അണിയറയില്‍ സ്വകാര്യ കരിമണല്‍ ഖനനം ഒരുങ്ങുന്നു

2001- 2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കന്നപ്പുഴ തീരത്ത് സ്വകാര്യ മേഖലയ്ക്ക് പ്രാമുഖ്യമുള്ള സംയുക്ത സംരംഭത്തിന് കരിമണല്‍ ഖനനാനുമതി നല്‍കാന്‍ നീക്കം നടത്തിയതും അതുയര്‍ത്തിയ ജനകീയ സമരവും നടന്നത്. വില പിടിച്ച ഈ ധാതുസമ്പത്ത് ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കാന്‍ ആന്റണി സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിരന്തരം നടത്തിയ നീക്കങ്ങളെ താത്കാലികമായിട്ടെങ്കിലും തടയാന്‍ വിപുലമായ ജനകീയ സമരത്തിന് കഴിഞ്ഞു. സമരത്തിന്റെ വേലിയേറ്റം നടക്കുമ്പോള്‍ പോലും സ്വകാര്യ കരിമണല്‍ ഖനനാനുമതി നല്‍കിക്കൊണ്ട് 2003 മെയ് 5ന് സര്‍ക്കാര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരേ വലിയ സമരം ഉയര്‍ന്നുവന്നു. മെയ്മാസം 16ന് ആലപ്പുഴ മുതല്‍ ആറാട്ടുപുഴ വരെ 45 കിലോമീറ്റര്‍ സ്ഥലത്ത് പതിനായിരങ്ങള്‍ അണിനിരന്ന മനുഷ്യക്കോട്ട നടന്നു. കക്ഷിഭേദമന്യേ നേതാക്കളും ബഹുജനങ്ങളും അണിനിരന്ന മനുഷ്യക്കോട്ട കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം 22-5-2003ല്‍ തൃക്കുന്നപ്പുഴ വില്ലെജിലെ 4 ബ്ലോക്കുകളിലെ ഖനനത്തിനുള്ള കേന്ദ്രാനുമതിക്ക് കത്തയയ്ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സമരത്തിനും വിവാദത്തിനും ബഹളത്തിനുമിടയില്‍ തക്കം പാര്‍ത്തിരുന്നു തട്ടിയെടുക്കന്ന കൗശലമാണ് ഇവര്‍ സ്വീകരിച്ചത്. കലക്കവെള്ളത്തില്‍ കരിമണല്‍ തട്ടിയെടുക്കാനുള്ള നീക്കം ഇപ്പോഴും ശക്തമാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎംആര്‍എല്‍ നല്‍കിയ കേസിലുണ്ടായ ഹൈക്കോടതി വിധിയുടെ മറവില്‍ ഒന്നരപതിറ്റാണ്ടിലേറെയായി നടത്തുന്ന സ്വകാര്യ കരിമണല്‍ ഖനന ശ്രമം ഫലപ്രാപ്തിയില്‍ എത്തിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്.

സ്വകാര്യ ഖനനത്തിനുള്ള നിഗൂഢ നീക്കങ്ങള്‍

2001- 2006 കാലത്ത് ആലപ്പുഴ തീരത്ത് സ്വകാര്യ സംയുക്ത സംരംഭത്തിന് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കരിമണല്‍ ഖനനാനുമതി നില്‍കിയിരുന്നു. സമരവും പഠനവും എല്ലാം നടക്കുന്ന സമയത്തുതന്നെ കെഎംആര്‍എല്ലിനു ഖനനാനുമതി നല്‍കുന്നതിനുള്ള കത്തിടപാടുകള്‍ നടത്തിയിരുന്ന കാര്യം നേരത്തേ സൂചിപ്പിച്ചുവല്ലോ. 2002 ഒക്‌റ്റോബര്‍ 22നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കായംകുളം പൊഴിക്ക് വടക്ക് ആലപ്പുഴ തീരത്ത് സ്വകാര്യ- സംയുക്ത സംരംഭങ്ങള്‍ക്ക് കരിമണല്‍ ഖനനാനുമതി നല്‍കാന്‍ നയപരമായി തീരുമാനിച്ചത്.

എന്നാല്‍ ഇതിനു മുന്‍പുതന്നെ, അധികാരത്തില്‍ വന്ന് എതാനും മാസങ്ങള്‍ക്കുള്ളില്‍ 2001 ആഗസ്റ്റ് എട്ടിന് ആലപ്പുഴ തീരത്ത് സ്വകാര്യ ഖനനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യവസായ സെക്രട്ടറി കേന്ദ്ര ഖനി വകുപ്പിന് കത്തയച്ചിരുന്നു.

നയവും പരിപാടിയും എല്ലാം ഇതനുസരിച്ച് എഴുതിയതാണെന്നു വ്യക്തം. 2004 ഡിസംബര്‍ 26നുണ്ടായ സുനാമിയില്‍ ആറാട്ടുപുഴ- തൃക്കുന്നപ്പുഴ തീരത്ത് 29 പേര്‍ മരിച്ചു. 1500 ലേറെ വീടുകള്‍ പുനര്‍നിര്‍മിക്കേണ്ടിവന്നു. ഈ ദുരന്തത്തിനു ശേഷവും തീരത്തെ സ്വകാര്യ ഖനന നീക്കവുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോയി. 2005 അവസാനം ആയപ്പോഴെയ്ക്കും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലെജുകളിലെ 13 ബ്ലോക്കുകള്‍ക്ക് ഇവര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഖനനാനുമതി നേടി. ആറാട്ടുപുഴ- തൃക്കുന്നപ്പുഴ തീരത്തിന്റെ പരിസ്ഥിതി ദുര്‍ബലാവസ്ഥയാണ് ഖനനത്തിനെ എതിര്‍ക്കുന്നതിനു കാരണമായത്.. സുനാമി ഈ ആശങ്ക ബലപ്പെടുത്തുകയും ചെയ്തു. . ഇതൊന്നും യുഡിഎഫ് സര്‍ക്കാരിനെ പിന്തിരിപ്പിച്ചില്ല. അവര്‍ 1995ല്‍ തുടങ്ങിയ നീക്കമാണിത്.

1995ല്‍ വിദേശ പങ്കാളിത്തമുള്ള വെസ്മലിയന്‍ സാന്‍ഡ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കരിമണല്‍ ഖനനത്തിന് അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വലിയ പ്രക്ഷോഭങ്ങളാണ് അതില്‍ നിന്നു സര്‍ക്കാരിനെ തടഞ്ഞത്. 1996-2001 കാലത്ത് ഈ ദിശയിലുള്ള നീക്കങ്ങള്‍ തടയപ്പെട്ടു. വീണ്ടും യുഡിഎഫ് അധികാരത്തില്‍ വന്ന 2001-2006 കാലത്താണ് സ്വകാര്യ കരിമണല്‍ ഖനന നീക്കം വീണ്ടും അരങ്ങേറിയത്. ആലപ്പുഴ തീരത്തേയ്ക്ക് ശ്രദ്ധമാറ്റിയെന്നു മാത്രം. ഈ നീക്കത്തിനെതിരായ ഉജ്വല സമരം മൂലമാണ് ഖനനം നടക്കാതെ പോയത്. എന്നാല്‍ ഇവര്‍ സമരത്തിനിടയിലും കേന്ദ്രാനുമതി നേടിയെടുക്കുകയുണ്ടായി. കേന്ദ്രാനുമതി ലഭിച്ച 13 ബ്ലോക്കുകളില്‍ ഖനനം നടത്തുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് കെഎംആര്‍എല്‍ 2005 ഡിസംബര്‍ 28ന് സംസ്ഥാനസര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. എന്നാല്‍ ഈ സമയം ആയപ്പോഴെയ്ക്കും കേരളം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങി.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു. 2007ല്‍ പുതിയൊരു വ്യവസായ നയം ഇവര്‍ കൊണ്ടുവന്നു. സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ക്ക് ധാതുമണല്‍ ഖനനത്തിന് അനുമതി നല്‍കില്ല എന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിലൂടെ പ്രഖ്യാപിച്ചു. പരമാവധി മൂല്യവര്‍ധനവില്‍ ഊന്നി, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സമീപനമാകും ധാതുമണല്‍ മേഖലയില്‍ സ്വീകരിക്കുക എന്ന് എല്‍ഡിഎഫ് നയം വ്യക്തമാക്കുന്നു. ടൈറ്റാനിയം ലോഹനിര്‍മാണത്തിനുവേണ്ട ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും ടൈറ്റാനിയം അധിഷ്ഠിത വ്യവസായ ശൃംഖല ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്നും ഈ നയം വ്യക്തമാക്കുന്നു.

ധാതുമണല്‍ വിനിയോഗം സംബന്ധിച്ച ഏറ്റവും സമഗ്രമായ സമീപനമായിരുന്നു ഇത്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ കെഎംആര്‍എല്ലിനു ഖനനാനുതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കി. ഇതിനെതിരേ കെഎംആര്‍എല്‍ കേന്ദ്ര ഖനി വകുപ്പിന് റിവിഷന്‍ ഹര്‍ജി നല്‍കി. ഖനനാനുമതി നിഷേധിച്ചത് കേന്ദ്രനയത്തിന് വിരുദ്ധമാണെന്നും ഈ സമീപനം ധാതുമണല്‍ വ്യവസായ രംഗത്തെ മത്സരാധിഷ്ഠിത വികസനത്തെ തടയുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അപേക്ഷകള്‍ വീണ്ടും പരിഗണിച്ച് നിയമാനുസൃതം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശവും നല്‍കി. 2009 നവംബര്‍ 30നായിരുന്നു കേന്ദ്ര ഖനിവകുപ്പിന്റെ ഈ തീരുമാനം. ഈ ഉത്തരവു പ്രകാരം അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരിഗണിച്ചു. 2010 ഡിസംബര്‍ 15ന് ഈ അപേക്ഷകള്‍ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഈ ഉത്തരവിനെതിരേ കെഎംആര്‍എല്‍ ഹൈക്കോടതിയില്‍ മൂന്നു ഹര്‍ജികള്‍ നല്‍കി. ഖനനാനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി 2013 ഫെബ്രുവരി 21ന് കോടതി വിധി വന്നു. സമരത്തെ തുടര്‍ന്ന് 4 ബ്ലോക്കുകള്‍ക്ക് നല്‍കി അനുമതി മരവിപ്പിച്ചിരുന്നു. ഈ നടപടിയും കോടതി റദ്ദാക്കി. കൂടാതെ ഖനനാനുമതിന തേടി 16 അപേക്ഷകള്‍ കൂടി സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇവയടക്കം മുഴുവന്‍ ഖനനാനുമതി അപേക്ഷകളും ആറ് മാസത്തിനുള്ളില്‍ പുനഃപരിശോധിച്ച് തീരുമാനം എടുക്കാന്‍ കോടതി ഉത്തരവായി. ഇപ്പോള്‍ അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ഇതു വേണ്ടപോലെ പരിഗണിച്ച മട്ടില്ല. ആരുമായും ഇക്കാര്യം ആലോചിച്ചിട്ടില്ല. വിധിക്കെതിരേ ഹൈക്കോടതിയ സമീപിച്ചിട്ടുമില്ല. ഈ രീതിയില്‍ എല്ലാ കാലത്തുമെന്ന പോലെ ഗോപ്യമായി സ്വകാര്യ മേഖലയ്ക്ക് ഖനനാനുമതി നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കോടതി ഉത്തരവിന്റെ മറവില്‍ സ്വകാര്യ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം.

കടപ്പാട്: ഉണര്‍വ്വ് മാസിക

Generated from archived content: essay1_nov24_13.html Author: m_gopakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here