ന്യൂ ജഴ്‌സിയിൽനിന്ന് ഇളയ മരുമകൾ വിളിക്കുന്നു. മക്കളുടെയും മരുമക്കളുടെയും ടെലിഫോൺകാളുകൾ വരുമ്പോൾ ഭാര്യയെ ഏല്പിക്കുകയാണ് പതിവ്. മണിക്കൂറുകളോളം നീളും സംസാരം. അപൂർവ്വമായി കോഡ്‌ലെസ്സിൽ കുറച്ചൊക്കെ കേട്ടിരിക്കാറുമുണ്ട്.
“അമ്മ ഒരു ഗ്ലാഡ് ന്യൂസ്.”
“എന്താ മോളേ?”
“ഞങ്ങൾക്ക് കൂട്ടിന് ഒരാളെക്കൂടി കിട്ടിയിരിക്കുന്നു. എ സർപ്രൈസ് ഗിഫ്‌റ്റ് ഫ്രം ദ ആൾമൈറ്റി.”
“എന്താണെന്നു പറ”
ഭാര്യയുടെ ശബ്‌ദത്തിലെ അമിതമായ ഉൽക്കണ്‌ഠ ശ്രദ്ധിച്ചു. ഇളയമകന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം തികയുന്നു. ഒരു കുഞ്ഞുവേണ്ടേ നിങ്ങൾക്ക് എന്നുളള ചോദ്യത്തിന് അതൊന്നും കുറേകൊല്ലത്തേക്ക് നിങ്ങൾ പ്രതീക്ഷിക്കേണ്ട എന്ന സ്ഥിരം മറുപടിയാണ് കിട്ടാറുളളത്. ഇപ്പോൾ എല്ലാ മുൻകരുതലുകളേയും തെറ്റിച്ചുകൊണ്ട് നിർബന്ധപൂർവ്വം ദൈവം തമ്പുരാൻ ഒരു കുഞ്ഞിനെ…….?
“അമ്മ വെറുതെ ടെൻഷൻ അടിക്കണ്ട” മുഴക്കമുളള ചിരിയുടെ അകമ്പടിയോടെ മകന്റെ ശബ്‌ദം.
“ഇത് അമ്മ ഉദ്ദേശിക്കുന്നതൊന്നുമല്ല.”
“പിന്നെ പറ എന്താണെന്ന്.”
“ഏക് കപൂത്തർ. കപോതം എന്നുകേട്ടിട്ടുണ്ടോ?”
“എനിക്കറിയില്ല”
അമ്മയുടെ സ്വരത്തിലെ അക്ഷമ ആസ്വദിച്ചുകൊണ്ട് അവൻ തുടർന്ന് അറിയിക്കുന്നു.
“ഇതൊരു മനോഹരിയായ മാടപ്രാവ്. എവിടെനിന്നോ പറന്നുവന്ന് ഞങ്ങളുടെ സിറ്റൗട്ടിൽ കൂടിയിരിക്കുന്നു. ഒരു കോഴിയുടെ വലിപ്പമുണ്ട് സുന്ദരിക്ക്. തൂവെളളനിറം. ചുണ്ടിനുമാത്രം നേരിയ ചുവപ്പ്. ഒരാഴ്‌ചയായി വന്നിട്ട്. വെറുതെ പുറത്തേയ്‌ക്ക് നോക്കി അനങ്ങാതെ ഇരിയ്‌ക്കും. നമ്മൾ അടുത്തുചെന്നാലും അതിനു പേടിയൊന്നുമില്ല. ഞങ്ങൾ അരിയും തിനയും കൊടുത്ത് അവളെ പൊന്നുപോലെ നോക്കുന്നു. ഞാനവൾക്ക് ഒരു പേരുമിട്ടു. ചിന്നുക്കുട്ടി.” പുറകെ മരുമകളുടെ ശബ്‌ദം.
“അമ്മ എനിക്കതിനെ കണ്ടിട്ട് പാവം തോന്നുന്നു. സദാ ഒരു ദുഃഖഭാവമാണു മുഖത്ത്.”
“മോളെ അതിന് അതിന്റെ ഇണയെ നഷ്‌ടപ്പെട്ടിട്ടുണ്ടാവും. നിനക്കറിയില്ലേ മറ്റുപക്ഷികളെപ്പോലെയല്ല പ്രാവുകൾ. അതിന് ജീവിതത്തിൽ സ്ഥിരമായി ഒരിണമാത്രമേ ഉണ്ടാവുകയുളളൂ. അതിനെ നഷ്‌ടപ്പെട്ടാൽ പിന്നെ ജീവിതകാലം മുഴുവൻ ആ പക്ഷി ഒറ്റയ്‌ക്ക് കഴിയും.”
അപ്പുറത്തുനിന്ന് മരുമകളുടെ തേങ്ങൾ. “ഓ അങ്ങിനെയോ? അതെനിക്കറിയില്ലായിരുന്നു. കഷ്‌ടം.”
പിന്നെ കുറേ നാളത്തേയ്‌ക്ക് ഫോൺ ചെയ്‌താലും ഇ മെയിൽ അയച്ചാലും ഒക്കെ പ്രാവു വിശേഷങ്ങൾ മാത്രം.
അങ്ങിനെയിരിക്കെ ഒരു ദിവസം ആർത്തലച്ചുളള മരുമകളുടെ ഒരു വിളിവരുന്നു.
“അമ്മ. ഞങ്ങളുടെ ചിന്നുക്കുട്ടിയ്‌ക്ക് അവളുടെ ഇണയെ തിരിച്ചുകിട്ടി. എവിടെ നിന്നുവന്നെന്നറിയില്ല. സിറ്റൗട്ടിൽ ബഹളം കേട്ടുചെന്നു നോക്കുമ്പോൾ അവളുടെ അരികിൽ ഒരു തടിയൻ. കൊക്കിനു പുറകിൽ എഴുന്നു നിൽക്കുന്ന കുറുംതൂവലുകൾ കണ്ടാൽ വലിയ ഗൗരവക്കാരനാണെന്നേ തോന്നൂ. പക്ഷെ കൊക്കുരുമ്മലും കുറുകലും…. എന്താ അതുങ്ങളുടെ ഒരു സ്‌നേഹം. പാവമെന്നു വിചാരിച്ച ചിന്നുക്കുട്ടിയുടെ കുണുങ്ങികുണുങ്ങിയുളള നടപ്പും ഭാവവുമൊക്കെ ഒന്നു കാണണം. അമ്മയുടെ മോൻ പറയുന്നത് അവരുടെ ഹണിമൂൺ ആയിരിക്കുമെന്നാണ്.”
രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ കൊറിയർ സർവ്വീസുവഴി ഒരു കെട്ടു ഫോട്ടോകൾ കിട്ടി. രണ്ടുപ്രാവുകളുംകൂടി ഒന്നിച്ചിരിക്കുന്നത്. ഓരോന്നിന്റെയും പ്രത്യേക ക്ലോസപ്പുകൾ. മോനും മരുമകളും ഓരോന്നിനെ പിടിച്ചുകൊണ്ടു നിൽക്കുന്നത്. പ്രാവുദമ്പതികളെ പരിചയപ്പെടാൻ വന്ന സുഹൃത്തുക്കൾ. ചിന്നുക്കുട്ടിയും ഭർത്താവും പതുക്കെ പതുക്കെ ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു.
രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞിട്ടുണ്ടാവും മരുമകളുടെ വിളി വീണ്ടും വന്നു. ഗദ്‌ഗദത്തോടെ…കിതപ്പോടെ…..
“അമ്മ നമ്മുടെ ചിന്നുക്കുട്ടിയെ പറ്റിച്ചിട്ട് ആ ചതിയൻ പൊയ്‌ക്കളഞ്ഞൂ.” പുറകെ വിശദമായ വിവരണം. “രണ്ടാഴ്‌ചയായി അവനെ കാണാതായിട്ട്. പാവം ചിന്നുക്കുട്ടി തലയും താഴ്‌ത്തി ഒറ്റ ഇരിപ്പാണ്. ഒന്നും കഴിക്കുന്നുമില്ല. ഒരുദിവസം പുറത്തു വലിയ ചിറകടി ശബ്‌ദം കേട്ട് ചെന്നുനോക്കുമ്പോൾ അവർ ശണ്‌ഠകൂടുന്നതുകണ്ടിരുന്നു. പരസ്പരം കൊത്തിവലിക്കുകയും ചിറകിട്ടു തല്ലുകയുമൊക്കെ. എന്തോ സൗന്ദര്യപ്പിണക്കം എന്നേ ഞങ്ങൾ കരുതിയുളളൂ.”
“അതുതന്നെയായിരിക്കും മോളേ കാര്യം.” ഭാര്യയുടെ വക സാന്ത്വനം.
“അതുതിരിച്ചുവരും. ഞാൻ പറഞ്ഞിട്ടില്ലേ മറ്റു പക്ഷികളെപ്പോലെയല്ല പ്രാവുകൾ. അതിനു ജീവിതത്തിൽ ഒറ്റ ഇണമാത്രമേ……”
മുഴക്കമുളള ചിരിയോടെ മകന്റെ ശബ്‌ദം. “അമ്മ അവൻ തിരിച്ചു വരുമെന്നു എനിക്കു തോന്നുന്നില്ല. ഇത് അമേരിക്കൻ പ്രാവുകളാണ്. മിക്കവാറും ഡൈവോഴ്‌സ് ആയിട്ടുണ്ടാവും.”
ടെലിഫോണിൽ പെട്ടെന്നു ശബ്‌ദങ്ങൾ നിലച്ചു.
Generated from archived content: chinnukutti.html Author: m_gopinadhannair