ബൈബിളുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം. ഏറ്റവും കൂടുതല്‍ ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ച ചിത്രം. ( 11 എണ്ണം) ക്ലാസിക് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനവിജയവും സാമ്പത്തിക വിജയവും നേടിയ ചിത്രം. ചിത്രത്തിലെ 15 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന രഥയോട്ട മത്സരം ഇന്നും മറ്റാര്‍ക്കും സാധിക്കാത്ത സാഹസികതയും ഉദ്വേഗവും പ്രേക്ഷകരില്‍ വളര്‍ത്തുന്ന ചിത്രം എന്ന നിലയില്‍ സംവിധായകന് ( വില്യം വൈലര്‍) ചിരപ്രതിഷ്ഠ നേടി കൊടുത്തിട്ടുണ്ട്. ല്യുവാലസിന്റെ ‘ ബെന്‍ഹര്‍ – എ ടേല്‍ ഓഫ് ദ ക്രൈസ്റ്റ്’ ( 1880) എന്ന കൃതിയെ ആസ്പദമാക്കിയാണ് ലോകത്താദ്യമായി വൈഡ് സ്ക്രീന്‍ ടെക്നിക്കില്‍ 15 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ചത്. അക്കാലത്ത് 75 മില്യണ്‍ ഡോളര്‍ നേടി കളക് ഷനില്‍ റിക്കാര്‍ഡ് ഭേദിച്ച ചിത്രമാണ്.
ജെറുസലേമിലെ ധര്‍മ്മിഷ്ഠനായ ഒരു ധനിക വ്യാപാരിയാണ് ‘ ജൂദാ ബെന്‍ഹര്‍’ , ജൂദിയായിലെ ജനങ്ങള്‍ റോമന്‍ സാമ്രാജ്യത്തിലെ അടിച്ചമര്‍ത്തലിനും ദുഷ് ചെയ്തിക്കും എതിരെ കലാപം കൂട്ടുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ സീസര്‍ ചക്രവര്‍ത്തി പുതിയ ജനപ്രധിനിധിയായ മെസ്സായെ അയക്കുന്നു. മെസ്സാല , ജൂദായുടെ ബാല്യകാല സുഹൃത്തും ജൂദിയാ നിവാസിയുമാണ്. ആദ്യ കൂടിക്കാഴ്ചയില്‍ അവര്‍ പരസ്പരം ആലിംഗനം ചെയ്ത് സുഹൃദ് ബന്ധം പുതുക്കുന്നുവെങ്കിലും രണ്ടു പേരുടേയും മനസു പറയുന്നുണ്ട് തങ്ങള്‍ അകലാന്‍ പോവുകയാണെന്ന്. ഒരാള്‍ അടിച്ചമര്‍ത്തലിന്റെയും ധാര്‍ഷ്ട്യത്തിന്റേയും വക്താവെങ്കില്‍ ബെന്‍ ഹര്‍ സത്യസന്ധനും ദൈവവിശ്വാസിയുമാണ്. അവിടെ ഗവര്‍ണര്‍ ഒരു ചടങ്ങിനായി വന്ന ഘട്ടത്തില്‍ തന്നെ അവര്‍ തമ്മില്‍ അകലാനുള്ള സാഹചര്യം വരുന്നു. ബെന്‍ഹറിന്റെ വീടിന്റെ ഓടിളകി വീണ് ഗവര്‍ണറുടെ കുതിരകള്‍ വിരണ്ടോടിയത് , ഗവര്‍ണറെ അപമാനിക്കാാന്‍ വേണ്ടി ബെന്‍ഹര്‍ മ:നപൂര്‍വം ചെയ്ത കുറ്റമായി ആരോപിച്ച് മെസ്സാലെ അയാളെ കുറ്റക്കാരനാക്കി വിധി കല്‍പ്പിച്ച് അടിമക്കപ്പലിലേക്കയക്കുന്നു. ബെന്‍ഹറിന്റെ അമ്മ മറിയവും സഹോദരി തിര്‍സയേയും ജയിലിലടക്കുന്നു. യഹൂദ ജനതയുടെ മനസ്സില്‍ എന്നും ഭയവും വിദ്വേഷവും വളര്‍ത്തുന്നതിനും കൂടിയായിരുന്നു ഈ നടപടി. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ബെന്‍ഹര്‍ അടിമയായി ജോലി ചെയ്യുന്ന മെക്സിഡോണയില്‍ കടല്‍കൊള്ളക്കാരെ അമര്‍ച്ച ചെയ്യാനായി ചക്രവര്‍ത്തി കപ്പലില്‍ ഭടന്മാരെ അയക്കുന്നു. യുദ്ധത്തില്‍ പരിക്കേറ്റ് കടലില്‍ വീണ കപ്പല്‍ തലവന്‍ ക്വിന്റ്സ് അരിയസ്സിന്റെ ജീവന്‍ രക്ഷിച്ചതിന് പ്രത്യുപകാരമായി ബെന്‍ഹറിന്റെ പേരിലുള്ള കുറ്റാരോപണങ്ങളെല്ലാം പിന്‍വലിച്ച് അദ്ദേഹത്തെ സൈന്യത്തിലെ തേരാളിയാക്കുന്നു. ജൂദയായില്‍ തിരിച്ചെത്തിയ ബെന്‍ഹര്‍ കുതിരയോട്ടക്കമ്പക്കാരനായ അറബ് ഷേയ്ക്ക് ഇല്‍ ദെരീലിനെ പരിചയപ്പെടുന്നു. ബെന്‍ഹറിന്റെ കഴിവ് മനസിലാക്കിയ ഷെയ്ക്ക് അടുത്ത് നടക്കാന്‍ പോകുന്ന കുതിരയോട്ട മത്സരത്തിനായി ശക്തനായ കുതിരയോട്ടക്കാരനായി അറിയപ്പെടുന്ന മെസാലയ്ക്കെതിരെ ബെന്‍ഹറിനെ ഇറക്കുന്നു. മത്സരത്തില്‍ മുന്നേറുന്ന ബെന്‍ഹറിനെ പലതവണ ചതിപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുന്നെങ്കിലും ബെന്‍ഹര്‍ തന്നെ വിജയിക്കുന്നു. മത്സരത്തില്‍ മാരകമായ പരിക്കേറ്റ് മരണത്തിലേക്ക് നീങ്ങുന്ന മെസാലക്ക് മാപ്പ് കൊടുക്കുമ്പോള്‍ ജൂദായുടെ സഹോദരിയും അമ്മയും കുഷ്ഠരോഗികളുടെ താഴവരയിലുണ്ടെന്ന് അറിയിക്കുന്നു. അമ്മയേയും സഹോദരിയേയും രക്ഷിക്കാനായി ബെന്‍ഹര്‍ ചെല്ലുമ്പോള്‍ ക്രിസ്തുവിന്റെ ഗിരി പ്രഭാഷണം കേള്‍ക്കാനിട വന്നു . ബെന്‍ഹറിന്റെ വിശ്വസ്തയായ അടിമപ്പെണ്ണ് എസ്തറിന്റെ നിര്‍ദ്ദേശപ്രകാരം അമ്മയേയും സഹോദരിയേയും അങ്ങോട്ട് കൊണ്ടൂപോകുന്നെങ്കിലും ഇതിനിടെ ക്രിസ്തുവിനെ ബന്ധനസ്ഥനാക്കി കുരിശുവിചാരണയാരംഭിച്ചിരുന്നു. വിചാരണക്കു ശേഷം കുരിശ്ശില്‍ തറക്കാനായി ക്രീസ്തുവിനെ കൊണ്ടുപോകുന്ന സമയം വെള്ളം കൊടുക്കാന്‍ കഴിഞ്ഞതിലൂടെ അമ്മയുടെയും സഹോദരിയുടെയും അസുഖം മാറുന്നു. ക്രിസ്തുമരണത്തിന് സാക്ഷിയാവുന്ന ബെന്‍ഹറിനും അമ്മക്കും സഹോദരിക്കും പുതിയൊരു വെളിച്ചം ലഭിക്കുന്നു. പരസ്പരം ബഹുമാനിക്കുക , ക്ഷമിക്കുക അതോടെ ബെന്‍ഹറിന്റെ മനസ്സിലെ പകയെല്ലാം അടങ്ങുന്നു.
ബെന്‍ഹറിന്റെ കഥ മുമ്പും പിന്നീടും ചലച്ചിത്രമായിട്ടുണ്ട്. ഏറ്റവും അവസാനം 2003 ലെ അനിമേഷന്‍ പതിപ്പ് (ഒറ്ററീല്‍ ചിത്രം) – പക്ഷെ അവയ്ക്കൊന്നും ഒരു തരത്തിലും വില്യം വൈലറുടെ ബെന്‍ഹറിനെ മറികടക്കാനായില്ല.
1902 ജൂലൈ 27 – ന് ഫ്രാന്‍സിലെ സ്വിസ്- ജര്‍മ്മന്‍ ദമ്പതികളുടെ മകനായിട്ടാണ് ജനനം. 18- ആമത്തെ വയസില്‍ ഫ്രാന്‍സില്‍ ബിരുദധാരിയായ ശേഷം അമ്മാവന്‍ യൂണിവേഴ്സല്‍ പിക്ചേഴ്സ് ഉടമ കാള്‍ലിംലയുടെ ക്ഷണപ്രകാരം അമേരിക്കയിലെത്തുന്നു. സഹ സംവിധായകനും നടനുമായിട്ടായിരുന്നു തുടക്കം. 1925 -ല്‍ നിര്‍മ്മിച്ച രണ്ട് റീല്‍ ചിത്രമായ ‘ ക്രൂക്ക് ബസ്റ്റര്‍’ ആണ് ആദ്യ ചിത്രം. 1928 ലെ ‘ എനിബഡിഹിയ സീന്‍ കെല്ലി’ ചിത്രത്തിലൂടെ ഫീച്ചര്‍ ഫിലിം രംഗത്തേക്ക് വന്നു. 1930 -ല്‍ നിര്‍മ്മിച്ച ‘ഹെല്‍ഡ് ഹീറോസ്’ ചിത്രത്തിലൂടെ പ്രസിദ്ധനായി. സ്റ്റുഡിയോക്ക് പുറത്താണ് ഈ സിനിമ നിര്‍മ്മിച്ചതെന്ന ഖ്യാതിയും നേടി . പിന്നീട് യൂണിവേഴ്സല്‍ വിട്ട് മറ്റ് കമ്പനികള്‍ക്ക് വേണ്ടി സിനിമകള്‍ സംവിധാനം ചെയ്തു. എമിലി ബ്രോണ്ടിയുടെ ; ‘വുതറിംഗ് ഹൈറ്റ്സ്’ സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന സംവിധായകനായി മാറി. 42 ലെ ‘ മിസ്സിസ്സ് മിനിവര്‍ സിംഗ്’ ആദ്യ ഓസ്ക്കാര്‍ ബഹുമതി നേടി. ( സംവിധാനം , ഛായാഗ്രഹണം തിരക്കഥ, അഭിനയം എന്നീ വിഭാഗങ്ങളില്‍ 5 അവാര്‍ഡുകള്‍ ) അതിനു ശേഷം യു. എസ് ആര്‍മിയില്‍ ഓഫീസറായി സേവനമനുഷ്ഠിച്ചുള്ള കാലഘട്ടത്തില്‍ ആര്‍മിക്ക് വേണ്ടി രണ്ട് സൈനിക ഡോക്യുമെന്റെറികള്‍ – അതില്‍ ‘ഫൈറ്റിംഗ് ലേഡി’ മികച്ച ഡോക്യുമെന്റെറിക്കുള്ള ഓസ്ക്കാര്‍ അവാര്‍ഡ് നേടി. സൈന്യസേവനം മതിയാക്കി പിന്നീട് നിര്‍മ്മിച്ച ‘ബെസ്റ്റ് ഇയേഴസ് ഓഫ് അവര്‍ ലവ്സ്’ എന്ന ചിത്രം ഏഴ് ഓസ്ക്കാര്‍ നേടി. 1959 ലാണ് ബെന്‍ഹര്‍ നിര്‍മ്മിച്ച് ചരിത്ര റിക്കാര്‍ഡായ 11 ഓസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയത്. ‘ ലിബറേഷന്‍ ഓഫ് ബിജോണസ്’ ( 1970) ആണ് അവസാന ചിത്രം.
വില്യം വൈലറുടെ സിനിമാജീവിതം – ഹോളിവുഡ്ഡ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമതി നേടിയ സംവിധായക- നിര്‍മ്മാതാവ് എന്ന് മാത്രമല്ല, നിശ്ശബ്ദ സിനിമ തൊട്ട് ആധുനിക സിനിമയിലെ പുതിയ പ്രവണതകള്‍ വരെ പരീക്ഷിക്കാന്‍ ഭാഗ്യമുണ്ടായ ചലച്ചിത്രകാരന്‍ എന്ന ഖ്യാതിയും അദ്ദേഹത്തിനാണ്. 12 തവണ ഓസ്ക്കാര്‍ നോമിനേഷനുകള്‍ കിട്ടിയ ഇദ്ദേഹത്തിന് സംവിധാനത്തിന് 3 തവണയാണ് പുരസ്ക്കാരം ലഭിച്ചത്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ ലൈഫ് ടൈം അച്ചീവ്മെന്റ്’ (1976 ) അണ് അവസാന ബഹുമതി.
കലിഫോര്‍ണിയായിലെ ബെവര്‍ലി ഹില്‍സില്‍ വച്ച് 1981 ജൂലായ് 27 – ന് ഹൃദയാഘാതം മൂലമായിരുന്നു മരണം.
Generated from archived content: cinema1_sep10_12.html Author: m_k
Click this button or press Ctrl+G to toggle between Malayalam and English