മഞ്ഞിന്റെ നേർത്തപാളി എവിടെനിന്നോ അടർന്ന് വീണതുപോലെ ജനൽപ്പടിക്ക് ചുറ്റും ഒരിളം തണുപ്പായിരുന്നു. അടച്ചിരുന്ന ജനൽപ്പാളി തനിയെ തുറന്ന് വരികയും, കാറ്റിനോടൊപ്പം പുകപടലം പോലെ ഒരു നിഴൽ ജനൽപ്പടിയിൽ വന്നുനിൽക്കുകയും ചെയ്‌തു. ജനൽപ്പടിയിൽ വന്നുനിന്ന നിഴൽ പൊടുന്നനെ അതിന്റെ പൂർവ്വരൂപം വെടിഞ്ഞ് സർപ്പച്ചുരുളുപോലെ ഒരു വൃത്താകാരമായി നിലകൊണ്ടു. അതിന്റെ നീലിച്ച പാർശ്വഭാഗങ്ങളിൽ നിന്നും വരുന്ന പ്രകാശം ഒരു വലയമാവുകയും നേർത്ത പ്രഭ പരത്തുകയും ചെയ്‌തു.
ജനൽപ്പടിയിൽ നിന്ന് നിഴൽ പതുക്കെ അഴിപ്പിടിച്ച് അനക്കമില്ലാതെ അകത്തേക്ക് കടന്നു. അകത്തേക്ക് കടന്നയുടനെ അതുവരെയുണ്ടായിരുന്ന പ്രഭ മങ്ങുകയും അദൃശ്യമായ ഒരാൾരൂപമാവുകയും ചെയ്‌തു. സ്വയം രൂപം വെടിയാനും, സർവ്വരൂപങ്ങളേയും ആർജ്ജിക്കാനുള്ള ഒരു പ്രത്യേകകഴിവും ദൈവീകമായ ഒരു ചൈതന്യവും അതിനുള്ളിൽ ആമഗ്നമായിരുന്നു. ഏറെനേരം നിഴൽ അനക്കമില്ലാതിരിക്കുകയും ചിന്താമഗ്നനാവുകയും ചെയ്‌തു.
ഉണ്ണി ഒന്നുമറിഞ്ഞില്ല. ഉണ്ണി നല്ല ഉറക്കമായിരുന്നു. സന്ധ്യാനാമം ചൊല്ലി നെറ്റിയിൽ ഭസ്‌മം തൊട്ട് ഉപപാഠപുസ്‌തകത്തിലെ മഴയെക്കുറിച്ചുള്ള പാഠം രണ്ടാവർത്തി വായിച്ച്, തെക്കിനിയിൽ വന്നുകിടന്നതാണ്. പിന്നെ ഉറങ്ങിപ്പോയി. അപ്പോഴും അടച്ചിരുന്ന ജനൽപ്പഴുതിലൂടെ നേർത്തകാറ്റ് അകത്തേക്ക് കടന്നുവരുന്നുണ്ടായിരുന്നു. ഉണ്ണിയുടെ മനസിൽ മഴ പെയ്യുകയാണ്…..? സ്വപ്‌നങ്ങളുടെ മഴ…. അല്ല മഴയുടെ സ്വപ്‌നം ഴ…..ഴ…….ഴ ഴ…..ഴ……ഴ എന്ന ശബ്‌ദം പോലെ എന്തോ ഒരു…… ഒരു എവിടെയോ മുഴങ്ങുന്നതല്ലാതെ ഉണ്ണി ഒന്നുമറിഞ്ഞില്ല. അല്ലെങ്കിൽ ഉണ്ണിയുടെ മനസ്സും കൂടുവിട്ട് ഏതോ ലോകത്തിലേയ്‌ക്ക് പറന്ന്‌പോവുകയായിരുന്നു. അക്കങ്ങളുടെയും പെരുക്കങ്ങളുടെയും ലോകത്ത് ഗണിതങ്ങളുടെയും സങ്കലനങ്ങളുടെയും ലോകത്ത്. ഇരേഴ് പതിനാല് ലോകങ്ങൾ പിന്നിട്ട് ബ്രഹ്‌മാണ്ഡം പിന്നിട്ട്. ആദിയും അനന്തവുമായ ഒരു ലോകത്ത്. എല്ലാം ഒരു പ്രഹേളിക തന്നെ.
ഒരിക്കൽ വരാന്തയിൽ നിന്ന് മഴയുടെ വെള്ളിനൂലുകൾ എത്തിപ്പിടിച്ചും, കടലാസ് വഞ്ചിയിട്ടും, ചാറ്റൽമഴ കൊള്ളാൻ വെറുതെ മുറ്റത്തേക്ക് കുതറി ഓടിയും, കളിച്ചതിനെതുടർന്ന് ഒത്തിരിനാൾ പനിപിടിച്ചുകിടപ്പിലായിരുന്നു. ശരീരവും മനസ്സും തളർന്ന് നിശബ്‌ദനായി ഏറെനാൾ കിടന്നു. അപ്പോൾ കാഴ്‌ചകൾക്കൊക്കെ ചുവന്ന രാശികലർന്ന മഞ്ഞനിറമായിരുന്നു. ഏറെനാൾ വർണ്ണക്കാഴ്‌ചകൾ കണ്ണിൽ കല്ലിച്ചുനിന്നു. പനിച്ചു കിടന്നതിന്റെ ഏഴാംപക്കം അവർ പറഞ്ഞു. “അമ്മേ…….. ഞാൻ മഴവില്ലിന്റെ കൈപിടിച്ച് ഒരു ചിത്രശലഭത്തെപോലെ ഏതോ ഒരു നാട്ടിൽ പറന്ന് പറന്ന് പോയിരുന്നു. ഒത്തിരി അകലെ എനിക്കറിയില്ലാ ഞാനെങ്ങനെ അവിടെ എത്തിപ്പെട്ടെന്ന്…… അമ്മയെ കാണാൻ ഇങ്ങോട്ടുവന്നതാ……”
കനത്ത നിശബ്‌ദതയെ ഉണ്ണിക്ക് എന്നും പേടിയായിരുന്നു. രാത്രിയുടെ നിശബ്‌ദതയിൽ ഉണ്ണി ചിലപ്പോൾ പറയാറുണ്ട് അമ്മേ……….. പുറത്ത് ഒച്ചയില്ലാതെ ആരോ വന്നിട്ടുണ്ട്. ആരോ പതിയെ നടന്നുപോന്നതുപോലെ………. ഒരനക്കം…… ഒരു ചോദ്യഭാവത്തോടെ “ഉം” എന്ന് മൂളിയതല്ലാതെ അമ്മ മറ്റൊന്നും പറഞ്ഞില്ല. അമ്മയ്‌ക്ക് അറിയില്ലായിരുന്നു. ഉണ്ണിയുടെ മനോവ്യാപാരം. ഉണ്ണിയുടെ ചിത്രശേഖരങ്ങൾ പിന്നിട്ട് മേശക്കരികിലൂടെ നിഴൽ പതുക്കെ ഉണ്ണിയുടെ കട്ടിലിനടുത്തേക്ക് വന്നുനിന്നതോടെ നിശബ്‌ദതയുടെ ഒരു കടൽ ഇളകിമറിഞ്ഞു. എല്ലാറ്റിനേയും തന്നിലേക്ക് ആവാഹിക്കുന്ന ഒരു ശാന്തത ചുറ്റും പരക്കുകയും സാന്ദ്രമാവുകയും ചെയ്‌തു.
ജനലിനപ്പുറത്ത് നേർത്ത മഞ്ഞ് പൊടിഞ്ഞുവീഴുന്നതുകൊണ്ടും, ഇരുട്ട് കർക്കിടകത്തിലെ കടൽപോലെ കനത്തുവരുന്നതുകൊണ്ടും വാഴത്തോപ്പുകളിലും മരച്ചില്ലകളിലും കാറ്റിന്റെ ചിറകുകൾ വന്നുലയുന്നതുകൊണ്ടും ഉണ്ണി ഒന്നുമറിഞ്ഞില്ല.
ഉണ്ണി നല്ല ഉറക്കമായിരുന്നു.
കട്ടിലിനരികിൽ നിന്ന് നിഴൽ പതുക്കെ ഉണ്ണിയുടെ അടുത്തേക്ക്‌വന്ന്, ഉണ്ണിയെ തൊട്ടുഴിഞ്ഞു. ഒരു വൈദ്യുതചാലകം തൽക്ഷണം ശരീരത്തിലൂടെ കടന്നുപോയതുപോലെ. ഉണ്ണി വിഭ്രമം കൊള്ളുകയും ഭയചികിതനാവുകയും ചെയ്‌തു. ഞെട്ടിയുണർന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ ഒന്നുമുണ്ടായിരുന്നില്ല. പുകപടലം പോലെ എന്തോ ഒരു…….ഒരു………. നിഴൽ മാത്രം!
നീണ്ട നിശബ്‌ദതയ്‌ക്കുശേഷം നിഴൽ സംസാരിച്ചുതുടങ്ങി. പേടിക്കണ്ട….. ഞാൻ വെറും ഒരു സ്വപ്‌നാടകൻ; പക്ഷെ ഞാൻ സ്വപ്‌നത്തിൽ വിശ്വസിക്കുന്നില്ല. ജീവിതത്തിൽ മാത്രമാണ് എനിക്ക് വിശ്വാസം. ഉണ്ണിയെ എനിക്ക് ഒരുപാട് ഇഷ്‌ടമാണ്. ഉണ്ണിയെക്കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. ഉണ്ണി ഒരു കൊച്ചു വലിയ ചിത്രകാരനാണെന്നും ബുദ്ധിമാനാണെന്നും അറിഞ്ഞു. ഉണ്ണി വരച്ച ചിത്രശേഖരങ്ങൾ കണ്ട് ഞാൻ അത്‌ഭുതപ്പെട്ടുപോയി. വർണ്ണങ്ങളുടെ നിലാവ് പരക്കുന്ന ഓരോ ചിത്രങ്ങളും മനോഹരമായിരിക്കുന്നു. ദൈവത്തിന്റെ വിരലുകൾ ചേർത്ത് പിടിച്ച് ഉണ്ണി വരച്ചതാവ്വോ……? ഉണ്ണിയുടെ വലതുവശത്ത് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന, മഞ്ഞരാശികലർന്ന ചിത്രത്തിന് എന്റെ തനിഛായതന്നെ. ഉണ്ണിയുടെ സ്വപ്‌നത്തിൽ ഞാൻ എന്നെങ്കിലും വന്നിട്ടുണ്ടോ? പിന്നെ എന്റെ രൂപം എങ്ങനെ വശമായി? ഇപ്പോൾ എല്ലാ കഥാപാത്രങ്ങളാവുകയാണല്ലൊ. ജീവിതത്തിൽ എത്രയെത്ര കഥാപാത്രങ്ങളെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഒപ്പം സ്വത്വം നഷ്‌ടപ്പെട്ട കഥാപാത്രങ്ങളും സ്വപ്‌നവും മരണവും ജീവിതവും പ്രണയവും എല്ലാം കഥാപാത്രങ്ങളാവുകയാണ്. അതുകൊണ്ട് പുതിയ ജീവിതത്തിൽ സംഭാഷണങ്ങൾക്ക് ഒരു പ്രധാന്യവുമില്ല. സംഭവങ്ങൾക്കാണ് പ്രധാന്യം. കടുത്ത നിശബ്‌ദത മരണത്തേക്കാൾ ഭീകരമാവുന്നത് അതുകൊണ്ടാണല്ലൊ. പുതിയ കാലത്തെയും, പ്രണയത്തെയും, ജീവിതത്തെയും മരണത്തെയും ഞാൻ ഉണ്ണിക്ക് പരിചയപ്പെടുത്തട്ടെ ഇതാ………. ഉണ്ണി ഇങ്ങോട്ട് നോക്കൂ.
അപ്പോഴേക്കും ഓരോ കഥാപാത്രങ്ങളും അണിയറയിൽ നിന്ന് ഒരു നാടകത്തിലെന്നപോലെ രംഗപ്രവേശം ചെയ്‌തുകൊണ്ട് സ്വയം പരിചയപ്പെടുത്തി.
സ്വപ്‌നംഃ ഞാൻ ഇപ്പോൾ ഒരു ഇടനിലക്കാരൻ മാത്രം. മരുഭൂമിപോലെ വരണ്ട ഒരു ജീവിതമാണെനിക്ക്. ഞാൻ എന്നോ സൂക്ഷിച്ചിരുന്ന നിറക്കൂട്ടുകൾ മുഴുവൻ വെള്ളപ്പൊക്കത്തിലെന്നപോലെ കാലത്തിന്റെ കുത്തിയൊഴുക്കിൽപ്പെട്ട് ഒലിച്ചുപോയി. അതുകൊണ്ട് പലരുടെയും സ്വപ്‌നങ്ങൾക്ക് കൃത്രിമനിറം നൽകുകയാണ്. പക്ഷെ വെളുപ്പും കറുപ്പും മാത്രമെ എന്നും ശേഷിക്കുള്ളു. എനിക്കും അതാണിഷ്‌ടം. ഉണ്ണിക്കോ?
ചിലരുടെ സ്വപ്‌നങ്ങൾ ശൂന്യമായഫ്രെയിം പോലെ ഒന്നുമില്ലാതിരിക്കും. ചിലപ്പോൾ ഒഴുക്കില്ലാത്ത തടാകം പോലെ നിശ്ചലം. ഒരേ കാഴ്‌ചകൾ മാത്രം. എനിക്ക് മടുത്തു എത്രകാലം എല്ലാവരെയും ഇങ്ങനെ കബളിപ്പിക്കും. എന്റെ നിസ്സഹായവസ്‌ഥ എങ്ങനെ പറഞ്ഞുബോധ്യപ്പെടുത്തും എനിക്കറിയില്ല. അതുകൊണ്ടാണോ? എന്നിൽ ഇപ്പോൾ ആർക്കും വിശ്വാസമില്ല. എന്നാലും ഞാൻ ഭംഗിയായി അഭിനയിക്കുന്നു. ഇനിയും പലരുടെയും സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്.
ജീവിതംഃ എത്രയോകാലമായി ഞാനിപ്പേര് വഹിച്ച് കൊണ്ടുനടക്കുന്നു. എന്റെ മുഖം എനിക്ക് എന്നോ നഷ്‌ടമായിരിക്കുന്നു. ഇപ്പോൾ ഞാൻ ആർക്കും പുതുജീവിതം നൽകാറില്ല. ഒന്നുകിൽ കൂട്ട ആത്മഹത്യ അല്ലെങ്കിൽ പട്ടിണിമരണം. ജീവിതത്തിന്റെ ഉടുതുണിയും കീറിതാറുമാറായിരിക്കുന്നു. ഉടുതുണിക്ക് മറുതുണിയുമില്ല. ഞാൻ ഒന്നിനെക്കുറിച്ചും വിശദാംശങ്ങൾ ആരായാറില്ല. ചില ഒത്തുതീർപ്പുകൾ മാത്രം. എന്തിന് ചെറിയ ജീവിതത്തിൽ ഒരു കടുത്ത നിലപാട് എടുക്കണം. അതുകൊണ്ട് പരമാവധി വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാവുന്നു. പക്ഷെ ആരും എന്നെ മനസ്സിലാക്കുന്നില്ല. ദുരന്തങ്ങളും, മഹായാനിയും വഴിയിൽ അകപ്പെടുകയാണ്. കുറുക്കുവഴികളിലൂടെ യാത്ര ചെയ്‌ത് ശീലിച്ചുപോയി. എനിക്ക് ഈ പേർ ആര് നൽകി എന്നറിയില്ല. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു. ജീവിതം മോടിപിടിപ്പിക്കാൻ എല്ലാവരും കടംവാങ്ങുകയാണ്. എന്താണ് നമുക്ക് കടമായി കിട്ടാത്തത്. പക്ഷെ ഉണ്ണി ഒരിറ്റുസ്‌നേഹം ഇത്തിരി വെളിച്ചം എവിടെയും കിട്ടാനില്ല. എല്ലാവർക്കും നഷ്‌ടമാവുന്നതും അതുതന്നെയല്ലേ എന്നിട്ടും ജീവിതം എന്ന ഉന്തുവണ്ടി ഞാൻ വലിച്ചുകൊണ്ടുപോകുന്നു. എന്നിൽ വിശ്വാസമർപ്പിച്ചവരൊക്കെ പെരുവഴിയിലായി. അതുകൊണ്ട് ഞാൻ എല്ലാവർക്കും ഒരു പരിഹാസകഥാപാത്രമാണ്. പലർക്കും എന്നെ മടുത്തു. ഓരോരോ ജീവിതം ഓരോരോ രീതിയിൽ ആയിത്തീരുന്നത് എന്റെ കുറ്റംകൊണ്ടല്ലല്ലോ! എല്ലാം ഒരു നിയോഗമാണ്. ഒരു ഞാണിന്മേൽ കളി.
മരണംഃ ഞാൻ ഭൂതദയാലു എന്ന് വച്ചാൽ ദയയുടെ കാര്യത്തിൽ ഞാൻ ഭൂതത്തേക്കാൾ പിറകിലാണ്. ആരുമായും ഒരു വിട്ടുവീഴ്‌ചയില്ല. കാര്യങ്ങൾ ചുരുക്കിപറയാനാണ് എനിക്കിഷ്‌ടം. പറയുന്നതിനു മുൻപേ ഞാൻ പ്രവർത്തിച്ചു തുടങ്ങും. സർവ്വ തന്ത്ര സ്വതന്ത്ര വിഹാരമാണ്. അതുകൊണ്ട് നിർഭയം എല്ലായിടത്തും ഞാൻ കടന്നു ചെല്ലുന്നു. തുറന്ന സമീപനമാണ് എല്ലാറ്റിനോടും. ആരുമായും സംഭവങ്ങൾ ദുരന്തപൂർണ്ണമാക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. പുതിയ കാലം എനിക്ക് വളരെ സഹകാരിയായി വർത്തിക്കുന്നു. എല്ലാ ദുരന്തങ്ങളും ഒന്നിന്റെ തുടർച്ചയാണ്. അതുകൊണ്ട് വെറിട്ട ഒരു ദുരന്തമില്ല. കാലഭേദ വ്യത്യാസമില്ലാതെ സർവ്വലോകങ്ങളിലും ഞാൻ വ്യാപരിക്കുന്നു. കലഹവും, കലാപങ്ങളും, സ്‌ഫോടനവും, യുദ്ധവും, അപമൃത്യുവുമെല്ലാം ഒരു കണ്ണിയുടെ തുടർച്ചയാണ്. എല്ലാ ദുരന്തങ്ങൾക്കും ആദിയുഷസിന്റെ നിറം നൽകി ഭംഗിയായ ഒരു ചിത്രപടമാക്കാനാണ് എനിക്കിഷ്‌ടം. ഉണ്ണിയുടെ ജലഛായം പോലെ………
അർത്ഥം പിന്നെ അനർത്ഥം. അങ്ങനെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് എന്റെ സാമീപ്യം ആരും ആഗ്രഹിക്കുന്നില്ല.
കല്‌പനപോലെ മുഖം കാണിച്ച് ഞാൻ പിൻവാങ്ങുന്നു.
പ്രണയംഃ മധുരതരമെന്നും കാല്‌പനീകമെന്നും എന്നെക്കുറിച്ച് കവികൾ പാടിയതും വിശേഷിപ്പിച്ചതും ഒക്കെ വെറുതെയാണ്. എന്റെ ചട്ടക്കൂടുകൾ ഞാൻ എന്നോ ഭേദിച്ച്, രതിയുടെ നിറക്കൂട്ട് നൽകിയിരിക്കുന്നു. നിർവ്വികാരവും ഊഷ്‌മളവുമായ സ്‌നേഹം ഇപ്പോളെനിക്ക് അന്യമാണ്. പകരം നൽകാൻ എന്റെ ശരീരം മാത്രം. ശരീരഭാഷയെക്കുറിച്ചും രൂപഘടനെയെക്കുറിച്ചും മനസ്സിലാക്കാൻ ഇന്നെളുപ്പവഴിയുണ്ടല്ലൊ. “മൗസ്” ഒന്നു ക്ലിക്ക് ചെയ്യുകയല്ലേ വേണ്ടൂ ഒരു വലിയ ലോകം തന്നെ തുറന്നിടുകയല്ലേ! പക്ഷെ മനസ് ഞാനാർക്കും വിട്ടുകൊടുക്കാറില്ല. അതെന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. വീണ്ടും കാണാമെന്ന് ഞാനാർക്കും വാക്ക് കൊടുക്കാറുമില്ല.
ഉണ്ണി, ഇപ്പോൾ കഥാപാത്രങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കാലം നീണ്ട നിദ്രയിലാണ്, സ്‌നേഹം മരവിപ്പിലൂടെ കടന്നുപോവുന്നു. ശേഷിക്കുന്നവരെല്ലാം അപരിചിത കഥാപാത്രങ്ങൾ. പേരില്ലാത്ത കഥാപാത്രങ്ങൾ? ഉണ്ണി ഒരു കാര്യം അറിയാതെ പോയി. ഇവിടെ ഓരോ കഥാപാത്രങ്ങളായി രംഗപ്രവേശനം ചെയ്‌തവരൊക്കെ സത്യത്തിൽ ഒരാൾ മാത്രമാണ്. എന്തു മനോഹരമായിരിക്കുന്നു അഭിനയം. പ്രച്ഛന്നവേഷത്തിൽ വിവിധരീതിയിൽ പറഞ്ഞുഫലിപ്പിക്കുക ഒരു കഴിവ് തന്നെയല്ലെ. ഉണ്ണി നാം കാണുന്നതല്ല സത്യം സത്യം അതിനപ്പുറമാണ്.
പ്രധാന വിശേഷം ഇതൊന്നുമല്ലാട്ടൊ……..
നാലാം ലോകത്ത് പുതുനഗരിയുടെ പണിപൂർത്തിയായിരിക്കുന്നു. എന്ത് മനോഹര കാഴ്‌ചകളാണിവിടെയെന്നോ? അത്ഭുതങ്ങളുടെ വിളയാട്ടം തന്നെ, ഓരോ ദേശവും ഓരോ ദൃശ്യവും. ഉണ്ണിയെ ആ നഗരത്തിലേക്ക് കൊണ്ടുപോകാനാണ് ഞാൻ ഇത്രയും ദൂരം താണ്ടി വന്നത്. ഉണ്ണി മടിക്കാതെ പുറപ്പെട്ടോളൂ…….!
ഒരു യോജനയ്‌ക്കുശേഷം നിശബ്‌ദതയുടെ കടൽ വീണ്ടും ഇളകി മറിയുകയും, ഒരു ശൂന്യത തളം കെട്ടിനിൽക്കുകയും ചെയ്‌തു.
ഏതോ ഒരു കയത്തിലേക്ക് താഴ്‌ന്ന് താഴ്‌ന്ന് പോകുന്നതുപോലെയോ കാറ്റിന്റെ ചിറകിലേറി ഏതോ വിതാനത്തിലൂടെ പറന്ന് പറന്ന് പോകുന്നതുപോലെയോ ഉണ്ണിക്ക് തോന്നി.
ഉറക്കത്തിലെന്നപോലെ ഉണ്ണി പറഞ്ഞു “അമ്മേ പുറത്ത് ആരോ വന്നിരിക്കുന്നു. ഒരു കാലനക്കം പോലെ……..എന്തോ ഒരു………….ഒരു……………..
അമ്മേ എനിക്ക് പേടിയാവുന്നു.
Generated from archived content: stroy1_jun15_10.html Author: m_gokuldas