ധർമയുദ്ധം എന്ന സങ്കല്‌പം

ഈ വിശ്വം വിധാതാവ്‌ വിഭാവന ചെയ്‌തിരിക്കുന്നത്‌ സ്വതന്ത്രമായ തിരഞ്ഞെടുക്കലുകൾക്ക്‌, സ്വന്തമായ തീരുമാനങ്ങൾക്ക്‌ അധികാരമുള്ള വ്യക്തിത്വങ്ങൾ, അസ്‌തിത്വങ്ങൾ അതായത്‌ ആത്‌മാക്കളെക്കൊണ്ട്‌ നിറഞ്ഞതായിട്ടാണ്‌. ഈ അധികാരത്തെ അവിടുന്ന്‌ മറികടക്കുന്നില്ല ഒരിക്കലും. ഈ അധികാരത്തോടുകൂടി ആത്‌മാക്കൾ തന്നിലേക്കു തിരിച്ചെത്തണമെന്നാണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌. ഈ അധികാരം ഭാരതീയ ഈശ്വരസങ്കല്‌പത്തിന്റെ കാതലാണ്‌. കാരണം ഇവിടെ ഈശ്വരൻ ഒരു സ്വേച്ഛാധിപതിയല്ല. പരമേശ്വരൻ തന്റെ വിശ്വം നിർമ്മിച്ചിരിക്കുന്നത്‌ സ്വതന്ത്രമായി വ്യവഹരിക്കുന്ന ഒന്നായാണ്‌. വ്യക്തികളെ (പുരുഷന്മാരെ) സ്വാധീനിക്കുക മാത്രമാണ്‌ (അകത്തുനിന്നും പുറത്തുനിന്നും) പരംപുരുഷൻ ചെയ്യുന്നത്‌. അടിമകളെപേലെയല്ല അവിടുന്ന്‌ ആത്‌മാക്കളെ കരുതുന്നത്‌. ആത്‌മാക്കൾ പരിപൂർണ്ണ സമർപ്പണം ചെയ്യുമ്പോൾ, സ്‌നേഹമൊഴുകുന്ന കൈകൾകൊണ്ട്‌ അവരെ പിടിച്ചെണീപ്പിക്കുന്ന പിതാവാണ്‌ ദൈവം.

അതുകൊണ്ട്‌ ഈ അധികാരം അഥവാ സ്വാതന്ത്ര്യം ദുരുപയോഗപ്പെടാനുള്ള സാഹചര്യങ്ങളും ധാരാളമുണ്ട്‌. അതിൽനിന്നാണ്‌ ദുഷ്‌ടതയുടെ തുടക്കം. സാധാരണയിൽനിന്നും വളരെ കവിഞ്ഞ വേഗത്തോടെ, ഈശ്വരനിൽനിന്ന്‌ ദുഷ്‌ടബുദ്ധികൾ, ദാനവസ്വാഭാവികൾ, അകന്നുമാറുന്നു – പ്രവൃത്തിമാർഗ്ഗത്തിൽ വളരെ മുൻപിലാണവർ! മറ്റുള്ളവരെയും പ്രവൃത്തിമാർഗ്ഗത്തിലേക്ക്‌ പിടിച്ച്‌ വലിക്കാൻ അവർ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ശനി, കലി, ദ്വാപരൻ തുടങ്ങിയ സങ്കല്‌പങ്ങളും ഇത്തരത്തിലുള്ളതാണ്‌.

ഒരു വെറും യാന്ത്രികമായ വിശ്വമല്ല അസ്‌തിത്വമായുള്ളത്‌. സാഹികതയും അപകടങ്ങളും അവസരങ്ങളും നിറഞ്ഞ ഒരു തീർഥയാത്രയായിട്ടാണ്‌ ഈ വിശ്വഗതിയെ കാണേണ്ടത്‌. തെറ്റ്‌, വിരൂപത, ദുഷ്‌ടത ഇവയിലേക്കുള്ള വാസനകൾ (ദാനവസ്വഭാവം), ഇല്ലെങ്കിൽ സത്യ-സൗന്ദര്യ-ശിവപരമായ വാസനകൾ (ദേവസ്വഭാവം) ഉണ്ടാവുകയില്ല. എല്ലാത്തരം വാസനകളും വികസിക്കാനുള്ള അവസരമാണ്‌ ഈശ്വരൻ കൊടുക്കുന്ന സ്വാതന്ത്ര്യം. സർവ്വജ്ഞനായ അവിടുന്ന്‌ ആത്‌മാക്കളുടെ ഓരോ വാസനകളും മനസ്സിലാക്കുന്നവനാണ്‌. വാസനകൾ ദൃഢപ്പെടുമ്പോൾ അവിടുന്ന്‌ അതും കാണുന്നുണ്ട്‌. നേരിട്ടിടപെട്ട്‌ ഈ വാസനകൾ അവിടുന്ന്‌ മുളയിലേനുള്ളിക്കളയുന്നില്ല – കാരണം, പ്രദാനം ചെയ്‌ത സ്വാതന്ത്ര്യം, ആത്മാക്കളുടെ വ്യക്തിസത്തയ്‌ക്ക്‌ കൊടുക്കുന്ന പ്രാധാന്യം ഇവ തിരിച്ചെടുക്കാൻ അവിടുന്ന്‌ ഇഷ്‌ടപ്പെടുന്നില്ല. ഈ വാസനകൾ വളരുമ്പോൾ കർമസിദ്ധാന്തമനുസരിച്ചുള്ള പ്രത്യുത്തരം അവയ്‌ക്ക്‌ ലഭിക്കുന്നു – നീതിയുടെ ഭരണത്തിന്‌ – കർമസിദ്ധാന്തത്തിന്‌ ഇളകാത്ത നിയമങ്ങളാണ്‌ വിശ്വത്തിൽ ഭഗവാൻ കൊടുത്തിരിക്കുന്നത്‌. കാരണം അത്‌ അവിടുത്തെ മനസ്സും ഇച്‌ഛയുമാണ്‌, അവിടുത്തേ പറ്റി ഒന്നും അറിയാത്തവരാണല്ലേ എല്ലാം അറിഞ്ഞവരെന്നു നാം കരുതുന്നവർപോലും. അങ്ങനെയുള്ളർ സമാധാനത്തിനായി അജ്ഞാനികളുടെ ശാന്തിക്കായി ആലങ്കാരികമായി അതിശയങ്ങൾ ആയി മാത്രമേ അവിടുന്ന്‌ ആ നിയമങ്ങൾ മാറ്റിക്കൊടുക്കും എന്നുപറയാറുണ്ട്‌. അതിനെ ആ അർഥത്തിൽ മാത്രം സ്വീകരിച്ചാൽ മതിയാകും.

ആത്‌മീയമായി വളരുകയാണ്‌ നന്മ എന്ന്‌ ആത്യന്തികാർത്ഥത്തിൽ പറയുന്നത്‌. ഇതിന്‌ വിപരീതമാണ്‌ ദുഷ്‌ടത. പക്ഷേ, ആത്‌മീയവളർച്ചയ്‌ക്ക്‌ പലപ്പോഴും ശിഷ്‌ടരിൽ അനേകം കഷ്‌ടപ്പാടുകൾ (കൂടുതലും ദുഷ്‌ടരുണ്ടാക്കിയവ) കാരണമായിത്തീരാറുണ്ട്‌. ദുഷ്‌ടരില്ലെങ്കിൽ (അല്ലെങ്കിൽ പ്രകൃതിജന്യമായ കഷ്‌ടപ്പാടുകൾ ഇല്ലാതിരുന്നെങ്കിൽ) ഒരുപക്ഷേ, പല ശിഷ്‌ടർക്കും ആത്‌മീയ പുരോഗതി വളരെ പതുക്കെ ആയേനെ. ശ്രീബുദ്ധനെ ബോധോദയത്തിന്റെ പാതയിലേക്ക്‌ നയിച്ചത്‌ ലോകത്തിലെ പ്രയാസങ്ങളെയും (ദുഷ്‌ടതയെയും) കുറിച്ചുള്ള അനുഭവങ്ങളല്ലേ? ദുഷ്‌ടതയും കഷ്‌ടപ്പാടുകളും ഉണ്ടായിരുന്നില്ലെങ്കിൽ ഈ ഭൂവനത്തിന്റെ ഭംഗിയിൽ മയങ്ങി നാം വന്ന ഉദ്ദേശ്യം (മോക്ഷപ്രാപ്‌തി) മറന്ന്‌ മനുഷ്യാത്മാക്കളെല്ലാം നിവൃത്തിമാർഗ്ഗത്തിൽ നിന്ന്‌ പ്രവൃത്തിമാർഗ്ഗത്തിലേക്ക്‌ തിരിഞ്ഞേനെ. ആർത്തനും അർഥാർഥിയും ഇല്ലാത്ത പരിപൂർണ്ണമായ ഒരു വിശ്വമായിരുന്നെങ്കിൽ ഭഗവദ്‌ഭക്തന്മാരുടെ എണ്ണം വളരെ കുറഞ്ഞു പോയേനെ.!

പൂർവ്വജന്മാർജ്ജിതമോ ഈ ജന്മത്തിലെ പ്രവൃത്തികാരണമോ ഉള്ള നേതിവാചകകർമഫലങ്ങൾ അനുഭവിക്കണമെങ്കിൽ വ്യക്തിയിലോ സമൂഹത്തിലോ പ്രപഞ്ചത്തിലോ (പ്രകൃതിക്ഷോഭങ്ങൾ, രോഗങ്ങൾ, അകാലമൃത്യു ആദിയായവ) ഉള്ള ദുഷ്‌ടത കൂടിയേ തീരു. ദുഷ്‌ടതയ്‌ക്ക്‌ വിശ്വസംവിധാനത്തിലുള്ള സ്‌ഥാനം ഇതൊക്കെക്കൊണ്ടാണ്‌ എന്നു തോന്നുന്നു.

അഹംകാരവും അതിൽ നിന്നും ജനിക്കുന്ന സ്വാർഥതയും ആണ്‌ ദുഷ്‌ടതയുടെ ഉറവിടങ്ങൾ. അവനവനിലെ ദുഷ്‌ടതയെ നശിപ്പിക്കാനും ശിഷ്‌ടതയെ വളർത്താനും യോഗമാർഗ്ഗങ്ങളിലൂടെ അഹംകാരത്തെ കുറയ്‌ക്കുകയാണ്‌ വഴി. ഇതിനു വേണ്ടി കേന്ദ്രഗാമിആയ, നിവൃത്തിമാർഗ്ഗത്തിലേക്ക്‌, ഈശ്വരനിലേക്ക്‌ കൂടുതലടുപ്പിക്കുന്ന വാസനകളെ നാം പ്രോത്സാഹിപ്പിക്കണം. നമ്മിലും നമുക്കു ചുറ്റും ഈശ്വരനിൽനിന്നകലേക്ക്‌, കൊണ്ടുപോകുന്ന വാസനകളെ നാം ചെറുക്കണം, സർവ്വശക്തിയും ഉപയോഗിച്ച്‌. അങ്ങനെ നാം ചെറുക്കുകയാണെങ്കിൽ, ഈശ്വരൻ നിരന്തരമായി നമുക്ക്‌ മാർഗ്ഗദർശനം ചെയ്‌തുകൊണ്ടിരിക്കും, നമ്മുടെ അഭീഷ്‌ടങ്ങൾ സാധിച്ചുതരും, നമുക്കുചുറ്റുമെത്തുന്ന ദുഷ്‌ടശക്തികളെ ആട്ടിയോടിക്കും. നാം ലക്ഷ്യത്തിലെത്തുന്നതുവരെ.

ദുഷ്‌ടതയെ ചെറുക്കാനുള്ള മാർഗ്ഗങ്ങൾ

ദുഷ്‌ടതയെ നേരിടാൻ മനുഷ്യർക്ക്‌ മൂന്നു മാർഗ്ഗങ്ങളിൽകൂടിയാണ്‌ നീങ്ങേണ്ടത്‌ (1) അവനവനിൽ അതിന്റെ അസ്‌തിത്വത്തെ അംഗീകരിക്കുക. അത്‌ (ദുഷ്‌ടത) അകത്തുനിന്നും പുറത്തുനിന്നും ഉത്ഭവിക്കുന്നുണ്ട്‌. അകത്തുനിന്ന്‌ എന്നുവച്ചാൽ ജീവാത്മാവിനുള്ളിൽ നിന്ന്‌ വാസനകൾ, വിജ്ഞാനമയമനോമയ കോശങ്ങളിലൂടെ സ്വാർഥനിയന്ത്രിത ചിന്തകളും ആഗ്രഹങ്ങളും ആയിപ്രവൃത്തിയിലേക്ക്‌ വരുന്ന ദുഷ്‌ടത. അവനവന്റെ ഉള്ളിലെ ദുഷ്‌ടത. പുറത്തു നിന്ന്‌ എന്നു വച്ചാൽ ഭൗതികതയുടെ ആകർഷണത്തിൽ ശരീരത്തിന്റെ സന്ദേശങ്ങൾ ഇന്ദ്രിയവസ്‌തുക്കളിൽ നിന്ന്‌ ഇന്ദ്രിയങ്ങളിൽക്കൂടി മനോമയകോശത്തെയും തുടർന്ന്‌ വിജ്ഞാനമയകോശത്തെയും മറികടന്ന്‌ ആത്‌മാവിനെയും ബാധിക്കുന്നു. ഇവയിൽ അധർമപരവും സ്വാർഥവുമായുള്ള സന്ദേശങ്ങൾ ദുഷ്‌ടതയാണ്‌. പുറത്തുനിന്നും വന്നു താമസമാക്കിയ ദുഷ്‌ടത. ഈ രണ്ടുതരത്തിലും ഉണ്ടാകുന്ന ദുഷ്‌ടതയെപ്പറ്റി ബോധവാനാകുകയും അതിനെപ്പറ്റി വിശദമായി മനസ്സിലാക്കുകയും ചെയ്യണം ഓരോ വ്യക്തിയും. ‘സ്വകീയ ദുഷ്‌ടത’ എന്ന്‌ ഇതിനെ പറയാം. (2) പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം ദുഷ്‌ടതയുടെ & അപകടങ്ങളുടെ ഒക്കെ നിരന്തര ആവിർഭാവത്തിന്‌ അവസരമുണ്ട്‌. ആ വാസനകൾ സാദ്ധ്യതകൾ വളരെ യാഥാർഥ്യമാണ്‌, മറ്റ്‌ മനുഷ്യരിൽ, സമൂഹത്തിൽ, രാഷ്‌ട്രത്തിൽ, വിശ്വത്തിൽ ഒക്കെ. ഈ ‘പരകീയദുഷ്‌ടത’യുടെ അസ്‌തിത്വത്തെയും അംഗീകരിക്കുക, പഠിക്കുക, മനസ്സിലാക്കുക.

(3) 1-ലെയും 2-ലെയും ദുഷ്‌ടവാസനകളെ ദൃഢമായി ചെറുത്തു നിൽക്കുക-ശരീരവും മനസ്സും ആത്‌മാവുംകൊണ്ട്‌, നല്ല മനുഷ്യരുടെ സഹായത്തോടെ, സത്സംഗങ്ങളും സംഘടനകളും രൂപീകരിച്ച്‌; സർവ്വോപരി ഈശ്വരനെ അകമഴിഞ്ഞ്‌ നിരന്തരം പ്രാർഥിച്ചുകൊണ്ട്‌, അവിടുത്തെ താങ്ങും തണലും സ്വീകരിച്ച്‌.

ഹിന്ദുമതത്തിൽ പൊതുവെയും മദ്ധ്യകാലം മുതലിങ്ങോട്ടുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ പ്രത്യേകിച്ചും 2-ൽ പറയുന്ന പരകീയദുഷ്‌ടതയ്‌ക്ക്‌ അർഹിക്കുന്ന സ്‌ഥാനം നൽകിയിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. എഴുത്തച്ഛന്റെ രാമായണത്തിൽ, രാവണൻപോലും രാമഭക്തനാണ്‌, രാമന്റെ കൈകൊണ്ട്‌ മരിച്ച്‌ മോക്ഷം നേടാനാണ്‌ സീതയെ അപഷരിക്കുന്നത്‌! ദുഷ്‌ടതയും ശിഷ്‌ടതയും കൂട്ടിക്കുഴച്ചുകൊണ്ടുള്ള ഒരു ‘അദ്വൈത’ രീതി നമ്മുടെ സമൂഹത്തിനു തന്നെ വലിയ ദേഷം വരുത്തിവെച്ചിട്ടുണ്ട്‌. ഒരു ‘പാര’യെ ‘പാര’യായി അംഗീകരിക്കുക എന്നുള്ളത്‌ നമുക്ക്‌ മിക്കപ്പോഴുമില്ല. ഭഗവദ്‌ഗീതയാണ്‌ അതിനൊരു വലിയ അപവാദം. ദുഷ്‌ടതയ്‌ക്ക്‌ വേണ്ട പ്രാധാന്യം നൽകി, അതിനെ ചെറുത്തുനിൽക്കാനുള്ള ആഹ്വാനം വീണ്ടും വീണ്ടും ഗീതയിൽനിന്നു കേൾക്കാം. സ്വകീയവും പരകീയവുമയ ദുഷ്‌ടതയ്‌ക്കെതിരേ. പരകീയ ദുഷ്‌ടതയ്‌ക്കെതിരായി ഗീതയിൽ പറയുന്നതിന്റെ ഉദാഹരണങ്ങൾ. “അഥ ചേത്ത്വമിമം ധര്‌മ്യം സംഗ്രാമം ന കരിഷ്യസി തതഃസ്വധർമ്മം കീർത്തിം ച ഹിത്വാ പാപമവാപ്സ​‍്യസി.” “ഈ ധർമയുദ്ധം നീ ചെയ്‌തില്ലെങ്കിൽ, നീ നിന്റെ ധർമനിർവഹണത്തിൽ പരാജയപ്പെടും. സ്വകീർത്തിയെയും നിരാകരിക്കും; പാപിയായിത്തീരും” “നമാം ദുഷ്‌കൃതിനോ മൂഢാഃ പ്രപദ്യന്തേനരാധമാഃ മായയാപഹൃതജ്ഞാനാ ആസുരംഭാവമാശ്രിതാഃ” മൂഢന്മാരും മനുഷ്യരിൽ അധമന്മാരും ജ്ഞാനം നഷ്‌ടപ്പെട്ടവരുമായ ദുഷ്‌ടന്മാർ അസുരസ്വഭാവമാശ്രയിച്ച്‌ ഈശ്വരനെ തേടുന്നതേയില്ല.“ ”മോഘാശാ മോഘകര്‌മാണോ മോഘജ്ഞാനാ വിചേതസഃ രാക്ഷസീ മാസുരീഞ്ചൈവപ്രകൃതിം മോഹനിംശ്രിതാഃ“ രാക്ഷസീയവും ആസുരീയവുമായ കാപട്യം നിറഞ്ഞ സ്വഭാവമാർജ്ജിക്കുന്ന ഈ ദുഷ്‌ടരുടെ ആശകളും പ്രവൃത്തികളും ഒക്കെ ആത്യന്തികമായി വെറുതെയായിപ്പോകും. ഇവർക്ക്‌ ന്യായബുദ്ധിയും ഇല്ല.” “ശൗര്യം തേജോദൃതിര്‌ദ്ദാക്ഷ്യം യുദ്ധേചാപ്യപലായനം ദാനമീശ്വരഭാവശ്ച ക്ഷാത്രം കർമസ്വഭാവജം” “പരാക്രമം, ശക്തി, ദൃഢത, സംഭരണശേഷി, യുദ്ധത്തിൽ പിന്തിരിഞ്ഞോടാതിരിക്കുക, ഔദാര്യം, നേതൃത്വം ഇവയൊക്കെയാണ്‌ ക്ഷത്രിയന്റെ സ്വഭാവത്തിൽനിന്നുമുണ്ടായ കാർത്തവ്യങ്ങൾ.”

16-​‍ാം അദ്ധ്യായത്തിൽ 4 മുതൽ 19 വരെ ശ്ലോകങ്ങളിൽ ദുഷ്‌ടരുടെ സ്വഭാവങ്ങൾ വിശദമാക്കിയിരിക്കുന്നു.

“(മതപരമായ) പ്രകടനാത്മകത, അഹങ്കാരം, അമിതാഭിമാനം, ക്രോധകാഠിന്യം, അറിവില്ലായ്‌മ ഇവയൊക്കെയാണ്‌ ദാനവ സ്വഭാവികളുടെ സവിശേഷസിദ്ധികൾ യോഗ്യതകൾ). ഇവ കാരണം ദാനവസ്വഭാവികൾക്ക്‌ കൂടുതൽ കർമബന്ധനത്തിൽ പെടേണ്ടി വരുന്നു. ദാനവർക്ക്‌ കർമത്തെപ്പറ്റിയോ, എപ്പോൾ ഏതു കർമ്മം ചെയ്യാതിരിക്കണം എന്നോ അറിയില്ല. ആത്‌മശുദ്ധി, നല്ല ജീവിതരീതി, സത്യം ഇതൊന്നും ഇവർക്കില്ല. ഈ ലോകം അയഥാർഥമാണെന്നും, അടിസ്‌ഥാനമില്ലാത്തതാണെന്നും, സ്രഷ്‌ടാവില്ലാത്തതാണെന്നും (ഈശ്വരൻ, ഇല്ലാത്തതാണെന്ന്‌). കാര്യകാരണബന്ധമില്ലാത്തതാണെന്നും, കാമാസക്തിയിലാണ്‌ ഈ ജീവികളൊക്കെ, ലോകംതന്നെയും സൃഷ്‌ടിക്കപ്പെട്ടതെന്നും ഇവർ പറയുന്നു. സുഖം മാത്രമാണെവരുടെ ലക്ഷ്യം. (യജ്ഞാർഥപ്രവർത്തനങ്ങളിലൂടെ, പരസ്‌പരസഹകരണത്തിലൂടെയുള്ള സമഗ്രസുഖമല്ല, സ്വാർഥപ്രേരിതസുഖമാണ്‌ ലോകജീവിതത്തിന്റെ ഉദ്ദേശ്യമെന്ന്‌ ഇവർ കരുതുന്നു എന്നും അർഥമെടുക്കാം.) ഈ ചിന്തകളുമായി ഇവർ ലോകശത്രുക്കളായി, ലോകം നശിപ്പിക്കാനൊരുങ്ങുന്നു.” പുറമേ ഈശ്വരവിശ്വാസികളെങ്കിലും ഉള്ളിന്റെയുള്ളിൽ നന്മതിന്മകൾക്ക്‌ യഥാക്രമം പ്രതിഫലവും ശിക്ഷയും നല്‌കുന്ന ഒരു ഭഗവൽവ്യവസ്‌ഥയെ ഇവർ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ, അറിഞ്ഞിട്ടും തിന്മകൾ ചെയ്‌തുകൂട്ടുന്നത്‌.

അനിയന്ത്രിത തൃഷ്‌ണയും കാപട്യപരതയും അമിതാഭിമാനവും, ധാർഷ്‌ട്യവും നിറഞ്ഞ അവർ മോഹഭ്രമംകൊണ്ട്‌ തെറ്റായ കാഴ്‌ചപ്പാടുകൾ സ്വീകരിക്കുന്നു. പാപം നിറഞ്ഞ തീരുമാനങ്ങളുമായി പ്രവർത്തിക്കുന്നു. എണ്ണമില്ലാത്ത ആഗ്രഹങ്ങളുമായി (മരണംവരെ അവ നിൽക്കുന്നു). അവർ കാമസംപൂർത്തിയാണ്‌ (സ്വാർഥമോഹപ്രാപ്‌തി) ഏറ്റവും വലിയ ലക്ഷ്യമെന്നു കരുതി, അതിനപ്പുറം മറ്റൊന്നുമില്ലെന്ന്‌ ഉറപ്പിച്ച്‌ കാമക്രോധലോഭാദികളിൽ കെട്ടപ്പെട്ട്‌, വമ്പിച്ച ധനം ആർജ്ജിക്കാൻ ശ്രമിക്കുന്നു, അന്യായമാർഗ്ഗങ്ങളിലൂടെ, സ്വാർഥാഗ്രഹലബ്‌ധിക്കായി. ‘ഈ ശത്രുവിനെ ഞാൻ ഇന്നു കൊന്നു. ബാക്കിയുള്ളവരെയും ഞാൻ കൊല്ലും. ഞാൻ പ്രഭുവാണ്‌, ഞാൻ സുഖഭോഗിയാണ്‌, വിജയിയാണ്‌, ശക്തനും സന്തോഷവാനുമാണ്‌, പണക്കാരനാണ്‌, ഉന്നതകുലജാതനാണ്‌, എന്നെപ്പോലെ ആരുണ്ട്‌? ഞാൻ യജഞ്ഞം, ദാനം ഒക്കെ ചെയ്യും, സുഖിക്കും’ ഇങ്ങനെ അജ്ഞതയിൽ മൂടപ്പെട്ട്‌​‍്‌ അവർ പറയുന്നു. പല ചിന്തകളാൽ കുഴക്കപ്പെട്ട്‌, മോഹവലയിൽ കെട്ടിവരിയപ്പെട്ട്‌, സ്വാർഥാഗ്രഹസിദ്ധിക്കായുള്ള കർമങ്ങളായ ലഹരിക്കടിപ്പെട്ടവരായി, അവർ ഘോരനരകത്തിൽ വീഴുന്നു. കാപട്യം നിറഞ്ഞവരായ, ശഠന്മാരായ, അഹങ്കാരികളായ, ധനത്തിന്റെ ഹുങ്കുളള അവർ യജ്ഞമെന്ന പേരിൽ ശാസ്‌ത്രവിരുദ്ധങ്ങളായി പ്രകടനാത്മകങ്ങളായ കർമങ്ങൾ ചെയ്യുന്നു. സ്വശരീരങ്ങളിലും മറ്റുള്ളവരുടെ ശരീരങ്ങളിലുമിരിക്കുന്ന പരമാത്മാവിനെ ശത്രുവായി കാണുന്നു, കാപട്യം, അഹങ്കാരം, ബലപ്രയോഗം, കാമം, ക്രോധം, ഇവയിലൊക്കെ മുങ്ങിക്കിടക്കുന്ന അവർ ഈ ക്രൂരന്മാരെ, മനുഷ്യാധമന്മാരെ, ദ്വേഷം നിറഞ്ഞവരെ ഞാൻ ദാനവ ജന്മങ്ങളിലേക്ക്‌ ഇടുന്നു, മരണശേഷം, അവിടെനിന്നും കൂടുതൽ അധഃപതിച്ച്‌ അവർ ഏറ്റവും താഴേക്കിടയിലുള്ള ജീവജാലങ്ങളായിത്തീരുന്നു. നിരീശ്വരവാദികളെപ്പറ്റിമാത്രമാണ്‌ ഇതെല്ലാം പറയുന്നതെന്ന്‌ പറയുന്നത്‌ തെറ്റാണ്‌. ദുഷ്‌ടർ മതാനുഷ്‌ഠാനങ്ങൾ ചെയ്യുന്നത്‌ ഇവിടെ പലതവണ പറയുന്നു. ഏവം പ്രവർത്തിതം ചക്രം നാനുവർത്തയതീഹ യഃ അഘായുരിന്ദ്രിയാരാമോ മോഘം പാർത്ഥ സ ജീവതി ഈ ലോകത്തിൽ ആരാണോ, ഈവിധം തിരിയുന്ന ചക്രത്തിന്റെ ഗതിയെ സഹായിക്കാത്തത്‌, അയാൾ ദുഷ്‌ടനാണ്‌, ഇന്ദ്രിയങ്ങളിൽ മയങ്ങിവീണവാനാണ്‌, അയാളുടെ ജീവിതം വ്യർഥമാണ്‌, ഹേ പാർഥാ. ഇന്ദ്രിയസുഖങ്ങളിൽ ലയിച്ച്‌, വിശ്വയജ്ഞത്തിൽ പങ്കാളിയാകാതെ, പ്രവൃത്തിമാർഗത്തിലൂടെ ഈശ്വരനിൽനിന്നകലുന്ന ദുഷ്‌ടന്‌, കർമബന്ധങ്ങൾ ജീവിച്ചനുഭവിച്ച്‌ കുറയുന്നതിനുപകരം കൂടുകയാണ്‌. അതുകൊണ്ടാണയാൾ ഇങ്ങനെ ജീവിച്ചിട്ട്‌ ഫലമില്ലെന്ന്‌ ഭഗവാൻ പറയുന്നത്‌.

യജ്ഞ ശിഷ്‌ടാശിനഃ സന്തോ മൂച്യന്തേ സർവ്വകില്‌ബിഷൈഃ ഭുജ്ഞതേ തേ ത്വഘം പാപായേ പചന്ത്യാത്മ കാരണാൽ, നല്ല മനുഷ്യർ (ശിഷ്‌ടർ സമഷ്‌ടിക്കും സർവ്വസൃഷ്‌ടിക്കുമായുള്ള വിശ്വയജ്ഞത്തിൽ പങ്കാളികളായിരിക്കുന്നവർ) യജ്ഞശേഷം അവശേഷിക്കുന്നത്‌ (യജ്ഞശിഷ്‌ടം സ്വാർഥതാത്‌പര്യമില്ലാതെ, എല്ലാവരുടെയും തന്റെയും പൊതുവായുള്ള നന്മയ്‌ക്കുവേണ്ടി പ്രവർത്തിച്ചശേഷം ലഭിക്കുന്നത്‌) സംതൃപ്‌തിയോടെ കഴിക്കുകയും (അനുഭവിക്കുകയും) ഈ രീതിയിലുള്ള പ്രവൃത്തി കാരണം പാപത്തിന്‌ (കർമബന്ധനത്തിനും) ഇടവരാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ദുഷ്‌ടർ (ദാനവസ്വഭാവികൾ) സ്വസുഖത്തിനായി മാത്രം പ്രവർത്തിക്കുകയും ഫലങ്ങൾ തയ്യാറാക്കി അനുഭവിക്കുകയും (മറ്റാരുടെയും നന്മയോ ന്യായമോ നോക്കാതെ) ചെയ്യുന്നു അവർ പാപമാണ്‌ യഥാർത്ഥത്തിൽ കഴിക്കുന്നത്‌.

പ്രപഞ്ചോദ്ദേശ്യത്തിനും സഹകരണവും സംഘർഷസമന്വയവുംകൊണ്ടുളള വിശ്വമഹായജ്ഞത്തിനും കടകവിരുദ്ധമായി പ്രവർത്തിക്കുന്നവരാണ്‌ ദാനവസ്വഭാവികൾ.

കാരണം സംഘർഷത്തെക്കാൾ കൂടുതലായി സഹകരണത്തെയാണ്‌ പ്രപഞ്ചത്തിന്റെ അടിസ്‌ഥാനശിലകളിലൊന്നായി കാണേണ്ടത്‌. എല്ലാ സംഘർഷത്തിലും സഹകരണത്തിന്റെ അംശമുണ്ട്‌. അവസാനം അത്‌ സഹകരണത്തിൽ വന്നുചേരുകയും ചെയ്യുന്നു. ഒരു ജീവിമരിച്ചുവീഴുമ്പോൾപോലും, സ്വയം അറിയാതെയാണെങ്കിലും, മറ്റു ജീവജാലങ്ങൾക്കും പ്രകൃതിശക്തികളുടെ വിശ്വയജ്ഞപരമായ പ്രവർത്തനത്തിനുമായി സ്വയം ശരീരം വിട്ടുകൊടുക്കുന്നു. ജനിക്കുമ്പോൾതന്നെയും സഹകരണാടിസ്‌ഥാനത്തിൽ ജീവിക്കാനാണ്‌ (അറിഞ്ഞും അറിയാതെയും ഇച്ഛയോടും ഇച്ഛാവിരുദ്ധമായും നിർബന്ധിതമായും) പ്രപഞ്ചസ്രഷ്‌ടാവിന്റെ കല്‌പന ഇത്‌ ഗീതയിൽ ഇങ്ങനെ പറയുന്നു.

സഹയജ്ഞാഃ പ്രജാഃ സൃഷ്‌ട്വ പുരോവാച പ്രജാപതി ഃ അനേന പ്രസവിഷ്യധ്വമേഷവോസ്‌തിഷ്‌ടകാമധുക്‌

പണ്ട്‌ പ്രജാപതി (ജീവസൃഷ്‌ടികളുടെ യാന്ത്രികമായ പ്രവർത്തനം നോക്കി നടത്താൻ സ്രഷ്‌ടാവായ പരമേശ്വരൻ ഏല്‌പിച്ച ദേവതയായ ചിരമുക്താത്മാവ്‌) ജീവികളെ സൃഷ്‌ടിച്ചപ്പോൾ കൂടെ സഹകരണത്തെയും സൃഷ്‌ടിച്ചു. (യജ്ഞം ഇവിടെ സഹകരണം എന്ന അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌). ഈ സഹകരണം ഉപയോഗിച്ചജീവികളെ സൃഷ്‌ടിച്ചു (ആൺ പെൺ ബന്ധവും അച്ഛനമ്മമാരും കുട്ടികളുമായുള്ള ബന്ധവും ഏതു ജീവസമൂഹത്തിലെയും ഒരേ വർഗക്കാരിലും പുറത്തും പ്രകൃതിയോടും ഉള്ള പരസ്‌പരബന്ധവും ഒക്കെ ഈ വാക്കിൽ ഇവിടെ ഉൾക്കൊള്ളുന്നുണ്ട്‌). എന്നിട്ട്‌ ആ ദേവത ഇങ്ങനെ നിർദ്ദേശം നൽകി ഈ (സഹകരണ) യജ്ഞംകൊണ്ട്‌ നിങ്ങൾ പുതിയ തലമുറകളെയും ഭൗതികസമ്പത്തുകളെയും സൃഷ്‌ടിക്കുക. നിങ്ങളുടെ (പ്രപഞ്ചപദ്ധതിക്കെതിരല്ലാത്ത) ആഗ്രഹങ്ങൾക്ക്‌ ഫലംതരുന്ന കാമധേനുവായിത്തീരും ഈ യജ്ഞം അഥവാ സഹകരണം.

ഈ സഹകരണത്തിന്‌ വിരുദ്ധമാണ്‌ ദാനവസ്വഭാവികളുടെ പ്രവർത്തനങ്ങൾ. ദാനവസ്വഭാവികൾക്ക്‌ ഈശ്വരനെപ്പറ്റിയുള്ളഅഭിപ്രായം ഇതാണ്‌.

അവജാനന്തി മാം മൂഢാ മാനുഷിം തനുമാശ്രിതം പരംഭാവമജാനന്തോ മമഭൂതമഹേശ്വരം. (ദാനവസ്വഭാവികളായ) മൂഢന്മാർ മനുഷ്യശരീരത്തിനുള്ളിൽ പരമാത്മാവായി കുടികൊണ്ട്‌ ഉപദേശിക്കുകയും നയിക്കുകയും ചെയ്യുന്ന എന്നെ ഗൗനിക്കുന്നില്ല, സകല ചരാചരങ്ങളുടെയും അധീശ്വരനും ചാലകനുമായ എന്റെ അത്യുന്നതഭാവവിശേഷം അവർക്ക്‌ മനസ്സിലാകുന്നില്ല. (അതായത്‌ അവർക്ക്‌ സർവശക്തനും സ്വഹൃദയസ്‌ഥനുമായ ഈശ്വരനെപ്പറ്റി അറിവില്ല, അറിയാൻ താത്‌പര്യവുമില്ല, സ്വാർഥതയ്‌ക്കുവേണ്ടി ചില ശക്തിവിശേഷങ്ങളെയോ കർമപദ്ധതികളെയോ അവർ ആശ്രയിക്കുമെന്നുമാത്രം).

സകല ജീവജാലങ്ങളെയും സമർദർശിത്വത്തോടെ കാണാൻ പഠിപ്പിച്ച ഈ മഹാഗ്രന്ഥം ദുഷ്‌ടമനുഷ്യരെ ദൂരെ മാറ്റാൻ ആഹ്വാനം ചെയ്‌തു. ശ്രീകൃഷ്‌ണന്റെ ജീവിതംതന്നെ ദുഷ്‌ട രാക്ഷസീയ ശക്തികൾക്കെതിരായ നിരന്തരസംഘട്ടനമായിരുന്നു. മനുഷ്യരുടെ വ്യക്തിസത്തയെ നിലനിർത്തിക്കൊണ്ട്‌, അവരുടെ സ്വകീയ ദുഷ്‌ടതയെ സ്വയം മാറ്റി ആത്‌മീയമായി വളരാൻ പ്രേരിപ്പിക്കുകയാണ്‌ ഈശ്വരൻ ചെയ്യുന്നത്‌. ജീവാത്‌മാവിനുള്ളിൽ മാർഗദർശി ആയിരുന്നുകൊണ്ട്‌ അന്തശ്ചോദനയും ആത്‌മപ്രചോദനവും വെളിപാടും ഒക്കെയായി സത്യദർശികളിലൂടെ നന്മയ്‌ക്ക്‌ ആത്യന്തികമായി പാരിതോഷികം കൊടുത്തുകൊണ്ട്‌. പരകീയ ദുഷ്‌ടതയ്‌ക്കെതിരെയും ഇതേ രീതിയിൽ ഈശ്വരൻ നമ്മെയെല്ലാം പ്രേരിപ്പിക്കുന്നുണ്ട്‌. ചരിത്രത്തിൽ കൂടിയും അവിടുന്ന്‌ വ്യക്തികളെയും സമൂഹങ്ങളെയും രാഷ്‌ട്രങ്ങളെയും പ്രേരിപ്പിക്കുന്നു. മഹാഭാരതയുദ്ധത്തിൽതന്നെ, സ്വയം യുദ്ധംചെയ്‌ത്‌ ദുഷ്‌ടരെ നശിപ്പിക്കാതെ, അങ്ങനെ ചെയ്യാൻ അർജ്ജുനനെ ഗീതോപദേശംകൊണ്ട്‌ പ്രേരിപ്പിക്കുകയാണ്‌. ഈ നിർദേശങ്ങൾ അനുസരിച്ച്‌ സ്വകീയവും പരകീയവുമായ ദുഷ്‌ടതയ്‌ക്കെതിരെ പോരാടുകയാണ്‌ നമ്മുടെ കർത്തവ്യം.

ഒരാളുടെ സ്വകീയദുഷ്‌ടത മറ്റൊരാൾക്ക്‌ പരകീയദുഷ്‌ടതയാണ്‌ അനുഭവപ്പെടുക എന്നതും ഓർക്കേണ്ടതാണ്‌. അപ്പോൾ സ്വകീയ ദുഷ്‌ടതയ്‌ക്കെതിരായ പോരാട്ടം, ശിഷ്‌ടർക്ക്‌ പരകീയ ദുഷ്‌ടതയ്‌ക്കെതിരായ യുദ്ധമായി പരിണമിക്കും. സ്വകീയ ദുഷ്‌ടതയ്‌ക്കെതിരെ പോരാടാൻ ഗീതയിൽ എത്രയോ ശ്ലോകങ്ങളിൽ ഭഗവാൻ ആഹ്വാനം ചെയ്യുന്നുണ്ട്‌. ലഭന്തേ ബ്രഹ്‌മനിർവ്വാണ…. എന്ന വരികളിൽ ഭഗവാൻ, സകല ജീവജാലങ്ങൾക്കും നന്മ ചെയ്യുന്നതിൽ സന്തുഷ്‌ടികണ്ടെത്തുന്നത്‌ മോക്ഷം ലഭിക്കാനാവശ്യമായ ഗുണമാണെന്ന്‌ പറയുന്നു. സകല ജീവികൾക്കും നന്മചെയ്യുക, സഹായിക്കുക എന്നതിൽ അവരെ ഉപദ്രവിക്കുന്ന തിന്മയെ എതിർക്കുക എന്നതും ഉൾപ്പെടുമല്ലോ.

കടപ്പാട്‌ ഃ ആർഷനാദം

Generated from archived content: essay1_may7_10.html Author: m_harisenavarma(ips)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here