രണ്ടാം ലോക മഹായുദ്ധത്തിന്റെ ദുരന്തങ്ങളെ ആസ്പദമാക്കി ഏതാനും ചലചിത്രങ്ങള്‍ രചിച്ചിട്ടുള്ള സോള്‍ട്ടാന്‍ ഫാബ്രിയുടെ ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ എന്ന ചിത്രം ഫുട്ബോള്‍ കളിയും സ്വാതന്ത്ര്യവാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളെ സമര്‍ത്ഥമായി വ്യാഖ്യാനിച്ചിരിക്കുന്നു.
1944 കാലഘട്ടത്തില്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ തടവറയില്‍ കഴിയുന്ന ഹംഗേറിയന്‍ തടവുകാരുടെ ആത്മാഭിമാനം പരീക്ഷിക്കപ്പെടുന്നതിനുള്ള ഒരവസരം ഒരുക്കിക്കൊണ്ടാണ് ഫാബ്രി കഥ പറയുന്നത്. തടവുപുള്ളികളിലൊരാളായ ‘ ഡിയോ’ ദേശീയ ഫുട്ബോള്‍ താരമായിരുന്നു. അയാളെ സൈനിക കമാണ്ടര്‍ വിളിച്ച് ഒരു ഫുട്ബോള്‍ മാച്ച് പ്ലാന്‍ ചെയ്യുന്നതിനെ പറ്റി സംസാരിക്കുന്നു. സൈന്യാധിപന്റെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായിട്ടാണ് മാച്ച് പ്ലാന്‍ ചെയ്യുന്നത്. 11 പേരടങ്ങുന്ന ടീം – ഡിയോ അതിന് പരിശീലനം കൊടുക്കുന്നു- പട്ടാളക്കാരുടെ ടീമുമായിട്ടാണ് കളിക്കേണ്ടത്. നല്ല ഭക്ഷണവും വ്യായാമവും ലഭിക്കുന്ന പട്ടാള ടീമിനോട് ഏറ്റു മുട്ടി ജയിച്ചാല്‍ മോചനം വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ ഭക്ഷണം റേഷനായി ലഭിക്കുമെന്ന പ്രലോഭനവും. പറ്റിയാല്‍ മോചനം നേടാനുമുള്ള സാദ്ധ്യതയുണ്ടെന്ന പ്രതീക്ഷയാല്‍ ഡിയോ ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു.
പരിശീലനത്തിടെ തടവുകാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നെങ്കിലും അവര്‍ പിടിക്കപ്പെടുന്നു. അവരെ വീണ്ടും കളിക്കളത്തിലിറക്കുന്നു. മാച്ച് നടക്കണമെന്നത്കൊണ്ട് മാത്രമാണ് അവരെ പട്ടാളം കൊല്ലാതെ വിടുന്നത്. കീറിപ്പറിഞ്ഞ ഉടുപ്പും തുള വീണ ബൂട്ടുമുള്ള തടവുകാരുടെ ടീം സുശക്തമായ പട്ടാള ടീമിനോടേറ്റുമുട്ടുമ്പോള്‍ ജീവന്‍ പണയപ്പെടുത്തിയുള്ള പൊരിഞ്ഞ കളിയില്‍ ജര്‍മ്മന്‍ പട്ടാള ടീം പരാജയമറിയുന്നു. അതോടെ കുപിതനായ കേണല്‍ തന്റെ തോക്കെടുത്ത് ഡിയോവിന്റെ ടീമിലെ എല്ലാവരേയും വെടിവച്ച് കൊല്ലുന്നു. ഫാസിസത്തിന്റെ സ്വഭാവം അധികാരഭ്രമവും ക്രൂരതയുമാണെന്ന് ഈ സിനിമയിലൂടെ സോള്‍ട്ടാന്‍ ഫാബ്രി പറഞ്ഞു വയ്ക്കുന്നു.1962-ലെ ബോസ്റ്റണ്‍ ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ക്രിട്ടിക്സ് പ്രൈസ് നേടുകയുണ്ടായി.
ഫാസിസം എന്നും മനുഷ്യനില്‍ സ്ഥായിയായി നില്‍ക്കുന്ന മനുഷ്യത്വം, ആര്‍ദ്രത ഇവയൊക്കെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുക എന്നും ചിലപ്പോള്‍ മനുഷ്യനെ നിഷ്ക്രൂരനാക്കാനും ശ്രമിക്കുമെന്നുമുള്ള വ്യാഖ്യാനം നല്‍കുന്ന വേറെ ചില ചിത്രങ്ങളും ഫാബ്രി ഒരുക്കിയിട്ടുണ്ട്.
1917 ഒക്ടോബര്‍ 15 – ന് ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് ഫാബ്രിയുടെ ജനനം. ‘ അക്കാദസ്മി ഓഫ് ഫൈന്‍ ആട്സി’ ല്‍ നിന്ന് 1941 -ല്‍ ഡിപ്ലോമ നേടിയ ശേഷം രംഗസംവിധായകനായും നടനും സംവിധായകനുമായും തീയേറ്റര്‍ രംഗത്ത് പ്രവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തടവുകാരനായി 4 വര്‍ഷം ജയിലിലായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ഫാബ്രി ചലചിത്ര രംഗത്തേക്ക് വന്നു. പ്രൊഡക്ഷന്‍ ഡിസൈനറും തിരക്കഥാ രചയിതാവുമായിട്ടായിരുന്നു തുടക്കം. സംവിധായകനായി മാറിയത് 1951- ല്‍ പുറത്തിറങ്ങിയ വിഹാര്‍ ചിത്രത്തോടെയാണ്. 1956 -ല്‍ സംവിധാനം ചെയ്ത കോര്‍ഹിന്റ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി. 1969 ല്‍ പുറത്തിറക്കിയ ബോയ്സ് ഓഫ് ദ പോള്‍ സ്ട്രീറ്റ് , 78 ലെ ഹംഗേറിയന്‍സ് എന്നിവ ഓസ്ക്കാര്‍ നോമിനേഷന്‍ നേടി. ഇതിനിടയില്‍ സുഹൃത്തായ പീറ്റര്‍ ബാസ്ക്കോയുടെ ചിത്രത്തില്‍ നടനായും മികവ് കാട്ടിയിട്ടുണ്ട്. 1983 -ലെ ഹൗസ് വാമിംഗിന് തിരക്കഥയെഴുതി സംവിധാനം ചെയ്തു. പിന്നീട് ഹംഗേറിയന്‍ യൂണിവേഴ്സിറ്റ് ഓഫ് തീയേറ്ററിക്കല്‍ ആന്‍ഡ് ഫിലിം ആര്‍ട്സില്‍ അദ്ധ്യാപകനായിരുന്നു. ഹംഗേറിയന്‍ ചലച്ചിത്ര രംഗത്ത് സോള്‍ട്ടാന്‍ ഫാബ്രിയുടെ പ്രശസ്തിയും അംഗീകാരവും മറ്റൊരാള്‍ക്കും ലഭിച്ചിട്ടില്ല. സ്വയം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു അധികവും. 1944 ആഗസ്റ്റ് 23 – ന് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
Generated from archived content: cinema1_jan25_13.html Author: m_k