വൈരുദ്ധ്യങ്ങളുടെ ചാരുത

നിലംവെട്ടിയുണ്ടാക്കി ഇരുവശത്തും കല്ലുപടുത്ത്‌ സിമന്റിട്ട്‌ രൂപപ്പെടുത്തിയ ഒരു കനാലിലൂടെ കൃഷിയിടങ്ങളിലേക്കെത്തിക്കുന്ന വെള്ളത്തിന്റെ ഒഴുക്കു നോക്കിയിരുന്ന്‌ അതിൽ നിന്നൊരു കവിതയ്‌ക്കുള്ള ഊർജ്ജം ചോർത്തിയെടുക്കാമെന്ന്‌ ആർക്കും തോന്നാറില്ല. പ്രയോജനം മുൻനിർത്തിയുണ്ടാക്കിയ ആ വെള്ളത്തോട്‌ പാമ്പു പൊഴിച്ച പടം പോലെയുള്ള ഒരു തോടു മാത്രമാണ്‌. അതിൽ ചൈതന്യമില്ല; ഊർജ്ജമില്ല; കവിതയില്ല. പരിസരങ്ങളിൽ പാർക്കുന്നവർക്ക്‌ തുണികളലക്കുന്നതിനായി ഒരു കല്ലു സ്ഥാപിക്കാനും പാത്രം കഴുകാനും ആരും കാണാത്ത നേരങ്ങളിലൊന്നു മുങ്ങിക്കുളിക്കാനും ആ തോട്‌ ഉപകരിച്ചേക്കാം; എന്നാൽ അതിന്റെ കരകളിലിരുന്നുകൊണ്ട്‌ പ്രകൃതിയുടെ അനന്ത സൗന്ദര്യ വൈചിത്ര്യങ്ങൾ ഭാവനയിൽ രൂപപ്പെടുന്ന ബിംബ കല്പനകളാക്കി മാറ്റാനും അവ കോർത്തു ഒരു തിളങ്ങുന്ന കവിതയോ കഥയോ രചിക്കാനും വേണ്ട പ്രചോദനം സംഭരിക്കാൻ കഴിഞ്ഞെന്നുവരില്ല. വൈചിത്രമില്ലാതെ നേർരേഖയിൽ നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരൊഴുക്ക്‌. വൈരുദ്ധ്യമില്ല; വക്രതയില്ല; വിസ്മയമില്ല. കൃത്യസമയങ്ങളിൽ ഒരജ്ഞാതന്റെ കൈകൾ ഷട്ടറുകൾ തുറക്കുമ്പോൾ ഒഴുകിയെത്തുന്നു. അയാൾ അവ അടക്കുമ്പോൾ ഒഴുക്ക്‌ നിലച്ചു വരളുന്നു. ഇതുപോലെയാണോ, അജ്ഞേയവിദൂരതകളിൽ നിന്ന്‌ ഉറവുകളായി ഉണർന്ന്‌ പല ചാലുകളിലൂടെ നീങ്ങിനീങ്ങി ചിലേടങ്ങളിൽ വെച്ചൊന്നിച്ച്‌ ചിരിച്ചുകളിച്ച്‌ ആടിപ്പാടി വളഞ്ഞുപുളഞ്ഞു ഒഴുകിയെത്തുന്ന ഒരു പുഴ? അവളുടെ നടനകേളികളിൽ അടിത്തട്ടിലെ ശിലാഖണ്ഡങ്ങൾ ഏണും കോണും മാഞ്ഞ്‌ കഴയും മുഴയും തീർന്ന്‌ ഉരുണ്ടു മിനുസപ്പെട്ട കൺമണികളായി മാറുന്നു. പാറകളിൽ തട്ടിത്തട്ടി വരുന്ന അവൾ പളുങ്കിൻമണികൾ ചിതറിക്കുന്നു. പേമാരികളുടെ കാലത്ത്‌ ഓളങ്ങളിലൊക്കെ പത്തികളുയർത്തി ചീറ്റിയടുക്കുന്ന ഉഗ്രരൂപയായ കൊടുംസർപ്പിണിയായി അവൾ മാറുന്നു. കാറുകൾ മാഞ്ഞ്‌ മാനം തെളിയുന്ന കാലത്ത്‌ അവൾ നൃത്തലാസ്യവിലാസലോലയായി, കല്ലോലമാലിനിയെ അഭിസരിക്കുന്ന ഒരു സ്വപ്ന സുന്ദരിയായി വരുന്നു. അവളുടെ തിരക്കയ്യുകൾ ഭാവനാശീലർക്ക്‌ വരദകളായിത്തീരുന്നു. ഉദാരമായി ഊർജ്ജം കോരിപ്പകർന്നു കൊടുക്കുന്നു. നേർരേഖയിലൊഴുകുന്ന ‘തോടു’കൾ പോലുള്ള ജീവിതം കഥയ്‌ക്കോ കവിതയ്‌ക്കോ പ്രഭവമാകുന്നില്ല. വൈരുദ്ധ്യങ്ങളും വക്രതകളും വൈചിത്ര്യങ്ങളുമുള്ള ജീവിതം കവിത-കഥാ-സരിത്തുകളായി തീരുന്നു. വൈരുദ്ധ്യങ്ങളും പരിണാമവൈചിത്ര്യങ്ങളും, വക്രതകളും, ഐറണികളും, സ്ഥിതിവിപര്യങ്ങളും ജീവിതപ്രവാഹത്തിൽ കണ്ടെത്താൻ കഴിയുന്ന ഉൾക്കണ്ണുകളുള്ളവർക്ക്‌ അവകൊണ്ട്‌ കഥകൾ മെനഞ്ഞെടുക്കുവാൻ കഴിയുന്നു. വശ്യവചസ്സുകൾക്ക്‌ ചാരുശില്പങ്ങളായി അവയെ വാക്കുകളിലൂടെ പുറത്തെടുത്തു വയ്‌ക്കാൻ കഴിയുന്നു. ഒരു കഷ്ണം മരത്തടിയിൽ നിന്ന്‌ വേണ്ടതു നിർത്തി, വേണ്ടാത്തതു ചെത്തിക്കളഞ്ഞും കൊണ്ടാണല്ലോ ഒരു ശില്പി പ്രതിമ നിർമ്മിക്കുന്നത്‌. ഭാഷ വാക്കുകളുടെ ഒരു ശേഖരമാണ്‌. ആ ശേഖരത്തിൽ നിന്ന്‌ കഥയ്‌ക്ക്‌ വേണ്ടത്‌ നിർത്തി, കഥയ്‌ക്കുതകാത്തത്‌ അകറ്റുകയാണ്‌ ഒരു കഥാകൃത്ത്‌ ചെയ്യുന്നത്‌. ആദ്യം പറഞ്ഞ ഉൾക്കാഴ്‌ചയും രണ്ടാമത്‌ പറഞ്ഞ വിവേചനയുമാണ്‌ ഒരാളെ കവിയോ കഥാകൃത്തോ ആക്കുന്നത്‌. ശ്രീ. ചന്ദ്രശേഖരൻ വൈരുദ്ധ്യങ്ങളിലേയ്‌ക്കും ഐറണികളിലേക്കും വൈചിത്ര്യങ്ങളിലേക്കും സ്ഥിതിവിപര്യങ്ങളിലേക്കും ആകൃഷ്ടമാകുന്ന മനോഘടനയുള്ള ആളാണ്‌. ഭാഷയെന്ന വാക്‌ശേഖരത്തിൽ നിന്നും കഥയ്‌ക്കു വേണ്ടുന്നവയെ സമന്വയിപ്പിച്ച്‌, ചാന്ദ്രപ്രകാശവും സാന്ദ്രസൗന്ദര്യവും സഞ്ചയിക്കാൻ വിരുതും വിവേചനശക്തിയും അദ്ദേഹത്തിനുണ്ട്‌.

“അലങ്കാരതൊപ്പി വെച്ച മരണം” എന്ന കഥാശേഖരത്തിലുള്ള കഥകളുടെ ഉത്തമ സാധാരണ ഘടകമെന്തെന്ന അന്വേഷണം വൈരുദ്ധ്യ-വൈചിത്ര്യ-വിപര്യ മണ്ഡപത്തിലേക്കു നമ്മേ നയിക്കും. ആ പേരിലുള്ള ആദ്യത്തെ കഥയിൽ വല്ലാത്തൊരു ഐറണിയാണ്‌ കഥാബീജം. വക്താവിനെ അർദ്ധരാത്രിക്ക്‌ ‘തട്ടുകട’യിലേക്ക്‌ ഭക്ഷണക്കൂട്ടിന്‌ ക്ഷണിക്കുന്നത്‌ രണ്ടുതവണ കോടിപതിയാവുകയും മൂന്നാമത്തേതുകൂടി ഒപ്പിച്ച്‌ ‘ഹാട്രിക്‌ നേടാൻ’ പാടുപെടുകയും ചെയ്യുന്ന ടോം എന്ന സുഹൃത്ത്‌. ക്ഷണം ഒഴിവാക്കാനാവാതെ പുറപ്പെടുന്ന വക്താവ്‌ ന്യൂസ്‌ റിപ്പോർട്ടർ കൊണ്ടുവന്ന വാർത്തയും ഫോട്ടോവും നോക്കുന്നു. ഫോട്ടോയിൽ പരിചിതമുഖം – വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച നടത്തിയെന്ന്‌ വാർത്ത. രണ്ടുതവണ കോടിപതിയായ ആളുടെ പത്നി. ഭർത്താവ്‌ വീട്ടിലില്ലായിരുന്നു. സെക്കന്റ്‌ഷോ കഴിഞ്ഞ്‌ തട്ടുകടയിൽ ഭക്ഷണത്തിനിരിക്കുന്ന ഭർത്താവിനെ കഥയിലെ വക്താവ്‌ ഓർക്കുന്നു. സർവ്വാഭരണ വിഭൂഷിതയായി അത്താഴവിരുന്നിന്നുപോയി സ്വല്പം ലഹരിയുമായി തിരിച്ചെത്തിയ ഭാര്യ വാതിൽ സാക്ഷയിടാതെ മയക്കത്തിലേക്കു വീണത്‌ മോഷ്ടാവിന്ന്‌ സഹായമായി. പക്ഷെ തൊട്ടപ്പോഴേക്ക്‌ ഉണർന്നതുകൊണ്ട്‌ കവർച്ചയ്‌ക്ക്‌ മുമ്പ്‌ കൊല എന്ന അസൗകര്യവുമുണ്ടായി. പോലീസ്‌ ഉടനെ സ്ഥലത്തെത്തുന്നുണ്ട്‌ എന്നു വ്യക്തം. സെക്കന്റ്‌ഷോ കഴിഞ്ഞ്‌ തട്ടുകടയിൽ നിന്ന്‌ ഭർത്താവ്‌ വിളിച്ചതുകൊണ്ട്‌ പോകാൻ പുറപ്പെട്ട പത്രപ്രവർത്തകന്‌ പുറപ്പെടും മുമ്പേ തന്നെ വാർത്ത കിട്ടുന്നു. വാർത്തയോടൊപ്പം ഒരു വൈരുദ്ധ്യവിശേഷം കൂടിയുണ്ട്‌. “രണ്ടുപ്രാവശ്യം കോടിപതിയായ ഭർത്താവ്‌ ഭാര്യയുടെ പേരിൽ പോളിസി എടുത്തിരുന്നില്ല”. ഈ അറിവ്‌ പോലീസിന്‌ എവിടെ നിന്നു ലഭിച്ചു എന്ന്‌ പ്രൂഫ്‌ റീഡർക്കെന്നപോലെ കഥയിലെ വക്താവിനും കഥയുടെ അനുവാചകനും അത്ഭുതപ്പെടേണ്ടിവരും. അപ്പോൾ ആരായിരിക്കാം മോഷ്ടാവ്‌? സ്ഥലത്തെത്തിയ പോലീസ്‌ കോടിപതിയുടെ അടുത്ത സുഹൃത്തു തന്നെയായിരിക്കുമോ? അയാളും അത്താഴവിരുന്നിലെ അതിഥിയായിരിക്കുമോ? കൊല്ലപ്പെട്ടവളുടെ മടക്കയാത്രക്ക്‌ ‘എസ്‌കോർട്ട്‌’ ആയതും അയാളായിരിക്കുമോ? ഇങ്ങനെ സമസ്യകളും വൈരുദ്ധ്യങ്ങളും ആണ്‌ കഥയിലെ മരണത്തിന്റെ അലങ്കാരത്തൊപ്പിക്കുള്ള വൈചിത്ര്യങ്ങൾ. സമൂഹത്തിലെ ഉന്നതശ്രേണികളിൽ വിഹരിക്കുന്നവരുടെ ധനലോഭവും ധർമ്മലോപവും അവരെ അലങ്കാരത്തൊപ്പിവെച്ച മരണത്തിന്റെ അതിഥികളാക്കുന്നതിന്റെ ചിത്രത്തിലൂടെ മൂല്യത്തകർച്ചയെന്ന വിപര്യത്തിന്റെ ധ്വനിയും കഥയുടെ ഭാവമേഖലയിലുൾപ്പെടുന്നു.

ഈ ശേഖരത്തിലെ പതിനൊന്നു കഥകളിലും വസ്തുതകളേക്കാൾ സത്യമായ കല്പനകളുടെ ചന്ദ്രകിരണങ്ങൾ സഞ്ചയിക്കാൻ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്‌.

അലങ്കാരത്തൊപ്പിവെച്ച മരണം (കഥകൾ)

എം.കെ. ചന്ദ്രശേഖരൻ

പ്രസാ ഃ ഹരിതം ബുക്സ്‌

വില ഃ 55രൂ.

Generated from archived content: book1_may11_07.html Author: m_leelavathy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here