അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല

ഇന്നലെ ജോലിസ്ഥലം വിട്ട് ഇറങ്ങിയപ്പോള്‍‍ കരുതിയതാണ് കുറച്ചു ഫ്രൂട്ട്സും ബ്രഡും വാങ്ങണമെന്ന് രണ്ടു ദിവസം മുറിക്കകത്തു ചടഞ്ഞു കൂടിയിരുന്നു. ഭക്ഷിച്ചു കൂട്ടാനായി കിട്ടാവുന്നതെല്ലാം വാങ്ങണം അവ ലഭിക്കാവുന്ന രണ്ടു സ്റ്റോറുകള്‍ ലാസര്‍ താമസിക്കുന്ന മുറിയുടെ അടുത്തുണ്ട്. അവിടെ നിന്നാണ് ആവശ്യമുള്ള സാധങ്ങള്‍ ലാസര്‍ വാങ്ങാറുണ്ടായിരുന്നത്. പട്ടണത്തിലെ വിലയേക്കാള്‍ കുറഞ്ഞും വലിയ കേടുപാടുകളില്ലാത്തതുമായ സാധങ്ങള്‍ അവിടെ കിട്ടും. പ്രത്യേകിച്ച് പഴവര്‍ഗ്ഗങ്ങള്‍. വാങ്ങല്‍ പതിവ് അന്നും തെറ്റിക്കാണ്ടായെന്ന് ലാസര്‍ മനസ്സില്‍ കരുതി.

ലാസര്‍ കിഴക്കേക്കോട്ടയില്‍ നിന്നും വണ്ടി കയറി ലാസറിനിറങ്ങേണ്ട സുബാഷ്നഗര്‍ ബസ്റ്റോപ്പില്‍ ഇറങ്ങി അവിടെ നിന്ന് ചെമ്പകശ്ശേരിയില്‍ പതിവ് നടത്തം നടന്നു.

ചെമ്പകശേരിയില്‍ എത്തിയപ്പോള്‍ അവിടെയുള്ള രണ്ട് സ്റ്റോപ്പുകളിലും സാധാരണ കാണുന്ന ഒരു തിരക്കും കാണുന്നില്ല. ബ്രെഡ് നിരത്തി വയ്ക്കുന്ന സ്റ്റാന്‍ഡിലേക്ക് നോക്കി അവിടെ ശൂന്യം. വാഴക്കുലകളൊന്നും തൂങ്ങികിടക്കുന്നില്ല. എന്നാലും കച്ചവടക്കാ‍രനുമായി ആശയ വിനിമയം നടത്തി.

മുട്ടയോ ചിപ്സോ മിച്ചറോ അതുപോലെ എന്തെങ്കിലും കിട്ടുമോ എന്ന് ലാസര്‍ ശ്രമിച്ചു നോക്കി. എല്ലാം ശൂന്യം ചുറ്റും താമസിക്കുന്ന അന്യ സംസ്ഥാനതൊഴിലാളികള്‍ രണ്ടു ദിവസത്തെ നേരിടാന്‍ എല്ലാം വാങ്ങിക്കൂട്ടിയിരിക്കുന്നു. ലാസര്‍ അടുത്ത സ്റ്റോറിലേക്കു നീങ്ങി. അവിടത്തെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഇനി എന്തു ചെയ്യാന്‍ ലാസര്‍ ഒരു നിമിഷം ആലോചിച്ചു? തിരിച്ചു പട്ടണത്തിലേക്കു പോണോ? നേരം വൈകിയിരിക്കുന്നു ഇനി അങ്ങോട്ടുമിങ്ങോട്ടും ബസ് കിട്ടാന്‍ സാദ്ധ്യതയില്ല. ഭക്ഷണം വാങ്ങാനായി തിരിച്ച് പോകേണ്ടാ എന്നു ലാസര്‍ തീരുമാനിച്ചു. എന്തും വരട്ടെ രണ്ടു ദിവസമല്ലേ നഗരത്തിലെവിടെയെങ്കിലും നാളെ ചെറിയ കടകളോ തട്ടുകടകളൊ തുറക്കുമെന്ന മനസമാധാനത്തോടെ തന്റെ മുറിയിലെത്തി. മുറി വാടകക്കെടുത്തു താമസിക്കുന്നവര്‍ ഓരോ ഹര്‍ത്താലുകളും നേരിടാന്‍ പാടുപെടുമ്പോള്‍‍ ചിലര്‍ ഹര്‍ത്താല്‍ ആഘോഷിക്കുകയാണ്. ലാസര്‍ പ്രാഭാത കര്‍മ്മങ്ങള്‍‍ കഴിഞ്ഞ് വായന തുടങ്ങി. വിശക്കുന്നു പ്രഭാത ചായ പോലും കുടിച്ചില്ല ശ്രദ്ധ പതറുന്നു വിശപ്പ് തനിക്കു സഹിക്കാവുന്നതിനപ്പുറത്തേക്ക് ആണെന്ന സത്യത്തിലേക്ക് ലാസര്‍ എത്തിച്ചേര്‍ന്നു. പുറത്തിറങ്ങാം എന്തെങ്കിലും കിട്ടാതിക്കില്ലാ. എങ്ങെനെയാണ് ദിവസങ്ങളോളം ഓരോരുത്തര്‍ നിരാഹാരമനുഷ്ഠിക്കുന്നത് ലാസര്‍ ചിന്തിച്ചു. വയറിനുള്ളില്‍ കത്തിക്കാളുകയാണ്. പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകാത്തതിന്റേയും നൊയമ്പുകാലങ്ങളില്‍ നൊയമ്പു പിടിക്കാത്തതിന്റെയും പരിശീലന അഭാവം ഒരു കുറവായി ലാസറിനു തോന്നി.

ലാസര്‍ പുറത്തിറങ്ങി ലക്ഷ്യമില്ലാതെ നടന്നു. വീണ്ടും നടന്നു ശരിക്കുമൊരു ഹര്‍ത്താല്‍ അല്ല ബന്ദ് രണ്ടു വാക്കുകള്‍ക്കും അര്‍ത്ഥഭേദമില്ല. ബന്ദ് കോടതി നിരോധിച്ചപ്പോള്‍‍ ഹര്‍ത്താല്‍ എന്ന വാക്ക് പകരം ഉപയോഗിച്ചെന്നേയുള്ളു.

എങ്ങുമൊരു കട തുറന്നിട്ടില്ല. വെയില്‍ എങ്ങും ആളിപ്പടരുകയാണ്. ചൂട് സഹിക്കാനാകുന്നില്ല ലാസറിന്റെ ഉള്ളിലും പുറത്തും തീ പടര്‍ന്നു പിടിക്കുകയാണ്. ഏതെങ്കിലും കടവരാന്തയില്‍ കയറിയിരുന്നു വിശ്രമിക്കാം. ഇനി മുന്നോട്ടു നടക്കനാകില്ല തളര്‍ന്നു. കുറച്ചു വെള്ളമെങ്കിലും കുടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍. പുത്തന്‍ പരിഷ്ക്കരണങ്ങളുടെ ഭാഗമായി പൊതുനിരത്തില്‍ നിന്നും പൊതു പൈപ്പുകള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. ഒരു കെട്ടിടത്തിനു പുറത്തും ആരേയും കാണുന്നില്ല. മതിലിലെ ഗേറ്റുകള്‍ ഭദ്രമായി അടച്ചിട്ടിരിക്കുന്നു.

പോക്കറ്റ് നിറയെ കാശ് ഉണ്ടായിരുന്നിട്ടും ഒന്നും വാങ്ങി കഴിക്കാനാവാത്ത അവസ്ഥ. എന്തിനാണീ ഹര്‍ത്താല്‍ ഇന്നലെയും ഈ ഹര്‍ത്താലിനു കാരണം പത്രത്തില്‍ വായിച്ചതാണ്. കഴിഞ്ഞ കുറെ നാളുകള്‍കൊണ്ട് ഹര്‍ത്താലിനു കാരണം മാധ്യമങ്ങളിലൂടെ വായിച്ചും കണ്ടും കേട്ടറിഞ്ഞതാണ്. ആഫീസില്‍ യൂണിയന്‍കാര്‍ നോട്ടിസ് വിതരണം ചെയ്തതാണ്. വിശപ്പിന്റെ ആധിക്യത്തില്‍ ഒന്നും ഓര്‍മ്മയില്‍ എത്തുന്നില്ല. എന്തായാലും ഈ ഒരവസ്ഥയിലും ലാസറിനു ഒരു കാര്യം തീര്‍ച്ചയാണ്. ഹര്‍ത്താലിലെ ആവശ്യങ്ങളോടെല്ലാം ലാസറിനു യോജിപ്പായിരുന്നു. ഹര്‍ത്താലല്ലാ വേണ്ടത് ഹര്‍ത്താലിലെ ആവശ്യങ്ങള്‍ക്കായി സായുധ വിപ്ലവമാണ് വേണ്ടത്. ലാസര്‍ ആഫീസി ല്‍ ഉച്ചത്തില്‍ പറഞ്ഞതാണ്. എന്നിട്ടും ഒരു ദിവസത്തെ വിശപ്പ് ലാസറെ വിസ്മൃതിയുടെ ലോകത്ത് എത്തിച്ചിരിക്കുന്നു.

ലാസര്‍ മുന്നില്‍ കണ്ട കടയുടെ പടിക്കെട്ടില്‍ കയറിയിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍‍ ക്ഷീണം കൊണ്ട് കണ്ണുകള്‍ താനേ അടഞ്ഞു. കുറച്ചു നേരം മയങ്ങിപ്പോയ ലാസര്‍ മയക്കത്തില്‍ നിന്നും മുക്തി നേടി ലക്ഷ്യമില്ലാതെ നടന്നു. ലാസര്‍ തന്റെ വാച്ചില്‍ നോക്കി സമയം വൈകുന്നേരം അഞ്ചരയാകാന്‍ പോകുന്നു. ഇനി എന്തും സംഭവിക്കട്ടെ എന്നു കരുതി തിരികെ മുറിയിലേക്കു നടക്കാം എന്നു വിചാരിച്ചു.

വന്ന വഴി വിട്ട് എളുപ്പത്തില്‍ താമസസ്ഥലത്തേക്ക് എത്താ‍നാവുന്ന റോഡു പിടിച്ചു ലാസര്‍ നടക്കാന്‍ തുടങ്ങി. വിശന്ന് കണ്ണു കറങ്ങുന്നു. വീണു പോകുമോ എന്നൊരു ഭീതി മനസ്സില്‍ പടരുന്നു. അപ്പോഴാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം പ്രത്യക്ഷപ്പെടുന്നത്. അവിടെ ഹര്‍ത്താലായിട്ടും ആളനക്കം ഉണ്ട്. അമ്പലത്തില്‍ കയറുന്ന ഭക്തരും ഇറങ്ങുന്ന ഭക്തരും. അതില്‍ കൂടുതല്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളാണ്. ലാസറിനുള്ളീല്‍ കുളിര്‍മ തോന്നി. ലാസര്‍ ആകാംക്ഷയോടെ ക്ഷേത്ര ജംഗ്ഷന്‍ മുഴുവന്‍ വീക്ഷിച്ചു. ക്ഷേത്ര പരിസരങ്ങളില്‍ ആള്‍ക്കാര്‍ ഉണ്ടെങ്കിലും പരിസരത്ത് എങ്ങും ഒറ്റ കടയും തുറന്നിട്ടില്ല ലാസറിനു നിരാശ തോന്നി.

അപ്പോഴാണ് ഒരു വെള്ളിടി കണക്കെ അമ്പലത്തില്‍ നിന്നും നൈവേദ്യം കിട്ടാനുള്ള കാര്യം ലാസറിന്റെ തലച്ചോറില്‍ വന്നു വീണത്. ഒപ്പം താനൊരു കൃസ്ത്യാനിയാണെന്ന ബോധവും ഉള്ളിലൊരാന്തലോടെ തലച്ചോറിനെ ആക്രമിച്ചു.

ക്രിസ്ത്യാനിയായ ലാസര്‍ എങ്ങനെയാണ് ക്ഷേത്രത്തില്‍ നിന്നും നിവേദ്യം കഴിക്കുക? നാളിതു വരെ മറ്റൊരു ദൈവത്തിനു സമര്‍പ്പിച്ച നിവേദ്യം ലാസര്‍ കഴിച്ചിട്ടില്ല. നിവേദ്യം കഴിക്കാനുള്ള അവസരം പല തവണ കൈവന്നിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം ലാസര്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ലാസറിന്റെ കൂടെ ജോലി ചെയ്യുന്ന പലരും അമ്പലങ്ങളില്‍ അര്‍പ്പിച്ച നിവേദ്യം ആഫീസില്‍ കൊണ്ടു വരാറുണ്ട്. എല്ലാവര്‍ക്കും പങ്കു വയ്ക്കുമ്പോള്‍‍ ലാസര്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്. ഇതു മനസിലാക്കിയ പലരും നൈവേദ്യമോ പൊങ്കാലപ്രസാദമോ ലാസറിനു വച്ചു നീട്ടാറില്ലായിരുന്നു.

ആഫീസില്‍ എല്ലാ പൊതുകാര്യങ്ങള്‍ക്കും ലാസര്‍ സംഭാവന നല്‍കാറുണ്ട്. എന്നാല്‍ അന്യ ദൈവങ്ങളുടെ കാര്യം വരുമ്പോള്‍ വഴി മാറി നടക്കും. പൂജവയ്പ്പും പൂജയെടുപ്പും ആഫീസില്‍ എല്ലാവരും സഹകരിച്ചു നടത്താറൂണ്ട്. അതില്‍ ലാസര്‍ മാത്രം സഹകരിച്ചിരുന്നില്ല. ആ ദിവസങ്ങള്‍ ആഫീസിന്റെ പരിസരപ്രദേശങ്ങളില്‍ പോലും വരാറില്ലായിരുന്നു. ആ ലാസറാണ് അമ്പലത്തിലെ നിവേദ്യത്തെക്കുറിച്ച് ആലോചിച്ചത്.

ലാസര്‍ ദൈവ കല്‍പ്പനയിലെ ഒന്നാം പ്രമാണം ഓര്‍ത്തു. ”നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.” ലാസറിന്റെ ഉള്ളൊന്നു കിടുങ്ങി. അമ്മച്ചിയുടെ ഉപദേശവും പള്ളി വികാരിയുടെ പ്രസംഗങ്ങളിലെ സാരാംശങ്ങളും ലാസറിന്റെ മനസിലേക്കു കടന്നു വന്നു. അന്യ ദൈവങ്ങള്‍ക്കു മുമ്പില്‍ കൈകൂപ്പിയോ അവര്‍ക്കായി സമര്‍പ്പിച്ച അര്‍പ്പണ വസ്തുക്കള്‍ സ്വീകരിക്കുകയൊ ഭക്ഷിക്കുകയോ ചെയ്യുന്നത് മഹാപാപമാണ്. അങ്ങനെയൊരുവന്‍ നിത്യ നരകത്തില്‍ പോകും.

ലാ‍സര്‍ വിശ്വാസാചാരങ്ങള്‍ കൈവെടിയണ്ടാ എന്നു കരുതി മുന്നോട്ടു നടന്നു. അധികം മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. വിശപ്പ് അതു സര്‍വ്വശക്തിയും പ്രയോഗിച്ചു പിറകോട്ടു വലിക്കുന്നു. ലാസറിന്റെ മനസു മന്ത്രിച്ചു തിരികെ നടക്കാം. അമ്പലത്തില്‍നുള്ളില്‍ കയറാം അവിടെ നിവേദ്യം കിട്ടാതിരിക്കില്ല. ലാസര്‍ പിറകോട്ടു തിരിഞ്ഞു നടന്നു.

ലാസര്‍ ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ക്കലെത്തി. ശരീരമാകെ വിറകൊള്ളുന്നു. ഹൃദയമിടിപ്പു വര്‍ദ്ധിക്കുന്നു. സര്‍വ ശക്തിയും സമാഹരിച്ചു ലാസര്‍ ക്ഷേത്ര കോമ്പൗണ്ടില്‍ പ്രവേശിച്ചു. ഉള്ളില്‍ കടന്നപ്പോള്‍‍ ലാസറിന്റെ ആദ്യ ദര്‍ശനം പ്രസന്നവദനനും ശൊഭയാര്‍ന്നവനുമായ ശിവന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകളാണ്. അതു നോക്കാനുള്ള മാനസികാവസ്ഥ ലാസറിനില്ലായിരുന്നു. ഉള്ളിലൊരാന്തല്‍. ലാസര്‍ കണ്ണുകള്‍ താഴ്ത്തിക്കളഞ്ഞു. തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ലാസര്‍ ചുറ്റിലും നോക്കി ഇല്ല തന്നെ ആരും ശ്രദ്ധിക്കുന്നില്ല .ചിലര്‍ ഭക്തിനിര്‍ഭരായി ശിവന്റെ മുന്നില്‍ കൈകൂപ്പി ഏകാഗ്രതയില്‍ നില്‍ക്കുകയാണ്. ലാസര്‍ ഇടതുവശത്തെ പാതയിലൂടെ നടന്നു സര്‍പ്പ പ്രതീഷ്ഠ ഒന്നു നോക്കി. പേടിച്ചു പോയി. പത്തി വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പ വിഗ്രഹം. പെട്ടന്നു ലാസറിന്റെ മനസ്സില്‍ ഓര്‍മ്മ വന്നു. ഏദന്‍ തോട്ടത്തില്‍ വച്ച് ഹവ്വക്ക് ദൈവം വിലക്കപ്പെട്ട പഴം നല്‍കി പറ്റിച്ചതിന്റെ പേരില്‍ ദൈവം ശപിച്ചതാണ് ഉരഗം കൊണ്ട് ഇഴഞ്ഞു നടക്കാന്‍. താനും സാത്താന്റെ പറ്റിപ്പില്‍ വീഴുകയാണോ?

ഇനി ഇവിടെ എവിടെയാണ് നൈവേദ്യം കിട്ടുന്നത്? ഒരു ചെറിയ വാതിലിലൂടെ ക്ഷേത്രത്തിനുള്ളിലേക്ക് ഷര്‍ട്ട് ഊരി തോളിലിട്ടുകൊണ്ട് ഒരാള്‍ കയറിപോകുന്നത് കണ്ടു. നൈവേദ്യത്തിനായി താനും ഇങ്ങനെ ക്ഷേത്രത്തിനുള്ളിലേക്ക് കയറിപോകണമോ എന്നു ലാസര്‍ ശങ്കിച്ചു കൊണ്ട് ആ ഭാഗത്തേക്കു നടന്നു. അപ്പോഴാണ് ഇടതുഭാഗത്തൊരു കൌണ്ടറും അതിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡും ലാസര്‍ ശ്രദ്ധിച്ചത്.

ലാസര്‍ പെട്ടന്ന് ബോര്‍ഡ് വായിച്ചു. പാല്‍പ്പായസം, ശര്‍ക്കരപ്പായസം, അരവണ, അപ്പം താന്‍ വിശന്നു വലഞ്ഞപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ അന്വേഷിച്ചിറങ്ങിയ നൈവേദ്യങ്ങള്‍‍

ലാസര്‍ കൌണ്ടറിനുള്ളിലേക്കു നോക്കി ഒരാള്‍ ഇരിക്കുകയാണ്. ധൈര്യം സംഭരിച്ച് വാക്കുകള്‍ പുറത്തെടുത്തു ‘’ അരലിറ്റര്‍ ശര്‍ക്കരപ്പായസം, ഒരു കവര്‍ അപ്പം”

കൌണ്ടറിനകത്തു നിന്നൊരു ചോദ്യം.

‘’ പേര്?’‘

ലാസറൊന്നു ചമ്മി. എങ്ങനെയാണു തന്റെ പേരു പറയുന്നത്? പെട്ടന്നു സഹപാഠി ഗീതയെ ഓര്‍മ്മ വന്നു. ലാസറായ തന്നെ ലച്ചു എന്നാണ് വിളിക്കുന്നത്.

ലാസര്‍ വിളിച്ചു പറഞ്ഞു.

‘’ ലച്ചു’‘

അടുത്ത ചോദ്യം കൌണ്ടറിനുള്ളില്‍ നിന്നും വീണ്ടും വന്നു.

‘’ നക്ഷത്രം’‘

ലാസര്‍ ഒരു നിമിഷം പകച്ചു പോയി. ലാസറിന്റെ നക്ഷത്രമറിയില്ല. നക്ഷത്രങ്ങളുടെ പേരും അറിയില്ല. പെട്ടന്ന് ലാസറിന്റെ മനസില്‍ ‘’ അശ്വതി’‘ എന്നു മുഴങ്ങിക്കേട്ടു.

ലാസര്‍ പറഞ്ഞു ‘’ അശ്വതി’‘

‘’ എന്നു വേണം?’‘

‘’ ഇപ്പോ വേണം’‘

”നൂറ്റിനാല്‍പ്പത് രൂപ’‘

ലാസര്‍ അഞ്ഞൂറിന്റെ നോട്ടെടുത്ത് നീട്ടി ചില്ലറ വാങ്ങുന്നതിനിടയില്‍ ലാസര്‍ ചിന്തിച്ചു. കാശ് കൊടുത്ത് സാധനം വാങ്ങുന്നതിനെന്തിനാണു പേരും നക്ഷത്രവും?

കൌണ്ടറില്‍ നിന്നു ഒരു രസീത് ഇങ്ങോട്ടു നീട്ടി. ലാസര്‍ തന്റെ കാശിനുള്ള സാധനങ്ങളാണ് പ്രതീക്ഷിച്ചത്. ലാസര്‍ കൗണ്ടറിനുള്ളിലാകെ നോക്കി. അതിനകത്ത് സാധങ്ങള്‍ ഒന്നുമില്ലായിരുന്നു. രസീതു വാങ്ങി ലാസറിന്റെ നില്‍പ്പു കണ്ടപ്പോള്‍ കൌണ്ടറിനുള്ളില്‍ ഇരുന്ന ആള്‍ക്കു മനസിലായി ഈ നക്ഷത്രത്തിന്റെ ”ലച്ചു ‘’ അപരിചിതനാണെന്ന്. കൌണ്ടറില്‍ നിന്നും മൊഴിവന്നു ‘’ ഇതിന്റെ മറുവശം പോയാല്‍ നൈവേദ്യം കിട്ടും’‘

ലാസറൊരു വിറയലോടെ ഇടം വലം നോക്കാതെ വച്ചു പിടിച്ചു. മറുവശം ചെന്നപ്പോള്‍‍ കണ്ട കാഴ്ച ആശ്വാസം പകരുന്നതാണ്. രണ്ടു പേര്‍ ഗ്ലാസില്‍ നിന്നും എന്തോ കുടിക്കുന്നു. മുണ്ടു തറ്റുടുത്ത ഒരു പൂണൂല്‍ക്കാരന്‍ രണ്ടു ഉരുളികളുടെ അടുത്തായി നില്‍ക്കുന്നുണ്ട്. ലാസര്‍ രസീതു കൊടുക്കാന്‍ ശ്രമിച്ചു. പൂണൂല്‍ധാരി ലാസറിന്റെ കൈ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ലാസറില്‍ നിന്നും രസീതു വാങ്ങിച്ചു.

പൂണൂല്‍ധാരി രസീതു നോക്കിയിട്ട് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡെന്ന രേഖപ്പെടുത്തിയ ഒരു പ്ലാസ്റ്റിക് ഡപ്പിയെടുത്തു അതില്‍ ശര്‍ക്കരപായസം നിറച്ചു നീട്ടി. ലാസര്‍ തന്റെ കൈ പാരലലായി നീട്ടിയപ്പോള്‍ രൂക്ഷമായി ലാസറിന്റെ മുഖത്തേക്കു നോക്കി . ഒരു ഉള്‍പ്രേരണ പോലെ ലാസര്‍ രണ്ടു കയ്യും ചേര്‍ത്തു മലര്‍ത്തിക്കൊടുത്തു. ആ ബ്രാഹ്മണന്‍ ലാസറിന്റെ കയ്യില്‍ ശര്‍ക്കരപായസം നിറച്ച ഡപ്പി ഇട്ടുകൊടുത്തു.

ഇനി അപ്പം എങ്ങനെ കിട്ടുമെന്ന് ശങ്കിച്ചു ലാസര്‍ നിന്നു. ബ്രാഹ്മണന്‍ അകത്തു പോയി ഒരു പ്ലാസ്റ്റിക് കവറില്‍ അപ്പവുമായി വന്നു. ലാസര്‍ തന്റെ രണ്ടു കയ്യും മലര്‍ത്തി കാണിച്ചു. കവര്‍ ലാസറിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു.

ലാസര്‍ ഗ്ലാസ് മൊത്തുന്ന ആളിനോടു ചെന്നാരാഞ്ഞു ‘’ ഇതു ഇവിടിരുന്നുകൊണ്ടു കഴിക്കുന്നതിനു കുഴപ്പമില്ലല്ലോ‘’

അയാള്‍ പറഞ്ഞു ‘’ ഇല്ല കഴിച്ചോളൂ’‘

വിശപ്പിന്റെ ആന്തല്‍. ലാസര്‍ തൊട്ടടുത്ത തൂണിന്റെ മറ പറ്റി ചെന്നു നിന്നു ഡപ്പി തുറന്നു. പാല്‍പ്പായസവും കവര്‍ പൊളിച്ച് അപ്പവും അകത്താക്കി.

എന്തൊരാശ്വാസം ശാന്താമായി ലാസര്‍ പരിസരമാകെ വീക്ഷിച്ചു. എല്ലാവരും നിശബ്ദരായി അവരവരുടെ മനസിന്റെ ഭാരവുമായി നടന്നു നീങ്ങുന്നു. ഓരോരുത്തര്‍ ഓരോ വിഗ്രഹങ്ങളുടെ മുന്നില്‍ എത്തി അവരവരുടെ ആഗ്രഹങ്ങളും പരിവേദനങ്ങളും ഏകാന്തമായി ഇറക്കി വച്ചു..

ലാസറിനു ക്ഷേത്ര കോമ്പൌണ്ടിനുള്ളില്‍ കയറിയപ്പോള്‍‍ ഉണ്ടായിരുന്ന വിറയല്‍ അകന്നു. വിശപ്പ് അകന്നു. ഹര്‍ത്താലിനെ അതിജീവിച്ചു.

മതിലിനോടു ചേര്‍ന്നുള്ള ബക്കറ്റില്‍ ഒഴിഞ്ഞ ഡപ്പിയും കവറും ലാസര്‍ നിക്ഷേപിച്ചു.. ക്ഷേത്ര പരിസരമാകേ ലാസറിനു കാണണമെന്നു തോന്നി. വലിയ ബോര്‍ഡുകളില്‍ ഭക്തര്‍ക്കു ചൊല്ലാനായി മന്ത്രോച്ചാരണങ്ങള്‍ എഴുതി തൂക്കിയിട്ടിരിക്കുന്നു. അവയിലൂടെ ഒന്നു കണ്ണോടിച്ചതിനിനു ശേഷം ഗണപതി വിഗ്രഹത്തിനടുത്ത് ചെന്നു നീന്നു. അന്നാണ് ലാസര്‍ ശരിക്കും ഗണപതി ഭഗവാന്റെ വിഗ്രഹം ശ്രദ്ധിക്കുന്നത്. ലാസര്‍ നിശബ്ദം കൈ കൂപ്പി പ്രാര്‍ത്ഥിച്ചു ‘’ ഭഗവാനെ നീ ഇവിടെ ഇല്ലായിരുന്നു എങ്കില്‍ ഞാനെന്റെ വിശപ്പിനെ എങ്ങിനെ നേരിടുമായിരുന്നു ഭഗവാനെ നന്ദി’‘ ലാസര്‍ തന്റെ ഉടുപ്പിന്റെ പോക്കറ്റ് തപ്പി ഒരു നാണയം കയ്യില്‍ തടഞ്ഞു. അതെടുത്ത് ഗണപതിക്കു മുന്നില്‍ പുറത്തു വച്ചിരുന്ന ഭഢാരത്തില്‍ നിക്ഷേപിച്ചു.

തുടര്‍ന്നു സര്‍പ്പ പ്രതിഷ്ഠയുടെ മുന്നില്‍ എത്തി. വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു അരയാലിന്റെ വേരുകള്‍ക്കിടയിലാണ് നാഗദേവപ്രതിഷ്ഠ. ആ പ്രകൃതി രമണീയത വല്ലാതെ ലാ‍സറിനെ ആകര്‍ഷിച്ചു.

ലാസര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഈ നാഗപ്രതിഷ്ഠയുടെ മറ്റേ വശം ഇതുപോലൊരു നാഗപ്രതിഷ്ഠ കണ്ടതാണ്. ലാസര്‍ പോക്കറ്റില്‍ നിന്നും മറ്റൊരു നാണയം പുറത്തെടുത്തു നാഗദേവപ്രതിഷ്ഠയുടെ കാണിക്കപ്പെട്ടിയില്‍ ഇട്ടു.

ലാസര്‍ നാഗപ്രതിഷ്ഠ കടന്ന് ക്ഷേത്ര കോമ്പൌണ്ടില്‍ കണ്ട തേജസുറ്റ ശിവന്റെ ഫോട്ടോയുടെ മുന്നില്‍ കൈകൂപ്പി നിന്നു ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. നാളെയും ഹര്‍ത്താല്‍ തുടരുകയാണ്. നാളെ രാവിലെ എന്റെ വിശപ്പകറ്റാന്‍ കുളിച്ചു വൃത്തിയുള്ള വസ്ത്രങ്ങളണിഞ്ഞ് ഞാന്‍ ഇവിടെ വരും. അപ്പോള്‍‍ അര്‍ദ്ധനഗ്നനായി ചന്ദനക്കുറി ചാര്‍ത്തി ഉള്ളില്‍ പ്രവേശിച്ച് ശ്രീകോവിലിനുള്ളിലെ ഭഗവാനെ നോക്കി ഞാന്‍ തൊഴും. ഇന്നു ഞാന്‍ പോകട്ടെ ലാസറിന്റെ മനസ്സില്‍ വല്ലാത്തൊരു പ്രശാന്തത കൈവന്നതുപോലുണ്ടായിരുന്നു ഒരനുഭൂതി ഒരാത്മവിശ്വാസം.

ലാസര്‍ പുറത്തിറങ്ങി പിന്നെയൊന്നു ക്ഷേത്രത്തിലേക്കു തിരിഞ്ഞു നോക്കി തൊഴുതു. അപ്പോഴാണ് ലാസര്‍ ആ ബോര്‍ഡ് കണ്ടത്.

‘’ പ്രവേശനം ഹിന്ദുമത വിശ്വാസികള്‍ക്കു മാത്രം’‘

*************

(നന്ദി: ഉണര്‍വ് മാസിക)

Generated from archived content: story1_feb27_14.html Author: m_johnson_roch

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here