ഹാസ്യത്തിന്റെ നിറപ്പകിട്ടോടെ പരിഷ്കൃതരെന്ന് ഭാവിക്കുന്നവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളെയും പ്രത്യേകിച്ച് താഴേക്കിടയിലുള്ളവരുടെ വിശ്വാസപ്രമാണങ്ങളെയും സത്യബോധത്തേയും അവയുടെ തകര്‍ച്ചയേയും ചിത്രീകരിക്കുന്ന ഒരു ചിത്രം. അതാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയിലെ ശക്തനായ ജാക്കോബ്സ് ജോഹന്നാസ് ഉയിസ് എന്ന ‘ ജാമിഉയിസ്’ കാഴ്ച വച്ച വിഖ്യാത ചിത്രം ഗോഡ്സ് മസ്റ്റ് ബി ക്രേസി . വിവിധ പ്രായക്കാരടങ്ങിയ കുട്ടികളും മുതിര്‍ന്നവരുമുള്‍ക്കൊള്ളുന്ന ഒരാദിവാസി കുടുംബത്തിന്റെ തലവനാണ് ‘സാന്‍‘. ‘കാലഹരി’ എന്ന മരു പ്രദേശത്താണ് തങ്ങളുടെ ഉപജീവനത്തിനു വേണ്ടി ഇര തേടുന്നത്. ആകാശത്ത് കൂടി പറക്കുന്ന ഒരു വിമാനത്തില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ഒരു കൊക്കോക്കോളയുടെ കുപ്പി അവരിലൊരാള്‍ക്കു കിട്ടുന്നു. അതൊരു വിചിത്ര വസ്തുവായി കാണുന്നു അവര്‍. ഓരോരുത്തരും അതിന് ഓരോരോ ഉപയോഗങ്ങള്‍ കണ്ടെത്തുന്നു. ആ കുപ്പിയെ ചൊല്ലിയുള്ള അതിന്റെ ഉടമസ്ഥാവകാശത്തെ – ചൊല്ലിയുള്ള അവകാശവാദങ്ങളുന്നയിച്ചുള്ള കലഹങ്ങള്‍ അവരുയര്‍ത്തുന്നു. വാസ്തവത്തില്‍ അതവരുടെ സ്വസ്ഥമായ ജീവിതത്തില്‍ വന്നു പെടുന്ന ആദ്യത്തെ കലഹം. അതൊരു പിശാചായി കാണുന്ന തലവന്‍ അതിനെ ഉപേക്ഷിക്കാന്‍ പറയുന്നെങ്കിലും ആരും അത് ചെവിക്കൊള്ളുന്നില്ല. മാത്രമല്ല അയാളുടെ ശ്രമങ്ങളൊക്കെ അയാള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഇതോടൊപ്പം തന്നെ യന്ത്രവത്കരണ ലോകത്ത് കഴിയുന്ന നഗരവാസികളേയും സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. അവിടെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കലാപം നടത്തുന്ന തീവ്രവാദികളെ കാണിക്കുന്നു. അവര്‍ കീഴടക്കിയവരെ തീവ്രവാദികളുടെ സങ്കേതത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ആദിവാസി തലവനായ സാനിന് കഴിയുന്നത് ആയിടെ പരിചയപ്പെട്ട ഒരു വന്യജീവി ഗവേഷകനായ വെള്ളക്കാരന്റേയും അയാളുടെ കാമുകിയുടേയും സഹായം ലഭിച്ചതുകൊണ്ടാണ്. അതോടെ സായിപ്പും കാമുകിയും ആദിവാസികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. തീവ്രവാദികളുടെ ഇടയില്‍ നിന്ന് ബന്ദികളെ മോചിപ്പിച്ചത് വഴി സാന്‍ ഒരു വീരസാഹസികകഥാപാത്രമായി മാറുന്നു. വീണ്ടും സാനും ആദിവാസി കുടുംബവും, തങ്ങളുടെ സ്വച്ഛ സുന്ദരമായ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇതിനെല്ലാം കാരണമായത് തങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന കൊക്കോക്കോള കുപ്പിയാണെന്ന് അവര്‍ കണ്ടെത്തുന്നു. ഏതായാലും ഇപ്പോള്‍ അതിനെ ഒരു പിശാചായി കാണുന്നില്ല.
തികച്ചും നര്‍മ്മത്തിലാവിഷ്ക്കരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്നതാണ്. സമാധാന ജീവിതം നയിക്കുന്ന സാധുക്കളായ ആദിവാസികളുടെ ഇടയിലേക്ക് പരിഷ്കൃത ലോകം കടന്നു കയറി നടത്തുന്ന നാശനഷ്ടങ്ങളെ അതിജീവിച്ച് തങ്ങളുടെ മാര്‍ഗ്ഗം തന്നെ ശരി എന്നു കരുതി മടങ്ങുന്ന ആദിവാസിത്തലവന്‍ സാന്‍ ഈ ചിത്രത്തിലെ ശക്തനായ ഒരു കഥാപാത്രമാണ്. ഈ സിനിമയുടെ നിര്‍മ്മാണവും രചനയും എഡിറ്റിംഗും എല്ലാം നിര്‍വഹിച്ചത് സംവിധായകനായ ജാമി ഉയിസ് തന്നെയാണ്. അമേരിക്കന്‍ തീയേറ്ററുകളില്‍ മൂന്ന് വര്‍ഷത്തിന് മേലെ ഈ ചിത്രം ഓടി എന്ന് വരുമ്പോള്‍ ഉയിസിന്റെ ഹാസ്യത്തില്‍ ചാലിച്ചെടുത്ത ചിത്രത്തിന്റെ പ്രേക്ഷകസ്വീകാര്യം എത്രമാത്രമായിരുന്നെന്ന് പറയേണ്ടതില്ല. ജന പ്രീതി കണക്കിലെടുത്ത് ഈ ചിത്രത്തിന് മൂന്ന് തുടര്‍ഭാഗങ്ങള്‍ കൂടി തിരക്കഥയെഴുതി നിര്‍മ്മിച്ച് ഉയിസ് സംവിധാനം ചെയ്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ബോക്സ് ബര്‍ഗില്‍ 1921 മെയ് 4 – നാണ് ജാമി ഉയിസിന്റെ ജനനം. വിദ്യാഭ്യാസാനന്തരം ഗണിതശാസ്ത്രാദ്ധ്യാപകനായി ജോലിയാരംഭിച്ച ഉയിസ് സഹപ്രവര്‍ത്തകയെ വിവാഹം കഴിച്ച് ജോലിയോടൊപ്പം കൃഷിയും കച്ചവടവുമായി കഴിയുമ്പോള്‍ നീതിന്യായവകുപ്പില്‍ ജഡ്ജിയായി ജോലി കിട്ടി. സാഹസികനായ ഉയിസ് ആ സമയം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി പുഴ നീന്തി കടക്കുകയായിരുന്നു. ഈ പരിചയം പിന്നീട് നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് പ്രയോജനപ്രദമായി മാറി എന്നത് പറയേണ്ടതുണ്ട്.
1951 – ലാണ് ആദ്യ സിനിമ പിറവിയെടുക്കുന്നത് – ഡോവര്‍ ഇന്‍ ഡൈ ബോസ്ഡെല്‍സ് 1974 -ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്ന ഡൊക്യുമെന്റെറി ‘ ഹോളിവുഡ് പ്രസ്സ് അസ്സോസ്സിയേഷന്റെ അവാര്‍ഡ് നേടുകയുണ്ടായി. പിന്നീടാണ് വിഖ്യാതമായ ഗോഡ്സ് മസ്റ്റ് ബി ക്രേസി പുറത്തിറങ്ങുന്നത്. വിമാനം തകര്‍ന്ന് കാലഹരി മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്ന ബാലന്റെ കഥ ‘ ലോസ്റ്റ് ഇന്‍ ഡെസോര്‍ട്ട്’ എന്നൊരു ചിത്രവും ഇക്കാലത്തിറങ്ങിയിട്ടുണ്ട്. ഈ സിനിമയില്‍ അച്ഛനും മകനുമായി അഭിനയിക്കുന്നത് ജാമി ഉയിസും അദ്ദേഹത്തിന്റെ മകനുമായിരുന്നു. പിന്നീടു വന്ന ഡോക്യുമെന്റെറി ചിത്രങ്ങളായ ‘ടു ബ്യൂട്ടിഫുളും, ഫണ്ണി പീപ്പിളും വിഖ്യാതങ്ങളാണ്. രണ്ട് തവണ ഓസ്ക്കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ പുരസ്ക്കാരം ലഭിച്ചു.
സിറ്റിസണ്‍സ് ഓഫ് ടുമാറോ , ഓള്‍ ദ ഡെയ്സ് ടു പാരീസ്, അനിമല്‍സ് ആര്‍ ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്നി ചിത്രങ്ങളും പ്രശസ്തമാണ്. മൊത്തം 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1996 ജനുവരി 29 ന് ജോഹന്നാസ് ബര്‍ഗില്‍ വച്ച് ഹൃദ്രോഗം ബാധിച്ചായിരുന്നു മരണം.
Generated from archived content: cinema1_apr25_13.html Author: m_k