പാശ്ചാത്യരാജ്യങ്ങളില്‍ മാത്രമല്ല , മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും, ഇന്‍ഡ്യയിലും ജപ്പാനിലും – മേലേക്കിട ചിത്രങ്ങളുണ്ടെന്ന് തെളിയിച്ചു കൊടുത്ത രണ്ട് ചിത്രങ്ങളാണ് അകിരകുറസോവയുടെ റാഷാമോണം സത്യജിത് റേയുടെ പാഥേര്‍പാഞ്ചാലിയും. ജാപ്പാനീസ് കഥാകൃത്തായ -റിനോറോസുകി അകുതഗാവ രണ്ടു കഥകള്‍ (റാഷാമോണ്‍, ഇന്‍ എ ഗ്രോവ്) ഇവ വികസിപ്പിച്ചെടുത്ത തിരക്കഥയാണ് റാഷാമോണിന്റെ പിറവിക്ക് കാരണമായത്.
ശക്തമായ മഴയില്‍ നിന്നും രക്ഷപ്പെടാനായി നഗരത്തിന്റെ പ്രവേശനകവാടമായ റാഷാമോണില്‍ യാദൃശ്ചികമായി ഒത്തു കൂടുന്ന ഒരു പുരോഹിതന്‍, വിറകുവെട്ടി, വഴിപോക്കന്‍ ഇവരുടെ സംഭാഷണങ്ങളിലൂടെ നഗരത്തിലെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്ന കൊലപാതക കഥയുടെ ചുരുളഴിയുന്നു. കോടതിവിചാരണയാല്‍ മൂന്നുപേരും മൂന്നു വ്യത്യസ്ത വീക്ഷണങ്ങളിലൂടെയുള്ള വിവരണങ്ങളാണ് നല്‍കുന്നത് . ഇതിനു പുറമെ ന്യായാധിപന്റെ ഭാഗത്ത് ക്യാമറയാണ്.
കാട്ടിലൂടെ സഞ്ചരിക്കുന്ന ഒരു പ്രഭുവും ഭാര്യയും തേജോമാരു എന്ന കാട്ടുകള്ളനാലാക്രമിക്കപ്പെട്ട് മരണമടയുകയും ഭാര്യ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ ഭാര്യ പറയുന്നത് കൊള്ളക്കാരന്റെ ആക്രമണത്തെ ആദ്യം ചെറുത്തുവെങ്കിലും പിന്നീട് ഭര്‍ത്താവുമായാലോചിച്ച് അവള്‍ സമ്മതിക്കുകയായിരുന്നത്രെ. ബലാത്സംഗത്തിന് വിധേയയായ ഭാര്യ – പിന്നീട് ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണെങ്കിലും , അയാളെ കൊല്ലാനാവശ്യപ്പെടുകയാണ് താന്‍ ചെയ്തതെത്രെ. ഒരു മല്ലയുദ്ധത്തിനു ശേഷമാണത്രെ കൊള്ളക്കാരനാല്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവന്റെ പ്രേതം സംസാരിക്കുന്നത്. വേറൊരു ഭാഷ്യമാണ് . ബലാത്സംഗത്തിന് ശേഷം തന്റെ ഭാര്യയാണ് കൊള്ളക്കാരനോട് കൊല്ലാനപേക്ഷിക്കുന്നത്. രണ്ട് പുരുഷന്മാരോടൊത്ത് ശയിക്കപ്പെട്ടവള്‍ എന്ന അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണത്രെ അവളങ്ങനെ ആവശ്യപ്പെട്ടത്. പക്ഷെ, കൊള്ളക്കാരന്‍ അതിന് തയ്യാറാകാഞ്ഞപ്പോള്‍ താന്‍ സ്വയം കുത്തിമരിക്കുകയായിരുന്നു.
മരം വെട്ടുകാരന്റെ ഭാഷ്യം ഇതില്‍ നിന്നും വ്യത്യസ്തമാണ് ബലാത്സംഗത്തിനു ശേഷം ആ കൊള്ളക്കാരനാണ് ആ സ്ത്രീയോട് വിവാഹം കഴിക്കാനാവശ്യപ്പെട്ടത്. പക്ഷെ അവള്‍ കരഞ്ഞു കൊണ്ടപേക്ഷിച്ചപ്പോള്‍ ബന്ധനസ്ഥനയ ഭര്‍ത്താവിനെ അഴിച്ച് വിട്ട് സ്വതന്ത്രനാക്കി. ഇത്തരം ഒരു സ്ത്രീക്ക് വേണ്ടി മരിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞപ്പോള്‍ കൊള്ളക്കാരനും അവളിലുള്ള താത്പര്യം കുറയുന്നു. അതൊരു വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി. മല്ലയുദ്ധത്തിലവസാനിച്ച് ഭര്‍ത്താവ് കൊല്ലപ്പെടുന്നു. അപ്പോള്‍ സ്ത്രീ കരഞ്ഞുകൊണ്ടോടിപ്പോകുകയായിരുന്നു.
ഈ മൂന്ന് ഭാഷ്യവും സിനിമയിലൂടെ കാണുന്ന പ്രേക്ഷകര്‍ ആശയകുഴപ്പത്തിലാവുമെന്നത് തീര്‍ച്ച. സത്യം എന്നത് ഓരോരുത്തരുടേയും സത്യമാണെന്നും ഓരോരുത്തരും പറയുന്ന സത്യം അവരവര്‍ക്ക് യോജിച്ച രീതിയിലാണെന്നും സൂചിപ്പിക്കുന്നു. കുറോസോവയുടെ റാഷാമോണ്‍ നല്‍കുന്ന സന്ദേശം അതാണ് . സിനിമയുടെ അവസാനം അപ്രതീക്ഷിതമായ രീതിയിലാണ് കഥ ആവിഷ്ക്കരിച്ചിരിക്കുന്നത്, കവാടത്തിനരികെ വാഗ്വാദത്തിലേര്‍പ്പെട്ട പുരോഹിതനും, വിറകുവെട്ടിയും, വഴിപോക്കനും തങ്ങള്‍ കേട്ട കാര്യം പറഞ്ഞവസാനിപ്പിക്കുന്ന സമയത്ത് ഒരു കുഞ്ഞിന്റെ കരച്ചില്‍ തൊട്ടടുത്ത് നിന്ന് കേള്‍ക്കുമ്പോള്‍ ആരോ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞാണെന്ന് മനസിലാക്കുന്നു. കരച്ചില്‍ കേട്ടോടിച്ചെന്ന മരം വെട്ടുകാരന്‍ ആ കുഞ്ഞിനെ പരിപാലിക്കാന്‍ തയ്യാറാവുന്നു. അതോടെ അതുവരെ കേട്ട ദാരുണ സംഭവത്തിന്റെ വിവരണത്തോടെ ഉലഞ്ഞുപോയ മനസിന് ഒരു ശാന്തി ലഭിച്ചത് പോലെ എല്ലാവര്‍ക്കും അനുഭവപ്പെട്ടു. ഈ ലോകത്ത് നന്മയുടെ അംശം അന്യം നിന്നിട്ടില്ല എന്ന് പുരോഹിതന്‍ പറയുന്നിടത്താണ് സിനിമ തീരുന്നത്. പ്രത്യാശയുടെ പ്രകാശകിരണമാണ് സിനിമ പ്രേക്ഷകരില്‍ സന്നിവേശിപ്പിക്കുന്നത്. സാള്‍ഷിറോ സുഗതാ ( 1943 ) ഇകിറു ( 1954) സെവന്‍ സമുറായ് (1954) ത്രോണ്‍ ഓഫ് ബ്ലഡ്ഡ് (1957) റെഡ് ബിയേര്‍ഡ് ( 1965 ) ദെര്‍സൂസാല ( 1975) കാഗിമുഷ (1980) റാന്‍ (1985 ) ഡ്രീംസ് (1990) മാദദയോ , റാപ്പസഡി ഇന്‍ ഓഗസ്റ്റ് (1993 ) ഇവയാണ് അകിരകുറസോവയുടെ മറ്റ് വിഖ്യത ചിത്രങ്ങള്‍. സെവന്‍ സമുറായ് പാശ്ചാത്യ സിനിമാ ലോകം പലതവണ പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുറസോവയുടെ ചിത്രങ്ങളുടെ മേന്മ അവയ്ക്കൊന്നിനും ലഭിച്ചില്ല.
ഇന്‍ഡ്യയിലെ ജി.പി സിപ്പിയുടെ ‘ ഷോലെ ‘ വേറൊരുദാഹരണം . സെക്സ്, വയലന്‍സ്, ആക്ഷന്‍ ഇവയൊക്കെ ചിത്രീകരിക്കുന്നിടത്ത് പ്രകൃതി ദൃശ്യങ്ങളുമായി ബന്ധിപ്പിക്കാനൊരു ശ്രമം മറ്റൊരു ചലചിത്രത്തിലും കാണാനാകില്ല. ദര്‍സൂ ഉസാല എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം തന്നെ പ്രകൃതിയാണ്. രണ്ട് തവണ ഏറ്റവും നല്ല വിദേശചിത്രത്തിനുള്ള ഓസ്ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1910 മാര്‍ച്ച് 23 ന് ടോക്കിയോയിലാണ് കുറോസോവയുടെ ജനനം. പെയ്ന്റിംഗിലും സാഹിത്യത്തിലും പ്രത്യേകിച്ചും റഷ്യന്‍ സാഹിത്യത്തിലായിരുന്നു ചെറുപ്പത്തിലേ കമ്പം. 1936 – ല്‍ തോഹോ സ്റ്റുഡിയോയില്‍ ‘ കാജറോയമാമോതോ’ എന്ന അക്കാലത്തെ പ്രശസ്തസംവിധായകന്റെ സഹായിയായ കുറസോവ , പിന്നീട് തിരക്കഥാകൃത്തായി, സംവിധായകനായി മാറുകയായിരുന്നു. സാന്‍ഷിറോ സുഗതോ (1943 ) ആണ് ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രം. 1998 സെപ്തംബറിലാണ് മരണം.
ലോകത്ത് മഴയും, മഞ്ഞും, വെയിലും, കാറ്റും, കാടും, മലയും ഉള്ളിടത്തോളം കാലം കുറസോവ അനുസ്മരിക്കപ്പെടും.
Generated from archived content: cinema1_june9_12.html Author: m_k