ലോക സിനിമ (7): നാഴികക്കല്ലുകളായി മാറിയ ക്ലാസ്സിക് ചിത്രങ്ങള്‍

ലോകത്തിലെ ആദ്യ സിനിമയുടെ പിറവി 1895 ഡിസംബര്‍ 28 ന് പാരീസിലെ ഗ്രാന്റ് കഫേയിലെ ഹാളില്‍ 35 പേരടങ്ങിയ സദസ്സിന്‍ മുന്നില്‍ ലൂമിയര്‍ ബ്രദേഴ്സിന്റെ 5 ലഘു ചിത്രങ്ങളായിരുന്നു. ( ലൂയി ലൂമിയര്‍, ആഗസ്തേ ലൂമിയര്‍ എന്നി പേരിലറിയപ്പെട്ട ലൂമിയര്‍ സഹോദരങ്ങള്‍)

ദി ബേബീസ് മീല്‍, അറൈവല്‍ ഒഫ് ദ ട്രയിന്‍, സീന്‍സ് ഫ്രം ദ ബോര്‍ഡ് ഓഫ് ലിയോണ്‍സ്, ദ ഗേള്‍ വാച്ചിംഗ് ദ ഗാര്‍ഡന്‍ , വര്‍ക്കേഴ്സ് എക്സിറ്റിംഗ് ലൂമിയര്‍ ഫാക്ടറി എന്നി ദൃശ്യങ്ങളായിരുന്നു അവതരിപ്പിച്ചത്. പിന്നീട് ലൂമിയര്‍സഹോദരങ്ങള്‍ ഒറ്റ റീല്‍ ചിത്രങ്ങളുമായി ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. 1896 ജൂലായ് 7 നാണ് അവര്‍ ഇന്‍ഡ്യയിലെത്തിയത്. ബോംബയിലെ വാട്സന്‍ ഹോട്ടലിലായിരുന്നു ആദ്യ പ്രദര്‍ശനം.

സ്ക്രീനില്‍ തീവണ്ടി പാഞ്ഞ് വരുന്നത് കണ്ട് തീയറ്റേറില്‍ നിന്ന് ഇറങ്ങി ഓടിപ്പോയവരുടെ വിഭ്രാത്മകമായ അനുഭവങ്ങള്‍ സിനിമാലോകത്തെ ആദ്യ കാല കൗതുകങ്ങളായിരുന്നു.

ഒറ്ററീല്‍ ചിത്രങ്ങള്‍ സൃഷ്ടിച്ച വിരസതയകറ്റാന്‍ പുതുമക്ക് വേണ്ടിയുള്ള അന്വേഷണങ്ങളാണ് കഥാചിത്രങ്ങളുടെ നിര്‍മ്മിതിയിലേക്ക് കൊണ്ടെത്തിച്ചത്. ലോകത്തെ ആദ്യ കഥാചിത്രമായ ‘ ദ സോള്‍ജിയേഴ്സ് കോര്‍ട്ട് ഷിപ്പ്’ 1896 – ല്‍ നിര്‍മ്മിക്കപ്പെട്ടു. 1902- ലെ സയന്‍സ് ഫിക്ഷന്‍ സിനിമയായ ‘ എ ട്രിപ്പ് ടു മൂണ്‍’ നിര്‍മ്മിച്ചത് ജോര്‍ജ് മെലീസായിരുന്നു. ആദ്യത്തെ സമ്പൂര്‍ണ്ണ ഫീച്ചര്‍ ഫിലിം എന്ന് പറയാവുന്നത് ‘ ദ ഗ്രയ്റ്റ് ട്രയിന്‍ റോബറി’ എന്ന 12 മിനിറ്റ് ദൈര്‍ഘമുള്ള ചിത്രമാണ്. എഡ്വിന്‍ എസ് പോര്‍ട്ടര്‍ നിര്‍മ്മിച്ച ഈ ഫീച്ചര്‍ ഫിലിമാണ് ലോകസിനിമകളിലെ ആദ്യത്തെ ഫീച്ചര്‍ ഫിലിം എന്ന് പറയാവുന്നത്. ആദിമദ്ധ്യാന്തമുള്ള ഒരു കഥ- കുതിരപ്പുറത്തെത്തുന്ന ഒരു കൂട്ടം കൊള്ളക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ കീഴ്പ്പെടുത്തി , കെട്ടിയിട്ട് കൊള്ളയടിക്കുന്നതാണ് കഥ. പക്ഷെ സ്റ്റേഷന്‍ മാസ്റ്ററുടെ മകള്‍ സന്ദര്‍ഭോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ട് പോലീസെത്തി ഏറ്റുമുട്ടി കൊള്ളക്കാരെ കീഴ്പ്പെടുത്തുന്നു. ലോകസിനിമയിലെ വെസ്റ്റേണ്‍ ചിത്രങ്ങള്‍ എന്ന് പറയാവുന്നവയുടെ നാന്ദിയാണ് ഈ ചിത്രം. ക്യാമറക്ക് നേരെ തോക്ക് ചൂണ്ടി നിറയൊഴിക്കുന്ന കൊള്ളക്കാരുടെ ദൃശ്യത്തോടെയാണ് സിനിമയുടെ തുടക്കം. കൊള്ളക്കാര്‍ 4 പേരാണ്. അവര്‍ സ്റ്റേഷന്‍ മാസ്റ്ററെ കെട്ടിയിട്ട് ട്രെയിന്‍ കൊള്ളയടിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു യാത്രക്കാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കാണുന്നത്. ഉടനെ അവര്‍ അയാളെ വെടി വെച്ച് വീഴ്ത്തുന്നു. ഇതിനിടയില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മകള്‍ ബന്ധനസ്ഥനായ പിതാവിനെ കാണുന്നു. അവള്‍ ഉടനെ തന്നെ പോലീസിനെ വിവരമറിയിക്കുന്നു. കൊള്ളക്കാര്‍ കൊള്ളയടിച്ച സാധനങ്ങളുമായി കുതിരപ്പുറത്തു കയറി രക്ഷപ്പെടുന്നുണ്ട്. ട്രയിനിലെ വയര്‍ലസ് ഓപ്പറേറ്റര്‍ സഹായാഭ്യര്‍ത്ഥനയുമായി മെസ്സേജ് അയക്കുന്നു. അയാളുടെ മെസ്സേജ് പക്ഷെ ലഭിക്കുന്നത് ഒരു ബാര്‍ ക്ലബ്ബിലാണ്. ഏതായാലും പോലീസ് സമയത്തെത്തുന്നതു കൊണ്ട് കുതിരപ്പുറത്തു കയറി വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കൊള്ളക്കാരെ കീഴടക്കാനായി.

ആധുനിക സിനിമയുടെ സാങ്കേതികതയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊരു ബാലിശമായ സംരംഭമായി തോന്നാമെങ്കിലും ആദിമദ്ധ്യാന്തമുള്ള ഒരു കഥ ഇതിനുണ്ട് എന്നതും ഉദ്വേഗം സൃഷ്ടിക്കുന്ന രംഗങ്ങളുള്ളതുകൊണ്ടും ലോകസിനിമാ രംഗത്തെ ആദ്യത്തെ ഫീച്ചര്‍ സിനിമയായി 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തെ കാണുന്നതില്‍ തെറ്റില്ല.

എഡ്വിന്‍ എസ്. പോര്‍ട്ടര്‍ ( 1870 – 1941 ) എന്ന സ്കോട്ട്ലന്‍ഡ്കാരന്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ടെലഗ്രാഫ് ഓപ്പറേറ്ററായി ജോലി തുടങ്ങിയ ഇദ്ദേഹം ഒരു കപ്പല്‍ നിര്‍മ്മാണകമ്പനിയിലും പിന്നീട് അമേരിക്കന്‍ നേവിയില്‍ ഇലട്രീഷ്യനായും ജോലി ചെയ്തു. 1896-ല്‍ റാഫ് & ഗാമ്മണ്‍ കമ്പനിയിലെ മൂവിക്യാമറ പ്രൊജക്ടുകളുടെ മൂവിംഗ് പ്രൊഡക്ഷനുമായി ജോലിതുടര്‍ന്ന അദ്ദേഹം പിന്നീട് എഡിസന്റെ കമ്പനിയില്‍ ജോലിക്ക് കയറിയ സമയത്താണ് ചലച്ചിത്രത്തിന്റെ സാങ്കേതിക വശങ്ങള്‍ പഠിച്ചെടുത്തത്. 1901 -ല്‍ റുസ് വെല്‍റ്റിനെക്കുറിച്ച് നിര്‍മ്മിച്ച ടെറിബിള്‍ടെഡ്ഡി (Terrible Teddy) , The Griggli King എന്നീ ലഘു ചിത്രങ്ങളിലൂടെ മുന്നോട്ടു പോയി 1903 ലാണ് ദ ഗ്രയിറ്റ് ട്രയിന്‍ റോബറി നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് സ്വന്തമായി ‘ റെക്സ് സ്റ്റുഡിയോ’ എന്ന പേരിലൊരു സ്ഥാപനം തുടങ്ങി തന്റെ സിനിമാ സങ്കല്‍പ്പങ്ങളുമായി സ്വതന്ത്ര പരീക്ഷണങ്ങള്‍ നടത്തി. വീണ്ടും ഈ സംരംഭം ഉപേക്ഷിച്ച് ഫേമസ് പ്ലയേഴ്സ് മെഷീന്‍ കമ്പനിയില്‍(Famous players Machine Company) ചീഫ് ഡയറക്ടറായി ജോലിയില്‍ കയറി. ഈ സമയത്ത് നിര്‍മ്മിച്ച ‘ ദ ഡ്രീം ഓഫ് ബെയര്‍ ബിറ്റ് ഫിയന്‍സ്’ എന്ന സിനിമയിലാണ് ഇന്റെര്‍കട്ടിംഗ്, ഡബിള്‍ എക്സ്പോഷര്‍ സ്റ്റോപ്പ് മോഷന്‍ ഫോട്ടോഗ്രാഫി എന്നീ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചത്. 1913 – ല്‍ നിര്‍മ്മിച്ച ‘ ദ പ്രിസണ്‍ ഓഫ് സെന്‍ഡ‘ എന്ന 5 റീല്‍ സിനിമ ശ്രദ്ധേയമായ ചിത്രമായിരുന്നു. ‘ ദ എറ്റേര്‍ണല്‍ സിറ്റി’ ( 1915 ) ആണ് അവസാന ചിത്രം. പിന്നീട് 1925 വരെ അദ്ദേഹം കളര്‍ സിനിമ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വിതരണം നടത്തുന്ന പ്രസിഷന്‍ മെഷീന്‍ കമ്പനിയില്‍ പ്രസിഡന്റായി ജോലി നോക്കി.

1941 ഏപ്രിലില്‍ അദ്ദേഹം നിര്യാതനായി . നേരത്തെ സൂചിപ്പിച്ചത് പോലെ – ഇന്നത്തെ സിനിമാസങ്കല്‍പ്പമനുസരിച്ച് – അദ്ദേഹം അന്ന് നിര്‍മ്മിച്ച ചിത്രങ്ങള്‍ ചിത്രങ്ങളായി വിലയിരുത്താനാവില്ലെങ്കിലും ലോക സിനിമാരംഗത്ത് ‘ ദ ഗ്രയ്റ്റ് ട്രയിന്‍ റോബറി’ എന്ന ആദ്യ ഫീച്ചര്‍ ചിത്രം നിര്‍മ്മിച്ച സംവിധായകന്‍ എന്ന പേരില്‍ എഡ്വിന്‍ എസ് പോര്‍ട്ടര്‍ ഓര്‍മ്മിക്കപ്പെടും.

Generated from archived content: cinema1_dec24_11.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here