ലോക സിനിമ(23)ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യു- ( 1964) പിയര്‍ പൗലോ പസ്സോളിനി

ഒരു കമ്മ്യൂണിസ്റ്റുകാരനും നിരീശ്വരവാദിയുമായി ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന പിയര്‍ പൗലോ പസ്സോളിനി എന്ന സംവിധായകന്റെ എല്ലാ ചിത്രങ്ങളും വിവാദങ്ങളോ സംഘര്‍ഷണങ്ങളോ സൃഷ്ടിക്കുന്നതാണ് . കവി, ഭാഷാശാസ്ത്രജ്ഞന്‍, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, നടന്‍, പെയിന്റെര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പസ്സോളനിയുടെ യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ‘ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യു’ എന്ന ചിത്രം അന്നുവരെ പുറത്തിറങ്ങിയ എല്ലാ ബൈബില്‍ ചിത്രങ്ങളേക്കാളും വ്യത്യസ്തവും ഏറെ നാള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ദൃശ്യാനുഭവങ്ങള്‍‍ പകരുന്നതുമാണ്. പസ്സോളനിയുടെ ക്രിസ്തു കരുണാമയനും അതേ സമയം കുപിതനുമാണ്. പസ്സോളിനി കണ്ട ക്രിസ്തുവില്‍ മനുഷ്യത്വത്തിനും മീതെ ഉയര്‍ന്നു നില്‍ക്കുന്ന ദൈവികമായ മാനവിക കുടികൊണ്ടിരുന്നു.

ജീസ്സസ് ആയി വന്നത് 19 വയസുള്ള ഒരു സ്പാനിഷ് വിദ്യാര്‍ത്ഥി ആയിരുന്നു. എണ്ട്രിക്ക് ഇറാസോക്കി. ജീസ്സസിനെ അവതരിപ്പിക്കുന്നത് ഒരു കവിയും യുക്തിയുടെ വെളിച്ചവുമുള്ള ഒരമേരിക്കക്കാരനോ റഷ്യക്കാരനോ ആവണമെന്ന് കരുതിയെങ്കിലും യാദൃശ്ചികമായി തന്നെത്തേടി ഒരു കൂടിക്കാഴ്ചക്കു വന്ന എന്‍ ട്രിക് ഇറാസോക്കിനെ ആ റോളിലേക്ക് തിരെഞ്ഞെടുക്കുകയായിരുന്നു.

സിനിമ ചിത്രീകരിച്ചത് അധികവും ഇറ്റലിയിലെ പിന്നോക്ക പ്രദേശങ്ങളിലായിരുന്നു. സാധാരണ ബൈബിള്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് പസോളിനിയുടെ ജീസസ്. അത്ഭുതങ്ങള്‍‍ കാട്ടുന്നില്ല. ദിവ്യത്വം പ്രകടിപ്പിച്ച് അനുയായികളെ കൂട്ടൂന്നില്ല. അധികാരികളുടേയും മതമേധാവികളുടേയും ദുര്‍ന്നടപടികളെ ചോദ്യം ചെയ്യുന്ന ക്രിസ്തുവിനെയാണ് ഇവിടെ കാണുന്നത്. ആ സമയത്തൊക്കെ തീക്ഷ്ണമായ ഭാവപ്രകടനമാണ് മുഖത്ത്. സൗമ്യനും കാരുണ്യവാനുമായിരുന്നെങ്കിലും അത്തരം സന്ദര്‍ഭങ്ങള്‍‍ ചിത്രത്തില്‍ പ്രായേണ കുറവാണ്. ഈ ക്രിസ്തു ഒരിക്കലും വിചാരണ സമയത്ത് ‘ പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിലെ ചാട്ടവാറടി ഏല്‍ക്കുമ്പോള്‍ മസില്‍ തെളിഞ്ഞു വരുന്ന ഒരാളല്ല. എല്ലാം കൊണ്ടും അതിന് മുമ്പിറങ്ങിയ ബൈബിള്‍ ചിത്രങ്ങളേക്കാള്‍‍ വ്യത്യസ്തം.

ഒരു വിദ്യാര്‍ത്ഥിയെ ജീസ്സസ്സ് ആയി തിരെഞ്ഞെടുത്തത് പോലെ ക്രിസ്തുവിന്റെ അമ്മയായി വരുന്നത് പസോളനിയുടെ അമ്മയായിരുന്നു. സൂസന്ന മേരിയായി വന്നത് നടാലിയ ഹിത്സ്ബര്‍ഗ്.

നിരീശ്വരവാദിയായ പസ്സോളനി ഈ ചിത്രം നിര്‍മ്മിക്കുമ്പോള്‍ ഒരു വിശ്വാസിയുടെ കാഴ്ചപ്പാട് നിരാകരിച്ചില്ല ‘ ഞാനൊരു വിശ്വാസിയല്ല പക്ഷെ, ഒരു വിശ്വാസിയുടെ വികാരത്തെ പ്രവണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല ‘ ഒരിക്കല്‍ ന്യൂയോര്‍ക്ക് ടൈംസിനു വേണ്ടിയുള്ള ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ‘ ഞാന്‍ വേലക്കാരന്റെ ഭാഗത്ത് നില്‍ക്കുന്ന ഒരുവനാണ്. ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ല. ദൈവത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും നടുക്ക് നില്‍ക്കുന്ന ഒരു മതവിശ്വാസിയായി കണ്ടാല്‍ മതി. യാഥാര്‍ത്ഥ്യങ്ങള്‍ തികച്ചും ദൈവികമാണെന്നോര്‍ക്കുക . ഇറ്റലിയില്‍ ഒരു കത്തോലിക്കാ പരിവേഷം വന്നെന്നേയുള്ളു ഒരിക്കലും ഒരു കത്തോലിക്കനായിരുന്നില്ല. ആജേഞയതവാദിയായതിനാല്‍ നിരീശ്വരവാദിയായി. പള്ളികള്‍ അധികാരകേന്ദ്രീകൃതമാണ്. അപ്പസ്തോലന്മാരുടേതായി പുറത്ത് വന്ന സങ്കീര്‍ത്തനങ്ങള്‍ പള്ളികളുടേയും മതത്തിന്റെയും നിലനില്‍പ്പിനു വേണ്ടി എഴുതപ്പെട്ടവയാണ്. മുഴുവനും സത്യമല്ല. അധികാരത്തിന് വേണ്ടിയുള്ള പള്ളികളുടെ അവസരവാദത്തിനെതിരെയാണ്. ‘ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യു’ നിര്‍മ്മിച്ചത്. അത്പോലെ നടീനടന്മാരുടെ കാര്യത്തിലും എന്റെ വിവേചനാധികാരം ഉപയോഗിച്ചു. അവരിലെ കഴിവിനേക്കാള്‍ എന്റെ ആശയങ്ങള്‍ എങ്ങെനെ അവരിലൂടെ പുറത്തെടുക്കാമെന്നേ നോക്കിയുള്ളു’

എന്ത് കൊണ്ട് സെന്റ് മാത്യുവിന്റെ വചനങ്ങള്‍‍ തിരഞ്ഞെടുത്തു? ആ ചോദ്യത്തിന് മറുപടിയുണ്ട് ‘ സെന്റ് ജോണിന്റെ വചനങ്ങള്‍‍ അവ്യക്തതയും ദുരൂഹതയും നിറഞ്ഞതായിരുന്നു. സെന്റ് മര്‍ക്കോസിന്റേത് പ്രാകൃതമായ ഭാഷയോട് കൂടിയതാണ്. സെന്റ് ലൂക്കിന്റേത് വികാര പ്രധാനവും ചെടിപ്പും നിറഞ്ഞതാണ്. അതൊക്കെ വച്ച് നോക്കുമ്പോള്‍ സെന്റ് മാത്യു‌വിന്റേതാണ് മെച്ചം.’

1922 മാര്‍ച്ച് 5 ന് ഇറ്റലിയിലെ ബൊളോണയില്‍ ജനിച്ച പിയര്‍ പൗലോ പസോളനി ഒരു ദാര്‍ശനികന്‍ , കവി, നോവലിസ്റ്റ്, മാധ്യമപ്രവര്‍ത്തകന്‍, പെയിന്റെര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രാവീണ്യം നേടിയിരുന്നു. മുസോളനിയുടെ ജീവന്‍ രക്ഷിച്ചതിന്റെ പേരില്‍ പ്രസിദ്ധനായ ഒരാര്‍മി ഉദ്യോഗസ്ഥനായിരുന്നു പിതാവ്. അമ്മ ഒരു അദ്ധ്യാപിക. പക്ഷെ ഫാസിസത്തിനെതിരായ ചിന്താഗതിയായിരുന്നു പസോളനിയുടേത്. ജീസസിന്റെ ചരിത്രം സിനിമയാക്കിയതിന്റെ പേരില്‍ ഏറെ വിവാദം വത്തിക്കാനില്‍ നിന്നും മതമേധാവികളില്‍ നിന്നും ഉണ്ടായെങ്കിലും പുരോഗമനാശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന ചില മത പുരോഹിതരുടെ പ്രശംസയും പിടിച്ചു പറ്റിയിട്ടുണ്ട്.

1964 ലെ വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ സ്വര്‍ണ്ണ സിംഹാസനമുള്‍പ്പെടെയുള്ള മൂന്നു അവാര്‍ഡുകള്‍ക്ക് നോമിനേറ്റു ചെയ്യപ്പെട്ടെങ്കിലും സെപെഷല്‍ ജൂറി പുരസ്ക്കാരം മാത്രമേ ലഭിച്ചുള്ളു. ആര്‍ട്ട് ഡയറക്ഷനും വസ്ത്രാലങ്കാരത്തിനും അക്കാദമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ക്ലാസ്സിക്ക് കൃതികളായ ഈഡിപ്പസ്, മെഡിയ, ഡെക്കാമറണ്‍, കാന്റ്ബറി ട്രെയിത്സ്, അറേബ്യന്‍ നൈറ്റ്സ്, സോദോം ഇവയൊക്കെ ചലച്ചിത്രങ്ങളായപ്പോള്‍‍ അവയ്ക്ക് പുതിയ മാനവും വ്യാഖ്യാനവും ലഭിക്കുകയുണ്ടായി. എട്ടോളം ഡോക്യുമെന്റെറിളും‍ ഏതാനും ഹൃസ്വചിത്രങ്ങള്‍ ഇവയും നിര്‍മ്മിച്ചിട്ടുണ്ട്. പല സിനിമകളിലും അഭിനേതാവായും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ജീവിതത്തിലും സിനിമയിലും കലാപകാരിയായിരുന്ന പസോളനിയുടെ മരണവും ദുരൂഹത നിറഞ്ഞതായിരുന്നു. 1975 നവംബര്‍ 2 – ന് ഓസ്റ്റിയായിലെ ഒരു കടല്‍ത്തീര റിസോര്‍ട്ടില്‍ പസ്സോളനിയുടെ മൃതദേഹം കാണാനായത്. അപകടമരണമാണോ കൊലപാതകമാണോ എന്ന കാര്യം ഇന്നും വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ അപൂര്‍ണ്ണ നോവല്‍ പെടോളിയ (1992) മരണാനന്തരമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

Generated from archived content: cinema1_jan5_13.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here