ലോക സിനിമ(18) ബ്രീത്ത് ലെസ്സ് (1960) – ഗോദാര്‍ദ്

ഫ്രഞ്ച് നവതരംഗ സിനിമയുടെ ശില്പി എന്നാണ്‍ ഴാങ് ലുക്ക് ഗോദാര്‍ദ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമ കാണുന്ന പ്രേക്ഷകര്‍ സാധാരണ പ്രേക്ഷകരേക്കാളും മുപ്പത് വര്‍ഷം മൂപ്പുള്ളവരാണെന്നാണ് ഗോദാര്‍ദ് തന്നെ പറയുന്നത്.

ഗോദാര്‍ദിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 1959-ല്‍ നിര്‍മ്മാണമാരംഭിച്ച് 1960 മാര്‍ച്ചില്‍ പുറത്ത് വന്ന ‘ബ്രീത്ത് ലെസ്സ് ’സാങ്കേതികവിദ്യയുടെ അന്ന് വരെയുള്ള മികവ് പ്രകടിപ്പിച്ച ചിത്രം. നിരൂപകരേയും ചലച്ചിത്ര പ്രവര്‍ത്തകരേയും ഉയര്‍ന്നതല ആസ്വാദകരേയും അമ്പരപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറയെ പ്രത്യേക ആംഗിളുപയോഗിച്ചുള്ള ആവിഷ്ക്കാരരീതി വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

മോഷണം തൊഴിലാക്കിയ മൈക്കല്‍ മിഷേല്‍ നായക കഥാപാത്രമാകുന്ന ചിത്രത്തില്‍ മോഷണത്തിനിടയില്‍ ബൈക്കില്‍ പിന്തുടരുന്ന പോലീസുകാരനെ വെടിവെച്ച് കൊല്ലുന്നു. പാരീസിലെ ഒളിവ് ജീവിതത്തിനിടയില്‍ തന്റെ അമേരിക്കന്‍ ഗേള്‍ഫ്രണ്ടായ പട്രീഷ്യയും കൂട്ടിനുണ്ട്. പണമില്ലാത്ത അവസ്ഥയില്‍ രു അധോലോക ഇടപാടുകാരനില്‍ നിന്ന് പണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ഇറ്റലിയിലേക്കു കടക്കാനുള്ള ശ്രമത്തിനിടയില്‍ കാമുകിയായ പട്രീഷ്യ തന്നെ തന്ത്രപൂര്‍വം അയാളെ കുടുക്കി പോലീസിനൊറ്റുകൊടുക്കുന്നു. പോലീസെത്തുന്നതിനു കാരണം താനാണെന്നു അവള്‍ മൈക്കല്‍ മിഷേലിനോടു പറയുന്നുണ്ട്. അവസാനം പോലീസിന്റെ വെടിയുണ്ടയേറ്റ് മിഷേല്‍ മരിക്കുന്നു. ഒരര്‍ത്ഥത്തില്‍ മൈക്കല്‍ മിഷേല്‍ തന്റെ മരണം സ്വയം തിരെഞ്ഞെടുത്തതാണെന്നാണ് പിന്നീട് മനസിലാക്കാനാവുക. ഒരെഴുത്തുകാരിയാവാന്‍ ശ്രമിക്കുകയാണ് പട്രീഷ്യ. ഒടുവില്‍ മൈക്കല്‍ മിഷേലിന്റെ കഥ, അവളുടെ ഇഷ്ടത്തിന്നനുസരിച്ച് കഥയാക്കാനുള്ള ശ്രമത്തിലാണ്.

ജമ്പ് കട്ടുകളിലൂടെ സന്നിവേശം നടത്തിയ ഈ ചിത്രം വിഭ്രകാത്മകമായ ഒരവസ്ഥയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. അന്യതാബോധമുള്ള ഒരു തലമുറയിലെ നായകന്‍ അതാണ് മൈക്കല്‍ മിഷേല്‍. വ്യക്തിത്വത്തിന്റെ അന്തര്‍ ധാരയിലൂന്നിയുള്ള ഈ സിനിമ ഒരയാഥാര്‍ത്ഥ ലോകത്തിലേക്ക് കൊണ്ടു പോകുന്നതായി പ്രേക്ഷകര്‍ക്കനുഭവപ്പെടും. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ സംവിധാനത്തിന് സില്‍വര്‍ ബെയര്‍ നേടിയിട്ടുണ്ട്. കൂടാതെ വേറെയും നിരവധി അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി.

1930 ഡിസംബര്‍ 3 – ന് പാരീസിലെ ഒരു പ്രൊട്ടസ്റ്റെന്റ് കുടുംബത്തിലാണ് ഗോദാര്‍ദിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സോര്‍ബണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. പിന്നീട് ‘ ഗസ്റ്റേ സിനേമ’ എന്ന മാസിക തുടങ്ങിയെങ്കിലും സിനിമയോടുള്ള വീട്ടുകാരുടെ എതിര്‍പ്പ് കാരണം അത് വിട്ട് സ്വിറ്റ്സര്‍ലണ്ടിലെ ഒരണക്കെട്ടിലെ പ്രൊജക്ട് ഓഫീസറായി. സിനിമാരംഗത്തേക്ക് വരുന്നത് ‘ ഓപ്പറേഷന്‍ ബീറ്റണ്‍’ ആണ് ആദ്യ ചിത്രം. അതൊരു ഹൃസ്വചിത്രമായിരുന്നു. പിന്നെ എഡിറ്ററായും ഹൃസ്വചിത്ര നിര്‍മ്മാണവുമായും മുന്നോട്ട് പോയി. ഫ്രഞ്ച് നവരംഗ് സിനിമയുടെ സ്വാധീനത്താല്‍ 1960- ല്‍ “ബ്രീത്ത് ലെസ്’‘ എന്ന ചിത്രവുമായി സിനിമാരംഗത്ത് സജീവമായി മുന്നോട്ടു വന്നു. കാന്‍- ബെര്‍ളിന്‍ മേളകളില്‍ ചിത്രം അംഗീകാരങ്ങള്‍- സംവിധാനത്തിനും ചിത്രത്തിനും നേടിയതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പക്ഷെ അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധത്തെപറ്റി നിര്‍മ്മിച്ച പിന്നീട് വന്ന ‘ ലാപെറ്റിറ്റ് സോള്‍ഡാറ്റ്’ നിരോധിക്കപ്പെടുകയാണുണ്ടായത്.

ദ വീകെന്റ്, ഫ്രീഹേരകാര്‍മെന്‍, ഹെയില്‍ മേരി, കിംഗ് ലിയര്‍, വിന്റെര്‍‍ ഫ്രം ദ ഈസ്റ്റ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബ്രീത്ത് ലെസ്സിനെപ്പോലെ സാമ്പത്തിക വിജയം നേടാനായില്ലെങ്കിലും ഈ ചിത്രങ്ങളെല്ലാം ഗോദാര്‍ദ് എന്ന സംവിധായക പ്രതിഭയെ ലോക സിനിമാരംഗത്തേക്കെത്തിച്ചു. ‘ ഹെയില്‍ മേരി’ യില്‍ കന്യാമറിയത്തെ ആധുനിക വസ്ത്രങ്ങള്‍ ധരിച്ച പെട്രോള്‍ പമ്പ് ജീവനക്കാരിയായി ചിത്രീകരിച്ചതിനാല്‍ കത്തോലിക്കാ സഭയുടെയും വത്തിക്കാന്റേയും എതിര്‍പ്പ് നേരിടേണ്ടി വന്നു. പിന്നീട് ചിത്രം നിരോധിക്കപ്പെട്ടു. ഇടക്ക് കുറെക്കാലം വീഡിയോ ചിത്രങ്ങളിലേക്ക് മടങ്ങിയെങ്കിലും 1972 -ല്‍ ……………… എന്നീ സിനിമയിലൂടെ വീണ്ടും മടങ്ങി വന്നു. മാവോയിസ്റ്റ് തിയറികളില്‍ ആകൃഷ്ടനായി കുറെ ഡോക്യുമെന്റെറികള്‍ നിര്‍മ്മിച്ചു. 1976 -ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ പോയി. വീണ്ടും ഫീച്ചര്‍ സിനിമാരംഗത്തേക്ക് വന്നു.

രാഷ്ട്രീയ രംഗം തന്റേതായ കാഴ്ചപ്പാടില്‍ അദ്ദേഹം പല സിനിമകള്‍ക്കും പ്രമേയമാക്കിയിട്ടുണ്ട്. രാഷ്ട്രീയം സിനിമയിലേക്കു കൊണ്ടുവരികയല്ല മറിച്ച് സിനിമ തന്നെ രാഷ്ട്രീയമായി നിര്‍മ്മിക്കപ്പെടുക എന്ന തലത്തിലേക്ക് വഴിമാറി. മാര്‍ക്സിസത്തോട് ആഭിമുഖ്യം പുലര്‍ത്തിയ ആള്‍ തന്നെ ചില സമയം മാര്‍ക്സിസത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. അരാജകവാദി എന്ന ആരോപനവും നേടിയിട്ടുണ്ട്.

പാശ്ചാത്യ സിനിമകള്‍ പണം വാരിചിത്രങ്ങള്‍ എന്ന നിലയിലല്ലാതെ ഒരു സിനിമയെന്ന് വിളിക്കാനര്‍ഹതയില്ലെന്ന് ഗോദാര്‍ദ് അഭിപ്രായപ്പെടുന്നു. ആശയങ്ങളും ഫ്രഞ്ച് സിനിമക്ക് പണമില്ല എന്നതില്‍ വിഷമുണ്ടെങ്കിലും പാശ്ചാത്യ സിനിമകള്‍ക്ക് ഭൂതകാലമില്ലാത്തതിനാല്‍ ഫ്രഞ്ച് സിനിമകള്‍ അവയേക്കാളും മേലെയാണെന്ന് ഗോദാര്‍ദ് വിലയിരുത്തുന്നു. ബ്രീത്ത് ലെസ്സ് എന്ന സിനിമയിലല്ലാതെ മറ്റൊന്നിനും മുന്‍കൂട്ടി സ്ക്രിപ്റ്റ് തയ്യാറാക്കിയിരുന്നില്ല. ഇതിനിടയില്‍ തന്റെ തന്നെ കലാപ്രവര്‍ത്തനത്തെ ആസ്പദമാക്കി …………… എന്നൊരു ആത്മപരിശോധന നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഡോക്യുമെന്റെറിയും നിര്‍മ്മിച്ചിട്ടുണ്ട്. ബ്രീത്ത് ലെസ് എ വുമണ്‍, മൈ ലൈഫ് ടു വിവ്, ആല്‍ഫാവില്ലെ, വീക്കെന്‍ഡ് വിന്‍ഡ് ഫ്രം ദ ഈസ്റ്റ്, കാര്‍മെന്‍, ഹെയില്‍ മേരി, കിംഗ് ലിയര്‍, ഫോറെവര്‍ മൊസാള്‍ട്ട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

Generated from archived content: cinema1_oct18_12.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here