ലോക സിനിമ (24) സാക്രിഫൈസ് ( 1986) ആന്ദ്രെതര്‍ക്കോവ്സ്കി

അധികാരവര്‍ഗ്ഗത്തോട് എന്നും കലഹിച്ച് നിന്ന പ്രതിഭ- റഷ്യന്‍ സിനിമാ ലോകത്ത് ഐസന്‍സ്റ്റീനുശേഷം വന്ന ഏറ്റവും സര്‍ഗ്ഗധനനായ ചലച്ചിത്രപ്രതിഭ- എന്ന് കുരിശു ചുമക്കാന്‍ വിധിക്കപ്പെട്ടവനാണ് ചലച്ചിത്രകാരന്‍ എന്ന് വിശ്വസിച്ച് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട പ്രതിഭ – അതാണ് ആന്ദ്രെതര്‍ക്കോവ്സ്കി. അദ്ദേഹത്തിന്റെ അവസാന സൃഷ്ടിയാണ് മൃത്യുവിന്റെ സത്യം അന്വേഷിക്കുന്ന ഉന്നതമായ ആദര്‍ശങ്ങള്‍ക്ക് വേണ്ടി ആത്മത്യാഗം അനുഷ്ഠിക്കണം എന്ന മതവിശ്വാസത്തെ സാക്ഷാത്ക്കരിക്കുന്ന ചിത്രം സാക്രിഫൈസ്.

മനുഷ്യനന്മക്ക് വേണ്ടിവന്നാല്‍ ബലിയര്‍പ്പിക്കണം എന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ചിത്രം. വേണ്ടെത്ര അറിയാന്‍ ശ്രമിക്കാതെ അലക്സാണ്ടര്‍ എന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും നടനുമായ ഒരുവനെ മോഹിച്ച് വിവാഹബന്ധത്തിലേര്‍പ്പെട്ട്- അവസാനം ആ ബന്ധത്തിലൂടെ വന്നു ചേരുന്ന വിള്ളലുകള്‍ സഹിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരിയുടെ അവസ്ഥ കൂടിയാണീ ചിത്രം. സ്വീഡനിലെ നാട്ടിന്‍ പുറത്ത് നടിയായ ഭാര്യയോടും ഊമയായ മകന്‍ ഗോബന്‍, മകള്‍ മാര്‍ട്ട് സ് എന്നിവരോടൊപ്പം ഒരു സ്വസ്ഥജീവിതം നയിക്കാനായി അലക്സാണ്ടര്‍ എത്തുന്നു . ഇതിനിടയില്‍ അസന്തുഷ്ടയായ ഭാര്യയുടെ ‘ വിക്ടര്‍’ എന്ന അയല്‍ വാസിയുമായുള്ള ബന്ധം അവരുടെ കുടുംബത്തില്‍ അപസ്വരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആ സമയത്താണ് തന്റെ ജന്‍മദിനത്തിന്റെ അന്ന് രാത്രിയില്‍ ടെലിവിഷനില്‍ ലോകാവസാനം അടുക്കുന്നുവെന്ന വാര്‍ത്ത വരുന്നത് . തനിക്ക് പ്രിയപ്പെട്ടതെല്ലാം ത്യജിച്ചാല്‍ ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടുമോ എന്ന് ദൈവത്തോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയുടെ ഭാഗമായി ദുര്‍മന്ത്രവാദിനിയായ വേലക്കാരി മറിയയോടൊപ്പം ശയിക്കാനും അയാള്‍ തയ്യാറാകുന്നു. പിറ്റേന്ന് എല്ലാം സാധാരണഗതിയിലായി എന്ന് മനസിലാക്കുമ്പോള്‍ ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റാന്‍ തയ്യാറാവുന്നു. ഭാര്യയേയും മക്കളേയും കടല്‍ത്തീരത്തേക്ക് പറഞ്ഞ് വിട്ട് തന്റെ സമ്പാദ്യങ്ങള്‍ക്കൊപ്പം വീടിനു തീകൊളുത്തുന്നു. അലക്സാണ്ടര്‍ കണ്ടതും അനുഭവിച്ചതും സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് വ്യക്തമല്ലെങ്കിലും ദൈവത്തോടുള്ള വാക്ക് പാലിക്കാന്‍ ശ്രമിച്ചതിലൂടെ അയാളെ ഭ്രാന്തനായി മുദ്ര കുത്തി വീട്ടുകാര്‍ ആശുപതിയിലാക്കുന്നു. പരസ്പര വിശ്വാസവും സ്നേഹവും അന്യം വന്ന – ആത്മാവ് നഷ്ടപ്പെട്ട വീടിന്- അലക്സാണ്ടര്‍ തീ കൊളുത്തുമ്പോള്‍ മകന്‍ കടല്‍ത്തീരത്തുള്ള ഒരു ചെടിയുടെ വേരില്‍ വെള്ളമൊഴിക്കുന്നത്- ഈ ഭൂമിയില്‍ പ്രത്യാശയുടെ പച്ചപ്പ് നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയര്‍പ്പിക്കാന്‍ വകയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രം അവസാനിപ്പിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യനേയും പ്രകൃതിയേയും അകറ്റുന്ന തലത്തിലേക്കെത്തിക്കുമ്പോള്‍ – മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങളിലും യുദ്ധത്തിന്റെ രക്തക്കറയുണ്ടെന്നാണ് അലക്സാണ്ടറുടെ വിശ്വാസം. ഭൂമിയെ തുരക്കുന്ന ബോംബുകള്‍ വരെ നിര്‍മ്മിക്കുന്ന രാഷ്ട്രങ്ങള്‍ പ്രകൃതിയെ നിരാകരിക്കുന്നിടത്താണ് ചെന്നെത്തുന്നത്. പക്ഷെ ശാസ്ത്രവും പ്രകൃതിയും നിലനില്‍ക്കണമെന്ന് അലക്സാണ്ടര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടിയാണ് ദൈവത്തോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നതും വാഗ്ദാനം നടപ്പാക്കാനായി വീടും സമ്പാദ്യവും ചുട്ടെരിക്കുന്നതും.

1932 ഏപ്രില്‍ 4 -ന് സോവിയറ്റ് യൂണിയനിലെ ഇവാനോവ് ജില്ലയിലെ ആര്‍സെനിക് അലക്സാണ്ട്രോവിച്ച് എന്ന പ്രസിദ്ധ കവിയുടെ മകനായിട്ടാണ് ജനനം. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനില്ലാതെ വളര്‍ന്ന ബാല്യം അദ്ദേഹത്തെ വേദനപ്പെടുത്തി. യുദ്ധസമയത്ത് അമ്മയോടൊപ്പം നാട് വിടേണ്ടി വന്നെങ്കിലും പിന്നീട് തിരിച്ചു വന്നു. ബാല്യത്തില്‍ തന്നെ സംഗീതത്തിലും ചിത്രരചനയിലും പ്രാവീണ്യം നേടി. ബിരുദാനന്തരം കുറെക്കാലം നദിയിലെ പര്യവേഷണത്തിനു പോയെങ്കിലും സിനിമയോടുള്ള കമ്പം കാരണം 1954-ല്‍ മോസ്ക്കോ ഫിലിം സ്കൂളില്‍ ചേര്‍ന്നു. വിദേശ സിനിമകള്‍ കാണാനായതിലൂടെ നിയോറിയലിസത്തിന്റെ സാദ്ധ്യതകള്‍ മനസിലാക്കി. പക്ഷെ സ്വന്തമായൊരു പന്ഥാവ് വെട്ടിത്തുറക്കാനാണ് ശ്രമിച്ചത്. 1956- ല്‍ ആദ്യ ചിത്രം ‘ ദ കില്ലേഴ്സ്’ എന്ന ഹൃസ്വ ചിത്രം നിര്‍മ്മിച്ചു. വീണ്ടും ഒന്ന് രണ്ട് ഹൃസ്വ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിനു ശേഷം നിര്‍മ്മിച്ച ഡിപ്ലോമ ചിത്രം – ‘ദി സ്റ്റീം റോളര്‍ ആന്‍ഡ് ദ വയലിന്‍’ ( 1960) ന്യുയോര്‍ക്ക് സ്റ്റുഡന്റ്സ് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രമായി മാറി. ഇതിനിടയില്‍ ‘ ഹാം ലെറ്റ്’ എന്ന നാടകം സംവിധാനം ചെയ്ത് ആ രംഗത്തും പ്രശസ്തനായി. ആദ്യ ഫീച്ചര്‍ ഫിലിം ‘ ഐവാന്‍സ് ചൈല്‍ഡ് ഹുഡ്’ ( 1962) വെനീസിലെ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി. 1968 ല്‍ പുറത്ത് വന്ന ‘ ആന്ദ്രെറുബ്ലോവ്’ ചിത്രത്തിലൂടെ അധികാരവര്‍ഗ്ഗത്തിന്റെ നോട്ടപ്പുള്ളിയായി . പക്ഷെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫ്രീപ്രസി പുരസ്ക്കാരം നേടി. അധികാരികളുടെ എതിര്‍പ്പ് മൂലം തിരക്കഥ മാറ്റിയെഴുതി നിര്‍മ്മിച്ച ‘ മിറര്‍’ പരാജയമായിട്ടാണ് തര്‍ക്കോസ്വ്സ്ക്കി കാണുന്നത്. ഈ ഒരവസ്ഥ തന്നെ പിന്നീട് വന്ന ‘ സ്റ്റാക്കറിനും’ ഉണ്ടായെങ്കിലും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിപ്രൈസ് നേടാനായി. പിന്നീട് നിര്‍മ്മിച്ച ‘ നൊസ്റ്റാള്‍ജിയ’ 1982 -ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്ക്കാരം നേടി. പക്ഷെ റഷ്യയില്‍ ഈ ചിത്രം നിരോധിക്കുകയാണുണ്ടായത്. അവസാന ചിത്രം 86-ല്‍ സംവിധാനം ചെയ്ത ‘ സാക്രിഫൈസ്’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്ക്കാരങ്ങള്‍ നേടി. ശ്വാസകോശാര്‍ബുദം ബാധിച്ചതിനാല്‍ ഡെബ്ബിംഗിനും എഡിറ്റിംഗിനും നേതൃത്വം കൊടുത്തത് ആശുപത്രിക്കിടക്കയില്‍ കിടന്നാണ്. ആ വര്‍ഷം തന്നെ നിര്യാതനായി. അദ്ദേഹത്തിന്റെ അന്ത്യകാലത്ത് ആശുപത്രി വാസക്കാലത്ത് ഭാര്യയും മകനും വന്നു ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം റഷ്യ ആ പ്രതിഭയുടെ മഹത്വം തിരിച്ചറിഞ്ഞ് ആ‍ദരിക്കാന്‍ തയ്യാറായി.

Generated from archived content: cinema1_feb11_13.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here