ലോക സിനിമ(20) ക്നൈഫ് ഇന്‍ ദ വാട്ടര്‍ – റൊമാന്‍ പൊളാസ്കി

ദുരന്തങ്ങള്‍ മാത്രം നേരിടേണ്ടി വരുന്ന ബാല്യത്തിന്റെ ഓര്‍മ്മയില്‍ കുത്തഴിഞ്ഞ അരാജക ജീവിതം മാത്രം സ്വന്തമാക്കിയ ഒരു തലതിരിഞ്ഞ സ്വഭാവമുള്ള റൊമാന്‍ പൊളാസ്കിയുടെ ചലച്ചിത്രങ്ങളിലും അതിന്റെ പ്രതിഫലനം കാണാം. 1968 -ല്‍ സംവിധാനം ചെയ്ത ക്നൈഫ് ഇന്‍ ദ വാട്ടര്‍ എന്ന ആദ്യ ചിത്രം തന്നെ അദ്ദേഹത്തെ ലോക പ്രശസ്ത സംവിധായകനാക്കി മാറ്റി. സ്വന്തം അസ്തിത്വം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്ന മനുഷ്യന്റെ അവസ്ഥയാണ് ഈ സിനിമയില്‍ പ്രമേയമായി മാറിയിട്ടുള്ളത്.

ഒരു സ്പോര്‍ട്ട് സ് ജേര്‍ണലിസ്റ്റും ബോട്ടിംഗ് വിദഗ്ദനുമായ ആന്ദ്രേ ഭാര്യയുമൊരുമിച്ച് ഒരു യാത്ര പോകുന്നു. കുറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലാത്ത അവരുടെ ദാമ്പത്യ ജീവിതത്തിന്റെ കലാശം ഈ യാത്രയോടെ ഉണ്ടാവണമെന്നതാണവരുടെ രണ്ടു പേരുടെയും ആഗ്രഹം. ബോട്ട് യാത്രക്കിടയിലാണ് യാദൃശ്ചികമെന്നോണം അവരുടെയിടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നത്. ആന്ദ്രേയുടെ ഭാര്യ ക്രിസ്റ്റിന്‍ ഒരത്താണിയായി ചെറുപ്പക്കാരനെ കാണുന്നു. ഭാര്യാഭര്‍തൃബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതാണെങ്കിലും അവരുടെ ചെറുപ്പക്കാരനോടുള്ള അഭിനിവേശം ആന്ദ്രേയില്‍ അസൂയയുളവാക്കുന്നു . പലപ്പോഴും വാഗ്വാദങ്ങളും സംഘര്‍ഷങ്ങളും ആ കൂടിക്കാഴ്ചയില്‍ വന്ന് ചേരുമ്പോള്‍ ചെറുപ്പക്കാരന്‍ ഒരു ഘട്ടത്തില്‍ ആന്ദ്രേക്കു നേരെ കത്തി ചൂണ്ടുന്നു. പക്ഷെ , ആന്ദ്രേ സൂത്രത്തില്‍ ചെറുപ്പക്കാരനെ വെള്ളത്തിലേക്കു തളളി വിടുകയാണ്. എന്നിട്ടും ചെറുപ്പക്കാരന്‍ മരിക്കുന്നില്ല. എന്ന് മാത്രമല്ല അവശനായി തീരത്തയാള്‍ കിടക്കുന്ന അവസ്ഥയിലും ക്രിസ്റ്റിന്‍ അയാളുമായി വേഴ്ചയിലേര്‍പ്പെടുന്നുണ്ട്. പിരിയണം എന്ന ആശയുവുമായി യാത്രക്ക് തയ്യാറായ ആന്ദ്രേയും ക്രിസ്റ്റിനും കഥാന്ത്യത്തില്‍ പിരിയുക തന്നെ ചെയ്തു.

പൊളാന്‍സ്കി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്ന വേളയില്‍ മനസ്സില്‍ മിറയുന്ന സംഘര്‍ഷങ്ങളും അത് വഴി വന്ന് ചേരുന്ന അക്രമവാസനയും നിറഞ്ഞതാണ് ഇങ്ങനെയുള്ളവരുടെ ജീവിതമെന്ന് പൊളാന്‍സ്കി പറഞ്ഞു വയ്ക്കുന്നു.

പൊളാന്‍സ്കിയുടേ ജീവിതം ബാല്യം മുതല്‍ക്കേ ദുരന്തം നിറഞ്ഞതായിരുന്നു. 1933 ആഗസ്ത് 18 – ന് പോളീഷ്- ജൂത ദമ്പതികളുടെ പുത്രനായിട്ടാണ് ജനനം. എട്ടാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊപ്പം നാസി കോണ്‍ട്രേഷന്‍ ക്യാമ്പില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. നാസി ഭടന്‍മാരുടെ പീഢനമേറ്റ് മാതാപിതാക്കള്‍ മരിക്കുന്നു. മാതാവിനെ ബലാല്‍ക്കാരം ചെയ്യുന്നത് കാണേണ്ടി വന്ന ഒരു ബാ‍ലന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാവുന്നതേ ഉള്ളു. ആ ബാലന്റെ തുടര്‍ന്നുള്ള ജീവിതം കുത്തഴിഞ്ഞ നിലയിലായിരുന്നു. ദാരിദ്ര്യം , അനാഥത്വം , തെരുവില്‍ കഴിയേണ്ടി വരുന്ന അവസ്ഥ – ഇതൊക്കെയുണ്ടായിരുന്നിട്ടും പെയ്ന്റിംഗ്, നാടകാഭിനയം – ഇവയിലൊക്കെ താത്പര്യം കാട്ടിയിരുന്നു. ബ്രിട്ടനിലും ഫ്രാന്‍സിലും അമേരിക്കയിലുമുള്ള പ്രവാസി ജീവിതത്തിനൊടുവില്‍, ഫ്രഞ്ച് പൗരത്വം നേടി ഷാരോണ്‍ ടറ്റ എന്ന നടിയെ വിവാഹം ചെയ്ത് കുടുംബജീവിതത്തിലേക്ക് കടന്നെങ്കിലും മയക്കുമരുന്നിനും ലൈംഗികവൈകൃതത്തിനും ഇരയായി തീര്‍ന്ന ജീവിതമായിരുന്നു . ഇതിനിടയില്‍ ജൂത വിരുദ്ധ സംഘക്കാരുടെ പീഢനത്താല്‍ ഗര്‍ഭിണിയായ ഭാര്യ കൊല്ലപ്പെട്ടതോടെ മുന്‍പില്‍ നോട്ടമില്ലാത്ത തലതിരിഞ്ഞ ഒരു ജീവിതമായിരുന്നു. പിന്നീട് 1954 -ല്‍ ആന്ദ്രെവൈദയുടെ ചലച്ചിത്രങ്ങളിലൂടെ നടനായിട്ടാണ് സിനിമാരംഗത്തേക്കു വരുന്നത്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് പോളിഷ് സ്റ്റേറ്റ് ഫിലിം സ്കൂളില്‍ സിനിമാ പഠനത്തിനു ചേര്‍ന്നു. ടു മെന്‍‍ ആന്റ് എ വാര്‍ഡ്രോബ് എന്ന ഡിപ്ലോമ ചിത്രത്തിലൂടെ പ്രശസ്തനായി. പിന്നീടാണ് ആദ്യ ചിത്രമായ ‘ കൈഫ് ഇന്‍ ദ വാട്ടര്‍’ സംവിധാനം ചെയ്ത് പ്രശസ്തിയാര്‍ജ്ജിക്കുന്നത് . ഓസ്ക്കാര്‍ നോമിനേഷനര്‍ഹമായതോടെ ചലചിത്ര രംഗത്ത് സ്വന്തമായി ഒരു മേല്‍ വിലാസം ലഭിച്ചു. 68 – ല്‍ നിര്‍മ്മിച്ച ‘ റോസ് മേരി ബേബി’ ഓസ്ക്കാര്‍ പുരസ്ക്കാരം നേടി. 1974-ല്‍ നിര്‍മ്മിച്ച ‘ ചൈനാ ടൗണും ഓസ്ക്കാര്‍ നോമിനേഷനുകള്‍ നേടിയ ചിത്രമാണ്. ബഫ്താ പുരസ്ക്കാരം, ബര്‍ലിന്‍ സ്പെഷല്‍ ജൂറി പുരസ്ക്കാരം ഇവയൊക്കെ പൊളാന്‍സ്കിയെ തേടിവന്ന ബഹുമതികളാണ്. നാസി പീഢനത്തിന് വിധേയനായ ഒരു സംഗീതജ്ഞന്റെ ജീവിതം സാക്ഷാത്ക്കരിച്ച ‘ പിയാ‍നിസ്റ്റ് ’ 2002 ലെ മികച്ച സിനിമക്കുള്ള കാന്‍ / സെസാര്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. റിപ്പാള്‍സണ്‍, റോസ്മേരി ബേബി, ദ ടെന്‍ന്റ് എന്നീ ചിത്രങ്ങളടങ്ങിയ അപ്പാര്‍ട്ട്മെന്റ് …. പ്രസിദ്ധമാണ്. 2009 ലെ ബെര്‍ലിന്‍ പുരസ്ക്കാരം നേടിയ ‘ ഗോസ്റ്റ് റൈറ്റര്‍’ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 70 കളിലെ ഒരു ബാലികാ പീഢന കേസുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലായിരുന്ന സമയത്താണ് ‘ ഗോസ്റ്റ് റൈറ്റര്‍’ പൂര്‍ത്തീകരിച്ചത്. ജീവിതത്തില്‍ താനനുഭവിച്ച നരകയാതനകളും ഒറ്റപ്പെടലുകളും അരാജകത്വവും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ദര്‍ശിക്കാനാകും.

Generated from archived content: cinema1_nov15_12.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here