ലോക സിനിമ(14) നസാറിന്‍ (1959) ലൂയിബുനുവല്‍

ഏകാധിപത്യം നിലകൊള്ളുന്ന മെക്സിക്കോയിലാണ് കഥ നടക്കുന്നത്. ക്രിസ്തുമതവിശ്വാസിയായ ഒരു സാധു പുരോഹിതന്‍ പഡ്രോനസാരിയോ ( നസാറിന്‍) യുടെ ജീവിതം ഭിക്ഷക്കാര്‍ക്കും കള്ളന്മാര്‍ക്കും വേശ്യകള്‍ക്കുമൊപ്പമാണ്. പക്ഷെ അവര്‍ക്ക് പുരോഹിതനെ പുച്ഛമാണ്. അയാള്‍ താമസിക്കുന്നത് ഒരു ഉന്മാദ രോഗിയായ ബിയാട്രിസ് എന്ന ഒരു തെരുവ് സ്ത്രീക്കൊപ്പമാണ് . ഇടക്കവള്‍ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കാറുണ്ട്. എങ്കിലും പിന്റോ എന്ന കാമുകനുമായി ചിലപ്പോഴൊക്കെ സന്ധിക്കാറുണ്ട്. ഒരിക്കല്‍ ഒരു തെരുവ് വേശ്യ – അന്‍ഡാര എന്നാണവളുടെ പേര് – ഒരു കൊലക്കുറ്റമാരോപിക്കപ്പെട്ട് പോലീസന്വേഷണം നേരിടുമ്പോള്‍ അഭയം തേടുന്നത് ഈ പുരോഹിതന്റെ മുറിയിലാണ്. വേണ്ടിവന്നാല്‍ അവളുടെ കുറ്റമേറ്റെടുക്കാന്‍ ബിയട്രിസ് തയ്യാറാവുന്നുണ്ട്. പുരോഹിതന്‍ മുറിയിലില്ലാത്ത സമയത്ത് അന്‍ഡാര ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ട് തീകൊളുത്തി പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നു. സഭ പുരോഹിതനെ കുറ്റപ്പെടുത്തുന്നതോടെ അദ്ദേഹം ഭിക്ഷാടകനായി തെരുവുകളിലലയുന്നു. കൂലിക്ക് ഭക്ഷണമെന്ന നിലയില്‍ ജോലി ചെയ്യാന്‍ തയ്യാറായ അദ്ദേഹം ഒരു റോഡ് നിര്‍മ്മാണം നടക്കുന്നിടത്ത് തൊഴിലാളിയാകുന്നുണ്ടെങ്കിലും മറ്റ് സഹതൊഴിലാളികള്‍ തടസ്സപ്പെടുത്തുന്നതിനാല്‍ അവിടം വിടേണ്ടി വരുന്നു. യാത്രക്കിടയില്‍ ബിയാട്രിസിനെ കാണുന്നു. അന്‍ഡാരയുടെ കുടിലിലേക്ക് പുരോഹിതനെ കൊണ്ടു പോകുന്നു. അന്‍ഡാരയുടെ കുഞ്ഞിനെ പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്തിയതായി അവര്‍ കരുതുന്നു. അതോടെ ബിയാട്രിസും അന്‍ഡാരയും പുരോഹിതന്റെ അനുയായികളാ‍യി മാറുന്നു. പ്ലേഗ് ബാധിച്ച ഒരു ഗ്രാമത്തില്‍ പ്രാര്‍ത്ഥനയിലൂടെ ആ അവസ്ഥ മാറ്റാമെന്ന പരീക്ഷണം നടക്കുന്ന സമയത്ത് തൊട്ടടുത്ത ദിവസം പോലീസ് വന്ന് പുരോഹിതനേയും അന്‍ഡാരയേയും പിടി കൂടി ജയിലിലടക്കുന്നു. ബിയാട്രിസിനെ ഭ്രാന്താശുപത്രിയിലാക്കുന്നു. കുറ്റവിചാരണകളില്‍ സഭക്കെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ച് നസാറിനെ ഭ്രാന്തനായി മുദ്രകുത്തപ്പെടുന്നു. അയാള്‍ക്ക് സാന്ത്വനമായി തെരുവില്‍ പൈനാപ്പിള്‍ വില്‍ക്കുന്ന ഒരു സ്ത്രീ ഡ്രംബീറ്റുകളുടെ അകമ്പടിയോടുള്ള സംഗീതത്തില്‍ ആശ്വാസം പകരുന്നു.

കത്തോലിക്കാ സഭയുടെ പരാജയങ്ങളെക്കുറിച്ചുള്ള അപഗ്രഥനമാണീ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെട്ടതോടു കൂടി സഭയുടെ എതിര്‍പ്പുകള്‍ നേരിട്ട ഈ ചിത്രം സ്പെയിനില്‍ നിരോധിക്കുകയുണ്ടായി. സഭയിലെ പുരോഗമനവിശ്വാസികള്‍ അവാര്‍ഡ് നല്‍കി ആദരിച്ചുവെന്നു കൂടി പറയുമ്പോള്‍ ലൂയിബെനുവല്‍ മതനിഷേധിയും നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റുകാരനുമാണെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയുള്ള മാനുഷികമായ വിമര്‍ശനം തള്ളിക്കളയേണ്ടതല്ല എന്ന വിശ്വാസമുള്ളവരും സഭയിലുണ്ടായിരുന്നുവെന്നതാണ് വാസ്തവം. പിന്നീട് വത്തിക്കാന്‍ തയ്യാറാക്കിയ സഭയിലെ മികച്ച പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന 50 ചിത്രങ്ങളുടെ പട്ടികയില്‍ നസാറിനുമുണ്ട്.

‘ 59 ലെ കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രി ഇന്റെര്‍ നാഷണല്‍ പ്രൈസും 61 ലെ സോദല്‍ അവാര്‍ഡും നസാറിന്‍ നേടി.

ഫ്രഞ്ച് സിനിമയില്‍ സര്‍ റിയലിസത്തിന്റെ ശക്തനായ ഉപജ്ഞാതാവായിട്ടാണ് ലുയിബുനുവലിനെ കണക്കാക്കുന്നത്.

1960 ഫെബ്രുവരിയില്‍ സ്പെയി‍നിലെ കലാന്‍ഡയിലാണ് ജനനം. ജെസ്യൂട്ട് പാതിരിമാരുടെ കീഴില്‍ 14 വര്‍ഷക്കാലം സ്കൂള്‍ വിദ്യാഭ്യാസം. കത്തോലിക്കാ സഭയിലെ അനാചാരങ്ങളേയും കപടവിശ്വാസങ്ങളെയും എതിര്‍ക്കാന്‍ കാരണമായത് ഈ പഠനകാലത്തെ അനുഭവങ്ങളാണെന്നു കരുതുന്നു. പീഢനപര്‍വ്വം എന്നാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. മാഡ്രിഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിഖ്യാത ചിത്രകാരന്‍ സാല്‍വദോര്‍ അലിയും ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്കയും പോലുള്ള പ്രഗത്മതികളുടെ കൂട്ടുകെട്ട് ചലച്ചിത്ര ലോകത്തേക്ക് നയിച്ചു. പ്രിറ്റ്സ്ലാംഗിന്റെ ‘ ഡെസ്റ്റനി’ എന്ന ചിത്രം കണ്ടതോടെ പഠനശേഷം ഫ്രാന്‍സിലേക്ക് ചേക്കേറിയ അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട് പലതൊഴിലുകളും ചെയ്തു. 1929 ല്‍ സാല്‍വ‍ദോര്‍ അലിയുമായി കൂട്ടുചേര്‍ന്ന് 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ അണ്‍ചീന്‍ അന്‍ഡാലു’ എന്ന സര്‍റിയലിസ്റ്റിക്ക് ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. റേസര്‍ ബ്ലേഡ് കൊണ്ട് ഒരു പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുന്ന രംഗം ഒരേസമയം ഞെട്ടിക്കുന്നതും കാഴ്ചയുടെ ശക്തിയെ പ്രദാനം ചെയ്യുന്നതുമാണ്.

1930 -ല്‍ പുറത്ത് വന്ന “ ഗോള്‍ഡന്‍ ഏജ്’ എന്ന ചിത്രവും ഈ ഗണത്തില്‍ പെട്ടതാണ്. സിനിമ സംവിധായകന്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉന്നതങ്ങളിലെത്തിയെങ്കിലും പള്ളിയേയും മതമേലധികാരികളുടെ കാപട്യങ്ങളേയും കടന്നാക്രമിക്കുന്നുവെന്നതിനാല്‍ ഏറെ വിവാദമുണ്ടാക്കി. അണ്‍പ്രോമിസ്ഡ് ലാന്‍ഡ്, ലാന്റ് വിത്തൌട്ട് ബ്രഡ് എന്നിവ സര്‍ റിയലിസ്റ്റിക് ചലച്ചിത്രകാരനെന്ന പേര്‍ നേടിക്കൊടുത്തു.

വാര്‍ണര്‍ ബ്രദേഴ്സില്‍ എഡിറ്ററായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ജോലി നോക്കുന്നതിനിടയില്‍ കമ്യൂണിസ്റ്റ് ചിന്താഗതിയുടെ പേരില്‍ അമേരിക്ക വിടേണ്ടിവന്നു. മെക്സിക്കോയിലേക്ക് പോയ അദ്ദേഹം പിന്നീട് സംവിധാനംചെയ്ത ‘ ലോഡ് ഒള്‍വിദാദോസ്’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള ബഹുമതി നേടി. സ്പെയിനില്‍ നിരോധിക്കപ്പെട്ട ‘ വിറിഡിയാന’ പാം ഡി ഓര്‍ പുരസ്ക്കാരം നേടി. മൈലാസ്റ്റ് ബ്രത്ത് എന്ന ആത്മകഥ വിഖ്യാതകൃതിയാണ്. അധികാരത്തോടും മത കാപട്യങ്ങളോടും എന്നും കലഹിക്കുന്ന സ്വഭാവം വച്ചു പുലര്‍ത്തിയതിനാല്‍ പലപ്പോഴും ജന്മനാടായ സ്പെയിനിലും പിന്നീട് അമേരിക്കയിലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സെക്സ്, വയലന്‍സ് ഇവയൊക്കെ വാസ്തവത്തില്‍ ആക്രമണത്തിനുള്ള ഉപാ‍ധികള്‍ മാത്രമായിരുന്നു. അതിവൈകാരികതയെ ഒഴിവാക്കി യാഥാര്‍ത്ഥ്യങ്ങളോടുള്ള മനശാസ്ത്രപരമായ സമീപനമാണ് അദ്ദേഹം സിനിമയില്‍ കൈക്കൊണ്ടത്.

1983 ജൂലായ് 29 ന് അന്തരിച്ചു.

Generated from archived content: cinema1_aug10_12.html Author: m_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here