്ല എന്ന്‌ പ്രഖ്യാപിക്കുന്നത്‌. വിശ്വാമിത്രന്റെ പിതാവായ ഗാധി, പുത്രിയായ സത്യവതിയെ വിവാഹം കഴിക്കാനാഗ്രഹിച്ചുവന്ന ഋചീകനോട്‌ ഒരു കാത്‌ കറുത്ത്‌ ശേഷം ദേഹംമുഴുവൻ വെളുത്തതായ ആയിരം കുതിരകളെ ആവശ്യപ്പെട്ടു. ഋചികൻ ആയിരം കുതിരകളെ വരുണാലയത്തിൽനിന്ന്‌ കൊണ്ടുവന്നുകൊടുത്തു. രാജാവ്‌ വിപ്രന്മാർക്ക്‌ കുതിരകളെ ദാനം ചെയ്‌തു. വിപ്രന്മാർ 600 കുതിരകളെ മുൻപറഞ്ഞ രാജാക്കന്മാർക്കു വിറ്റു. ബാക്കി നാനൂറു കുതിരകൾ വിതസ്‌തയെന്ന പുഴകടത്തുമ്പോൾ ഒലിച്ചുപോയി. ( ഈ കഥ സ്വന്തം കുടുംബത്തോട്‌ ബന്ധപ്പെട്ടതായതിനാൽ ലോകത്തിൽ ഇമ്മട്ടിൽ 600 കുതിരകളേയുള്ളു എന്ന അറിവോടെയായിരിക്കണം വിശ്വാമിത്രൻ വിചിത്രമായ ആ ഗുരുദക്ഷിണ ആവശ്യപ്പെട്ടത്‌) ഗരുഡനോടുകൂടി ഗാലവൻ 600 കുതിരകളെയും മാധവിയെയും കൊണ്ടുചെന്നു കൊടുത്തപ്പോൾ ’ഇവളെ മുമ്പേ കൊണ്ടുവന്നുതന്നാൽ മതിയായിരുന്നല്ലോ, എന്തിനാണ്‌ കുതിരകൾ‘ എന്നായിരുന്നു പ്രതികരണം. വിശ്വാമിത്രന്‌ മാധവിയിൽ അഷ്‌ടകൻ ജനിച്ചതിനുശേഷം അദ്ദേഹം മാധവിയെ തിരിച്ചേല്‌പിച്ചു. ഗാലവൻ അച്ഛനു പുത്രിയെ കൊണ്ടുപോയി കൊടുത്തതിനുശേഷം, അവളുടെ സ്വയംവരം നിശ്ചയിക്കപ്പെട്ടു. ഗംഗായമുനാ സംഗമത്തിന്റെ തീരത്തായിരുന്നു സ്വയംവരവേദി. അവിടെവെച്ച്‌ അവൾ സ്വയംവരമാല്യം കാനനത്തിലേക്കെറിഞ്ഞ്‌ (വനത്തെവരിച്ച്‌) കാട്ടിലേക്കിറങ്ങിനടന്നു. അവിടെ മൃഗചര്യയാചരിച്ചു. പുല്ലുതിന്നും പുഴവെള്ളം കുടിച്ചും മൃഗങ്ങളെപ്പോലെ ജീവിച്ചു. യയാതി സ്വർഗം നേടുകയും പിന്നീട്‌ സ്വർഗഭ്രഷ്‌ടനാവുകയും ചെയ്‌തു. ഭൂമിയിലേക്ക്‌ പതിച്ചത്‌ യജ്ഞം ചെയ്യുന്ന നാലു രാജാക്കന്മാരുടെ നടുക്കാണ്‌- മാധവിയുടെ പുത്രന്മാർ. അവർ അദ്ദേഹത്തെ അവരുടെ സുകൃതങ്ങളുടെ ബലത്തിൽ വീണ്ടും സ്വർഗത്തിലെത്തിച്ചു. ഇതിഹാസ കഥാസംഗ്രഹമാണിത്‌.

മാധവീകഥ മലയാളത്തിൽ ഇതിനുമുമ്പ്‌ രണ്ടുപേർ കവിതാരൂപത്തിൽ പുനരാഖ്യാനം ചെയ്‌തിട്ടുണ്ട്‌. ബാലാമണിയമ്മയും ഒ.എൻ.വിയും. ബാലാമണിയമ്മയുടെ കാവ്യത്തിൽ, ഇതിഹാസത്തിൽനിന്നും വരുത്തിയ പ്രധാന വ്യതിയാനം വിശ്വാമിത്രന്റെ ആശ്രമത്തിൽ അവൾ ഒരു തപസ്വിനിയായി കുറേക്കാലം കഴിഞ്ഞു എന്നതാണ്‌. ഓരോ തവണയും പെറ്റ കുഞ്ഞിനെ മുലയൂട്ടാൻ കഴിയാതെ ഇറങ്ങിപ്പോകേണ്ടിവന്ന അവളുടെ ദുഃഖം കവിതയിൽ വർണിച്ചിട്ടുണ്ടെങ്കിലും പിതാവിനോടോ ഗാലവനോടോ വിദ്വേഷം ഇല്ല. അവൾ തന്റെ വിധിയെ ഒരു യജ്ഞമായാണ്‌ സ്വീകരിക്കുന്നത്‌. വിശ്വാമിത്രന്റെ ആശ്രമത്തിൽനിന്ന്‌ ഇന്ദ്രിയനിഗ്രഹസിദ്ധിയും നേടിയതിനുശേഷം അവൾ ദ്വന്ദ്വങ്ങളെ ഒരുപോലെ സ്വീകരിക്കാൻ കഴിവുറ്റ സമദർശിയായിക്കഴിഞ്ഞിരിക്കുന്നു. വിശ്വാമിത്രൻ ആശ്രമം വിട്ട്‌ അഷ്‌ടകനോടുകൂടി മറ്റൊരിടത്തേക്ക്‌ യാത്രയാവുമ്പോൾ മാധവിയെ അവൾ തത്‌പരയാണെങ്കിൽ, കൂടെച്ചെല്ലാനും ക്ഷണിച്ചിരുന്നു. അവൾക്ക്‌ വാഴ്‌വ്‌ എവിടെയായാലും ഒരുപോലെയായതുകൊണ്ട്‌ വാർധക്യത്തിൽ പിതാവിനെ ശുശ്രൂഷിക്കാനാണ്‌ അവൾ തീരുമാനിക്കുന്നത്‌. സ്വയംവരം നിശ്ചയിക്കലും വനത്തെ സ്വയംവരിക്കലും എല്ലാം മാധവീകഥയിൽനിന്ന്‌ ബാലാമണിയമ്മ വിട്ടുകളഞ്ഞു. പലരെ ഭർത്താക്കന്മാരായി സ്വീകരിക്കേണ്ടിവന്ന അവളുടെ വിധിയോർത്ത്‌ അമ്മ വ്യഥിതയായപ്പോൾ മഹാന്മാരായ നാലു പുത്രന്മാരെ ലോകത്തിന്‌ നല്‌കിയ താൻ ഒട്ടും ശോച്യയല്ലെന്ന്‌ അമ്മയെ ആശ്വസിപ്പിക്കുന്നു. ആത്മബലിദാനം പോലുള്ള മനോഭാവത്തോടെയാണ്‌ തന്റെ ജീവിതത്തിലെ സംഭവങ്ങളെ അവൾ വീക്ഷിക്കുന്നത്‌. ഈ മനോഭാവം വിശ്വാമിത്രാശ്രമത്തിലെ തപസ്സിന്റെ ഘട്ടത്തിൽ വികസിച്ചതാണ്‌. ഇങ്ങനെ മാധവിയെ ഒരു രക്തസാക്ഷിയാക്കുന്നതിന്‌ വിപരീതമായ വീക്ഷണമാണ്‌ ബാലമണിയമ്മ കൈക്കൊണ്ടത്‌.

’സ്വയംവര‘ത്തിൽ എടുത്ത നിലപാട്‌ തികച്ചും ഫെമിനിസത്തിന്റേതാണ്‌. പുരുഷലോകത്തോടും അവരുടെ ആധിപത്യഭാവത്തോടും സ്‌ത്രീയുടെ ഇംഗിതമാരായാതെ അവളെ സ്വന്തം ലക്ഷ്യങ്ങൾക്കായി ’ഉപയോഗി‘ക്കുന്ന സ്വാർത്ഥത്തോടുമുള്ള പ്രതിഷേധമായിട്ടാണ്‌ അവളുടെ കാനനവരണത്തെ കാണുന്നത്‌. ഗാലവനെ ശിഷ്യധർമമബോധത്തിന്റെ ഒരു ബലിമൃഗം പോലെയും ചിത്രീകരിച്ചിരിക്കുന്നു. അക്കാരണംകൊണ്ട്‌ താനൊരു ബലിമൃഗമാക്കപ്പെട്ടതിൽ മാധവിക്കുള്ള പ്രതിഷേധം ലഘൂകൃതമാകുകയില്ലല്ലോ. പുരുഷനെപ്പോലെ സ്‌ത്രീയും തീവ്രവികാരവിചാരങ്ങളോടുകൂടിയ ഒരു മാനുഷസത്തയാണെന്ന്‌ അംഗീകരിക്കപ്പെടാതെ, ക്രയവിക്രയവിധേയമാകാവുന്ന ഒരു ’സാധന‘മെന്നനിലയ്‌ക്കുള്ള പുരുഷവീക്ഷണത്തോടുള്ള തീവ്രപ്രതിഷേധം ’സ്വയംവര‘ത്തിലെ മാധവിക്കുണ്ട്‌. എല്ലാ പുരുഷന്മാരോടും തോന്നിയ വെറുപ്പ്‌, സ്വയംവരത്തിനെത്തിയ പഴയ ഇടക്കാലഭർത്താക്കന്മാരോടുമുണ്ട്‌. മക്കളെ ഉപേക്ഷിച്ചിറങ്ങേണ്ടിവരിക എന്ന അവസ്‌ഥയുടെ ആവർത്തനംകൊണ്ടു ശിലീഭൂതമായിപ്പോയ മനസ്സിന്റെ കാഠിന്യത്തോടെയുള്ള വെറുപ്പ്‌.

കവിതയുടെ നോവലിലെ മാധവി ഈ കാഠിന്യം വളർന്ന വെറുപ്പിന്റെ തീവ്രതരമായ അവതാരമാണ്‌. വളരെ വിരളമായി മനുഷ്യശരീരത്തെ ബാധിക്കുന്ന ഒരു രോഗമുണ്ട്‌- പേശികൾ കല്ലിച്ച്‌ കല്ലിച്ച്‌ എല്ലായി മാറൽ. (ഫൈബ്രോ ഡിസ്‌പ്ലേസിയ ഓസിഫിക്കൻസ്‌ പ്രോഗ്രസീ-Fibro Dysplasia Ossificans Pogressiva എന്നാണത്രെ അതിനുപേര്‌.) അന്തരംഗത്തിലെ വൈകാരിക ശരീരത്തിന്റെ പേശികൾക്കും ബാധിക്കാം ഇത്തരമൊരു കല്ലിക്കൽ അഥവാ എല്ലിക്കൽ. ആ വൈകാരിക പേശീരോഗം തനിയെ അജ്ഞാതഹേതുക്കളാൽ ആവിർഭവിക്കുന്നതല്ല; അന്യന്റെ ക്രൂരതകൊണ്ട്‌ ഉളവാകുന്നതാണെന്നുവന്നലോ? ക്രൂരതയുടെ ഉടമകളോട്‌ വിദ്വേഷവും വെറുപ്പുമല്ലാതെ ആർദ്രതയുടെയോ സഹിഷ്‌ണുതയുടെയോ കണികപോലും ഉണ്ടാവുകയില്ല. സ്‌ത്രീ, പുരുഷന്റെ ക്രൂരതയ്‌ക്കുള്ള ഇരയായിട്ടാണ്‌ ഈ വൈകാരികശിലീഭവനം സംഭവിക്കുന്നതെങ്കിൽ അതിന്റെ ആവിഷ്‌കാരം ഹത്യയോ ആത്മഹത്യയോ ആയി രൂപപ്പെടാം. മറ്റൊരു ഇതിഹാസകഥാപാത്രമായ അംബയുടെ ആത്മാഹൂതി ഹത്യയ്‌ക്കുള്ള മുന്നൊരുക്കമായിരുന്നു. നോവലിലെ നായികയായ മാധവി മാല്യം വനത്തിലേക്കെറിഞ്ഞ്‌ വനത്തെ വരനാക്കി മൃഗചര്യകൈക്കൊള്ളുകയെന്ന ബദൽ ആത്മഹത്യ ചെയ്യലല്ല ഉണ്ടായത്‌. മലയുടെ ഉത്തുംഗശൃംഗത്തിലേക്കാടിക്കയറി കീഴ്‌പ്പോട്ടെടുത്തുചാടുന്നത്‌ ആത്മഹത്യാശ്രമം തന്നെയാണ്‌. മൃതി അവളെ അനുഗ്രഹിക്കാത്തതുകൊണ്ട്‌ അവൾ മൃഗചര്യയെന്ന തപസ്സിലേർപ്പെടുകയാണുണ്ടായത്‌. ഇതിഹാസകഥയ്‌ക്കു നല്‌കിയ ഈ വ്യതിയാനം ഹൃദയംഗമമായിട്ടുണ്ട്‌. മൃഗചര്യാവ്രതം ക്രമേണ അവളെ സർവഭൂതഹൃദയത്തിന്റെ പരമാനന്ദത്തിലേക്കു നയിച്ചതിന്റെ ചിത്രീകരണവും മനോഹരമായിരിക്കുന്നു. യയാതിയുടെ പശ്ചാത്താപവും അന്വേഷണവും അലച്ചിലും മുനിവേഷത്തോടുകൂടിയ അവളെ കണ്ടെത്തലും കണ്ടിട്ടും തിരിച്ചറിയാതിരിക്കലും അവളുടെ ദേഹം മണ്ണടിഞ്ഞ സ്‌ഥലത്തെ (അങ്ങനെ വിശ്വസിച്ചുപോയ) ഒരു പിടി മണ്ണെടുത്തു മാറോടു ചേർത്ത്‌ തീർത്ഥസ്‌നാനം ചെയ്യുന്നതും, ആ നിമിഷത്തിൽ അവളുടെ ദർശനം ലഭിക്കുന്നതും തിരിഞ്ഞോടി മുനിയെത്തേടുമ്പോൾ മാർഗകവാടം എന്നേക്കുമായി അടഞ്ഞുപോകുന്നതും എല്ലാം ഈ നോവലിലെ തീവ്രദുരന്ത നാടകീയരംഗങ്ങളാണ്‌. അന്തിമരംഗം സോഫോക്ലിസിന്റെ ഈഡിപ്പസ്‌ നാടകത്തിലെ അന്തിമരംഗത്തെ ഓർമിപ്പിക്കുംവിധം മനോഹരമായിട്ടുണ്ട്‌. പിതാവുൾപ്പെടെയുള്ള സമസ്‌ത പുരുഷന്മാരുടെയും സ്‌ത്രീനിന്ദനത്തോടുള്ള തീവ്രപ്രതിഷേധം അവളിൽ വളർത്താനുതകിയ ചില സ്വപ്‌നരംഗങ്ങൾ സംവിധാനം ചെയ്‌തതും ഗ്രന്ഥകർത്രിയുടെ ഭാവനാസിദ്ധിക്കു നിദർശനങ്ങളാണ്‌. ജാബാലയും ശീലാവതിയും സീതയുമെല്ലാം ഈ പുരുഷധർഷണത്തിന്റെ ഉഗ്രവക്താക്കളായി സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ ഭാഷണം ആധുനിക ഫെമിനിസ്‌റ്റുകളുടെ ഭാഷയിലുള്ളതാണ്‌. സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്ക്‌ ഏതുകാലത്തെ ആരുടെ ഭാഷയും നല്‌കാം. സാമാന്യേന മനുഷ്യരുടെ സ്വപ്‌നങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർ നീണ്ട പ്രഭാഷണങ്ങൾ നടത്താറില്ലെങ്കിലും കുറച്ചു നിമിഷങ്ങളിലെ സ്വപ്‌നസമാനമായ നിനവുകളെക്കൊണ്ട്‌ ബൃഹത്തായ നോവലുകൾ നിർമിക്കാൻ ഭവനാശാലികൾക്കു കഴിയുമെന്നതിന്‌ വിശ്വപ്രസിദ്ധമായ നിദർശനങ്ങളുണ്ടല്ലോ. മാധവിയുടെ വൈകാരിക പേശികളുടെ ശിലീഭവനത്തിലേക്ക്‌ കഠിനങ്ങളായ സ്വാനുഭൂതികൾ മാത്രമല്ല കഠിനതരങ്ങളായ പൂർവികാനുഭവങ്ങളും ശക്തിമത്തായ ഹേതുക്കളായി ഭവിക്കുന്നു. നാലുപെറ്റിട്ടും മക്കളെ മുലയൂട്ടാനോ ലാളിക്കാനോ കഴിയാത്ത ഒരമ്മയുടെ നെഞ്ചിലെ വിങ്ങലും നെഞ്ചകത്തിന്റെ വിങ്ങലും ലോകത്തിൽ ഉപമാനങ്ങളില്ലാത്ത ഒരു യാതനാനുഭൂതിയാണ്‌. അഗ്നിശൈലം പോലെ അതു പൊട്ടിത്തെറിച്ച്‌ ലാവയൊഴുക്കുമെന്നും മറ്റും ഔപചാരികമായി പറയാം എന്നല്ലാതെ ആ അനുഭവം പകരാൻ വാക്കുകളോ മാനുഷരൂപത്തിലുള്ള വിഭാവങ്ങളോ പ്രായേണ പര്യാപ്‌തങ്ങളാവുകയില്ല. ലോകസാഹിത്യമൊട്ടാകെ തിരഞ്ഞാൽ ഇതിനുതകുന്ന ഒരു ഊഷ്‌മള വിഭാവമായി മാധവിയെപ്പോലെ മറ്റൊരുവളെ കണ്ടുകിട്ടുമോ? സ്‌ത്രീക്കു പുരുഷനിൽനിന്ന്‌ നേരിടേണ്ടിവരാവുന്ന നിന്ദനങ്ങളിലും പീഡനങ്ങളിലും വെച്ച്‌ ഏറ്റവും ദുസ്സഹമായ ഇതിൽ കേന്ദ്രീകരിച്ചും കൊണ്ടുള്ള കഥാപാത്രചിത്രണം ഈ നോവലിന്‌ അനന്യമായ ദാരുണോജ്വലത നല്‌കിയിട്ടുണ്ട്‌. ഒരു പ്രാചീന കഥാപാത്രത്തെ പല രീതികളിൽ പുനർവിരചിക്കാം. അനന്തസാധ്യതകളുണ്ട്‌. ഒരു സാധ്യതയെ എടുത്ത്‌ പുരഃപ്രതിഷ്‌ഠിച്ച്‌ ഇതാ, ഇതാണ്‌ അവളുടെ&അവന്റെ അദൃഷ്‌ടപൂർവമായ അന്തഃസത്ത’ എന്നു കാട്ടിത്തരാനും അതു വിശ്വസിപ്പിക്കാനും കഴിയുന്നതാണ്‌ പുനർനിർമാണപ്രക്രിയയിലെ പരമവിജയം. അത്‌ ഈ കൃതിക്ക്‌ അവകാശപ്പെടാം.

മാധവിയുടെ രണ്ടാം ജന്മത്തിന്റെ ചിത്രീകരണമാണ്‌ ഈ നോവലിന്റെ മറ്റൊരു മികവ്‌. പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും അഗ്നിപർവതം പൊട്ടിത്തെറിച്ച്‌ ഒഴുകുന്ന ലാവ, ചേതനങ്ങളുടെ സമസ്‌ത പ്രപഞ്ചത്തിലേക്കും ഒഴുകിയെത്തി തെഴുപ്പിക്കുന്ന സ്‌നേഹകാരുണ്യങ്ങളുടെയും സർവഭൂതഹൃദയത്വത്തിന്റെയും വിശുദ്ധ ഗംഗാമാതാവായി രൂപാന്തരം പ്രാപിക്കുന്നതിന്റെ ചിത്രണംകൊണ്ട്‌ മാനുഷസത്ത ദൈവത്വത്തിലേക്ക്‌ ഉയിർത്തെഴുന്നേല്‌ക്കുന്നതിന്റെ ശീതളനിർവൃതി അനുഭവപ്പെടുത്തിത്തരുന്നു. മലയുടെ അപ്പുറത്ത്‌ യയാതിയുടെ ദുരന്തയാതനയുടെ ജ്വാല. ഇപ്പുറത്ത്‌ മാധവിയുടെ ദൈവികാനന്ദത്തിന്റെ ദീപ്‌തി. ഉത്‌കടക്ഷോഭവും ഉദാത്തശാന്തിയും സമന്വയിക്കുന്ന ഈ കലാവിദ്യ ഒരേസമയം ആർഷദർശനത്തിന്റെയും മാനുഷവീക്ഷണത്തിന്റെയും ആത്മാവണിയുന്ന ഭൂഷണമായിരിക്കുന്നു.

പ്രസാധനം – മാതൃഭൂമി ബുക്‌സ്‌

പേജ്‌ – 76, വില – 50&-

Generated from archived content: vayanayute34.html Author: m_leelavathy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here